featuredOpinion

കാസര്‍കോട്: അവഗണനയുടെ ആഴം കോവിഡ്കാലത്ത് അനുഭവിച്ചറിയുമ്പോള്‍ – മുഹമ്മദ് ഫര്‍ഹാന്‍

 

കാസര്‍കോട്ടെ ജനതയോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്ത ചതിയുടെ ആഴം അനുഭവിച്ചറിയുകയാണ് മലയാളികളിപ്പോള്‍. കോവിഡ്-19 മഹാമാരി ഭയാനകമായ അവസ്ഥയില്‍ ലോകത്തെ കാര്‍ന്ന് തിന്നുന്ന സന്ദര്‍ഭത്തില്‍ കൂടിയാണ് ചതിയുടെ വ്യാപ്തിയും ഭീകരതയും അനാവരണം ചെയ്യുന്നത്. ഒന്നാമത്തെ ചതി, മുപ്പത്തഞ്ച് വയസ്സ് പൂര്‍ത്തിയാക്കിയ കാസര്‍കോട് ജില്ലയോട് കേരളത്തിലെ മാറി മാറി വന്ന ഇടത്-വലതു ഗവണ്‍മെന്റുകള്‍ കാണിച്ച കടുത്ത അവഗണനയാണെങ്കില്‍, രണ്ടാമത്തേത്് ജില്ലയുടെ കടുത്ത പിന്നോക്കാവസ്ഥയിലും ജീവിത വ്യവഹാരങ്ങള്‍ക്കും ചികിത്സക്കും നിത്യേനയെന്നോണം ആശ്രയിച്ചിരുന്ന മംഗലാപുരത്തേക്കും മറ്റുമുള്ള റോഡുകള്‍ മണ്ണിട്ട് മൂടിയ കര്‍ണ്ണാടക സര്‍ക്കാരിന്റെ നടപടിയാണ്.

ഈ രണ്ട് ചതികളുടെയും വ്യാപ്തി കാസര്‍കോട് ജനത തിരിച്ചറിഞ്ഞത് കോവിഡ്-19 കാലഘട്ടത്തിലാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ല കാസര്‍കോട് ആണ്. ഏപ്രില്‍ അഞ്ചുവരെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 314 കേസില്‍ 124 കേസും കാസര്‍കോട് ജില്ലയില്‍ നിന്നായിരുന്നു. കോവിഡ് 19 രോഗികളെ ചികിത്സിക്കാനും പരിചരിക്കാനും മോണിറ്റര്‍ ചെയ്യാനും ആരോഗ്യ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കാസര്‍കോട്ടെ ജില്ലാ ഭരണകൂടം കാണിക്കുന്ന അസ്വസ്ഥതകള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു വാര്‍ഡില്‍ തന്നെ മുപ്പത്തിയാറ് രോഗികളെ ഒന്നിച്ചു പാര്‍പ്പിച്ചതും, തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തില്‍ രോഗികളെ പാര്‍പ്പിച്ചതും കൂടാതെ ദിവസങ്ങളോളം കോവിഡ്-19 ലക്ഷണമുള്ളവരുടെ ടെസ്റ്റ് സാമ്പിള്‍ എടുക്കാന്‍ പറ്റാതെ മടക്കി അയച്ചതും നാം കണ്ടതാണ്. രോഗികളെ പാര്‍പ്പിക്കാന്‍ കാസര്‍കോട് നഗരസഭാ സെക്രട്ടറി നഗരത്തിലെ സ്വകാര്യ ബില്‍ഡിംഗ് മുതലാളിമാര്‍ക്ക് പിന്നാലെ ഓടേണ്ടി വന്നത് ആരോഗ്യ മേഖലയിലെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സംവിധാനങ്ങളുടെ കടുത്ത അപര്യാപ്തതയുടെ സൂചകങ്ങളാണ്. കാലങ്ങളായി കാസര്‍കോട് ജില്ലക്കാര്‍ അനുഭവിക്കുന്ന ഇത്തരം അവഗണനയുടെ അനന്തരഫലം കൂടിയാണ് ഇന്ന് ജില്ലയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കൊറോണ സ്ഥിരീകരണ കണക്കുകള്‍ക്ക് ഒരു പ്രധാന കാരണം.

