1930 ൽ ലണ്ടനിൽ നടന്ന ഒന്നാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയിലെ അധ:സ്ഥിത വിഭാഗങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബി ആർ അംബേദ്കർ ഇന്ത്യയിൽ ഒരു ജനാധിപത്യ ഗവൺമെൻറ് സ്ഥാപിക്കേണ്ടതിന്റെയും ബ്രിട്ടൻ ഇന്ത്യ വിട്ടു പോകേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് സംസാരിച്ചിരുന്നു. ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇന്ത്യയുടെ ഭരണക്രമം oligarchy (ചെറിയ ഒരു കൂട്ടത്തിൻ്റെ അധികാരം) ആയിരിക്കുമെന്നും അതിനാൽ എല്ലാ സമുദായങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന രീതിയിൽ അത് നിർമിക്കപ്പെടണം എന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചു. അധ:സ്ഥിത വിഭാഗത്തിൻ്റെ ഉന്നമനത്തിനായി ബ്രിട്ടീഷ് ഗവൺമെൻ്റിന് എഴുതി നൽകിയ എട്ട് ആവശ്യങ്ങളിൽ രണ്ടെണ്ണം എല്ലാ സമുദായങ്ങൾക്കും പ്രാതിനിധ്യം നൽകേണ്ടതിനെ സംബന്ധിച്ചതായിരുന്നു. ഭരണ – നിയമനിർമ്മാണ മേഖലകളിലും ജുഡീഷ്യറിയിലും നയരൂപീകരണ മേഖലകളിലും എല്ലാ സമുദായങ്ങൾക്കും പ്രാതിനിധ്യം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗങ്ങൾക്കുള്ള പ്രാതിനിധ്യത്തെ കുറിച്ച് മാത്രമല്ല, മുഴുവൻ സമുദായങ്ങളുടെയും പ്രാതിനിധ്യത്തെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത് എന്നതും ശ്രദ്ധേയമാണ്.
പ്രാതിനിധ്യം ലഭ്യമാകണമെങ്കിൽ സമൂഹത്തിലെ വിവിധ സമുദായങ്ങൾ ആരൊക്കെയാണ്, അവരുടെ എണ്ണം എത്രയാണ്, ഭൂമിശാസ്ത്രപരമായ വിതരണം എങ്ങനെയാണ് തുടങ്ങിയ കണക്കുകൾ ലഭ്യമാക്കേണ്ടതുണ്ട്. ഇത്തരത്തിൽ കൃത്യമായ കണക്കുകൾ ലഭ്യമാക്കുന്നത് ഒരു സമുദായത്തിന്റെയും അവകാശം അട്ടിമറിക്കാനല്ല, എല്ലാ സമുദായത്തിന്റെയും മതിയായ പ്രാതിനിധ്യം ഉറപ്പ് വരുത്താനാണ്. അതിന് കാലഗണന നിശ്ചയിക്കുന്നതും ശരിയല്ല. ഒരു ഡാമിൽ എത്ര വെള്ളം സൂക്ഷിക്കാനാകുമെന്ന് തീരുമാനിക്കുന്നത് ജലമുൾക്കൊള്ളാനുള്ള അതിന്റെ ശേഷിയെയും സുരക്ഷിതത്വത്തെയും പരിഗണിച്ചാണ് നിശ്ചയിക്കുന്നത് എന്നു പറയുന്നതു പോലെയാണ് ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തെ കുറിച്ചുള്ള ആശയവും നിർവചിക്കപ്പെടുന്നത്. 10 വർഷത്തേക്ക് ഇത്ര അളവ് എന്ന് നിശ്ചയിക്കാൻ കഴിയില്ല എന്നതു പോലെ തന്നെ പ്രാതിനിധ്യത്തിനും 10 വർഷത്തെ കാലഗണന നിശ്ചയിക്കുന്നത് ശരിയായ രീതിയല്ല. പ്രാതിനിധ്യം ഉറപ്പിക്കാൻ പിന്നാക്ക വിഭാഗങ്ങൾക്ക് മിനിമം എണ്ണം നിശ്ചയിക്കുകയും എണ്ണത്തിൽ കൂടുതൽ ഉള്ളവർക്ക് ആനുപാതികമായത് നൽകിയും ആണ് ഇത് പരിഹരിക്കേണ്ടത്. നിലവിൽ അധികാര പദവികൾ മുഴുവനായി കൈവശം വെച്ചവർ നീതിയുക്തമായി അത് വിട്ടു നൽകാനും പിന്നാക്ക വിഭാഗങ്ങളെ ഉൾക്കൊള്ളാനും തയ്യാറായാൽ മാത്രമേ ആനുപാതിക പ്രാതിനിധ്യം എന്ന ആശയം നടപ്പിലാവുകയുള്ളൂ. ഇതാണ് പ്രാതിനിധ്യവുമായി ബന്ധപ്പെട്ട അടിസ്ഥാന ആവശ്യം.

