press release

ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്ന ചാര്‍ജ് ഈടാക്കുന്ന ജനദ്രോഹ നടപടി കെ.എസ്.ഇ.ബി പിന്‍വലിക്കണം – വെല്‍ഫെയര്‍ പാര്‍ട്ടി

 

തിരുവനന്തപുരം: ലോക്ഡൗണ്‍ കാരണം മുഴുവന്‍ വരുമാന മാര്‍ഗങ്ങളും നിലച്ച് അതീവ പ്രയാസത്തില്‍ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് ഈടാക്കുന്ന K.S.E .B. യുടെ ജനദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. രണ്ട് മാസത്തെ വൈദ്യുതി ബില്ലാണ് സാധാരണ ഗതിയില്‍ തയ്യാറാക്കുന്നത്. ഇതിന് കൃത്യസമയത്ത് റീഡിംഗ് നടക്കണം. ലോക്ക് ഡൗണ്‍ കാരണം റീഡിംഗ് വൈകിയാണ് നടക്കുന്നത്. വൈകിയ ദിവസം കൂടി റീഡിംഗില്‍ ഉള്‍പ്പെടുത്തി ബില്‍ തയ്യാറാക്കുമ്പോള്‍ നിരക്ക് നിശ്ചയിക്കുന്ന സ്ലാബില്‍ മാറ്റമുണ്ടാകും. ഓരോ യൂണിറ്റിനും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും. ഇത്തരത്തില്‍ വൈദ്യുതി ബില്‍ തയ്യാറാക്കിയപ്പോള്‍ ഭൂരിപക്ഷം ഉപഭോക്താക്കളുടെയും ബില്‍ ഇരട്ടിയിലധികമായി വര്‍ദ്ധിച്ചിരിക്കുന്നു. റീഡിംഗ് വൈകിയതിന് വന്‍ തുക ജനങ്ങള്‍ പിഴ നല്‍കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ല.

ചൂട് സമയത്ത് ലോക്ക് ഡൗണ്‍ കാരണം പുറത്തിറങ്ങാതെ വീട്ടില്‍ കഴിയേണ്ടി വന്നത് കൊണ്ട് വൈദ്യുതി ഉപയോഗം കുറച്ച് കൂടിയിട്ടുണ്ട്. വൈദ്യുതി കുറച്ച് ഉപയോഗിക്കുന്ന വീടുകളില്‍ പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉണ്ടായ വൈദ്യുതി ഉപയോഗം കാരണം സബ്‌സിഡിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച 240 യൂണിറ്റ് പരിധി കഴിയാന്‍ സാധ്യത ഉണ്ട്. അതോടെ ഉപയോഗിച്ച മുഴുവന്‍ വൈദ്യുതിക്കും യൂണീറ്റിന് 5 രൂപക്ക് മുകളില്‍ ഈടാക്കുകയാണ് KSEB ചെയ്യുന്നത്. ഇത് അന്യായ കൊള്ളയാണ്. ഈ തീരുമാനം തിരുത്തണം. നേരത്തെ സബ്‌സിഡി ലഭിച്ചിരുന്ന ഗാര്‍ഹിക ഉപഭോക്കാക്കള്‍ ഉപയോഗിച്ച മുഴുവന്‍ വൈദ്യുതിക്കും സബ്‌സിഡി അനുവദിക്കാന്‍ ബോര്‍ഡ് തയ്യാറാകണം. ഇക്കാര്യങ്ങളില്‍ നയപരമായ തീരുമാനം സര്‍ക്കാര്‍ എടുത്ത് വൈദ്യുതി ബോര്‍ഡിന്റെ ദ്രോഹ നടപടി തിരുത്തിക്കണം. പവര്‍ ഡിമാന്റ് വളരെ കുറഞ്ഞ സമയത്ത് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ബോര്‍ഡിന് ലഭിക്കുന്നുണ്ട്. സാമ്പത്തികമായി ബോര്‍ഡിന് ഇപ്പോള്‍ ഒരു പ്രയാസവുമില്ല. ഇത്തരം ഘട്ടത്തില്‍ വൈദ്യുതി – കുടിവെള്ളം എന്നിവയുടെ ചാര്‍ജില്‍ ഇളവ് പ്രഖ്യാപിച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ട സര്‍ക്കാര്‍ അതിന് തയ്യാറാവാതെ വരുമാനം ഇല്ലാതെ പ്രതിസന്ധിയില്‍ അകപ്പെട്ട ജനങ്ങളെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്ന ജനവിരുദ്ധത അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, KSEB ചെയര്‍മാന്‍ എന്നിവര്‍ക്ക് ഹമീദ് വാണിയമ്പലം കത്തയച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757