Opinion

പഠനം – ആദിവാസി ഭൂമി: പിടിച്ചുപറിയുടെയും ചൂഷണത്തിന്റെയും കഥ – എസ്.എ അജിംസ്

പഠനം – ഭാഗം 08
കേരളത്തിലെ ആദിവാസികളുടെ ചരിത്രം അവരുടെ ഭൂമിയുടെ മേലുള്ള കൊളോണിയലിസത്തിന്റെയും മുഖ്യധാരാ സമൂഹത്തിന്റെയും അധിനിവേശത്തിന്റെയും ചരിത്രമാണ്. ദലിതുകള്‍ കേരളത്തില്‍ ഭൂമിക്കുമേല്‍ അവകാശമില്ലാത്തവരാക്കപ്പെട്ടവരായിരുന്നെങ്കില്‍, ചരിത്രാതീത കാലം മുതല്‍ വനവാസികളായ കേരളത്തിലെ ആദിവാസി സമൂഹത്തിന് വനഭൂമി പൊതുസ്വത്തായിരുന്നു. ജന്മി-കുടിയാന്‍ വ്യവസ്ഥയോ, സ്വകാര്യസ്വത്തുടമാ സമ്പ്രദായമോ ആദിവാസികള്‍ക്കിടയില്‍ നിലനിന്നിരുന്നില്ല. അതുകൊണ്ട് മുഖ്യധാരാ സമൂഹത്തിന്റെ ജാതി വ്യവസ്ഥയോ, ജന്മിത്തവാഴ്ചയോ ആദിവാസികള്‍ അനുഭവിച്ചില്ല. കാട് അവരുടെ ആവാസ വ്യവസ്ഥയായിരുന്നു. വന്യമൃഗങ്ങളെ പോലെ, അവര്‍ കാടിനോടിണങ്ങി ജീവിച്ചു. പൊതുവായ വനഭൂമിയില്‍ കൂട്ടായി കൃഷികള്‍ നടത്തിയും ചെറുമൃഗങ്ങളെ വേട്ടയാടിയും അവര്‍ ഭക്ഷണം കണ്ടെത്തി. ആദ്യമായി ആദിവാസി ഭൂമിയില്‍ അധിനിവേശം നടത്തിയത് കൊളോണിയലിസമാണ്. ബ്രിട്ടീഷുകാര്‍ കേരളത്തിലെ കനത്ത വനവിഭവം ലാക്കാക്കി നടത്തിയ അധിനിവേശം ആദിവാസികളെ സ്വന്തം മണ്ണില്‍ നിന്ന് ആദ്യം പുറത്താക്കി. പിന്നീട് കൊളോണിയല്‍ പാത പിന്തുടര്‍ന്ന് ജനാധിപത്യ സമൂഹവും അവരുടെ ശേഷിച്ച ഭൂമി തട്ടിയെടുക്കുകയായിരുന്നു. ഇത് കേരളത്തിലെ ആദിവാസികളെ കൊണ്ടെത്തിച്ചത് നിശ്ശബ്ദമായ വംശഹത്യയിലേക്കാണ്. തങ്ങള്‍ക്ക് പരിചിതമായ ആവാസവ്യവസ്ഥയില്‍ നിന്ന് ആട്ടിയകറ്റപ്പെട്ട അവര്‍ ഇന്ന് പട്ടിണിയും രോഗങ്ങളും മാത്രമല്ല, ജനിതകമായി തന്നെ അവര്‍ പിന്തുടര്‍ന്നു വരുന്ന ജീവിതശൈലികളില്‍ നിന്നുപോലും ആട്ടിയകറ്റപ്പെട്ടിരിക്കുന്നു. ഈ മുഖ്യധാരാവല്‍ക്കരണം അപകടകരമായ നിലയിലേക്ക് ആദിവാസി സമൂഹത്തെ എത്തിച്ചു കഴിഞ്ഞു.