മഞ്ചേരി, പാലക്കാട് മെഡിക്കല്‍ കോളജുകള്‍ക്കൊപ്പം പ്രഖ്യാപിക്കപ്പെട്ടതായിരുന്നു കാസര്‍കോട് മെഡിക്കല്‍ കോളജ്. 2013 നവംബറിലായിരുന്നു തറക്കല്ലിട്ടത്. മറ്റു രണ്ടു മെഡിക്കല്‍ കോളജുകളും പ്രവര്‍ത്തിച്ചുതുടങ്ങി. അതിനു ശേഷം പ്രഖ്യാപിക്കപ്പെട്ട വയനാട്, കൊല്ലം മെഡിക്കല്‍ കോളജ് പണികള്‍ പുരോഗമിക്കുമ്പോള്‍ തന്നെയാണ് കാസര്‍കോട് മെഡിക്കല്‍ കോളജ് മുട്ടിലിഴഞ്ഞ് നീങ്ങിയത്. 300 കിടക്കകള്‍ ഉള്ള മെഡിക്കല്‍ കോളജ് 2015-ല്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രഖ്യാപനസമയത്ത് പറഞ്ഞത്. കോവിഡ്-19 കേസുകള്‍ ജില്ലയില്‍ വര്‍ധിച്ച സാഹചര്യത്തില്‍ വെറും നാല് ദിവസം കൊണ്ട് കാസര്‍കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളജ് സ്പെഷ്യല്‍ കോവിഡ് 19 ഹോസ്പിറ്റലായി പ്രവര്‍ത്തനം തുടങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. അതിനുവേണ്ട എല്ലാ സംവിധാനങ്ങളും നാല് ദിവസം കൊണ്ട് ഒരുക്കി ഏപ്രില്‍ ആറുമതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. അതിന് മേല്‍നോട്ടം വഹിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഇരുപത്തി അഞ്ചംഗ സംഘത്തെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി കൊണ്ട് കൊണ്ടുവരികയും ഉണ്ടായി. ഏകദേശം ആറുവര്‍ഷത്തിലധികമായി ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന മെഡിക്കല്‍ കോളജ് കോവിഡ്-19 കാരണം കേവലം നാല് ദിവസം കൊണ്ട് പ്രവര്‍ത്തന സജ്ജമാകാന്‍ പോകുന്നു എന്ന് പറയുന്നത് തന്നെ കാസര്‍കോടിനോട് ഇതുവരെ തുടര്‍ന്ന് വന്ന അവഗണനയുടെ നേര്‍സാക്ഷ്യമാണ്.

ഏപ്രില്‍ അഞ്ചുവരെ, കോവിഡ്-19 കാരണം കേരളത്തില്‍ മരണപ്പെട്ടവര്‍ രണ്ടു പേരാണ്. അതില്‍ ഒന്ന് പോലും കാസര്‍കോട് ജില്ലയില്‍ നിന്നില്ല. ഇതേസമയം ചികിത്സ ലഭിക്കാതെ മരണപ്പെട്ടവര്‍ പന്ത്രണ്ട് പേരാണ്. കാസര്‍കോട് ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളുടെ പിന്നോക്കാവസ്ഥയും കര്‍ണ്ണാടക സര്‍ക്കാരിന്റെ റോഡ് മണ്ണിട്ട് അടക്കലും കാരണമാണ് ഈ ജീവനുകള്‍ ഇല്ലാതായത്. ദിനേന ഡയാലിസിസ്, കീമോ തുടങ്ങിയ അടിയന്തിര ചികിത്സകള്‍ നിര്‍ബന്ധമായി ചെയ്യേണ്ടിവരുന്ന അനേകം രോഗികള്‍ ആശ്രയിക്കുന്നത് മംഗലാപുരത്തിനെയാണ്. അതിര്‍ത്തി അടക്കല്‍ കാരണം അനേകം പേരുടെ രോഗാവസ്ഥ രൂക്ഷമാവുകയും ഗുരുതരാവസ്ഥയിലാവുകയും ചെയ്യുന്നുണ്ട്. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ആ മരണങ്ങള്‍ കാര്യമായി ചര്‍ച്ചയാവുകയോ ശ്രദ്ധിക്കപെടുകയോ ചെയ്തിട്ടുമില്ല. നടന്ന ചര്‍ച്ചകള്‍ പോലും കര്‍ണ്ണാടക സര്‍ക്കാരിന്റെ ക്രൂരതയായി മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ മാറി മാറി വന്ന സര്‍ക്കാരുകളുടെ അവഗണന വളരെ സമര്‍ത്ഥമായി മറച്ചുവെക്കപ്പെട്ടു.

