Opinion

കേരളത്തിൽ സി.പി.എമ്മും ഒരു ഇസ്‍ലാമോഫോബിക് ബിഷപ്പും സഹശയനം നടത്തുമ്പോൾ

ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ അപൂര്‍വാനന്ദ് സ്ക്രോള്‍ ഓണ്‍ലൈനില്‍ എഴുതിയ ലേഖനത്തിന്‍റെ വിവര്‍ത്തനം.

മുസ്‌ലിംകൾ ഇതര മതസ്ഥർക്കെതിരെ നാർക്കോട്ടിക് ജിഹാദ് നടത്തുകയാണ് എന്ന് പ്രഖ്യാപിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുക എന്ന ലക്ഷ്യമേ ഉണ്ടായിരുന്നില്ല എന്നാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ബിഷപ്പ് വിശ്വാസികളോട് മാത്രമാണ് സംസാരിച്ചത്; പൊതു സമൂഹത്തോടല്ല. അതുകൊണ്ടു തന്നെ അതിനെതിരെ കേസെടുക്കാൻ വകുപ്പില്ല. ഇതൊക്കെയാണ് മുഖ്യമന്ത്രിയുടെ വാദങ്ങളെന്ന് ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

പൊതു-സ്വകാര്യ ഇടങ്ങളെക്കുറിച്ച മുഖ്യമന്ത്രിയുടെ വിചിത്ര വാദങ്ങൾ മാറ്റിവെച്ചുകൊണ്ട് ഇതുമായി ബന്ധപ്പെട്ട മറ്റു ചില സാഹചര്യങ്ങൾ ആദ്യം പരിശോധിക്കാം. കഴിഞ്ഞ സെപ്റ്റംബർ എട്ടിന് കുറുവിലങ്ങാട് പള്ളിയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു കല്ലറങ്ങാട്ട് ബിഷപ്പിന്റെ വിവാദ പ്രസംഗം. സംസ്ഥാനത്ത് ‘ലൗ ജിഹാദും’ ‘നാർക്കോട്ടിക് ജിഹാദു’മായി ബന്ധപ്പെട്ടുള്ള കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു എന്നതാണ് ബിഷപ്പിന്റെ ഒന്നാമത്തെ ആരോപണം.

മറ്റു സമുദായങ്ങളിലെ യുവതികളുമായി പ്രണയം നടിച്ച് അവരെ ഇസ്‍ലാമിലേക്ക് മതപരിവർത്തനം നടത്തുന്നതിനായി ആസൂത്രിതമായി പ്രവർത്തിക്കുന്നതിന്റെ പേരാണ് ലൗ ജിഹാദെന്നും അതുപോലെ യുവാക്കളെ മയക്കുമരുന്നിന് അടിമകളാക്കുന്നതിന് സ്വീകരിക്കുന്ന മാർഗമാണ് നാർക്കോട്ടിക് ജിഹാദെന്നും ബിഷപ്പ് വിശദീകരിക്കുന്നു.

 

‘നശീകരണ ദൗത്യം’

ജിഹാദികളുടെ കണ്ണിൽ മുസ്‍ലിംകൾ അല്ലാത്തവരെല്ലാം നശിപ്പിക്കപ്പെടേണ്ടവരാണെന്ന് ബിഷപ്പ് അവകാശപ്പെടുന്നു. മതം പ്രചരിപ്പിക്കാനും അമുസ്‍‍ലിംകളെ ഇല്ലാതാക്കാനും വിവിധ മാർഗങ്ങൾ സ്വീകരിക്കപ്പെടുന്നു. ഇതിൽ രണ്ടെണ്ണമാണ് ലവ് ജിഹാദും നാർക്കോട്ടിക്ക് ജിഹാദും.

നിർബന്ധ മതപരിവർത്തനവും മറ്റ് പല ദുരുപയോഗങ്ങളും ചെയ്യുന്നത് കൂടാതെ ‘ജിഹാദികൾ’ ഇതര മതങ്ങളിലെ പെൺകുട്ടികളെ വശത്താക്കി തീവ്രവാദ പ്രവർത്തനങ്ങൾക്കും മറ്റു സാമ്പത്തിക നേട്ടങ്ങൾക്കും ഉപയോഗിക്കുന്നു എന്നും കല്ലറങ്ങാട്ടച്ചൻ ആരോപിക്കുന്നുണ്ട്.

