Opinion

ഡേറ്റയും സ്പ്രിംഗ്ലറും ഡേറ്റയുടെ രാഷ്ട്രീയവും – ഷംസീര്‍ ഹസന്‍

 

സ്പ്രിംഗ്ലര്‍ വിവാദത്തോടെ ഡേറ്റയും വ്യക്തിയുടെ സ്വകാര്യതയും വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്. കൊറോണക്കെതിരെയുള്ള പോരാട്ടത്തിന്റെ മറവില്‍ നമ്മുടെ ഡേറ്റ ഏതൊക്കെ ശക്തികളാണ്, എന്തൊക്കെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തുന്നത്? അങ്ങനെ ഉപയോഗപ്പെടുത്തുന്നതില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? ഈ വിഷയത്തിന്റെ നൈതികവും നിയമപരവുമായ വശങ്ങള്‍ എന്തൊക്കെ? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളന്വേഷിക്കുകയാണീ ലേഖനത്തിലൂടെ.

എന്താണ് ഡേറ്റ?
എന്തെങ്കിലും ആവശ്യാര്‍ഥം ശേഖരിക്കുന്ന ചെറിയതും സംഘടിതവുമായ വിവരങ്ങളെയാണ് സാങ്കേതിക ലോകത്ത് ഡേറ്റ എന്ന് പറയുന്നത്. ഏതെങ്കിലും പ്രത്യേക ഗണത്തില്‍ പെടുത്താവുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, അളവുകള്‍, പ്രത്യേക വിവരങ്ങള്‍, വിശദാംശങ്ങള്‍ എന്നിവയൊക്കെ ഡേറ്റ എന്ന ഗണത്തില്‍ പെടുത്താവുന്നതാണ്. സാമൂഹിക പ്രവണതകളെ പഠിക്കാന്‍, ആരോഗ്യ പരിപാലന രംഗത്തെ പ്രവണതകളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍, രാഷ്ട്രീയ രംഗത്തെ മനോഗതികളെ അവലോകനം ചെയ്യാന്‍ ഇങ്ങനെ ഒട്ടേറെ ആവശ്യങ്ങള്‍ക്ക് ഡേറ്റ ഉപയോഗിച്ചുവരുന്നു. നമ്മള്‍ ജീവിക്കുന്നത് ബിഗ് ഡേറ്റ യുഗത്തിലാണ്. ഇങ്ങനെ കൃത്യമായ ഒരു മാനദണ്ഡം അടിസ്ഥാനമാക്കി ക്രമീകരിക്കപ്പെടുകയോ വര്‍ഗീകരിക്കപ്പെടുകയോ ചെയ്യാത്ത വിശാലമായ വിവരങ്ങളെ ബിഗ് ഡേറ്റ എന്നു വിളിക്കുന്നു. കൃത്യമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ക്രമീകരിക്കുന്ന പ്രോസ്സസിനെ ഡേറ്റ ഉദ്ഖനനം (ഡേറ്റ മൈനിങ്) എന്നും വിളിക്കുന്നു. വലിയ അളവിലുള്ള വിവരങ്ങള്‍ വിവര സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് അപഗ്രഥിച്ച് ഉപകാരപ്രദമായ അനുമാനങ്ങളും, പ്രവണതകളും, മനുഷ്യരുടെ സ്വഭാവം, ഇടപെടലുകള്‍ എന്നിവയുടെ പോലും ഭാവി നിര്‍ണയിക്കുന്ന വിധത്തില്‍ വിവരങ്ങള്‍ പുറത്ത് വിടുന്ന ഒരു പ്രക്രിയയാണ് ബിഗ് ഡേറ്റ അപഗ്രഥനം അഥവാ ബിഗ് ഡേറ്റ അനാലിസിസ് എന്ന് വിളിക്കുന്നത്. ഡേറ്റ ശാസ്ത്രം അഥവാ ഡേറ്റ സയന്‍സ് എന്ന ഒരു പുതിയ മേഖലക്ക് തന്നെ ഇത് ജന്മം കൊടുത്തിരിക്കുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിമാസ വേതനം വാങ്ങിക്കുന്ന തസ്തികകളില്‍ ഒന്ന് ഡേറ്റ ശാസ്ത്രജ്ഞന്മാരുടേതാണ് (ഡേറ്റ സൈന്റിസ്റ്റ്). വിവരഗവേഷണ മുന്‍നിരക്കാരില്‍ പ്രമുഖരായ ഗാര്‍ട്ട്ണര്‍ റിസര്‍ച്ചാണ് ബിഗ് ഡേറ്റയുടെ അഞ്ച് വി (V) കളെ നിര്‍ണയിച്ചത്. Volume (അളവ്), Veloctiy (വേഗത), Varitey (വ്യത്യസ്തത), Veractiy (കൃത്യത), Value (മൂല്യം) എന്നീ ‘വി’ കള്‍ ഡേറ്റക്ക് വലിയ തോതില്‍ ഉണ്ടെങ്കില്‍ അവയെ ബിഗ് ഡേറ്റയായി പരിഗണിക്കാം.

