April 17 Thursday 2025

April 17 Thursday 2025

കളമശ്ശേരി ഭീകരാക്രമണവും അനേകായിരം നുണബോംബുകളും

2023 ഒക്ടോബർ 29 ഞായറാഴ്ച കളമശ്ശേരിയിലെ യഹോവയുടെ സാക്ഷികളുടെ പ്രാർത്ഥന സമ്മേളനത്തിൽ ബോംബ് സ്ഫോടനം നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിയാരെന്നോ സത്യമെന്തെന്നോ അറിയുന്നതിന് മുമ്പേ സംഭവത്തിന് ‘തീവ്രവാദ ബന്ധം’ സ്ഥാപിക്കാനുള്ള (തീവ്രവാദം = മുസ്‌ലിം എന്ന പൊതുബോധ നിർമിതിയുടെ നിലവാരത്തിൽ വായിക്കുക) ഉത്സാഹത്തിലായിരുന്നു മലയാള മുഖ്യധാരാ മാധ്യമങ്ങൾ.

ഹമാസിനെയും ഫലസ്തീനെയും ഇതിനോട് ചേർത്തുവെച്ച നിരീക്ഷണങ്ങളുണ്ടായി. ജൂത മതവുമായി ഒരു ബന്ധവുമില്ലാത്ത യഹോവയുടെ സാക്ഷികൾ  ജൂതരായത് കൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്ന് തീർപ്പു കൽപ്പിച്ചു. താടിയും തൊപ്പിയുമുള്ള മനുഷ്യരുടെ ചിത്രങ്ങൾ സ്തോഭജനകമായ രീതിയിൽ ചാനലുകളിൽ പ്രദർശിപ്പിക്കപ്പെട്ടു. ആലുവയിൽനിന്ന് രണ്ട് മുസ്‌ലിം ചെറുപ്പക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്ന, കൊടിയ വിഷം കലർത്തിയ പോസ്റ്റുകളും കമന്റുകളും കൊണ്ട് നിറഞ്ഞു. എൻ.ഐ.എ, തീവ്രവാദ വിരുദ്ധ സ്ക്വാഡ് തുടങ്ങി അടങ്ങാത്ത ആശങ്കയുടെ മണിക്കൂറുകൾ. ഡൊമിനിക് മാർട്ടിൻ എന്നൊരാൾ കുറ്റം ഏറ്റു പറഞ്ഞില്ലായിരുന്നെങ്കിൽ പിന്നെയും പിന്നെയും പൊട്ടിത്തെറിക്കുമായിരുന്ന മുസ്‌ലിം വിദ്വേഷ നുണ ബോംബുകൾ.

ഒടുവിൽ, മുസ്‌ലിമല്ലാത്ത പ്രതിയുടെ ചിത്രം തെളിഞ്ഞതോടെ ഒന്നും സംഭവിക്കാത്ത മട്ടിൽ എല്ലാവരും പിരിഞ്ഞു പോയി.

Welfare-Party-Program-on-Kalamassery-Terror-Attack
വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി എറണാകുളത്ത് സംഘടിപ്പിച്ച കളമശ്ശേരി സ്ഫോടനവും മുൻവിധികളുടെ രാഷ്ട്രീയവും ജനകീയ സംഗമം സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു

ഓർക്കണം, കേരളത്തിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു കളമശ്ശേരിയിലേത്. ഇതെഴുതുന്നതുവരെ ഏഴു പേർ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 50ലധികം ആളുകള്‍  പരിക്ക് പറ്റി മരണത്തോട് മല്ലിടുന്നു. എന്നിട്ടും, ആർക്കും ഒരു പരാതിയും ഇല്ലെന്നായി. മുസ്‌ലിം വിഭാഗങ്ങള്‍ നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികളുടെ തുടര്‍ച്ചയാണ് അക്രമമെന്ന് വിഷം തുപ്പിയ നാവുകള്‍ അത് തിരുത്തിപ്പറയാനുള്ള മാന്യത പോലും കാണിച്ചില്ല. ‘നിഷ്പക്ഷ കേരളം’ എത്ര ആഴത്തിൽ മുസ്‌ലിം വിരുദ്ധമാണ് എന്ന പേടിപ്പെടുത്തുന്ന യാഥാർത്ഥ്യം നമുക്ക് മുന്നിൽ മറയില്ലാതെ വെളിപ്പെട്ടു.

