featuredOpinion

ലോക്ഡൗണിലായ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ – സജീദ് ഖാലിദ്

 

കേരളത്തിലെ അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാം അതിഥി തൊഴിലാളികളെന്നാണ് വിളിക്കുന്നത്. ആ വാക്കിലെ രാഷ്ട്രീയത്തെപ്പറ്റി ചര്‍ച്ച നടക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ അതിഥി തൊഴിലാളികള്‍ എന്നാണ് ഉപയോഗിക്കുന്നത്. ഏതായാലും രാജ്യത്തെ നിയമാനുസൃതമായ പദം ഇപ്പോഴും അന്തര്‍ സംസ്ഥാന തൊഴിലാളികളെന്നാണ്. വിളിക്കുന്ന പേരിലെ രാഷ്ട്രീയം അവരോടുള്ള നിലപാടും കൂടിയാണ് പ്രതിഫലിപ്പിക്കേണ്ടത്.

രാജ്യത്താകമാനം 13.9 കോടി അന്തര്‍ സംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് 2011 സെന്‍സസ് പ്രകാരം ഔദ്യോഗിക കണക്ക്. ഇത് രാജ്യത്തെ ജനസംഖ്യയുടെ പത്ത് ശതമാനം വരും. യഥാര്‍ഥത്തില്‍ അതിലുമെത്രയോ വലുതാണ് അവരുടെ സംഖ്യ. രാജ്യത്ത് മത-ജാതി-പ്രാദേശിക വംശീയതയുടെ പേരില്‍ ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെടുന്നതും വിവേചനം നേരിടുന്നവരും ഈ കുടിയേറ്റ തൊഴിലാളികളാണ്. രാജ്യത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും കാര്‍ഷിക മേഖലയിലും വികസന സംരംഭങ്ങളിലുമെല്ലാം അവരുടെ, തുച്ഛമായ വേതനം പറ്റിയുള്ള വിയര്‍പ്പിന്റെ ഉപ്പ് കലര്‍ന്നിട്ടുണ്ടെങ്കിലും മനുഷ്യരായി ഗണിക്കപ്പെടാനോ വികസനത്തിന്റെ ഗുണഫലത്തില്‍ പങ്കാളിത്തം ലഭിക്കാനോ കഴിയാത്തവരാണ് അവര്‍.

നാം അതിഥി തൊഴിലാളികളെന്നു വിളിക്കുന്ന കേരളത്തിലെ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ കാര്യവും വ്യത്യസ്തമല്ല. കേരളത്തിലെ അതിഥി തൊഴിലാളികളുടെ കൃത്യമായ എണ്ണത്തിന് ആധികാരികമായ രേഖകള്‍ ഇപ്പോഴുമില്ല. 2013ല്‍ ഗുലാത്തി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫൈനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ നടത്തിയ പഠന പ്രകാരം 25 ലക്ഷത്തോളം അന്തര്‍ സംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. അതിനു ശേഷമുള്ള കാലങ്ങളിലും പശ്ചിമ ബംഗാള്‍, അസം, ഒഡീഷ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് തൊഴിലാളികള്‍ കേരളത്തിലെത്തിയിട്ടുണ്ട്. നിലവില്‍ അവരുടെ സംഖ്യ 50 ലക്ഷമെങ്കിലും ഉണ്ടാകും.

ലോകത്തെമ്പാടും കോവിഡ്-19 ഭീതിയില്‍ ആഴ്ന്നു സ്തംഭിച്ച് നില്‍ക്കുമ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന വിഭാഗം ഇന്ത്യയിലെ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ തന്നെയാണ്. അതിന്റെ പച്ചയായ ചിത്രങ്ങളായിരുന്നു മാര്‍ച്ച് 28, 29 തീയതികളില്‍ ഡല്‍ഹി-യു.പി അതിര്‍ത്തിയില്‍ കണ്ടത്. കേവലം നാലു മണിക്കൂര്‍ മാത്രം മുന്‍കൂട്ടി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗണില്‍ തെരുവ് കച്ചവടക്കാരും നിര്‍മാണ മേഖലയില്‍ അടിസ്ഥാന സൗകര്യം പോലുമില്ലാതെ പണിയെടുക്കുന്നവരുമായ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്കെത്താനോ സുരക്ഷിതമായ ഒരു സ്ഥലത്ത് ലോക്ഡൗണ്‍ വ്യവസ്ഥകള്‍ പാലിച്ച് കഴിയാനോ സാധ്യമായില്ല. കാല്‍നടയായി മുന്നൂറും അഞ്ഞൂറും കിലോമീറ്ററുകല്‍ താണ്ടി സ്വന്തം നാട്ടിലെത്താനുള്ള ശ്രമമായിരുന്നു അവര്‍ നടത്തിയത്. ലോക്ഡൗണില്‍ മര്‍ദകാധികാരം ലഭിച്ച പൊലീസ് സേനയുടെ തല്ലും പ്രാകൃതമായ ശിക്ഷാമുറകളും സഹിച്ചാണ് അവര്‍ അന്തര്‍ സംസ്ഥാന അതിര്‍ത്തിയില്‍ എത്തിപ്പെട്ടത്. വ്യാപകമായ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ക്ഷേമ പ്രവര്‍ത്തനത്തിന് പുകള്‍പെറ്റ ഡല്‍ഹി ഭരണകൂടം നാമമാത്രമായ ചില ക്യാമ്പുകള്‍ തുറന്നതും അവരെ പരിഗണിച്ചു എന്നു വരുത്തിയതും. യു.പി ഭരണകൂടം അത്രപോലും കരുണ കാട്ടാന്‍ തയ്യാറായില്ല.

