editorial

ഈ കാലത്തെയും നമുക്ക് മറികടക്കണം – എഡിറ്റര്‍

 

ലോകമാകെ മഹാമാരിയുടെ കെടുതിയിലാണ്. മനുഷ്യ കരങ്ങളാല്‍ പിടിച്ച് കെട്ടാനാവാത്തവിധം കോവിഡ് ലോകത്തെ കാര്‍ന്നു തിന്നുന്നു. അമേരിക്ക, ഇറ്റലി, സ്പെയിന്‍, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍, ജര്‍മ്മനി ഇങ്ങനെ ലോകത്തെ വന്‍ ശക്തികളെല്ലാം സ്തബ്ധരായിരിക്കുന്നു. ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തെ ഭരണാധികാരിയെന്നു വിശേഷിപ്പിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്് ഡോണല്‍ഡ് ട്രംപ്, മരണ സംഖ്യ ഒരു ലക്ഷത്തില്‍ പിടിച്ചുനിര്‍ത്തിയാല്‍ അത് തന്നെ വലിയ നേട്ടമാകും എന്ന പ്രതികരണത്തിലൂടെ തന്റെ നിസ്സഹായത വെളിപ്പെടുത്തുന്നു.

നമ്മുടെ രാജ്യത്ത് സാമൂഹ്യ വ്യാപനം ഇനിയും തുടങ്ങിയിട്ടില്ല. മാര്‍ച്ച് 25 മുതല്‍ ആരംഭിച്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ഒരുപക്ഷേ, സാമൂഹ്യ വ്യാപനത്തെ പിടിച്ച് നിര്‍ത്തിയേക്കാം. എങ്കിലും കേന്ദ്ര സര്‍ക്കാരിന് ക്രിയാത്മകമായ യാതൊരു പദ്ധതിയും മുന്നോട്ട് വെക്കാനില്ല. സാമൂഹ്യ നിയന്ത്രണങ്ങള്‍ നിലവില്‍ തന്നെ നട്ടെല്ലൊടിഞ്ഞിരിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ നിയത്രണാതീതമായി തകര്‍ക്കും എന്നാര്‍ക്കും സംശയമില്ല. എങ്ങനെ അത് മറികടക്കാമെന്നതിന് യാതൊരു ലക്ഷ്യബോധവും സര്‍ക്കാരിനില്ല. കോടിക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍, തെരുവില്‍ നിവസിക്കുന്നവര്‍, ചേരി നിവാസികള്‍ തുടങ്ങി സാമൂഹ്യമായി അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യത്ത് യാതൊരു മുന്നൊരുക്കവുമില്ലാതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് കോടിക്കണക്കിന് ജനങ്ങളെ നിരാലംബരും ഗതികെട്ടവരുമാക്കിയതിന് രാജ്യം നേര്‍സാക്ഷിയാണ്.

ഒന്നിച്ച് നില്‍ക്കേണ്ട ഈ സന്ദര്‍ഭത്തിലും വെറുപ്പിന്റെ രാഷ്ട്രീയമാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി പ്രചരിപ്പിക്കുന്നത്. സാമൂഹ്യ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് നടന്ന സമ്മേളനങ്ങളെയും പരിപാടികളെയും ചൂണ്ടിക്കാട്ടി വംശീയ അധിക്ഷേപങ്ങളും വെര്‍ബല്‍ ലിഞ്ചിംഗും നടത്തിക്കൊണ്ടിരിക്കുകയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പോലും യു.പി മുഖ്യമന്ത്രിയടക്കം അത് ലംഘിച്ച് കൊണ്ട് നടത്തിയ മത ചടങ്ങുകളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഇരട്ട നീതി ഒരു ഭാഗത്തുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് കേരളീയര്‍. ലോകത്തിലെ ഏതാണ്ടെല്ലായിടങ്ങളിലും നാം മലയാളികള്‍ അധിവസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏത് ഭാഗത്തുണ്ടാകുന്ന ദുരന്തങ്ങളും നമ്മെയും ബാധിക്കും. കോവിഡ് ഭീതി രാജ്യത്ത് ആദ്യം ഉയര്‍ന്ന സംസ്ഥാനവും കേരളം തന്നെ. പലകാരണങ്ങള്‍ കൊണ്ടും ആരോഗ്യരംഗത്ത് നേരത്തേ തന്നെ കേരളം നേടിയ പുരോഗതിയും മലയാളികളുടെ സാമൂഹ്യ ബോധവും കോവിഡിന്റെ സാമൂഹ്യ വ്യാപനത്തിന് തടയിടുന്നതിന് വലിയ കാരണമായിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ എയര്‍പോര്‍ട്ട് അടക്കമുള്ളിടത്ത് വരുത്തിയ ചില പാളിച്ചകള്‍ മാറ്റി നിര്‍ത്തിയാല്‍ കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും ജാഗ്രതയുള്ളവരാക്കുന്നതിനും മുന്നില്‍ നിന്നത് ആശ്വാസകരവുമാണ്. ജനങ്ങളുടെ പൂര്‍ണ സഹകരണത്തോടെയാണ് ഈ ദുരന്തത്തെ നേരിടാനാവുക. പക്ഷേ, വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് മുന്നില്‍ കേരള സര്‍ക്കാരിനും ഉത്തരമില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസ ശമ്പളം പിടിച്ചാല്‍ തീരുന്ന പ്രശ്നമല്ല ഇത്. ചെലവു ചുരുക്കലും വലിയ അളവിലുള്ള നിയന്ത്രണങ്ങളും ഭരണ ധൂര്‍ത്തുകളെ ഇല്ലാതാക്കുകയുമൊക്കെ വേണം. ജനങ്ങള്‍ക്ക് നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന റേഷന്‍ ചെറിയ അളവില്‍ ചില വിഭാഗങ്ങള്‍ക്കു കൂടി സൗജന്യമാക്കി എന്നതും വൈദ്യുതിബില്‍, വെള്ളക്കരം, വായ്പകള്‍ എന്നിവ അടക്കാനുള്ള കാലാവധി നീട്ടി എന്നിവയും ഒഴിച്ചാല്‍ കാര്യമായ സാമ്പത്തിക സമാശ്വാസ പദ്ധതികളൊന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എല്ലാവരുടെയും സഹകരണം കേരളത്തെ പഴയപടിയാക്കുന്നതിന് വേണ്ടിവരും.