കേരളത്തില്‍ അടുത്ത കാലത്തായി എന്ത് സംഭവിച്ചാലും മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങള്‍ പതിവാണ്. തീവ്ര വലതുപക്ഷ ക്രിസ്ത്യൻ ഗ്രൂപ്പായ കാസയും സംഘ്പരിവാർ പ്രൊഫൈലുകളും ചേര്‍ന്ന് ഓൺലൈനിൽ തുടക്കമിടുന്ന പ്രചാരണങ്ങൾ ഒളിഞ്ഞും തെളിഞ്ഞും മലയാള മുഖ്യധാരയും ഏറ്റെടുക്കും. പച്ച ബോര്‍ഡ്, അഞ്ചാംമന്ത്രി പോലുള്ള വിവാദങ്ങള്‍ മുതല്‍ ഹലാല്‍ ഭക്ഷണം, വിവിധ തരം ജിഹാദുകള്‍ തുടങ്ങിയ പ്രചാരണങ്ങളില്‍ ഈ പതിവ് ആവർത്തിക്കപ്പെട്ടതായി കാണാം.

കാലങ്ങളായി മലയാളി പൊതുമണ്ഡലം പുലര്‍ത്തുന്ന ഈ ഇസ്‌ലാംഭീതിയുടെ ഏറ്റവും ഒടുവിലത്തേതും വ്യക്തവുമായ ഉദാഹരണമാണ് കളമശ്ശേരി സംഭവം.

Rajeev Chandrashekhar
രാജീവ് ചന്ദ്രശേഖര്‍

കേരളത്തില്‍ നടക്കുന്ന ഫലസ്തീന്‍ അനുകൂല പരിപാടികള്‍ക്കെതിരെ തുടക്കത്തില്‍ത്തന്നെ സംഘ് – കാസ ഗ്രൂപ്പുകൾ വ്യാജപ്രചാരണങ്ങള്‍ നടത്തിയിരുന്നു. അതിനിടെയാണ് മലപ്പുറത്ത് ഒരു പരിപാടിയില്‍ ഹമാസ് നേതാവ് ഓണ്‍ലൈന്‍ പ്രഭാഷണം നടത്തിയത്. അതോടെ ഈ പ്രചാരണം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നേരിട്ടേറ്റെടുത്തു. അതിന്റെ തുടര്‍ച്ചയായി സംഘ് – കാസ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ ശക്തമായ പ്രചാരണങ്ങള്‍ നടത്തി.

അതിനിടെയാണ് കളമശ്ശേരിയില്‍ സ്‌ഫോടനമുണ്ടാകുന്നത്. ഉടനെത്തന്നെ കേന്ദ്രമന്ത്രി ഫലസ്തീന്‍ പരിപാടി നടത്തുന്നവരുടെ പങ്ക് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. അതിനെ തുടര്‍ന്ന് സംഘ്‌ നേതാക്കള്‍ ജൂതരും യഹോവയുടെ സാക്ഷികളും ഒരേ വിശ്വാസം പുലര്‍ത്തുന്നവരാണെന്ന് വരെ ഗവേഷണ സിദ്ധാന്തമിറക്കി. സംഘ് – കാസ സോഷ്യല്‍ മീഡിയാ പ്രചാരണങ്ങള്‍ വഴി വിഷയം ഗോദി മീഡിയകള്‍ ഏറ്റെടുത്തു. ഹിന്ദിയിലും ഇംഗ്ലീഷിലും പ്രചാരണങ്ങള്‍ പൊടിപൊടിച്ചു. ഇസ്രായേലിന്റെ നയതന്ത്രപ്രതിനിധികള്‍ വരെ കേരളത്തിലെ “ഫലസ്തീന്‍ അനുകൂല ഭീകരാക്രമണ”ത്തെ ഏറ്റെടുത്തു.