ഡേറ്റയുടെ മൂല്യവും വിപണിയും നമ്മുടെ കുറച്ചാളുകളുടെ വിവരങ്ങള്‍ ഒരു കമ്പനിക്ക് കൊടുത്താല്‍ എന്താണ് അതിലിത്ര പ്രശ്നം എന്നാണ് പലരുടെയും ചോദ്യം. കുറച്ചാളുകളുടെ വിവരങ്ങള്‍ കൊടുത്താല്‍ പോലും അത് വെച്ച് പതിന്മടങ്ങ് ഇടപെടലുകള്‍ പ്രവചിക്കാന്‍ ബിഗ് ഡേറ്റ അനാലിസിസ് കൊണ്ട് സാധിക്കും എന്നിടത്താണ്, എന്ത്കൊണ്ട് ഒരു കോര്‍പ്പറേറ്റ് കമ്പനിയായ സ്പ്രിംഗ്ലര്‍ മലയാളികളെ സഹായിക്കാന്‍ ഇത്ര ഉല്‍സാഹം കാണിക്കുന്നത് എന്ന് നമ്മള്‍ ചിന്തിച്ച് തുടങ്ങേണ്ടത്. ഉദാഹരണത്തിന് പത്ത് പേരുടെ വിവരങ്ങള്‍ വെച്ച് അറുപതോ അതിലധികമോ ഉപയോഗപ്രദമായ വിവരങ്ങളാക്കി മാറ്റുവാന്‍ ഇന്നത്തെ സാങ്കേതികവിദ്യകള്‍ കൊണ്ട് അനായാസം സാധിക്കും. അപ്പോള്‍ ലക്ഷക്കണക്കിനാളുകളുടെ വിവരങ്ങള്‍ വെച്ച് കോടിക്കണക്കിന് അനുമാനങ്ങള്‍ രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കും എന്നിടത്താണ് നമ്മുടെയൊക്കെ വിവരങ്ങളുടെ വിപണി സാധ്യത. പുതിയ എണ്ണ എന്നത് വിവരങ്ങളാണ് (ഡേറ്റ ഈസ് ദി ന്യൂ ഓയില്‍) എന്ന ഒരു ചൊല്ല് തന്നെ നിലവിലുണ്ട്. ഡേറ്റ ഇക്കോണമിയുടെ ക്ലാസിക് മാതൃകകളാണ് ആമസോണ്‍, ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ ആഗോള കമ്പനികള്‍. അവര്‍ സമാഹരിച്ച വിവരങ്ങളുടെ മുകളിലാണ് ആ കമ്പനികള്‍ അവരുടെ വ്യവസായ വാണിജ്യ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നത്. 2020ല്‍ 140 ബില്യണ്‍ യു.എസ് ഡോളര്‍ മൂല്യമുള്ള ബിഗ് ഡേറ്റ വിപണി 2025ഓടെ 230 ബില്യണ്‍ ഡോളറായി ഉയരും എന്നാണ് ഈയടുത്ത് വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍തന്നെ വ്യക്തികളുടെ ആരോഗ്യപരമായ വിവരങ്ങളുടെ വിപണി മൂല്യം 2019ല്‍ 14.08 ബില്യണ്‍ ഡോളറായിരുന്നെങ്കില്‍, 2024ല്‍ അത് 50.5 ബില്യണ്‍ ഡോളറാവും എന്നാണ് കണക്കാക്കപ്പെടുന്നത്.

വിവര സ്വകാര്യതയുടെ പ്രാധാന്യം ഫോബ്സ് വാരിക കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട് ‘വിവര സ്വകാര്യത (ഡേറ്റ പ്രൈവസി) അടുത്ത പതിറ്റാണ്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം’ എന്നാണ്. നമ്മുടെ സ്വകാര്യ വിവരങ്ങള്‍ വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് വാണിജ്യവല്‍ക്കരിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആ ലേഖനത്തില്‍ ഉണ്ട്. ഗാര്‍ട്ട്ണര്‍ റിസര്‍ച്ച് 2020 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ലോകത്തില്‍ അറുപതിലധികം അധികാരകേന്ദ്രങ്ങള്‍ ശക്തമായ വിവരസ്വകാര്യ നിയമനിര്‍മാണവുമായി മുന്നോട്ട്പോവുന്നുണ്ട് എന്ന് പറയുന്നു. എണ്‍പതിലധികം രാജ്യങ്ങളില്‍ വിവരസ്വകാര്യതനിയമങ്ങള്‍ നിലവില്‍ വന്നുകഴിഞ്ഞു. ‘ജനറല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജി ഡി പി ആര്‍)’ യൂറോപ്യന്‍ യൂണിയനിലെയും, ‘പേഴ്സണല്‍ ഇന്‍ഫോമേഷന്‍ പ്രൊട്ടക്ഷന്‍ ആന്റ് ഇലക്ട്രോണിക് ഡോക്യുമെന്റ്സ് ആക്റ്റ് ‘(കാനഡ), ‘ബി ഡി എസ് ജി’ (ജര്‍മ്മനി), ‘ദി പ്രൈവസി ആക്റ്റ് 1988’ (ആസ്ത്രേലിയ) എല്ലാം വളരെ കാര്യക്ഷമമായി പാലിക്കപ്പെടുന്ന സ്വകാര്യ സംരക്ഷണ നിയമങ്ങളാണ്. ലംഘനങ്ങള്‍ക്ക് ഭീമമായ പിഴയാണ് ചുമത്തപ്പെടുക. ഉദാഹരണത്തിന് ഏതെങ്കിലും സ്ഥാപനം ജി.ഡി.പി.ആര്‍ (യൂറോപ്യന്‍ യൂണിയന്‍) നിയമം ലംഘിച്ചാല്‍ അവരുടെ മേല്‍ 20 മില്യണ്‍ യൂറോ വരെ പിഴ ചുമത്തുകയോ, അല്ലെങ്കില്‍ സ്ഥാപനത്തിന്റെ പോയ വര്‍ഷത്തെ മൊത്തം ആഗോള വരുമാനത്തിന്റെ 4% (ഏതാണ് കൂടുതലെങ്കില്‍) അത് സ്ഥാപനം പിഴയടക്കേണ്ടതാണ്. അമേരിക്കയില്‍ പല സ്റ്റേറ്റുകള്‍ക്ക് സ്വകാര്യ വിവര സംരക്ഷണം നിലവിലുണ്ടെങ്കിലും രാജ്യത്തിന് മൊത്തമായി നിയമം നിലവിലില്ല. എന്നാല്‍, പൗരന്മാരുടെ ആരോഗ്യ വിവര സ്വകാര്യതാ സംരക്ഷണത്തിനായി ‘ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോര്‍ട്ടബിലിറ്റി ആന്റ് അക്കൗണ്ടബിലിറ്റി ആക്റ്റ്’ നിയമം നിലവിലുള്ളതും, ഏതെങ്കിലും സ്ഥാപനം നിയമലംഘനം നടത്തുന്നപക്ഷം ഓരോ റെക്കോര്‍ഡിനും 100 മുതല്‍ 50,000 ഡോളര്‍ വരെ പിഴ ചുമത്തപ്പെടുന്നതുമാണ്.