കേവലം 36,4189 ആണ് 2001ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ആദിവാസി ജനസംഖ്യ. 1991 സെന്‍സസിലിത് 32,1000 ആയിരുന്നു. പത്തുവര്‍ഷം കൊണ്ട് കേരളത്തിലെ ആദിവാസി ജനസംഖ്യ വര്‍ധന 42189 മാത്രം. സെന്‍സസിലെ മറിമായമായിരിക്കാം ആദിവാസി ജനസംഖ്യയിലെ കണക്കുകള്‍ സംശയാസ്പദമാക്കുന്നതെങ്കിലും ആദിവാസികള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചാനിരക്ക് താഴോട്ടാണെന്ന് അനൗദ്യോഗിക പഠനങ്ങള്‍ തെളിയിക്കുന്നു. 1961 ല്‍ 1.3 ശതമാനമുണ്ടായിരുന്ന ആദിവാസി ജനസംഖ്യ 2001-ല്‍ 1.14 ശതമാനമായി മാറിയിരിക്കുന്നു. അപ്പോള്‍ നാല് പതിറ്റാണ്ടുകൊണ്ട് ജനസംഖ്യയില്‍ കുറവുവന്ന ഒരേ ഒരു ജനവിഭാഗം ആദിവാസികളാണെന്നത് അവര്‍ നേരിടുന്ന വംശഹത്യയിലേക്ക് വിരല്‍ ചൂണ്ടുന്നു. 1991-ലെ കണക്കു പ്രകാരം 57 ശതമാനമാണ് ആദിവാസികളിലെ സാക്ഷരതാ നിരക്ക്. സര്‍ക്കാര്‍ കണക്കു പ്രകാരം ഇവരിലെ ദാരിദ്ര്യനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 1993-2000 കാലയളവില്‍ ആദിവാസികള്‍ക്കിടയിലെ പട്ടിണി നിരക്ക് 37 ശതമാനത്തില്‍ നിന്നും 27 ശതമാനമായി കുറഞ്ഞതായി കേന്ദ്ര പ്ലാനിംഗ് കമീഷന്റെ കേരള വികസന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍, ഈ കാലയളവിലായിരിക്കും പത്രമാധ്യമങ്ങളില്‍ ഏറ്റവുമധികം ആദിവാസികളിലെ പട്ടിണി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന്റെ യഥാര്‍ഥ കാരണങ്ങള്‍ പരതുമ്പോഴാണ് എഴുപതുകളിലും എണ്‍പതുകളിലും നടന്ന ആദിവാസിഭൂമിയുടെ പിടിച്ചുപറിയും അതെത്തുടര്‍ന്ന് കേരളത്തിലുയര്‍ന്നുവന്ന ആദിവാസി ഭൂസമരങ്ങളും ചര്‍ച്ചാവിഷയമാകുന്നത്.

ജീവിതായോധനത്തിനായി വനത്തെ മാത്രം ആശ്രയിച്ചു കഴിഞ്ഞ ആദിവാസികള്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, ഔഷധം തുടങ്ങിയവയെല്ലാം വനമാണ് നല്‍കിയിരുന്നത്. ഭൂമി അവര്‍ക്ക് പൊതുസ്വത്തായിരുന്നതിനാല്‍ അവ വില്‍ക്കുകയോ കൈമാറ്റം ചെയ്യുന്നതോ പതിവുണ്ടായിരുന്നില്ല. പൊതുസമൂഹത്തില്‍ നിന്ന് അകന്ന് വനത്തില്‍ കഴിഞ്ഞതിനാല്‍ പ്രത്യക്ഷത്തില്‍ ജാതിവ്യവസ്ഥയുടെ ദുരിതങ്ങള്‍ അവര്‍ക്ക് പേറേണ്ടിവന്നില്ല. എന്നാല്‍, ബ്രിട്ടീഷുകാരുടെ കടന്നുവരവോടെ, സ്വകാര്യ വനഭൂമി സമ്പ്രദായം ആരംഭിക്കുകയും ആദിവാസികളുടെ അധീനതയിലായിരുന്ന വനഭൂമി ജന്മിമാരുടെ സ്വകാര്യ സ്വത്താക്കി മാറ്റുകയും ചെയ്തു. കുറെയധികം വനഭൂമി ബ്രിട്ടീഷുകാര്‍ നേരിട്ടുളള അധീനതയിലുമാക്കി. മലബാറില്‍ സ്വകാര്യ വനഭൂമി വഴിയും തിരുവിതാംകൂര്‍ മേഖലയില്‍ ജന്മിമാരില്‍ നിന്ന് കുത്തകപ്പാട്ടം വഴിയും സ്വന്തമാക്കിയ വനഭൂമിയില്‍ നിന്ന് ആദിവാസികളെ അവര്‍ ആട്ടിയിറക്കി. ബ്രിട്ടീഷ് ഉദ്യോഗസ്ഥരായ ബെഞ്ചമിന്‍ സ്വെയിന്‍ വാര്‍ഡ്, പീറ്റര്‍ അയര്‍ കോര്‍ണര്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ മെമ്മയേഴ്സ് ഓഫ് സര്‍വേ ഓഫ് ട്രാവന്‍കൂര്‍ ആന്റ് കൊച്ചിന്‍ സ്റ്റേറ്റ് എന്ന ഗ്രന്ഥത്തില്‍ ഫോറസ്റ്റ് എന്ന അധ്യായത്തില്‍ വനമേഖലകളില്‍ ഇവര്‍ നടത്തിയ സര്‍വേകളുടെ വിവരണങ്ങളും അന്നത്തെ ആദിവാസികളുടെ ജീവിതവും വിവരിച്ചിട്ടുണ്ട്. കാപ്പിക്കൃഷിക്കും മറ്റുമായി വനം വെട്ടിപ്പിടിച്ച ബ്രിട്ടീഷുകാര്‍ ആദിവാസികളെ ആട്ടിയോടിച്ചും വെടിവെച്ചു കൊന്നും വന്യമൃഗങ്ങളെ വേട്ടയാടിയും വനം നശിപ്പിച്ചുമാണ് മുന്നേറിയത്. മലബാര്‍ മേഖലയിലാകട്ടെ, നാടുവാഴികള്‍ക്കും വനമേഖലയില്‍ അധികാരം നല്‍കി. ബ്രിട്ടീഷുകാരും നാടുവാഴികളും ചേര്‍ന്ന് നടത്തിയ വനചൂഷണം ഏറ്റവുമധികം ബാധിച്ചത് ആദിവാസികളെയായിരുന്നു. വനത്തില്‍ ആദിവാസികളുടെ ജീവിതം ബ്രിട്ടീഷുകാര്‍ വിഷയമാക്കിയതേയില്ല. വനത്തില്‍ നിന്ന് കപ്പല്‍ നിര്‍മാണത്തിനും മറ്റുമായി മുറിച്ചുമാറ്റിയ തേക്കുകളുടെ സ്ഥാനത്ത് തേക്ക് പ്ലാന്റേഷനുകള്‍ വെച്ചുപിടിപ്പിച്ചു. നിലമ്പൂരില്‍ ഇത്തരത്തില്‍ ആരംഭിച്ച തേക്കു തോട്ടം അന്ന് ആ മേഖലയിലെ പ്രാക്തന ഗോത്രവര്‍ഗക്കാരായ ആദിവാസികളെ കുടിയൊഴിപ്പിച്ചു കൊണ്ടാണ് തുടങ്ങിയത്. ടിപ്പുവിന്റെ പിന്മാറ്റത്തെത്തുടര്‍ന്ന് മലബാര്‍ മുഴുവന്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായതോടെ, അവര്‍ ഭൂനികുതിയും റവന്യു ഭരണവും ആരംഭിച്ചു. ഇതിനെതിരെ 1812-ല്‍ കുറിച്യ വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ നടത്തിയ കലാപമാണ് ഒരുപക്ഷേ, ആദിവാസികള്‍ ഭൂമിക്കായി നടത്തിയ ചരിത്രത്തിലെ ആദ്യ സമരം. പഴശ്ശിരാജയുടെ ചെറുത്തുനില്‍പും അവസാനിച്ചതോടെ, പഴശ്ശിയുടെ ഭൂമി ഏറ്റെടുക്കുന്നുവെന്ന പേരില്‍ ആദിവാസികളുടെ കൃഷിഭൂമിയും ബ്രിട്ടീഷുകാര്‍ അധീനതയിലാക്കി. പ്ലാന്റേഷനുകളുടെ വ്യാപനം ആദിവാസികളുടെ ആവാസവ്യവസ്ഥകള്‍ തന്നെയില്ലാതാക്കി.

