featuredOpinion

കൊറോണക്കാലത്തെ പൗരാവകാശ ധ്വംസനങ്ങള്‍  – ഡോ. താജ് ആലുവ

 

കൊറോണ ഉണ്ടാക്കിത്തീര്‍ത്ത അടിയന്തിര സാഹചര്യത്തെ മുന്‍നിര്‍ത്തി ലോകമെങ്ങും സര്‍ക്കാറുകള്‍ പ്രഖ്യാപിച്ചിട്ടുള്ള കര്‍ശന നടപടികള്‍ കടുത്ത പൗരാവകാശലംഘനങ്ങള്‍ക്ക് വഴിവെക്കുന്നുവെന്ന വിമര്‍ശനം ദിനേനയെന്നോണം കൂടി വരികയാണ്. പൗരന്‍മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഫോണ്‍ ചോര്‍ത്തല്‍ മുതല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന്റെ പേരില്‍ കര്‍ഫ്യൂ നടപ്പാക്കാന്‍ പട്ടാളത്തെ ഉപയോഗിക്കുകയും അനുസരിക്കാത്തവരെ വെടിവെക്കാനുത്തരവിടുന്നിടത്തോളം ആത്യന്തിക നടപടികളാണ് ഭരണകൂടങ്ങള്‍ സ്വീകരിക്കുന്നത്.

വൈറസ് പടരാതിരിക്കാന്‍, ആര്‍ക്കൊക്കെയാണത് ബാധിച്ചതെന്നറിയാന്‍ വേണ്ടിയെന്ന തികച്ചും ന്യായമായ ആവശ്യത്തെ മുന്‍നിര്‍ത്തിയാണ് പൗരന്‍മാരുടെ ഫോണിലേക്ക് ഭരണകൂടങ്ങള്‍ ആദ്യമായി നുഴഞ്ഞ് കയറിയത്. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ പൗരന്‍മാരുടെ ഫോണ്‍ ലൊക്കേഷന്‍ അറിയാന്‍ സാധിക്കുന്ന സോഫ്റ്റ് വെയറുകള്‍, സി.സി.ടിവി ദൃശ്യങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ വ്യാപകമായി ഉപയോഗപ്പെടുത്തിയാണ് ഇത് നിര്‍വഹിക്കുന്നത്. ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന അനിതരസാധാരണമായ സ്ഥിതിവിശേഷം ദുരുപയോഗം ചെയ്താണ് തങ്ങളുടെ കീഴിലുള്ള സകല മാധ്യമങ്ങളും ഉപയോഗപ്പെടുത്തി ഭരണകൂടങ്ങള്‍ ഇപ്പണിക്ക് മുതിരുന്നത്. ചൈന പോലുള്ള രാജ്യങ്ങള്‍ ഫോണ്‍ ട്രാക്കിംഗാണ് ഇതിനേറ്റവും നന്നായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. പൊതുസുരക്ഷക്ക് വേണ്ടി ഇത്തരം സംഗതികള്‍ ചെയ്യാനുള്ള ഭരണകൂടങ്ങളുടെ അവകാശം നിലനില്‍ക്കെത്തന്നെ, വ്യക്തിയുടെ സ്വകാര്യതകളിലേക്ക് എത്രവരെ കടന്നുകയറാമെന്ന ചുവപ്പ് വര പാടെ ലംഘിച്ചുകൊണ്ടാണ് ഈ പ്രക്രിയ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇനിയങ്ങോട്ട് കൊറോണ പ്രതിസന്ധി കടന്നുപോയാലും സര്‍ക്കാരുകള്‍ ഇതൊരു തഞ്ചമായിക്കണ്ട് സകല പൗരാവകാശങ്ങളും ഈ വിഷയത്തില്‍ ലംഘിക്കുമെന്നത് ഉറപ്പായ അവസ്ഥയാണ്.

കൊറോണക്കാലത്തെ നടപടികളെ യുദ്ധകാല സാഹചര്യങ്ങളുമായി തട്ടിച്ചുകൊണ്ടുള്ള സമീപനമാണ് ഇപ്പോള്‍ സര്‍ക്കാറുകള്‍ സ്വീകരിക്കുന്നത്. പക്ഷേ, യുദ്ധവുമായി സാമ്യതയില്ലെങ്കിലും തങ്ങളെടുക്കുന്ന കടുത്ത നടപടികളെ ന്യായീകരിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കുന്നുവെന്നതാണ് ഈ താരതമ്യത്തിലൂടെ അവര്‍ക്ക് ലഭിക്കുന്ന ഗുണം. അതിനുമപ്പുറം ഈ സാഹചര്യത്തിലേര്‍പ്പെടുത്തുന്ന അടിയന്തിര നടപടികള്‍ അവസ്ഥകള്‍ മാറിയാലും തുടരുമെന്നതും പല സമഗ്രാധിപത്യ സര്‍ക്കാറുകളുടെയും ചരിത്രം പറഞ്ഞുതരുന്നുണ്ട്. ചൈനയാണ് മൊബൈല്‍ ഫോണില്‍ കടന്നുകയറി പൗരന്‍മാരുടെ സകല വിവരങ്ങളും ചോര്‍ത്തുന്ന പണിക്ക് ഇത്രയും സംഘടിതരൂപം നല്‍കിയത്. കോവിഡ് നിരീക്ഷിക്കുന്നതിന്റെ മറവില്‍ എല്ലാവരുടെയും സ്വകാര്യതയിലേക്ക് കടന്ന് കയറി ഓരോരുത്തരുടെയും ഐഡന്റിറ്റിയും എവിടെയൊക്കെ അവര്‍ പോകാറുണ്ടെന്നും സുഹൃത്തുക്കളുടെ പേരുകളും പ്രത്യേക സന്ദര്‍ഭങ്ങളില്‍ അവരെങ്ങിനെ പെരുമാറുന്നുവെന്നതടക്കമുള്ള ധാരാളം വിവരങ്ങള്‍ ചൈനീസ് അധികൃതര്‍ ചോര്‍ത്തിയെടുത്തു. വളരെ സങ്കീര്‍ണവും അത്യാധുനികവുമായ സാങ്കേതികവിദ്യയാണവര്‍ അതിനുപയോഗപ്പെടുത്തിയത്. എന്നുമാത്രമല്ല, പൗരന്‍മാര്‍ എവിടെ പോകണം, ആരൊക്കെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഉപയോഗിക്കണം, സ്‌കൂളില്‍ ആരൊക്കെ പോകണം തുടങ്ങിയ സംഗതികള്‍ തീരുമാനിക്കുന്നതിന് പൗരന്‍മാരുടെ അതിസ്വകാര്യമായ വിവരങ്ങളില്‍ വരെ ചൈനീസ് അധികൃതര്‍ കടന്നുകയറി. ഐറിസ് സ്‌കാന്‍ ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങളുപയോഗപ്പെടുത്തി നേരത്തെ തന്നെ ശേഖരിച്ച വ്യക്തിഗത വിവരങ്ങളോടൊപ്പം ആരോഗ്യ വിവരങ്ങളും മറ്റുപല സ്വകാര്യവിവരങ്ങളുംചേര്‍ത്ത് ആരോഗ്യവകുപ്പും പൊലീസും ഉപയോഗപ്പെടുത്തുകയായിരുന്നു. എന്നാല്‍, കോവിഡ് പ്രതിരോധത്തിന് വേണ്ടി ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്ന ഇത്തരം വിവരങ്ങള്‍ ഇനിയങ്ങോട്ട് രാഷ്ട്രീയ പ്രകടനങ്ങളെയും മതപരമായ കൂടിച്ചേരലുകളെയും നിയന്ത്രിക്കാനുള്ള സാധ്യത ഏറെയാണെന്ന് പ്രൈവസി ഇന്റര്‍നാഷനലിന്റെ സ്റ്റ്രാറ്റജി ഡയറക്ടറായ അലസാന്ദ്ര കോര്‍ബിയണ്‍ പറയുന്നു.

