Opinion

ലോക്ഡൗണിനെ സുവര്‍ണാവസരമാക്കുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ – സജീദ് ഖാലിദ്

ലോകമെങ്ങും പരന്ന കോവിഡ് മഹാമാരിയുടെ കാരണത്താല്‍ കടുത്ത നിയന്ത്രണങ്ങളിലാണ് നമ്മുടെ രാജ്യമടക്കം ഒട്ടുമിക്ക ലോക രാജ്യങ്ങളും. ഈ സമയത്ത് ഉത്തര കൊറിയയുടെ പ്രസിഡണ്ട് കിം ജോങ് ഉന്‍ എവിടെ എന്ന കൗതുകകരമായ അന്വേഷണവും നടക്കുന്നുണ്ട്. വളരെ വിചിത്രമായ ഏകാധിപത്യം തുടരുന്ന രാജ്യമാണ് ഉത്തര കൊറിയ. ജനങ്ങളുടെ മേല്‍ ഭരണകൂട നിയന്ത്രണങ്ങള്‍ ശക്തവും കുടുംബ വാഴ്ച തുടരുന്ന കടുത്ത ഏകാധിപത്യം പിന്തുടരുന്ന രാജ്യവുമാണത്. സത്യത്തില്‍ ലോകത്തെ ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ ഒട്ടുമിക്ക ഭരണകൂടങ്ങളും ഒരു ഉത്തര കൊറിയ നിഗൂഢമായി സ്വപ്നം കാണുന്നവരാണ്. ഭരണാധികാരികള്‍ കിം ജോങ് ഉന്നിനെയും.

ഈ നിഗൂഢതയുടെ പ്രതിഫലനം ലോകത്തിലെ വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ സംഘ്പരിവാര്‍ ഭരണകൂടത്തിലും കേരളത്തിലെ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിലും സാമൂഹ്യ നിയന്ത്രണങ്ങളുടെ വെളിച്ചത്തില്‍ കാണാം.

‘ജനങ്ങള്‍ മഹാമാരിയെ വല്ലാതെ ഭയപ്പെടുകയും അതിനെ നേരിടുന്നതിന് ശക്തനായ ഒരു നേതാവിന്റെ വരവ് ആഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരു ഏകാധിപതിക്ക് കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ വളരെ എളുപ്പമായിരിക്കും. അതേസമയം തന്നെ, ജനാധിപത്യത്തില്‍ രാഷ്ട്രീയക്കാര്‍ പരിധിവിട്ടു പോകുന്നു എന്ന് തോന്നുമ്പോള്‍ പൊതുജനങ്ങള്‍ക്ക് അവരെ നിയന്ത്രിക്കാനും സാധിക്കും.’ ‘പൗരന്മാര്‍ക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കുന്നുണ്ടെങ്കില്‍ അതിനൊപ്പം തന്നെ സര്‍ക്കാരിനുമേലുള്ള നിരീക്ഷണവും ശക്തമാക്കേണ്ടതുണ്ട്. ദുരന്തകാലത്ത് ലോകത്തെ എല്ലാ ഏകാധിപതികളും ജനജീവിതത്തിന്‍മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നതില്‍ അതീവ തല്‍പ്പരരുമാണ്’ ഇസ്രായേലി ചരിത്രകാരനും ജറുസലേം ഹിബ്രു സര്‍വകലാശാലയിലെ അധ്യാപകനുമായ യുവാല്‍ നോഹ ഹരാരി ഒരഭിമുഖത്തില്‍ ചൂണ്ടിക്കാണിച്ചതാണ് ഇക്കാര്യം.

കേന്ദ്ര സര്‍ക്കാരിനെയും കേരള സര്‍ക്കാരിനെയും നിരീക്ഷിച്ചാല്‍ ഈ സാമൂഹ്യ നിയന്ത്രണ കാലം തങ്ങളുടെ ഏകാധിപത്യത്തെ അടിച്ചുറപ്പിക്കാനും ജനങ്ങളെ അടിമകളെപ്പോലെ തങ്ങളുടെ സ്തുതിപാടകരാക്കാനും മാധ്യമങ്ങളെ നിയന്ത്രിക്കാനും അഴിമതി നിറഞ്ഞതും ജനവിരുദ്ധവുമായ തീരുമാനങ്ങളെ മറവില്‍ അടിച്ചേല്‍പിക്കാനും രാഷ്ട്രീയ എതിരാളികളെ അവഹേളിക്കാനും അധികാരമുപയോഗിച്ച് നിയന്ത്രിക്കാനും ഈ കോവിഡ് സന്ദര്‍ഭത്തെ ഒരു സുവര്‍ണാവസരമായി ഉപയോഗിച്ചത് കാണാനാകും.

