Uncategorized

മാഹിന്‍ നെരോത്ത്: ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപം – പി.സി ഭാസ്‌കരന്‍

 

വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്് മാഹിന്‍ നെരോത്തിന്റെ വിയോഗം പാര്‍ട്ടിക്ക് ഏല്‍പിച്ചത് നികത്താനാകാത്ത നഷ്ടമാണ്. പാര്‍ട്ടിയുടെ തുടക്കം മുതല്‍ അതോടൊപ്പം ഉറച്ചുനില്‍ക്കുകയും ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത അതുല്യ വ്യക്തിത്വമായിരുന്നു അദ്ദേഹം. എണ്‍പത് വയസ്സ് പിന്നിട്ടിട്ടും കര്‍മ ഗോഥയില്‍ വിശ്രമമില്ലാതെ നില കൊണ്ടു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ആ വിടവാങ്ങല്‍. രോഗം തളര്‍ത്തിയ അല്‍പകാലം മാത്രമാണതിന് അപവാദം.

കേരള മദ്യനിരോധന സമിതിയുടെ അമരക്കാരനെന്നതായിരുന്നു മാഹിന്‍ മാഷുടെ പൊതുജീവിതത്തിന്റെ മേല്‍ വിലാസം. വെല്‍ഫെയര്‍ പാര്‍ട്ടിയിലൂടെയാണ് ആദ്യമായി രാഷ്ട്രീയ രംഗത്തെത്തുന്നത്. ആദ്യ കാലത്ത് തന്നെ പാര്‍ട്ടിയിലേക്ക് കടന്നുവന്നു. മദ്യവിമുക്തമായ ഒരു സാമൂഹിക ജീവിതം സ്വപ്നം കാണുകയും അതിനായി പട നയിക്കുകയും ചെയ്ത അദ്ദേഹത്തിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ പുല്‍കുവാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതുണ്ടായിരുന്നില്ല. നീതി ബോധത്തിന്റെ ആള്‍രൂപമായിരുന്നു. ഏത് സാധാരണക്കാരനേയും ചേര്‍ത്തു നിര്‍ത്തുവാനും അവരുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കാനുമുള്ള അദ്ദേഹത്തിന്റെ ശേഷി അസാധാരണമായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി സ്വന്തം പണം ഇത്രയേറെ ചെലവഴിച്ചവര്‍ ചുരുക്കമായിരിക്കും. ജില്ലയിലെ പാര്‍ട്ടിക്കും വ്യക്തിപരമായി ഞങ്ങള്‍ക്കെല്ലാം രക്ഷിതാവു കൂടിയായിരുന്നു നെരോത്ത്. ജില്ലയില്‍ പാര്‍ട്ടി നടത്തിയ ശ്രദ്ധേയ പരിപാടികളിലൊന്നായിരുന്നു നാളികേര വിലത്തകര്‍ച്ചക്കെതിരെ കലക്ടറേറ്റിലേക്ക് നടത്തിയ കര്‍ഷക മാര്‍ച്ച്. ഏറെ മാധ്യമ ശ്രദ്ധ നേടിയ ആ പരിപാടിയുടെ മുഖ്യസംഘാടകന്‍ മാഹിന്‍ മാഷായിരുന്നു.

അദ്ദേഹത്തിന്റെ മുന്‍കൈയില്‍ ആരംഭിച്ച ശ്രദ്ധേയ സംരംഭമായിരുന്നു ‘നവോത്ഥാനം’ മാസിക. മരിക്കുന്നത് വരെ അതിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു. ഒരു ലക്കം പോലും മുടങ്ങാതെ മാസിക നല്ല പ്രിന്റിംഗ് നിലവാരത്തില്‍ അച്ചടിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും വ്യക്തി ബന്ധങ്ങളുമായിരുന്നു. കോഴിക്കോടും പരിസരത്തുമുള്ള വ്യക്തി ബന്ധങ്ങള്‍ അതിവിപുലമായിരുന്നു. ആ വ്യക്തി ബന്ധങ്ങള്‍ വഴി നിരവധി പേര്‍ പാര്‍ട്ടിയില്‍ എത്തിയിട്ടുണ്ട്.

അധ്വാനത്തിന്റെ വില നന്നായി അറിയുന്ന അദ്ദേഹം കഠിനപ്രയത്നത്തിലൂടെയാണ് ജീവിതം കരുപിടിപ്പിച്ചത്. സ്വര്‍ണ വ്യാപാരിയായിരുന്നു. ഒപ്പം ക്ഷീര കര്‍ഷകനും. മദ്യനിരോധന സമിതിയുടെ ഭാരവാഹിത്വത്തിന് പുറമെ സ്വര്‍ണ വ്യാപാരികളുടെ സംഘടനാ ഭാരവാഹിത്വവും വഹിച്ചിരുന്നു. സ്ഥാനത്തോടുള്ള അങ്ങേയറ്റത്തെ ഉത്തരവാദിത്വ ബോധം വലിയ ഒരു മഹത്വമായിരുന്നു. മദ്യനിരോധനസമിതി പ്രവര്‍ത്തനം മുതല്‍ അദ്ദേഹം നടത്തുന്ന തെരുവ് പ്രസംഗങ്ങള്‍ പ്രത്യേകം എടുത്ത് പറയേണ്ടതാണ്. സാധാരണക്കാരന്റെ മനസ്സറിഞ്ഞുള്ള നര്‍മത്തില്‍ ചാലിച്ചുള്ള വാഗ് പ്രയോഗങ്ങള്‍ സവിശേഷ സിദ്ധിയായിരുന്നു. പാര്‍ട്ടിയിലും ഏറ്റവും വലിയ ആയുധം തെരുവു പ്രസംഗമായിരുന്നു.

രോഗം കീഴടക്കിയപ്പോഴും പാര്‍ട്ടി തന്നെയായിരുന്നു പ്രഥമ ചിന്ത. രോഗത്തില്‍ നിന്ന് മുക്തിനേടി വീണ്ടും പ്രവര്‍ത്തന രംഗത്ത് സജീവമായെങ്കിലും വീണ്ടും രോഗം കീഴടക്കുകയായിരുന്നു. ലോക് ഡൗണ്‍ കാലത്തെ അദ്ദേഹത്തിന്റെ വേര്‍പാട് എന്നെ പോലെ അനേകം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തിന്റെ മറ്റ് സുഹൃത്തുക്കള്‍ക്കും ഏറെ വേദനാജനകമാണ്. അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാതെ അദ്ദേഹം വിട വാങ്ങുമ്പോള്‍ മനസ്സില്‍ ബാക്കിയാവുന്നത് ആ വലിയ മനസ്സും ത്യാഗ നിര്‍ഭരമായ പാര്‍ട്ടി പ്രവര്‍ത്തനവും ഏത് മനുഷ്യനെയും ചേര്‍ത്തുപിടിക്കാനുള്ള അസാധാരണ ശേഷിയുമാണ്. ഒറ്റവാക്കില്‍ നീതി ബോധത്തിന്റെ മഹാഗോപുരമാണ് വിട വാങ്ങിയത്.

 

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757