Opinion

കോവിഡാനന്തര ലോകം എങ്ങോട്ട് – അഷ്‌റഫ് കൊടിഞ്ഞി

ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ഒരു കുഞ്ഞു വൈറസിന് മുമ്പില്‍ ലോകം സ്തംഭിച്ചു നില്‍ക്കുന്ന ഭീതിജനകമായ കാഴ്ചയാണ് നാമെങ്ങും കണ്ടുകൊണ്ടിരിക്കുന്നത്. വന്‍ശക്തികള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ പോലും ഈ സൂക്ഷ്മാണുവിനെ പ്രതിരോധിക്കാനാവാതെ പ്രയാസപ്പെടുകയാണ്. കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ പ്രകടിപ്പിച്ച ഇച്ഛാശക്തി പോലും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അമേരിക്കക്കും പ്രദര്‍ശിപ്പിക്കുവാന്‍ കഴിയാതെ പോയി. ഇപ്പോഴും തീവ്രത ഒട്ടും ചോരാതെ കോവിഡ്-19 മനുഷ്യരാശിയുമായി തുറന്ന യുദ്ധത്തിലാണ്. ആയിരക്കണക്കിന് പേരാണ് ഓരോ ദിവസവും മരണത്തിന്ന് കീഴടങ്ങുന്നത്. ശാസ്ത്ര സാങ്കേതിക വളര്‍ച്ചയും വൈദ്യചികിത്സാ രംഗത്തെ അത്യുന്നതിയുമെല്ലാം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണിപ്പോള്‍. കോവിഡിന്റെ പ്രത്യാഘാതങ്ങളുടെ ആഴവും പരപ്പും എത്രമാത്രം സങ്കീര്‍ണവും വൈപുല്യമേറിയതുമാണെന്നു ഇപ്പോള്‍ അനുമാനിക്കാനാവില്ല.

വികസിത രാജ്യങ്ങള്‍ എന്ന് ഘോഷിക്കപ്പെടുന്ന രാജ്യങ്ങള്‍ക്ക് വൈറസിനെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, അവരുടെ കൈപ്പിടിയില്‍ നിന്നും കാര്യങ്ങള്‍ വഴുതിപ്പോകുന്നതാണ് നാം കാണുന്നത്. സാമ്പത്തികവും സാമൂഹികവുമായി ഏറെ മുന്നില്‍ നടന്നിട്ടും ഇങ്ങിനെ സംഭവിച്ചതിലുള്ള ഞെട്ടലില്‍ നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. ശാസ്ത്രവും യുക്തിചിന്തയും കൊണ്ട് അസ്തിവാരമിട്ട മുതലാളിത്ത രാജ്യങ്ങള്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം അതീവ ഗുരുതരമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര സുരക്ഷാ സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ കഴിയാത്ത രാജ്യങ്ങള്‍ ഏത് തത്വ ശാസ്ത്രത്തെയും എന്തു പുരോഗതിയേയുമാണ് പ്രതിനിധീകരിക്കുന്നത്? ഇത് കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കും ആത്മസംഘര്‍ഷങ്ങളിലേക്കും ജനങ്ങളെ നയിക്കും. മനുഷ്യര്‍ സാമ്പത്തികവും സാമൂഹികവുമായി ദുര്‍ബലരാവുന്നതോടെ ഏകാധിപത്യ സ്വേച്ഛാധിപത്യ പ്രവണതകള്‍ വളരുകയും ജീവിതം കൂടുതല്‍ ദുസ്സഹമായി മാറുകയും ചെയ്യും.