വനഭൂമിയിലെ അടിക്കാടുകള്‍ വെട്ടിത്തെളിച്ച് അവിടെ കൃഷിയിറക്കിയശേഷം അടുത്ത കൃഷിക്ക് ആ സ്ഥലം ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന വിരിപ്പു കൃഷി (മാറ്റക്കൃഷി) സമ്പ്രദായമായിരുന്നു ആദിവാസികള്‍ നടത്തിയിരുന്നത്. പ്ലാന്റേഷനുകള്‍ക്കായി വനഭൂമി കയ്യേറിയ ബ്രിട്ടീഷുകാര്‍ 1870-ല്‍ മാറ്റക്കൃഷി നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി. ബ്രിട്ടീഷുകാരാകട്ടെ, സ്വാഭാവിക വനം തന്നെ നശിപ്പിച്ച് തേക്ക് പ്ലാന്റേഷനുകള്‍ സ്ഥാപിച്ചു. പരിസ്ഥിതിക്കിണങ്ങുന്ന ആദിവാസികളുടെ കൃഷിരീതിയെ ബ്രിട്ടീഷ് തോട്ടം വ്യവസായം വിഴുങ്ങിയതോടെ കേരളത്തില്‍ പരിസ്ഥിതി തകര്‍ച്ച രൂക്ഷമായി. തോട്ടം വ്യവസായം വളര്‍ന്നതോടെ, വനഭൂമിയുടെ വിസ്തൃതി വ്യാപകമായി കുറയുകയും റബ്ബര്‍ പോലുള്ള നാണ്യവിളകള്‍ ബ്രിട്ടീഷുകാര്‍ കൃഷി ചെയ്യാനാരംഭിക്കുകയും ചെയ്തു. വനഭൂമി പരമാവധി ചൂഷണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷുകാര്‍ വനം വകുപ്പും വനം നിയമങ്ങളും രൂപീകരിച്ചത്. 1864ല്‍ വനം വകുപ്പ് രൂപീകരിച്ച ബ്രിട്ടീഷ് സര്‍ക്കാര്‍ 1865ല്‍ വനനിയമങ്ങളും രൂപീകരിച്ചു. ബ്രിട്ടീഷ് വനനിയമത്തിന്റെ ലക്ഷ്യം വനസംരക്ഷണമായിരുന്നില്ല: മറിച്ച്, വനഭൂമിയിലെ പ്ലാന്റേഷന്‍വല്‍ക്കരണവും നാണ്യവിളകളുടെ കൃഷിയുമായിരുന്നു. എന്തായാലും സ്വകാര്യ ഭൂവുടമസ്ഥതാ സമ്പ്രദായമോ, ഭൂരേഖകള്‍ സൂക്ഷിക്കുന്ന പതിവോ ഇല്ലാതിരുന്ന ആദിവാസികളുടെ ഭൂമിയാണ് ഇങ്ങനെ പ്ലാന്റേഷനുകളും നാണ്യവിളത്തോട്ടങ്ങളുമാക്കി മാറ്റിയത്. ഇതോടെ, ആദിവാസികളുടെ ഭക്ഷ്യസുരക്ഷ തകര്‍ന്നു. പട്ടിണിയും പോഷകക്കുറവു മൂലമുള്ള രോഗങ്ങളും ആദിവാസികളില്‍ വ്യാപിച്ചു. മലബാറില്‍ വിശിഷ്യാ വയനാട്ടില്‍ ആദിവാസികള്‍ കൊളോണിയലിസത്തിന്റെ പ്രത്യക്ഷ ഇരകളാകാന്‍ തുടങ്ങി. തിരുവിതാംകൂറിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണമായിരുന്നില്ലെങ്കിലും അവരുടെ നിര്‍ദ്ദേശപ്രകാരം തന്നെയായിരുന്നു ഭരണവും ഭരണപരിഷ്‌കാരങ്ങളും. കണ്ണന്‍ദേവന്‍ മലനിരകളില്‍ (ഇന്നത്തെ കെ.