വിശ്വാസികൾക്കിടയിൽ ക്രിസ്തുവിന്റെ സ്നേഹ ദർശനങ്ങൾ പകർന്ന് നൽകേണ്ട ഒരു പുരോഹിതന്റെ പ്രഭാഷണമാണിത്. ഇത്തരം ഉത്ബോധനങ്ങൾ നടത്തുന്ന ചടങ്ങുകളുടെ അർത്ഥം തന്നെ എന്താണെന്ന് നമ്മൾ ആലോചിക്കേണ്ടിയിരിക്കുന്നു. തന്റെ സഭയുടെ അനുയായികളെ മുസ്‍ലിംകൾക്കെതിരെ തിരിച്ചുവിടുക എന്നതു തന്നെയാണു ബിഷപ്പ് ഉദ്ദേശിച്ചത്. ഇത് കൃത്യമായും ക്രിമിനൽ നിയമ നടപടി നേരിടേണ്ടുന്ന വിദ്വേഷ പ്രസംഗം തന്നെയാണ്.

വിദ്വേഷ പ്രചാരകനെ സഹായിക്കാൻ ചാടി വീണ പിണറായി വിജയൻ ബിഷപ്പിന്റേത് ഒരു പൊതു പ്രസ്താവന അല്ലാത്തതിനാൽ ഒരു നിയമനടപടിയും സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞ് അതിന് സംരക്ഷണ കവചമൊരുക്കുകയാണ് ചെയ്തത്. കുറ്റകൃത്യത്തെ നിസാരവൽക്കരിച്ച് വഴിതിരിച്ച് വിടുന്ന മുഖ്യമന്ത്രിയുടെ നിലപാട് വളരെ ഗൗരവാവഹമാണ്.

മുഖ്യമന്ത്രിയുടെ തിയറി അംഗീകരിക്കുകയാണെങ്കിൽ ഗാസിയാബാദിലെ തീവ്രഹിന്ദു പുരോഹിതനായ നരസിംഹാനന്ദിനെ പോലുള്ളവരുടെ മേലും മുസ്‍ലിംകൾക്കെതിരെ രാവും പകലുമെന്ന വ്യത്യാസമില്ലാതെ നിരന്തരം വിദ്വേഷ പ്രചരണം നടത്തുന്ന മറ്റു ആർ.എസ്.എസുകാരുടെ മേലും ഒരു കുറ്റവും ചുമത്താനാകില്ല. കാരണം അനുയായികളെ മാത്രം അഭിസംബോധന ചെയ്യുകയായിരുന്നു എന്നോ ഇതു നമ്മുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നോ പറഞ്ഞ് അവർക്കും എളുപ്പത്തിൽ രക്ഷപ്പെടാം. തങ്ങളുടേതും പൊതു പ്രസ്താവനയായി കണക്കാക്കാനാവില്ലെന്നും അതിനാൽ തന്നെ നിയമത്തിനു മുന്നിൽ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും അവർക്കും വാദിക്കാം.

മുഖ്യമന്ത്രിയും രൂപതയും പറയുന്ന പോലെ ഒരു സാമൂഹിക തിന്മയെക്കുറിച്ച് തന്റെ അനുയായികളെ ബോധവത്കരിക്കുകയല്ല ബിഷപ്പ് ചെയ്തത്. മറിച്ച് ക്രിസ്ത്യാനികളും മുസ്‍ലിംകളും തമ്മിൽ ശത്രുത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.

ബിഷപ്പിന്റെ ‘ലൗ ജിഹാദ്’, ‘നാർക്കോട്ടിക് ജിഹാദ്’ ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ രണ്ട് ഭക്ഷ്യ സംസ്കരണ കമ്പനികൾക്കെതിരെ വർഗീയ വിദ്വേഷ പ്രചരണവും ബഹിഷ്കരണ ആഹ്വാനവും നടന്നതായി ‘ദി ടെലഗ്രാഫ് ‘ റിപ്പോർട്ട് ചെയ്യുകയുണ്ടായി.