ദക്ഷിണ കൊറിയ കൊറോണക്കാലത്ത് തങ്ങളുടെ പൗരന്‍മാരോട് പെരുമാറിയത് വ്യത്യസ്തരൂപത്തിലായിരുന്നു. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജില്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ. ജുംഗ് വോന്‍ സണ്‍ ഈയടുത്ത് നാട്ടില്‍ പോയപ്പോള്‍ കൊറിയന്‍ അധികൃതര്‍ ആദ്യം ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാണ്. എല്ലാ ദിവസവും ഈ ആപ്പിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങള്‍ അവര്‍ ചോദിച്ചറിഞ്ഞുകൊണ്ടിരുന്നു. പനിയുണ്ടോ, ശ്വാസ തടസ്സമുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് പ്രധാനമായും വന്നുകൊണ്ടിരുന്നത്. കൊറോണയുടെ എന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍ നടപടിയെടുക്കലായിരുന്നു അതിന്റെ ലക്ഷ്യം. എന്ന് മാത്രമല്ല, ഈ ആപ്പുപയോഗിച്ച് അദ്ദേഹം അനുമതി കൂടാതെ വീടുവിട്ടു പോകുന്നുണ്ടോയെന്നതും അധികൃതര്‍ നിരീക്ഷിച്ചു. അങ്ങിനെ പോകുന്നവര്‍ക്ക് പതിനായിരം ഡോളറാണ് പിഴയായി അധികൃതര്‍ നിശ്ചയിച്ചിട്ടുള്ളത്. ഒരാള്‍ക്ക് കൊറോണ ബാധയുണ്ടെന്ന് തെളിഞ്ഞാല്‍ അയാളുടെ വിവരങ്ങള്‍ ഉടന്‍തന്നെ ആപ്പില്‍ ചേര്‍ക്കുകയും അത് കേന്ദ്ര ഗവണ്‍മെന്റിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ പിന്നെ അയാളുടെ സകല നീക്കങ്ങളും എല്ലാവര്‍ക്കും അറിയാന്‍ സാധിക്കുന്ന അവസ്ഥയിലേക്കാണതെത്തിച്ചത്.

ഇസ്രായേലിലെ സ്ഥിതി മറ്റൊന്നായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും അതുവഴി മുഴുവന്‍ വ്യക്തികളുടെയും ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ ഗവണ്‍മെന്റ് കൈക്കലാക്കുകയും ചെയ്തു. വൈറസ് ബാധ തിരഞ്ഞ് വീടുകളില്‍ ഗവണ്‍മെന്റിന്റെ ആളുകള്‍ എത്തിച്ചേരുന്ന അവസ്ഥയിലേക്കാണിതെത്തിയത്. എമിഗ്രേഷന്‍ അധികൃതരുടെയും മൊബൈല്‍ കമ്പനികളുടെയും പക്കലുള്ള വിവരങ്ങള്‍ പരസ്പരം ചേര്‍ത്ത് വെച്ചാണ് വ്യക്തികളെ ട്രാക്ക് ചെയ്യാന്‍ അധികൃതര്‍ സൗകര്യമൊരുക്കിയത്.

ഇറ്റലിയിലും മൊബൈല്‍ വിവരങ്ങളുപയോഗിച്ചാണ് ആളുകള്‍ ലോക്ക് ഡൗണ്‍ ലംഘിക്കുന്നുണ്ടോയെന്നറിയാന്‍ സൗകര്യമൊരുക്കിയത്. സിംഗപ്പൂരിലും രോഗം ബാധിച്ചവരുടെ സകല വിവരങ്ങളും അധികൃതര്‍ പുറത്ത് വിട്ട് അവര്‍ ആരൊക്കെയുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നറിയാനുള്ള ശ്രമമായിരുന്നു അധികൃതര്‍ നടത്തിയത്. അമേരിക്കയില്‍, ഫേസ്ബുക്ക് പോലുള്ള വന്‍ ടെക്നോളജി കമ്പനികളെ കൂട്ടുപിടിച്ചാണ് വ്യക്തികളുടെ സഞ്ചാരഗതിയറിയാന്‍ അധികൃതര്‍ തുനിഞ്ഞത്. പൗരന്‍മാരുടെ സ്വകാര്യതയിലേക്കുള്ള ഈ അനധികൃത കടന്നുകയറ്റം അമേരിക്കന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചയാവുകയും ചെയ്തു. യുദ്ധസമാനമാണ് രാജ്യങ്ങളുടെ സ്ഥിതിയെന്ന് സര്‍ക്കാറുകള്‍ പ്രഖ്യാപിക്കുമ്പോഴും യുദ്ധത്തില്‍ പോലും അനിയന്ത്രിതമായി ഇങ്ങിനെ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറാന്‍ അധികൃതര്‍ക്ക് അവകാശമില്ലെന്ന് അലസാന്ദ്ര പറയുന്നു. അതിന് ജനീവ കരാറുകള്‍ പോലെ നിയതമായ ചട്ടങ്ങളുണ്ട്. ഇവിടെ പക്ഷേ, എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് ഗവണ്‍മെന്റുകള്‍ നീങ്ങുന്നത്. എന്നാല്‍, ഇതൊരു യുദ്ധസമാനമായ സാഹചര്യമല്ലെന്നതാണ് വാസ്തവം.