ദക്ഷിണ കന്നട ആരോഗ്യ കുടുംബക്ഷേമ ഓഫിസര്‍ മംഗലാപുരത്തെ ഏഴു മെഡിക്കല്‍ കോളജുകള്‍ക്ക് മലയാളികളെ ചികിത്സിക്കരുത് എന്ന് പറഞ്ഞു കത്ത് കൊടുത്തിട്ടുണ്ട്. അതുപോലെ തന്നെ കര്‍ണ്ണാടക ബി.ജെ.പി പ്രസിഡന്റും ദക്ഷിണ കന്നട എം.പിയുമായ നളിന്‍ കുമാര്‍ കട്ടീലും പരസ്യമായി തന്നെ പ്രഖ്യാപിച്ചതാണ് ഒരു ആംബുലന്‍സ് പോലും അതിര്‍ത്തി കടത്തരുത് എന്ന്. കര്‍ണ്ണാടക ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ വര്‍ഗീയവും വംശീയവുമായ നിലപാടിന്റെ ഭാഗം കൂടിയാണ് അതിര്‍ത്തി അടക്കല്‍. പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്കും കേന്ദ്ര ആരോഗ്യ മന്ത്രിക്കും നിരന്തരം ഇ-മെയിലുകള്‍ അയച്ചിട്ടും ഒരു പ്രതികരണം പോലും ഉണ്ടായില്ല എന്ന് ചാനല്‍ ചര്‍ച്ചയില്‍ കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ പറയുകയുണ്ടായി. വിഷയത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ളവര്‍ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിട്ടുമുണ്ട്. അതുപോലെ കേരള സര്‍ക്കാര്‍ നിരന്തരം കര്‍ണ്ണാടക സര്‍ക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോഴൊക്കെ നിഷേധാത്മക സമീപനമാണ് കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിര്‍ബന്ധമായും അതിര്‍ത്തി തുറക്കണമെന്ന് കേരള ഹൈക്കോടതി ഏപ്രില്‍ ഒന്നിന് ആവശ്യപ്പെട്ടിട്ടും (തുടര്‍ന്ന് ആ കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ സ്റ്റേ ഓര്‍ഡര്‍ നല്‍കിയിട്ടുമില്ല) ഇതുവരെയും കര്‍ണ്ണാടക സര്‍ക്കാര്‍ അതിര്‍ത്തി തുറന്നുകൊടുക്കാന്‍ തയ്യാറായിട്ടില്ല. സുപ്രീംകോടതി തന്നെ കേന്ദ്രത്തോട് രണ്ടു സംസ്ഥാനങ്ങളുമായി വിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ആരോഗ്യ സംവിധാനവും
2012-ല്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് തീരുമാനപ്രകാരം കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പഠിക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി ഡോ. പി. പ്രഭാകരനെ ഏകാംഗ കമീഷനായി നിയമിക്കുകയും ആ വര്‍ഷം ഒക്ടോബറില്‍ തന്നെ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കാസര്‍കോട് ജില്ലയിലെ എല്ലാ മേഖലകളിലെയും വികസന പിന്നോക്കാവസ്ഥ അടിവരയിട്ട്, അക്കമിട്ട് തന്നെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. 616 പേജ് വരുന്ന റിപ്പോര്‍ട്ട് കാസര്‍കോടിന്റെ അടിസ്ഥാന വികസനം കേരള ശരാശരിയില്‍ എത്തിക്കാന്‍ ഏകദേശം 11,123 കോടി രൂപയുടെ പദ്ധതികള്‍ കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കണം എന്ന് ആവശ്യപ്പെടുകയുണ്ടായി. 1982-ല്‍ നിലവില്‍ വന്ന പത്തനംതിട്ട ജില്ലയും 1984-ല്‍ നിലവില്‍ വന്ന കാസര്‍കോട് ജില്ലയും പരസ്പരം താരതമ്യപ്പെടുത്തുമ്പോള്‍ കാസര്‍കോടിനോടുള്ള കടുത്ത വിവേചനം കാണാന്‍ കഴിയും.