ബിഷപ്പിന്റെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് മുസ്‍ലിംകൾ മാർച്ച് നടത്തിയതിന് ശേഷമാണ് ഈ ബഹിഷ്കരണാഹ്വാനം വന്നത്. ശേഷം രൂപതയിലെ അംഗങ്ങൾ ഇതിനെതിരെ മറ്റൊരു മാർച്ച് സംഘടിപ്പിച്ചു. തുടർന്ന് മുസ്‍ലിംകളുടെ ഉടമസ്ഥതയിലുള്ള ഭക്ഷ്യ സംസ്കരണ കമ്പനികളായ അജ്മി ഫ്ലോർ മിൽസ് ഇന്ത്യ, കെ.കെ.എഫ്.എം ഇന്ത്യ എന്നിവക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾ ആരംഭിച്ചു.

ഈരാറ്റുപേട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്‍ലിംകളുടെ ഉടമസ്ഥതയിലുള്ള ഈ കമ്പനികൾ ബിഷപ്പിനെതിരെ നടന്ന പ്രതിഷേധ മാർച്ചിനു വേണ്ട സൗകര്യങ്ങൾ ഒരുക്കിയതായി സോഷ്യൽ മീഡിയയിൽ ആരോപിക്കപ്പെടുന്നു. എന്നാൽ, രണ്ട് കമ്പനി ഉടമകളും ഇത് നിഷേധിക്കുകയുണ്ടായി. ഈ ആരോപണം ഉന്നയിച്ച ആളുകൾക്കെതിരെ അവർ കേസുകളും ഫയൽ ചെയ്തിട്ടുണ്ട്. ബിഷപ്പിനെതിരെ പ്രതിഷേധിച്ചെങ്കിൽ തന്നെ അത് കുറ്റകരമാണോ ? വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധ ജാഥയിൽ പങ്കെടുക്കുകയോ പിന്തുണക്കുകയോ ചെയ്യുന്നത് കുറ്റകരമാണോ? അത് ജനാധിപത്യപരമായ അവകാശമല്ലേ?

 

വിദ്വേഷം പരത്തുന്ന ‘സ്വകാര്യ ഇടങ്ങൾ’

സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതും ഇതോടൊപ്പം തന്നെയാണ്. തികച്ചും വൈരുദ്ധ്യാത്മകമാണ് അദ്ദേഹത്തിന്റെ നിലപാടുകൾ. ക്രിസ്ത്യാനികൾക്കെതിരെ എന്തെങ്കിലും പ്രവർത്തിച്ചു എന്ന തോന്നൽ പോലും ഉണ്ടാക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. വിദ്വേഷം വളർത്തുന്നവരോട് സഹിഷ്ണുത കാണിക്കില്ലെന്ന് പ്രഖ്യാപിച്ചതിനു ശേഷം മുസ്‍ലിംകൾക്കെതിരെ ശത്രുത പ്രചരിപ്പിക്കാനുള്ള സ്വകാര്യ അവകാശം മുഖ്യമന്ത്രി ബിഷപ്പിന് അനുവദിച്ചു നൽകുകയാണ് ചെയ്തത്.

സംഘ്പരിവാർ രൂപപ്പെടുത്തിയ “ലവ്-ജിഹാദ്” ഗൂഢാലോചനാ സിദ്ധാന്തത്തെ അതിന്റെ തുടക്കത്തിൽ അംഗീകരിച്ചു കൊടുത്ത സി.പി.എമ്മിന്റെ പ്രതിനിധിയാണ് മുഖ്യമന്ത്രി. മുസ്‍ലിം യുവാക്കൾ ഇതര മതക്കാരായ യുവതികളുമായി പ്രണയം നടിച്ച് അവരെ വിവാഹം ചെയ്ത് സമുദായത്തിന്റെ വലുപ്പം കൂട്ടുന്നതിനുവേണ്ടി ആസൂത്രിതമായ നീക്കം നടത്തുന്നുണ്ടെന്ന വൃത്തികെട്ട ആരോപണം 2010 ൽ ഉന്നയിച്ചത് അന്നത്തെ സി.പി.എം മുഖ്യമന്ത്രി ആയിരുന്ന വി.എസ് അച്യുതാനന്ദൻ ആയിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഒരു വക്താവിനെ പോലെയായിരുന്നു അന്ന് അദ്ദേഹം സംസാരിച്ചത്.

