Opinion

അന്തര്‍ സംസ്ഥാന തൊഴിലാളികളും വിവാദങ്ങളും – റസാഖ് പാലേരി

 

കേരളത്തിന്റെ പുരോഗതിയിലും വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിക്കുന്ന വലിയ ഒരു തൊഴില്‍ ശക്തിയാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വന്ന് തൊഴില്‍ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍. വളരെ സ്നേഹത്തോടെ നാം അവരെ വിളിക്കുന്നത് അതിഥി തൊഴിലാളികള്‍ എന്നാണ്. സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്റ് ഇന്‍ക്ലൂസീവ് ഡെവലപ്മെന്റ് (CMID) എന്ന എന്‍.ജി.ഒ നടത്തിയ പഠനത്തില്‍ പറയുന്നത് പ്രകാരം ഗോഡ്സ് ഓണ്‍ വര്‍ക്ക് ഫോഴ്സ് എന്ന പേരില്‍ വിശേഷിക്കപ്പെട്ട ഈ തൊഴിലാളികളുടെ എണ്ണം 30 ലക്ഷത്തിലധികമാണ്. അതായത് കേരള ജനസംഖ്യയുടെ എണ്ണത്തിന്റെ പത്ത് ശതമാനം അധികമാളുകള്‍ കേരളത്തില്‍ ഉണ്ടെന്ന് ചുരുക്കം. ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലെ 194 ജില്ലകളില്‍നിന്ന് വന്നവരാണിവര്‍. ഇന്ത്യയുടെ ഒരു പരിഛേദം കേരളത്തില്‍ സ്ഥാപിക്കാന്‍ കഴിയും വിധം സമൃദ്ധമാണ് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ വൈവിധ്യം. മത ന്യൂനപക്ഷങ്ങളും ദലിത്-പിന്നാക്ക ജനവിഭാഗങ്ങളുമാണ് ഈ തൊഴിലാളികളില്‍ ഭൂരിഭാഗവും. കേരളത്തിലെ മികച്ച കൂലി, തൊഴില്‍ അന്തരീക്ഷം, താരതമ്യേന മറ്റു സംസ്ഥാനങ്ങളെക്കാള്‍ മികച്ച മത സൗഹാര്‍ദവും, കുറഞ്ഞ ജാതിവിവേചനം, അനുകൂല കാലാവസ്ഥ, യാത്രാ സൗകര്യങ്ങളുടെ ലഭ്യത തുടങ്ങി പല കാര്യങ്ങളും ഈ തൊഴില്‍ തേടിയുള്ള വരവിന്റെ കാരണങ്ങളാണ്. 2008ലെ കണ്ഡമാല്‍ കലാപത്തിന് ശേഷം ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട തൊഴിലാളികളുടെ വരവിലുണ്ടായ വര്‍ധനവ് ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. ഇവര്‍ മലയാളം പഠിച്ചും ജോലി ചെയ്തു സാമ്പത്തികമായും സാംസ്‌കാരികമായും വലിയ മാറ്റമാണ് അവരവരുടെ നാടുകളില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ബംഗാളിലെ ഉള്‍ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാല്‍ ഇത് ബോധ്യപ്പെടും.

