ഭാഷയിലും സംസ്കാരത്തിലും വേഷത്തിലും സമുദായങ്ങളിലുമുള്ള വൈവിധ്യങ്ങളെ കുറിച്ച് അഭിമാനിക്കാറുള്ള സമൂഹമാണ് നമ്മുടേത്. ‘നാനാത്വത്തിൽ ഏകത്വം’ എന്നത് ഏറെ പഴക്കമുള്ള നമ്മുടെ അവകാശവാദമാണ്. സർക്കാർ വിലാസത്തിൽ നടക്കാറുള്ള പല പരിപാടികളിലും മന്ത്രിമാരും ജനപ്രതിനിധികളും മറ്റധികാരികളും ഈ സാമൂഹിക വൈവിധ്യത്തെ കുറിച്ച് വാചാലമാകാറുണ്ട്. എന്നാൽ ഈ സാമൂഹിക വൈവിധ്യവും നാനാത്വവും സമൂഹവുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളിലുമുണ്ടോ എന്ന അന്വേഷണം പലപ്പോഴും ഇവിടെ നടക്കാറില്ല. സൗകര്യപൂർവം അതവഗണിക്കാറാണ് പതിവ്.
നാനാത്വങ്ങളും വൈവിധ്യങ്ങളും സമൂഹത്തിന്റെ മേൽപ്പരപ്പിൽ പരസ്പരം സുഖിപ്പിക്കാനും മേന്മ പറയാനും വേണ്ടി മാത്രം അങ്ങനെ നിന്നാൽ മതി; അധികാരക്കസേരയിലും ഉദ്യോഗരംഗത്തും വിദ്യാഭ്യാസ മേഖലയിലും അതുണ്ടാകേണ്ടതില്ല എന്ന് വെക്കുന്നതിന്റെ പ്രശ്നങ്ങൾ ഇന്ന് ഇന്ത്യൻ സമൂഹം അനുഭവിച്ചു പോരുകയാണ്. വൈവിധ്യങ്ങൾ സമൂഹത്തിൽ മാത്രം പരിമിതമാണ്. അധികാരങ്ങളിൽ അതില്ല. പകരമുള്ളത് ഒലിഗാർക്കിയാണ് (oligarchy). അഥവാ, സമൂഹത്തിലെ ചുരുക്കം ചില വിഭാഗങ്ങളുടെ കൈയിലാണ് അധികാരങ്ങളുടെയും ഉദ്യോഗങ്ങളുടെയും ചക്രമിരിക്കുന്നത്. സമൂഹത്തിലെ സാമൂഹിക വിഭാഗങ്ങളുടെയും സമുദായങ്ങളുടെയും അനുപാതം നമ്മുടെ ഭരണ – ഉദ്യോഗ മേഖലയിലില്ല. ഇതേ വരേയ്ക്കും പുറത്തു വന്നിട്ടുള്ള ഔദ്യോഗികമോ അനൗദ്യോഗികമോ ആയ കണക്കുകൾ ഒക്കെയും അതാണ് പറഞ്ഞിരിക്കുന്നത്.
ഈ അധികാര കേന്ദ്രീകരണം അനീതിയാണ്. സാമൂഹികമായ അനീതി. അത് പരിഹരിക്കപ്പെടണം. ഓരോ സാമൂഹിക വിഭാഗവും സമൂഹത്തിൽ അവർ ഉള്ളതിന് ആനുപാതികമായി അധികാര – ഉദ്യോഗ മേഖലകളിൽ പ്രതിനിധീകരിക്കപ്പെടണം. അപ്പോഴാണ് ജനാധിപത്യത്തിന് അർത്ഥം കൈ വരുക. സാമൂഹിക ജനാധിപത്യത്തിലേക്ക് നാം നടന്നടുക്കുക. എന്താണതിന്റെ ആദ്യപടി? ആദ്യം കണക്കെടുക്കണം. ആ കണക്കെടുപ്പാണ് ജാതി സെൻസസ്. കണക്കെടുക്കുമ്പോൾ ചിത്രം വ്യക്തമാകും. പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടും. ഓരോ വിഭാഗത്തിനും അർഹതപ്പെട്ടതും ആനുപാതികമായതും നൽകാൻ പിന്നീട് വേണ്ടത് നിയമ നിർമാണങ്ങളും ഫലപ്രദമായ നിർവഹണങ്ങളുമാണ്. ലെജിസ്ലേച്ചറും എക്‌സിക്യൂട്ടീവും ജൂഡീഷ്യറിയും ഇതിൽ പങ്കാളിത്തം വഹിക്കണം. അതു വഴി അധികാരത്തിന്റെ അമിതമായ കേന്ദ്രീകരണത്തിന് പകരം ആനുപാതികവും നീതിയുക്തവുമായ പ്രാതിനിധ്യം സാധ്യമാക്കണം.
അധികാരത്തിന്റെ അരമനകൾ പതിവ് പോലെ മൗനത്തിലാണ്. തെരുവിൽ കലഹിക്കുകയല്ലാതെ ജനങ്ങൾക്ക് മുമ്പിൽ മറ്റു വഴികൾ ഉണ്ടെന്ന് തോന്നുന്നില്ല. ജനാധിപത്യ കേരളം ഇത്രയെങ്കിലും എത്തിയത് സിംഹാസനങ്ങളിലൂടെല്ല; തെരുവുകളിലൂടെയാണ്. അവകാശങ്ങൾക്ക് വേണ്ടി തെരുവുകൾ ശബ്ദമുഖരിതമാകട്ടെ.