featuredOpinion

കോവിഡാനന്തരം മറ്റൊരു ലോകം സാധ്യമോ? – ഫസല്‍ കാതിക്കോട്

 

പൊതുമേഖലയും
ക്ഷേമരാഷ്ട്ര സങ്കല്‍പവും

കോവിഡിന്റെ പശ്ചാത്തലത്തില്‍ വളരെയധികം ആകാംക്ഷയോടെയും ഒപ്പം പ്രതീക്ഷയോടെയും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. ശക്തമായ പൊതുമേഖലാ സംവിധാനങ്ങളുള്ള രാജ്യങ്ങളില്‍ കോവിഡ് നിയന്ത്രണം വളരെ കാര്യക്ഷമമായി നടക്കുന്നു എന്ന പൊതുധാരണ ഇതിനകം ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. പൊതു ജനാരോഗ്യസംവിധാനങ്ങളുടെ പിന്‍ബലത്തില്‍ കേരളത്തില്‍നടക്കുന്ന കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലെ വളരെ ദയനീയമായ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കയും ചര്‍ച്ചാ വിഷയമാണ്. കേരളം വികസിത രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ഇന്ത്യ മുഴുവനായി പരിഗണിച്ചാല്‍ 195 രാജ്യങ്ങളില്‍ 145 ആം സ്ഥാനത്താണ്. ബംഗ്ലാദേശിനും ശ്രീലങ്കക്കും മ്യാന്‍മറിനും പിന്നില്‍. പതിറ്റാണ്ടുകളായി തുടരുന്ന ആരോഗ്യരംഗത്തോടുള്ള അവഗണനയാണ് ഈ സ്ഥിതിയിലെത്തിച്ചത്. ജി.ഡി.പിയുടെ 1.3 ശതമാനം മാത്രമാണ് ഇന്ത്യ ആരോഗ്യരംഗത്ത് ചെലവഴിക്കുന്നത്. ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ആരോഗ്യച്ചെലവ് താങ്ങാനാവാത്തതാണ് ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്ന ഒരു പ്രധാന ഘടകമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

2018ല്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ജനാരോഗ്യ അഭിയാന്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്. പൊതു ആരോഗ്യ സംവിധാനങ്ങള്‍ക്കു പകരം ഇത് ശക്തിപ്പെടുത്തുക സ്വകാര്യ മേഖലയെയാണ്. കൊട്ടിഘോഷിക്കപ്പെട്ട ഈ പദ്ധതിയെക്കുറിച്ച് ഇന്ത്യയിലെ സാധാരണക്കാരന് കേട്ടുകേള്‍വി പോലുമില്ല. ഇത് നടപ്പായാലും കോവിഡ് കാലത്ത് യാതൊരു പ്രയോജനവുമുണ്ടാവുകയുമില്ല. 2020 ജനുവരിയില്‍ നീതി ആയോഗ് ഇപ്പോള്‍ തന്നെ വളരെ പരിമിതമായ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും ജില്ലാ ആശുപത്രികളും സ്വകാര്യ മേഖലക്ക് കൈമാറുന്നതിനുള്ള ഒരു സ്വകാര്യ-പൊതു-പങ്കാളിത്ത (PPP) പദ്ധതിയാണ് മുന്നോട്ടുവെച്ചത്.

കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബ നേരത്തേ തന്നെ സമ്പൂര്‍ണമായും പൊതുമേഖലയിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ആരോഗ്യ മേഖലയില്‍ വന്‍ നേട്ടങ്ങള്‍ കരസ്ഥമാക്കിയ രാജ്യമാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 14 രാജ്യങ്ങളിലേക്ക് മെഡിക്കല്‍ സംഘങ്ങളെ അയച്ചു. ക്യൂബന്‍ ആരോഗ്യ സഹായങ്ങള്‍ സ്വീകരിക്കരുതെന്ന നേരത്തേയുള്ള അമേരിക്കന്‍ തിട്ടൂരം തനിയെ തകര്‍ന്നു പോയി. പതിറ്റാണ്ടുകളായുള്ള ഉപരോധങ്ങള്‍ മൂലം പ്രയാസപ്പെടുന്ന ക്യൂബ മാനവവിഭവശേഷി വികസിപ്പിച്ചു കൊണ്ട് മധുരമായി പകരം വീട്ടുകയാണ്.