ഒരിക്കല്‍ എഫ്.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ബംഗാളിലെ മാല്‍ഡയില്‍ സംഘടിപ്പിച്ച ബീഡി തൊഴിലാളികളുടെ ഒരു സമ്മേളനത്തില്‍ ഇംഗ്ലീഷില്‍ സംവദിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ വേദിയില്‍ വന്നു പറഞ്ഞു, ‘നിങ്ങള്‍ മലയാളത്തില്‍ പ്രസംഗിച്ചോളൂ, തര്‍ജമ താന്‍ ചെയ്തുകൊള്ളാം’ എന്ന്. വളരെ ആവേശത്തോടെ ആ ചെറുപ്പക്കാരന്‍ പറയുകയാണ് 12 വര്‍ഷം തൃശൂര്‍ തൃപ്രയാറില്‍ ജോലി ചെയ്തു. വീടുവെച്ച് അങ്ങാടിയില്‍ സ്ഥലം വാങ്ങി ഒരു കടമുറിയുണ്ടാക്കി അരിക്കച്ചവടം ചെയ്ത് സുഖമായി ജീവിക്കുകയാണെന്ന്. മലയാളികളുടെ വിദേശങ്ങളിലേക്കുള്ള തൊഴില്‍ തേടിയുള്ള യാത്ര പോലെയാണിത്. ഇരുപത്തിനാല് ലക്ഷത്തിലധിമാണ് കേരളത്തില്‍നിന്ന് വിദേശങ്ങളിലേക്ക് തൊഴില്‍ തേടി പോയവരുടെ എണ്ണം. അന്തര്‍ സംസ്ഥന തൊഴിലാളികള്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും വികസനത്തിലും നിര്‍ണായക പങ്കാണ് വഹിക്കുന്നത്. 50,000 കോടിയാണത്രെ ഇവരുടെ വാര്‍ഷിക വരുമാനം. ഇതില്‍ 30,000 കോടി രൂപയോളം അവര്‍ കേരളത്തില്‍ ചിലവഴിക്കുന്നു. നിര്‍മാണമേഖല മുതല്‍ കാര്‍ഷികമേഖല വരെ സര്‍വ മേഖലയിലും ഇവരുടെ സാന്നിധ്യം ദൃശ്യമാണ്. കേരളത്തിലെ ജനതയും സര്‍ക്കാരുകളും ഏറെ സഹകരണത്തോടെയാണ് ഈ തൊഴിലാളി സമൂഹത്തെ ചേര്‍ത്തുപിടച്ചത്. മലയാളം പഠിപ്പിക്കാന്‍ ‘ഹമാരി മലയാളം’ പദ്ധതി മുതല്‍ ‘ആവാസ് ഇന്‍ഷൂറന്‍സ്’ പദ്ധതി വരെ ഈ ചേര്‍ത്തുപിടിക്കലിന്റെ ഭാഗമാണ്. എറണാകുളത്തെ വെങ്ങോല പഞ്ചായത്തില്‍ അതിഥി തൊഴിലാളികള്‍ക്കുവേണ്ടി അയല്‍ക്കൂട്ടങ്ങള്‍ വരെ രൂപീകരിച്ചു.

കോവിഡ് കാലവും അതിഥി തൊഴിലാളികളും കേരളത്തില്‍ കോവിഡ്-19 മഹാമാരിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഇതിനകം ഏറെ വിവാദമായത് അന്തര്‍ സംസ്ഥന തൊഴിലാളികളുടെ ഭക്ഷണവുമായി ബന്ധപ്പെട്ട വിഷയമാണ്. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട ഘട്ടംമുതല്‍ മറ്റു പല വിഷയങ്ങളിലെന്ന പേലെ ഈ വിഷയത്തിലും വെല്‍ഫെയര്‍ പാര്‍ട്ടിയും തൊഴിലാളി സംഘടനയായ എഫ്.ഐ.ടി.യുവും വ്യത്യസ്തമായ സന്നദ്ധസേവന പ്രവര്‍ത്തനങ്ങളും പരിപാടികളും ആസൂത്രണം ചെയ്തിരുന്നു. ഒരു ദേശീയ ദുരന്തമെന്ന അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടി ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചിരുന്നു. കേരളത്തില്‍ സംവിധാനിച്ച സംസ്ഥാന-ജില്ലാ ഹെല്‍പ് ഡെസ്‌കുകളുടെ ഭാഗമായി അന്തര്‍ സംസ്ഥന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ എഫ്.ഐ.ടി.യുവിനെ പ്രയോജനപ്പെടുത്താനാണ് പാര്‍ട്ടി തീരുമാനിച്ചത്. പ്രവാസി ശ്രമിക്ക് ആന്തോളന്‍ എന്ന പേരില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ യൂനിയന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി എഫ്.ഐ.ടി.യുവില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ തന്നെ നിരവധി തൊഴിലാളികളാണ് ഹെല്‍പ് ഡെസ്‌കിലേക്ക് വിളിച്ചത്. ബംഗാളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ആരംഭിച്ച ഹെല്‍പ് ഡെസ്‌കളിലൂടെയും നിരവധി തൊഴിലാളികള്‍ ബന്ധപ്പെട്ടു. ഹെല്‍പ് ഡെസ്‌ക്കുകള്‍വഴി വരുന്ന അന്വേഷണങ്ങള്‍ ജില്ലാ ഹെല്‍പ് ഡെസ്‌കുക്കള്‍ വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പൊലീസ് അധികാരികള്‍ക്കും മുമ്പിലെത്തിക്കാനും കഴിയാവുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കാനുമാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. ഈ ഘട്ടത്തില്‍ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് എഫ്.ഐ.ടി.യു തുറന്നകത്ത് അയച്ചു. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പ്പെടുത്തിയത്. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണലഭ്യത ഉറപ്പാക്കാന്‍ സംവിധാനം ഉണ്ടാക്കണം. കെട്ടിട ഉടമസ്ഥന്‍മാരിലൂടെയും കരാറുകാരിലൂടെയും ഇത് പൂര്‍ണതയോടെ നടക്കുന്നില്ല. പ്രത്യേകിച്ചും കേരളത്തിലെ അതിഥി തൊഴിലാളികളില്‍ തൊണ്ണൂറ്റി അഞ്ച് ശതമാനത്തിലധികവും സ്വന്തം നിലക്ക് തന്നെ തൊഴില്‍ ചെയ്യുന്നവരാണ്. അകലം പാലിക്കാന്‍ കഴിയാത്ത രീതിയിലുള്ള വാസസ്ഥലങ്ങളാണ് ഭൂരിഭാഗവും. അതിനാല്‍ ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ ആരംഭിക്കണം. ആവശ്യാനുസാരണം മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തി രോഗമില്ല എന്ന് ഉറപ്പു വരുത്തണം എന്നീ ആവശ്യങ്ങളാണ് എഫ്.ഐ.ടി.യു മുന്നോട്ട് വെച്ചത്.