മുസ്‌ലിംവിരുദ്ധത ബ്രേക്ക് ചെയ്യാന്‍ പലരും മത്സരിച്ചു. അതിനിടെ ഒരാളെ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ സെക്യൂരിറ്റി ചെക്കിങ്ങിന്റെ ഭാഗമായി തടഞ്ഞുവെച്ചു. കേരളത്തിലെ ഒരു പ്രധാന ചാനല്‍ അയാളെ സ്‌ക്രീനില്‍ കാണിച്ച് തീവ്രവാദി ബന്ധം ബ്രേക്ക് ചെയ്തു. ആ പാവം മനുഷ്യന്റെ വേഷമാണ് ഈ പ്രചാരണങ്ങള്‍ക്ക് കാരണമെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. തങ്ങളുടെ വാര്‍ത്തകള്‍ക്ക് കനവും ആധികാരികതയും നല്‍കാന്‍ ഓരോരുത്തരും മത്സരിക്കുന്നതാണ് പിന്നീട് കണ്ടത്.

മാധ്യമങ്ങളിലെയും സാമൂഹിക ഇടങ്ങളിലെയും തങ്ങളുടെ സഹപ്രവര്‍ത്തകരുടെ ഉള്ളിലുള്ള പകയും അവര്‍ മറച്ചുവെച്ച മുന്‍ധാരണകളും മനസ്സിലാക്കാനായെന്ന് പിന്നീട് പലരും സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. കളമശ്ശേരി സംഭവവും അതിനെ തുടര്‍ന്നുണ്ടായ പ്രചാരണങ്ങളും ഇപ്പോള്‍ വിലയിരുത്തുമ്പോള്‍ ഇസ്‌ലാമോഫോബിയ കേരളീയ പൊതുബോധം എങ്ങനെയാണ് ആന്തരികവത്കരിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്. മാത്രമല്ല, അതെപ്പോഴും പൊട്ടി ഒഴുകാവുന്ന വിദ്വേഷമായി മുഖ്യധാരയിലെ പ്രമുഖരുടെയെല്ലാം ഉള്ളില്‍ ഉറഞ്ഞു കിടക്കുന്നുണ്ടെന്നും ഈ സംഭവം വ്യക്തമാക്കി.

മുസ്‌ലിംഭീതി പരത്താനുള്ള വിശദമായ തിരക്കഥകള്‍ തയ്യാറായി വരുന്നതിനിടെയാണ് ഡൊമിനിക്ക് മാര്‍ട്ടിന്റെ വെളിപ്പെടുത്തലുണ്ടായത്. അതോടെ സംഘ് – കാസ പ്രചാരണങ്ങളുടെ ഒഴുക്കില്‍ മതിമറന്ന് മുസ്‌ലിംവിരുദ്ധത അറിയാതെ പുറത്തുചാടിയവര്‍ വീണുരുളാന്‍ തുടങ്ങി. അതുവരെ കേരളത്തിന്റെ സാമൂഹിക ജീവിതത്തെ തകര്‍ത്തെറിയാനാകുന്ന വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയവരും അതിന് കൂട്ടുനിന്നവരും ജാള്യത മറക്കാന്‍ ശ്രമിച്ചു. ചിലര്‍ ഉള്ളിലെ നിരാശ മറച്ചുവെച്ച് കേരളം രക്ഷപ്പെട്ടെന്ന് പറഞ്ഞാശ്വസിച്ചു. ഏഴു പേര്‍ മരിച്ച ഭീകരപ്രവര്‍ത്തനമാണ് മാര്‍ട്ടിന്‍ നടത്തിയത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ സ്വയംപ്രഖ്യാപിത ദേശീയവാദിയാണെന്ന് വെളിവായതോടെ ഭീകര തിരക്കഥകള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്ന് പൊടുന്നനെ അപ്രത്യക്ഷമായി. മാര്‍ട്ടിന് ഒറ്റക്ക് കൃത്യം സാധ്യമാകുമോ, ഗൂഢാലോചനയുണ്ടോ തുടങ്ങിയ സംശയങ്ങളിലായി തുടർന്നുള്ള ചര്‍ച്ച. അതുവരെ ഒരു തെളിവുമില്ലാതെ ഫലസ്തീനെ പിന്തുണച്ച മുസ്‌ലിംകളുടെ പങ്കിനെക്കുറിച്ച് ഉറപ്പ് പറഞ്ഞവരാണ് ലൈവ് വീഡിയോയും കുറ്റസമ്മത മൊഴിയും ഉണ്ടായിട്ടും സംശയങ്ങളുന്നയിച്ചുകൊണ്ടിരുന്നത്.