പൊതുമേഖലയിലുള്ള വ്യാപകമായ പൊതുജനാരോഗ്യ സംവിധാനങ്ങളുടെ പിന്‍ബലത്തില്‍ കൊറോണയെ പിടിച്ചുനിര്‍ത്തിയ രാജ്യമാണ് ദക്ഷിണ കൊറിയ. വ്യാപകമായ പരിശോധനകളും ഐസൊലേഷനും അതിവേഗ നടപടികളുമാണ് ഈ നേട്ടത്തിനു കാരണം. കേരളത്തിലേതുപോലെ പൊതുജനങ്ങളുടെ പിന്തുണയും നിര്‍ണായകമായിരുന്നു.

ലോകത്തിലെ ഏതാണ്ടെല്ലാ രാജ്യങ്ങളും നവലിബറല്‍ സ്വകാര്യവല്‍ക്കരണത്തിന്റെ പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇതിന്റെ നേര്‍ വിപരീതമായി ഇപ്പോള്‍ ദേശസാല്‍ക്കരണ നടപടികള്‍ ലോകമെങ്ങും അതിവേഗത്തില്‍ സ്വീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. സ്പെയിനില്‍ എല്ലാ ആശുപത്രികളും സര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. അമേരിക്കയില്‍ ഡിഫന്‍സ് പ്രൊഡക്ഷന്‍ ആക്ട് എന്ന നിയമം പ്രയോഗിച്ചു കൊണ്ട് വന്‍കിട കമ്പനികളാട് ആരോഗ്യ രക്ഷാ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അടിയന്തിര സാഹചര്യങ്ങളില്‍ രാജ്യത്തിനാവശ്യമായ വസ്തുക്കള്‍ നിര്‍മിച്ചു നല്‍കാന്‍ കമ്പനികളെ ബാധ്യതപ്പെടുത്തുന്ന നിയമമാണിത്. അമേരിക്കയിലെ പബ്ലിക് ഹെല്‍ത്ത് സര്‍വീസസ് ആക്ട് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമുള്ള പക്ഷം രാജ്യത്തിലെ എല്ലാവരെയും സര്‍ക്കാരിനെ സഹായിക്കാന്‍ ഉത്തരവാദപ്പെടുത്തുന്നു. യുറോപ്യന്‍ യൂണിയനും തങ്ങളുടെ 1082/13 തീരുമാനം നടപ്പാക്കുന്നതിലൂടെ ആരോഗ്യരംഗത്തെ താല്‍ക്കാലികമായി പൊതുമേഖലക്കു കീഴിലാക്കുകയാണ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിലെല്ലായിടത്തുമെന്ന പോലെ ഇന്ത്യയിലും ആരോഗ്യരംഗത്തിന്റെ ദേശസാല്‍ക്കരണം ചര്‍ച്ചയായിട്ടുണ്ട്. 1897ലെ പകര്‍ച്ചവ്യാധി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കൂടുതല്‍ സമഗ്രമായ നിയമം അനിവാര്യമാണ് എന്ന വികാരം ഉയര്‍ന്നുവന്നിട്ടുണ്ട്.

ലാഭം നേടിക്കൊണ്ടിരിക്കുന്ന കാലത്തു മാത്രം നിലനില്‍ക്കുന്നവയാണ് നവലിബറല്‍ കാലത്തെ സ്വകാര്യ കുത്തകകള്‍. മുന്നോട്ടു കുതിക്കുന്നത് നിലച്ചാല്‍ തകര്‍ന്നു വീഴുന്ന ദുര്‍ബലമായ അടിത്തറകളിലാണ് അവയില്‍ പലതും നിലകൊള്ളുന്നത്. പ്രശസ്തമായ വലിയ കമ്പനികളെന്ന് കരുതിപ്പോന്ന പലതും തകര്‍ന്നു വീണു കഴിഞ്ഞു. ഉല്‍പാദന സേവനമേഖലകളിലുള്ള വലിയ കുത്തകകള്‍ തന്നെയായ ഇവയുടെ കാല്‍ക്കീഴിലാണ് പല രാജ്യങ്ങളുടെയും ജീവല്‍പ്രധാനമായ വ്യത്യസ്ത സംവിധാനങ്ങള്‍ തന്നെ നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ അവയെ സംരക്ഷിക്കുന്നതിന് ഏതറ്റം വരെയും പോവുന്നതിന് രാജ്യങ്ങള്‍ സന്നദ്ധമായിക്കഴിഞ്ഞു. ബ്രിട്ടനില്‍ റെയില്‍വേ ഭാഗികമായി ദേശസാല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. ഇതു കൂടാതെ വിമാന, ബസ് സര്‍വീസുകളും ദേശസാല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. വേണ്ടിവന്നാല്‍ തകര്‍ച്ചയുടെ വക്കിലെത്തിയ വലിയ കമ്പനികളെ ദേശസാല്‍ക്കരിക്കുമെന്ന് ഫ്രാന്‍സിലെ ധനകാര്യമന്ത്രി ബ്രൂണോലെ മെയര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറ്റലി അലിറ്റാലിയ എയര്‍ലൈന്‍സിനെ ഏറ്റെടുത്തു. ജര്‍മനിയും ആസ്ട്രേലിയയും വേണ്ടിവന്നാല്‍ കമ്പനികളെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെങ്ങുമുള്ള വിമാനക്കമ്പനികള്‍ക്ക് 200 ബില്യണ്‍ നഷ്ടമുണ്ടായി. ക്രൂഡ് ഓയില്‍ വില അതിന്റെ കടത്തുകൂലിയേക്കാള്‍ താഴെയായിരിക്കുകയാണ്. അതിനാല്‍ തകര്‍ന്നു കഴിഞ്ഞ അനേകം എണ്ണക്കമ്പനികളെയും സര്‍ക്കാറുകള്‍ ഏറ്റെടുക്കേണ്ടി വരും.