അധികൃതര്‍ മാത്രമല്ല, സ്വകാര്യ ഏജന്‍സികളും പലതരം സോഫ്റ്റ് വെയറുകളും ആപ്പുകളും പുതുതായി പരീക്ഷിച്ച് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇതൊരടിയന്തിരാവസ്ഥയാണെന്ന് മനസ്സിലാക്കി ആളുകള്‍ സ്വതവേ തന്നെ ഇത്തരം വിവരങ്ങള്‍ നല്‍കാന്‍ സന്നദ്ധത കാണിക്കുന്നുവെന്ന് മാത്രമല്ല മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുന്ന അവസ്ഥയുമുണ്ട്. എന്നാല്‍, ഈ സാഹചര്യങ്ങള്‍ മാറിയതിനു ശേഷമുള്ള അവസ്ഥയെക്കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്. പലപ്പോഴും രാഷ്ട്രീയ നേതൃത്വത്തിന് ഇതൊരവസരമാണ്. സാധാരണ സമാന സന്ദര്‍ഭത്തില്‍ എടുക്കാന്‍ മടിക്കുന്ന പല നടപടികളും ഗവണ്‍മെന്റുകള്‍ ഇപ്പോളെടുക്കുന്നത് പലതരം സൂചനകള്‍ നല്‍കുന്നുണ്ട്. ചരിത്രം പറയുന്നത് ഈ നടപടികള്‍ പിന്‍വലിക്കാന്‍ ഗവണ്‍മെന്റുകള്‍ മടി കാണിക്കുമെന്നാണ്. പലപ്പോഴും ചെറിയ ഇടവേളക്ക് വേണ്ടി എടുത്ത ഇത്തരം നടപടികള്‍ ഏറെക്കാലം തുടര്‍ന്നുവെന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. 2001 സെപ്തംബര്‍ 11-ലെ ഭീകരാക്രമണത്തിന്റെ സന്ദര്‍ഭത്തില്‍ അമേരിക്ക താല്‍ക്കാലികമായെടുത്ത പല നടപടികളും 19 വര്‍ഷം പിന്നിട്ടിട്ടും പിന്‍വലിച്ചിട്ടില്ല. ദേശസുരക്ഷാകാരണങ്ങളാകുമ്പോള്‍ ജനങ്ങളെതിര്‍ക്കാന്‍ മടിക്കുകയും പിന്നീടത് പതിവാകുകയും ചെയ്യും. അവസാനം ഇത്തരം നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ടാക്കിയ കാരണങ്ങള്‍ നീങ്ങിയാലും കടുത്ത നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയും അത് ഭരണകൂടങ്ങള്‍ക്ക് സൗകര്യമാവുകയും ചെയ്യും.

