Opinion

നിര്‍ത്തുമോ ഈ ഇന്ധനക്കൊള്ള – വിഷ്ണു.ജെ

 

രാജ്യത്ത് അതിവേഗം കോവിഡ് വൈറസ് ബാധ പടര്‍ന്നു പിടിക്കുന്നതിനിടെയാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞത്. സമ്പദ്‌വ്യവസ്ഥയുടെ സകലമേഖലകളിലും കോവിഡ് ചലനമുണ്ടാക്കിയിരുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങളെല്ലാം മന്ദഗതിയിലായി. തൊഴില്‍ മേഖലയിലും വലിയ പ്രതിസന്ധി നേരിട്ടു. ഈയൊരു സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില കുറവിന്റെ ആനുകൂല്യം മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു പ്രതീക്ഷ. ഇത് രാജ്യത്ത് സമ്പദ്‌വ്യവസ്ഥക്ക് ഗുണമാവുമെന്നതിനാല്‍ ഇത്തരത്തിലൊരു നീക്കമുണ്ടാകുമെന്ന് എല്ലാവരും ഉറച്ച് വിശ്വസിച്ചു.

പക്ഷേ, ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളോട് യാതൊരു കൂറുമില്ലെന്ന് പലവട്ടം തെളിയിച്ച മോദി ഇന്ധനവിലയുടെ കാര്യത്തിലും ഇതേ പതിവ് ആവര്‍ത്തിച്ചു. നികുതികള്‍ കൂട്ടി ഇന്ധനവില വര്‍ധനവിന്റെ യാതൊരു ആനുകൂല്യങ്ങളും ജനങ്ങള്‍ക്ക് നല്‍കിയില്ല. വില കുറയുമ്പോള്‍ ഉണ്ടാവുന്ന
വരുമാന നഷ്ടം കുറക്കുന്നതിനായിരുന്നു എക്സൈസ് നികുതി കൂട്ടിയത്. കൊള്ളലാഭം പ്രതീക്ഷിക്കുന്ന എണ്ണ കമ്പനികള്‍ കൂടി മോദിക്കൊപ്പം ചേര്‍ന്നതോടെ വില കുറവിന്റെ ആനുകൂല്യം പൊതുജനങ്ങള്‍ക്ക്
ലഭിക്കാതിരിക്കുകയായിരുന്നു.

മന്‍മോഹന്‍ ഭരണകാലത്ത് ബാരലിന് 106.85 ഡോളര്‍ വരെയുണ്ടായിരുന്ന എണ്ണവില 38 ഡോളര്‍ വരെ താഴ്ന്നിട്ടും വില കുറയാത്തത് ജനങ്ങളെ കൊള്ളയടിച്ചും ഖജനാവ് നിറക്കണമെന്ന ബി.ജെ.പി സര്‍ക്കാരിന്റെ സമീപനം മൂലമാണ്. ഇതിനൊപ്പം എണ്ണ കമ്പനികളുടെ ബാലന്‍സ്ഷീറ്റില്‍ ലാഭക്കണക്ക് വര്‍ധിപ്പിക്കുകയെന്നതും സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇത്തരത്തില്‍ ലാഭത്തിലായ പൊതുമേഖല
എണ്ണ കമ്പനികളെല്ലാം സ്വകാര്യ മേഖലക്ക് വില്‍ക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം.

കൊള്ളയടിച്ച് മോദി

2014 മേയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ബാരലിന് 106.85 ഡോളറായിരുന്നു ക്രൂഡ് ഓയില്‍ വില. അന്ന് ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 71.41 രൂപയായിരുന്നു. ഇപ്പോഴും ഡല്‍ഹിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 71 രൂപയാണ്. പക്ഷേ, ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 35 ഡോളറായി ചുരുങ്ങി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 70 ശതമാനത്തോളം ഇടിവാണ് ആഗോള വിപണിയില്‍ ഉണ്ടായത്. ഇതിന്റെ ഗുണമൊന്നും ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കൂട്ടിയതോടെ ഇതിനുള്ള സാധ്യതപോലും ഇല്ലാതായി. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ കഴിഞ്ഞ കുറേ വര്‍ഷമായി സ്വീകരിക്കുന്ന ഈയൊരു സമീപനമാണ് വില കുറയാതിരിക്കാനുള്ള പ്രധാന കാരണം. ഇതോടൊപ്പം ഇന്ധനവിലയെ സ്വാധീനിക്കുന്ന മറ്റ് ചില കാര്യങ്ങള്‍
കൂടിയുണ്ട്.