ഇന്ത്യയില്‍ സ്വകാര്യ മേഖലയെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഘട്ടത്തില്‍ പോലും ഉള്‍പ്പെടുത്തുന്നതിനുള്ള യാതൊരു നീക്കവും നടക്കുന്നില്ല എന്നത് ആശ്ചര്യജനകമാണ്. വലിയ തോതിലുള്ള സാമൂഹ്യ വ്യാപന സാധ്യത ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ജനങ്ങള്‍ ഇയ്യാം പാറ്റകളെപ്പോലെ മരിച്ചുവീഴുന്ന അവസ്ഥയിലേക്ക് അതിവേഗം കാര്യങ്ങള്‍ മാറിമറിയാനിടയുണ്ട്. കേരളത്തിലൊഴികെ മറ്റെവിടെയും കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്നത് നിരാശാജനകമാണ്. ദരിദ്രരും വേണ്ടത്ര ആരോഗ്യ സംവിധാനങ്ങള്‍ ലഭ്യമല്ലാത്തവരുമായ ആളുകള്‍ അതിവേഗം മരണത്തിലേക്ക് നടന്നടുക്കും. ഈ ഘട്ടത്തിലും അധികാരികളുടെ നിസ്സംഗത സംശയാസ്പദമാണ്.

ഒന്നുകില്‍ ശക്തമായ പൊതുമേഖലാ സംവിധാനങ്ങള്‍. അല്ലെങ്കില്‍ രാജ്യത്തിന് ആവശ്യമുള്ള ഘട്ടങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങളെ ഉടനടി ദേശസാല്‍ക്കരിക്കാനാവശ്യമായ നിയമങ്ങളും നടപടിക്രമങ്ങളും എല്ലാ രാജ്യങ്ങളിലും അനിവാര്യമാണെന്ന് കോവിഡ് ലോകത്തെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ സ്വകാര്യ കുത്തകകളുടെ ചൂഷണങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നതിനു പകരം നീതിപൂര്‍വകമായി എല്ലാവര്‍ക്കും ലഭ്യമാക്കുന്ന ക്ഷേമരാഷ്ട്ര സങ്കല്‍പം മേല്‍ക്കൈ നേടുമോയെന്ന് ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സന്ദര്‍ഭം കൂടിയായി കോവിഡ് കാലം മാറിയിരിക്കുന്നു.

വിദ്വേഷ പ്രചാരണങ്ങള്‍
നിലക്കുന്നില്ല

പരമത, വര്‍ഗ, വര്‍ണ, ജാതി വിദ്വേഷങ്ങള്‍ക്ക് ആഗോളതലത്തില്‍ തന്നെ കോവിഡ് അറുതി വരുത്തുമെന്ന് നാം പ്രത്യാശിക്കുന്നുണ്ട്. കൊറോണ വൈറസ് നമ്മിലുണ്ടാക്കിയ നിസ്സഹായാവസ്ഥയും അനുകമ്പയും വിദ്വേഷവൈറസിനെ മറികടക്കാന്‍ പര്യാപ്തമാവണമെന്ന് നാം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, താന്‍ അനുഭവിക്കാത്തതെല്ലാം കെട്ടുകഥകളാണ് എന്നു കരുതുന്നവര്‍ അപര വെറുപ്പിന്റെ ജീര്‍ണഭാണ്ഡങ്ങള്‍ താഴെ വെക്കാന്‍ തയ്യാറായിട്ടില്ല.

