cultural

സിനിമ പാരസൈറ്റ് – സമ്പന്നതക്കും ദാരിദ്ര്യത്തിനുമിടയിലെ നൂല്‍പാലം – യാസര്‍ ഖുത്തുബ്

 

തൊണ്ണൂറ്റി രണ്ടാമത് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ച കൊറിയന്‍ സിനിമയായ പാരസൈറ്റിന്റെ കാഴ്ചാനുഭവം. മികച്ച ചിത്രത്തിനും ചിത്രത്തിന്റെ സംവിധായകന്‍ ്‌ബോങ് ഛൂന്‍ ഹോയെക്ക് മികച്ച സംവിധായകനും ഉള്‍പ്പെടെ നാല് പുരസ്‌കാരങ്ങള്‍ പാരസൈറ്റ് നേടി.

ഓസ്‌കാര്‍ ലഭിക്കുന്നതിനു മുമ്പുതന്നെ മലയാളികള്‍ നെഞ്ചേറ്റിയ ഒരു സിനിമയാണ് ബോങ് ഛൂന്‍ ഹോ സംവിധാനം ചെയ്ത ‘പാരസൈറ്റ്’ എന്ന ദക്ഷിണ കൊറിയന്‍ ചലച്ചിത്രം. ചരിത്രം കുറിച്ചുകൊണ്ട് ഹോളിവുഡ് ഇതര അന്യഭാഷ ചിത്രത്തിന് ആദ്യമായാണ് ഓസ്‌കാര്‍ ലഭിക്കുന്നത്. ജോക്കര്‍, 1917, വണ്‍സ് അപ്ഒണ്‍ എ ടൈം ഇന്‍ ഹോളിവുഡ് തുടങ്ങിയ വമ്പന്‍ സിനിമകളോടു മത്സരിച്ചാണ് ഈ പുരസ്‌കാരം കരസ്ഥമാക്കിയത് എന്നതും ശ്രദ്ധേയമാണ്.

സമൂഹത്തിലെ സമ്പത്തിന്റെ ആനുപാതികമല്ലാത്ത വിതരണത്തിന്റെ പ്രശ്നങ്ങളാണ് സിനിമയില്‍ വിഷയമാക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും സമ്പന്നരും തമ്മിലുള്ള അകലവും ജീവിതക്രമങ്ങളും സിനിമ അടയാളപ്പെടുത്തുന്നു. അതേസമയംതന്നെ, അടിസ്ഥാന വര്‍ഗത്തില്‍ കഴിഞ്ഞവര്‍, സമ്പന്നരുടെ പരാന്നഭോജികളായി (parasite) ജീവിതം നയിക്കുന്നതിനെയും ഫ്രെയിമില്‍ നിറയ്ക്കുന്നു. സാമ്പത്തിക അസമത്വം ചര്‍ച്ച ചെയ്യുന്നതോടൊപ്പം തന്നെ, ദരിദ്ര വിഭാഗം, കാര്യങ്ങള്‍ സാധിക്കുന്നതിന് സമ്പന്നരെ പ്രീതിപ്പെടുത്തുന്നതും ചൂഷണം ചെയ്യുന്നതും വരച്ചുകാണിക്കുന്നത് കൂടിയാണ് ഈ സിനിമ. കൊറിയയിലെ ഗ്രാമീണ പ്രാന്ത പ്രദേശങ്ങളിലെ ജനങ്ങള്‍ ജോലി ചെയ്യാതെ ജീവിക്കാന്‍ ശ്രമിക്കുന്നതിനെതിരെയുള്ള ആക്ഷേപഹാസ്യ കാഴ്ച കൂടിയാണ് പാരസൈറ്റ്.