ബ്രെന്റ് ക്രൂഡോ ഓയിലിന്റെ വില ബാരലിന് 52 ഡോളറിലേക്കാണ് മാര്‍ച്ച് ആറിന് കൂപ്പുകുത്തിയത്. മാര്‍ച്ച് എട്ടിന് 31.49 ഡോളറായി കുറഞ്ഞ ക്രൂഡ് ഓയില്‍ വില മാര്‍ച്ച് 11ന് നില മെച്ചപ്പെടുത്തിയെങ്കിലും പഴയ നിലവാരത്തിന്റെ അടുത്തെങ്ങും എത്തിയിട്ടില്ല. പക്ഷേ, ആഗോള വിപണിയില്‍ എണ്ണവിലയില്‍ വന്‍ കുറവ് രേഖപ്പെടുത്തുമ്പോഴും ഇന്ത്യന്‍ വിപണിയില്‍ ഇത് പ്രതിഫലിക്കുന്നില്ല.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന എണ്ണയുടെ 84.9 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. 2019 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ എണ്ണ ഇറക്കുമതി കൂടിയിട്ടുണ്ട്. ആകെ ഉപയോഗിക്കുന്ന എണ്ണയുടെ 83.6 ശതമാനമാണ് കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്തത്. 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ 188.4 മില്യണ്‍ ടണ്‍ ക്രൂഡോയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തു. ഇതിന് 87.7 ബില്യണ്‍ ഡോളര്‍ വിലയായി നല്‍കുകയും ചെയ്തു. ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 64 ഡോളറാണ് ശരാശരി വിലയായി 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ ഇന്ത്യ നല്‍കിയത്. എന്നാല്‍, 2020 മാര്‍ച്ച് ആറിന് ഇറക്കുമതി ചെയ്ത ക്രൂഡോയിലിന്റെ വില ബാരലിന് 47.92 ഡോളര്‍ മാത്രമായിരുന്നു. മാര്‍ച്ച് 10ന് ഇത് 34.52 ഡോളറായി കുറഞ്ഞു. 28 ശതമാനത്തിന്റെ കുറവാണ് ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്.

നികുതികള്‍ വില വര്‍ധനവിന്റെ കാരണം

നികുതികളാണ് ഇന്ത്യയില്‍ വില കുറയാത്തതിനുള്ള മറ്റൊരു കാരണം. 2014 മേയില്‍ 47.12 രൂപക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍ ഡീലര്‍മാര്‍ക്ക് ലഭിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ എക്സൈസ് നികുതി 10.39 രൂപയും സംസ്ഥാന സര്‍ക്കാറിന്റെ വാറ്റ് 11.9 രൂപയും ഡീലര്‍മാരുടെ കമ്മീഷന്‍ 2 രൂപയും ചേര്‍ത്ത് 71.41 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. 2020ല്‍ എത്തിയപ്പോള്‍ ഡീലര്‍മാര്‍ക്ക് 32.93 രൂപക്ക് പെട്രോള്‍ ലഭിച്ചു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന നികുതിയായ എക്സൈസ് ഡ്യൂട്ടി 10.39ല്‍ നിന്ന് 19.98 രൂപയായി വര്‍ധിച്ചു. സംസ്ഥാന നികുതി 11.9 രൂപയില്‍ നിന്ന് 15.25 രൂപയായും വര്‍ധിച്ചു. 3.55 രൂപ ഡീലര്‍മാരുടെ കമീഷനും കൂട്ടിച്ചേര്‍ത്ത് ആകെ വില 71.71 രൂപ.

എണ്ണവില കുറയാത്തതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് സംസ്ഥാന-കേന്ദ്രസര്‍ക്കാറുകള്‍ പിരിച്ചെടുക്കുന്ന ഉയര്‍ന്ന നികുതിയാണ്. ഇതിനൊപ്പം അന്താരാഷ്ട്ര വിപണിക്ക് ആനുപാതികമായി വില കുറക്കാന്‍ പലപ്പോഴും കമ്പനികള്‍ തയാറാവുന്നുമില്ല. വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനാല്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഇടിയുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. എണ്ണവിലയുടെ രണ്ടാഴ്ചത്തെ ശരാശരി കണക്കാക്കിയാണ് ഇന്ത്യയില്‍ കമ്പനികള്‍ വില നിശ്ചയിക്കുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ വില കുറവിന്റെ ഗുണം എത്രത്തോളം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

രൂപയുടെ മൂല്യമിടിയുന്നതും പ്രതിസന്ധി

ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും ഇന്ത്യയില്‍ അതിന്റെ പ്രതിഫലനം ഇല്ലാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് രൂപ-ഡോളര്‍ വിനിമയ നിരക്കിലുണ്ടാവുന്ന വ്യതിയാനങ്ങള്‍. 2014 മേയില്‍ ഒരു ഡോളറിന്റെ മൂല്യം 58.59 രൂപയാണ്. എന്നാല്‍, ഇപ്പോള്‍ അത് ഏകദേശം 73.74 രൂപയാണ്. രൂപ-ഡോളര്‍ വിനിമയ നിരക്കിലുണ്ടാവുന്ന വ്യതിയാനം ഇന്ത്യയിലെ എണ്ണവിലയേയും സ്വാധീനിക്കുന്നുണ്ട്.

ഓരോ ദിവസവും അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ വ്യതിയാനമുണ്ടാകാറുണ്ട്. ആഗോള വിപണിയില്‍ എണ്ണവില കൂടുമ്പോള്‍ യാതൊരു മടിയുമില്ലാതെ വില കൂട്ടാന്‍ എണ്ണ കമ്പനികള്‍ മല്‍സരിക്കാറുണ്ട്. വില കുറയുമ്പോള്‍ കമ്പനികള്‍ മൗനം പാലിക്കുകയാണ് ചെയ്യാറ്. ഇക്കുറിയും അത് തന്നെയുണ്ടായി. വലിയ തോതില്‍ എണ്ണവില കുറഞ്ഞിട്ടും അതിന് ആനുപാതികമായി ഇന്ത്യയില്‍ കുറക്കാന്‍ കമ്പനികള്‍ തയാറായിട്ടില്ല. എത് വിധേനേയും കൊള്ളലാഭം ഉണ്ടാക്കണമെന്ന എണ്ണ കമ്പനികളുടെ ആര്‍ത്തി തന്നെയാണ് വില കുറയാതിരിക്കാനുള്ള പ്രധാന കാരണം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757