editorial

പ്രവാസികള്‍ക്ക് സ്വാഗതം – എഡിറ്റര്‍

നീണ്ട കാത്തിരിപ്പിന് താല്‍ക്കാലിക ആശ്വാസം. പ്രവാസി സംഘടനകളുടെയും വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും അറബ് നാടുകളുടെയും ശക്തമായ സമ്മര്‍ദത്തിനൊടുവിലാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതിയും പ്രവാസികളെ സ്വീകരിക്കുവാനുള്ള കേരള ഗവണ്‍മെന്റിന്റെ സന്നദ്ധതയും ഉണ്ടായത്. എന്നിട്ടും നാലുമാസത്തെ ശമ്പളമില്ലായ്മയും തൊഴില്‍ നഷ്ടവും അനുഭവിച്ച പ്രവാസിക്ക് ടിക്കറ്റുപോലും സൗജന്യമായി കൊടുക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാകാത്തത് അങ്ങേയറ്റം ക്രൂരമായ നിലപാടാണ്. അത്യാഹിത ഘട്ടത്തില്‍ പ്രവാസിക്ക് വേണ്ടി ചെലവഴിക്കാനെന്ന പേരില്‍ പ്രവാസികളില്‍ നിന്നും പിടിച്ചുവെച്ച ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് കേന്ദ്ര ഗവണ്‍മെന്റിന്റെ കൈവശമുണ്ട്. ഇത് കോടിക്കണക്കിന് രൂപ വരും. ഇതുപോലും എടുത്ത് പ്രവാസിക്കുവേണ്ടി ചെലവഴിക്കാത്ത കേന്ദ്ര ഗവണ്‍മെന്റ്, പ്രധാനമന്ത്രിയുടെ വിദേശപര്യടനത്തില്‍ ആര്‍ഭാടമായി നടത്തുന്ന സ്വീകരണത്തിന് ചെലവഴിക്കുന്ന കോടികള്‍ ഈ ഫണ്ടില്‍ നിന്നെടുക്കുന്നതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പ്രവാസികള്‍ക്ക് വേണ്ടി ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോഴാണ് ഇത് ചെലവഴിക്കുക.

കോവിഡ് പ്രതിരോധത്തില്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയാത്ത മോദി-അമിത്ഷാ കൂട്ടുകെട്ട് കോവിഡിനെ മറയാക്കി മുസ്ലിം നേതാക്കളെയും പൗരത്വ പ്രക്ഷോഭകരെയും വംശീയമായി യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്ന തിടുക്കത്തിലാണ്. കൊറോണയേക്കാളും ഭീകരമാണ് ഈ വംശീയ വൈറസ്. പ്രവാസികളുടെ കാര്യത്തില്‍ ഒരു കാലത്തും അനുഭാവ പൂര്‍വമായ സമീപനം സ്വീകരിക്കുന്നതില്‍ നമ്മുടെ ഗവണ്‍മെന്റുകള്‍ വിജയിച്ചിട്ടില്ല. എംബസികളില്‍ നിന്നും കൗണ്‍സുലേറ്റുകളില്‍ നിന്നും തൃപ്തികരമായ സമീപനങ്ങള്‍ പ്രവാസികള്‍ക്ക് ലഭിക്കാറുമില്ല. തൊഴില്‍ പ്രശ്നങ്ങള്‍, വിസ പ്രശ്‌നങ്ങള്‍, കേസുകള്‍, നിയമപ്രശ്നങ്ങള്‍, ജയില്‍വാസം, രോഗം, മരണം തുടങ്ങി പ്രവാസി പ്രശ്നങ്ങളില്‍ അതാത് രാജ്യങ്ങളുമായി നയതന്ത്ര ബന്ധങ്ങളോ നിയമ സഹായങ്ങളോ നല്‍കാന്‍ കഴിയാറില്ല. പ്രവാസികളുടെ പ്രശ്നങ്ങള്‍ എന്നും പരിഹരിച്ചു പോന്നിട്ടുള്ളത് പ്രവാസി സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരുമാണ്. പ്രവാസികളാകട്ടെ അത്തരം പരാതികള്‍ സംഘടിതമായി ഉന്നയിക്കാറുമില്ല. കുടുംബം, നാട്, രാജ്യം, രാഷ്ട്രീയ പാര്‍ട്ടികള്‍, രോഗികള്‍, ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിക്കുന്ന മന്‍ഷ്യര്‍ എല്ലാവരെയും സംരക്ഷിക്കേണ്ടതും സാമ്പത്തികമായി സഹായിക്കേണ്ടതും ഞങ്ങളുടെ ബാധ്യതയാണെന്ന പൊതുബോധമാണ് അവര്‍ക്കുള്ളത്. അവര്‍ ഇതുവരെ സ്വന്തം നാടിനോട് ഒന്നും ചോദിച്ചിട്ടില്ല; തന്നിട്ടേ ഉള്ളൂ. എന്നാല്‍, കോവിഡ് അവരെയും പിടിച്ചുലച്ചു. ജീവനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സിന്റെ താളം തെറ്റാന്‍ മാത്രം അവര്‍ ആശങ്കയിലും ഭയത്തിലുമാണ്. അത് ഒരു നിലവിളിയായി മാറിയത് കേള്‍ക്കാനുള്ള ധാര്‍മികതയെങ്കിലും നമുക്കുണ്ടാവണം. അത് നാം നിര്‍വഹിച്ചേ പറ്റൂ.