നഗരങ്ങളില്‍ വസിക്കുന്ന ഒരു ശരാശരി ഇന്ത്യക്കാരന് തങ്ങളുടെ ജീവിതവുമായി വളരെയധികം റിലേറ്റ് ചെയ്യാന്‍ (ബന്ധിപ്പിക്കാന്‍) കഴിയുന്ന ഒരു സിനിമ പരിസരമാണിത്. കിം കുടുംബം താമസിക്കുന്നത്, നഗരങ്ങളിലെ ആഡംബര രഹിതമായ പൊടിപടലങ്ങള്‍ നിറഞ്ഞ ഒരു ചേരിയിലാണ്. കെട്ടിടത്തിലെ ബെയ്സ്മെന്റാണ് അവരുടെ വീട്. (വിദേശങ്ങളില്‍ പോകുന്ന ഇന്ത്യക്കാരായ വിദ്യാര്‍ഥികളും സാമ്പത്തികം കുറഞ്ഞവരും യൂറോപ്പിലും അമേരിക്കയിലും, ഇന്നും അണ്ടര്‍ ഗ്രൗണ്ട് ബെയ്സ്മെന്റുകളില്‍ താമസിക്കുന്നത് ഇതോടൊപ്പം നമുക്ക് കൂട്ടിവായിക്കാം). അടുക്കള, ടോയ്ലറ്റ്, സ്റ്റോര്‍ റൂമും അങ്ങനെ എല്ലാം കൂടി ഒരൊറ്റ മുറി. സാധനങ്ങള്‍ ക്രമബന്ധിതമല്ലാതെ അടുക്കി വെച്ചിരിക്കുന്നു. അതിനുള്ള സ്ഥലമേ അവിടെ ഉള്ളൂ. പിസ്സക്ക് കവറുകള്‍ ഉണ്ടാക്കി നല്‍കലാണ് ഈ കുടുംബത്തിന്റെ ജോലി. ആ കവറുകളുടെ അട്ടികളും വീടിന്റെ മൂലകളില്‍ കൂട്ടിയിട്ടിരിക്കുന്നു. പൊടിപടലങ്ങള്‍ പുരണ്ട ജനാലയിലൂടെ റോഡിലെ കാഴ്ചകളും കാണാം. വഴിപോക്കരും തെരുവുകളും അടികൂടുന്നതും, വീടിന് അഭിമുഖമായി നിന്ന് മൂത്രമൊഴിക്കുന്നതും ആ മങ്ങിയ ചില്ലുജാലകങ്ങളിലൂടെയുള്ള സ്ഥിരം കാഴ്ചകളാണ്. കിം കുടുംബം മൂത്രമൊഴിക്കുന്ന വഴിപോക്കരോടു കശപിശയും ഉണ്ടാക്കുന്നതും സിനിമയില്‍ നര്‍മാത്മകമായി പകര്‍ത്തിയിട്ടുണ്ട്.

കിമ്മിന്റെ മകന്‍ കിവൂവിന്, സമ്പന്നരായ പാര്‍ക് കുടുംബത്തില്‍ ട്യൂഷന്‍ എടുക്കാന്‍ അവസരം ലഭിക്കുന്നു. തന്റെ കൂട്ടുകാരനു ലഭിച്ച ചാന്‍സ്, അവന്‍ വിദേശത്ത് പോകുന്നതിനാല്‍ പകരം കിവു പോകുകയായിരുന്നു. തുടര്‍ന്ന് കിവു തന്റെ സഹോദരിയേയും മാതാപിതാക്കളെയും ഓരോരുത്തരായി ആ വീട്ടിലേക്ക് ജോലിക്കാരായി കൊണ്ടുപോയി. അതിനു വേണ്ടി അവര്‍ പ്രത്യേകം സ്‌ക്രിപ്റ്റ് തയ്യാറാക്കി, പ്രാക്ടീസ് ചെയ്ത് പരിശീലിക്കുന്നത് സിനിമയില്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ചിത്രീകരിച്ചിരിക്കുന്നു.

പാര്‍ക്ക് കുടുംബത്തിലെ ഡ്രൈവറെ പതുക്കെ പുറത്ത് ചാടിച്ച് കിവു തന്റെ അച്ഛനെ ആദ്യം അവിടെ എത്തിക്കുന്നു. പുതിയ അച്ഛന്‍ ഡ്രൈവര്‍, ആ കൊട്ടാരത്തിലെ വേലക്കാരിയെ കുറിച്ച്, തന്റെ യജമാനനോട് കളവു പറഞ്ഞ് തെറ്റിദ്ധാരണകള്‍ ഉണ്ടാക്കി, സ്വന്തം ഭാര്യക്കും അവിടെ ജോലി ലഭ്യമാക്കുന്നു. കൊട്ടാരസമാനമായ പാര്‍ക് ഡാങിന്റെ വീട്ടില്‍ ഈ കുടുംബം പരസ്പരം അറിയാത്തതുപോലെ അങ്ങനെ ജോലി ചെയ്യുന്നു. പാര്‍ക്ക് കുടുംബത്തില്‍ മൂത്തമകളെ കൂടാതെ സാഹസികത ഇഷ്ടപ്പെടുന്ന നഴ്‌സറി പ്രായത്തിലുള്ള ഒരു കൊച്ചു മകനും ഉണ്ട്. മൂത്ത മകള്‍ക്കാണ് കിവു ട്യൂഷന്‍ എടുക്കുന്നത്. ക്ലാസ് തുടങ്ങുമ്പോള്‍ തന്നെ ഇവര്‍ പ്രണയവും ആരംഭിക്കുന്നു.