ഏറെ കൊട്ടിഘോഷിക്കുന്ന കേരള മോഡല്‍ ആരോഗ്യ സംവിധാനം എത്രത്തോളം പൊള്ളത്തരം നിറഞ്ഞതാണെന്ന് ഈ കോവിഡ് 19 കാലത്ത് കാസര്‍കോട് ജില്ലയുടെ അവസ്ഥ മാത്രം പഠിച്ചാല്‍ മതിയാകും. 2011 സെന്‍സസ് പ്രകാരം 13 ലക്ഷം ജനസംഖ്യയുള്ള ജില്ലയുടെ ജനസാന്ദ്രത 660 ആണ്. മൂന്ന് മുനിസിപ്പാലിറ്റികളും 38 ഗ്രാമ പഞ്ചായത്തുകളും ഉള്ള ജില്ലയില്‍ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലോ മെഡിക്കല്‍ കോളജോ ടെര്‍ഷ്യറി മെഡിക്കല്‍ സംവിധാനമോ ഇല്ല. ഇത്തരം സംവിധാനങ്ങള്‍ക്ക് കാസര്‍കോട് ജില്ലയിലെ വടക്ക് ഭാഗത്തുള്ളവര്‍ മംഗലാപുരത്തെയും തെക്ക് ഭാഗത്തുള്ളവര്‍ കണ്ണൂര്‍ ജില്ലയിലെ പരിയാരം മെഡിക്കല്‍ കോളജിനെയുമാണ് ആശ്രയിക്കേണ്ടത്. 13 ലക്ഷം ജനസംഖ്യ വരുന്ന കാസര്‍കോട് ജില്ലയിലെ ആകെ സര്‍ക്കാര്‍ ആശുപത്രി സംവിധാനങ്ങളിലെ ബെഡുകളുടെ എണ്ണം 975 ആണ്. അഥവാ, ഒരുലക്ഷം പേര്‍ക്ക് 75 ബെഡ്; ഇത് കേരള ശരാശരിയുടെ പകുതിയാണ്.

പ്രഭാകരന്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ 327 പേജ് മുതല്‍ 376 പേജ് വരെ ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളുടെ അവസ്ഥയും കേരള ശരാശരിയില്‍ എത്തിച്ചേരാന്‍ കൈക്കൊള്ളേണ്ട പരിഹാര നിര്‍ദേശങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റു മെഡിക്കല്‍ സ്റ്റാഫുകളുടെയും എണ്ണത്തിലും, ബെഡുകളുടെ എണ്ണത്തിലും, സര്‍ക്കാര്‍-സ്വകാര്യ ഹോസ്പിറ്റലുകളുടെ എണ്ണത്തിലും ഒക്കെ കേരള ശരാശരിയുടെ വളരെ പിന്നിലാണ് ജില്ല എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആക്സിഡന്റ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്ന ട്രോമാ കെയര്‍ സംവിധാനങ്ങള്‍ പോലും ജില്ലയില്‍ ഇല്ല എന്നുള്ളത് പോലും ഞെട്ടിക്കുന്നതാണ്. അതേ അവസ്ഥതന്നെയാണ് ഹൃദയാഘാതം പോലുള്ള എമര്‍ജന്‍സി കേസുകള്‍ പരിഗണിക്കുന്ന കാര്യത്തിലും. ജില്ലയിലെ വളരെ പ്രധാനപ്പെട്ട കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലില്‍ ആകെ 216 ബെഡുകളാണ് ഉള്ളത്. മറ്റുജില്ലകളില്‍ ശരാശരി 400ന് മുകളിലാണ് ബെഡുകളുള്ളത്. കാഷ്വാലിറ്റി, ഇന്‍പേഷ്യന്റ് വാര്‍ഡ്, ലാബ് പോലുള്ള മറ്റു സംവിധാനങ്ങളുടെയും കാര്യത്തില്‍ ഇതേ അവസ്ഥ തന്നെയാണ്.

