zero hour

സ്പ്രിങ്ക്‌ലര്‍ കരാര്‍: നിങ്ങള്‍ക്കൊന്നുമറിയില്ല, ഞങ്ങള്‍ക്കെല്ലാമറിയാം അതുകൊണ്ട് മിണ്ടാതിരിക്ക് എന്നത് ജനാധിപത്യത്തിന്റെ ഭാഷയല്ല – പ്രമോദ് പുഴങ്കര

 

പ്രമോദ് പുഴങ്കര ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു:
നിങ്ങള്‍ക്കൊന്നുമറിയില്ല, ഞങ്ങള്‍ക്കെല്ലാമറിയാം അതുകൊണ്ട് മിണ്ടാതിരിക്ക് എന്നത് ജനാധിപത്യത്തിന്റെ ഭാഷയല്ല; ഇനിയിപ്പോള്‍ അത് വാസ്തവമാണെന്ന് നിങ്ങള്‍ കരുതുന്നെങ്കില്‍ക്കൂടി. സ്പ്രിങ്ക്‌ലര്‍ എന്ന കമ്പനിയെ കേരളത്തിന്റെ കോവിഡ് കാലത്തെ ആരോഗ്യരക്ഷാപ്രവര്‍ത്തനങ്ങളിലൂടെ വ്യക്തികളുടെ ആരോഗ്യ ഡാറ്റ ശേഖരിക്കുന്നതിന് പങ്കാളിയാകാന്‍ ഏര്‍പ്പാടാക്കിയതിനോടുള്ള അന്വേഷണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടി ഈ രീതിയിലാണ്. ഒരു കരാറിനെക്കുറിച്ച് വിമര്‍ശനമുണ്ടായാല്‍, ഇതാണാ കരാര്‍ എന്ന് പറഞ്ഞു എടുത്തുകാണിക്കാവുന്നതേയുള്ളു, അങ്ങനെയൊരു കരാറുണ്ടെങ്കില്‍. അത്രയും സുതാര്യത ഉണ്ടെങ്കില്‍ കരാര്‍ വ്യവസ്ഥകളെക്കുറിച്ചു ചോദ്യം വന്നാല്‍ അതിനു യുക്തമായ മറുപടി നല്‍കാനും സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അതിപ്പോള്‍ രമേശ് ചെന്നിത്തല ചോദിച്ചാലും മറുപടി പറയാവുന്നതാണ്. നമുക്കിപ്പൊ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് ചെന്നിത്തലയുമായ ഒരു സംവിധാനമാണല്ലോ ഉള്ളത്. ഇല്ല, ഞങ്ങള്‍ക്ക് ജവഹര്‍ലാല്‍ നെഹ്രുവും എ കെ ഗോപാലനും മതി എന്നാഗ്രഹിച്ചാല്‍ നടക്കില്ല. അതുകൊണ്ട് നിലവിലെ രാഷ്ട്രീയസംവിധാനവുമായി സംവദിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.

ഇനി സ്പ്രിങ്ക്‌ലര്‍ വിവാദം നോക്കിയാല്‍ സാധാരണ ഗതിയില്‍ ചോദ്യങ്ങള്‍ക്ക് തന്റെ മറുപടികള്‍ സാമാന്യം വ്യക്തമായി പറയുന്ന രീതിശാസ്ത്രം അവലംബിക്കാറുള്ള ധനമന്ത്രി തോമസ് ഐസക്ക് വളരെ വിക്ഷോഭത്തിലാണ് പ്രതികരിച്ചത്. മാത്രവുമല്ല സര്‍ക്കാരിന്റെ ഒരു നടപടിയുടെ കൂടുതല്‍ വിശദീകരണത്തിനായി അദ്ദേഹം സര്‍ക്കാരുമായി നേരിട്ട് ബന്ധമില്ലാത്ത (എന്ന് കരുതുന്നു) ഒരു വ്യക്തിയുടെ fb കുറിപ്പ് link നല്‍കുകയും. അതില്‍ പതിവുപോലെ വെല്ലുവിളിയും അധിക്ഷേപവുമൊക്കെയാണ് നോക്കിയപ്പോള്‍. ഒടുവിലായി പിണറായി വിജയന് പറ്റിയ എതിരാളികളില്ലാത്ത നാട്, നീയെത്ര ശപിക്കപ്പെട്ടവള്‍ എന്ന രോഷവും. എതിരാളികളില്ലാത്ത ഉയരങ്ങളിലേക് ചാടിക്കൊണ്ടിരുന്ന സെര്‍ജി ബുബ്കയുടെ ആകാശങ്ങളിലെ ഏകാന്തതയ്ക്ക് തുടര്‍ച്ചയാകട്ടെ എന്ന് മാത്രം ആശംസിച്ചുകൊണ്ട് അവിടുന്നുപോന്നാലും വിഷയം പിന്നെയും ബാക്കിയാണ്.