ഡാങ് മുതലാളിയും കുടുംബവും ഒരു ദിവസം ദൂരേക്ക് വിനോദ യാത്ര പോകുന്നു. അന്ന് കിം കുടുംബം അവിടെ ആഘോഷിച്ചു തിമിര്‍ക്കുന്നു. ആ സമയത്ത് പഴയ വേലക്കാരി, മൂന്‍ ഗോങ്ങ് കടന്നുവരുന്നു. അവരുടെ ഭര്‍ത്താവ് ഈ കൊട്ടാര വീട്ടിലെ, ഭൂഗര്‍ഭ അറയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. രണ്ടു കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും ഈ രഹസ്യങ്ങള്‍ മനസ്സിലാക്കുന്നു. സംഭാഷണങ്ങള്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുന്നു. മുതലാളിക്ക് അയച്ചു കൊടുക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്.

വീട്ടിലെ കുറേ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം ഒരു രാത്രി, കിമും കിവുവും സഹോദരിയും സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി പെരുമഴ ആരംഭിച്ചു. തങ്ങളുടെ അണ്ടര്‍ ഗ്രൗണ്ടിലുള്ള വീട്ടില്‍ മുഴുവന്‍ വെള്ളം നിറയുന്നു. വിലപിടിപ്പുള്ള പലതും ഒലിച്ചുപോകുന്നു. സ്‌കൗട്ട് സമയത്ത് ലഭിച്ച ബാഡ്ജുകള്‍ കിം മാറോടു ചേര്‍ക്കുന്നു. കിവു തനിക്ക് കൂട്ടുകാരില്‍ നിന്നും ലഭിച്ച പ്രത്യേക ശിലയെ നോക്കി നെടുവീര്‍പ്പിടുന്നു. ക്ലോസെറ്റില്‍ നിന്നും പൊങ്ങിവരുന്ന മലിനജലത്തെ തടഞ്ഞുനിര്‍ത്താന്‍ കിമ്മിന്റെ സഹോദരി പെടാപ്പാട് പെടുന്നു. നഗരങ്ങളില്‍ ഉണ്ടാകുന്ന പെരുമഴയും പ്രളയങ്ങളും എങ്ങനെയാണ് ജീവിതത്തെ ബാധിക്കുക എന്ന് സിനിമ കാണിച്ചുതരുന്നു. പ്രളയത്തെ തുടര്‍ന്ന് കിംവും മകനും മകളും ദുരിതാശ്വാസക്യാമ്പില്‍ എത്തുന്നു. ക്യാമ്പില്‍ ഇവര്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍, യജമാനന്‍ പ്രഭുവിന്റെ വീട്ടില്‍ ജന്മദിന പാര്‍ട്ടിക്ക് വേണ്ടിയുള്ള ഉടുപ്പുകളുടെ സെലക്ഷന്‍ നടക്കുകയായിരുന്നു. ക്യാമ്പിലെ വലിയ ഹാളില്‍, ആളുകള്‍ക്കിടയില്‍ കിടക്കുമ്പോള്‍ മകന്‍ ജീവിതത്തെ കുറിച്ച് ചോദിക്കുമ്പോള്‍ അച്ഛന്‍ നല്‍കുന്ന ഒരു ഉപദേശമുണ്ട്. ‘ഒന്നും പ്ലാന്‍ ചെയ്യാതിരിക്കുക, എങ്കില്‍ നമുക്ക് വിഷമം ഉണ്ടാകില്ല’. ഇത് നിസ്സഹായരായ സാധാരണ ജനങ്ങള്‍ തങ്ങളുടെ മക്കള്‍ക്ക് നല്‍കുന്ന ഉപദേശമാണ്. അതേസമയം പാര്‍ക്ക് കുടുംബം, അവിടെയുള്ള ചെറിയ കുട്ടിക്ക് ഉപചാര ക്രമങ്ങളും പ്ലാനിങ്ങും പറഞ്ഞു പഠിപ്പിക്കുന്നതും സിനിമയില്‍ കാണാന്‍ കഴിയും.