മഹാമാരി മാരകമായി പടരാതിരിക്കാന്‍ സാമൂഹ്യ നിയന്ത്രണങ്ങള്‍ ആവശ്യമാണ്. പലപ്പോഴും സാമൂഹ്യ നിയന്ത്രണങ്ങള്‍ ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കുന്നതാണ് എന്നത് ഒരു പരിധിവരെ ശരിയാണ്. ജനാധിപത്യ ഭരണകൂടം സാമൂഹ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ തികഞ്ഞ ഏകാധിപത്യ സ്വഭാവത്തിലേക്ക് തിരിയുന്നത് അത്യന്തം അപകടകരമാണ്. ഇന്ത്യ ഈ അപകടം നേരിട്ടറിഞ്ഞ ദിനമാണ് 2020 മാര്‍ച്ച് 24. അന്ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ടി.വിയില്‍ പ്രത്യക്ഷപ്പെട്ട് രാത്രി 12 മണിമുതല്‍ 21 ദിവസത്തേക്ക് രാജ്യം അടച്ചിടുന്നതായി പ്രഖ്യാപിക്കുന്നു.

ഏത് രാജ്യമാണ് മോദി അടച്ചിടുന്നതായി പ്രഖ്യാപിച്ചത്. കോടിക്കണക്കിന് കുടിയേറ്റ തൊഴിലാളികളുള്ള രാജ്യം. വലിയ നഗരങ്ങളില്‍ ഭിക്ഷാടനവും, ഷൂ പോളിഷിംഗും, ചെരുപ്പ് തുന്നലും, തോട്ടിപ്പണിയും , റിക്ഷാവലിക്കുന്ന ജോലിയും അടക്കം ചെറു തൊഴിലെടുക്കാന്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടി കുടിയേറി വന്ന് തെരുവില്‍ കഴിയുന്ന രാജ്യം. സാമൂഹ്യ അകലം പാലിക്കാനാവാതെ ചേരികളിലും പുറംപോക്കുകളിലും റെയില്‍വേ പ്ലാറ്റ്ഫോമുകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന കോടിക്കണക്കിന് മനുഷ്യരുള്ള രാജ്യം. ജനങ്ങള്‍ക്ക് അകലെയുള്ള സ്വന്തം വീട്ടിലേക്ക് പോകാനോ ഉള്ള സ്ഥലങ്ങളില്‍ സാമൂഹ്യ നിയന്ത്രണങ്ങള്‍ പാലിച്ച് കഴിയാനുള്ള സൗകര്യങ്ങള്‍ ഉറപ്പ് വരുത്തി നല്‍കാനോ ഉള്ള ഒരു സംവിധാനവും ഏര്‍പ്പെടുത്താതെ തന്റെ അധികാര ഗര്‍വ് പ്രകടിപ്പിക്കാനാണ് പ്രധാനമന്ത്രി നേരിട്ട് പ്രത്യക്ഷപ്പെട്ട് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതിന്റെ പ്രതിഫലനമാണ് ഡല്‍ഹി, ഉത്തര്‍പ്രദേശ് അതിര്‍ത്തിയടക്കം നിരവധി സംസ്ഥാന അതിര്‍ത്തികളില്‍ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ തങ്ങളുടെ നാട്ടിലേക്ക് നൂറ് കണക്കിന് കിലോമീറ്ററുകള്‍ നടന്നുപോകാനായി എത്തിച്ചേര്‍ന്നത്. പൊലീസിന്റെ തല്ലും പ്രാകൃതമായ മനുഷ്യ വിരുദ്ധ ശിക്ഷാമുറകളും പൊലീസിനെക്കാള്‍ വലിയ അധികാര പ്രയോഗം നടത്തുന്ന കാക്കി യൂണിഫോമണിഞ്ഞ ആര്‍.എസ്.എസ് കാരുടെ ദണ്ഡ് പ്രയോഗങ്ങളും ഏറ്റുവാങ്ങി നാലും അഞ്ചും പത്തും ദിവസം കാല്‍ നടയായാണ് പലരും തങ്ങളുടെ വീടുകളിലേക്ക് എത്തിയത്. ഇതിനിടെ കുഴഞ്ഞ് വീണ് മരിച്ചവരുമുണ്ട്. ഇതില്‍ ബാലവേല ചെയ്യുന്നവരുണ്ട്, വയോജനങ്ങളുണ്ട്, ഗര്‍ഭിണികളുണ്ട്, വിദ്യാര്‍ഥികളുണ്ട്.