‘പേഴ്സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2018’ ആണ് ഇന്ത്യയിലെ സ്വകാര്യ വിവര സംരക്ഷണ നിയമം. ഏത് പൗരന്റെയും (രോഗബാധിതരുടെ മാത്രമല്ല) ആരോഗ്യപരമായുള്ളതും, വ്യക്തിപരവുമായ വിവരങ്ങളും ആര്‍ട്ടിക്കിള്‍ 21ല്‍ ഉള്‍പ്പെടുന്ന ജീവിക്കാനുള്ള അവകാശമായാണ് ഇന്ത്യയില്‍ കണക്കാക്കുന്നത്. ആയതിനാല്‍ തന്നെ ഈ വിവങ്ങള്‍ സെന്‍സിറ്റീവ് വിവരങ്ങളാണ്. വിവര സ്വകാര്യതയും വിവരസുരക്ഷിതത്വവും വ്യക്തികളുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെ തന്നെയും സ്വാതന്ത്ര്യം, സുരക്ഷിതത്വം, പരമാധികാരം എന്നിവയുമായി വലിയ ബന്ധം പുലര്‍ത്തുന്നുണ്ട്. ഇന്ത്യയില്‍ ആധാര്‍ എതിര്‍പ്പ് വിളിച്ചുവരുത്തിയത് ജനങ്ങളെ സംബന്ധിക്കുന്ന വിവരസമാഹരണം സുരക്ഷിതമായിരിക്കുമോ, അത് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കകൊണ്ടാണ്. വ്യക്തികളെ സംബന്ധിക്കുന്ന വിവരം ബോധപൂര്‍വമോ അല്ലാതെയോ ചോര്‍ത്തപ്പെടുന്നത് അത് സമാഹരിക്കുന്ന ഗവണ്മെന്റ് അല്ലെങ്കില്‍ സ്ഥാപനത്തെയും ഏതൊരു വ്യക്തിയെ സംബന്ധിച്ചതാണോ ആ വിവരം അയാളെയും പ്രതികൂലമായി ബാധിച്ചേക്കും. ഡേറ്റ ചോരണം, അനധികൃത പങ്കുവെക്കല്‍, ദുരുപയോഗം എന്നിവ സംബന്ധിച്ച വാര്‍ത്തകള്‍ പതിവായിട്ടും ഡേറ്റ സ്വകാര്യത, സുരക്ഷിതത്വം എന്നിവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇനിയും കണക്കിലെടുക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

കോവിഡ് 19ഉം വിവരശേഖരണവും സ്മാര്‍ട് ഫോണുകള്‍ സര്‍വവ്യാപിയായ കാലത്തെ ആദ്യത്തെ മഹാമാരിയായാണ് കോവിഡ്-19നെ സാങ്കേതിക വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. കോവിഡ് വ്യാപനം പ്രതിരോധിക്കാനും രോഗബാധിതരെ പിന്തുടരുന്നതിനുമുള്ള മാര്‍ഗങ്ങളെന്ത് എന്ന ആലോചനക്ക് ലഭിച്ച ഉത്തരമാണ്, മൊബൈല്‍ ഫോണുകളെ നിരീക്ഷണ ഉപകരണമാക്കാമെന്നത്. ടെലികോം വകുപ്പിന്റെയും ഇന്റര്‍നെറ്റ് ദാതാക്കളുടെയും സഹായത്തോടെ ഒട്ടുമിക്ക രാജ്യങ്ങളും ആപ്ലിക്കേഷനുകള്‍ പുറത്തിറക്കാനും പൗരജീവിതത്തിലേക്ക് ചുഴിഞ്ഞുനോക്കാനും അതോടെ തുടക്കം കുറിച്ചു. ആഗോള കമ്പനിയായ ‘ആലിബാബ’യുടെ സഹകരണത്തോടെ ചൈനയാണ് പൗരന്‍മാരുടെ സഞ്ചാരം പിന്തുടരുന്ന പദ്ധതി (ട്രാക്കിങ്) ആരംഭിച്ചത്. വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ കോവിഡ് ബാധിതയെ പത്തുമിനിറ്റിനകം അറസ്റ്റ് ചെയ്തത് ആഗോളവാര്‍ത്തയായി. ഉടനെതന്നെ സിംഗപ്പൂരും ദക്ഷിണ കൊറിയയുമെല്ലാം സമാനമായ മാതൃക പരീക്ഷിച്ചു.