മുന്‍ഗണന അടിസ്ഥാനത്തില്‍ കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം, തൃക്കരിപ്പൂര്‍ താലൂക്ക് ഹോസ്പിറ്റലുകള്‍ എന്നിവ വികസിപ്പിക്കണം എന്ന് പ്രഭാകരന്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. അതിനുവേണ്ടി കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലിന് ഏകദേശം 3321 ലക്ഷം രൂപയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് ഏകദേശം 3478 ലക്ഷം രൂപയും നീലേശ്വരം താലൂക്ക് ഹോസ്പിറ്റലിന് 1272 ലക്ഷം രൂപയും തൃക്കരിപ്പൂര്‍ താലൂക്ക് ഹോസ്പിറ്റലിന് 1145 ലക്ഷം രൂപയും അടക്കം ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളുടെ വികസനത്തിന് 20,274 ലക്ഷം രൂപയുടെ പദ്ധതികള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞ് ഏകദേശം എട്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. അതിനുശേഷം വര്‍ഷാവര്‍ഷങ്ങളില്‍ കേരള സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റുകളില്‍ ഒരു പരിഗണയും കാസര്‍കോടിന് ലഭിച്ചിട്ടില്ല; വളരെ തുച്ഛമായ സംഖ്യമാത്രയാണ് നീക്കി വെച്ചിട്ടുള്ളത്. ഇനിയും റിപ്പോര്‍ട്ട് പരിഗണിച്ചില്ലെങ്കില്‍ കൂടുതല്‍ രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് കാസര്‍കോട് ജില്ല എത്തിച്ചേരുക.

protest of Endosulfan pesticide victims and their family members

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള കശുമാങ്ങ തോട്ടത്തില്‍ നീണ്ട പതിനഞ്ച് വര്‍ഷക്കാലം എന്‍ഡോസള്‍ഫാന്‍ വിഷം തളിച്ചതിന്റെ ദുരന്തം ഇന്നും കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ അനുഭവിക്കുകയാണ്. മണ്ണിലും ജലത്തിലുമൊക്കെ ഈ വിഷാംശം കലര്‍ന്നതിന്റെ ഫലമായി തലമുറകളായി ദുരന്തം പേറുന്നവരാണവര്‍. കാല്‍ ലക്ഷത്തോളം എന്‍ഡോസള്‍ഫാന്‍ രോഗികള്‍ കാസര്‍കോട് ഉണ്ട്. ബുദ്ധിക്കും ശരീരത്തിനും ജനിതകമായും വളരെ ആഘാതത്തില്‍ പരിക്കേല്‍പ്പിക്കപ്പെട്ട വേദനയില്‍ പുളയുന്ന രോഗികള്‍ക്ക് ആശ്വാസമായി ഒരു മെഡിക്കല്‍ സംവിധാനവും ഇവിടെ ഇല്ല. മരുന്നടക്കം എല്ലാ ചികിത്സക്കും മംഗലാപുരത്തെ ആശ്രയിക്കേണ്ട അവസ്ഥതന്നെയാണ്. അവരുടെ കണ്ണീര്‍ കൊണ്ട് നനഞ്ഞ മണ്ണില്‍ ആരോഗ്യ സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യം പ്രഭാകരന്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നുണ്ട്.