നാട്ടിലെത്തുന്നവര്‍ക്ക് മാന്യമായ പരിചരണവും സംരക്ഷണവും ലഭിക്കണം. ചികിത്സ ആവശ്യമുള്ളവര്‍ക്ക് ശരിയായ ചികിത്സയും മുഴുവന്‍ പ്രവാസികള്‍ക്കും കൗണ്‍സലിങ്ങും ലഭിക്കണം. ജോലി നഷ്ടപ്പെട്ടവരും തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്കും നാട്ടില്‍ മാന്യമായ തൊഴിലും പുനരധിവാസവും ഉറപ്പുവരുത്തണം. കുടുംബസമേതം വിദേശത്ത് കഴിഞ്ഞവരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് തുടര്‍ച്ചയും ഉറപ്പുവരുത്തണം. പ്രവാസി ക്ഷേമ പദ്ധതികള്‍ വര്‍ധിപ്പിക്കുകയും ലഭ്യമാക്കുന്നതിനുള്ള വഴികള്‍ എളുപ്പവും സുതാര്യവുമാക്കണം. ധാരളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചാല്‍ മാത്രമെ പ്രവാസികളെ തൃപ്തികരമായ രീതിയില്‍ അക്കോമഡേറ്റ് ചെയ്യാന്‍ കഴിയൂ. തൊഴില്‍ നല്‍കിയും ഉല്‍പാദന മേഖലയില്‍ പങ്കാളികളാക്കിയും മടങ്ങിവരുന്ന പ്രവാസിയെ പുനരധിവസിപ്പിക്കണം. അവരുടെ മടങ്ങിവരവ് നമ്മുടെ സമ്പദ്ഘടനയുടെ നട്ടെല്ലൊടിക്കും. കേരളത്തിന്റെ ജി.എസ്.ഡി.പിയുടെ 35 ശതമാനം വരെ പ്രവാസി വിഹിതമാണ്. 2008ലെയും 2010ലെയും ആഗോള സാമ്പത്തിക മാന്ദ്യകാലത്ത് രാജ്യത്തെയും സംസ്ഥാനത്തെയും പിടിച്ചുനിര്‍ത്തിയത് പ്രവാസി പണമായിരുന്നു.