ഡി.എച്ച് വില്ലേജ്) വനഭൂമി പൂഞ്ഞാര്‍ രാജവംശം ബ്രിട്ടീഷുകാര്‍ക്ക് പാട്ടത്തിന് നല്‍കിയതോടെ മന്നാന്‍ വിഭാഗത്തിന്റെ ഈ അധിവാസ മേഖല ഇല്ലാതായി. ഇവിടെ നിന്നും ആദിവാസികളെ അടിച്ചോടിച്ച് വനം മുഴുവന്‍ വെട്ടിവെളിപ്പിച്ച ബ്രിട്ടീഷുകാര്‍ ആദ്യം കാപ്പിക്കൃഷിയും പിന്നീട് തേയിലക്കൃഷിയും ചെയ്തു. ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ മുതലാളിത്ത ഭൂപരിഷ്‌കരണ ശ്രമങ്ങള്‍ തിരുവിതാംകൂറില്‍ പണ്ടാരപ്പാട്ടഭൂമിയില്‍ കുടിയാന് ഉടമസ്ഥാവകാശം നല്‍കി. ഇതോടെ, ഭൂമിയുടെ ക്രയവിക്രയങ്ങളാരംഭിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുമെന്നായതോടെ, ബ്രിട്ടീഷുകാരെക്കൂടാതെ, നാട്ടുകാരും ആദിവാസികളുടെ ഭൂമി കയ്യേറാന്‍ തുടങ്ങി. ഇതോടെ, തിരുവിതാംകൂറിലും ആദിവാസികളുടെ ആവാസവ്യവസ്ഥയുടെ പതനം പൂര്‍ത്തിയായി.

ഇടനാട്ടില്‍ നിന്നും മറ്റുമുണ്ടായ കുടിയേറ്റമാണ് ആദിവാസി ഭൂമി കയ്യേറ്റം ചെയ്യപ്പെടുവാനുണ്ടായ സുപ്രധാന കാരണം. ബ്രിട്ടീഷുകാര്‍ ആരംഭിച്ച തോട്ടങ്ങളിലേക്കുള്ള തൊഴിലാളികളെ എത്തിക്കാന്‍ അവര്‍തന്നെയാണ് കുടിയേറ്റത്തെ ആദ്യം പ്രോത്സാഹിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഭടന്‍മാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട്ടില്‍ ആദിവാസി ഭൂമി കയ്യേറി സെറ്റില്‍മെന്റുകള്‍ സ്ഥാപിച്ചു. ഇതിനായി 33,802 ഏക്കര്‍ ആദിവാസി ഭൂമി കയ്യേറിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പിന്നീട് സംസ്ഥാന രൂപീകരണത്തോടെ, മധ്യകേരളത്തില്‍ നിന്ന്, വിശിഷ്യാ മധ്യതിരുവിതാംകൂറില്‍ നിന്ന് അതിശക്തമായ കുടിയേറ്റമാണ് വയനാട്ടിലേക്കുണ്ടായത്. നാണ്യവിളക്കൃഷിക്കായുള്ള ഭൂമിക്കായായിരുന്നു ഈ കുടിയേറ്റം. 1961 മുതല്‍ 1971 വരെയുള്ള കാലയളവില്‍ വയനാട്ടിലെ ജനസംഖ്യ 50.35 ശതമാനവും 1971 മുതല്‍ 81 വരെയുള്ള കാലയളവില്‍ 33.87 ശതമാനവും 1981-1991ല്‍ 21.15 ശതമാനവും വര്‍ധിച്ചുവെന്ന് കാണുമ്പോള്‍ ഈ കുടിയേറ്റം എത്രമാത്രം ശക്തമായിരുന്നുവെന്ന് മനസ്സിലാക്കാം. കുടിയേറിയവര്‍ കീഴടക്കിയത് ആദിവാസികളുടെ ഭൂമിയാണ്. സ്വകാര്യ വനം ദേശസാല്‍ക്കരണ ബില്ലിന്റെയും മറ്റും പശ്ചാത്തലത്തില്‍ വയനാട്ടിലെ വിവിധ ദേവസ്വങ്ങളുടെ കീഴിലുണ്ടായിരുന്ന വനഭൂമി വ്യാപകമായി കയ്യേറ്റം ചെയ്യപ്പെട്ടു. കോട്ടയം ജില്ലയില്‍ നിന്നുള്ളവരായിരുന്നു കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും. 1975ല്‍ ഇന്ത്യയിലെ മൊത്തം ആദിവാസി ഭൂവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാന പട്ടികവര്‍ഗ വകുപ്പ് മന്ത്രിമാരുടെ യോഗം ഒരു പ്രമേയം പാസ്സാക്കി. 1975 ഏപ്രില്‍ ഒന്നിനായിരുന്നു ഇത്. അതിന് ഏതാണ്ട് രണ്ട് ദശകം മുമ്പ് നിയമിതമായ ധേബാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലായിരുന്നു ഈ പ്രമേയം. ഇതെത്തുടര്‍ന്നാണ് കേരളത്തില്‍ ആദിവാസി ഭൂനിയമം പ്രാബല്യത്തില്‍ വരുന്നത്. സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയും ഇ.എം.എസ് പ്രതിപക്ഷ നേതാവുമായിരുന്നു. ധേബാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ മുഖ്യ ശിപാര്‍ശ ഇന്ത്യന്‍ റിപ്പബ്ലിക് രൂപീകൃതമായതു മുതലുളള മുഴുവന്‍ ആദിവാസിഭൂമി കയ്യേറ്റവും തിരിച്ചുപിടിച്ച് അതിന്റെ അവകാശികള്‍ക്ക് നല്‍കണമെന്നതായിരുന്നു. ബില്‍ ചര്‍ച്ചക്കിടെ, ആര്‍.എസ്.പി നേതാവും അന്നത്തെ റവന്യു മന്ത്രിയുമായിരുന്ന ബേബി ജോണ്‍ പറഞ്ഞത് ആദിവാസി ഭൂമി കുടിയേറ്റക്കാര്‍ തട്ടിയെടുത്തത് ഉണക്കമീനും പുകയിലും നല്‍കിയും തുച്ഛമായ പണം നല്‍കിയുമാണെന്നാണ്. അദ്ദേഹം പ്രസംഗത്തില്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ഭൂമി തട്ടിയെടുക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങളെന്തായിരുന്നാലും അതിനെ മോഷണമായിട്ടാണ് ഈ സര്‍ക്കാര്‍ കാണുന്നത്. മോഷ്ടിക്കപ്പെട്ട വസ്തു അതിന്റെ അവകാശികള്‍ക്ക് തിരികെ നല്‍കുകയും ചെയ്യും. ബില്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ നടക്കുന്നതിനിടെ ഇന്ത്യയൊട്ടാകെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തിരാവസ്ഥയില്‍ പ്രഖ്യാപിക്കപ്പെട്ട