ഒരു ആശ്വാസ നടപടിയോ സൗജന്യ റേഷനോ രോഗപ്രതിരോധത്തിനടക്കം വ്യക്തമായ സമീപനമോ ഇല്ലാതെയാണ് സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. അപ്പോഴും അതിമാനുഷനെന്ന ഭരണാധികാരിയുടെ ഇമേജ് സൃഷ്ടിക്കാന്‍ പാത്രം മുട്ടും കൈയടിയും വിളക്കു തെളിക്കലും പുഷ്പ വര്‍ഷവുമടക്കം ആചാരാഘോഷങ്ങല്‍ പരമ്പരയായി പ്രഖ്യാപിക്കപ്പെട്ടു. വലിയ പുരോഗമന വിപ്ലവകാരികളായ മുഖ്യമന്ത്രിമാരും മന്ത്രിമാരും മാത്രമല്ല ശാസ്ത്രകാരന്‍മാരും വ്യവസായികളും ചലച്ചിത്ര, കായിക സൂപ്പര്‍ താരങ്ങളുമടക്കം ഈ കോമാളിക്കളിക്ക് ജയ ജയ പാടി ഭരണാധികാരിയുടെ അതിമാനുഷത്തെ വാഴ്ത്തിപ്പുണര്‍ന്നു. ചോദ്യം ചോദിക്കുന്നവരെ രാജ്യദ്രോഹികളാക്കി അനുയായി വൃന്ദം ആക്രോശിച്ചു.

അഴിമതിയുടെ തീവെട്ടിക്കൊള്ളയാണ് ഈ വറുതിക്കാലത്തും കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ്-19 മൂലം ദരിദ്ര ജനങ്ങള്‍ക്കുവന്ന പ്രതിസന്ധി മറികടക്കാന്‍ 65,000 കോടിയെങ്കിലും മാറ്റിവെക്കണമെന്ന് സാമ്പത്തിക വിദഗ്ധനായ രഘുറാം രാജനടക്കം ചൂണ്ടിക്കാട്ടിയ സന്ദര്‍ഭത്തിലാണ് വന്‍ തുക ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് രാജ്യം വിട്ടവരടക്കമുള്ള കോര്‍പറേറ്റ് ക്രിമിനലുകളുടെ 68,000 കോടി രൂപ കടം രഹസ്യമായി എഴുതിതള്ളിയ വാര്‍ത്ത പുറത്തുവരുന്നത്. മെഹുല്‍ ചോക്സി, ബാബാ രാംദേവ്, വിജയ് മല്യ തുടങ്ങിയ മോദിയുടെയും അമിത്ഷായുടേയും അടുപ്പക്കാരായ വലിയ മാഫിയ രാജാക്കാന്‍മാര്‍ക്കാണ് ഈ സുവര്‍ണ നേട്ടം.

രാജ്യത്തെമ്പാടും സ്വന്തം ജീവന്‍ തന്നെ അപകടത്തിലാക്കി റിസ്‌കെടുത്ത് സേവനമനുഷ്ടിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ കിറ്റുപോലുമില്ല. പഴയ പ്ലാസ്റ്റിക് കവറുകള്‍ കൈയില്‍ ചുറ്റി ഗ്ലൗസായി ഉപയോഗിക്കുന്ന ഡല്‍ഹിയിലേയും ഉത്തര്‍പ്രദേശിലേയും ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ഈ രാജ്യത്തിന്റെ സ്ഥിതിയെന്തെന്ന് വിളിച്ചു പറയുന്നതാണ്. അതിനൊന്നും പരിഹാരമായി ഒരു പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടില്ല എന്നു മാത്രമല്ല പരിശോധനാ കിറ്റുകള്‍ വാങ്ങുന്നതില്‍ പോലും കൊടിയ അഴിമതിയാണ്.