ആരോഗ്യപരിപാലനത്തിലെ സ്തുത്യര്‍ഹ സേവനത്തിന് ഏറ്റവും എളുപ്പവും ഉപകാരപ്രദവുമായ രീതി എന്ന അര്‍ഥത്തില്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് ലോകവ്യാപക സ്വീകരണമാണ് ലഭിച്ചത്. ഭരണകര്‍ത്താക്കള്‍ അവ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഹ്വാനം ചെയ്തു. എന്നാല്‍, ആപ്പുകളുടെ സര്‍വസ്വീകാര്യതക്കിടെ, കോവിഡ് കാലത്തെ മറപിടിച്ച് ഭരണകൂടങ്ങളും വന്‍കിട സാങ്കേതിക കമ്പനികളും നെറ്റ് ദാതാക്കളും ചേര്‍ന്ന് ലോക ജനസംഖ്യയിലെ പകുതിയിലധികം വരുന്നവരുടെ സ്വകാര്യവിവരശേഖരണ ഖനനത്തില്‍ നോട്ടമിട്ട് പണിയെടുക്കുകയാണോ എന്ന ഗൗരവതരമായ സംശയം ഉന്നയിക്കുകയാണ് ആംനസ്റ്റിയും യൂറോപ്യന്‍ യൂനിയനും ഒരു വിഭാഗം സാങ്കേതിക വിദഗ്ധരും. സ്വകാര്യത അവകാശങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോര്‍ട്ടര്‍ ജോസഫ് കന്നാറ്റസി ഇത്തരം ആപ്ലിക്കേഷനുകളെ കുറിച്ച് പ്രസ്താവിച്ചത് ഇപ്രകാരമാണ്: ”കാര്യങ്ങള്‍ വളരെ വേഗത്തില്‍ നടക്കുന്നു, പക്ഷേ, ആരും വേണ്ടത്ര സൂക്ഷ്മപരിശോധന നടത്തുന്നില്ല”. കോവിഡ് ബാധിതരെ പിന്തുടരാനും സാമൂഹിക അകലം ഉറപ്പുവരുത്താനും ആരോഗ്യപരിപാലനം എളുപ്പമാക്കാനുമുള്ള സാങ്കേതികവിദ്യ ആപ്പിളും ഗൂഗ്ളും സംയുക്തമായി വികസിപ്പിക്കുന്നുവെന്ന തീരുമാനം ഉയര്‍ത്തിയ സംവാദമാണ് ഡേറ്റ ചൂഷണത്തിനുള്ള സാധ്യതകളിലേക്ക് വിദഗ്ധരുടെ നോട്ടത്തിന് പ്രേരിപ്പിച്ചത്. കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ പുറത്തിറക്കിയത് ചാരപ്രവൃത്തി സംശയിക്കുന്നവരെ നിരീക്ഷിക്കുന്ന ആപ്ലിക്കേഷനാണത്രെ. ജര്‍മനിയും റഷ്യയും പോളണ്ടും ഫ്രാന്‍സും അമേരിക്കയുമെല്ലാം ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളും പൗരരുടെ സ്വകാര്യതാ നിയമങ്ങള്‍ ലംഘിക്കുന്നതാണെന്ന് കണ്ടെത്തിയിരിക്കുന്നു.

കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുറത്തിറക്കിയ ‘ആരോഗ്യസേതു’വും പൗരരുടെ വ്യക്തിജീവിതത്തിലേക്കുള്ള ഭരണകൂടത്തിന്റെ ചുഴിഞ്ഞുനോട്ടം എളുപ്പമാക്കുന്നുവെന്ന് വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു. വ്യക്തികളുടെ സ്വകാര്യതകളില്‍ അതിക്രമിച്ചുകടക്കുകയും വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കുകയും ചെയ്യാനുള്ള അസുലഭ അവസരമായി മാറുകയാണ് കോവിഡ് കാലത്തെ സാങ്കേതികവിദ്യ ആരോഗ്യപ്രവര്‍ത്തനങ്ങള്‍. ഭരണകൂടത്തിന്റെ നിരീക്ഷണവലയത്തിലേക്ക് പൗരരെ അകപ്പെടുത്താനുള്ള മികച്ച അവസരമായി അധികാരികള്‍ ഇത് സമര്‍ഥമായി പ്രയോജനപ്പെടുത്തുകയാണ്. കോവിഡാനന്തരം പുലരുമെന്ന് പ്രതീക്ഷിക്കുന്ന ഡേറ്റ സമ്പദ് വ്യവസ്ഥക്കും സാങ്കേതിക സര്‍വാധിപത്യത്തിനും വേണ്ടിയുള്ള നിക്ഷേപത്തിന് മികച്ച അവസരമായി ഈ സന്ദര്‍ഭത്തെ മുതലെടുക്കുകയാണ് വന്‍കിട കമ്പനികളും ഭരണാധികാരികളും. ആംനസ്റ്റി ഇന്റര്‍നാഷനല്‍ സെക്രട്ടറി ജനറല്‍ കുമി നായിദു പറയുന്നത്: ഈ കാലത്തെ ഏറ്റവും വലിയ മനുഷ്യാവകാശ വെല്ലുവിളികളാണ് ഇത്തരം പ്ലാറ്റ്ഫോമുകള്‍ ഉയര്‍ത്തുന്നതെന്നാണ്.