ഇരുപതിന പരിപാടികളില്‍ അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരികെപ്പിടിക്കുമെന്ന പ്രതിജ്ഞയുണ്ടായിരുന്നെങ്കിലും കേരളത്തില്‍ അടിയന്തിരാവസ്ഥക്കാലത്ത് ആദിവാസി ഭൂനിയമം നടപ്പാക്കപ്പെട്ടില്ല. എന്തൊക്കെയായാലും അടിയന്തിരാവസ്ഥക്കാലത്തും തുടര്‍ന്നും വയനാട്ടിലും അട്ടപ്പാടിയിലും കുടിയേറ്റവും ആദിവാസി ഭൂമി കയ്യേറ്റവും നിര്‍ബാധം തുടരുകയായിരുന്നു. നിയമം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങളുടെ രൂപീകരണത്തിന് പിന്നെയും 11 കൊല്ലമെടുത്തു. 1986ല്‍ ചട്ടങ്ങള്‍ 1981 മുതലുള്ള മുന്‍കാലപ്രാബല്യത്തോടെ നിലവില്‍ വന്നപ്പോഴേക്കും ഇനി കയ്യേറ്റം ചെയ്യപ്പെടാന്‍ ഭൂമിയില്ലാത്ത സ്ഥിതി സംജാതമായി. ആദിവാസി ഭൂനിയമപ്രകാരം 1960 മുതല്‍ 1982 വരെ നടന്ന മുഴുവന്‍ ആദിവാസി ഭൂമികൈമാറ്റങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടു. 1982 മുതല്‍ ആദിവാസി ഭൂമി ആദിവാസികളല്ലാത്തവര്‍ക്ക് കൈമാറ്റം ചെയ്യുന്നത് അസാധുവാക്കപ്പെട്ടു. ഏറ്റവുമധികം ആദിവാസി ഭൂമി കയ്യേറ്റം ചെയ്യപ്പെട്ട വയനാട്ടില്‍ പോലും ഈ നിയമം നടപ്പായില്ല എന്നുതന്നെ പറയാം. 1975 ലെ ആദിവാസി ഭൂനിയമമനുസരിച്ച് മാനന്തവാടി താലൂക്കില്‍ ലഭിച്ച 504 അപേക്ഷകള്‍ പ്രകാരം 693.72 ഏക്കര്‍ ഭൂമി തിരികെ ലഭിക്കേണ്ടിടത്ത് ലഭിച്ചത് കേവലം 2.5 ഏക്കര്‍ മാത്രമാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ 1204 അപേക്ഷകളിലായി 2114.39 ഏക്കര്‍ ലഭിക്കേണ്ടിടത്ത് 0.55 ഏക്കര്‍ ഭൂമിയാണ് ലഭിച്ചത്. വൈത്തിരി താലൂക്കിലാകട്ടെ 571 അപേക്ഷകളിലായി 980.49 ഏക്കര്‍ ഭൂമി ലഭിക്കേണ്ടിടത്ത് ഒരു സെന്റ് ഭൂമി പോലും ലഭിച്ചില്ല. ഈ നിയമം നടപ്പിലാക്കുന്നതിന്റെ മുഖ്യതടസ്സം ആദിവാസികളുടെ പക്കല്‍ അവരുടെ ഭൂമി അന്യാധീനപ്പെട്ടതിന്റെ രേഖകള്‍ ഹാജരാക്കാനുണ്ടായിരുന്നില്ല എന്നതാണ്. രേഖകളുള്ള അപേക്ഷകളുടെ കണക്കാണ് മുകളില്‍ നല്‍കിയത്. അത് പോലും തിരികെ നേടിക്കൊടുക്കാന്‍ കഴിയാത്ത ഒരു ജഡതുല്യമായ നിയമമായി ആദിവാസി ഭൂനിയമം മാറി.