മതിയായ പ്രാതിനിധ്യം (adequate representation) എന്നതാണ് അംബേദ്കർ മുന്നോട്ടുവെച്ച കാഴ്ചപ്പാട്. സംവരണം, പിന്നാക്ക വിഭാഗങ്ങൾ എന്ന പദപ്രയോഗങ്ങൾ മഹാരാഷ്ട്രയിലെ ഷാഹു മഹാരാജാവിന്റെയും മൈസൂർ, തിരുവിതാംകൂർ രാജവംശങ്ങളുടെയും മദ്രാസ് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷ് ഗവൺമെന്റിന്റെയും നടപടിക്രമങ്ങളുടെ ഭാഗമായി വന്നതാണ്. പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി നടപ്പിലാക്കിയ സംവരണത്തിൻ്റെ അവകാശികൾക്ക് അവർ നൽകിയ പേര് ബാക്ക് വേർഡ് കമ്യൂണിറ്റികൾ എന്നതായിരുന്നു. ദാരിദ്ര്യത്തെ മറിടക്കാനും ചരിത്രപരമായി പിന്നാക്കം നിർത്തപ്പെട്ടവരെ പരിഗണിക്കാനുമെന്ന ഉദ്ദേശമാണ് അവർക്കുണ്ടായിരുന്നത്.
പ്രാതിനിധ്യമെന്ന ആവശ്യം ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല. ലോകത്ത് പല രാജ്യങ്ങളിലും പ്രാതിനിധ്യ സംവിധാനം നിലവിലുണ്ട്. അമേരിക്കയിൽ നടന്ന പ്രശസ്തമായ ഒരു സമരത്തിന്റെ മുദ്രാവാക്യം ‘No Taxation without Representation’ എന്നതായിരുന്നു. മലേഷ്യയിൽ 70 കളിൽ മഹാതീർ മുഹമ്മദ് നടപ്പിലാക്കിയ പ്രാതിനിധ്യ സംവിധാനമാണ് അവിടത്തെ ചൈനീസ് ആധിപത്യത്തെ മറികടന്ന് പ്രബലശക്തിയാകാൻ തദ്ദേശീയരായ മലയ കമ്മ്യൂണിറ്റിക്ക് അവസരം ഒരുക്കിയത്. പുറം നാട്ടുകാർ മലേഷ്യയിൽ ഏത് കമ്പനി തുടങ്ങിയാലും അതിലെ ഒരു പങ്കാളി മലയ സമുദായക്കാരനായിരിക്കണമെന്ന നിബന്ധനയായിരുന്നു അദ്ദേഹം നടപ്പാക്കിയത്. 40 വർഷത്തെ മലേഷ്യയുടെ ചരിത്രമെടുക്കുമ്പോൾ അവരുടെ സാമൂഹിക – സാമ്പത്തിക അവസ്ഥകളെ പരിപോഷിപ്പിക്കുന്നതിൽ ഈ അവസരങ്ങൾ ഉപയോഗപ്പെട്ടതായി കാണാം.