ചൈനാ വൈറസ്, വുഹാന്‍ വൈറസ് തുടങ്ങിയ പദങ്ങളുപയോഗിച്ചു കൊണ്ട് വിദ്വേഷ പ്രചാരണങ്ങള്‍ ഉദ്ഘാടനം ചെയ്തത് അമേരിക്കന്‍ പ്രസിഡന്റ് സാക്ഷാല്‍ ട്രംപ് തന്നെയാണ്. കൊറോണ സംഹാര താണ്ഡവമാടിയ ഇറ്റലിയില്‍ ചൈനക്കും ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കും പൊതുവെ ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുമെതിരെ വലതുപക്ഷ പ്രചാരണങ്ങള്‍ വര്‍ധിക്കുകയാണ്. നിങ്ങളാണ് രോഗം കൊണ്ടുവന്നത്, ഈ രാജ്യത്തു നിന്ന് പുറത്തു പോകൂ എന്നാക്രോശിച്ചു കൊണ്ടുള്ള ചവിട്ടും ഇടിയുമേറ്റത് ഒരു പതിനഞ്ചു വയസ്സുകാരന്‍ പയ്യനാണ്. ചൈനക്കാരെ ബലാല്‍സംഗം ചെയ്യാനുള്ള ആഹ്വാനങ്ങളും അവരുടെ കടകള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളും ഇറ്റലിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അവരുടെ ഭക്ഷണ രീതിയാണ് വൈറസ് ഉത്ഭവത്തിന് കാരണമെന്നാക്ഷേപിച്ചു കൊണ്ട് അതിരൂക്ഷമായ വിമര്‍ശനമാണ് സോള്‍ട്ടോ കോളിനോ നഗരത്തിന്റെ മേയറായ മൗറീസിയോ ഫേസ്ബുക്കിലൂടെ നടത്തിയത്.

ലോകത്തെല്ലായിടത്തും അവരുടെ ഭക്ഷണ സംസ്‌കാരത്തെ വിമര്‍ശിക്കുന്ന പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. നിക്ഷ്പക്ഷരും ലിബറലുകളുമെന്ന് കരുതപ്പെട്ടിരുന്നവര്‍ പോലും ഈ ഭക്ഷണ വിരോധത്തില്‍ വീണുപോയിട്ടുണ്ട്. തങ്ങള്‍ക്ക് അപരിചിതമായതെല്ലാം അപകടമാണെന്ന പ്രാകൃത മുന്‍വിധി മാത്രമാണ് ഈ ഭക്ഷണ വിദ്വേഷത്തിന് പിന്നിലുള്ളത്. ശാസ്ത്രീയമായോ ബുദ്ധിപരമായോ ഇതിനൊന്നും യാതൊരു പിന്‍ബലവുമില്ല. ഏത് ജീവിയുടെ മാംസമായാലും വെള്ളം തിളക്കുന്ന ഊഷ്മാവില്‍ വേവിക്കുന്നതോടെ ഏതാണ്ടെല്ലാ വൈറസുകളും നശിക്കും. ജീവികളെ പച്ചക്ക് തിന്നുന്നവരാണ് അവരെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. എലികളെ പച്ചക്ക് തിന്നുന്നതായി കാണിക്കുന്ന ഏതോ വിരുതന്റെ ലോകം മുഴുവന്‍ പ്രചരിച്ച സെല്‍ഫ് പ്രൊമോഷന്‍ സാഹസികത ഇതിന് തെളിവല്ല. നാമെല്ലാം ഭക്ഷിക്കുന്ന ചെമ്മീന്‍, കൊഞ്ച്, ഞണ്ട്, ഇവയെല്ലാം തേളും പഴുതാരയും എട്ടുകാലികളും ഉള്‍പ്പെടുന്ന ആര്‍ത്രോപോഡ ഫാമിലിയില്‍ പെട്ടവയാണ്. പുല്‍ച്ചാടികളും പച്ചത്തുള്ളനുമെല്ലാം ഉള്‍പ്പെട്ട ആക്രിഡിഡേ വര്‍ഗത്തില്‍ പെട്ട വെട്ടുകിളിയെ നമുക്ക് ഭക്ഷിക്കാമെങ്കില്‍ ഇതുപോലുള്ള മറ്റു പ്രാണി വര്‍ഗങ്ങളെ ഭക്ഷിക്കുന്നവരെ അപഹസിക്കുന്നതെന്തിന് ? ഭക്ഷണമെന്നത് നാടിന്റെ പാരമ്പര്യ ശീലങ്ങളുടെയും സാഹചര്യങ്ങളുടെയും ഭാഗമാണ്. അതിനെ വെറുപ്പിന്റെ ഇന്ധനമാക്കുന്നതും എതിര്‍ക്കപ്പെടേണ്ടതാണ്.

