Opinion

പാലത്തായി പീഡനം: പ്രതികള്‍ രക്ഷപ്പെടാതിരിക്കാനും കരുതലുണ്ടാവണം – ജബീന ഇര്‍ഷാദ്

 

പപ്പന്‍ മാഷ് സ്‌കൂളില്‍ വരണ്ടായിരുന്നു!’ എന്ന ഒരു ഒമ്പത് വയസ്സുകാരിയുടെ നെടുവീര്‍പ്പ് സഹപാഠിനിയുടെ മൊഴിയിലൂടെ കേരളം കേട്ടത് ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ്. കണ്ണൂരിലെ പാനൂരില്‍ നടന്ന ബാലികാപീഡനക്കേസിലെ പ്രതി പത്മരാജന്‍ എന്ന പപ്പന്‍ മാഷ് അറസ്റ്റ് ചെയ്യപ്പെടുകയും കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തുവെങ്കിലും പുസ്തകം അടച്ചു വെക്കാറായിട്ടില്ല.

കേവലം ഒമ്പത് വയസ്സു മാത്രം പ്രായമുള്ള നാലാം ക്ലാസുകാരിയായ ഒരനാഥ ബാലിക തന്റെ അധ്യാപകനാല്‍ സ്‌കൂളില്‍ വെച്ചും സ്‌കൂളിനു പുറത്തുവെച്ചും പലതവണ ലൈംഗിക പീഡനത്തിനിരയാക്കപ്പെട്ട സംഭവം പുറംലോകമറിയാന്‍ രണ്ടുമാസമെടുത്തു എന്നത് പെണ്‍കുട്ടികളുടെ സുരക്ഷക്ക് വേണ്ടിയുള്ള നമ്മുടെ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു.
ഇവിടെ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും അവരുടെ അധ്യാപക സംഘടനയുടെ കണ്ണൂര്‍ ജില്ലാ നേതാവും ഉന്നത സ്വാധീനമുള്ള വ്യക്തിയുമാണെന്നത് ഈ നികൃഷ്ട സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. പപ്പന്‍ മാഷെന്ന ഈ പത്മരാജനെതിരെ ഇതിനുമുമ്പും പലവട്ടം ആരോപണങ്ങളുയര്‍ന്നപ്പോഴൊക്കെ തന്റെ ഉന്നത രാഷ്ട്രീയ സ്വാധീനം വെച്ച് ഒതുക്കിത്തീര്‍ക്കുകയായിരുന്നു പതിവ്. പിതാവില്ലാത്ത ഒരു കുഞ്ഞുമോളെ തന്നെ തന്റെ വൈകൃതങ്ങള്‍ക്ക് ഇരയാക്കാന്‍ അയാള്‍ തെരഞ്ഞെടുത്തത് ഏറെ ആസൂത്രണത്തോടെ തന്നെയാണ്.

കേസിന്റെ നാള്‍വഴികളും പൊലീസ് നടപടികളും പരിശോധിച്ചാല്‍ എത്ര ലാഘവത്തോടെയാണ് ഈ കേസും കൈകാര്യം ചെയ്യപ്പെട്ടതെന്ന് നമുക്ക് ബോധ്യമാവും. വാളയാര്‍ കേസില്‍ പ്രതികള്‍ പോക്സോ കോടതിയില്‍ നിന്ന് വളരെ എളുപ്പത്തില്‍ രക്ഷപ്പെട്ടതിന് ശേഷം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയെന്ന് കുറ്റസമ്മതം നടത്തിയത് നമ്മള്‍ കണ്ടതാണ്. പക്ഷേ, അതിനപ്പുറം ഒരു കേസിലെ വീഴ്ചയുടെ അനുഭവം അടുത്ത കേസില്‍ കൂടുതല്‍ ജാഗ്രത കാണിക്കാന്‍ പ്രേരകമാവുന്നതിന് പകരം അതേ അലസതയും അലംഭാവവും ഈ കേസിലും ആവര്‍ത്തിക്കുന്നു എന്ന യാഥാര്‍ഥ്യമാണ് ഇവിടെ വെളിവാകുന്നത്. ഒരു പക്ഷേ, സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന ശക്തമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ പ്രതി പൊലീസിന്റെ മൂക്കിന്‍ തുമ്പത്ത് ‘ഒളിവില്‍’ ഇപ്പോഴും സുഖജീവിതത്തില്‍ തന്നെയാവുമായിരുന്നേനെ.