സംവരണമെന്ന ആശയം ചാതുർ വർണ്ണത്തിന്റേതാണ് എന്ന് ബഹു. സുപ്രീം കോടതിയിൽ നടന്ന സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട വാദത്തിൽ ഉന്നയിക്കപ്പെട്ട പ്രധാന വാദമായിരുന്നു. സംവരണത്തിലൂടെ ഉറപ്പു വരുത്തുന്നത് എല്ലാ സമുദായങ്ങളുടെയും പ്രാതിനിധ്യമാണ്. ഇത് മെറിറ്റിനെ തടയുന്നു എന്ന വാദമാണ് പ്രാതിനിധ്യത്തിനുള്ള തടസ്സമായി സാധാരണയായി ഉന്നയിക്കപ്പെടാറുള്ളത്. ജനസംഖ്യയിൽ 80 ശതമാനം വരുന്ന ജനതയ്ക്ക് 50 ശതമാനമെങ്കിലും പ്രാതിനിധ്യം നൽകാതിരിക്കുന്നതിന്റെ ന്യായമാണ് ഇന്ന് മെറിറ്റ്. ഇത് ശരിയായ വാദമേയല്ല. പ്രാതിനിധ്യം ഉണ്ടാവുമ്പോഴാണ് ജനാധിപത്യത്തിന് ശക്തിയും സൗന്ദര്യവും ഉണ്ടാവുകയുള്ളൂ എന്നതിന് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാവും. അതിന് രാജ്യത്തിൻ്റെ ലെജിസ്ലേറ്റീവ്, ജുഡീഷ്യറി, എക്സിക്യൂട്ടീവ് എന്നിവിടങ്ങളിൽ എല്ലാം പ്രാതിനിധ്യം ഉണ്ടാവേണ്ടതുണ്ട്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അംബേദ്കർ നിരീക്ഷിച്ചത് പോലെ സവർണരുടെ ഭരണക്രമമാണ് ഉണ്ടായത്. ചരിത്രപരമായി ബ്രിട്ടീഷുകാരും വരേണ്യ മുസ്‌ലിംകളും സവർണ്ണ ഹിന്ദുക്കളുമാണ് ഇന്ത്യയെ ഭരിച്ചിട്ടുള്ളത്. അതിൽ ആദ്യത്തെ രണ്ടും അധികാരത്തിൽ നിന്ന് പോയെങ്കിലും മൂന്നാമത്തെത് ഇപ്പോഴും നിലനിൽക്കുകയാണ്. അവരാണ് ഭൂരിപക്ഷ മേഖലകളും കയ്യടക്കി വെച്ചിട്ടുള്ളത്. കേരളത്തിൽ ഇത് രണ്ട് പ്രബല സമുദായങ്ങളിലേക്ക് മാത്രമായി ചുരുങ്ങുന്നു. കണക്കുകൾ പരിശോധിച്ചാൽ നമുക്കത് ബോധ്യപ്പെടും. കേരളത്തിൽ ഇന്നേ വരെയും ഒരു മുസ്‌ലിം ചീഫ് സെക്രട്ടറി ഉണ്ടായിട്ടില്ല. എസ് സി വിഭാഗങ്ങളുടെ അവസ്ഥയും ഇതുതന്നെയാണ്. സംസ്ഥാനത്തെ പോലീസ് മേധാവികളിൽ ഒരു മുസ്‌ലിം മാത്രമേ ഉണ്ടായിട്ടുള്ളൂ. അദ്ദേഹം മലയാളി ആയിരുന്നുമില്ല. മലയാളിയായ ഒരു മുസ്‌ലിം കുറച്ചു ദിവസത്തേക്ക് മാത്രമാണ് ഈ സ്ഥാനത്ത് ഉണ്ടായിരുന്നത്. ഈഴവനായ ഒരാൾ മാത്രമാണ് ചീഫ് സെക്രട്ടറി ആയിട്ടുള്ളത്. സുപ്രീംകോടതിയിൽ 1950 മുതലുള്ള കണക്കെടുത്താൽ കേരളത്തിൽ നിന്നുള്ള രണ്ടു മുസ്‌ലിം, 2 എസ്.സി എന്നിവരുമാണ് ഉണ്ടായിട്ടുള്ളത്. ഈഴവ സമുദായത്തിൽ നിന്ന് ഇതുവരെയുംപ്രതിനിധി ഉണ്ടായിട്ടില്ല. അപ്പോൾ പിന്നെ അതിന് താഴെ എന്ന് പറയുന്നവരുടെ കാര്യം പറയേണ്ടതില്ലല്ലോ. കണക്കുകളുടെ യാഥാർത്ഥ്യമിതാകുമ്പോൾ ശ്രമങ്ങളുണ്ടാകേണ്ടത് ഏറ്റവും താഴെയുള്ളവർക്ക് പോലും പ്രാതിനിധ്യം കിട്ടുന്നതിനാണ്. അതും ഏതോ ഉദ്യോഗങ്ങളിൽ മാത്രമായിട്ടല്ല, ലെജിസ്ലേറ്റീവിലും എക്സിക്യൂട്ടീവിലും ജുഡീഷ്യറിയിലും തുടങ്ങി നിയമനിർമാണ – നയരൂപീകരണ ഭരണ നിർവഹങ്ങളിൽ എല്ലാം അത് പ്രകടമാവണം. എല്ലാ വിഭാഗമാളുകൾക്കും പ്രാതിനിധ്യം ഉണ്ടെങ്കിൽ മാത്രമാണത് സാധ്യമാവുക. ദേശീയതലത്തിൽ നാലും കേരളത്തിൽ രണ്ടും സമുദായങ്ങളിലേക്കും മാത്രമായി അത് ചുരുങ്ങി പോകുകയാണ് ചെയ്തിട്ടുള്ളത്. ഈ ആധിപത്യം ജനാധിപത്യത്തിന്റെ സൗന്ദര്യം കെടുത്തിക്കളയും എന്നതിൽ തർക്കമില്ല.