പായിപ്പാട് സംഭവം
മുന്നൂറിലധികം കെട്ടിടങ്ങളിലായി ആയിരക്കണക്കിന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലമാണ് കോട്ടയം ജില്ലയിലെ പായിപ്പാട്. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തങ്ങളുടെ ഭക്ഷണവും നാട്ടിലേക്ക് തിരിച്ചുപോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രയാസങ്ങള്‍ മുന്‍നിര്‍ത്തി പായിപ്പാട്ടെ നൂറുകണക്കിന് തൊഴിലാളികള്‍ തെരുവിലിറങ്ങി. പ്രത്യേകിച്ച് ഏതെങ്കിലും സംഘടനകളുടെയോ നേതാക്കളുടെയോ പ്രേരണയില്ലാതെ സ്വയം സംഘടിച്ചുകൊണ്ടായിരുന്നു തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇത് വാര്‍ത്താ ചാനലുകളില്‍ സംപ്രേഷണം ചെയ്യപ്പെട്ടു. തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തിന്റെ പിന്നില്‍ ഗൂഢാലോചനകളുള്ളതായി പ്രചരിപ്പിക്കുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമാണ് പിന്നീട് കണ്ടത്. വെല്‍ഫെയര്‍ പാര്‍ട്ടിയെയും എഫ്.ഐ.ടി.യുവിനേയും വാര്‍ത്ത സംപ്രേഷണം ചെയ്ത ചാനലിനേയും ഇതിന്റെ ഗൂഢാലോചകരായി മാറ്റാനുള്ള ശ്രമമാണ് കേരള സര്‍ക്കാരും സി.പി.എം കേന്ദ്രങ്ങളും നടത്തിയത്. തൊഴിലാളികള്‍ക്കനുകൂലമയി സംസാരിക്കുകയും അവരുടെ ഭക്ഷണ-താമസ സൗകര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്താല്‍ കേസെടുക്കും എന്നതാണ് ഇപ്പോള്‍ അവസ്ഥ. വിഷയം ശ്രദ്ധയില്‍പെടുത്തുമ്പോള്‍ ‘ഇത് പറയാന്‍ നീ ആരടാ’ എന്ന ദാര്‍ഷ്ട്യമാണ് കേരള സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്്. തൊഴിലാളികള്‍ക്ക് കേരളത്തില്‍പോലും സ്വന്തമായി ചിന്താശേഷി ഇല്ല, അവര്‍ക്ക് ആരോ ഗൂഢാലോചന നടത്തിയാല്‍ മാത്രമെ അവകാശങ്ങള്‍ ചോദിക്കാന്‍ കഴിയുകയുള്ളൂ എന്ന മാടമ്പി യുക്തിയുമായി കഴിയേണ്ടി വരുന്ന ഗതികേടിലാണ് സി.പി.എം എത്തിപ്പെട്ടിട്ടുള്ളത് എന്നത് ഖേദകരമാണ്. എ.കെ.ജിയുടെയും പുന്നപ്രയുടെയും കയ്യൂരിന്റെയും കരിവള്ളൂരിന്റെയും ആണ്ടറുതി ഒരു മതാചാരം കണക്കെ കൊണ്ടാടുന്ന ഇക്കൂട്ടര്‍ക്ക് ഇങ്ങനെമാത്രമെ ചിന്തിക്കാന്‍ കഴിയുന്നുള്ളൂ. ഗൂഢാലോചനാ സി ദ്ധാന്തം സി.പി.എമ്മിന്റെ കൂടപ്പിറപ്പാണ്. ഏതെങ്കിലും ജനകീയ സമരങ്ങള്‍ നടന്നാല്‍ ഈ തിയറി കേരളത്തില്‍ കുരുപൊട്ടി ഒഴുകാറുണ്ട്. ഇസ്ലാമിക തീവ്രവാദം എന്ന കശായ കുറിപ്പടി കൂടി ചേര്‍ക്കുന്നതോടെ ഉണ്ടാകുന്ന സഖാക്കളുടെ നിര്‍വൃതിയും ഭൂരിപക്ഷ വോട്ട് ബാങ്കുകളെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞു എന്ന മൂഢവിശ്വാസം കൊണ്ടുമാകാം കേരള സി.പി.എം ഈ തിയറിയുമായി മുന്നോട്ടുപോകുന്നത്.

മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ പറയുന്നത് അന്തര്‍ സംസ്ഥാന തൊഴിലാളിക്കായി 5000 ക്യാമ്പുകള്‍ ആരംഭിച്ചു എന്നാണ്. കഥയില്‍ ചോദ്യമില്ലാത്തതിനാല്‍ അതെവിടെയൊക്കെയാണ് എന്ന് ആരും ചോദിക്കില്ല. ഏതായാലും ഇപ്പോള്‍ സ്ഥിതിഗതികള്‍ അല്‍പം പുരോഗതിയിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ഒരുമിച്ച് ചേര്‍ന്ന് കമ്യൂണിറ്റി കിച്ചണുകളും മറ്റുമായി മുന്നോട്ട് പോയപ്പോള്‍ ഏറെക്കുറെ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റും മികച്ച ജനസേവകനുമായ നാസര്‍ ആറാട്ടുപുഴയെ അറസ്റ്റു ചെയ്തു. കാരണം, അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ വിഷയം സി.പി.എമ്മുകാരനായ വാര്‍ഡ് മെമ്പറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും മറ്റൊരിടത്ത് ഭക്ഷണ കിറ്റുകള്‍ എത്തിച്ചു കൊടുക്കുകയും ചെയ്തു എന്നതാണ്. ഇക്കാരണത്താല്‍ കേരള പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. സൈബര്‍ സഖാക്കളുടെ സോഷ്യല്‍ മീഡിയ ലിഞ്ചിങ്ങിന് ഇപ്പോഴും ഇരയായിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. ജനാധിപത്യത്തിന്റെ സൗന്ദര്യം അതില്‍ എതിര്‍ ശബ്ദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടം ഉണ്ട് എന്നതാണ്. അതുവഴി ഭരണകൂടങ്ങള്‍ കൂടുതല്‍ ശരിയിലേക്ക് വഴിനടക്കും. ജനാധിപത്യത്തിന്റെ സൗന്ദര്യം വീണ്ടെടുക്കാന്‍ സത്യം സത്യമായിത്തന്നെ തുറന്നുപറഞ്ഞുകൊണ്ട് പോരാട്ടം തുടരുകതന്നെ വേണം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757