April 17 Thursday 2025

April 17 Thursday 2025

രാഷ്ട്രീയ സംവരണം എന്തിന്?

അധികാര മേഖലകളിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യമുണ്ടാവുക എന്നതാണ് നീതിപൂർവ്വകവും പുരോഗമനാത്മകവുമായ രാഷ്ട്രത്തിൻ്റെ ലക്ഷണം. ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ അധികാരപ്രാതിനിധ്യം പരിശോധിച്ചാൽ വലിയ അസന്തുലിതത്വം കാണാൻ സാധിക്കും. മേധാവിത്വ വ്യവസ്ഥയുടെ തനിപ്പകർപ്പായി അധികാര മേഖല തുടരുകയാണ്. രാജ്യത്തെ ഉദ്യോഗങ്ങളിൽ -കേന്ദ്ര സർവ്വീസിലും സംസ്ഥാന സർവ്വീസുകളിലും- നിലവിൽ പട്ടിക ജാതി – പട്ടിക വർഗ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ സംവരണമുണ്ട്. പിന്നാക്ക വിഭാഗങ്ങൾക്ക് കേന്ദ്ര സർവീസിൽ 27% സംവരണവുമുണ്ട്. സംസ്ഥാന സർവീസുകളിൽ ഓരോ സംസ്ഥാനത്തും വ്യത്യസ്ത അളവിലും സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പിന്നാക്ക വിഭാഗങ്ങളുടെ സംവരണം ജനസംഖ്യാനുപാതികമല്ല. നിലവിലെ രാജ്യത്തെ സാമൂഹ്യസ്ഥിതിയനുസരിച്ച് മെറിറ്റിലൂടെ മുന്നാക്ക വിഭാഗങ്ങളോട് മത്സരിച്ച് വിജയിക്കാൻ പിന്നാക്ക വിഭാഗങ്ങൾക്ക് സാധ്യമല്ലാത്തതിനാൽ ഉദ്യോഗങ്ങളിലെ പ്രാതിനിധ്യം ഈ സംവരണത്തിൽ പരിമിതമാണ്. വലിയ സംവരണ അട്ടിമറികൾ കാരണം പ്രസ്തുത പ്രാതിനിധ്യം പോലും പലപ്പോഴും ലഭിക്കാറില്ല. ആ സാഹചര്യത്തിലാണ് 103ആം ഭരണഘടനാ ഭേദഗതിയിലൂടെ മുന്നാക്ക സംവരണം രാജ്യത്ത് നടപ്പിലാക്കുന്നത്. അതോടെ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം വീണ്ടും കുറയാൻ തുടങ്ങി.

രാഷ്ട്രീയാധികാര മേഖലകളിൽ പിന്നാക്ക ജനവിഭാഗങ്ങളുടെ സ്ഥിതി അതിലും ദയനീയമാണ്. ഇന്ത്യയിൽ രാഷ്ട്രീയ സംവരണത്തെ കുറിച്ച് ചർച്ചകൾ ഉയർന്നു വരാറില്ല. രാഷ്ട്രീയാധികാരങ്ങളിൽ ഭാഗികമായെങ്കിലും സംവരണമുള്ളത് പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കാണ്. ഈ രാഷ്ട്രീയ സംവരണത്തിലൂടെ നിയമസഭകളിലും ലോക്സഭയിലും ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പൽ- കോർപറേഷനുകളിലും ജനപ്രതിനിധികളാകാനുള്ള അവസരം ജനസംഖ്യാനുപാതികമായി ലഭിക്കും. തദ്ദേശസ്ഥാപനങ്ങളിൽ വനിതകൾക്ക് രാഷ്ട്രീയ സംവരണമുണ്ട്. നിയമ നിർമാണ സഭകളിൽ മൂന്നിലൊന്ന് വനിതാ സംവരണം നടപ്പാക്കാനുള്ള 128ആം ഭരണഘടനാ ഭേദഗതി പാസ്സാക്കിയതിലൂടെ വനിതാ സംവരണം തത്വത്തിൽ നിലവിൽ വന്നെങ്കിലും അത് പ്രായോഗികമായി  നടപ്പാക്കാനുള്ള നടപടികളായിട്ടില്ല.

പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങളുടെ രാഷ്ട്രീയ സംവരണം ഭാഗികമാണ്. നിയമ നിർമാണ സഭകളിലെ അംഗത്വം മാത്രമാണ് അതിലൂടെ ലഭിക്കുന്നത്. നിലവിൽ 541 അംഗ ലോക്സഭയിൽ 84 പട്ടികജാതി അംഗങ്ങളും 47 പട്ടികവർഗ അംഗങ്ങളും സംവരണമണ്ഡലങ്ങളിൽ നിന്ന് വിജയിച്ച് വന്നിട്ടുണ്ട് (ആകെ 131). എന്നാൽ, സംവരണമില്ലാത്ത രാജ്യസഭയിൽ കൈവിരലിലെണ്ണാവുന്ന അംഗങ്ങൾ മാത്രമാണുള്ളത്. മോദി മന്ത്രിസഭയിൽ ക്യാബിനറ്റ് റാങ്കുള്ള 29 മന്ത്രിമാരിൽ പട്ടികജാതി വിഭാഗത്തിൽ നിന്നും പട്ടികവർഗ ഭാഗത്തിൽ നിന്നും ഓരോ മന്ത്രിമാർ മാത്രമാണുള്ളത്. സഹ മന്ത്രിമാരിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 11 പേരും പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 7 പേരുമുണ്ട്.

ഇത്രയും കാലത്തെ ചരിത്രത്തിൽ 6 പട്ടികജാതി മുഖ്യമന്ത്രിമാർ മാത്രമേ രാജ്യത്തുണ്ടായിട്ടുള്ളൂ. താരതമ്യേന മെച്ചം പട്ടികവർഗ മുഖ്യമന്ത്രിമാരുടെ കാര്യത്തിലാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഝാർഖണ്ഡിലും വോട്ടിംഗ് പാറ്റേണിൽ പട്ടിക വർഗ വിഭാഗത്തിനുള്ള വലിയ സ്വാധീനം മൂലം പട്ടികവർഗ മുഖ്യമന്ത്രിമാരുണ്ടാകാറുണ്ട്. എന്നാൽ, പട്ടികവർഗ വിഭാഗത്തിന് നല്ല സ്വാധീനമുണ്ടെങ്കിലും ഒഡീഷ, ഛത്തിസ്ഗഢ്, ബീഹാർ പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് അത്തരം ജനവിഭാഗങ്ങളുടെ നേതാക്കളെ ഉയർത്തിക്കൊണ്ട് വരാൻ നിലവിൽ രാഷട്രീയ പാർട്ടികൾ തയ്യാറല്ല.

സംസ്ഥാനങ്ങളിലെ ക്യാബിനറ്റുകൾ പരിശോധിച്ചാലും നാമമാത്ര പ്രാതിനിധ്യമാണ് പട്ടിക ജാതി – പട്ടികവർഗ വിഭാഗങ്ങൾക്ക് ലഭിക്കുന്നത്. കേരളത്തിലെ അവസ്ഥ തന്നെ പരിശോധിച്ചാൽ നിലവിൽ 21 മന്ത്രിമാരിൽ ഒരാൾ മാത്രമാണ് പട്ടികജാതിയിൽ നിന്നുള്ളത്. കേരളത്തിൽ നിലവിൽ വന്ന എല്ലാ മന്ത്രിസഭകളുടെയും സ്ഥിതി ഇതാണ്. മന്ത്രിയാക്കിയാൽത്തന്നെ മിക്കവാറും പട്ടികജാതി ക്ഷേമ വകുപ്പായിരിക്കും നൽകുക. ആദ്യ തവണ എം.എൽ.എ മാരായ പാർട്ടിയിലെയും നിയമസഭയിലെയും താരതമ്യേന ജൂനിയറായ നേതാക്കൾക്ക് ധനകാര്യം, വ്യവസായം, പൊതുമരാമത്ത് പോലുള്ള പ്രധാന വകുപ്പുകൾ നൽകിയ കേരളത്തിലാണ് നിയമസഭയിലും മന്ത്രിസഭയിലും പരിചയ സമ്പന്നനായ പട്ടികജാതിക്കാരനായ മന്ത്രി കെ രാധാകൃഷ്ണന് മികച്ച വകുപ്പുകൾ നൽകുന്നതിൽ വിമുഖത കാട്ടുന്നത്.