സാധാരണയുള്ള നടപടിക്രമങ്ങളിലൂടെ എല്ലാ വിഭാഗങ്ങൾക്കും ഇന്ന് പ്രാതിനിധ്യം കിട്ടുന്നില്ല. 34 ജഡ്ജിമാരുള്ള സുപ്രീംകോടതിയിൽ ഒരു മുസ്‌ലിം, രണ്ടു എസ് സി എന്നിങ്ങനെയാണ് ഇപ്പോഴത്തെ കണക്ക്. യഥാക്രമം ഇതുണ്ടാവേണ്ടത് അഞ്ച് മുസ്‌ലിം, എട്ട് എസ് സി എന്നിങ്ങനെയാണ്. 34 ൽ ചുരുങ്ങിയത് 20 പേർ വ്യത്യസ്ത അസവർണ്ണ വിഭാഗങ്ങളിൽ പെട്ടതായിരിക്കും. ഇവരുടെ സാമൂഹിക അനുഭവ പരിജ്ഞാനങ്ങളും വിഷയങ്ങളോടുള്ള സമീപനങ്ങളും ജീവിതനിലവാരങ്ങളും വ്യത്യസ്തമാണ്. കോടതിയിൽ നിന്നുണ്ടാകുന്ന വിധിപ്രസ്താവങ്ങളിൽ ഈ വൈവിധ്യവും വ്യത്യസ്തതയും പ്രതിഫലിക്കുമ്പോൾ അത് നീതിപൂർവകമാകും. വ്യത്യസ്ത ആശയങ്ങളും മതവിശ്വാസങ്ങളും മുന്നോട്ടു വെക്കുന്ന നീതിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും വിശ്വാസ സങ്കല്പങ്ങൾ അതിൽ പ്രതിഫലിക്കും. അതെത്ര സുന്ദരമായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ.
എല്ലാവർക്കും പ്രാതിനിധ്യമുണ്ടെങ്കിൽ ആർക്കും പ്രത്യേക പരിഗണന ലഭിക്കുന്ന സാഹചര്യമുണ്ടാവുകയില്ല. ഒരു സമുദായത്തെയും ലക്ഷ്യം വെച്ച് അക്രമിക്കാനും സാധിക്കില്ല. ഒരു വിഭാഗത്തിൻ്റെ താല്പര്യങ്ങൾ മാത്രമായി എവിടെയും പ്രവർത്തിക്കില്ല. പ്രാതിനിധ്യ ജനാധിപത്യമല്ല ഇവിടെയുള്ളത് എന്നതിനാൽ സവർണ ഹിന്ദുത്വത്തിൻ്റെ താല്പര്യങ്ങളാണ് ഇന്നിവിടെ പ്രവർത്തിക്കുന്നത്. പ്രാതിനിധ്യ ജനാധിപത്യമുള്ള രാജ്യങ്ങൾക്ക് ലോകത്ത് വലിയ പുരോഗതി ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചിട്ടുണ്ട്. അമേരിക്കയിൽ പ്രാതിനിധ്യമുള്ള ഭരണക്രമമാണ് നിലവിലുള്ളത്. അവിടത്തെ ഒമ്പത് ജഡ്ജിമാരിൽ സ്ത്രീകളും ആഫ്രിക്കൻ അമേരിക്കൻ പ്രതിനിധികളും ഉണ്ട്. ഈയടുത്ത് ജൂതനായ ഒരു ജഡ്ജി വിരമിച്ചപ്പോൾ പ്രാതിനിധ്യ അടിസ്ഥാനത്തിൽ അവർ തീരുമാനിച്ചത് ഒരു ആഫ്രിക്കൻ അമേരിക്കൻ സ്ത്രീയെ ജഡ്ജിയാക്കണമെന്നാണ്. അമേരിക്കയിലെ പ്രബല വിഭാഗമായ White Anglo-Saxon Protestant (WASP) വിഭാഗത്തിന് നിലവിൽ അവിടെ പ്രാതിനിധ്യമില്ല. അതേസമയം തന്നെ കത്തോലിക്കരും ജൂതരും അവിടെ ന്യൂനപക്ഷമായിരിക്കെ അവർക്ക് പ്രാതിനിധ്യവുമുണ്ട്. ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യമാണ് ജനാധിപത്യത്തിന് ശക്തി നൽകുന്നതെന്നവർ വിശ്വസിക്കുന്നു. ഈ അടിസ്ഥാനതത്വം എല്ലാവർക്കുമറിയാം. അതാണ് പുരോഗതി എന്നവർ മനസ്സിലാക്കുന്നു.