കേരളാ സി.പി.എമ്മിലെ മുസ്‍ലിം വിരുദ്ധ വികാരത്തിന് വളരെയധികം ആഴമുണ്ട്.

2017 ൽ ഇസ്‍ലാം മതം സ്വീകരിച്ച് ഒരു മുസ്‍ലിം പുരുഷനെ വിവാഹം കഴിച്ച ഹാദിയ എന്ന സ്ത്രീ വിട്ടുതടങ്കലിൽ ആക്കപ്പെടുകയും കുടുംബത്തിൽ നിന്നും സംഘ്പരിവാറിൽ നിന്നുമൊക്കെ പീഢനം നേരിടുകയും ചെയ്തിരുന്നു. എഴുത്തുകാരിയും പണ്ഡിതയുമായ ജെ. ദേവിക ഇതു സംബന്ധമായി കാഫിലയിൽ എഴുതിയ ലേഖനത്തിൽ ഹാദിയയെ പിന്തുണച്ചതിന് സി.പി.എം നേതാവ് ബൃന്ദ കാരാട്ടിനെ പ്രശംസിക്കുന്നുണ്ട്.

എന്നാൽ, അതോടൊപ്പം തന്നെ അവർ മറ്റ് ചില ആശങ്കകളും പങ്കുവെച്ചിരുന്നു. അവർ എഴുതുന്നു “ഫേസ്ബുക്കിലെ സി.പി.എം അനുയായികൾക്കിടയിൽ യാതൊരു മര്യാദയുമില്ലാതെ അനിയന്ത്രിതമായി ഇസ്‍ലാമോഫോബിയ കണ്ടന്റുകൾ വർധിച്ചുവരുന്നതിലുള്ള ആശങ്ക ഞാൻ പങ്കുവെക്കുകയാണ്. അവർ എസ്.ഡി.പി.ഐയെ വിമർശിക്കുകയാണെന്ന പേരിൽ ഇസ്‌ലാം മതം ജീവിതത്തിൽ പാലിക്കുന്നവരുടെയെല്ലാം മേൽ വിഷം കോരിയൊഴിക്കുകയാണ്. മുമ്പ് അവർ ഹാദിയയുടെ പിതാവിന്റെ അക്രമത്തെ പരസ്യമായി ന്യായീകരിക്കുന്നത് കണ്ടു, എന്നാൽ ഹാദിയയുടെ തന്നെ വെളിപ്പെടുത്തലുകൾ പ്രകാരം അയാൾ ഒരു കുറ്റവാളിയാണെന്ന് തെളിഞ്ഞിരിക്കുന്നു. അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ തുടർന്ന് കെട്ടഴിച്ചു വിടപ്പെട്ട സാമ്രാജ്യത്വ ഫെമിനിസ്റ്റ് വിമർശനങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലേക്ക് ഇപ്പോൾ ഇടതുപക്ഷം മാറിയിരിക്കുന്നു.”