വെറുപ്പിന്റെ വ്യാപനം
കാസര്‍കോട്ടേക്ക് സ്ഥലം മാറ്റുക എന്ന പ്രയോഗം കേരളീയര്‍ക്ക് ചിരപരിചിതമാണ്. ബ്യൂറോക്രസിയില്‍ അതൊരു ശിക്ഷയും ഭീഷണിയുമാണ്. അങ്ങനെ ബ്യൂറോക്രസിയുടെ ചവറ്റുകൊട്ടയും ദുര്‍ഗുണ പരിഹാര പാഠശാലയുമാണ് കാലാ കാലങ്ങളിലായി കാസര്‍കോട് ജില്ല. അതിനാല്‍ തന്നെ എല്ലാ ഭരണ സംവിധാനങ്ങളും താഴ്ന്ന നിലവാരമാണ് കാഴ്ചവെക്കുന്നത്. അത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ നിസ്സഹകരണ സമീപനവും കടുത്ത ഉദാസീനതയുമാണ് പുലര്‍ത്തുന്നത്. എല്ലാ കാര്യങ്ങളിലും ബ്യൂറോക്രസിയുടെ വെറുപ്പ് തെളിഞ്ഞു കാണാം. കോവിഡ് 19 രോഗികള്‍ക്ക് ഒരുക്കിയ വാര്‍ഡില്‍ പാറ്റയും പൂച്ചയും സൈ്വര്യവിഹാരം നടത്തുന്നത് രോഗികള്‍ തന്നെ വിവരിച്ചതാണ്. അവര്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ പോലും പാറ്റകള്‍ ആയിരുന്നു. കൂടാതെ ഒരു വാര്‍ഡില്‍ 36ലധികം പേരെ തിക്കി നിറച്ചുമൊക്കെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. കാസര്‍കോട്ടുകാരന്‍ ഇനി ഗള്‍ഫ് കാണില്ല, പാസ്പോര്‍ട്ട് റദ്ദ് ചെയ്യും എന്നൊക്കെ വിളിച്ചുപറയുന്ന ജില്ലാ ഭരണകൂടം അടക്കം വെറുപ്പില്‍ നിന്ന് ഉടലെടുക്കുന്നതാണ്.

കര്‍ണ്ണാടക സര്‍ക്കാരും ഉത്പാദിപ്പിക്കുന്നത് വെറുപ്പ് തന്നെയാണ്. കഴിഞ്ഞ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി കര്‍ണ്ണാടക പ്രസിഡന്റും എം.പിയുമായ നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞത് കാസര്‍കോടിനെ മറ്റൊരു കശ്മീര്‍ ആക്കുമെന്നാണ്. സംഘ്പരിവാര്‍ നിരന്തരം ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ വിദ്വേഷങ്ങളുടെ അനന്തര ഫലങ്ങളാണ് റിയാസ് മൗലവിയുടെയും ഫഹദ് മോന്റെയും കൊലപാതകങ്ങള്‍. കരീം ഉസ്താദ് മാരകമായി ആക്രമിക്കപ്പെടുന്നതും പശുക്കടത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നതുമടക്കം അനേകം ആക്രമണ സംഭവങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംഘ്പരിവാരം മുസ്ലിം സമുദായത്തെ ലക്ഷ്യം വെച്ചു വലിയ ഹേറ്റ് ക്യാമ്പയിനും ആക്രമണ പരമ്പരകളുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