കോവിഡ് മഹാമാരിയെ വിദ്വേഷത്തിന് വളമാക്കുന്നതു തന്നെയാണ് തബ്ലീഗ് ആസ്ഥാനത്ത് കുടുങ്ങിപ്പോയ ജനക്കൂട്ടത്തെ മുന്‍നിര്‍ത്തി ഇന്ത്യയിലും നടക്കുന്നത്. കൊറോണ ജിഹാദ് എന്ന പദം അതിവേഗത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ജനപ്രിയമായി. മറ്റേതോ സമയത്ത് മറ്റാരോ നടത്തിയ സംഭവങ്ങളുടെ ഒട്ടനവധി വ്യാജ വീഡിയോകളോടുകൂടിയാണ് കള്ള പ്രചാരണങ്ങള്‍ കൊഴുപ്പിക്കുന്നത്. തബ്ലീഗിനെതിരെ ഇതുവരെ ആരുമുന്നയിക്കാതിരുന്ന ഭീകരവാദി, ഐസിസ് ബന്ധങ്ങള്‍ ആരോപിച്ച ടൈംസ് നൗ ചാനലിനെതിരെ ഒരു കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. ‘മുസ്ലിമായിരിക്കുക എന്നത് നേരത്തേ തന്നെ അപകടകരമായ ഇന്ത്യയില്‍ ഇപ്പോള്‍ കൊറോണ വൈറസും’ എന്നതാണ് തബ്ലീഗ് ആസ്ഥാനത്ത് കുടുങ്ങിയവരെ മുന്‍നിര്‍ത്തി നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ചുള്ള ലേഖനത്തിന് ടൈം മാഗസിന്‍ നല്‍കിയ ഒരു തലക്കെട്ട്.

മനുഷ്യ കഴിവുകള്‍ക്ക് പുറത്തുള്ള വൈറസ് വ്യാപനം പോലുള്ള ഒരു ആഗോള മഹാമാരിയെപ്പോലും പലതരം സങ്കുചിത താല്‍പര്യങ്ങളുടെ പേരില്‍ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇറാനെതിരെയുള്ള വിഷവമനത്തിന് ആഗോളവ്യാപ്തി കൈവന്നിരിക്കുന്നതായി റോബര്‍ട്ട് ഫിസ്‌ക് പറയുന്നു. സൗദിയും യു.എ.ഇയും ബഹറൈനും തങ്ങളുടെ രാജ്യത്തെ കോവിഡ് ബാധക്ക് ഇറാനെ കുറ്റപ്പെടുത്തിക്കഴിഞ്ഞു. ഇവരെക്കൂടാതെ അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് മാസങ്ങളായി ഉപരോധമേര്‍പ്പെടുത്തി ഒറ്റപ്പെടുത്തിയ ഇറാനെ ആക്ഷേപിക്കുന്നതിലും വലിയ കാപട്യമില്ലെന്ന് ഫിസ്‌ക് ഓര്‍മിപ്പിക്കുന്നു. മാരക രോഗാണുക്കളെക്കാള്‍ അപകടകാരിയായ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് അറുതി വരുത്തുവാന്‍ കൊറോണ വൈറസിന് പോലും സാധിച്ചില്ല എന്ന യാഥാര്‍ഥ്യം സമത്വമാര്‍ന്ന ഭാവി ലോക പ്രതീക്ഷകള്‍ക്ക് എതിരാണ്.

കോവിഡും ലോക രാഷ്ട്രീയവും

കോവിഡ് ബാധിച്ച ലോക ഭൂപടത്തില്‍ രണ്ട് രാജ്യങ്ങള്‍ വേറിട്ടു നില്‍ക്കുന്നു. ഒന്ന് അമേരിക്കയാണ്. മറ്റൊന്ന് നിര്‍ഭാഗ്യവശാല്‍ ഇന്ത്യയാണ്. അഥവാ ട്രംപും മോദിയുമാണ്. ഫാസിസവും നവലിബറലിസവും ചേര്‍ന്ന ഒരു രാഷ്ട്രീയ ചേരുവയാണ് ഇവര്‍ രണ്ടു പേരും കൊണ്ടുനടക്കുന്നത്. ഈ ചേരുവ മനുഷ്യര്‍ക്ക് എത്ര മാരകമാണ് എന്ന് ഈ കോവിഡ് കാലം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