അമേരിക്കന്‍ പൗരനായ (ഇന്ത്യന്‍ പൗരനായാലും ശരി) ഒരു മലയാളിയുടെ അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍ കമ്പനി ഉടമയുടെ ഭൂതദയയുമായി ബന്ധപ്പെടുത്തി വൈകാരികമാക്കേണ്ട കാര്യമില്ല. സര്‍ക്കാരിന്റെ ഐ ടി, സ്റ്റാര്‍ട് അപ് സഹായ സംവിധാനങ്ങള്‍ എന്നിവയെല്ലാം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിലൊക്കെ എങ്ങനെയാണ് ആളുകളെ എടുക്കുന്നതെന്നും ആ വകുപ്പിലെ കരാറുകള്‍ എന്താണെന്നും ഒക്കെ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. വളരെ സങ്കീര്‍ണ്ണമായ പരിപാടിയായതുകൊണ്ട് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും ഡോക്ടര്‍ സണ്ണിയും കൂടി തീരുമാനിക്കാം എന്നാണെങ്കില്‍ ആ തീരുമാനത്തിന്റെ വിശദാംശങ്ങളും കരാര്‍ വ്യവസ്ഥകളും ജനങ്ങള്‍ അറിയേണ്ടതുണ്ട്. സര്‍ക്കാര്‍ കാര്യങ്ങളില്‍ ഒരിക്കല്‍ കൊണ്ടുവരുന്ന യുക്തി പിന്നീട് എന്തിനും ഉപയോഗിക്കപ്പെടും. രാജ്യസുരക്ഷ അടിയന്തര പ്രാധാന്യമുള്ളതും വെളിപ്പെടുത്താന്‍ പറ്റാത്തതുമായതുകൊണ്ട് ഞാനും അനില്‍ അംബാനിയും പിന്നെ വേണ്ടപ്പെട്ട നമ്മളാല്‍ച്ചിലരും ചേര്‍ന്ന് റഫേല്‍ വിമാനം വാങ്ങിക്കൊള്ളാം എന്ന് മോദി പറഞ്ഞപ്പോള്‍ ശരിതന്നെ ശരിതന്നെ എന്ന് സുപ്രീംകോടതിയും തലയാട്ടിയതും ഇതേ കുയുക്തിയിലാണ്. സുതാര്യത ജനാധിപത്യത്തിന്റെ ജീവനാഡിയാണ്.

ഇനി അമേരിക്കക്കാര്‍ക്ക് ഒറ്റപ്പാലത്തെ തങ്കപ്പന്റെ ചുമയുടെ ഡാറ്റ കിട്ടിയിട്ട് എന്ത് ചെയ്യാനാ, ഇത് പഴയ സി ഐ എ, റിച്ചാര്‍ഡ് ഫ്രാങ്കി ആരോപണത്തിന്റെ ബാക്കിയാണ് എന്നാണെങ്കില്‍ രണ്ടും ശരിയല്ല. രണ്ടാമത്തേത് ആദ്യം പറയാം. റിച്ചാര്‍ഡ് ഫ്രാന്‍കി-ഐസക് ആരോപണങ്ങളുമായി ഡാറ്റ പ്രൈവസിക്കൊ ഡാറ്റയുടെ ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കോ ഒരു ചരിത്ര ബന്ധവുമില്ല. ഡാറ്റയുമായി സംബന്ധിച്ച നിയമനിര്‍മ്മാണം ലോകത്തെല്ലായിടത്തും നടക്കുകയാണ്. യൂറോപ്യന്‍ യൂണിയനും ഇന്ത്യയുമൊക്കെ ചെയ്യുന്ന ഒന്ന്. അതുകൊണ്ട് ആ വിവാദത്തിന്റെ ബാക്കിയാക്കി ഇതിനെ വെക്കുന്നത് വിഷയത്തെ നിസ്സാരവത്കരിക്കലാണ്.