എന്താണ് സ്പ്രിംഗ്ലര്‍ ?
കൃത്യമായി പറഞ്ഞാല്‍ 2009 സെപ്തംബര്‍ 24ന് അമേരിക്കന്‍ മലയാളിയായ രാജി തോമസ് തന്റെ ന്യൂജഴ്സിയിലുള്ള വസതിയിലെ ഒഴിഞ്ഞുകിടന്ന കിടപ്പ്മുറിയില്‍ നിന്ന് തുടങ്ങി വെറും പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകപ്രശസ്ത കമ്പനിയായി മാറിയതാണ് സ്പ്രിംഗ്ലറിന്റെ ചരിത്രം. ഇന്ന് പതിനഞ്ച് രാജ്യങ്ങളിലായി ആയിരത്തിഅഞ്ഞൂറോളം ജോലിക്കാരുള്ള ഒരു കമ്പനിയാണ് സ്പ്രിംഗ്ലര്‍. ആധുനിക ഉപഭോക്തൃ മാനേജ്മെന്റ് (മോഡേണ്‍ കസ്റ്റമര്‍ മാനേജ്മെന്റ്) പ്ലാറ്റ്ഫോം അഥവാ സി.എസ്.എം പ്ലാറ്റ്ഫോമില്‍ ലോകത്തില്‍ തന്നെ മികച്ച സൊലൂഷന്‍സ് സ്പ്രിംഗ്ലറില്‍ നിന്നുള്ളതാണ്. ഉപഭോക്ത അനുഭവം (കസ്റ്റമര്‍ എക്സ്പീരിയന്‍സ്) അവരുടെ സംതൃപ്തി എന്നിവയുടെ പരമാവധി കൈവരിക്കാന്‍ സഹായിക്കുക എന്നതാണ് ഇതുപോലുള്ള പ്ലാറ്റ്ഫോമുകള്‍ ചെയ്യുന്ന പ്രധാന പണി. ഒരു ഉപഭോക്താവ് ഒരു കമ്പനിയുമായി, അവരുടെ ഏതെങ്കിലും ഉല്‍പന്നവുമായി ബന്ധപ്പെടുന്നതിന് മുമ്പ്തന്നെ ഉപഭോക്താവ് സാമൂഹിക മാധ്യമങ്ങളിലും മറ്റും നടത്തുന്ന ചര്‍ച്ചകള്‍ മുതലിങ്ങോട്ട് ആ ഉപഭോക്താവുമായി എങ്ങനെ ഏറ്റവും നല്ല ദീര്‍ഘകാല ബന്ധം ആ കമ്പനിക്ക് ഉറപ്പാക്കാം എന്നതാണ് ഇതുപോലുള്ള പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതിലൂടെ ഒരു കമ്പനിക്കുള്ള ഗുണങ്ങള്‍. സ്പ്രിംഗ്ലര്‍ ഈ പ്ലാറ്റ്ഫോം ‘സോഫ്റ്റവെയര്‍ ഉപയോഗത്തിനനുസരിച്ച് മാത്രം പണമടയ്ക്കുക (സോഫ്റ്റ്‌വെയര്‍ ഏസ്എ സര്‍വീസ്)’ എന്ന വിധത്തില്‍ അതിന്റെ കക്ഷികള്‍ക്ക് കൊടുക്കുന്നുണ്ട്. കോര്‍പ്പറേറ്റ് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ഫിലിപ്സ്, എച്ച്.പി, മെക് ഡൊണാള്‍ഡ്, ലിനോവോ തുടങ്ങിയ ലോകത്തിലുള്ള മികച്ച കമ്പനികളും, പല യു.എസ് സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും, മറ്റ് രാജ്യങ്ങളിലുള്ള ഒട്ടേറെ സ്ഥാപനങ്ങളും സ്പ്രിംഗ്ലറുടെ കക്ഷികളാണ്.

