press release

സംസ്ഥാന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹം – അസെറ്റ്

കോവിഡ്-19 ബന്ധപ്പെട്ട് വരുമാന നഷ്ടമുണ്ടായി എന്നതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ( അസെറ്റ് ) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ ധന മാനേജ്‌മെന്റില്‍ ഇടതു സര്‍ക്കാര്‍ പരാജയമാണ്. കോവിഡ് കാലത്ത് മാര്‍ക്കറ്റില്‍ പണലഭ്യത ഉറപ്പാക്കുന്നതിന് അധിക കറന്‍സി അച്ചടിക്കണമെന്ന് അഭിപ്രായപ്പെട്ട സംസ്ഥാന ധനമന്ത്രി സംസ്ഥാനത്തെ കമ്പോളത്തില്‍ ചിലവഴിക്കപ്പെടുമെന്ന് പൂര്‍ണ്ണമായി ഉറപ്പുള്ള ധനവിനിമയത്തെ തടസ്സപ്പെടുത്താന്‍ തീരുമാനമെടുത്തിരിക്കുന്നു എന്നത് തികഞ്ഞ വൈരുദ്ധ്യമാണ്. സംസ്ഥാനത്തിന്റെ നികുതി – നികുതിയേതര വരുമാനങ്ങളില്‍ ഉണ്ടായ കുറവിനെ മറികടക്കാനുള്ള ഏകവഴി സംസ്ഥാന ജീവനക്കാരുടെ ശമ്പളം കുറക്കലാണ് എന്ന സര്‍ക്കാര്‍ നിലപാട് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല.

 

ചിലവ് ചുരുക്കലിന് സംസ്ഥാന സര്‍ക്കാറിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇക്കാര്യത്തിലുള്ള പൊതു നിലപാട് വ്യക്തമാക്കുകയും തുടര്‍ നടപടികള്‍ ഉണ്ടാവുകയും വേണം. സംസ്ഥാന ഖജനാവില്‍ നിന്ന് രാഷ്ട്രീയ നിയമനങ്ങള്‍ക്കായി ചിലവഴിക്കുന്ന പണം തിരിച്ചെത്തിക്കുന്നതിനും വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ എല്ലാ പുനര്‍ നിയമനങ്ങളും റദ്ദാക്കുകയും ചെയ്ത് ഇക്കാര്യത്തിലുള്ള ആത്മാര്‍ത്ഥത സര്‍ക്കാര്‍ പ്രകടിപ്പിക്കണം. അമിത ചിലവും ധൂര്‍ത്തും നിയന്ത്രിക്കാനുള്ള ശ്രമങ്ങളുണ്ടാകണം. കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിന് കേരളത്തില്‍ കരുത്തായത് പൊതു ആരോഗ്യ സംവിധാനമടക്കമുള്ള സിവില്‍ സര്‍വീസാണ്. അവരോടുള്ള നന്ദികേട് കൂടിയാണ് സംസ്ഥാന സര്‍ക്കാറിന്റെ ശമ്പളം വെട്ടിക്കുറക്കാനുള്ള തീരുമാനമെന്നും അസെറ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

അസെറ്റ് സംസ്ഥാന ചെയര്‍മാന്‍ ഡോ. പി.കെ.സതീഷ് കുമാര്‍ അധ്യക്ഷനായിരുന്നു. കേരള സ്‌ക്കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ബഷീര്‍ വല്ലപ്പുഴ, കേരള സ്റ്റേറ്റ് എംപ്ലോയീസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് കെ.കെ. ബഷീര്‍, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് എം.എ. സിറാജുദ്ദീന്‍, ഹയര്‍ എജുക്കേഷന്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.എസ്. അനസ് എന്നിവര്‍ സംസാരിച്ചു. അസെറ്റ് ജനറല്‍ കണ്‍വീനര്‍ കെ.ബിലാല്‍ ബാബു സ്വാഗതം ആശംസിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757