മുസ്‍ലിം സമുദായത്തിന് പുറത്ത് നിന്ന് വിവാഹം കഴിക്കുന്ന സ്ത്രീകളെ മുസ്‍ലിംകൾ പീഡിപ്പിക്കുന്നുവെന്ന് കാരാട്ട് പോലും എഴുതി. കാരാട്ടിന്റെ പരാമർശത്തിന് വിശദീകരണം ചോദിച്ചു കൊണ്ട് ദേവിക എഴുതുന്നു. “നിങ്ങളുടെ ലേഖനത്തിൽ കേരളത്തിലെ മുസ്‍ലിം സ്ത്രീകൾ ഹിന്ദു പുരുഷന്മാരെ വിവാഹം കഴിക്കുമ്പോൾ പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്ര മുസ്‍ലിം ഗ്രൂപ്പുകളുടെ ഭീഷണി നേരിടുന്നതായി പരാമർശിച്ച് കണ്ടു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ ഈ ആരോപണം ഉന്നയിക്കുന്നതെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. എസ്.ഡി.പി.ഐ വളരെക്കാലമായി ഒരുപാട് ആക്രമണങ്ങൾക്ക് വിധേയരാവുന്നവരാണ്. ഇവിടെ മുസ്‍ലിം തീവ്രവാദത്തെക്കുറിച്ച് പൊതുജനങ്ങൾ എന്തുമാത്രം ജാഗ്രത പുലർത്തുന്നു എന്നും നമുക്കറിയാം. അതിനാൽ തീർച്ചയായും ഈ ആരോപണ വിധേയരായവർക്ക് എതിരെ നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ടാകുമല്ലേ?”

“ഞാൻ ഇന്നലെ മുതൽ ഈ കേസുകൾ കണ്ടെത്താൻ ശ്രമിക്കുന്നു, ഇത്തരം കേസുകൾ തന്നെ വളരെ കുറച്ച് മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. എന്നാൽ ഇതിലൊന്നും പോപ്പുലർ ഫ്രണ്ട് ഉൾപ്പെട്ടിട്ടുമില്ല. നിങ്ങൾക്ക് അറിയുമെങ്കിൽ കേസ് നമ്പറുകൾ, പോലീസ് സ്റ്റേഷനുകൾ തുടങ്ങിയവ പറയുക. ദയവായി അവ പരസ്യമായി പങ്കുവെക്കുക ? 2008 മുതൽ പോപുലർ ഫ്രണ്ട് സംസ്ഥാനത്തെ ഇടത് വലത് സർക്കാറുകളുടെ സ്ഥിരമായ ചാപ്പകുത്തലിനു വിധേയമാവുന്നുണ്ട്. എസ്.ഡി.പി.ഐക്കെതിരെ സ്ഥിരമായി ആരോപണമുന്നയിക്കുന്നവരോട് അതിന്റെ തെളിവുകൾ ചോദിക്കാൻ സമയമായിരിക്കുന്നു. വിശ്വാസികളായ മുസ്‍ലിംകൾക്കെതിരായി ഭീതി പടർത്തികൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ തെളിവുകൾ ഒന്നും ലഭിച്ചില്ലെങ്കിൽ ഇത്തരം പരാമർശങ്ങൾ പിൻവലിക്കേണ്ടതാണ്.”

കാരാട്ട് പരാമർശം പിൻവലിച്ചില്ല. കമ്മ്യൂണിസ്റ്റ് നേതാക്കൾ ഒരിക്കലും തെറ്റ് ചെയ്യില്ല എന്നായിരുന്നു നമ്മുടെ ധാരണ. ദേവിക എഴുതിയതിന്റെ ഗൗരവം മനസിലാക്കാൻ ഓൺലൈൻ മനോരമയിൽ പ്രസിദ്ധീകരിച്ച ആര്‍. അയ്യപ്പന്റെ ലേഖനം വായിക്കേണ്ടതുണ്ട്.

മുസ്‍ലിംകളും ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധങ്ങളിൽ പിരിമുറുക്കങ്ങൾ നിലനിൽക്കുന്ന അവസ്ഥയിൽ സി.പി.എം തന്ത്രം വിശകലനം ചെയ്തുകൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു. “പരസ്യമായി മതേതരവും എന്നാൽ രഹസ്യമായി വർഗീയവുമായ ഹിന്ദുവിനെ സന്തോഷിപ്പിക്കുവാൻ സിപിഎം സൂക്ഷ്മമായ മാർഗങ്ങളുണ്ടാക്കിയിരിക്കുന്നു. അതിനായി അവർ തീവ്രവാദിയായ ഒരു മുസ്‍ലിം വില്ലനെ സൃഷ്ടിക്കുകയും പരസ്യമായി ആക്രമിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. സംഘ്പരിവാർ ജനക്കൂട്ടത്തിനൊപ്പം ചേരാൻ ആഗ്രഹിക്കാത്തവരും എന്നാൽ മുസ്‍ലിമിനെക്കുറിച്ച് സൃഷ്ടിക്കപെട്ട വന്യമായ ഭയത്തിൽ കഴിയുന്നവരുമായ പാതിഹിന്ദുവിനെ സംതൃപ്തിപ്പെടുത്താൻ വേണ്ട കാര്യങ്ങളാണ് അവർ നിർമിച്ചിരിക്കുന്നത്.”