ഇടുക്കിയിലെ ആദിവാസിഭൂമി അന്യാധീനപ്പെട്ടതും സമാനമായ സാഹചര്യങ്ങളിലൂടെയാണ്. പൂഞ്ഞാര്‍ രാജവംശവുമായി നടത്തിയ കരാറുകളുടെ അടിസ്ഥാനത്തില്‍ നിസ്സാര പാട്ടത്തുകക്ക് ആദിവാസികളുടെ ആവാസവ്യവസ്ഥയായ ഹൈറേഞ്ചിലെ മലനിരകള്‍ യൂറോപ്യന്‍മാര്‍ക്ക് തോട്ടവ്യവസായത്തിനായി പതിച്ചു നല്‍കി. ഇത് വന്‍ തോതിലുള്ള വനനശീകരണത്തിനും പരിസ്ഥിതി നാശത്തിനും വഴിവെച്ചു. ഇന്നത്തെ കണ്ണന്‍ദേവന്‍ വില്ലേജ് എന്നറിയപ്പെടുന്ന മൂന്നാറിലും പരിസരപ്രദേശങ്ങളിലുമാണ് ഏറ്റവുമധികം ആദിവാസികള്‍ ആട്ടിയോടിക്കപ്പെട്ടതും വനനശീകരണം നടന്നതും. മൂന്നാറിലെ സമീപ പ്രദേശങ്ങളിലേക്ക് ഒതുക്കപ്പെട്ട ആദിവാസികള്‍ക്ക് വനത്തിലുള്ള സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന രീതിയില്‍ ചട്ടങ്ങളും നിയമങ്ങളും വന്നു. ഇതെല്ലാം, ബ്രിട്ടീഷ് പ്ലാന്റേഷന്‍ കമ്പനികളെ സഹായിക്കാന്‍ വേണ്ടിയായിരുന്നു. ആദിവാസികളുടെ വിരിപ്പു കൃഷി നിയന്ത്രിക്കപ്പെട്ടു. ഏഴുവര്‍ഷത്തിലൊരിക്കല്‍ മാറ്റക്കൃഷി നടത്താവുന്ന രീതിയില്‍ ഭൂമി ചട്ടങ്ങളും മറ്റും നിലവില്‍ വന്നു. മുതുവാന്‍ ആദിവാസി വിഭാഗത്തിന്റെ ഭൂമി മുഴുവന്‍ ഇതോടെ പ്ലാന്റര്‍മാരുടെ കൈവശമെത്തിച്ചേര്‍ന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഏലം കൃഷിക്കായി കാടുകള്‍ വെട്ടിത്തെളിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തില്‍ ഏലത്തോട്ടങ്ങള്‍ ലക്ഷ്യംവെച്ചുള്ള കുടിയേറ്റവും പ്ലാന്റേഷനുകളുടെ തൊഴിലാളികള്‍ നടത്തിയ കയ്യേറ്റവും ആദിവാസികളുടെ ഭൂമി കവര്‍ന്നു. ഇതു ഹൈറേഞ്ചിലെ വനവിസ്തൃതിയെ നാലിലൊന്നായി ചുരുക്കി. 1905-ല്‍ 87 ശതമാനമുണ്ടായിരുന്ന വനഭൂമി ഇടുക്കി ജില്ലയില്‍ 1973 ആയപ്പോള്‍ 33 ശതമാനമായി മാറി. ആദിവാസികളധികവും തോട്ടം തൊഴിലാളികളാക്കി മാറ്റപ്പെട്ടു. ഇതിന് പിറകെയാണ് ഇടുക്കിയുള്‍പ്പെടെയുള്ള ഡാമുകള്‍ വന്നത്. ഡാമുകള്‍ക്ക് പിന്നാലെ വനമേഖലകളെ വന്യജീവി സങ്കേതങ്ങളായി പ്രഖ്യാപിച്ചപ്പോള്‍ കുടിയിറങ്ങേണ്ടിവന്നതും ആദിവാസികളായിരുന്നു. ഇടുക്കിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പൂയംകുട്ടി മേഖലയിലെത്തി.

അടുത്ത ലക്കത്തില്‍:
ആദിവാസി ഭൂമി: വികസനത്തിന്റെ പേരിലെ കുടിയൊഴിപ്പിക്കലുകളും കൊള്ളയും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757