ദൗര്‍ഭാഗ്യവശാല്‍ കേരള സര്‍ക്കാരിനെ നയിക്കുന്ന സി.പി.എം ഇതിനെ രാഷ്ട്രീയവത്കരിക്കാനുള്ള നിഗൂഢ ശ്രമങ്ങളിലാണ്. സുനാമി മുതല്‍ മഹാപ്രളയം വരെ കേരളം കണ്ട എല്ലാ ദുരന്തങ്ങളെയും നേരിട്ടത് കേരള ജനതയുടെ സാമൂഹ്യവും ജനാധിപത്യപരവുമായ ബോധങ്ങളും കൂട്ടായ്മകളും കൊണ്ടാണ്. കൊറോണക്കാലത്തെ സാമൂഹ്യ നിയന്ത്രണങ്ങള്‍ വിജയിക്കുന്നതും പൊലീസിന്റെ മുഷ്‌കോ ശക്തിയോ കൊണ്ടല്ല, കേരളത്തിലെ മത സംഘടനകളും രാഷ്ട്രീയ-സാമൂഹ്യ പ്രസ്ഥാനങ്ങളും എല്ലാ വിഭാഗം ജനങ്ങളേയും ബോധവാന്‍മാരാക്കുന്നതുകൊണ്ടാണ്.

സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് എല്ലാ ദുരന്തങ്ങളിലും ജനതക്ക് താങ്ങായി നിന്നിട്ടുള്ളത്. ഇവിടെ സര്‍ക്കാരും ഭരണപാര്‍ട്ടിയും നടത്തുന്ന പ്രവര്‍ത്തനങ്ങളൊഴികെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തടയിടുന്നത് ഏകാധിപത്യ ഫാഷിസ്റ്റ് പ്രവണതയാണ്. സാമൂഹ്യ നിയന്ത്രണത്തിന്റെ മറവില്‍ ജനാധിപത്യത്തെ കൊല്ലാനുള്ള നീക്കമാണിത്. ഇത് നാം അംഗീകരിക്കാന്‍ പാടില്ല. സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുക, കലാപകാരികളായി മുദ്രകുത്തുക, സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്തുതിപാടകരെ ഉപയോഗിച്ച് വംശീയതയും വിദ്വേഷവും കൂട്ടിക്കലര്‍ത്തി അപവാദങ്ങള്‍ പ്രചരിപ്പിക്കുക, ഇതൊന്നും ജനാധിപത്യത്തിനോ സാമൂഹ്യാരോഗ്യമുള്ള ജനസമൂഹത്തിനോ ഭൂഷണമല്ല.

ഈ കാലഘട്ടത്തെയും നമുക്ക് കടന്നുപോയേ പറ്റൂ. ജനാധിപത്യപരമായി ഐക്യത്തോടെ നമുക്ക് നേരിടാം; എല്ലാത്തരം സാമൂഹ്യ വിപത്തുകളെയും വൈറസുകളേയും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757