ചൈനയില്‍നിന്ന് 245 രൂപക്ക് ഇറക്കുമതിചെയ്യുന്ന കിറ്റ് 600 രൂപക്ക് വില്‍ക്കാന്‍ സ്വകാര്യകമ്പനികള്‍ക്ക് അവസരം ഒരുക്കിയത് ഈ കാലത്താണ്. ഈ കിറ്റുകളാകട്ടെ ഗുണനിലവാരമില്ലാത്തതും ശരിയായി ഉപയോഗ യോഗ്യമല്ലാത്തതുമാണെന്ന് പിന്നീട് വ്യക്തമായി. സ്വകാര്യകമ്പനികള്‍ ഇറക്കുമതി ചെയ്ത 2.74 ലക്ഷം കിറ്റാണ് ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. നിലവാരമില്ലാത്തതിനാല്‍ ഈ കിറ്റുകള്‍ ഉപയോഗിക്കേണ്ടതില്ലെന്നും പിന്നീട് ഐ.സി.എം.ആര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിലൂടെ കോടികളാണ് ഖജനാവിനും ജനങ്ങള്‍ക്കും നഷ്ടം വന്നത്. പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള ആന്റിബോഡി കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനാഫലങ്ങളില്‍ വ്യാപകമായി വൈരുധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആന്റിബോഡി കിറ്റുകള്‍ തിടുക്കത്തില്‍ ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന് ചില ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. പരിശോധനാനിരക്ക് അടിയന്തരമായി ഉയര്‍ത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കിറ്റുകള്‍ എത്തിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയത്.

രാഷ്ട്രീയ എതിരാളികളെ ഭരണകൂട ഭീകരതയാല്‍ ഉന്‍മൂലനം ചെയ്യാനും ഈ സാഹചര്യം കേന്ദ്രം ഭരിക്കുന്നവര്‍ അവസരമാക്കുന്നു. രാജ്യത്ത് അലയടിച്ചുയര്‍ന്ന പൗരത്വ പ്രക്ഷോഭം കേന്ദ്രം ഭരിക്കുന്നവര്‍ക്ക് വലിയ തലവേദയായിരുന്നു. ഈ പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രവും നട്ടെല്ലും ഡല്‍ഹിയിലെ പ്രത്യേകിച്ച് ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികളായിരുന്നു. അവരെ വേട്ടയാടാനും ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി. സംഘ്പരിവാര്‍ നേതാക്കള്‍ പരസ്യമായി ആസൂത്രണം ചെയ്ത് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടപ്പാക്കിയ വംശീയ ഉന്‍മൂലന നീക്കങ്ങളുടെ സൂത്രധാരകര്‍ എന്നാരോപിച്ചാണ് പൗരത്വ പ്രക്ഷോഭങ്ങളിലെ മുന്‍നിര പോരാളികളെ കേന്ദ്ര നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലീസ് വേട്ടയാടിയത്. ജെ.എന്‍.യുവിലെ മുന്‍ വിദ്യാര്‍ഥി നേതാവ് ഡോ. ഉമര്‍ ഖാലിദ്, ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥി നേതാക്കളായ മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍, പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷനായ ഷിഫാ ഉര്‍ റഹ്മാന്‍ എന്നിവര്‍ക്കെതിരെ യു.എ.പി.എ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്ത് ജയിലിലടച്ചത്. ഇതില്‍ സഫൂറ സര്‍ഗര്‍ എന്ന കാശ്മീരി വിദ്യാര്‍ഥിനി മൂന്ന് മാസം ഗര്‍ഭിണിയാണ്. ഭീമാ കൊറേഗാവ് പ്രക്ഷോഭത്തിന്റെ പേരില്‍ ആനന്ദ് തെല്‍തുംബ്ഡെയെ അറസ്റ്റ് ചെയ്തതും ഇക്കാലത്താണ്. ഡല്‍ഹി മൈനോരിറ്റി കമീഷന്‍ ചെയര്‍മാനും മില്ലി ഗസറ്റ് എഡിറ്റര്‍ ഇന്‍ ചീഫുമായ ഡോ. സഫറുല്‍ ഇസ്ലാം ഖാനെതിരെ സംഘ്പരിവാര്‍ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തുകയുമുണ്ടായി.

പിണറായി സര്‍ക്കാരിനും ഇത് സുവര്‍ണാവസരം
കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല തങ്ങളുടെ സര്‍വാധിപത്യം അടിച്ചേല്‍പിക്കാനും അതിമാനുഷനായ മുഖ്യമന്ത്രി എന്ന വിഗ്രഹ വത്കരണം നടത്താനും കേരള സര്‍ക്കാരും ഇത് സുവര്‍ണാവസരമായി തന്നെയാണ് കണ്ടത്. സാമൂഹ്യ നിയന്ത്രണങ്ങളുണ്ടാക്കുന്ന പ്രതികരണ വാക്വം ഉണ്ടാക്കിയ സാഹചര്യം പ്രൊഫഷണല്‍ പി.ആര്‍ ടീമിനെ ഉപയോഗിച്ച് സര്‍വശക്തനും സര്‍വാധികാരിയും സര്‍വനിയന്താവുമായ അധിപന്‍ എന്ന കിം ജോങ് ഉന്‍ ഇമേജ് കേരള മുഖ്യമന്ത്രിയില്‍ സൃഷ്ടിച്ചെടുക്കാനുള്ള നീക്കമാണ് കേരളത്തില്‍ നടക്കുന്നത്.