ഇനി ഡാറ്റ പ്രധാനപ്പെട്ട ഒന്നാണോ എന്ന്. ആണ്. അതായത് ഒറ്റപ്പാലത്തെ തങ്കപ്പന്‍ ചുമക്കുന്നത് അറിഞ്ഞിട്ട് അമേരിക്കക്കു എന്താണെന്ന ചോദ്യത്തിന് കാര്യമുണ്ട് എന്നാണ്. അമേരിക്ക എന്ന രാജ്യത്തിന് എന്നല്ല, അതിനു ഒരു കച്ചവട മൂല്യമുണ്ട് എന്നാണ്. Data is the new oil എന്ന് പറയുന്ന ലേഖനം Economist പ്രസിദ്ധീകരിക്കുന്നത് 2017-ലാണ്. നിങ്ങളുടെ ജീവിതത്തിന്റെ ഓരോ നീക്കവും digital trace ഉണ്ടാക്കുന്ന ഒരു കാലത്തില്‍ ഡാറ്റ പുതിയ വിപണി ഖനിയാണ്. നിങ്ങളുടെ കയ്യിലുള്ള ഡാറ്റ നിങ്ങളുടെ വിപണനശേഷിയെ നിര്‍ണ്ണയിക്കുന്നു. യു എസില്‍ നടന്ന ഒരു പഠനത്തില്‍ machine learning system വെച്ച് breast cancer കണ്ടെത്തുന്നതില്‍ കൃത്യത 92%. പക്ഷെ ഡോക്ടര്‍മാര്‍ നേരിട്ട് കണ്ടെത്തുന്നതില്‍ 96%. എന്നാല്‍ ഡോക്ടറെ ആശ്രയിക്കാം എന്നല്ല ഉണ്ടാകുന്നത്. വലിയ തോതില്‍ doctor detection ഡാറ്റ ശേഖരിക്കുന്നു. ഇത് machine leraning system -വുമായി feed ചെയ്യുന്നു. ഫലമോ. രോഗനിര്ണയത്തിലെ കൃത്യത 99.5%. ചാരപ്പണിയൊന്നും ഇല്ലാത്ത ഒരു നല്ല ഉദാഹരണം പറഞ്ഞതാണ്.

കച്ചവടത്തിന്റെ മേഖലയിലാണെങ്കില്‍ നിങ്ങള്‍ക്കെപ്പോള്‍ വായ്പ വേണ്ടിവരും, നിങ്ങള്‍ക്കെന്തുതരം ആരോഗ്യസേവനങ്ങള്‍ വേണ്ടിവരും, നിങ്ങള്‍ക്ക് താത്പര്യമുള്ള പണം ചെലവാക്കല്‍ മേഖല ഏതാണ് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ കണ്ടെത്തുന്നത് ഈ ഡാറ്റയുടെ വിശകലനത്തിലൂടെയാണ്. അതുകൊണ്ടുതന്നെ മനുഷ്യന്റെ സ്വകാര്യതയും സാമൂഹ്യവ്യവസ്ഥയുമൊക്കെയായി അഭേദ്യമായ ബന്ധമുള്ള ഈ പ്രക്രിയ പലതലങ്ങളില്‍ നിയന്ത്രിക്കുക എന്നത് ലോകത്തെല്ലായിടത്തും നടക്കുന്ന ഒരു പ്രക്രിയയാണ്. നാടിനെ സഹായിക്കാനുള്ള ഒരു മലയാളി യു എസ് പൗരന്റെ സന്നദ്ധതയ്ക്കപ്പുറം ഡാറ്റ നിര്‍ണായകവും ഏറ്റവും ലാഭം നിറഞ്ഞതുമായ ഒരു വ്യാപാരം കൂടിയായതുകൊണ്ട് അത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ആത്യന്തികമായി, ചുമയ്ക്കുന്ന തങ്കപ്പനല്ലല്ലോ തീരുമാനമെടുത്തത്. എന്നാലോ അയാളുടെ ചുമയുടെ വിവരങ്ങളാണ് ശേഖരിക്കുന്നതും. തങ്കപ്പന്‍ അറിയേണ്ടേ കാര്യങ്ങള്‍. കാരണം നാട്ടില്‍ ജനാധിപത്യമാണെന്നാണല്ലോ തങ്കപ്പനെ നമ്മള്‍ വിശ്വസിപ്പിച്ചിട്ടുള്ളത്.

ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട് Personal Data Protection (PDP) Bill 2018-ല്‍ ഇന്ത്യന്‍ ഗവണ്മെന്റ് കൊണ്ടുവന്നു. ബി എന്‍ ശ്രീകൃഷ്ണ കമ്മറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലായിരുന്നു ബില്ലിലെ നിര്‍ദ്ദേശങ്ങളില്‍ ഏറെയും. എന്നാല്‍ ഡാറ്റയുടെ കൈകാര്യത്തിനും അത് ചില ഘട്ടങ്ങളില്‍ കൈവശപ്പെടുത്താനുമുള്ള സര്‍ക്കാരിന് നല്‍കുന്ന അധികാരത്തിന്റെ പേരില്‍ (അത് ശ്രീകൃഷ്ണ റിപ്പോര്‍ട്ടില്‍ നിന്നും വ്യത്യസ്തമായി മോദി സര്‍ക്കാര്‍ ചേര്‍ത്തതാണ്) ബില്‍ വിമര്‍ശിക്കപ്പെട്ടു. നിലവില്‍ ബില്ല് JPC യുടെ പരിഗണനയിലാണ്. ഈ ബില്ല് തന്നെ യൂറോപ്യന്‍ യൂണിയന്റെ General Data Protection Regulation (GDPR), Asia-Pacific Economic Cooperation (APEC) Privacy Framework എന്നിവയുടെ മാതൃകയിലാണ് (അവയില്‍നിന്നും പല ഭിന്നതകളും ഉണ്ട്) കൊണ്ടുവന്നത്. GDPR വളരെയേറെ സൂക്ഷ്മമായി ഉണ്ടാക്കിയ ഒരു ഡാറ്റ സംരക്ഷണ നിയമമാണ്.

അതായത് തങ്കപ്പന്റെ ചുമയുടെ മേലുള്ള അവസാനവാക്ക് തങ്കപ്പന്‍ തന്നെയായിരിക്കണം എന്ന് ഡാറ്റയുടെ കാര്യത്തിലെങ്കിലും ഒരു സാമാന്യധാരണ ഇപ്പോള്‍ ലോകത്തുണ്ട്. അതായത് ഗൂഗിളൊക്കെ വഴികാട്ടുന്ന ഈ കാലത്തു ഡാറ്റ ആര് കക്കാന്‍, എന്നിട്ടെന്തു കാര്യം എന്ന മട്ടില്‍ ഇതിനെ കാണാനാകില്ല. വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച ഡാറ്റ മാത്രമെടുക്കാം. നിര്‍ദിഷ്ട ഇന്ത്യന്‍ ബില്ലില്‍ ഡാറ്റയെ മൂന്നായി തിരിക്കുന്നു. Personal Data, Sensitive Personal Data , Critical Personal Data. ഇതില്‍ Sensitive Personal Data-യിലാണ് വ്യക്തിയുടെ ആരോഗ്യവിവരങ്ങള്‍, sexual orientation, സാമ്പത്തിക വിവരങ്ങള്‍ എന്നിവയൊക്കെ ഉള്ളത്. ഈ വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുമ്പ് ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യുന്ന Data Fiduciary എന്താണ് ഇതിന്റെ ലക്ഷ്യമെന്നും അതിന്റെ വരുംവരായ്കകള്‍ എന്താണെന്നുമൊക്കെ Data Principal -നു (ഇവിടെ individual) വ്യക്തമായും ബോധ്യപ്പെടുത്തണം. ഈ വിവരങ്ങള്‍ ആവശ്യമെങ്കില്‍ തിരിച്ചുവാങ്ങാനും, നശിപ്പിച്ചുകളയാന്‍ ആവശ്യപ്പെടാനുമൊക്കെ വ്യക്തികള്‍ക്ക് അവകാശം നിര്‍ദ്ദേശിക്കുന്നുണ്ട്.