രാജ്യത്തെ പൊതു സാഹചര്യം ഇതായിരിക്കെ കേരളത്തിലെ അതിഥി തൊഴിലാളികളുടെ കാര്യവും നാം ചര്‍ച്ചക്കെടുക്കേണ്ടതുണ്ട്. കേരളത്തിലെ അതിഥി തൊഴിലാളികളുടെ ജീവിത സാഹചര്യം അവര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് ജീവിക്കാനാവുന്നതല്ല. കൊറോണക്കാലത്തെ നിയന്ത്രണങ്ങള്‍ പാലിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാവുന്ന അവസ്ഥയുമല്ല. അവരുടെ താമസം ചെറിയ വീടിലോ ചായ്പ്പിലോ തിങ്ങിനിറഞ്ഞ അവസ്ഥയിലാണ്. ഒരു മുറിയില്‍ പത്തും പതിനഞ്ചും പേരുണ്ടാകും. മിക്കതും പഴയ വീടുകളില്‍ ഷീറ്റിട്ട ചായ്പ്പുകള്‍ ഇറക്കിയവയാണ്. വേണ്ടത്ര ടോയ്ലറ്റോ ശുദ്ധജല സൗകര്യമോ ഉണ്ടാകില്ല, പണിസ്ഥലങ്ങളില്‍ നിന്ന് വന്ന് ഇവിടെ ലഭിക്കുന്ന ചെറിയ കൂലി (അവര്‍ വന്ന നാടുകളിലെ കൂലിയെക്കാള്‍ മികച്ചത് എന്ന് പറയാമെങ്കിലും കേരളീയനായ ഒരു തൊഴിലാളിക്ക് ലഭിക്കുന്ന കൂലി അവര്‍ക്ക് ലഭിക്കാറില്ല. കിട്ടുന്നതില്‍ ഒരു പങ്ക് ഇടനിലക്കാരന് നല്‍കുകയും വേണം) സമ്പാദ്യമാക്കാന്‍ വളരെ കുറച്ച് മാത്രം ഭക്ഷണം കഴിക്കുന്നവരാണ് അവര്‍.

ഈ ഒരു സാഹചര്യത്തിലാണ് കേരളത്തില്‍ ലോക്ഡൗണ്‍ വരുന്നത്. ചിലര്‍ നാട്ടില്‍ ഹോളി ആഘോഷിക്കാനായി പോയവരുണ്ട്. വലിയൊരു വിഭാഗം തൊഴിലാളികള്‍ ഏപ്രിലില്‍ നാട്ടിലേക്ക് പോകാനായി നില്‍ക്കുന്നവരുണ്ട്. ലോക്ഡൗണിലെ സാമൂഹ്യ നിയന്ത്രണങ്ങള്‍ അക്ഷരാര്‍ഥത്തില്‍ തന്നെ അവരെ പ്രതിസന്ധിയിലാക്കി. കൈയില്‍ വരുന്ന തുക ആഴ്ചയില്‍ തന്നെ സ്വന്തം കുടുംബം പട്ടിണിയാകാതിരിക്കാന്‍ സി.ഡി.എമ്മുകള്‍ വഴി നാട്ടിലേക്ക് അയച്ചുകൊടുക്കുന്നവരാണ് ഈ തൊഴിലാളികള്‍. അവരുടെ കൈയില്‍ അവശ്യസാധനങ്ങല്‍ വാങ്ങാനുള്ള പണം ഉണ്ടാകുകയില്ല. അത് ശേഖരിച്ച് വെക്കുന്നതും അവരുടെ പതിവല്ല.
കൃത്യമായി ഭക്ഷണം ലഭിക്കാതിരുന്ന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അവര്‍ താമസിക്കുന്ന കെട്ടിടം ഉടമകളുടെയും അവരുടെ കരാറുകാരുടെയും തലയിലിട്ട് കൈയൊഴിയുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കെട്ടിട ഉടമകള്‍ എന്നു പറയുന്നവര്‍ക്കോ ബഹുഭൂരിപക്ഷം കരാറുകാര്‍ക്കോ അവര്‍മാത്രം വിചാരിച്ചാല്‍ പരിഹരിക്കാവുന്നതല്ല ഇവരുടെ പ്രശ്നം. അതുകൊണ്ട് തന്നെ ലോക്ഡൗണിന്റെ ആദ്യ നാളുകളില്‍ തന്നെ ബഹുഭൂരിപക്ഷം തൊഴിലാളികളും ഭക്ഷണമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രയാസപ്പെടുകയായിരുന്നു.

