Opinion

കോവിഡാനന്തര ജന്മങ്ങളെ ഭയക്കുന്ന ഭരണകൂട ഭീകരത – സുഫീറ എരമംഗലം

കോവിഡ് ഭീഷണി ലോകക്രമത്തെയാകെ മാറ്റിമറിക്കും എന്ന നിഗമനങ്ങളാല്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കുപരിയായ രാഷ്ട്രീയ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താന്‍ പലരും ആഗ്രഹിച്ചു. എന്നാല്‍, രോഗം വിതച്ച പ്രതിസന്ധിയില്‍നിന്നുളവായ മാനവിക ബോധം ചില മേഖലകളില്‍മാത്രം പരിമിതപ്പെടുന്ന ഒന്നായി മാറുകയാണുണ്ടായത്. രാഷ്ട്രീയരംഗം നിശ്ചലമാകുന്നത് ജനകീയ പ്രതിരോധ ഇടങ്ങളില്‍ മാത്രമായിച്ചുരുങ്ങുന്നതാണ് പിന്നീട് നാം കാണുന്നത്. പൊതു ഇടങ്ങള്‍ ഇല്ലാതാകുന്നതോടെ പൊതു സമൂഹം ഇല്ലാതാകണം എന്ന ശാഠ്യത്തിലായ ഫാഷിസ്റ്റ് അധികാരത്തെയാണ് സാമൂഹികമാധ്യമങ്ങള്‍ വെല്ലുവിളിച്ചത്. സമാന്തരലോകത്തെ ലോക്ഡൗണിലാക്കുവാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണവര്‍. 370-ാം വകുപ്പ് റദ്ദാക്കിയതിനു ശേഷമുള്ള കശ്മീരി ജീവിതത്തെയും പെണ്ണവസ്ഥകളെയും തന്റെ ഫോട്ടോ ഫ്രെയ്മുകളിലൂടെ അവതരിപ്പിച്ച മസ്റത്ത് സഹ്റക്കെതിരെ യു.എ.പി.എ ചുമത്തിയത് ഉദാഹരണം. പ്രസ്തുത ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് അവര്‍ ചെയ്ത രാജ്യദ്രോഹക്കുറ്റം.

ഡല്‍ഹി കലാപത്തില്‍ പങ്കെടുത്തു എന്നപേരില്‍ സി.എ.എ വിരുദ്ധ സമരത്തില്‍ ജനാധിപത്യപരമായി പങ്കുകൊണ്ട വിദ്യാര്‍ഥികളെ അറസ്റ്റുചെയ്യുകയും യു.എ.പി.എ ചുമത്തിക്കൊണ്ട് തുറുങ്കിലടക്കുകയും ചെയ്യുകയാണ്. യഥാര്‍ഥത്തില്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത വംശഹത്യയാണ് ഫെബ്രുവരി അവസാന വാരത്തില്‍ ഡല്‍ഹിയില്‍ നടന്നത് എന്നത് പകല്‍പോലെ വ്യക്തമാണ്. എന്നിട്ടും തോക്കുചൂണ്ടിയവന്‍ ജാമ്യത്തിലിറങ്ങുകയും സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, ഉമര്‍ ഖാലിദ് എന്നീ വിദ്യാര്‍ഥികള്‍ക്കെതിരില്‍ യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്യുകയുമാണ് ചെയ്തിരിക്കുന്നത്. നിലനില്‍പിന്റെ ഭീതിയില്‍ കഴിയുന്ന ജനസമൂഹങ്ങളെ രക്ഷാധികാരത്തിന്റെ പരിവേഷത്താല്‍ കീഴ്പെടുത്താനാണ് ബി.ജെ.പി ഭരണകൂടം ശ്രമിക്കുന്നത്. ലോക്ഡൗണ്‍ കാലം ആരോഗ്യജാഗ്രതക്ക് ഉപരിയായ രാഷ്ട്രീയ ജാഗ്രതയെ ഓര്‍മിപ്പിക്കുന്ന നടപടികളുമായാണ് ഭരണകൂടം മുന്നോട്ടുപോകുന്നത്. ദലിത്-മുസ്ലിം വേട്ട കൊഴുപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി ആക്റ്റിവിസ്റ്റുകളെ അറസ്റ്റു ചെയ്യുകയാണ്. ഡല്‍ഹിയിലെ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാനും ബുദ്ധിജീവിയുമായ സഫറുല്‍ ഇസ്ലാം ഖാനെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്തതാണ് ഇതെഴുതുമ്പോള്‍ സംഘ് വേട്ടയുടെ ഒടുവിലത്തെ അധ്യായം. മുത്തലാഖ് ബില്ലിനെ പിന്തുണച്ചു എന്ന സ്ത്രീപക്ഷമൊന്നും അദ്ദേഹത്തെ തുണച്ചില്ല.