കേരളത്തിൽ ആദിവാസികളിൽ നിന്ന് മന്ത്രിമാരില്ലാത്തത് എന്തുകൊണ്ടാണ്? കേരള ചരിത്രത്തിൽ 2011 ൽ ജയലക്ഷ്മി മാത്രമാണ് ആദിവാസികളിൽ നിന്ന്  മന്ത്രിപദവിയിലെത്തിയ ഏകവ്യക്തി. അതുപോലും അത്തവണ ഭരണ കക്ഷിയിൽ നിന്ന് വേറെ സ്ത്രീകളാരും ജയിച്ച് വരാത്തതിനാൽ ഇരട്ട പ്രാതിനിധ്യത്തിൻ്റെ പിൻബലം ലഭിച്ചതാണ്. അതിന് മുമ്പോ ശേഷമോ അത്തരം ഒരു പ്രാതിനിധ്യം ആദിവാസി സമൂഹത്തിന് ലഭിച്ചിട്ടില്ല.

രാഷ്ട്രീയ സംവരണമില്ലാത്ത പിന്നാക്ക വിഭാഗങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. നിയമസഭയിലോ ലോക്സഭയിലോ രാജ്യസഭയിലോ അത്തരം വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിക്കാറില്ല. ലോക്സഭയിൽ 541 എം.പി മാരിൽ ജനസംഖ്യയിൽ 55 ശതമാനത്തിലേറെയുള്ള ഒ.ബി.സി വിഭാഗങ്ങളുടെ പ്രതിനിധികളായി 109 പേരാണുള്ളത്. ക്യാബിനറ്റിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയിലെ മുസ്‌ലിംകൾ നിയമനിർമാണ സഭകളിൽ നിന്ന് പുറന്തള്ളപ്പെടുന്നതിൻ്റെ സൂചനകൾ വ്യക്തമാണ്. 2019 ൽ ലോക്സഭയിലേക്ക് 27 മുസ്‌ലിം എം.പിമാരാണ്  തെരഞ്ഞെടുക്കപ്പെട്ടത്. 15 ശതമാനത്തോളം മുസ്‌ലിംകളുള്ള ഇന്ത്യയിൽ ലോക്സഭയിൽ അവരുടെ പ്രാതിനിധ്യം 4 ശതമാനം മാത്രമാണ്. ക്യാബിനറ്റ് റാങ്കിലോ സഹമന്ത്രിമാരായോ ഒരാൾപോലുമില്ല. ഇന്ത്യയിൽ കശ്മീർ ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ മുസ്‌ലിം സമുദായത്തിൽ നിന്ന് സാധാരണ മുഖ്യമന്ത്രിമാർ ഉണ്ടാകാറില്ല. അത്തരത്തിൽ അഞ്ച് പേർ മാത്രമാണ് സ്വതന്ത്ര ഇന്ത്യയിലുണ്ടായിട്ടുള്ളത്. അബ്ദുൽ ഗഫൂർ (ബീഹാർ, 2 ജൂലൈ 1973 – 11 ഏപ്രിൽ 1975) സി.എച്ച് മുഹമ്മദ് കോയ (കേരളം, 12 നവംബർ 1979 – 1 ഡിസംബർ, 1979), അബ്ദുൽ റഹ്മാൻ ആന്തുലെ (മഹാരാഷ്ട്ര, 9 ജൂൺ 1980 – 12 ജനുവരി 1982), ബർഖത്തുല്ലാ ഖാൻ (രാജസ്ഥാൻ, 9 ജൂലൈ 1971 – 11 ആഗസ്റ്റ്  1973) സയ്യിദ അൻവറ തൈമൂർ (അസം, 6 ഡിസംബർ 1980 – 30 ജൂൺ 1981). കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിൽ എം.ഒ.എച്ച് ഫാറൂഖ് (ഏപ്രിൽ 9, 1967 – മാർച്ച് 6, 1968, 17 മാർച്ച് 1969 – 3 ജനുവരി 1974, 16 മാർച്ച് 1985 – 19 ജനുവരി 1989) മൂന്ന് തവണ മുഖ്യമന്ത്രി ആയിട്ടുണ്ട്. എം.ഒ.എച്ച് ഫാറൂഖ് ഒഴികെ ഒരൊറ്റ മുഖ്യമന്ത്രിയും  അഞ്ച് വർഷം എന്ന പൂർണ്ണ ടേം പൂർത്തിയാക്കിയിട്ടില്ല. രാജസ്ഥാൻ മുഖ്യമന്ത്രി ആയിരുന്ന ബർഖത്തുല്ലാ ഖാൻ മാത്രമാണ് ഇക്കൂട്ടത്തിൽ രണ്ട് വർഷത്തിലേറെ മുഖ്യമന്ത്രിയായ വ്യക്തി. സി.എച്ച് മുഹമ്മദ് കോയ ഒഴികെ ബാക്കിയെല്ലാവരും കോൺഗ്രസ് പാർട്ടി വഴിയാണ് മുഖ്യമന്ത്രിമാരായത്.

