zero hour

സി.പി.എമ്മിന്റെ വനിതാ കമീഷന്‍ അധ്യക്ഷയല്ല, എം.സി ജോസഫൈന്‍ – നജ്ദ റൈഹാന്‍

1992 ല്‍ നിലവില്‍ വന്ന വനിതാ കമീഷന്‍ ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പരാതിയുടെ അടിസ്ഥാനത്തിലോ സ്വമേധയാ തന്നെയോ കേസെടുത്ത് അന്വേഷണം നടത്താനും നിയമ നടപടികള്‍ക്കായി ഗവണ്‍മെന്റിനോട് ശിപാര്‍ശ ചെയ്യാനും അധികാരമുള്ള സ്ഥാപനം. സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ഇന്ന് നടത്തിയ പരാമര്‍ശം അതീവ ഗൗരവമുള്ളതാണ്. സി.പി.എം നേതാക്കള്‍ക്കെതിരായ സ്ത്രീ അതിക്രമ കേസുകളില്‍ പൊലീസും കോടതിയും എല്ലാം പാര്‍ട്ടി തന്നെയാണെന്നും കമീഷന്‍ അന്വേഷണം നടത്തുകയോ നടപടികളിലേക്ക് കടക്കുകയോ ചെയ്യേണ്ടതില്ലെന്നും അങ്ങനെ ചെയ്യാറില്ല എന്നുമാണ് ജോസഫൈന്റെ പരാമര്‍ശം. അങ്ങനെ ഒരു പാര്‍ട്ടി കോടതി ഇവിടെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ഈ രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് തന്നെ എതിരാണ്. വനിതാ കമിഷന്‍ അധ്യക്ഷയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സി.പി.എം നേതാക്കളെ പ്രതിചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം.

പാര്‍ട്ടി വിധേയത്വവും തന്റെ നേതൃത്വത്തിലുള്ള കമീഷന്റെ അത്തരം നടപടികളും പരസ്യമായി പ്രഖ്യാപിച്ച എം.സി ജോസഫൈന്‍ വനിതാ കമീഷന്‍ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ യാതൊരു തരത്തിലും അര്‍ഹയല്ല. അവര്‍ മാപ്പ് പറയുകയോ പ്രസ്താവന ‘നിരുപാധികം’ പിന്‍വലിക്കുകയോ ചെയ്താലും കോംപ്രമൈസ് ചെയ്യാവുന്നതല്ല അവര്‍ പ്രഖ്യാപിച്ച നിലപാട്. അവര്‍ അധ്യക്ഷസ്ഥാനത്ത് ഇരിക്കുന്നിടത്തോളം ഇടതുപക്ഷക്കാര്‍ പ്രതികളാകുന്ന കേസുകളില്‍ അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് കമീഷനില്‍ നിന്നും നീതി ലഭിക്കില്ല എന്നത് വ്യക്തമാണ്. സി.പി.എമ്മിന്റെ വനിതാ കമീഷന്‍ അധ്യക്ഷയല്ല, ശ്രീമതി എം.സി ജോസഫൈന്‍. 1990ലെ ദേശീയ വനിതാ കമീഷന്‍ ആക്ട് പ്രകാരം രൂപീകൃതമായ രാജ്യത്തെ ഭരണഘടനാനുസൃതമായ ഒരു സ്ഥാപനത്തിന്റെ അധ്യക്ഷയാണ് അവര്‍. സി.പി.എമ്മിനോടല്ല അവര്‍ക്ക് വിധേയത്വവും ബാധ്യതയുള്ളത്, മറിച്ച് ഇവിടുത്തെ നിയമ വ്യവസ്ഥയോടാണ്. അങ്ങനെ നീതിപൂര്‍വമോ നിഷ്പക്ഷമോ ആകാന്‍ തനിക്ക് കഴിയില്ലെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. അതു കൊണ്ടുതന്നെ ശ്രീമതി എം.സി ജോസഫൈനെ സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെടുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757