സ്പ്രിംഗ്ലര്‍ ഇടപാടിലെ പ്രശ്നങ്ങള്‍
സ്പ്രിംഗ്ലറുമായി കേരള സര്‍ക്കാര്‍ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒരു സാങ്കേതിക പരിഹാരത്തിനായി ഇടപാടില്‍ ഏര്‍പ്പെടുമ്പോള്‍ അത് എത്ര തന്നെ അടിയന്തിര സാഹചര്യം ആയിക്കൊള്ളട്ടെ കൈക്കൊള്ളേണ്ട നടപടിക്രമങ്ങളുണ്ട്. അതില്‍ യാതൊന്നും പാലിക്കപ്പെട്ടില്ല എന്നത് തന്നെയാണ് ഗുരുതരമായ വീഴ്ച. അടിയന്തിര സാഹചര്യത്തില്‍ ഒരു ടെന്‍ഡര്‍ വെക്കാനും കമ്പനികളെ ക്ഷണിക്കാനും ഉള്ള സമയം കിട്ടുകയില്ലെങ്കിലും ഒഴിവാക്കാനാവാത്ത നടപടിക്രമങ്ങള്‍ പാലിക്കേണ്ടത് ഏത് സര്‍ക്കാരിന്റെയും ചുമതലയാണ്. സ്പ്രിംഗ്ലര്‍ ഇടപാടുമായി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു കേരള സര്‍ക്കാര്‍ ആദ്യം ചെയ്തത്. പിന്നീട് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് ആണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ ആദ്യ മറുപടി പറഞ്ഞത്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സോഫ്റ്റ്വെയര്‍ സര്‍വീസ് മോഡലിലുള്ള ഒരു പരിഹാരം സ്പ്രിംഗ്ലറിനെ തരാന്‍ കഴിയൂ എന്നും, സേവനം സൗജന്യമായതിനാല്‍ ടെണ്ടറിന് പോവേണ്ട കാര്യമില്ലെന്നുമാണ് അദ്ദേഹം ആ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. മറ്റ് പല ന്യായീകരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് സ്പ്രിംഗ്ലര്‍ സൗജന്യ സേവനം ചെയ്യാന്‍ തയ്യാറായത് കമ്പനിയുടെ ഉടമസ്ഥന്‍ മലയാളിയാണ് എന്നതും, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കേരളത്തില്‍ ക്വാറണ്ടയിനിലാണ് എന്നതുമാണ്.

സ്പ്രിംഗ്ലറിന് ഡേറ്റ കൈമാറുന്നതിന് മുമ്പ് വ്യക്തികളുടെ ഡേറ്റ സ്വകാര്യത ഉറപ്പ് വരുത്താതിരുന്നത് എന്ത്കൊണ്ടാണ്? കേരള സംസ്ഥാനവുമായി ഒരു വിദേശ കമ്പനി കരാറിലേര്‍പ്പെടുന്നത് സംസ്ഥാനത്തിന്റെ ഗവര്‍ണറുടെ പേരിലാവേണ്ടതല്ലേ? എന്താണ് സംസ്ഥാന ഐ.ടി സെക്രട്ടറിയുമായി കമ്പനി കരാറില്‍ ഏര്‍പ്പെടാനുള്ള കാരണം? സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഒരു കരാറുണ്ടാക്കുമ്പോള്‍ സംസ്ഥാന നിയമവകുപ്പ് കരാറുണ്ടാക്കാതിരുന്നത് എന്ത്കൊണ്ടാണ്? സേവനം സൗജന്യമാണെന്നും നിയമവകുപ്പിന്റെ കീഴില്‍ കരാറുണ്ടാക്കാനും മറ്റും സമയം കളയേണ്ട കാര്യമില്ലായിരുന്നു എന്ന ന്യായീകരങ്ങളൊന്നുംതന്നെ നിലനില്‍ക്കില്ല എന്നതാണ് വസ്തുത. കേരളസര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസ്സില്‍ സേവനം സൗജന്യമായാലും ഇല്ലെങ്കിലും കരാര്‍ തയ്യാറാക്കേണ്ടത് സംസ്ഥാന നിയമവകുപ്പാണെന്ന് കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. എന്ത്കൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ഒരു കരാര്‍ സ്പ്രിംഗ്ലറിന്റെ ലെറ്റര്‍പേഡില്‍ അച്ചടിക്കേണ്ടി വന്നു? മാര്‍ച്ച് 23 മുതല്‍ കമ്പനിക്ക് കൊടുത്ത വിവരങ്ങളുടെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിനും അതത് വ്യക്തികള്‍ക്കുമാണെന്ന് കമ്പനി ഏപ്രില്‍ 11, 12 തിയ്യതികളില്‍ അയച്ച എഴുത്തുകളില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ കൊടുത്തിട്ടുള്ള രേഖകള്‍ വ്യക്തികളുടെ കൈയ്യില്‍ നിന്നുള്ള ഇലക്ട്രോണിക് സമ്മതത്തിലൂടെയായിരിക്കണം കമ്പനിയുടെ സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടത് എന്ന് കമ്പനിയുടെ എഴുത്തില്‍ പറയുന്നുണ്ട്. അതായത് പൗരന്മാര്‍ നേരിട്ടായിരിക്കണം വിവരങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടത്. എന്നാല്‍, ഇങ്ങനെ ഒരു നടപടി ഉണ്ടായിട്ടില്ല.