ഡോങ് തന്റെ ഡ്രൈവറുടെ ‘കെട്ട’ മണത്തെക്കുറിച്ച് കിടക്കയില്‍ വെച്ച് പോലും ഭാര്യയോട് പറയുന്നുണ്ട്. ആ ഗന്ധത്തിന്റെ അസഹനീയത, അത് പലപ്പോഴും അദ്ദേഹത്തിന് ഓക്കാനം ഉണ്ടാക്കുന്നു. യഥാര്‍ഥത്തില്‍ വേലക്കാരിക്കും ഡ്രൈവര്‍ക്കും ഒരേ മണം ആണ് എന്നത് ആദ്യം കണ്ടുപിടിച്ചത് ആ വീട്ടിലെ കൊച്ചു കുട്ടിയായിരുന്നു. ഭര്‍ത്താവ് പറഞ്ഞതിനുശേഷം ഭാര്യക്കും ഈ മണം അസഹനീയമായി തോന്നുന്നു. ജീവനെ ഹനിക്കാന്‍ കിം കത്തിയുമായി വരുന്ന സമയത്ത് പോലും ആ സമ്പന്ന ഭാര്യക്ക് ആ മണം അസഹനീയമായിരുന്നു. പഴമയുടെയും ദാരിദ്ര്യ ജീവിതങ്ങളുടെയും ഒരു മുദ്രയായി ആ മണം സിനിമയില്‍ അടയാളപ്പെടുത്തുന്നു. വസ്ത്രത്തിലെ ഗന്ധവും, മഴയില്‍ പ്രളയം ബാധിക്കുന്ന ചേരി പ്രദേശങ്ങളുമെല്ലാം സാമ്പത്തിക വംശീയതയുടെ നേര്‍സാക്ഷ്യങ്ങളായി ‘പാരസൈറ്റ്’ തന്റെ പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നു.

മുന്‍ വേലക്കാരിയുടെ ഭര്‍ത്താവ് ഭൂഗര്‍ഭ നിലയില്‍ നിന്നും രക്ഷപ്പെട്ട് ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടയില്‍ അക്രമാസക്തനാകുന്ന നാടകീയ രംഗങ്ങളാണ് അവസാനത്തേത്. അയാള്‍ തന്റെ എതിരാളി ആയിട്ടുകൂടി, അയാളെ ആക്രമിക്കാതെ, കിം കത്തിയെടുത്ത് കുത്തുന്നത് ഡോങ്ങ് മുതലാളിയാണ്. ഇത് അടിസ്ഥാന വര്‍ഗത്തിന് മുതലാളിത്ത വിഭാഗത്തോടുള്ള അമര്‍ഷം സൂചിപ്പിക്കുന്നു. പിന്നീട് കിമ്മും ഒളിച്ചിരിക്കുന്നത് ആ ഭൂഗര്‍ഭ അറയില്‍ തന്നെയാണ്. മകനുമായി വാര്‍ത്താവിനിമയം നടത്തുന്നത്, പഴയകാല ടെലിഗ്രാമില്‍ ഉപയോഗിച്ചിരുന്ന ‘മോഴ്സ് കോഡ്’കൊണ്ടാണ്. ഭൂഗര്‍ഭ അറയിലെ സ്വിച്ച് വഴി, മുകളിലുള്ള ബള്‍ബില്‍, ‘ഡി, ഡാ, ഡാഷ്’ കോഡുകള്‍ പ്രകാശിപ്പിക്കുന്നു. കിവു അത് പുസ്തകത്തിലേക്ക് പകര്‍ത്തി വായിച്ചെടുക്കുന്നു. പഠിച്ചു വലിയ ജോലി ലഭിച്ചു ആ കൊട്ടാരം വിലയ്്ക്ക് വാങ്ങാം എന്ന് അവന്‍ തന്റെ അച്ഛന് മറുപടി അയക്കുന്നു. ആവശ്യങ്ങള്‍ മനുഷ്യനെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാപ്തനാക്കുന്നതും അവസാനം അത് ലഭ്യമാകുന്നതും കൂടിയാണ് പാരസൈറ്റിന്റെ ഇതിവൃത്തം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757