zero hour

സമര മുതലാളിമാര്‍ നാടു ഭരിക്കുമ്പോള്‍ മറ്റെല്ലാവരും പിരിഞ്ഞ് പോകണമെന്ന കല്‍പന അംഗീകരിക്കാന്‍ ഞങ്ങള്‍ നിങ്ങളുടെ കുടിയാന്‍മാരല്ല – കെ.എ ശഫീഖ്

 

മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് മലപ്പുറം ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥആന ജനറല്‍ സെക്രട്ടറി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്:

വിദ്യാര്‍ഥി പ്രതിഷേധത്തെ ജനാധിപത്യപരമായി അഭിമുഖീകരിക്കാന്‍ ഭയക്കുന്ന കേരള സര്‍ക്കാര്‍ അവരെ അടിച്ചൊതുക്കാന്‍ ശ്രമിക്കുകയാണ്. മലപ്പുറം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആ ക്വട്ടേഷന്‍ ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. 19 ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെയാണ് നിഷ്ടൂരമായി പൊലീസ് ആക്രമിച്ചത്. എല്ലാവര്‍ക്കും ഗുരുതര പരിക്ക്, ഒരു പ്രവര്‍ത്തകന്റെ ഒരു കൈ തളര്‍ന്നിരിക്കുന്നു. മറ്റൊരു പ്രവര്‍ത്തകന്റെ തലയില്‍ നാല് ഭാഗത്താണ് ആഴത്തില്‍ മുറിവേറ്റിരിക്കുന്നത്. നടുവിന് അടിയേറ്റ് അനങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ചിലര്‍, ദേഹം മുഴുവന്‍ ലാത്തിയടിയുടെ അടയാളങ്ങള്‍. കുട്ടികളെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യം കണ്ടാല്‍ അറിയാം പൊലീസ് ആസൂത്രിതമായിട്ടാണ് ആ വിദ്യാര്‍ഥി സമരത്തെ നേരിട്ടതെന്ന്. സാധാരണ പ്രക്ഷോഭ സ്ഥലങ്ങളില്‍ പൊലീസ് ബാരിക്കേഡ് വെച്ചാല്‍ അതിന്റെ പിറകില്‍ ആണ് നിലയുറപ്പിക്കുക. ബാരിക്കേഡ് വരെ സമരക്കാര്‍ പോകും. ബാരിക്കേഡില്‍ ബലം പ്രയോഗിക്കും. ഇത്തരം രീതികളില്‍ നിന്ന് വ്യത്യസ്തമായി ബാരിക്കേഡിന് മുന്നില്‍ പൊലീസ് നിലയുറപ്പിക്കുകയും തീര്‍ത്തും നിരായുധരായി ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് വന്ന വിദ്യാര്‍ഥികളെ പാറയില്‍ കൂടം കൊണ്ടടിക്കുന്നത് പോലെ തല്ലി തീര്‍ക്കുന്ന പൊലീസ് രാജാണ് മലപ്പുറത്ത് നടന്നത്.

അപ്പോള്‍ കാര്യങ്ങള്‍ കൃത്യമാണ്. സ്വന്തം ജീവന്‍ ബലി കൊടുത്ത് രണ്ടര ലക്ഷം വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന വിവേചനത്തെ നാടിനെ ബോധ്യപ്പെടുത്തിയ ദേവികമാര്‍ക്ക് വേണ്ടി നിങ്ങള്‍ ശബ്ദിക്കരുത്. രാജാക്കന്‍മാരെ പോലെ ഭരിക്കുന്നവരെ ചോദ്യം ചെയ്യരുത്. വീഴ്ചകളും വിവേചനങ്ങളും ചൂണ്ടിക്കാണിക്കരുത്. പാഠപുസ്തകം ചോദിക്കരുത്. സമരവും മുദ്രാവാക്യങ്ങളും തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്.
മറ്റാര് അതിന് തുനിഞ്ഞാലും തല്ലിയൊതുക്കും. പൊലീസ് സ്റ്റേഷനും കോടതിയും വിധിന്യായവും കൊലയാളി സംഘങ്ങളുമെല്ലാം സ്വന്തമായുളള പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതു ‘പുരോഗമന ‘ സര്‍ക്കാറിന്റെ പൊലീസ് ഭരണം ഗംഭീരം..

പക്ഷേ, സമര മുതലാളിമാര്‍ നാടു ഭരിക്കുമ്പോള്‍ മറ്റെല്ലാവരും പിരിഞ്ഞ് പോകണമെന്ന കല്‍പ്പന അംഗീകരിക്കാന്‍ ഞങ്ങള്‍ നിങ്ങളുടെ കുടിയാന്‍മാരല്ല. നെഞ്ച് വിരിച്ച് നിന്ന് ചോദിക്കും. ഉശിരോടെ മുദ്രാവാക്യങ്ങള്‍ വിളിക്കും. നാടിന് വേണ്ടി, നീതിക്ക് വേണ്ടി പൊരുതാനുറച്ച വിദ്യാര്‍ഥികളെ, യൗവനത്തെ കീഴ്‌പ്പെടുത്താന്‍ നിങ്ങള്‍ക്കാവില്ല. നിങ്ങളുടെ മര്‍ദന ദണ്ഡുകള്‍ക്ക് മുമ്പില്‍ പതറില്ല ഞങ്ങള്‍. അവസാനത്തെ കുട്ടിക്കും പഠനാവസരം ഉറപ്പാകും വരെ, പഠന സാമഗ്രികള്‍ ലഭ്യമാകും വരെ പിന്‍മടക്കമില്ലാത്ത പോരാട്ടവുമായി തെരുവുകളില്‍ തന്നെ ഞങ്ങള്‍ ഉണ്ടാകും.
സാമൂഹ്യ നീതിയുടെ, സാഹോദര്യ പോരാളികളെ നിങ്ങള്‍ അഭിമാനമാണ്. അഭിവാദ്യങ്ങള്‍. വിപ്ലവാഭിവാദ്യങ്ങള്‍…

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757