ലോക്ഡൗണില്‍ പ്രയാസപ്പെടുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായത്തിന് വിളിക്കാനായി വെല്‍ഫെയര്‍ പാര്‍ട്ടിയും കേരള്‍ പ്രവാസി ശ്രമിക് ആന്തോളനും എഫ്.ഐ.ടി.യുവും നല്‍കിയ ഹെല്‍പ് ലൈന്‍ നമ്പരുകളില്‍ മാര്‍ച്ച് 25, 26, 27, 28, 29 തീയതികളിലായി നൂറ് കണക്കിന് തൊഴിലാളികളാണ് വിളിച്ചത്. മിക്കയിടത്തും ഭക്ഷണം ലഭിക്കുന്നില്ല എന്നതായിരുന്നു പ്രശ്നം. അതാത് പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. 28-ാം തീയതി പലയിടത്തും ആരംഭിച്ച കമ്യൂണിറ്റി കിച്ചണില്‍നിന്ന് 25 രൂപ വാങ്ങിയാണ് ഭക്ഷണം നല്‍കിയത്. അതും ഒരു നേരം മാത്രം. അവരെ സംബന്ധിച്ചിടത്തോളം ഇത് തന്നെ താങ്ങാവുന്നതിന് അപ്പുറമാണ്.

ഇതിനിടയിലാണ് മാര്‍ച്ച് 29ന് കോട്ടയം ജില്ലയിലെ പായിപ്പാട് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയത്. ഇതിന് പിന്നില്‍ ഒന്നിലധികം ശക്തികളുണ്ട് എന്ന് മുഖ്യമന്ത്രി തന്നെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ഇതെഴുതുന്ന ഇന്ന് വരെ അതിന്റെ പിന്നിലെ ഗൂഢാലോചകര്‍ ആരാണ് എന്ന് അടിസ്ഥാനമില്ലാത്ത ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതിനപ്പുറം വസ്തു നിഷ്ഠമായി പുറത്തുകൊണ്ടുവരാനായിട്ടില്ല. ഏതായാലും ഈ സംഭവത്തോടെ ചെറിയ ചില ജാഗ്രതകള്‍ സര്‍ക്കാര്‍ പാലിച്ചുതുടങ്ങി എന്നത് ശരിയാണ്. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ പതിവായി കഴിക്കുന്ന ഭക്ഷണം തന്നെ എത്തിക്കാന്‍ ശ്രമിക്കാമെന്നുള്ള ഉറപ്പും നല്‍കിയെങ്കിലും ഇത് എല്ലായിടത്തും പ്രാവര്‍ത്തികമായിട്ടില്ല. ഇപ്പോഴും ഒരു നേരം മാത്രമാണ് കേരളത്തിലെ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം കമ്യൂണിറ്റി കിച്ചന്‍ വഴി ലഭിക്കുന്നത്. മറ്റ് നേരങ്ങളില്‍ അവര്‍ അന്നം സ്വന്തം നിലക്ക് തന്നെ സംഘടിപ്പിക്കേണ്ട സാഹചര്യമാണ്.

അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് 5128 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് മുഖ്യമന്ത്രി മാര്‍ച്ച് 30ന് തന്റെ പതിവ് പത്രസമ്മേളനത്തില്‍ പറഞ്ഞത്. യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കണക്കാണിത്. നാമമാത്രമായ ക്യാമ്പുകളാണ് സര്‍ക്കാര്‍ പുതുതായി തുറന്നത്. ഇതിലേറെയും ഇവര്‍ ഇപ്പോള്‍ തിങ്ങിത്താമസിക്കുന്ന ഇടങ്ങള്‍ തന്നെയാണ്. അവയെല്ലാം ക്യാമ്പായി പ്രഖ്യാപിച്ച് കണ്ണില്‍ പൊടിയിടുകയാണ് സര്‍ക്കാര്‍. നിലവിലെ അവരുടെ താമസസ്ഥലങ്ങളില്‍ സാമൂഹ്യ അകലം പാലിച്ച് സുരക്ഷിതമായി കഴിയാനുള്ള അവസരമില്ലാതിരിക്കെ നിരുത്തരവാദപരമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

ഏപ്രില്‍ രണ്ടിന് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവരവരുടെ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് അതിന് സൗകര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടതായി അറിയിച്ചിരുന്നു. കൊറോണ പടരുന്ന സാമൂഹ്യ സാഹചര്യം മുന്‍കൂട്ടിക്കണ്ട് അന്തര്‍ സംസ്ഥാന തൊഴിലാളികളില്‍ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ച്ച് 15നും 22നും ഇടക്ക് തന്നെ അവസരം ഒരുക്കിയിരുന്നെങ്കില്‍ ഇത്ര പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. ഇപ്പോള്‍ വൈകി ഉദിച്ച വിവേകം എന്നേ പറയാനാവൂ.

യഥാര്‍ഥത്തില്‍ ഭക്ഷണം ലഭ്യമാകുന്നില്ല എന്നത് മാത്രമല്ല അവരുടെ പ്രശ്നം. ലോക്ഡൗണിന് ശേഷം തങ്ങളുടെ സ്ഥിതി എന്താകും എന്നതും അവരെ ആശങ്കപ്പെടുത്തുന്നുണ്ട്. നിര്‍മാണ മേഖലയും ചെറുകിട വ്യാപാരമേഖലയും പാടേ തകരാനിടയുള്ള സാമൂഹ്യ സ്ഥിതിയാണ് കൊറോണക്കാലത്തിന് ശേഷം ഉണ്ടാകുക. ഇത് വലിയ തോതില്‍ തൊഴില്‍ നഷ്ടത്തിനിടയാക്കും. അതുകൊണ്ട് തന്നെ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് അവര്‍ കരുതുന്നത്. അതിലുപരി സ്വന്തം ഉറ്റവരും ഉടയവരും സമാനമായി ലോക്ഡൗണില്‍ ഇവിടെ അവര്‍ നേരിടുന്ന അതേ പ്രശ്നം ഇതുപോലെയോ അതിലും ഭീകരമായോ അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നതും അന്തര്‍ സംസ്ഥാന തൊഴിലാളികളെ അലട്ടുന്നുണ്ട്.

ഈ സാഹചര്യങ്ങള്‍ കൂടി മനസ്സിലാക്കി വേണം അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍. ദൗര്‍ഭാഗ്യവശാല്‍ അവര്‍ക്കെതിരെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ചിലരെങ്കിലും കേരളീയ സമൂഹത്തിലുണ്ട്. ഒറ്റപ്പെട്ട ചില സംഭവങ്ങളെ ചൂണ്ടിക്കാണിച്ച് അവരെ ഒന്നടങ്കം ക്രിമിനലുകളും കള്ളന്‍മാരുമായി മുദ്രകുത്തുന്ന സമീപനവും കാണുന്നുണ്ട്. അവരെയൊക്കെ നാട് കടത്തണം എന്ന രീതിയിലുള്ള പ്രചരണങ്ങളും ചിലരുടെ ഭാഗത്തു നിന്നുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ പ്രവാസ സമൂഹമായ കേരളീയരാണ് ഇത്തരം ദുഷിച്ച ചിന്ത വെച്ചുപുലര്‍ത്തുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം. അതിഥി തൊഴിലാളികള്‍ക്ക് വേണ്ടത് നമ്മുടെ ഔദാര്യമോ ആതിഥേയത്വമോ അല്ല, തൊഴിലാളി എന്ന നിലയില്‍ അവര്‍ക്കു ലഭിക്കേണ്ടുന്ന അവകാശങ്ങളെ അംഗീകരിച്ച് സ്ഥാപിച്ച് കൊടുക്കുക എന്നതാണ്. മനുഷ്യനെന്ന നിലയിലുള്ള മനുഷ്യാവകാശങ്ങളുടെ സംരക്ഷണവുമാണ്. അത് കോവിഡ് കാലത്തായാലും അല്ലെങ്കിലും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757