വേണ്ടത് ആനുപാതിക പ്രാധിനിത്യം
ഭാഷയിലും സംസ്‌കാരത്തിലും വേഷത്തിലും സമുദായങ്ങളിലുമുള്ള വൈവിധ്യങ്ങളെ കുറിച്ച് അഭിമാനിക്കാറുള്ള സമൂഹമാണ് നമ്മുടേത്. ”നാനാത്വത്തില്‍ ഏകത്വം” എന്നത് ഏറെ പഴക്കമുള്ള നമ്മുടെ അവകാശവാദമാണ്. സര്‍ക്കാര്‍ വിലാസത്തില്‍ നടക്കാറുള്ള പല പരിപാടികളിലും മന്ത്രിമാരും ജനപ്രതിനിധികളും മറ്റധികാരികളും ഈ സാമൂഹിക വൈവിധ്യത്തെ കുറിച്ച് വാചാലമാകാറുണ്ട്. എന്നാല്‍ ഈ സാമൂഹിക വൈവിധ്യവും നാനാത്വവും സമൂഹവുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളിലുമുണ്ടോ എന്ന അന്വേഷണം പലപ്പോഴും ഇവിടെ നടക്കാറില്ല. സൗകര്യപൂര്‍വം അതവഗണിക്കാറാണ് പതിവ്.
നാനാത്വങ്ങളും വൈവിധ്യങ്ങളും സമൂഹത്തിന്റെ മേല്‍പ്പരപ്പില്‍ പരസ്പരം സുഖിപ്പിക്കാനും മേന്മ പറയാനും വേണ്ടി മാത്രം അങ്ങനെ നിന്നാല്‍ മതി; അധികാരക്കസേരയിലും ഉദ്യോഗരംഗത്തും വിദ്യാഭ്യാസ മേഖലയിലും അതുണ്ടാകേണ്ടതില്ല എന്ന് വെക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ ഇന്ന് ഇന്ത്യന്‍ സമൂഹം അനുഭവിച്ചു പോരുകയാണ്. വൈവിധ്യങ്ങള്‍ സമൂഹത്തില്‍ മാത്രം പരിമിതമാണ്. അധികാരവുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ അതില്ല. പകരമുള്ളത് ഒലിഗാര്‍ക്കിയാണ് (Oligarchy). അഥവാ, സമൂഹത്തിലെ ചുരുക്കം ചില വിഭാഗങ്ങളുടെ കൈയിലാണ് അധികാരങ്ങളുടെയും ഉദ്യോഗങ്ങളുടെയും ചക്രമിരിക്കുന്നത്. സമൂഹത്തില്‍ നാം കാണുന്ന സാമൂഹിക വിഭാഗങ്ങളുടെയും സമുദായങ്ങളുടെയും അനുപാതം നമ്മുടെ ഭരണ – ഉദ്യോഗ മേഖലയില്‍ നമുക്ക് കാണാന്‍ സാധിക്കുന്നില്ല. ഇതേ വരേയ്ക്കും പുറത്തു വന്നിട്ടുള്ള ഔദ്യോഗികമോ അനൗദ്യോഗികമോ ആയ കണക്കുകള്‍ ഒക്കെയും അതാണ് പറഞ്ഞിരിക്കുന്നത്. അധികാര – ഉദ്യോഗ മേഖലകളിലെ ഈ ക്രമരാഹിത്യവും അനുപാതങ്ങളിലെ ഏറ്റക്കുറച്ചിലുകളും കാരണമായി ”സാമൂഹിക ധാരണകളും” ”പൊതുബോധങ്ങളും” എപ്പോഴും അധികാരത്തില്‍ ഇടം ലഭിച്ചവര്‍ക്ക് അനുകൂലമായിത്തീരുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ നില നില്‍ക്കുന്ന ജാതിവിവേചനം, ഇസ്ലാമോഫോബിയ, ഇതര സമുദായ വിവേചന പ്രശ്‌നങ്ങള്‍, ലിംഗപരമായ വിവേചനങ്ങള്‍, ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രശ്‌നങ്ങള്‍, പ്രാദേശികവും ഭാഷാപരവുമായ വിവേചനങ്ങള്‍ തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇവിടുത്തെ അധികാര – ഉദ്യോഗ – രാഷ്ട്രീയ ഇടങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ എപ്പോഴും ആ ഇടങ്ങളില്‍ മൃഗീയ സാന്നിധ്യവും സ്വാധീനവുമുള്ള വിഭാഗങ്ങളുടെ താല്പര്യങ്ങള്‍ മാത്രമാണ് പ്രതിഫലിക്കാറുള്ളത്. അധികാരപരമായ സമീപനങ്ങളിലും വിശകലനങ്ങളിലും തീരുമാനങ്ങളിലും അവ നടപ്പിലാക്കുന്നതിലും ചുരുക്കം ചില വിഭാഗങ്ങളുടെ മാത്രം താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും മറ്റുള്ള പരിപ്രേക്ഷ്യങ്ങളും വിലയിരുത്തലുകളും അവഗണിക്കപ്പെടുകയും ചെയ്യുന്നു. അത് വഴി അധികാര കേന്ദ്രീകരണം ശക്തിപ്പെടുകയും ജനാധിപത്യം പരിമിതപ്പെടുകയും ചെയ്യുന്നു.