ഡാറ്റ സംരക്ഷിക്കാന്‍ Data Fiduciary കര്‍ക്കശമായ മാനദണ്ഡങ്ങള്‍ പാലിക്കണം. ഡാറ്റ വ്യക്തിയുടെ അനുവാദമില്ലാതെ ദുരുപയോഗം ചെയ്യുകയോ കൈമാറുകയോ ചെയ്താല്‍ 15 കോടി രൂപയോ ആഗോള വിറ്റുവരവിന്റെ 4% പിഴയുമൊക്കെയാണ് ബില്ലില്‍ നിര്‍ദ്ദേശിക്കുന്നത്. അതായത് തങ്കപ്പന്റെ ചുമ വളരെയേറെ വിലപിടിപ്പുള്ള ഒരു ചുമയാണ്. ഇനിയിപ്പോ ആര്‍ക്കും വിലയില്ലെങ്കിലും തങ്കപ്പന് സ്വന്തം ചുമ സംഗീതം പോലെ കേള്‍ക്കാന്‍ അയാള്‍ക്ക് മാത്രമായുള്ള അവകാശം ഒരു മൗലികാവകാശമാണെന്നും അത് ഭരണഘടന നല്‍കുന്ന എടുത്തുകളയാനാകാത്ത സ്വകാര്യത അവകാശമാണെന്നും Justice K.S. Puttaswamy v. Union of India വിധിയിലൂടെ സുപ്രീം കോടതി പറഞ്ഞിട്ടുമുണ്ട്. സ്പ്രിങ്ക്‌ലര്‍ മലയാളി ഉടമയുടെ ഉദ്ദേശ്യം ഇനിയിപ്പോ എന്തുതന്നെയായാലും ക്ഷമിക്കണം സര്‍, തങ്കപ്പന്‍ അയാളുടെ ചുമയുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള കരാറിന്റെ വിശദാംശങ്ങള്‍ അറിയാന്‍ നിയമപരമായിത്തന്നെ അര്‍ഹനാണ്. നിര്‍ദിഷ്ട ബില്‍ നിയമമായില്ലെങ്കില്‍ക്കൂടി, ഭരണഘടന നല്‍കുന്ന സ്വകാര്യതയ്ക്കുള്ള മൗലികാവകാശം അനുസരിച്ച്.

വ്യക്തികളുടെ സമ്മതം എങ്ങനെ നേടുന്നു എന്നത് വളരെ കുഴപ്പം പിടിച്ച ഒരു കാര്യമാണ്. കാക്കത്തൊള്ളായിരം വ്യവസ്ഥകള്‍ വായിച്ചിട്ടല്ല നമ്മളൊരു വായ്പ എടുക്കുന്നത് എന്നതുപോലെ ഡാറ്റ ശേഖരണത്തിലും ഇത് സംഭവിക്കുന്നുണ്ട്. മിക്ക പഠനങ്ങളും കാണിക്കുന്നത് ഒരു സാങ്കേതികസേവനം ലഭിക്കുന്നതിനുവേണ്ടി വ്യക്തിവിവരങ്ങളുടെ കൈമാറ്റത്തിന് ആളുകള്‍ മടികാണിക്കില്ല എന്നതാണ്. അത് പക്ഷെ ആ വിവരങ്ങള്‍ ഏതൊക്കെ രീതിയില്‍ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചു ധാരണയുണ്ടായതുകൊണ്ടാകണമെന്നില്ല. ഇതൊരു പ്രശ്‌നമാണ്. എങ്കിലും ഈ സമ്മതം വളരെ നിര്‍ണായകമാണ്. ശ്രീകൃഷ്ണ കമ്മറ്റി പറയുന്നു, ‘The notice and choice framework to secure an individual’s consent is the bulwark on which data processing practices in the digital economy are founded. It is based on the philosophically significant act of an individual providing consent for certain actions pertaining to her data.’ Data localisation പോലുള്ള നിബന്ധനകള്‍ കമ്മറ്റി വെച്ചത് data യുടെ കൈമാറ്റത്തിനു തടയിടാനാണ്.

ഈ ഡാറ്റയാണോ പ്രധാന കാര്യം ആധാര്‍ വഴി എല്ലാം എടുക്കുന്നില്ലേ എന്ന ചോദ്യം ഈ പ്രശ്‌നത്തില്‍ നിന്നും ഒളിച്ചുകടക്കാനോ അല്ലെങ്കില്‍ ആധാര്‍ വഴിക്ക് ഭരണകൂടം വ്യക്തികളുടെ സ്വകാര്യത ലംഘിക്കാനും surveillance system നടപ്പാക്കാനും ഉപയോഗിച്ച യുക്തിയെ surveillance capitalism ത്തിലേക്ക് കൂട്ടിവെക്കലായെ കാണാനാകൂ. അങ്ങനെ ആധാറിന്റെ ഭരണകൂടയുക്തികളോട് പലതരത്തില്‍ ഏറ്റുമുട്ടിയാണ് സ്വകാര്യത ഒരു ഭരണഘടനാവകാശമായി അംഗീകരിച്ചെടുത്തത്. ആധാര്‍ ഏതാണ്ട് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിച്ച വഴിക്കു നടന്നുകിട്ടിയെങ്കില്‍പ്പോലും.