നിർമിതമായ ഈ തീവ്ര മുസ്‍ലിമിന്റെ രൂപം അവർക്ക് വളരെ ഉപകാരപ്രദമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ മുസ്‍ലിംകളോട് അനുഭാവം പുലർത്തുന്നവരായി ചിത്രീകരിക്കാനും, വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനും ഒപ്പം തന്നെ തീവ്ര മുസ‍്ലിംകൾക്കെതിരെ താത്വികമായ നിലപാട് സ്വീകരിക്കാനും ഇതോടെ അവർക്ക് എളുപ്പമായിരിക്കുന്നു. തീവ്രവാദത്തിനെതിരായ നിലപാട് എടുക്കുന്ന ഒരു സർക്കാരിനെ എങ്ങനെയാണ് വിമർശിക്കാൻ കഴിയുക?!

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ആസൂത്രിത നീക്കങ്ങളെ അയ്യപ്പൻ വിശദീകരിക്കുന്നുണ്ട്. അവരെ സംബന്ധിച്ച് എല്ലാ സാമൂഹിക പ്രശ്നങ്ങളുടെയും കാരണങ്ങൾ ഈ തീവ്ര മുസ്‍ലിമുമായി ബന്ധപ്പെട്ട് കിടക്കുകയാണ്. മാവോയിസവും അങ്ങനെ തന്നെ. അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ വിദ്യാർത്ഥികളെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തപ്പോൾ അവരെ മാവോയിസത്തിലേക്ക് തള്ളിവിട്ടത് പോലും തീവ്ര മുസ്‍ലിം പ്രത്യയശാസ്ത്രമാണ് എന്നാണ് ആരോപിക്കപ്പെട്ടത്.

ക്രിസ്ത്യാനികളുടെ പിന്തുണ നേടാനുള്ള ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മുസ്‍ലിം വിരുദ്ധമായ മാണി കോൺഗ്രസുമായുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ സഖ്യത്തെ മനസിലാക്കേണ്ടത്. എന്നാൽ സി.പി.എം അതുംകടന്ന് ഇന്ത്യൻ യൂണിയൻ മുസ്‍ലിംലീഗിനെ തീവ്രവർഗീയ പാർട്ടിയായി അധിക്ഷേപിച്ചു. മറ്റു വർഗീയ പാർട്ടികളെ പോലെ തന്നെ എല്ലാ മുസ്‍ലിം രാഷ്ട്രീയ സ്വത്വങ്ങളെയും അവർ അപകീർത്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതേസമയം മുസ്‍ലിംകളുടെ ഏക രക്ഷകരായി സി.പി.എം നെ അംഗീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. യു.ഡി.എഫ് – മുസ്‍ലിംലീഗ് സഖ്യത്തിനെതിരായ എതിർപ്പിനെ രാഷ്ട്രീയമായി ന്യായീകരിക്കാൻ കഴിയുമെങ്കിലും അതിനു വേണ്ടി തികച്ചും കള്ളവും അപകടകരവുമായ വാദങ്ങളാണ് അവർ ഉന്നയിക്കുന്നത്.