അവര്‍ ബോധപൂര്‍വം സൃഷ്ട്ടിച്ചെടുത്ത ഒരു പൊതുബോധ സൃഷ്ടിയുണ്ട്; കാസര്‍കോട്ടെ മുസ്ലിം സമുദായം അപരിഷ്‌കൃതവും കള്ളപ്പണക്കാരും രാജ്യദ്രോഹികളുമാണെന്ന്. കോവിഡ്-19 വിഷയത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഒരു കാസര്‍കോടുകാരനെ ചുറ്റിപ്പറ്റി കേരളത്തിലെ ചാനല്‍ ചര്‍ച്ചകള്‍ ശ്രദ്ധിച്ചവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ നടന്ന ഹേറ്റ് ക്യാമ്പയിനുകള്‍ക്ക് ലഭിച്ച സ്വീകാര്യതയും നമുക്ക് ബോധ്യമാക്കുന്ന ഒന്നുണ്ട്, കേരള പൊതുബോധവും സംഘ്പരിവാര്‍ ബോധവും ഒന്നാണെന്ന്. സര്‍ക്കാര്‍ നിര്‍ദേശങ്ങളെയും മറ്റും അവഗണിച്ച് ധിക്കരിച്ചു നടന്ന സംഭവങ്ങള്‍ മറ്റെല്ലാ ജില്ലയിലും ഉണ്ടായിട്ടുണ്ട്. കോവിഡ്-19 പ്രതിരോധ നിര്‍ദേശങ്ങളോട് ആദ്യഘട്ടത്തില്‍ സര്‍ക്കാരുള്‍പ്പെടെ കേരളീയ സമൂഹം ലാഘവത്തോടെ സമീപിച്ചിട്ടുണ്ട്. എന്നാല്‍, കാസര്‍കോടുകാരോടുമാത്രമുള്ള ഹേറ്റ് ക്യാമ്പയിനുകള്‍ക്ക് സോഷ്യല്‍ മീഡിയ ജഡ്ജിമാരുടെ മുന്നില്‍ വാദങ്ങള്‍ നിരത്തി നേരിടേണ്ട അവസ്ഥയാണ് ഇപ്പോള്‍ കാസര്‍കോട്ടുകാരന്‍ അനുഭവിക്കുന്ന മറ്റൊരവസ്ഥ.

കാസര്‍കോട് ജില്ലയില്‍ കോവിഡ്-19 കേസുകള്‍ കൂടാനുള്ള കാരണം പ്രധാനമായും ദുബൈയില്‍ നിന്ന് വന്ന പ്രവാസികളാണ്. അല്ലാതെ, കാസര്‍കോട്ടുകാരനോ മറ്റു പ്രവാസികളായ കാസര്‍കോട്ടുകാരോ നാടുനീളെ നടന്നതു കൊണ്ടല്ല. ദുബൈയിലുള്ള ദേര-നായിഫ് മാര്‍ക്കറ്റുകളുമായി കാസര്‍കോട്ടുകാര്‍ക്ക് വൈകാരിക ബന്ധം ഉണ്ട്. ധാരാളം കാസര്‍കോട്ടുകാര്‍ അവിടെ കച്ചവടം ചെയ്ത് പോരുന്നുണ്ട്. കാസര്‍കോട് മാര്‍ക്കറ്റു പോലും അവിടെയുണ്ട്. ദുബൈ എന്ന ലോകമാര്‍ക്കറ്റിലെ വളരെ പ്രധാനപ്പെട്ട കച്ചവട സ്ഥലമാണത്. ചൈനയില്‍ നിന്നും കൊറിയയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമൊക്കെ ആളുകള്‍ വന്നു കച്ചവടത്തില്‍ ഏര്‍പ്പെടുന്ന ഒരു പ്രധാനപ്പെട്ട ഇടത്ത് കോവിഡ്-19 കേസുകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടായിരുന്നു. അവിടെ നിന്ന് വന്നവരിലാണ് കൂടുതലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കാസര്‍കോട് ജില്ല രൂക്ഷമായ ആരോഗ്യ പ്രതിസന്ധിക്ക് അടിയന്തിരമായി തന്നെ പരിഹാരം കാണേണ്ടതുണ്ട്. കോവിഡ് കാലത്ത് നിന്ന് അത്തരത്തിലുള്ള ഗുണപാഠങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉള്‍കൊള്ളുമെന്നാണ് മനസ്സിലാക്കുന്നത്. കേരളത്തിലെ ഒരു ജനത അവഗണിക്കപ്പെടുകയും പിന്നോക്കം നില്‍ക്കുകയും ചെയ്യുന്നത് കേരള മോഡലിന്റെ പരാജയമാണ്, അത് പരിഹരിക്കപ്പെടണം. കോവിഡ്-19 എന്ന മഹാമാരി നീങ്ങിപ്പോകുന്നതോടു കൂടി കാസര്‍കോട് വിസ്മൃതിയിലേക്ക് മറയാതിരിക്കാനും ജാഗ്രതയുണ്ടാകണം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757