oligarchy ആണെങ്കിൽ ഒരു പ്രത്യേക വിഭാഗത്തിൻറെ താല്പര്യം മാത്രമാണ് നടപ്പിലാക്കപ്പെടുക. അത് ഒഴിവാക്കാനാണ് പ്രാതിനിധ്യം വേണമെന്ന് പറയുന്നത്. ഇതിന്റെ മികച്ച ഉദാഹരണമാണ് ഇന്ത്യയുടെ സാമൂഹിക ഘടന. ഇവിടെ പിന്നോക്കവിഭാഗങ്ങൾക്ക് അവസരങ്ങൾ ഇല്ലാതെ പോകുന്നത് oligarchy കാരണമാണ്. അധികാരം ഒരു പ്രബല വിഭാഗത്തിന് മാത്രം മതി എന്ന് തീരുമാനിച്ചാൽ മറ്റുള്ളവർ പുറന്തള്ളപ്പെടുക സ്വാഭാവികം. മറ്റുള്ളവർക്ക് പ്രാതിനിധ്യവും വിദ്യാഭ്യാസവും അവസരവും കിട്ടിയാൽ oligarchy തകരും. അതിനാലാണ് അംബേദ്കർ 1930 കളിൽ തന്നെ പ്രാതിനിധ്യ ജനാധിപത്യം എന്ന ആശയത്തെ മുന്നോട്ട് വെച്ചിട്ടുള്ളത്. ‘Due and adequate representation for all communities’ എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നോക്കക്കാർക്ക് എന്നല്ല. ഇന്ത്യയിൽ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തെ മാത്രം ഉദാഹരണമായി എടുത്താൽ അമിത പ്രാധാന്യമുള്ള വിഭാഗങ്ങൾക്കാണ് വീണ്ടും 10 ശതമാനം നൽകിയിട്ടുള്ളത്. ദാരിദ്ര്യമാണ് മാനദണ്ഡമെങ്കിൽ അതൊരു പ്രത്യേക വിഭാഗത്തിൽ മാത്രമാകുന്നതിന്റെ യുക്തി എന്താണ്? ദാരിദ്ര്യം പ്രാതിനിധ്യത്തിന്റെ അടിസ്ഥാനമേ അല്ല. ആവുകയും അരുത്. ട്രാൻസ്ജെൻഡർ വിഭാഗത്തെ OBC ആക്കണമെന്ന് സുപ്രീംകോടതി നിരീക്ഷണമുണ്ട്. അവർ ഒരു കമ്യൂണിറ്റിയാണ് എന്നതാണ് അതിൻ്റെ അടിസ്ഥാനം. ഇന്ത്യയിൽ പല പ്രബല വിഭാഗങ്ങളെയും OBC കാറ്റഗറിയിൽ ഉൾപ്പെടുത്തിയപ്പോഴും ഇന്ത്യയിൽ പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കമ്മ്യൂണിറ്റി ആയ വൈശ്യ വിഭാഗം ഇതിനുദാഹരണമാണ്. പദവിയും പ്രാതിനിധ്യവും കൊടുക്കുന്നതിൽ ആർക്കും എതിർപ്പില്ല എന്നതാണതിൻ്റെ കാരണം.
സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട 103-ാം ഭരണഘടനാ ഭേദഗതിക്കെതിരായ കേസിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് അടക്കമുള്ള രണ്ടുപേർ സംവരണമല്ല പ്രാതിനിധ്യമാണ് വേണ്ടത് എന്ന നിർദ്ദേശത്തെ ശരിവെക്കുകയും ഭരണഘടന ഭേദഗതി തള്ളുകയുമാണ് ചെയ്തത്. ‘ഇത്രയും കാലം നാം മുന്നോക്കക്കാർക്കു വേണ്ടി പിന്നോക്കക്കാരിൽ വിവേചനം നടത്തി. ഇനി പിന്നോക്കക്കാർക്ക് വേണ്ടി മുന്നോക്കക്കാരിൽ വിവേചനം നടത്താൻ സാധ്യമാണോ?’ എന്ന ചോദ്യമാണ് തുറന്ന കോടതിയിൽ അദ്ദേഹം ഉന്നയിച്ചത്. കോടതിയിൽ ഭൂരിപക്ഷാഭിപ്രായ പ്രകാരം കേസ് പരാജയപ്പെട്ടെങ്കിലും ഈ ചോദ്യം ഒരു വിവാദമായി ഉയരുകയും പ്രാതിനിധ്യം എന്ന ആശയം മുഖ്യധാരയിലേക്ക് കടന്നു വരാൻ വഴിയൊരുക്കുകയും ചെയ്തു. അതാണ് സെൻസസ് എന്ന ആവശ്യം ഇപ്പോൾ ശക്തമായി ഇന്ത്യയിൽ ഉയർന്നു വരാൻ കാരണമായത്. ബിഹാറിൽ നിതീഷ് കുമാർ സെൻസസ് നടത്തുകയും ചെയ്തു. 60% ത്തിനും മേൽ പിന്നോക്ക വിഭാഗക്കാരാണെന്നും അവർക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്ന് തീരുമാനിക്കുകയും അതിനുള്ള സംവരണ തോത് ഉയർത്തുകയും ചെയ്തത് ഇതിൻ്റെ അടിസ്ഥാനത്തിലാണ്.
പക്ഷേ, അപ്പോഴും ജാതി സെൻസസ് കേരളത്തിൽ നടത്താൻ ഇവിടത്തെ ഭരണകൂടം ഇനിയും തയ്യാറായിട്ടില്ല. അതിൻ്റെ കാരണം, പിന്നോക്ക വിഭാഗങ്ങളുടെയും മുസ്‌ലിംകളുടെയും എണ്ണം കൃത്യമായി ഇവിടെയുണ്ട് എന്നതാണ്. എണ്ണം കൃത്യമല്ലാത്ത പിന്നാക്ക വിഭാഗങ്ങളുടെയും മുന്നോക്കക്കാരുടെയും തലയെണ്ണി കണക്കുകൾ എടുക്കണം. എഴുത്തച്ഛൻ വിഭാഗം രണ്ട് ശതമാനവും ഈഴവർ 21 ശതമാനവും ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇതിൻ്റെ കണക്ക് എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. സാംപ്ൾ സർവെയുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയിട്ടുള്ള കണക്കുകളാണ് ഇവിടെ ആധികാരികമായ കണക്കായി അവതരിപ്പിക്കപ്പെടുന്നത്. ഇവിടെ എത്ര തരം കമ്മ്യൂണിറ്റികൾ ഉണ്ട് എന്ന് 1968 ൽ ഇ.എം.എസ് നടത്തിയ സാമൂഹിക – സാമ്പത്തിക സർവെ പ്രകാരം നിജപ്പെടുത്തിയിട്ടുണ്ട്. ഓരോരുത്തരുടെയും തലയെണ്ണി കൃത്യമായ കണക്കുകൾ എടുക്കാൻ അവസരമുണ്ടായിട്ടും തയ്യാറായില്ല. സാംപ്ൾ സർവെ ആണ് അവലംബം. സാംപ്ൾ സർവെ ഒരു പ്രത്യേക പ്രദേശമോ മറ്റോ കേന്ദ്രീകരിച്ച് നടത്തുന്നതാകയാൽ അതിൽ കൈകടത്തലുകൾ എളുപ്പമാണ്. ഇ.എം.എസ് ചെയ്തിട്ടുള്ളതും അത് തന്നെയാണ്. തലയെണ്ണൽ സർവെ വിഭാഗീയത ഉണ്ടാക്കും എന്ന ന്യായമാണ് നിരത്തിയത്. പിന്നാക്കക്കാരുടേത് നിൽക്കട്ടെ, പ്രബല കമ്മ്യൂണിറ്റി എന്ന് പറയുന്നവരുടെയെങ്കിലും എണ്ണമെടുക്കാൻ കഴിയുമല്ലോ. കണക്കുകൾ ആരുടെയും അവകാശങ്ങൾ തട്ടിയെടുക്കാൻ ഉള്ളതല്ല. പ്രാതിനിധ്യം എന്ന അവകാശം നൽകാൻ വേണ്ടിയാണ് എന്ന ബോധവത്കരണമാണ് അനിവാര്യം.