കുഞ്ഞു വാവയുടെ ഉടുപ്പ് മുതല്‍ സ്ത്രീകളെ അടുക്കളയില്‍ സഹായിക്കുന്ന നല്ല പുരുഷന്‍മാരാകാന്‍ ഉപദേശിക്കുന്ന, വീടുകളിലെ സെപ്റ്റിക് ടാങ്കുകള്‍ ലോക്ഡൗണ്‍ കാലത്തെ ഭക്ഷ്യ സുലഭതയാല്‍ നിറഞ്ഞ് കവിയുന്നതിനെ ഓര്‍മിപ്പിക്കുന്ന, ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യുമ്പോള്‍ പുറത്തുവരുന്ന വെള്ളം കൊതുക് മുട്ടയിട്ട് പെരുകാതെ എടുത്തുകളയാന്‍ ഉപദേശിക്കുന്ന, കരിയില വീഴുന്നതു പോലും അറിയുന്ന സര്‍വ്വജ്ഞനായ അതിമാനുഷനാണ് കേരള മുഖ്യമന്ത്രിയെന്ന് വരുത്തി തീര്‍ക്കുന്ന അതി ബൃഹത്തും വിപുലവുമായ പി.ആര്‍ സര്‍ക്കസാണ് കേരളത്തില്‍ നടക്കുന്നത്.

കോവിഡ്-19 നേരിടാന്‍ 20,000 കോടിരൂപയുടെ പാക്കേജ് പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി പത്രസമ്മേളന പരമ്പര ആരംഭിക്കുന്നത്. ഈ ഇരുപതിനായിരം കോടി രൂപ കോവിഡ്-19 വരുന്നതിന് മുന്നേ നേരത്തേ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളാണ് എന്ന വിവരം അറിയാത്തവരല്ല മുന്നിലിരുന്ന പത്രക്കാര്‍. ഇതില്‍ 14,000 കോടിയും കരാറുകാര്‍ക്ക് കുടിശ്ശിക തീര്‍ക്കാന്‍ നല്‍കുന്നതാണ്. ഇതെല്ലാം അറിയുന്ന മാധ്യമ ശിങ്കങ്ങളില്‍ നിന്ന് ചോദ്യം പോലുമുണ്ടാകുന്നില്ല എന്നതാണ് പി.ആര്‍ മാനേജ്മെന്റ് വിജയം. ഇതിനിടയില്‍ പ്രതിപക്ഷമോ സാമൂഹ്യ പ്രതിബദ്ധതയുള്ള പൗര സമൂഹത്തില്‍ നിന്ന് ആരെങ്കിലുമോ പ്രതികരിച്ചാല്‍ ആരാധക വൃത്തങ്ങളില്‍ നിന്ന് സമൂഹ മാധ്യമങ്ങളിലൂടെ മോബ് ലിഞ്ചിങ്ങാണ്. കേന്ദ്രത്തില്‍ സംഘ്പരിവാര്‍ പുലര്‍ത്തുന്ന അതേ സ്ട്രാറ്റജി.

കേരളം കോവിഡ് പ്രതിരോധ രംഗത്ത് മികച്ച നിലയിലാണുള്ളത്. അതിന് കാരണം കേരളത്തിലെ നിലവിലെ സാമൂഹ്യ പുരോഗതിയാണ്. പൊതുജനാരോഗ്യ മേഖല കാലങ്ങളായി ശക്തിപ്പെട്ടതാണ്. അതിന് കാരണം 2016ല്‍ അധികാരത്തിലേറിയ മുഖ്യമന്ത്രിയോ സര്‍ക്കാരോ അല്ല. കേരളം രൂപവത്കരിക്കുന്നതിന് മുമ്പ് തന്നെ തുടക്കമിട്ട പിന്നീട് മാറി മാറി വന്ന സര്‍ക്കാരുകളാണ്. അതിലുമുപരി കേരളീയ നവോത്ഥാനത്തിന്റെ ഫലമായി രൂപപ്പെട്ട സംഘബോധവും സാമൂഹ്യ പുരോഗതിയുമാണ്. ഇതിനെ മുഴുവന്‍ നിരാകരിച്ച് താനെന്ന സര്‍വ്വാധികാര്യക്കാരന്റെ അത്ഭുത സിദ്ധിയാണ് ഇവിടെ നടക്കുന്നതെന്ന് കാട്ടുന്ന ജനാധിപത്യ വിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ നടപടിയാണ് ഇന്ന് കേരളത്തില്‍ മുഖ്യമന്ത്രിയെ വിഗ്രഹവത്കരിക്കുന്നതിലൂടെ സംജാതമാകുന്നത്.