ഈ രണ്ടു പേര്‍ക്കും വലിയൊരു മഹാ വ്യാധിയുടെ ആകുലതകളൊന്നുമില്ല. ഒരു തട്ടിപ്പ് (hoax) എന്നാണ് ട്രംപ് വൈറസിനെക്കുറിച്ച് ആദ്യം പറഞ്ഞത്. മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു എന്നതാണ് എടുത്തു പറയാവുന്ന കാര്യം. ഇന്ത്യയെന്ന മഹാരാജ്യത്തിന് മുഴുവനായി മോദി അനുവദിച്ച തുക 15,000 കോടി രൂപയാണ്. തുടര്‍ന്ന് നടത്തിയതാവട്ടെ പാത്രം കൊട്ടലും വിളക്കു കത്തിക്കലും. ഇന്ത്യയിലെ പൊതു സ്വകാര്യ മേഖലകളിലെ മുഴുവന്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് വലിയൊരു യുദ്ധമുഖം തന്നെ തുറക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

രോഗനിര്‍ണയത്തിന്റെ കാര്യത്തില്‍ ഇന്ത്യ വളരെ പിന്നിലാണ്. പത്ത് ലക്ഷത്തിന് 66 പേരെയാണ് രോഗനിര്‍ണയ പരിശോധനകള്‍ക്ക് വിധേയമാക്കുന്നത്. ക്വാറന്റയിനില്‍ കഴിയുന്നവര്‍ പോകട്ടെ ആശുപത്രികളില്‍ കഴിയുന്നവരെ പോലും പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടില്ല. നിസാമുദ്ദീനില്‍ തബ്ലീഗ് ആസ്ഥാനത്ത് കുടുങ്ങിയവരില്‍ നിന്ന് ആശുപത്രിയിലെത്തിച്ചവരെ ഒരാഴ്ചയായിട്ടും പരിശോധനക്ക് വിധേയമാക്കിയില്ല. സംശയമുള്ളവരെ എല്ലാം പരിശോധനക്ക് വിധേയമാക്കി പോസിറ്റീവായവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി ക്വാറന്റയ്നില്‍ തടഞ്ഞുവെക്കുക എന്നത് അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അര്‍ഥമില്ലാത്ത പ്രചരണ പരിപാടികള്‍ക്ക് അമിതമായ ഉത്സാഹം കാണിക്കുന്നവര്‍ ഇക്കാര്യത്തില്‍ യാതൊരു താല്‍പര്യവുമെടുക്കാത്തത് ദുരൂഹമാണ്. ഇന്ത്യയില്‍ നിന്നു ഭിന്നമായി അമേരിക്കയില്‍ ട്രംപ് അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. ട്രംപിന്റെ ജനപിന്തുണ വളരെയധികം നഷ്ടപ്പെട്ടതായി സര്‍വേകള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടാവാം ചിലതെല്ലാം ചെയ്തു എന്ന് വരുത്തിത്തീര്‍ക്കാന്‍ വൈകിയ വേളയില്‍ ട്രംപ് തയ്യാറായത്. പക്ഷേ, അമേരിക്ക ആദ്യത്തെ അനാസ്ഥയുടെ വലിയ വിലയൊടുക്കാന്‍ പോവുകയാണെന്ന് വിദഗ്ധര്‍ പറയുന്നു.

ഫാസിസം ജനങ്ങളെയല്ല രാജ്യത്തെയാണ് പ്രഥമമായി പരിഗണിക്കുന്നത്. നവലിബറലിസം സമ്പത്തിനാണ് ഒന്നാം സ്ഥാനം നല്‍കുന്നത്. അതുകൊണ്ടു തന്നെയാണ് ഈ ആശയങ്ങളെ പുല്‍കി നില്‍ക്കുന്ന രണ്ട് രാജ്യങ്ങളും ജനങ്ങളുടെ ജീവന് വില കല്‍പിക്കാത്തത്.

രണ്ടാം ലോകയുദ്ധമാണ് ലോകത്ത് ഇതിനു മുമ്പ് നിര്‍ണായക മാറ്റങ്ങളുണ്ടാക്കിയ സംഭവം. അമ്പതോളം ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങള്‍ സ്വാതന്ത്ര്യം നേടി എന്നതാണ് അതില്‍ ഏറ്റവും പ്രധാനമായത്. അവയുടെ കോളനി മേലാളന്‍മാരായിരുന്ന ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ യുദ്ധത്തില്‍ നട്ടെല്ലൊടിഞ്ഞ് നേരെ നില്‍ക്കാന്‍ വയ്യാത്തവരായി മാറി എന്നതായിരുന്നു ഈ സ്വാതന്ത്ര്യ ദാനത്തിന്റെ പ്രധാന കാരണം.
ജനാധിപത്യം, മതേതരത്വം, സമത്വം, സാഹോദര്യം തുടങ്ങിയ ആദര്‍ശങ്ങളുടെ അടിത്തറകളില്‍ വിമോചിത കോളനികളിലും യജമാന രാജ്യങ്ങളിലും ഒരുപോലെ ഭരണഘടനകളും ഭരണകൂടങ്ങളും നിലവില്‍ വന്നു. അനേകം ആഗോള കൂട്ടായ്മകള്‍ നിലവില്‍ വന്നതും ഇക്കാലത്താണ്. അല്‍പ കാലം ആദര്‍ശങ്ങളും മൂല്യങ്ങളും വിജയിക്കുമെന്ന തോന്നലുണ്ടാക്കാന്‍ സാധിച്ചു. താമസിയാതെ റഷ്യയും അമേരിക്കയും തമ്മില്‍ തുടങ്ങിയ ശാക്തിക വടംവലികളും ശീതയുദ്ധവും അനേകം രാജ്യങ്ങളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചു.

