keralanewspress release

ക്വാറികള്‍ക്ക് ദൂരപരിധി: ഹരിത ട്രൈബ്യൂണല്‍ വിധിക്ക് ഹൈക്കോടതി സ്റ്റേ; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ക്വാറികളുടെ ദൂരപരിധിയുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച വിധിക്കെതിരെ ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേയുടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ഇത് സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ ക്വാറി മാഫിയകള്‍ക്കൊപ്പം നില്‍ക്കരുത്. ജനജീവിതത്തെയും പ്രകൃതിയെയും സാരമായി ബാധിക്കുന്ന രീതിയില്‍ ജനവാസ സ്ഥലത്ത് നിന്ന് 50 മീറ്റര്‍ മാത്രം ദൂരപരിധി നിശ്ചയിച്ചുകൊണ്ട് ക്വാറി മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതിയെ റദ്ദ് ചെയ്തുകൊണ്ടാണ് ഹരിത ട്രൈബ്യൂണല്‍ ക്വാറി പ്രവര്‍ത്തനങ്ങളുടെ പരിധി ജനവാസ മേഖലയില്‍ നിന്നും 100 മുതല്‍ 200 മീറ്റര്‍ വരെ മാറ്റി നിശ്ചയിച്ച് വിധി പുറപ്പെടുവിച്ചിരുന്നത്. ക്വാറികള്‍ക്ക് യഥേഷ്ടം പരിസ്ഥിതിയില്‍ ആഘാതം സൃഷ്ടിക്കാനും ജനജീവിതത്തെ ഗുരുതമായി ബാധിക്കുന്ന തരത്തില്‍ പ്രകൃതിചൂഷണം നടത്താനും അവസരമൊരുക്കിയ സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ തെറ്റ് തിരുത്തി കോടതിയില്‍ നിലപാടെടുക്കണം.

ഹരിത ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും അത് നടപ്പാക്കാനോ അനധികൃത ക്വാറികള്‍ക്കെതിരെ നടപടി സ്വീകരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ള സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ചോദ്യം ചെയ്തിരുന്നു. ഹരിത ട്രൈബ്യൂണല്‍ വിധി നടപ്പിലാക്കിയാല്‍ തൊണ്ണൂറ് ശതമാനത്തിലധികം അനധികൃത ക്വാറികളും നിരോധിക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ ക്വാറി മാഫിയകളെ സഹായിക്കുന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ കേരളത്തില്‍ അനധികൃതമായ ക്വാറി പ്രവര്‍ത്തനം സജീവമായി നടക്കുന്നു എന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്. പ്രളയവും പ്രകൃതി ദുരന്തങ്ങളും നിത്യ സംഭവമായി മാറിയ കേരളത്തെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സര്‍ക്കാരിന്റേയും മാഫിയകളുടെയും ജനവഞ്ചനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭം രൂപപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757