ഈ സാമൂഹ്യ നിയന്ത്രണാവസരം ഉപയോഗിച്ച് വലിയ അഴിമതിയും അധികാര പ്രയോഗവും സമര്‍ഥമായി നടത്തുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. സമാനമായ കാലമായിരുന്നു പ്രളയകാലം. അന്ന് പ്രളയ സാഹചര്യത്തില്‍ ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയത് നാം മറന്നിട്ടുണ്ടാകില്ല. അതുപോലെയാണ് പുതുതായി ബാറുകള്‍ക്ക് അനുമതി നല്‍കുന്നത്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിലുണ്ടായിരുന്നത് കേലവം 29 ബാറുകളാണെങ്കില്‍ ഇന്ന് അത് അറുന്നൂറിന് മേലെയാണ്. അതിനിടയിലാണ് സാമൂഹ്യ നിയന്ത്രണങ്ങള്‍ക്കിടയില്‍ പുതുതായി ആറ് ബാറുകള്‍ക്ക് വീണ്ടും അനുമതി നല്‍കിയത്. പ്രതികരിക്കാന്‍ ജനം തെരുവിലില്ലാത്ത സുവര്‍ണാവസരം ഉപയോഗിക്കുകയാണിവിടെ. മദ്യ മാഫിയയില്‍ നിന്ന് എന്താണ് ഭരണാധികാരികള്‍ പറ്റിയതെന്ന് വഴിയേ അറിയാം.

ആധുനിക ലോകത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഡേറ്റ സുരക്ഷ. അരോഗ്യ ഡേറ്റകളുടെ സുരക്ഷ അതി പ്രധാനമാണ്. കോവിഡിന്റെ മറവില്‍ കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവര ശേഖരണത്തിനായി സ്പിംഗ്ലര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് നല്‍കിയ വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാത്ത കരാര്‍ ഈ സന്ദര്‍ഭത്തെ എങ്ങനെ സര്‍ക്കാര്‍ ഉപയോഗിച്ചു എന്നതിന്റെ തെളിവാണ്. ഇതുന്നയിച്ചവരെ രാജ്യദ്രോഹിയാക്കാനുള്ള ശ്രമം വരെയാണ് നടത്തിയത്. കോവിഡ് പ്രതിരോധങ്ങളെ തടയുന്നവര്‍ എന്ന തരത്തില്‍ ഹീനമായ അധിക്ഷേപങ്ങളാണ് കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചവര്‍ നേരിടേണ്ടി വന്നത്. മാര്‍ച്ച് 24 മുതല്‍ വിവര ശേഖരം ആരംഭിച്ച സ്പിംഗ്ലറുമായി പര്‍ച്ചേസ് ഓര്‍ഡര്‍ ഏപ്രില്‍ രണ്ടിനാണ് നടത്തുന്നത്. പ്രതിപക്ഷം പ്രശ്നമുയര്‍ത്തി ദിവസങ്ങള്‍ക്ക് ശേഷം, ഏപ്രില്‍ 12നാണ് ഡേറ്റ സുരക്ഷ സംബന്ധിച്ച സ്പിംഗ്ലറിന്റെ ഉറപ്പ് ലഭിക്കുന്നത്. ഒരു കരാറില്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ പാലിച്ചില്ല എന്ന് സര്‍ക്കാരിന് തന്നെ സമ്മതിക്കേണ്ടി വന്നു. ഹൈക്കോടതി ഇടപെടേണ്ടി വന്ന ഇക്കാര്യത്തില്‍ കരാര്‍ റദ്ദാക്കിയില്ലെങ്കിലും സംശങ്ങള്‍ ചൂണ്ടിക്കാണിച്ചവരെ ശരിവെക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ കോടതിയില്‍ നിന്നുയരുകയും ചെയ്തു. അസാധാരണ സാഹചര്യത്തിന്റെ ആനുകൂല്യം മാത്രമാണ് സര്‍ക്കാരിന് കോടതി നല്‍കിയത്. ഏതായാലും ഇപ്പോല്‍ സ്പിംഗ്ലറില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് നിര്‍ത്തി. ഏത് വഴിയാണെന്നറിയില്ല, കേരളത്തിലെ കോവിഡ് ബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്നു എന്ന അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

