press release

ദേശീയ വൈദ്യുതി നിയമ ഭേദഗതി: വൈദ്യുതി മേഖലയില്‍ കുത്തകവത്കരണം നടപ്പാക്കാന്‍ – വെല്‍ഫെയര്‍ പാര്‍ട്ടി

 

തിരുവനന്തപുരം: കോവിഡ് മൂലമുള്ള സാമൂഹ്യ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ തിടുക്കത്തില്‍ ദേശീയ വൈദ്യുതി നിയമ ഭേദഗതിയുടെ കരട് പ്രസിദ്ധീകരിച്ചത് വൈദ്യുത മേഖലയെ സമ്പൂര്‍ണമായി കുത്തക വത്കരിക്കാനാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. ഏപ്രില്‍ 17 ന് പ്രസിദ്ധീകരിച്ച കരടിന്മേല്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുന്നോട്ട് വെക്കാന്‍ കേവലം 21 ദിവസങ്ങള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അപകടകരമായ ഭേദഗതികളാണ് കേന്ദ്രം കരട് ബില്ലില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുള്ള വൈദ്യുത മേഖലയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള എല്ലാ അധികാരങ്ങളും വെട്ടിക്കുറച്ച് ദേശീയ റഗുലേറ്ററി കമ്മീഷന് കീഴിലും ദേശീയ താരിഫിന് കീഴിലും വൈദ്യുത മേഖലയെ കൊണ്ട് വരുന്നത് ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നതാണ്. ഡല്‍ഹി പോലുള്ള പല സംസ്ഥാനങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന സേവന ഇളവുകള്‍ ഇല്ലാതാകും. കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ ഗാര്‍ഹിക മേഖലയിലെ ഉപഭോക്താക്കള്‍ക്ക് നിശ്ചയിച്ച കുറഞ്ഞ താരിഫും ഇല്ലാതാകുന്നതോടെ സാധാരണക്കാരുടെ വൈദ്യുതി ബില്‍ വന്‍തോതില്‍ വര്‍ദ്ധിക്കും. സംസ്ഥാന റെഗുലേറ്ററി കമ്മീഷന്‍ ദുര്‍ബലപ്പെടുന്നതോടെ ഓരോ സംസ്ഥാനങ്ങളും അവരുടെ സാമൂഹ്യ ജീവിതാവസ്ഥ വെച്ച് അനുവദിക്കുന്ന സബ്‌സിഡിയും ക്രോസ് സബ്‌സിഡിയും ഇല്ലാതാകുകയും വൈദ്യുതി മേഖല സബ്‌സിഡി രഹിതമായി മാറുകയും ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതാവുകയും ചെയ്യും. ചെറുകിട വ്യവസായ കാര്‍ഷിക ഉപഭോക്താക്കളുടെ വൈദ്യുത ചിലവ് താങ്ങാവുന്ന സ്ഥിതിക്കപ്പുറത്തേക്ക് എത്തും.

സംസ്ഥാനങ്ങള്‍ക്ക് നികുതി സംവിധാനത്തിന്റെ സ്വാശ്രയാധികാരം ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ നഷ്ടപ്പെട്ടതു പോലെ വൈദ്യുത മേഖലയിലും സംസ്ഥാനം വെറും നോക്കുകുത്തിയായി മാറും. സംഘ്പരിവാര്‍ വിഭാവന ചെയ്യുന്ന കേന്ദ്രീകൃത അധികാര ഘടന രൂപപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണ് നിര്‍ദ്ദിഷ്ട ഭേദഗതി. സ്വദേശ – വിദേശ കുത്തകള്‍ക്ക് സാമ്പത്തികാധികാരം കൈമാറാനുള്ളതും സംസ്ഥാനങ്ങളുടെ അധികാരം കൈയാളുന്നതുമായ നിര്‍ദ്ദിഷ്ട കരട് നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757