അപ്പോള്‍, തങ്കപ്പനെ നിങ്ങള്‍ക്ക് വിലയില്ലെങ്കിലും അയാളുടെ ചുമയുടെ രാഗമാലികകള്‍ വിലയേറിയ ഡാറ്റയാണ്. Digital Universe-ല്‍ 2025 ആകുമ്പോഴേക്കും ഉണ്ടാകാന്‍ പോകുന്നത് 180 zettabytes ഡാറ്റയാണ് (180-നു ശേഷം 21 പൂജ്യം). ആമസോണ്‍, മൈക്രോസോഫ്റ്റ്, ആല്ഫബെറ് തുടങ്ങിയ കമ്പനികളുടെ പ്രധാന മൂലധന നിക്ഷേപം മുഴുവന്‍ ഇതിനുവേണ്ടിയാണ്. Artificial Intelligence -AI -യാണ് big data യുടെ മറ്റൊരു ഗുണഭോക്താവ്. ഇതൊക്കെ ദീര്‍ഘമായ വിഷയങ്ങളാണ്. അതിലേക്ക് മറ്റൊരവസരത്തില്‍ പോകാം.

വ്യക്തികളുടെ ആരോഗ്യവിവരങ്ങള്‍ എന്തിനൊക്കെ ഉപയോഗിക്കാം എന്നത് മാത്രമല്ല ജനധിപത്യത്തിന്റെയും സുതാര്യതയുടെയും അറിയാനുള്ള അവകാശത്തിന്റെയുമൊക്കെ തലങ്ങള്‍ക്കൂടി ഈ സ്പ്രിങ്ക്‌ലര്‍ കമ്പനി പ്രശ്‌നത്തിനുണ്ട്. യൂസഫലിയും രവി പിള്ളയും ഇപ്പോള്‍ രാജി തോമസുമൊക്കെയായ പ്രവാസി ആഗോള മലയാളി വ്യാപാരികളുടെ ജീവകാരുണ്യസഹായങ്ങള്‍ക്ക് ഈ നന്ദികേടാണോ തിരികെക്കൊടുക്കുന്നത് എന്നതരത്തില്‍ വൈകാരികമായി ക്ഷോഭിക്കേണ്ടതല്ല ഈ വിഷയം. ആധാര്‍ ഡാറ്റ അംബാനി ചോര്‍ത്തിയോ എന്ന ആശങ്ക ഉണ്ടായപ്പോള്‍ മുകേഷ് അംബാനി ഇന്ത്യക്കാരനാണല്ലോ, മൂപ്പര്‍ക്ക് നാട്ടിലെ കാരക്കല്‍ ദാസന്റെ വിവരങ്ങള്‍ കിട്ടിയിട്ട് എന്താ കാര്യം എന്നല്ലായിരുന്നു നമ്മള്‍ ചോദിച്ചത്. അംബാനി ഇന്ത്യക്കാരനാണല്ലോ എന്നും നമ്മള്‍ ആശ്വാസം കൊണ്ടില്ല. കാരണം അതിലെ അപകടങ്ങള്‍ നമുക്കറിയാമായിരുന്നു.

ഒരു Pandemic ന്റെ സമയത്താണോ ഇതൊക്കെ എന്ന് ചോദിച്ചാല്‍ രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞപ്പോള്‍ യു എസ് സാമ്പത്തികമായി മെച്ചപ്പെട്ടിരുന്നു എന്നാണ് വസ്തുത. മുതലാളിത്തത്തിനും മൂലധനത്തിനും യുദ്ധവും മഹാമാരിയുമൊന്നുമില്ല, കച്ചവടം മാത്രമേയുള്ളു. പക്ഷെ, സ്വന്തം ചുമയുടെ വ്യവഹാരാവകാശങ്ങള്‍ക്കായി തങ്കപ്പന്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ അത് നല്‍കാനുള്ള ബാധ്യതയും അതിന്റെ വരും വരായ്കകളെക്കുറിച്ചു അയാളെ ബോധ്യപ്പെടുത്താനുള്ള ചുമതലയും ഒരു ജനാധിപത്യ ഭരണസംവിധാനത്തിനുണ്ടാകണം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757