കേരളത്തിലെ എല്ലാ രാഷ്ട്രീയ മത സാമൂഹ്യ പ്രസ്ഥാനങ്ങളും ഒത്തുചേര്‍ന്നാണ് കേരളത്തിലെ എല്ലാ ദുരന്തങ്ങളേയും നേരിട്ടത്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയും സ്ഥാപനങ്ങള്‍ വിട്ടുകൊടുത്തും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും സഹകരിച്ചും ഒക്കെയാണ് എല്ലാ ദുരന്തങ്ങളില്‍ നിന്നും കേരളത്തെ കരകയറ്റിയത്. കേരളത്തിന്റെ പൊതു സാമൂഹ്യ ജനാധിപത്യ ബോധമാണത്. കോവിഡ് പ്രതിരോധത്തിനും അങ്ങനെ തന്നെയാണ്. പക്ഷേ, 2018ലെ പ്രളയം മുതല്‍ കേരളത്തില്‍ ഭരണ കക്ഷിയായ സി.പി.എമ്മിന്റെ മാത്രം നിയന്ത്രണത്തിലേക്ക് എല്ലാ കാര്യങ്ങളും എത്തണമെന്ന ഗൂഢമായ നീക്കം സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാകുന്നു. കോവിഡ് കാലത്തോടെ അത് മറനീക്കി പുറത്തുവന്നു.

സന്നദ്ധപ്രവര്‍ത്തനത്തിന് സി.പി.എമ്മുകാര്‍ മാത്രം മതിയെന്നും അല്ലാത്തവരെ അനുവദിക്കില്ലെന്നുമുള്ള ഗൂഢമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഭരിക്കുന്ന സി.പി.എം തങ്ങളുടെ പ്രവര്‍ത്തകരെ മാത്രമാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് അനുവദിക്കുന്നത്. സര്‍ക്കാരിന്റെ സന്നദ്ധ സേവന സേനയില്‍ രജിസ്റ്റര്‍ ചെയ്ത് ജില്ലാ തദ്ദേശ ഭരണകൂടങ്ങളുടെ അനുമതിയോടെ പ്രവര്‍ത്തനത്തിറങ്ങിയ വളണ്ടിയര്‍മാരെപ്പോലും സര്‍ക്കാര്‍ വിലാസം ഗുണ്ടകളായ സി.പി.എമ്മുകാര്‍ തടഞ്ഞ നിരവധി അനുഭവങ്ങളുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങളും സര്‍ക്കാരിന്റെ അമിതാധികാര സ്വഭാവത്തെ ചൂണ്ടിക്കാട്ടുന്നുണ്ട്. തുടക്കത്തില്‍ സാലറി ചലഞ്ച് എന്നുപറഞ്ഞത് പിന്നീട് ആറുദിവസത്തെ ശമ്പളം വീതം അഞ്ചുമാസം പിടിക്കും എന്ന ഏകപക്ഷീയ തീരുമാനമായി മാറി. കഴിഞ്ഞ പ്രളയ കാലത്ത് സാലറി ചലഞ്ച് പ്രഖ്യാപിച്ച സര്‍ക്കാര്‍ വിസമ്മത പത്രം ചോദിച്ചത് കോടതി തടഞ്ഞിരുന്നു. ആറുദിവസത്തെ ശമ്പളം വീതം അഞ്ചുമാസം പിടിക്കാനുള്ള ഏകപക്ഷീയ നീക്കത്തെയും കോടതി തടഞ്ഞു. ഇതിനെ മറികടക്കാന്‍ ഇപ്പോള്‍ ഓര്‍ഡിനന്‍സിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍.

ഇപ്പോള്‍ നാം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളുടെ സാഹചര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ വരുമാനത്തില്‍ നിന്ന് മാറ്റിവെക്കാന്‍ സന്നദ്ധതയുള്ളവരാണ്. ഈ സന്നദ്ധതയെയാണ് സര്‍ക്കാര്‍ സംശയിക്കുന്നതും തികച്ചും ജനാധിപത്യ വിരുദ്ധമായ അധികാര പ്രയോഗം നടത്തുന്നതും. പല കാരണങ്ങളാല്‍ സര്‍ക്കാരോഫീസുകളില്‍ നിന്ന് അതൃപ്തികരമായ അനുഭവങ്ങളുള്ള ആളുകളുണ്ടാകും. അവരുടെ മാനസികമായ എതിര്‍പ്പിനെ ഉപയോഗപ്പെടുത്തി തങ്ങളുടെ ജനാധിപത്യപരമായ അവകാശമായ ചോദ്യം ഉയര്‍ത്തിയ സര്‍ക്കാര്‍ ജീവനക്കാരെ അധിക്ഷേപിക്കുന്ന അത്യന്തം നീചമായ രീതിയാണ് ഭരണകൂടവും അവരുടെ പി.ആര്‍ ചാവേറുകളും സ്വീകരിച്ചത്. മന്ത്രിമാര്‍ പോലും സര്‍ക്കാര്‍ ജീവനക്കാരെ തീറ്റപ്പണ്ടാരങ്ങളെന്നും ആര്‍ത്തിപ്പണ്ടാരങ്ങളെന്നുമുള്ള അത്യന്തം നീച പ്രയോഗങ്ങള്‍ നടത്തുന്നു.