തങ്ങളുടെ വലിയൊരു സാധ്യത ഇല്ലാതായതോടെ സംഘ് – കാസ സോഷ്യല്‍ മീഡിയാ ഹാന്റിലുകള്‍ അടുത്ത നമ്പറിറക്കി. മാര്‍ട്ടിന്റെ ഗള്‍ഫ് ബന്ധങ്ങള്‍, അദ്ദേഹത്തിന്റെ ഫെയ്സ്ബുക് കൂട്ടുകാരുടെ രാജ്യവും മതവും തിരിച്ചുള്ള കണക്കുകള്‍ എന്നിവ നിരത്തി ചില പ്രചാരണങ്ങള്‍ നടത്തി നോക്കി. അതിനെ തുടര്‍ന്ന് കേരളത്തിലെ ഒരു മുത്തശ്ശിപ്പത്രം നല്‍കിയ അടുത്ത ദിവസത്തെ തലക്കെട്ട് ‘തീവ്രവാദബന്ധം വിടാതെ’ എന്നായിരുന്നു. തങ്ങളുടെ വലിയൊരു തിരക്കഥ പൊളിഞ്ഞതിന്റെ വിഷമം ആ എഴുത്തുകളിലൊക്കെ കാണാമായിരുന്നു.

കേരളത്തിലെ സര്‍ക്കാറിനെയും സംവിധാനങ്ങളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് കളമശ്ശേരി സംഭവത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിയടക്കമുള്ളവര്‍ പ്രചാരണങ്ങള്‍ നടത്തിയത്. എന്‍.ഐ.എ നേരിട്ട് കേസ് ഏറ്റെടുക്കണമെന്ന് ആദ്യം മുതല്‍ തന്നെ സംഘ് പരിവാറുകാർ ആവശ്യമുന്നയിച്ചു. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ കേരളത്തിലെ ഇടത് സര്‍ക്കാറും മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസും പുലര്‍ത്തുന്ന നിരുത്തരവാദപരമായ സമീപനം കുറച്ചുകാലമായി വ്യക്തമാണ്.