പോക്സോ പ്രകാരം കേസ് ഇട്ടതിന് ശേഷവും ഏതാണ്ട് ഒരു മാസം വരെയാണ് പൊലീസ് അറസ്റ്റ് വൈകിച്ചത്. പോക്സോ കേസില്‍ പെണ്‍കുട്ടിയുടെ ആദ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്‍വെട്ടത്തുള്ള പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം പെണ്‍കുട്ടിയെ പലവട്ടം ചോദ്യം ചെയ്തു മാനസിക
സമ്മര്‍ദത്തിലാക്കാനാണ് പൊലീസ് ശ്രമിച്ചത്. തലശ്ശേരി ഉ്യടജ തന്റെ ഓഫീസിലേക്ക് കുട്ടിയെയും രക്ഷിതാക്കളെയും വിളിച്ച് വരുത്തി ആറ് മണിക്കൂറോളം ചോദ്യം ചെയ്ത നടപടി പോക്സോ വ്യവസ്ഥകളുടെ നഗ്നമായ ലംഘനം തന്നെയായിരുന്നു. അന്വേഷണത്തിന്റെ പേരില്‍ കുട്ടിയെ പോക്സോ നിയമത്തിന് വിരുദ്ധമായി വീടിന് പുറത്ത് പലയിടങ്ങളിലും കൊണ്ടുപോയി ചോദ്യം ചെയ്തതും ഗുരുതര വീഴ്ചയാണ്. ഒടുവില്‍ കൗണ്‍സിലിംഗിനെന്ന പേര് പറഞ്ഞ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അനുവാദം പോലും വാങ്ങാതെ ഈ ലോക്ഡൗണ്‍ കാലത്ത് ദൂരെയുള്ള കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് നിര്‍ബസിച്ച് കൊണ്ടുപോയതിനെതിരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വരുകയുണ്ടായി. മാനസികാരോഗ്യകേന്ദ്രത്തില്‍ കേസന്വേഷണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുന്‍ പാനൂര്‍ സി.ഐ ശ്രീജിത്തിന്റെ സാന്നിധ്യവും കേസ് വഴിതിരിച്ചു വിടാനെന്നവണ്ണം ഡോക്ടര്‍ നടത്തിയ സംസാരങ്ങളും ദുരൂഹമാണ്.

പപ്പന്‍ മാഷുടെ പീഡനത്തെക്കുറിച്ച ചില സൂചനകള്‍ പിതാവില്ലാത്ത കുട്ടി ഭയപ്പാടോടെ തങ്ങളുമായി പങ്കുവെക്കാറുണ്ടെന്ന പൊള്ളുന്ന യാഥാര്‍ഥ്യമാണ് സഹപാഠിനി ചാനലിലൂടെ നമ്മോട് വിളിച്ചു പറഞ്ഞത്. പക്ഷേ, നേരത്തെ പലവട്ടം പൊലീസ് ഈ കൂട്ടുകാരിയെ ചോദ്യം ചെയ്തിരുന്നുവെങ്കിലും മൊഴി പരിഗണിച്ചില്ല. അവധി ദിവസം ഘട ട ക്ലാസുണ്ടെന്ന് പറഞ്ഞ് കുട്ടിയെ വിളിച്ചുവരുത്തിയ പ്രതി പത്മരാജന്‍
പലവഴിക്കും കുട്ടിയെയും കൊണ്ട് സഞ്ചരിച്ചിട്ടുണ്ടെന്നും ആ വഴികളിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിക്കാന്‍ അറസ്റ്റ് നടക്കും വരെയുള്ള ഒരു മാസക്കാലം പൊലീസ് തയ്യാറായിട്ടില്ലെന്നുമുള്ള ബന്ധുക്കളുടെ ആരോപണം പൊലീസിന്റെ അട്ടിമറി ശ്രമത്തെക്കുറിച്ച് വ്യക്തമായ സൂചനയാണ്.