പൗരന്മാരുടെ ഡേറ്റ കൊടുത്തത് യാതൊരുവിധ സമ്മതവും അറിവും കൂടാതെയാണ്. ആദ്യം കമ്പനിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്ന വിവരങ്ങള്‍ വിഷയം വിവാദമായപ്പോള്‍ വെബ്സൈറ്റിന്റെ പേരുമാറ്റി (ഡൊമൈന്‍ മാറ്റി) സര്‍ക്കാരിന്റെ പേരിലുള്ള സൈറ്റിലാക്കി. പക്ഷേ, ഡേറ്റ പോവുന്നതും ശേഖരിക്കപ്പെടുന്നതും കമ്പനിയുടെ സെര്‍വറില്‍ ആണെന്നിരിക്കേ, കമ്പനിക്ക് ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാമോ ഇല്ലയോ എന്ന് കരാറില്‍ വ്യക്തതയില്ലാത്തത് എന്തുകൊണ്ടാണ്? കമ്പനി അയച്ച കത്തുകളിലാണ് ഡേറ്റയുടെ ഉടമസ്ഥത വിശദീകരിക്കുന്നതെന്നു നേരത്തെ പറഞ്ഞല്ലോ. ആയതിനാല്‍ തന്നെ അതിന് നിയമസാധുതയില്ല എന്നാണ് വിദഗ്ധാഭിപ്രായം. ഏറ്റവും വലിയ വീഴ്ചകളിലൊന്ന്, ഈ ഇടപാട് സംബന്ധിച്ച് നാളെ എന്തെങ്കിലും കേസുണ്ടായാല്‍ അമേരിക്കന്‍ നിയമമാവും ബാധകമെന്നും, ന്യൂയോര്‍ക്കിലായിരിക്കും കേസ് നടത്തേണ്ടത് എന്നും കരാറില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു എന്നതാണ്. ഇന്ത്യന്‍ നിയമങ്ങള്‍ ഈ കരാറിനെ ബാധിക്കില്ല എന്നത് ഗൗരവമായ വീഴ്ചയാണ്. അങ്ങനെ നിരവധി പഴുതുകളുള്ള ഇടപാടായതുകൊണ്ടാണ് വിദഗ്ധര്‍ ഇതിനെ ചോദ്യം ചെയ്യുന്നതും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് പറയുന്നതും. കോവിഡാനന്തര ലോകം കീഴടക്കാന്‍ ഡേറ്റകള്‍ക്കുവേണ്ടിയുള്ള വലിയ യുദ്ധം ആരംഭിച്ചിരിക്കെ, കോവിഡ് പ്രതിരോധത്തില്‍ പ്രാധാന്യം കൊടുക്കുന്ന സംസ്ഥാനമെന്ന നിലക്ക് കേരളത്തിന്റെ ഡേറ്റ ആഗോള ആരോഗ്യ ഗവേഷണ രംഗത്തും വിപണി രംഗത്തും പരമപ്രധാനമാണ്. ഡേറ്റ കച്ചവട സ്ഥാപനമായ സ്പ്രിംഗ്ലറിന് വ്യക്തികളുടെ വിവരം നല്‍കുന്നതില്‍ ഒട്ടും ജാഗ്രത സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തിയില്ലെന്നത് ഒരു ചെറിയ വിഷയമല്ലതന്നെ.

ഡേറ്റയും രാഷ്ട്രീയവും ഭാവിയും
അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും ഗ്രന്ഥകാരിയുമായ വെര്‍ജീനിയ യൂബങ്ക്സിന്റെ പ്രസിദ്ധമായൊരു പുസ്തകത്തിന്റെ ശീര്‍ഷകം ഇങ്ങിനെയാണ് ‘AUTOMATING INEQUALITY: How HighTech Tools Profile, Police, and Punish the Poor’. പാവപ്പെട്ടവരിലെയും തൊഴിലാളി വര്‍ഗത്തിലേയും ഏറ്റവും ആര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേരിട്ട് എത്തിക്കാനെന്നപേരില്‍ കമ്പ്യൂട്ടര്‍വല്‍കൃത ഡേറ്റാബാങ്കുകളും ഡിജിടൈസ് സ്‌കീമുകളും അവരുടെ ജീവിതത്തെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുന്നതിന് ഇടയാക്കിയതെങ്ങനെയെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഗ്രന്ഥകാരി ഈ പുസ്തകത്തിലൂടെ. ഈ വിഭാഗം ജനങ്ങളുടെ രാഷ്ട്രീയ സംഘാടനത്തെ തടയുന്നതിനും, വികസനത്തിനും പുരോഗതിക്കുമുള്ള അവസരങ്ങള്‍ അവര്‍ക്ക് നിഷേധിക്കുന്നതിനും, സഞ്ചാരസ്വാതന്ത്ര്യം തടയുകപോലുള്ള അവരുടെ മൗലിക മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതിനും, ഇത്തരം ആധുനിക സങ്കേതങ്ങളായ ഡേറ്റ മൈനിങും, ഡേറ്റ അനാലിസിസും, കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) തുടങ്ങിയവ ഉപയോഗപ്പെടുത്തിയെന്ന് അവര്‍ കണ്ടെത്തി. ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ദാരിദ്ര്യത്തെ നിയന്ത്രിക്കുന്നതിന്റെ അനന്തരഫലങ്ങളും, സമൂഹമധ്യത്തില്‍ ദാരിദ്ര്യം, സാമ്പതികാസമത്വം, സാമൂഹിക ദുരിതങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പൊതുബോധം ഭരണകൂടത്തിന് അനുകൂലമായി മാറ്റിയെടുക്കുന്നതിന് എങ്ങനെ വ്യാപകമായി ഉപയോഗപ്പെടുത്തിയെന്നും 2017ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ പ്രമേയമാണ്.