 

ക്രിസ്ത്യൻ ഇസ്ലാമോഫോബിയ

കേരളത്തിലെ ക്രിസ്ത്യാനികളെ ബി.ജെ.പിയിൽ നിന്ന് അകറ്റിനിർത്താനും പ്രീതിപ്പെടുത്തി കൂടെ നിർത്താനുമാണ് കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുന്നത്. ക്രിസ്ത്യൻ സമുദായത്തിനുള്ളിലെ ഇസ്‍ലാമോഫോബിയയെ മുഖവിലക്കെടുക്കാൻ അവർ തയ്യാറാവാത്തതും ഇതേ കാരണത്താലാണ്. ഇസ്‍ലാമോഫോബിയയെ പേരെടുത്ത് വിമർശിച്ച ആക്ടിവിസ്റ്റ് ജോൺ ദയാലിന്റെ ധൈര്യം പോലും ഒരു വലിയ പ്രസ്ഥാനത്തിന് ഇല്ലാതെ പോയി.

കേരളത്തിൽ ഇസ്‍ലാമോഫോബിയ തുറന്ന് പ്രകടിപ്പിക്കപ്പെടാറില്ലെങ്കിലും മുസ്‍ലിംകളെക്കാൾ ഹിന്ദുക്കളോടാണ് ജാതി വ്യവസ്ഥയെ തങ്ങളുടേതായ വിധത്തിൽ സ്വാംശീകരിച്ച ക്രിസ്ത്യൻ സമൂഹത്തിന് കൂടുതൽ അടുപ്പമുള്ളത്. ഗൾഫ് മേഖലയുടെ മുന്നേറ്റത്തോടെ മുസ്‍ലിംകൾ സാമ്പത്തികമായി മെച്ചപ്പെടാൻ തുടങ്ങിയതോടെയാണ് മൂന്ന് വിഭാഗങ്ങളുടെയും ബന്ധങ്ങളിൽ പിരിമുറുക്കങ്ങൾ ആരംഭിച്ചത്.

ബി.ജെ.പിയും സംഘ്പരിവാറും കാലുറപ്പിക്കാൻ ശ്രമിക്കുന്ന ഒരു സംസ്ഥാനത്ത് ഇസ്‍ലാമോഫോബിയയുടെ കുഴലൂത്തുകാരനായി ബിഷപ്പ് മാറി എന്നാണ് ദയാൽ സൂചിപ്പിക്കുന്നത്.

നിരവധി കന്യാസ്ത്രീകളും യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസും പാലാ ബിഷപ്പിന്റെ ഇസ്‍ലാമോഫോബിയ പരാമർശത്തിനെതിരെ രംഗത്ത് വന്നത് പ്രതീക്ഷ നൽകുന്നതാണ്. കേരളത്തിൽ ക്രിസ്ത്യാനികളോ മറ്റേതെങ്കിലും മത സമുദായമോ മതപരിവർത്തനമോ അതുപോലെയുള്ള മറ്റെന്തെങ്കിലും വിഷയവുമായി ബന്ധപ്പെട്ടോ യാതൊരു ഭീഷണികളും നേരിടുന്നില്ല എന്ന് അദ്ദേഹം പറയുന്നു.

ഇസ്‌ലാമോഫോബിയക്കെതിരായ വ്യക്തമായ സന്ദേശമാണ് മതേതരത്വത്തിന്റെ വക്താവാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്. എന്നാൽ കേരളീയരോട് ഐക്യം കാത്തുസൂക്ഷിക്കാൻ ഒരു പൊതു അഭ്യർത്ഥന നടത്തി അദ്ദേഹം ഈ വിഷയത്തെ ഒഴിവാക്കാനാണ് ശ്രമിച്ചത്. ബിഷപ്പ് കൂറിലോസും കന്യാസ്ത്രീകളും ഫാദർ സെഡ്രിക് പ്രകാശും മുന്നറിയിപ്പ് നൽകുന്നത് പോലെ തങ്ങളിൽ വലിയൊരു വിഭാഗം ഇസ്‍ലാമോഫോബിയ ബാധിച്ചവരാണെന്നും ഈ കെണിയിൽ വീഴാൻ അധികം സമയം ആവശ്യമില്ലെന്നും ക്രിസ്ത്യാനികൾ മനസ്സിലാക്കണം.