ഈ ലിസ്റ്റ് പരിശോധിച്ചാൽ 1982 ന് ശേഷം ഇന്ത്യയിൽ കശ്മീർ ഒഴികെ ഒരു സംസ്ഥാനത്തും മുസ്‌ലിം മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്ന് മനസ്സിലാക്കാം. 2017 ൽ ഗുജറാത്തിൽ പൊതു തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അഹ്മദ് പട്ടേലിനെ കോൺഗ്രസ് മുഖ്യമന്ത്രിയാക്കി രാജ്യത്തിന് അപകടം വരുത്തും എന്ന വിദ്വേഷ പ്രചരണമാണ് ബി.ജെ.പി നടത്തിയത്. എന്നാൽ, അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാതെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഇപ്പോൾ തീരുമാനിച്ചിട്ടില്ല എന്ന മാപ്പുസാക്ഷിത്വ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.

നിലവിലെ സംസ്ഥാന അസംബ്ലികളിലെ പ്രാതിനിധ്യം പരിശോധിച്ചാലും ജനസംഖ്യയിൽ നിന്ന് അകലെയാണ് മുസ്‌ലിം പ്രാതിനിധ്യം. മുസ്‌ലിംകളുടെ മന്ത്രിപദവി തുലോം തുച്ഛമാണ്. രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ 557 സംസ്ഥാന മന്ത്രിമാരിൽ മുസ്‌ലിം പ്രാതിനിധ്യം വെറും 24 മാത്രമാണ് (4.3%). അതിലും ഭയാനകമായ കാര്യം 17 സംസ്ഥാനങ്ങളിലെ ക്യാബിനറ്റിൽ മുസ്‌ലിംകൾക്ക് ഇടമില്ല എന്നതാണ്.