കോവിഡാനന്തര ആഗോള രാഷ്ട്രീയം വലിയ മാറ്റങ്ങള്‍ക്കു വിധേയമായിരിക്കുമെന്ന് പറയാന്‍ നിലവിലെ സാഹചര്യത്തില്‍ വേണ്ടത്ര തെളിവുകളില്ല. വേഗത്തില്‍ രോഗമുക്തി നേടിയ ചൈന 85 രാജ്യങ്ങളിലേക്കാണ് രോഗ പ്രതിരോധ സാമഗ്രികള്‍ കയറ്റി അയച്ചത്. ഇതേസമയം അമേരിക്ക സഹായങ്ങള്‍ക്കു വേണ്ടി മറ്റു രാജ്യങ്ങള്‍ക്കു പിന്നാലെ നടക്കുകയാണ് എന്നോര്‍ക്കുക. അമേരിക്കക്കു പകരം ചൈന ലോകരക്ഷക സ്ഥാനത്തേക്ക് ഉയരാന്‍ ശ്രമിക്കുന്നു എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായി ആഗോള ശാക്തിക സമവാക്യങ്ങളില്‍ വല്ല മാറ്റവുമുണ്ടാവുമെങ്കില്‍ അത് നല്ല കാര്യം.

കോവിഡ് ബാധയുടെ പാര്‍ശ്വഫലമായി പരിസ്ഥിതി നശീകരണത്തിന് വേഗം കുറഞ്ഞതില്‍ സന്തോഷം പ്രകടിപ്പിക്കുന്ന നൂറു കണക്കിന് ലേഖനങ്ങളാണ് ഇതിനകം തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്.
ചൂഷണത്തിന്റെയും വെട്ടിപ്പിടിക്കലിന്റെയും രാഷ്ട്രീയവും സാമ്പത്തികതയും അവസാനിക്കുന്നില്ല എങ്കില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലോകം പഴയ പോലെ കരിമ്പുകയില്‍ ആവരണം ചെയ്യപ്പെടും. ഒന്നുകില്‍ കോവിഡ് ബാധിച്ച് ഇപ്പോള്‍ വേഗം മരിക്കാം. അല്ലെങ്കില്‍ പരിസ്ഥിതിനാശങ്ങളില്‍ പെട്ട് ഇഞ്ചിഞ്ചായി പിന്നീട് മരിക്കാം. ഇതിലൊന്നു തെരഞ്ഞെടുക്കാനുള്ള വിധിയില്‍ മാറ്റം പ്രതീക്ഷിക്കാനാവുന്നില്ല. സര്‍ക്കാരുകളുടെ ഉത്തേജക പാക്കേജുകളുടെയും ഏറ്റെടുക്കലുകളുടെയും ഫലമായി കോവിഡ് ബാധയേറ്റ് നടുവൊടിഞ്ഞു കിടക്കുന്ന കോര്‍പറേറ്റ് ലോകം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പിടഞ്ഞെണീക്കും. പൊതുമേഖലക്കെതിരിലുള്ള പ്രചാരണങ്ങള്‍ പുനരാരംഭിക്കും. സോഷ്യല്‍ മീഡിയാ കാലത്ത് ഒന്നുകില്‍ പ്രചാരണങ്ങളില്‍ വീഴുക. അല്ലെങ്കില്‍ ആശയക്കുഴപ്പത്തിലാവുക. ഇതാണ് ജനസാമാന്യത്തിന്റെ പൊതു സ്വഭാവം. അതിവേഗം പഴയ ഉല്‍പാദന മത്സരങ്ങള്‍ ആരംഭിക്കും. കോവിഡ് കാലത്ത് നഷ്ടപ്പെട്ടത് കൂടി പലിശയടക്കം തിരിച്ചെടുക്കും, പരിസ്ഥിതി വിനാശങ്ങള്‍ തുടരും.

