keralanews

വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണം: സി. രവീന്ദ്രനാഥും കെ.ടി ജലീലും കൈക്കൊള്ളുന്നത് ഏകപക്ഷീയമായി തീരുമാനങ്ങള്‍ – ഫ്രറ്റേണിറ്റി

 

വിദ്യാഭ്യാസ രംഗത്തെ നടപ്പിലാക്കുന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥി സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ മേഖലകളില്‍ പല മാറ്റങ്ങളും നടപ്പിലാക്കപ്പെടുകയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലും സ്ഥിര സ്വഭാവത്തിലുള്ളതും താല്‍കാലിക സ്വഭാവത്തിലുള്ളതുമായ ധാരാളം പരിഷ്‌കാരങ്ങള്‍ ഉണ്ടായിക്കൊണ്ടിരിന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍, കോളജ് സമയ മാറ്റം, പരീക്ഷകള്‍, പുതിയ അധ്യയന വര്‍ഷത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍, പാഠപുസ്തകങ്ങളുടെ അപര്യാപ്തത, പി.ജി വെയിറ്റേജ് സംബന്ധിച്ച പുതിയ നയം, കോവിഡ് കാലത്തെ അന്തര്‍ സംസ്ഥാന വിദ്യാഭ്യാസം, അധ്യയന വര്‍ഷത്തിന്റെ ക്രമീകരണം, കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നയസമീപനം തുടങ്ങി ധാരാളം ഗൗരവപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ഥി സംഘടനകളെ വിശ്വാസത്തിലെടുത്ത് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.

സാധാരണ ഗതിയില്‍ ഇത്തരം വിദ്യാര്‍ഥി-വിദ്യാഭ്യാസ വിഷയങ്ങളില്‍ വിദ്യാര്‍ഥി സംഘടനകളുമായി വിദ്യാഭ്യാസ വകുപ്പ് കൂടിയാലോചന നടത്താറുണ്ട്. എന്നാല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥും, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലും ഇതിനു തയ്യാറാകാതെ ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണ് ചെയ്യുന്നത്. ഈ സമീപനത്തില്‍ നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും പിന്മാറുകയും അടിയന്തരമായി വിദ്യാര്‍ഥി സംഘടനകളുമായി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനുള്ള വിശാലതയും ജനാധിപത്യ മര്യാദയും കൈക്കൊണ്ട് മുന്നോട്ടു പോകണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ഷംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാരായ കെ.എസ് നിസാര്‍, കെ.എം ഷഫ്‌റിന്‍, മഹേഷ് തോന്നക്കല്‍, വൈസ് പ്രസിഡണ്ടുമാരായ അനീഷ് പാറമ്പുഴ, നജ്ദ റൈഹാന്‍, സെക്രട്ടറിമാരായ അര്‍ച്ചന പ്രജിത്ത്, നഈം ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757