ജീവശാസ്ത്ര രംഗത്ത് ഇനിയും കുറെ ദൂരം ആധുനിക സമൂഹത്തിന് സഞ്ചരിക്കാനുണ്ട്. കാന്‍സര്‍ പോലെയുള്ള വ്യാധികള്‍ ഇനിയും മനുഷ്യന്റെ വരുതിയില്‍ വന്നിട്ടില്ല. മഹാമാരികള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍, പ്രകൃതി ക്ഷോഭങ്ങള്‍ ഇവയെല്ലാം പ്രതിരോധിക്കുന്നതില്‍ നിസ്സഹായരാണ് ലോകസമൂഹം. വിഭവങ്ങള്‍ വാരിക്കൂട്ടുന്നതിലും മനുഷ്യന്റെ സുഖതൃഷ്ണകളെ ഉദ്ദീപിപ്പിക്കുന്നതിലുമായിരുന്നു മുതലാളിത്തത്തിന്റെ ഊന്നല്‍; ഒപ്പം സംഹാരായുധങ്ങളുടെ നിര്‍മാണത്തിലും. ബോംബും മിസൈലുമെല്ലാം സ്വരുക്കൂട്ടിയവര്‍ ഒരു മാസ്‌കിന് വേണ്ടി അലയുന്ന കാഴ്ച്ച ദയനീയം എന്നല്ലാതെ എന്തുപറയാന്‍. അപരന് സുഖവും സന്തോഷവുമുണ്ടെങ്കില്‍ മാത്രമേ എല്ലാവര്‍ക്കും സമാധാനമായി ജീവിക്കാന്‍ കഴിയുകയുള്ളൂ എന്ന ലളിത യുക്തിയാണ് കോവിഡ്-19 നമ്മെ പഠിപ്പിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഏഴു വന്‍കരകളിലായി ഇരുനൂറ്റി ആറ് രാജ്യങ്ങളിലെ മൂന്നില്‍ രണ്ട് ഭാഗം ജനങ്ങളെയും കോവിഡ് മഹാമാരി പ്രത്യക്ഷത്തില്‍ ബാധിച്ചു കഴിഞ്ഞു. മൂന്ന് ട്രില്യന്‍ യു.എസ് ഡോളറിന്റെ നഷ്ടം ഇതിനകം സാമ്പത്തിക മേഖലയില്‍ ലോകത്ത് സംഭവിച്ചതായി യു.എന്‍ കണക്കാക്കിയിരിക്കുന്നു. അഞ്ച് ട്രില്യന്‍ ഡോളറിന്റെ പാക്കേജുങ്കിലും ഉണ്ടെങ്കിലേ ഇപ്പോള്‍ ബാധിച്ച സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ലോകത്തിന് കഴിയൂവെന്ന് ജി.20 രാജ്യങ്ങളുടെ പ്രത്യേക യോഗം അഭിപ്രായപ്പെടുകയുണ്ടായി. സി.എന്‍.ബി.സി പുറത്തുവിട്ട കണക്കു പ്രകാരം നാല്പത്തിയേഴ് മില്യന്‍ ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുപ്പത്തിരണ്ട് ശതമാനം ആളുകള്‍ തൊഴില്‍ മേഖലയില്‍ നിന്ന് പുറംതള്ളപ്പെടുമെന്നത് വരാനിരിക്കുന്ന സാമ്പത്തിക സുനാമിയെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ എക്കോണമിയെ പൊതുവിലും, കേരളത്തെ പ്രത്യേകിച്ചും ശക്തമായി ബാധിക്കുന്നതായിരിക്കും ഈ ക്രൈസിസ്. 2017ലെ ജി.സി.സി കൗണ്‍സിലിന്റെ കണക്കനുസരിച്ചു ഇരുപത്തഞ്ച് ബില്യന്‍ ഡോളറാണ് ഗള്‍ഫില്‍ നിന്നും ഓരോ വര്‍ഷവും ഇന്ത്യയിലേക്ക് അയക്കുന്നത്. ഇതിന്റെ അഭാവം വലിയൊരളവില്‍ നമ്മെ പിടിച്ചുലക്കുമെന്നാണ് കരുതുന്നത്.

ഉത്പാദന രംഗത്തുള്ള നിശ്ചലത, ഭക്ഷ്യ വിഭവങ്ങളുടെ പോരായ്മ, തന്മൂലമുള്ള വിലക്കയറ്റം തുടങ്ങിയവ അരാജകമായ അവസ്ഥകള്‍ ലോകത്തിന് സമ്മാനിക്കുമെന്നാണ് വിദഗ്ദര്‍ നിരീക്ഷിക്കുന്നത്. യു.എന്നിന്റെ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ വിഭാഗം നല്‍കുന്ന സൂചനയനുസരിച്ചു ഭക്ഷ്യക്കമ്മി ഇതിനകം തന്നെ ആരംഭിച്ചുവെന്നും ഇനിയുള്ള ദിവസങ്ങളില്‍ അത് കൂടുതല്‍ രൂക്ഷമാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യ, ചൈന പോലെയുള്ള ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ പോരായ്മ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. റഷ്യയിലെ പല സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഭക്ഷൃവസ്തുക്കള്‍ കാലിയായത് റോയിട്ടേഴ്‌സ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ചെറുകിട സ്ഥാപനങ്ങള്‍ തൊട്ട് വന്‍കിടക്കാര്‍ വരെ കോവിഡ്-19ന്റെ മലവെള്ളപ്പാച്ചിലില്‍ കടപുഴകുമെന്നാണ് സൂചിപ്പിക്കുന്നത്. പരമ്പരാഗത വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ കുറെയേറെ നാമാവശേഷമാവാനും പുതുസംരംഭകരുടെ നാന്ദിക്ക് തുടക്കം കുറിക്കാനും കാരണമായേക്കും. രണ്ട് മൂന്ന് മാസത്തിനകം വൈറസിനെ തുരത്തിയാലും രണ്ട് വര്‍ഷക്കാലം പിന്നിടും സാമൂഹികാവസ്ഥ സാധാരണ പടിയിലേക്ക് എത്തിച്ചേരാന്‍. ജനങ്ങള്‍ തമ്മില്‍ ഇപ്പോള്‍ സ്ഥാപിക്കപ്പെട്ട സാമൂഹിക അകലം കൂടുതല്‍ ദൃഢമാവാനും പരസ്പര ബന്ധവും വിശ്വാസവും ദുര്‍ബലമാവാനും കോവിഡ് വഴിയൊരുക്കുമോയെന്ന് ആശങ്കപ്പെടുന്നുണ്ട്. ദൈനംദിന കാര്യങ്ങള്‍ തൊട്ട് ടൂറിസ്റ്റ് വ്യവസായം വരെ കടുത്ത പ്രതിസന്ധിയാണ് നേരിടുക.