സംസ്ഥാനം കാബിനറ്റിലെ ആകെ എണ്ണം മുസ്‍ലിം
1 ആന്ധ്രപ്രദേശ്  26 1
2 അരുണാചൽ പ്രദേശ് 12 0
3 ആസ്സാം 16 0
4 ബിഹാർ 31 5
5 ചത്തിസ്ഗഢ് 13 1
6 ഗോവ 12 0
7 ഗുജറാത്ത് 16 0
8 ഹരിയാന 14 0
9 ഹിമാചൽ പ്രദേശ് 8 0
10 ജാർഖണ്ഡ് 11 2
11 കർണാടക 34 2
12 കേരള 21 3
13 മധ്യപ്രദേശ് 27 0
14 മഹാരാഷ്ട്ര 29 1
15 മണിപ്പൂർ 12 0
16 മേഘാലയ 12 0
17 മിസോറാം 12 0
18 നാഗാലാന്റ് 12 0
19 ഒഡീഷ 15 0
20 പഞ്ചാബ് 15 0
21 രാജസ്ഥാൻ 26 1
22 സിക്കിം 12 0
23 തമിഴ്നാട് 35 1
24 തെലങ്കാന 17 1
25 തൃപുര 9 0
26 ഉത്തർപ്രദേശ് 51 0
27 ഉത്തരാഖണ്ഡ് 8 0
28 വെസ്റ്റ് ബംഗാൾ 51 6
ആകെ 557 24

ദലിത് വിഭാഗങ്ങളിലെ പരിവർത്തിതർ അതിലേറെ ഗുരുതരമായ രീതിയിൽ പ്രാതിനിധ്യത്തിൽ നിന്ന് പുറത്താണ്. കേരളത്തിലെ ദലിത് ക്രൈസ്തവരുടെ രാഷ്ട്രീയ പ്രതിനിധാനം പരിശോധിച്ചാൽ അതിൻ്റെ ആഴം ബോധ്യപ്പെടും. എത്ര ശതമാനമാണ് ദലിത് ക്രൈസ്തവരുള്ളത് എന്നതിന് കൃത്യമായ കണക്കില്ല. ക്രൈസ്തവ വിഭാഗത്തിലെ മൂന്നിലൊന്ന് ദലിത് ക്രൈസ്തവരാണെന്ന് ചിലർ പറയുന്നുണ്ട്. കേരളത്തിൽ വ്യാപകമായി ദലിത് ക്രൈസ്തവ സാന്നിധ്യമുണ്ട്. എന്നിട്ടും 1964 ൽ രണ്ട് പേർ എം.എൽ.എ മാരായി എന്നതൊഴിച്ച് നിർത്തിയാൽ അതിന് ശേഷം ഒരു ദലിത് ക്രൈസ്തവന് പോലും കേരള നിയമസഭയിലേക്ക് പ്രവേശനം ലഭിച്ചിട്ടില്ല. മുഖ്യമുന്നണികളിലെ പാർട്ടികളാരും അവരെ സ്ഥാനാർത്ഥികളാക്കുക പോലുമില്ല. ഒ.ബി.സി വിഭാഗങ്ങളിലെ ചെറുസമുദായങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മന്ത്രിസഭയിലോ ക്യാബിനറ്റ് റാങ്കുള്ള പദവികളിലോ മതിയായ പ്രാതിനിധ്യം ലഭിക്കാറില്ലെങ്കിലും നിയമസഭ – ലോക്സഭ പ്രാതിനിധ്യങ്ങൾ ജനസംഖ്യാനുപാതികമായല്ലെങ്കിലും  അത്യാവശ്യം ജനസംഖ്യയുള്ള ചില പിന്നാക്ക സമുദായങ്ങൾക്ക് കിട്ടിയേക്കും. പക്ഷേ, ജനസംഖ്യ കുറഞ്ഞ, അതീവ പിന്നാക്കാവസ്ഥയുള്ള സമുദായങ്ങൾക്ക് നിയമസഭ – ലോക്സഭാ അംഗത്വം തീരെ ലഭ്യമാകില്ല. കേരളത്തിലെ ഈഴവരല്ലാത്ത മറ്റ് പിന്നാക്ക ഹിന്ദു സമൂഹത്തിൻ്റെ മന്ത്രിസഭ അംഗത്വവും നിയമസഭ പ്രാതിനിധ്യവും പരിശോധിച്ചാൽ വിരലിലെണ്ണാവുന്ന ചിലർ മാത്രമാണ് അത്തരം പദവികളിലെത്തിയത് എന്ന് തിരിച്ചറിയാം.