 

ആഭ്യന്തര സർക്കുലറുകൾ

“പ്രൊഫഷണൽ കോളേജ് കാമ്പസുകളിൽ വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിലേക്കും മൗലികവാദത്തിലേക്കും വ്യതിചലിപ്പിക്കാൻ മനപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. വിദ്യാർത്ഥി – യുവജന സംഘടനകൾ ഈ വിഷയത്തിൽ പ്രത്യേകം ശ്രദ്ധിക്കണം” എന്ന് ആവശ്യപ്പെട്ട് കൊണ്ട് ഒരു സർക്കുലർ സി.പി.എം വിതരണം ചെയ്തതായി ‘ദ ഇന്ത്യൻ എക്സ്പ്രസ് ’ റിപ്പോർട്ട് ചെയ്തിരുന്നു. ആര്‍.എസ്.എസിനെക്കുറിച്ചും ക്രിസ്ത്യാനികളെ മുസ്‍ലിംകൾക്കെതിരാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ടെങ്കിലും സാധാരണഗതിയിൽ ക്രിസ്ത്യാനികൾ സാമുദായിക ചിന്തകൾക്ക് വഴങ്ങുന്നതായി കാണുന്നില്ല എന്നും സർക്കുലർ പറയുന്നു.

വിദ്വേഷ പരാമർശത്തിൽ ബിഷപ്പിനോടുള്ള മുഖ്യമന്ത്രിയുടെ മൃദുസമീപനത്തിന് ശേഷം, പാർട്ടി നേതാവും സംസ്ഥാന സഹകരണ മന്ത്രിയുമായ വി.എൻ വാസവൻ ബിഷപ്പിനെ സന്ദർശിച്ചു. ഈ വിഷയത്തെക്കുറിച്ച് ഇതൊരു അടഞ്ഞ അധ്യായമാണെന്നാണ് അദ്ദേഹം പറഞ്ഞത്. “ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തിയാണ്, അദ്ദേഹത്തിന് ഖുർആനിനെയും ഭഗവദ് ഗീതയെയും കുറിച്ച് ആഴത്തിലുള്ള അറിവുണ്ട്. ഞാൻ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കുകയും വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്.” എന്നും ബിഷപ്പിനെ പുകഴ്ത്തികൊണ്ട് മന്ത്രി പറഞ്ഞു.

സി.പി.എം ക്രിസ്ത്യാനികളെ ഒപ്പം നിർത്താൻ കിണഞ്ഞു ശ്രമിക്കുകയാണ് എന്ന് വ്യക്തമാണ്. എന്നാൽ അതിനായി സ്വീകരിച്ചിരിക്കുന്നത് അപകടകരമായ രീതിയാണ്. ബിഷപ്പിന്റെ ഇസ്‍ലാമോഫോബിയയെ തുറന്നുകാണിക്കുന്നതിന് പകരം, പാർട്ടി അതിനെ പിന്തുണക്കുകയാണ്. കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ സെക്രട്ടറി അഡ്വ വി.സി സെബാസ്റ്റ്യന്റെ പ്രസ്താവന ഇതിന് വ്യക്തമായ തെളിവാണ്. ഈ വിഷയത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടിനെ സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞത് ബിഷപ്പ് കല്ലറങ്ങാട്ട് തീവ്രവാദത്തെക്കുറിച്ച് നൽകിയ മുന്നറിയിപ്പുകൾ സി.പി.എം സർക്കുലറുകൾ സാക്ഷ്യപ്പെടുത്തുന്നു എന്നാണ്.

ഈ വിഷയത്തിൽ സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വത്തിന്റെ മൗനം ദുഖകരമാണ്. ഇസ്‍ലാമോഫോബിയ ഒരിക്കലും അനുവദിക്കപ്പെടാവതല്ല. അത് തീവ്രവാദത്തിനെതിരെയുള്ള പോരാട്ടമാണ് എന്ന രീതിയിൽ ഉപയോഗിക്കപ്പെടുമ്പോൾ മുളയിലേ നുള്ളിക്കളഞ്ഞേ തീരൂ.

 

വിവർത്തനം- തസ്നീം മുഹമ്മദ്

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757