സര്‍ക്കാരിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു കമന്റിട്ടയാളെ സൗജന്യ റേഷന്‍ വാങ്ങിയില്ലേ എന്ന പരിഹാസ്യമായ മറുപടി നല്‍കിയത് വൈദ്യുതി മന്ത്രിയാണ്. ജനങ്ങള്‍ക്ക് ദുരന്തകാലത്ത് സ്വന്തം കുടുംബത്തില്‍ നിന്ന് നല്‍കുന്ന സൗജന്യമാണ് എന്ന പ്രതീതി സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ മന്ത്രി നടത്തുന്നത് ആ മന്ത്രിയില്‍ എത്രമാത്രം രാജാധിപത്യ ഭാവം കടന്നുകൂടിയതുകൊണ്ടായിരിക്കും.

രാഷ്ട്രീയ എതിരാളികളെ സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല നേരിട്ടും ഭരണകൂട അധികാരം ഉപയോഗിച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രത്തിലെന്നപോലെ കേരളത്തിലും നടക്കുന്നുണ്ട്. പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ തെരുവിലറങ്ങിയ സംഭവം മറയാക്കി രാഷ്ട്രീയ എതിരാളികളെ ഉന്‍മൂലനം ചെയ്യാനുള്ള നീക്കങ്ങളാണ് നടത്തിയത്. ഇതെഴുതുന്നതുവരെ പായിപ്പാട് സംഭവത്തില്‍ ആരെങ്കിലും ഇളക്കിവിട്ടിട്ടാണ് (മുഖ്യമന്ത്രിയുടെ പ്രയോഗമാണ് ഇളക്കിവിട്ടു എന്നത്) എന്നത് തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പകരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളെ പിന്തുണക്കാത്തവരെ തെരെഞ്ഞുപിടിച്ച് വേട്ടയാടാനാണ് ഇവര്‍ ശ്രമിച്ചത്. കായംകുളത്ത് എതിര്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ട ഒരു പ്രാദേശിക യുവ നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് ഈ ലോക്ഡൗണ്‍ കാലത്താണ്. സി.പി.എമ്മുകാരാണ് പിന്നില്‍ എന്നാണ് അക്രമണത്തിന് വധേയരായവര്‍ പറയുന്നത്. എതിരാളികളെ കൊല്ലാനും കൊലവിളിക്കാനും ലോക്ഡൗണ്‍ കാലത്തുപോലും മടിയില്ല എന്നാണ് തെളിയിക്കുന്നത്.

ജനാധിപത്യത്തില്‍ എതിര്‍ ശബ്ദങ്ങള്‍ മര്‍മ പ്രധാനമാണ്. നിര്‍ണായക സാഹചര്യങ്ങളിലും സര്‍ക്കാരിനൊപ്പമെന്നപോലെ പ്രാധാന്യം വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതിനുമുണ്ട്. ആരോഗ്യപരമായ സമൂഹം അതുവഴിയേ രൂപപ്പെടൂ. വാഴ്ത്തുപാട്ടുകള്‍ മാത്രം സ്വീകരിക്കുന്ന അതിമാനുഷ ബിംബങ്ങളായ ഫാഷിസ്റ്റുകളല്ല എതിര്‍ ശബ്ദങ്ങളെ ഉള്‍ക്കൊള്ളുകയും അതിനെ പരിഗണിക്കുകയും ചെയ്യുന്ന ജനാധിപത്യ ബോധമുള്ള ഭരണാധികാരികളാണ് നമുക്ക് വേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ കേന്ദ്രത്തിലും കേരളത്തിലും നില നില്‍ക്കുന്ന ഭരണകൂടങ്ങള്‍ ഒരേ ശൈലിയില്‍ ജനാധിപത്യ വിരുദ്ധ ഫാഷിസറ്റ് രീതി പിന്തുടരുന്നവരാണ്. ലോക്ഡൗണിനെ സുവര്‍ണാവസരമാക്കുന്ന ഭരണകൂടങ്ങളാണ് അവ.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757