സമൂഹത്തില്‍ നില നില്‍ക്കുന്ന ഈ അധികാര കേന്ദ്രീകരണം കൊടിയ അനീതിയാണ്. അത് പരിഹരിക്കപ്പെടണം. ഓരോ സാമൂഹിക വിഭാഗവും സമൂഹത്തില്‍ അവര്‍ ഉള്ളതിന് ആനുപാതികമായി അധികാര – ഉദ്യോഗ മേഖലകളില്‍ പ്രതിനിധീകരിക്കപ്പെടണം. അപ്പോഴാണ് ജനാധിപത്യത്തിന് അര്‍ത്ഥം കൈ വരുക. സാമൂഹിക ജനാധിപത്യത്തിലേക്ക് നാം നടന്നടുക്കുക. നിയമ നിര്‍മാണങ്ങളിലൂടെയും അതിന്റെ ഫലപ്രദമായ നിര്‍വഹണങ്ങളിലൂടെയും സമൂഹത്തിലെ ഓരോ വിഭാഗത്തിനും അര്‍ഹതപ്പെട്ടതും ആനുപാതികമായതുമായ സാമൂഹിക വിഭവങ്ങള്‍ ലഭ്യമാക്കണം. അതു വഴി അധികാരത്തിന്റെ അമിതമായ കേന്ദ്രീകരണത്തിന് പകരം നീതിയുക്തമായ പ്രാതിനിധ്യം സാധ്യമാക്കണം. ആനുപാതിക പ്രാതിനിധ്യം എന്ന ആശയം കൊണ്ട് നാം ഉദ്ദേശിക്കുന്നത് ഇതാണ്
ജാതിസെന്‍സസ് നടത്തുക,
പുതിയ സംവരണ തോത് നിശ്ചയിക്കുക,
ജനസംഖ്യാടിസ്ഥാനത്തില്‍ പ്രാതിനിധ്യം ഉറപ്പാക്കുക.
സാമൂഹിക നീതിക്കും സമത്വത്തിനും അധികാര പങ്കാളിത്തത്തിനും വിഭവങ്ങളുടെ തുല്യഅവകാശത്തിനും വേണ്ടിയുള്ള വിവിധ ജനവിഭാഗങ്ങളുടെ നിരന്തരമായ പോരാട്ടങ്ങളുടെ ഫലമാണ് പ്രാതിനിധ്യം, സംവരണം തുടങ്ങിയ ആശയങ്ങള്‍. ഈയൊരു ആശയത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട സാമൂഹിക കരാറുകളാണ് ഭരണഘടനയായും ദേശമായും ഇവിടെ വികസിച്ചത്. ജാതി, മതം, ലിംഗം, പ്രദേശം പോലുള്ള ഘടകങ്ങളുടെ സ്വാധീനത്താല്‍ സാമൂഹിക നീതി ചിലര്‍ക്ക് നിഷേധിക്കപ്പെടുമെന്ന ബോധ്യത്തില്‍ നിന്നാണ് ഈ സങ്കല്‍പമുണ്ടാകുന്നത്. അഥവാ കേവല ദാരിദ്രനിര്‍മാര്‍ജ്ജന പദ്ധതിയോ ഔദാര്യമോ അല്ല സംവരണം. മറിച്ച് വിവിധ ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തിന്റെയും സാമൂഹിക നീതിയുടെയും അടിസ്ഥാനമാണ് സംവരണം.