രാജ്യസഭ പോലെ സംവരണമില്ലാത്ത ജനപ്രതിനിധിസഭകൾ സവർണ്ണരുടെ മാടമ്പിക്കോട്ടകൾ പോലെയാണ്. ദലിത് – ആദിവാസി വിഭാഗങ്ങളും മുസ്‌ലിംകളും ഒ.ബി.സി വിഭാഗങ്ങളും മതന്യൂനപക്ഷങ്ങളുമൊന്നും ജനസംഖ്യ അനുപാതത്തിന്റെ ഏഴയലത്തുപോലും ഇല്ല. രാജ്യത്ത് ഭരണഘടന പദവികളിലും ഭരണനിർവഹണം നടത്തേണ്ട പല മേഖലകളിലും രാഷ്ട്രീയ നിയമനം നടത്തുന്ന സംവിധാനങ്ങളുമുണ്ട്. പബ്ലിക് സർവ്വീസ് കമ്മീഷനുകൾ, മനുഷ്യാവകാശ കമ്മീഷനടക്കം വിവിധ കമ്മീഷനുകൾ, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് തുടങ്ങിയ മേഖലകളും ദലിത് – പിന്നാക്ക ജനവിഭാഗങ്ങളുടെ ബാലികേറാ മലകളാണ്. ജാതി വ്യവസ്ഥയുടെയും ചരിത്രപരമായുണ്ടായ പല കാരണങ്ങളുടെയും പേരിൽ അധീശത്വം നേടിയെടുത്തവർ തുടരുന്ന മേധാവിത്വ ഭരണമാണ് സ്വാതന്ത്ര്യം നേടി കാലങ്ങൾ പിന്നിട്ടിട്ടും രാജ്യത്ത് തുടരുന്നത്. അതിന്റെ തുടർച്ച തന്നെയാണ് അധികാര കേന്ദ്രങ്ങളിൽ നിന്ന് ചില ജനവിഭാഗങ്ങളെ ഒന്നാകെ അകറ്റി നിർത്തുന്നത്.

പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്ക് നിയമനിർമാണ സഭകളിൽ പങ്കാളിത്തം ലഭിക്കുന്നത് സംവരണം ഉള്ളതുകൊണ്ട് മാത്രമാണ്. ജനറൽ സീറ്റുകളിൽ ഒരിക്കലും ആ വിഭാഗങ്ങളെ പാർട്ടികൾ പരിഗണിക്കാറില്ല. സംവരണമില്ലാത്ത ക്യാബിനറ്റ് പദവിയടക്കമുള്ള മേഖലകളിൽ അവർക്ക് ആനുപാതികമായി പങ്കാളിത്തമില്ലാതായിപ്പോകുന്നു എന്നിടത്താണ് സമഗ്രമായ രാഷ്ട്രീയ സംവരണം പ്രധാനമാകുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‌ലിംകൾ നിയമനിർമാണ സഭകളിൽ നിന്നും ഭരണ നിർവഹണ മേഖലകളിൽ നിന്നും അകറ്റപ്പെടുന്നു എന്നത് ഭയാനകമായ കാര്യമാണ്. വംശഹത്യയുടെ പല പടികളിൽ ഒന്നാണ് പുറന്തള്ളൽ. മുസ്‌ലിംകൾക്ക് രാഷ്ട്രീയ സംവരണം വേണമെന്നത് ഒരു ജനതയെ ഉന്നം വെക്കുന്ന വംശഹത്യക്കെതിരായ പ്രതിരോധം കൂടിയാണ്. രാജ്യത്തെ വലിയ ജനവിഭാഗമാണ് ഒ.ബി.സി കൾ. ജാതി സെൻസസ് നടക്കാത്തതു കൊണ്ട് കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും 50-55 ശതമാനം എന്തായാലും ഒ.ബി.സി ജനാവിഭാഗങ്ങളുണ്ടാകും. അവർക്ക് ഭരണനിർവഹണത്തിൽ അതേ അളവിൽത്തന്നെ പ്രാതിനിധ്യം ലഭിക്കണം. സ്ത്രീകൾക്ക് രാഷ്ട്രീയ സംവരണത്തിനായുള്ള ഭരണഘടന ഭേദഗതി പാസാക്കിയെങ്കിലും ചട്ടങ്ങളോ നടപടിക്രമങ്ങളോ രൂപപ്പെടുത്തിയിട്ടില്ല. എന്നാൽ, വനിതാ സംവരണം വരുമ്പോഴും അവിടെ പിന്നാക്ക സമുദായങ്ങളിലെ വനിതകൾ പുറന്തള്ളപ്പെടും എന്നതാണ് ജനറൽ സീറ്റുകളിലെ അവസ്ഥ സൂചിപ്പിക്കുന്നത്. എന്നു മാത്രമല്ല, നിയമനിർമാണ സഭകളിൽ മാത്രമാണ് സംവരണം ഉണ്ടാവുക. ക്യാബിനറ്റിലും ഭരണ നിർവഹണ മേഖലകളിലും ഒക്കെ നിലവിലെ സവർണ പുരുഷാധിപത്യം തന്നെ തുടരും എന്നത് വ്യക്തമാണ്.

പ്രാതിനിധ്യമാണ് ജനാധിപത്യത്തിൻ്റെ ശക്തി. ആ പ്രാതിനിധ്യം സമഗ്രമാകണമെങ്കിൽ എല്ലാവർക്കും അവസരങ്ങൾ ലഭിക്കണം. ഓരോ വിഭാഗത്തിനും മതിയായ അളവിൽ ഭരണ പങ്കാളിത്തം ലഭിക്കണം. ലോകത്ത് നിരവധിയിടങ്ങളിൽ പലതരം രാഷ്ട്രീയ സംവരണം നിലവിലുണ്ട്. അഭയാർത്ഥികളായി രാജ്യത്തെത്തുന്നവർക്കു പോലും രാഷ്ട്രീയ സംവരണം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളുണ്ട്. രാഷ്ട്രീയ സംവരണം ജനാധിപത്യത്തെ കൂടുതൽ പുഷ്ടിപ്പെടുത്തും. ഇന്ത്യ പോലെ  സങ്കീർണതകളും വൈവിധ്യങ്ങളും നിറഞ്ഞ രാജ്യത്തെ ഏകശിലാത്മക ദേശീയതയിൽ കെട്ടി നിർത്താനാകില്ല. അങ്ങനെ നിർത്തിയാൽ അത് വളരെ വേഗം ആഭ്യന്തര അസ്വസ്ഥതകളിലേക്കെത്തും. അധികാരത്തിൽ നിന്നുള്ള പുറന്തള്ളലുകൾ അത്തരം അസ്വസ്ഥതകളെ ശക്തിപ്പെടുത്തും. ഉദ്യോഗസ്ഥ പദവികളിലെന്നപോലെ രാഷ്ട്രീയ പദവികളിലും മതിയായ പ്രാതിനിധ്യം ജനാധിപത്യത്തിൻ്റെ അന്തസ് ഉയർത്തുകയാണ്.

Related