വീറ്റോ പവര്‍ നല്‍കി ഏതാനും രാജ്യങ്ങള്‍ക്ക് എക്കാലത്തും അപ്രമാദിത്വം നല്‍കുന്ന ഐക്യരാഷ്ട്രസഭയുടെ അനീതി നിറഞ്ഞ ഘടന പൊളിച്ചെഴുതപ്പെടുമോ? ഇസ്ലാമോഫോബിയക്കും അതിന്റെ പേരില്‍ വിതക്കുന്ന അസ്വസ്ഥതകള്‍ക്കും വല്ല മാറ്റവുമുണ്ടാവുമോ? ലോകത്തിന്റെ കണ്ണീര്‍ക്കണമായി തുടരുന്ന ഫലസ്തീന്‍ ജനതക്ക് ഇനിയെങ്കിലും സമാധാനമായി അന്തിയുറങ്ങാനാവുമോ? ഏഷ്യനാഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ ചൂഷണം ചെയ്യുന്ന അമേരിക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പാരമ്പര്യത്തിന് അറുതിയുണ്ടാവുമോ? ലോക രാഷ്ട്രീയ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവരുടെ ഉള്ളില്‍ ആദ്യമായി ഉയരുന്നവയാണ് ഈ ചോദ്യങ്ങള്‍. കോവിഡാനന്തര ലോകം ഇതിനെല്ലാം ഉത്തരം നല്‍കുമെന്ന് കരുതാനാവുന്ന സൂചനകളൊന്നും കാണുന്നില്ല.

ഇന്ത്യയില്‍ കോവിഡ് മഹാമാരിയില്‍ സി.എ.എ, എന്‍.ആര്‍.സി സമരങ്ങള്‍ മുങ്ങിപ്പോയതില്‍ ആശ്വാസം കൊള്ളുകയാണ് കേന്ദ്ര സര്‍ക്കാരും സംഘ്പരിവാറും എന്ന് കരുതേണ്ടിയിരിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കും മുമ്പേ കോടതി വിധിയുണ്ടാക്കി പൗരത്വ ഭേദഗതി നിയമത്തിനു മുന്നിലെ തടസ്സങ്ങളെല്ലാം നീക്കാനും ശ്രമമുണ്ടായേക്കാം. ശാന്തമായി മുന്നോട്ടു പോയിരുന്ന രാജ്യത്തിന്റെ അധികാരം വിദ്വേഷ പ്രചാരണങ്ങളുടെ നീചമാര്‍ഗങ്ങളിലൂടെ പിടിച്ചെടുത്തവര്‍ അതിനെ കാറ്റിലും കോളിലുമകപ്പെടുത്തിയിരിക്കുകയാണ്. ഇനി ഇവരുടെ പ്രവര്‍ത്തനങ്ങളുടെ തന്നെ ഫലമായി അത് തകര്‍ന്നു മുങ്ങുമ്പോള്‍ തങ്ങളുദ്ദേശിക്കുന്ന നിറവും ചിഹ്നങ്ങളും അതിലുണ്ടായിരിക്കണമെന്നേ സംഘ്പരിവാറിനാഗ്രഹമുള്ളു. ശാന്തിയും സ്നേഹവും മൂല്യങ്ങളും വിളയാടുന്ന സുന്ദര രാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ അവരാഗ്രഹിച്ചിട്ടേയില്ല. നമ്മുടെ ഉള്ളിലെ വിദ്വേഷങ്ങളും വിഭാഗീയതകളും പഴയതുപോലെ തുടരവെ എങ്ങിനെയാണ് നമ്മുടെ ലോകം മാറുക. മഹാമാരിയുടെ മുന്നിലെ നിസ്സഹായതയും നടുക്കവും നമ്മെ ഏതെങ്കിലും വിധത്തില്‍ മാറ്റുന്നതിന് പര്യാപ്തമാവുന്നുണ്ടോ? രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നവര്‍ ആ വിധത്തിലുള്ള വല്ല ചിന്തകളും അനുയായികള്‍ക്കും രാജ്യത്തിനാകെയും നല്‍കുന്നുണ്ടോ? കോവിഡ് നിസ്സാരമായതെങ്കിലും വല്ല പാഠവും പഠിപ്പിച്ചിരുന്നെങ്കില്‍ ഇവര്‍ ആദ്യം വിഭാഗീയതയുടെയും അസമത്വത്തിന്റെയും അനീതിയുടെയും നിയമമായ സി.എ.എ പിന്‍വലിക്കുമായിരുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757