കോവിഡ് കാരണം പ്രവാസി അയക്കുന്ന പണത്തില്‍ 25 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്നിട്ടും കോവിഡാനന്തരം കേരളത്തിന്റെ സമ്പദ്ഘടനയെക്കുറിച്ച ഗൗരവപ്പെട്ട ഒരു ചര്‍ച്ചയും നടക്കുന്നില്ല. കോവിഡിനു മുമ്പ് തന്നെ ആരംഭിച്ച കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ധന മാനേജ്മെന്റിന്റെ പരാജയവും കെടുകാര്യസ്ഥതയും ബോധ്യപ്പെടുത്തുന്നതാണ്. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ട് നാല് മാസമായിട്ടും കോവിഡാനന്തര കേരളത്തെ എങ്ങിനെ നിര്‍മിച്ചെടുക്കും എന്നതിനു മുഖ്യമന്ത്രിക്കോ ധനമന്ത്രിക്കോ ഒരു ധാരണയുമില്ല. പ്രളയകാലത്ത് നവകേരള സൃഷ്ടിയെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ ‘തള്ള്’ അടിയന്തര സഹായമായ 10,000 രൂപക്ക് വേണ്ടിയുള്ള ഒരു വര്‍ഷത്തെ നിലവിളിയായി പരിലസിച്ചു. പത്രസമ്മേളനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം പ്രഖ്യാപിച്ചും ലോക്ഡൗണിന്റെ കാര്‍ക്കശ്യത്തെക്കുറിച്ചും ഇളവിനെക്കുറിച്ചുമല്ലാതെ ക്രിയാത്മകമായി ഒന്നും തന്നെയില്ല. ഒരു തരം ‘തള്ള്’ രാഷ്ട്രീയമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. മീഡിയ മാനേജ്മെന്റിലൂടെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിപക്ഷ സ്വരങ്ങള്‍ക്കെതിരെ നടത്തുന്ന സോഷ്യല്‍ മീഡിയാ ലിഞ്ചിംഗുമാണ് കേരള ഭരണത്തിന്റെ പ്രത്യക്ഷാനുഭവം. പാര്‍ട്ടിയിലെ തന്നെ ശല്യക്കാരെയും തെരഞ്ഞെടുപ്പ് പരാജയങ്ങളിലെ നിരാശരെയും ചില സമുദായങ്ങളെയും ഒക്കെ തൃപ്തിപ്പെടുത്താന്‍ ഖജനാവിന് കോടികളടെ നഷ്ടം വരുത്തിവെക്കുന്ന കേബിനറ്റ് പദവികളും ഒരു ഗുണവുമില്ലാത്ത കുറെ ഉപദേശകരുമായി ഈ സര്‍ക്കാര്‍ അനാവശ്യമായ ധൂര്‍ത്താണ് തുടര്‍ന്നുകൊണ്ടിരക്കുന്നത്. തൊഴിലാളികളുടെ കൂലി വെട്ടിക്കുറക്കലാണ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ആദ്യ വഴി എന്നത് ജന്‍മികളുടെ നിലപാടാണ്.

കേരളം ഇനിയെങ്കിലും ഗൗരവത്തില്‍ ചിന്തിക്കണം
ചെറുകിട-ഇടത്തര വ്യവസായങ്ങളാണ് കേരളത്തിന്റെ തൊഴില്‍ മേഖല. ഈ മേഖല ഏറെക്കുറെ തകര്‍ന്ന മട്ടാണ്. ഇവയുടെ പുനരുജ്ജീവനത്തിലൂടെ മാത്രമെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. സാമ്പത്തിക വിദഗ്ധന്‍മാരുടെ അഭിപ്രായം തേടിയും പ്രതിപക്ഷത്തേയും ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും വിശ്വാസത്തിലെടുത്തും ഏത പ്രതികൂല സാഹചര്യത്തിലും ദേശീയ അന്തര്‍ദേശീയ പ്രശ്നങ്ങള്‍ സ്വാധീനിക്കാത്തതും സ്വയം പര്യാപ്തവുമായ ഒരു പ്രാദേശിക സമ്പദ്ഘടന കേരളത്തില്‍ രൂപപ്പെടുത്തിയെടുക്കണം. ആഭ്യന്തര ഉല്‍പാദനത്തിനു ഊന്നല്‍ നല്‍കി കാര്‍ഷിക വ്യാവസായിക സേവന മേഖലകളെ പുനഃക്രമീകരിക്കുന്നതായിരിക്കണം ഈ പ്രാദേശിക സമ്പദ്ഘടന. ഉപഭോകൃത കേരളം എന്നത് ഉല്‍പാദന കേരളമായി മാറണം. അതിനാവശ്യമായ ഗൗരവപ്പെട്ട ആലോചനകള്‍ക്ക് എല്ലാ ദാര്‍ഷ്ട്യവു മാറ്റിവെച്ച് എല്ലാവരെയും കൂടെ നിര്‍ത്തി ഗവണ്‍മെന്റ് മുന്‍കൈയെടുക്കണം. സ്വയം പര്യാപ്തതയുള ഒരു പുതിയ കേരളമാകട്ടെ കോവിഡാനന്തര കേരളം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757