നാലുമണിക്കൂര്‍കൊണ്ട് രാജ്യത്തെ നിശ്ചലമാക്കാന്‍ ഉത്തരവിട്ടതുതന്നെ അധികാരത്തിന്റെ സ്വരത്തിലൂടെയായിരുന്നു. ജനകീയമായ സാവകാശം അനുവദിക്കാതിരുന്നതിന്റെ തിക്ത ദുരന്തങ്ങള്‍ രാജ്യത്തുണ്ടായി. സാധാരണക്കാരും ദരിദ്രരുമായ നിരവധിപേര്‍ കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടി തളര്‍ന്നു വീഴുന്ന കാഴ്ചകള്‍ നാം കണ്ടതാണ്.

ഗര്‍ഭിണിയായ സഫൂറ സര്‍ഗാര്‍ രാജ്യത്തിന്റെ മനഃസാക്ഷിക്കുമുന്നിലെ ചോദ്യചിഹ്നമാണ്. ഒരു ഗര്‍ഭിണിയുടെ മേല്‍, തികച്ചും സമാധാനപരമായ ജനാധിപത്യ സമരത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തി ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. ജാമിഅ മില്ലിയ്യ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്റര്‍ ആയ സഫൂറയുടെ ശബ്ദം മീഡിയകളില്‍പോലും വരാതിരിക്കുവാനാണ് ഡല്‍ഹി പൊലീസ് പൗരത്വ പ്രക്ഷോഭത്തോടുള്ള പകപോക്കല്‍ കടുപ്പിക്കുന്നത്.

കോവിഡാനന്തര കാലത്തേക്കുള്ള മുന്നറിയിപ്പായാണ് ഈ വംശീയ വേട്ട തുടരുന്നത്. സമരമുഖരിതമായ തെരുവുകളെ ലോക്ഡൗണ്‍ വിജനതയിലൂടെ വീണ്ടെടുക്കാമെന്നത് സംഘ്പരിവാറിന്റെ കേവല വ്യാമോഹം മാത്രമാണ്. ഗര്‍ഭിണിയുടെ വയറ്റില്‍ ശൂലമാഴ്ത്തി ഭ്രൂണത്തെ ചുട്ടുകൊന്ന കൂട്ടര്‍ക്ക് ഗര്‍ഭിണിയെ ശിക്ഷിക്കുന്നത് ആഘോഷമാണ്. വിദ്വേഷത്തെയും ഹിംസയെയും ആഘോഷമാക്കുന്നവര്‍ക്ക് ദുരിതകാലം സഹൃദയത്വം സമ്മാനിക്കുമെന്നത് വ്യാമോഹം മാത്രമാണ്. പൗരത്വ വിവേചന നിയമത്തിനെതിരായ ജനകീയപോരാട്ടങ്ങളില്‍ വ്യാപൃതമായ രാപ്പകലുകളുടെ സമരമുഖങ്ങളെയാണ് പൊടുന്നനെ ഉളവായ കോവിഡ് ഭീഷണിയും ലോക്ഡൗണ്‍ വേളയും ഇല്ലാതാക്കിയത്. വെര്‍ച്വല്‍ ലോകത്തേക്ക് പറിച്ചു നടപ്പെട്ട സമരങ്ങളാണ് നിലവിലുള്ളത്. അവയുടെ പ്രസരണ ശേഷിയെയാണ് സംഘ്പരിവാര്‍ ഇപ്പോള്‍ ഭയക്കുന്നത്. ലോക്ഡൗണിനോടും അധികാര പ്രയോഗത്തോടും രാജിയാകുന്ന ജനതക്ക് പൗരത്വ നിയമത്തോടും പാകപ്പെടുന്ന പരിശീലനക്കളരിയാക്കി മാറ്റുന്നതിലേക്കാണ് ബി.ജെ.പിയുടെ ഭരണകൂട ഭീകരത ലക്ഷ്യമാക്കുന്നത്.