കളമശ്ശേരി സംഭവത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഡി.ജി.പി തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇടത് സംസ്ഥാന നേതാവടക്കം തെറ്റിദ്ധാരണകളുണ്ടാക്കുന്ന പ്രസ്താവനകളാണിറക്കിയത്. വ്യാജ പ്രചാരണങ്ങൾക്കും സാമുദായിക ധ്രുവീകരണ ശ്രമങ്ങൾക്കുമെതിരെ ചില കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും അടുത്ത കാലത്തായി ഇടതുസര്‍ക്കാറിന്റെ നടപടികള്‍ നിരീക്ഷിക്കുന്നവര്‍ക്ക് കളമശ്ശേരി വിഷയത്തില്‍ സംസ്ഥാന സർക്കാർ കാര്യമായെന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കാനാവില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ നടന്ന മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം നല്‍കിയ പല പരാതികളും പല സ്റ്റേഷനുകളിലും മുഖ്യമന്ത്രിയുടെയും ഡി.ജി.പിയുടെയും മുന്നിലും ഉണ്ട്. അവയില്‍ കൂട്ടക്കൊലക്കുള്ള ആഹ്വാനം, ബലാല്‍സംഗ ഭീഷണി തുടങ്ങി ആയുധം പ്രദര്‍ശിപ്പിച്ച് വിദ്വേഷം പ്രചരിപ്പിച്ചത് വരെയുണ്ട്. മാത്രമല്ല, ഈ പരാതികളിലെല്ലാം പോസ്റ്റുകള്‍ പോലുള്ള കൃത്യമായ തെളിവുകളും  സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍, എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് സംഭവങ്ങള്‍, കൊല്ലത്ത് സൈനികന്റെ മുതുകിൽ പി.എഫ്.ഐ മുദ്ര ചാര്‍ത്തിയത്, മഫ്തയിടാതെ വടക്കന്‍ കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് ബസില്‍ കയറാനാകില്ലെന്ന അനില്‍ ആന്റണിയുടെ പ്രചാരണം എന്നിവയെല്ലാം നമ്മുടെ കൺമുന്നിൽ നടന്ന സംഭവങ്ങളാണ്.

ഇനി മറ്റൊരു കാര്യം, കളമശ്ശേരി സംഭവം മരണംകൊണ്ടും പരിക്കുകള്‍കൊണ്ടും കേരളത്തിലെ ഏറ്റവും വലിയ ഭീകര സംഭവമാണ്. മാത്രമല്ല, ഒരു വിഭാഗത്തിന്റെ ആരാധനാ സംഗമത്തെയാണ് അക്രമി ലക്ഷ്യംവെച്ചത്. മുസ്‌ലിം പങ്കിന് സാധ്യതയുണ്ടായിരുന്ന ഘട്ടത്തില്‍  ഈ സംഭവത്തിന് കിട്ടിയ ശ്രദ്ധ മാര്‍ട്ടിന്‍ വന്നതിന് ശേഷമില്ലെന്നത് നമ്മുടെ അനുഭവമാണ്. അപ്പോള്‍ ഇതും ഒരു മാനസിക രോഗമോ മനഃപ്രയാസമോ ആയി ഒതുങ്ങാനാണ് സാധ്യത.

കേരളത്തിന്റെ സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശക്തമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന രണ്ട് സംഘങ്ങളാണ് കാസയും സംഘ്പരിവാറും. ഇവര്‍ക്കെതിരെ മുകളില്‍ പറഞ്ഞതു പോലെ തെളിവുകളുടെ പിന്‍ബലത്തില്‍ പരാതികളും നിലവിലുണ്ട്. എന്നാല്‍ ഇവരെ നിയന്ത്രിക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല. മാത്രമല്ല, കളമശ്ശേരി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കാസയുടെ പങ്ക് അന്വേഷിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യവും ഉയർന്നിട്ടുണ്ട്. എന്നാല്‍ ഇതു വരെ കാസക്കെതിരെ നടപടിയെടുക്കാന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല.

ഇസ്‌ലാം ഭീതിയുടെ മാനസികാവസ്ഥ വിട്ട് വിദ്വേഷ പ്രചാരകരെ ജനങ്ങള്‍ തിരിച്ചറിയണം. അതിനായി സര്‍ക്കാര്‍ നടപടികളുണ്ടാകണം. ജനങ്ങളുടെ ജാഗ്രതയും ഉണ്ടാകണം. കേരളത്തെക്കുറിച്ചുള്ള പല വ്യാജപ്രചാരണങ്ങളും യാഥാര്‍ഥ്യങ്ങള്‍ വെളിവായ ശേഷവും ഉത്തരേന്ത്യയിൽ ഓടിക്കൊണ്ടിരിക്കുന്നുണ്ട്. യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരമാണിത്. ഈ അവസരം പാഴാക്കാതെ നമുക്കൊന്നായി ഈ വിദ്വേഷ പ്രചാരണത്തെ ചെറുക്കാനാകണം.

Related