സ്വാതന്ത്ര്യത്തിന് ശേഷം നിരന്തരമായി ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിച്ച് പ്രാതിനിധ്യം നിഷേധിച്ചതിന്റെ ചരിത്രം ഇന്ന് വ്യക്തമാണ്. വിദ്യാഭ്യാസ മേഖലയില്‍ സംവരണം അംഗീകരിക്കപ്പെട്ടത് സ്വാതന്ത്ര്യ ഇന്ത്യക്ക് 40 വയസ്സ് പിന്നിട്ട ശേഷമാണ്. ഒ.ബി.സി സംവരണം സാധ്യമായത് ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷവും. ഓപ്പണ്‍ കോട്ടയിലെ സീറ്റുക ളില്‍ സവര്‍ണ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത അവസ്ഥയും പൊതുബോധവുമാണ് ഇന്ന് നിലനില്‍ക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം.
103 ആം ഭരണഘടന ഭേദഗതിയിലൂടെ മുന്നാക്ക സംവണം (ഋണട) നടപ്പില്‍ വരുത്തിയതോടെ സംവരണത്തിന് സാമൂഹ്യ മാനദണ്ഡം എന്നതിന് പകരം സാമ്പത്തിക മാനദണ്ഡം എന്ന തരത്തിലേക്ക് മാറ്റം വന്നു. ഇത് പ്രാതിനിധ്യമില്ലാത്തവരെ വീണ്ടും പിറകോട്ട് തള്ളുന്ന ഒന്നാണ്. നിലവിലെ പ്രാതിനിധ്യ കണക്കുകള്‍ പുറത്തു വരണം. പ്രാതിനിധ്യമില്ലാത്തവര്‍ക്ക് തക്കതായ അളവില്‍ പ്രാതിനിധ്യം വേണം.
അതിനായി സമഗ്രമായ ഒരു പ്രാതിനിധ്യ പ്രക്ഷോഭം അനിവാര്യമാണ്. ജാതി സെന്‍സസാണ് അതിന്റെ ആദ്യപടി. തുടര്‍ന്ന് അതിന്റെ അടിസ്ഥാനത്തില്‍ സംവരണ തോതുകള്‍ നിശ്ചയിക്കപ്പെടണം. അവ ഉദ്യോഗം, വിദ്യാഭ്യാസം, അധികാരം എന്നീ വിപുലമായ മേഖലകളില്‍ നടപ്പാക്കപ്പെടണം. വലിയ ജനകീയ മുന്നേറ്റത്തിലൂടെ മാത്രമാണ് അത് സാദ്ധ്യമാകുക. രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളെ സംയോജിപ്പിക്കുന്നതിനും എല്ലാവരുടേതുമാണ് ഇന്ത്യ എന്ന ബോധം ഉയര്‍ത്തുന്നതിനും ജനാധിപത്യത്തിന്റെ അന്തസത്ത സ്ഥാപിക്കുന്നതിനും അത് അനിവാര്യമാണ്.
(വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ബുക്ക്‍ലെറ്റ്)
പഠനത്തിന്‍റെ ഒന്നാം ഭാഗം – പ്രാതിനിധ്യത്തിന്‍റെ രാഷ്ട്രീയം
പഠനത്തിന്‍റെ രണ്ടാം ഭാഗം – എന്തിനാണ് ജാതി സെന്‍സസ്?
പഠനത്തിന്‍റെ മൂന്നാം ഭാഗം – ഒ.ബി.സി സംവരണം
പഠനത്തിന്‍റെ നാലാം ഭാഗം – ജാതിസെന്‍സസിന്റെ കേരള കാപട്യം
പഠനത്തിന്‍റെ അഞ്ചാം ഭാഗം – എയ്ഡഡ് മേഖലയിലെ സംവരണം
പഠനത്തിന്‍റെ ആറാം ഭാഗം – വേണ്ടത് ആനുപാതിക പ്രാധിനിത്യം