2006ല്‍ കോര്‍പ്പറേറ്റ് ഭീമനായ ഐ.ബി.എമ്മിന്റെ സഹായത്തോടെ അമേരിക്കയിലെ ഇന്‍ഡ്യാന സ്റ്റേറ്റില്‍ നടപ്പിലാക്കിയ ഇത്തരമൊരു സ്‌കീമിനെക്കുറിച്ച് യൂബങ്ക്സ് വിശദീകരിക്കുന്നു. പാവപ്പെട്ടവനെ അവന്റെ ദാരിദ്ര്യത്തിന്റെ അതിരുകള്‍ക്കുള്ളില്‍ത്തന്നെ സദാ തളച്ചിടുകയെന്ന ഭരണകൂടത്തിന്റെ അജണ്ടകളാണ് ഇതിലൂടെ നടപ്പിലാക്കിയത്. ഇതിനെക്കാളും ഞെട്ടിക്കുന്നതാണ് ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള ഭവനരഹിതര്‍ക്ക് വീട് കൊടുക്കാനായി ഉണ്ടാക്കിയെടുത്ത ഹോംലെസ്സ് മാനേജ്മെന്റ് ഇന്‍ഫോമേഷന്‍ സിസ്റ്റം (HMIS). ഭവനരഹിതരായവര്‍ സിസ്റ്റത്തിലൂടെ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് 1 മുതല്‍ 17 വരെ റാങ്ക് നല്‍കുകയും അതിലൂടെ ഏറ്റവും അര്‍ഹരായവര്‍ക്ക് ആദ്യം വീടെന്ന ആശയമാണ് സിസ്റ്റം മുന്നോട്ടുവെച്ചത്. പക്ഷേ, യഥാര്‍ത്ഥ പ്രശ്നം പരിഹരിച്ചില്ലെങ്കിലും അതിലൂടെ ലഭ്യമായ വിവരങ്ങളെ ഉപജീവിച്ച് ലോസ് ഏഞ്ചല്‍സ് പൊലീസ് ചെയ്തത് ആ ജനവിഭാഗത്തെ മൊത്തം ക്രിമിനല്‍ പ്രൊഫൈലിങ്ങിന് വിധേയമാക്കുകയായിരുന്നു. അതിന് കണ്ടെത്തിയ ന്യായം ലളിതം: ‘ഭവനരഹിതരാണ് അധിക കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടാന്‍ സാധ്യതയുള്ളത് എന്ന്.’

ജെറുസെലെമിലെ ഹിബ്രു സര്‍വകലാശാലയിലെ പ്രൊഫസ്സറും, ഇസ്രായേലി ചരിത്രകാരനുമായ യുവാല്‍ നോയ ഹാരാരി 2018ല്‍ ടെഡ് ടോക്കില്‍ ഒരു പ്രഭാഷണം നടത്തുകയുണ്ടായി. ഒരു രാജ്യത്തിന്റെ ഡേറ്റ സമഗ്രമായി നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ എങ്ങനെ ജനാധിപത്യ വ്യവസ്ഥയിലൂടെ തന്നെ പരമാധികാരത്തിലേക്കും ഏകാധിപത്യത്തിലേക്കും എത്തുന്നു എന്നും, വിവരങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കുകയാണ് ആധുനിക വംശീയതയുടെ ഏറ്റവും വലിയ ഉപകരണം എന്നും അദ്ദേഹം ആ പ്രഭാഷണത്തിലൂടെ സമര്‍ഥിക്കുന്നു. നമ്മുടെ അശ്രദ്ധയാണ് ആയുദ്ധങ്ങളാവുന്നത് എന്നും അതുകൊണ്ട് തന്നെ ജനാധിപത്യമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ നാം എപ്പോഴും ജാഗരൂഗരായിരിക്കണം എന്നും ഉണര്‍ത്തുന്നു അദ്ദേഹം.

ഡേറ്റയുടെയും വ്യക്തികളുടെയും സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ള അപകടം പതിയിരിക്കുമ്പോഴും, ആരോഗ്യപരിപാലനത്തിനും മനുഷ്യവര്‍ഗത്തിന്റെ പുരോഗതിക്കുമായുള്ള ഗവേഷണങ്ങള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനെയും അവ സാങ്കേതിക സഹായത്തോടെ അപഗ്രഥിക്കുന്നതിനെയും പൂര്‍ണമായും തള്ളിക്കളയാനാകില്ല. മാനവ പുരോഗതിക്ക് അത് ഒട്ടേറെ പ്രയോജനകരം തന്നെ. എന്നാല്‍, അവ കൃത്യമായ മാനദണ്ഡങ്ങള്‍ പുലര്‍ത്തിയിട്ടില്ലെങ്കില്‍ വമ്പിച്ച ചൂഷണം നടക്കുമെന്നത് നിസ്തര്‍ക്കമാണ്. സര്‍ക്കാറുകള്‍ ജനങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ക്ക് അര്‍ഹിക്കുന്ന സ്വകാര്യത സംരക്ഷണം നല്‍കുക, നിലവിലുള്ള സംരക്ഷണ നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക, ലംഘനങ്ങള്‍ക്ക് ശക്തമായ പിഴ ചുമത്തുകയും മറ്റ് നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുക, എല്ലാറ്റിനെക്കാളുമുപരി നമ്മുടെ ഓരോരുത്തരുടെയും സ്വകാര്യവിവരങ്ങള്‍, അത് വ്യക്തികളുടെയാവട്ടെ സ്ഥാപനങ്ങളുടെയാവട്ടെ വിലമതിക്കേണ്ടതാണെന്നും, വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ അവയുടെ സ്വകാര്യത ഉറപ്പുവരുത്തുന്നുണ്ടെന്ന് നമ്മളോരോരുത്തരും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ മാത്രമേ ഡേറ്റദുരുപയോഗം തടയാന്‍ കഴിയൂ.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757