എണ്‍പത്തിയഞ്ചു ബില്യന്‍ രൂപയുടെ നഷ്ടമാണ് ടൂറിസം രംഗത്ത് ഇന്ത്യയിലുണ്ടാവുക. അതിലേറെയും കേരളത്തിനായിരിക്കും. കോവിഡ്-19 രാജ്യാന്തര ബന്ധങ്ങളെയും സാരമായി ബാധിക്കും. മുമ്പ് സെപ്റ്റംബര്‍ പതിനൊന്ന് സംഭവത്തിന് ശേഷം മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ പ്രതിബന്ധമായി കുറെ സുരക്ഷാ കാരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അത് ഇനി ആരോഗ്യ കാര്യങ്ങള്‍ കൂടി സ്‌ക്രീന്‍ ചെയ്യുന്ന തരത്തില്‍ കൂടുതല്‍ ദുസ്സഹമായി മാറും. സപ്റ്റംബര്‍ പതിനൊന്ന്, 2008-ലെ ലോകസാമ്പത്തിക മാന്ദ്യം എന്നീ വേളകളില്‍ അനുഭവപ്പെട്ട പ്രയാസങ്ങളെക്കാള്‍ തീക്ഷ്ണവും കഠിന്യമേറിയതുമായിരിക്കും വരാനിരിക്കുന്ന നാളുകള്‍. രണ്ടാം ലോകമഹായുദ്ധ കാലത്ത് നേരിട്ടത്തിനെക്കാള്‍ വലിയ സാമ്പത്തിക തകര്‍ച്ചയാണ് ഫ്രാന്‍സ് നേരിടുന്നതെന്ന് അവര്‍ വ്യക്തമാക്കുകയുണ്ടായി. ജര്‍മനിയിലെ ഒരു പ്രവിശ്യയിലെ ധനമന്ത്രി പ്രശ്‌നം നേരിടാനാവില്ലെന്നു പറഞ്ഞു ആത്മഹത്യ ചെയ്തു. യൂറോപ്യന്‍ യൂണിയന്റെ പതാക താഴ്ത്തിക്കെട്ടി സ്വന്തം പതാക ഉയര്‍ത്തിയ ഇറ്റലിയും സ്‌പെയിനും യൂറോപ്യന്‍ യൂണിയന്‍ എന്ന സങ്കല്പത്തെ തന്നെയാണ് കാറ്റില്‍ പറത്തിയത്.

ലോകത്തെ ശാക്തിക സമവാക്യങ്ങള്‍ക്ക് മാറ്റം വരുമെന്നാണ് കോവിഡ്-19 നല്‍കുന്ന ശക്ത്തമായ സൂചന. അമേരിക്കന്‍ ഭരണകൂടം എത്ര ദുര്‍ബലമാണെന്നാണ് ദിനേന വ്യക്തമായിക്കൊണ്ടിരിക്കുന്നത്. മുതലാളിത്ത സിദ്ധാന്തം മാനുഷിക മുഖം സ്വീകരിക്കണമെന്ന് അവിടെ മുറവിളി ഉയരുന്നു. ആത്മീയത മിഥ്യയല്ല,
സത്യമാണെന്ന് ജര്‍മ്മനിയിലെ ബാങ്ക് വിളിച്ചു പറയുന്നു. എന്നാല്‍, നിലവിലെ മതാചാരങ്ങളും അനുഷ്ഠാനങ്ങളും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. രാഷ്ട്രീയമായ അസ്ഥിരതയും ഏകാധിപത്യ പ്രവണതയും വര്‍ധിക്കും. ജനാധിപത്യം, പൗരാവകാശം, സ്വാതന്ത്ര്യം തുടങ്ങിയ പദാവലികളൊക്കെ ഒരു ന്യൂനപക്ഷത്തിന് മാത്രം ലഭിക്കുന്ന അവകാശങ്ങളായി മാറും. പാര്‍ശ്വവല്‍കൃതരും ദുര്‍ബലരുമായ ജനവിഭാഗങ്ങള്‍ വര്‍ധിതമാവും. മാധ്യമ വിദ്യാഭ്യാസ മേഖലയിലും സമൂലമായ മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ടൂറിസം, വിനോദം തുടങ്ങിയ വ്യവസായങ്ങള്‍ വന്‍ തകര്‍ച്ച നേരിടും. നിര്‍ബന്ധിത സാഹചര്യത്തില്‍ പ്രകൃതിയുടെ സംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധയുണ്ടാവുമെന്നാണ് ഏക പ്രതീക്ഷ. പ്രവചനാതീതമായ ഒരു മാറ്റത്തെയായിരിക്കും ലോകം അഭിമുഖീകരിക്കുക.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757