  എന്നാല്‍, ജനാധിപത്യ പ്രതീക്ഷയുടെ പ്രക്ഷോഭത്തെരുവുകളെ സമര സുന്ദരമാക്കുന്ന നാളുകള്‍ക്കാണ് കോവിഡാനന്തര ഭാരതം കാതോര്‍ക്കുക. അതുവരെ സമാന്തര സമരത്തെരുവുകളായ സൈബര്‍ ഇടങ്ങളെ സ്വന്തമാക്കുവാന്‍ വീടകങ്ങളിലേക്ക് അവരോഹണം ചെയ്യപ്പെട്ട സമര കണങ്ങള്‍ സവിശേഷമായിത്തന്നെ ശ്രമിക്കേണ്ടതുണ്ട്. ആഭ്യന്തര സമൂഹം കൂടുതല്‍ ഗാര്‍ഹികമായ ആഭ്യന്തര അരാഷ്ട്രീയത്തിലേക്ക് വഴുതിവീഴാതെ ജാഗ്രത്തായിരിക്കുവാന്‍ സോഷ്യല്‍ മീഡിയ കാലം നമ്മോട് ആവശ്യപ്പെടുന്നുണ്ട്. ഡിജിറ്റലൈസേഷന്‍ യാഥാര്‍ഥ്യമല്ലാതിരുന്ന കാലത്തിലാണ് നമ്മളെങ്കില്‍ വിവര വിനിമയ ദാരിദ്ര്യംകൊണ്ട് ഷണ്ഡീകരിക്കപ്പെട്ട അരാഷ്ട്രീയ സ്തംഭനത്തിലേക്ക് കൂപ്പുകുത്തുമായിരുന്നു. കാലത്തിന്റെ കനിവിനെ, വിവര വിനിമയ സാങ്കേതികതയെ കോര്‍പറേറ്റ് മുതലാളിത്ത ഫാഷിസത്തിന് പോര്‍ക്കളമാക്കാന്‍ ഇനിയും വിട്ടുകൊടുക്കാതിരിക്കണം. അതിന് വൈറസ്(സംഘ് വൈറസും) മാറ്റിവരച്ച സമര ഭൂപടത്തെക്കുറിച്ച സര്‍വ സന്നാഹങ്ങളെയും സ്വന്തമാക്കുന്ന പ്രതിരോധ സംയോജനം സാധ്യമാകേണ്ടതുണ്ട്.

ഒരു സ്ത്രീപ്രശ്നം മൗലികമായ മനുഷ്യാവകാശ പ്രശ്നവും സാര്‍വലൗകികമായ മാനവിക പ്രതിസന്ധിയുമാണ് എന്നാണ് സഫൂറ എന്ന മാതൃഭാവത്തിന്റെ ഖിന്നത നമ്മെ ഓര്‍മപ്പെടുത്തുന്നത്. മുസ്ലിം സ്ത്രീയുടെ രക്ഷാധികാരം അഭിനയിക്കുന്നവരാണ് ഇതെല്ലാം ചെയ്യുന്നത്. ഫാഷിസത്തോടുള്ള സമരം സ്ത്രീ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുവാന്‍ കൂടിയുള്ളതാണ് എന്ന് വീണ്ടും ഓര്‍മിപ്പിക്കുകയാണ് സഫൂറ സര്‍ഗാറിനെതിരെ പതിനഞ്ചോളം ഗുരുതര വകുപ്പുകള്‍ ചേര്‍ത്തുള്ള നരവേട്ട. അമേരിക്കയിലെ റാഡിക്കല്‍ ഫെമിനിസ്റ്റ് തത്വചിന്തകയായ കാതറിന്‍ മാക്കിനോന്‍ ഇങ്ങനെ പറയുന്നു: ‘സാമൂഹ്യ യാഥാര്‍ഥ്യത്തില്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായ മനുഷ്യ പദവി നല്‍കേണ്ടതുണ്ട്. അതിന് സ്ത്രീകള്‍ക്ക് മനുഷ്യാവകാശം നഷ്ടപ്പെടുന്ന വഴികളെ മാനുഷികത തന്നെ നഷ്ടപ്പെടുന്നതായി സാര്‍വലൗകിക മനുഷ്യാവകാശ പ്രഖ്യാപനം വേറിട്ട് തന്നെ കാണണം. ‘

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757