നമ്മുടെ സ്‌കൂളുകളില്‍ (പ്രത്യേകിച്ച് എല്‍.പി.-യു.പി. സ്‌കൂളുകില്‍) ഇത്തരം വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ കുട്ടികള്‍ക്ക് ആരെയും ഭയപ്പെടാതെ കാര്യങ്ങള്‍ തുറന്ന് പറയാനുള്ള സാഹചര്യങ്ങളില്ല എന്നത് നമ്മുടെ ശ്രദ്ധ പതിയേണ്ട ഒരു വിഷയമാണ്. ചൈല്‍ഡ് ലൈന്‍ പോലുള്ള സംവിധാനങ്ങള്‍ ‘ ഉപയോഗപ്പെടുത്തി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് സര്‍ക്കാര്‍ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയും മണ്ഡലം എം.എല്‍.എയും കൂടിയായ ശൈലജ ടീച്ചര്‍ പാലത്തായി വിഷയത്തില്‍ നടത്തിയ പ്രതികരണങ്ങള്‍ എത്ര ലാഘവത്തോടെയാണ് ഇത്തരം സംഭവങ്ങളെ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും കൈകാര്യം ചെയ്യുന്നതെന്നതിന്റെ നേര്‍സാക്ഷ്യമാണ്. കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ട ശേഷം ഈ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത തിരിച്ചറിഞ്ഞപ്പോള്‍ മാര്‍ച്ച് 30ന് തന്നെ വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് കൃത്യമായ സൂചനകള്‍ വെച്ച്
മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കുമൊക്കെ പരാതി സമര്‍പ്പിച്ചിരുന്നു. പരാതി കിട്ടിയെന്നും ഉത്തരവാദപ്പെട്ടവര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും മറുപടി ലഭിച്ചതല്ലാതെ സോഷ്യല്‍ മീഡിയയിലൂടെ സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധമുയരുന്നത് വരെ പരാതിയുടെ മേല്‍ ഒരു നടപടിയും കൈക്കൊണ്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാക്രമണങ്ങള്‍ കൂടിയപ്പോഴാണ് 2012ല്‍ പോക്സോ നിയമം നിലവില്‍ കൊണ്ടുവന്നത്. പക്ഷേ, സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണം അടിക്കടി പെരുകുമ്പോഴും ഇവയില്‍ നാലിലൊന്ന് കേസുകളില്‍ പോലും പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നില്ലെന്ന് വിവരാവകാശ രേഖ പ്രകാരമുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. നിയമം നിലവില്‍ വന്ന ശേഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 20 ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ കിട്ടിയത്
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ കേരള പൊലീസ് കൊട്ടിഘോഷിച്ച ‘മാലാഖ’ പോലെയുളള പദ്ധതികള്‍ ഏട്ടിലെ പശു മാത്രമാണെന്ന് തെളിയിക്കുന്നതാണ് പാലത്തായി പീഡനം. പത്മരാജനെ അറസ്റ്റ് ചെയ്യുന്നതോട് കൂടി നമ്മുടെ ജാഗ്രത അവസാനിക്കേണ്ടതല്ല. ശിക്ഷിക്കപ്പെടുന്നത് വരെ തുടരണം.
മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതിയില്‍ മറ്റൊരു കൂട്ടുപ്രതിയെക്കുറിച്ച് കൂടി മാതാവ് പരാമര്‍ശിച്ചത് പ്രത്യേകം അന്വേഷിക്കപ്പെടണം. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും പ്രതിയെ ‘ഒളിവില്‍’ കഴിയാന്‍ സഹായിക്കുകയും ചെയ്ത പൊലീസുകാരും മാതൃകാപരമായി ശിക്ഷിക്കപ്പെടണം.

കുട്ടിയെയും കുടുംബത്തെയും സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെയും നടപടികള്‍ ഉണ്ടാകണം. പോക്സോ പ്രതിയെ ഒളിപ്പിച്ച സംഘ്പരിവാര്‍ നേതാക്കളും സൈ്വര്യ വിഹാരത്തിലാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള ഒരു പ്രദേശത്ത് തങ്ങളുടെ നേതാവിനെ രക്ഷപ്പെടുത്താനും കേസ് തേച്ച് മായ്ച്ച് കളയാനും ഏത് കുടില തന്ത്രങ്ങളും പുറത്തിറക്കുമെന്നിരിക്കെ പൊതുസമൂഹം ജാഗരൂകരാവേണ്ടതുണ്ട്. സ്വന്തം മണ്ഡലത്തില്‍ ഒരു പിഞ്ചുകുഞ്ഞ് ഇത്ര നിഷ്ഠൂരമായി പീഡിപ്പിക്കപ്പെട്ടിട്ട് വേണ്ടത്ര ഗൗരവത്തിലെടുക്കാതിരുന്ന വനിതാ ശിശുക്ഷേമ മന്ത്രി കൂടിയായ ശൈലജ ടീച്ചര്‍ പ്രതി ഊരിപ്പോകാതിരിക്കാനുള്ള ജാഗ്രത ഇനിയെങ്കിലും കാണിക്കണം.

‘തലയണക്കിടയില്‍ വാക്കത്തി വെച്ച് പെണ്ണുറങ്ങേണ്ടി വരുന്ന ‘ കാലത്തുനിന്ന് സ്‌കൂളില്‍ പോയ കുഞ്ഞിനെ ഓര്‍ത്ത് തീ തിന്നുന്ന അമ്മമാരിലേക്ക് കേരളം ‘വളര്‍ന്ന’കാലമാണ് പിണറായി കാലം എന്ന് നാളെ അടയാളപ്പെടുത്തപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ഇത്തരം കേസുകളില്‍ ജാഗ്രത കാണിക്കണം. പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന കാമവെറിയന്‍മാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും ശിക്ഷവാങ്ങിക്കൊടുക്കാനും ഒരു കരുതലുണ്ടാവണം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757