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ പന്ത്രണ്ടാം ദിനം 1947 ആഗസ്റ്റ് 27ന്, ഭരണഘടന അസംബ്ലി താൽക്കാലിക പാർലമെൻറ് ആയി മാറിക്കഴിഞ്ഞ സന്ദർഭത്തിൽ അംബേദ്കറുടെ സഹപ്രവർത്തകർ ആയിരുന്ന എസ് സി വിഭാഗത്തിൽപ്പെട്ട മുനിസാമി, നാഗപ്പ എന്നിവർ പ്രസിഡണ്ട് ഓഫ് അസംബ്ലിയോട് പറഞ്ഞു: ‘രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ എല്ലാവർക്കും സന്തോഷമാണ്. എന്നാൽ ഞങ്ങൾക്ക് ഭയമാണ്. ഇവിടെ സവർണർ അധികാരത്തിൽ വരും. വർണ്ണാശ്രമ ധർമ്മം തിരിച്ചുവരും. അതിനാൽ ഞങ്ങൾക്ക് ആനുപാതികവും മതിയായതുമായ പ്രാതിനിധ്യം ലഭിക്കണം. ഞങ്ങളെയും മനുഷ്യരായി പരിഗണിക്കണം. വിദ്യാഭ്യാസവും യോഗ്യതയും പറഞ്ഞു ഞങ്ങളെ പുറന്തള്ളരുത്.’ ഈ വാക്കുകളാണ് ഇന്ന് ഇന്ത്യയിൽ യാഥാർത്ഥ്യമായി തീർന്നിട്ടുള്ളത്.
ഇന്ത്യയിൽ നടക്കാൻ പോകുന്ന പാർലമെൻറ് മണ്ഡലം പുനക്രമീകരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ചർച്ചകളിൽ തെക്ക് – വടക്ക് വിഭാഗീയതയെ കുറിച്ചുള്ള ആകുലതകളുണ്ട്. എന്നാൽ ഇത് തെറ്റായ നിരീക്ഷണമാണ്. ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ ചരിത്രപരമായി തന്നെ വിഭാഗീയത ഇല്ല. ഒരൊറ്റ ജനതയാണ് എന്ന വികാരം ജനങ്ങളിലുണ്ട്. സമത്വം, സാഹോദര്യം, സ്വാഭിമാനം എന്നിവയിൽ കെട്ടുറപ്പുള്ള ഒരു ജനതയാണ്. മുന്നോക്ക വിഭാഗങ്ങളും പിന്നോക്ക വിഭാഗങ്ങളും തമ്മിലുള്ള വിഭാഗീയതയാണ് നിലവിലുള്ളത്. ഇത് മറികടക്കണമെങ്കിൽ പ്രാതിനിധ്യ ജനാധിപത്യം സ്ഥാപിതമായേ മതിയാകൂ. ഭൂരിപക്ഷമുള്ളവർ ന്യൂനപക്ഷങ്ങളുടെ അഭിപ്രായത്തിന് പരിഗണന നൽകണം. അതിന് ഭൂരിപക്ഷ – ന്യൂനപക്ഷ കമ്മ്യൂണിറ്റികൾ ആരൊക്കെയൊന്നും എത്രയൊക്കെ എന്നും നിശ്ചയിക്കപ്പെടണം. എന്നിട്ട് അവർക്ക് മതിയായ പ്രാധാന്യം നൽകണം. എങ്കിൽ മാത്രമാണ് ജനാധിപത്യത്തിന് ശക്തിയും സൗന്ദര്യവും കൈവരിക്കാൻ സാധിക്കുകയുള്ളൂ.
തയാറാക്കിയത് – നജ്ദ റൈഹാൻ