2016-ലെ റിയോ ഒളിമ്പിക്സ് സമയത്ത് പൊതുസുരക്ഷക്കായി ബ്രസീല്‍ ഏര്‍പ്പെടുത്തിയ പല താല്‍ക്കാലിക നടപടികളും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. റിയോഡി ജനീറോയും പരിസരപ്രദേശങ്ങളും മുഴുവനായിത്തന്നെ ക്യാമറയുടെ പിടിയിലാണ്. പൗരന്‍മാരെ അകാരണമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും സമഗ്രാധിപത്യ സ്വഭാവത്തില്‍ ഗവണ്‍മെന്റ് അതുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍, വൈപരീത്യമെന്ന് പറയട്ടെ, ലോകത്ത് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടക്കുകയും മയക്കുമരുന്ന്-അധോലോക മാഫിയകള്‍ വിഹരിക്കുകയും ചെയ്യുന്ന നഗരങ്ങളിലൊന്നും റിയോഡീ ജനീറോയാണെന്നത് കൗതുകകരമാണ്. കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ ക്യാമറകള്‍ ഉപകരിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം, മറിച്ച് പൗരന്‍മാരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാനും അവരുടെ മൗലികാവകാശങ്ങളെ ലംഘിക്കാനും മാത്രമേ അതുപകരിച്ചുള്ളൂ. ഈ കോവിഡ് കാലത്തെടുക്കുന്ന പല നടപടികളെക്കുറിച്ചും അങ്ങിനെയാണ് മനസ്സിലാക്കേണ്ടത്. പ്രത്യേകിച്ച് സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ക്ക് സൗകര്യമായിത്തീരുന്ന ഇത്തരം നടപടികളില്‍ പലതും നീണ്ട കാലത്തേക്ക് അതിശക്തമായി തുടരാനുള്ളത് തന്നെയാണ്. കോവിഡ് തീരുമ്പോഴേക്കും നല്ലൊരു വിഭാഗം രാജ്യങ്ങളില്‍ സ്വകാര്യത എന്നൊന്നുണ്ടാകാത്ത രൂപത്തില്‍ ഭരണകൂടം അതില്‍ കൈകടത്തിയിട്ടുണ്ടാകും. അത് ജനാധിപത്യ-പൗരാവകാശ മൂല്യങ്ങള്‍ക്ക് വില കല്‍പിക്കുന്ന സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാകും.

ഇന്ത്യയിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച രീതി ഭരണകൂടം സമഗ്രാധിപത്യ സ്വഭാവം കൈക്കൊണ്ടതിന്റെ മകുടോദാഹരണമാണ്. കേവലം നാലു മണിക്കൂര്‍ മാത്രം നല്‍കിക്കൊണ്ട് 21 ദിവസത്തേക്ക് രാജ്യത്തെ മൊത്തം അടച്ചിടുമ്പോള്‍ അതിനിരയായേക്കാവുന്ന സാധാരണ മനുഷ്യരെ തീരെ പരിഗണിച്ചില്ലായെന്നതാണ് വാസ്തവം. അന്തര്‍ സംസ്ഥാന ഗതാഗതം പെട്ടെന്ന് നിലച്ചതും കര്‍ഫ്യൂ ലംഘനം നേരിടാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതും ദുരിതപ്പെയ്ത്തായാണ് നിത്യേന തൊഴിലെടുത്ത് ജീവിക്കുന്ന മനുഷ്യര്‍ക്കനുഭവപ്പെട്ടത്. ഉന്നത-മധ്യവര്‍ഗങ്ങളെ മാത്രം പരിഗണിച്ചുകൊണ്ട് മാത്രം നടപടികളെടുക്കാന്‍ ഭരണകൂടം തയ്യാറായി എന്നതുമാത്രമല്ല, സാധാരണജനങ്ങളുടെ എല്ലാ ദുരിതങ്ങളെയും അവഗണിച്ചുകൊണ്ട് ആ നടപടികളെ വാതോരാതെ പ്രകീര്‍ത്തിക്കാന്‍ മീഡിയ മല്‍സരിച്ചുവെന്നതും ശ്രദ്ധേയമാണ്. പൊലീസിന് നല്‍കിയ അമിതാധികാരങ്ങളുടെ സാമ്പിളുകള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നുനടന്നത് ഓര്‍ക്കുമല്ലോ. കേരളത്തിലെ കണ്ണൂരില്‍ വരെ നിയമലംഘനം തടയാനെന്ന പേരില്‍ ഏത്തമിടുവിച്ചതും മറ്റും വരാനിരിക്കുന്ന അമിതാധികാര പ്രയോഗങ്ങളുടെ ഉദാഹരണങ്ങളാണ്. അതിനേക്കാളുമൊക്കെ ലജ്ജാകരമായ, അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇന്ത്യയുടെ മാനം കെടുത്തിയ ഒരു കാഴ്ച ഉത്തര്‍പ്രദേശില്‍ നിന്ന് വരികയുണ്ടായി. കെട്ടിട-റോഡ് നിര്‍മാണത്തൊഴിലാളികളെ വഴിയരികില്‍ കൂട്ടമായിരുത്തി, സാനിറ്റൈസ് ചെയ്യാനെന്ന പേരില്‍ തലയടക്കം മരുന്ന് സ്പ്രേ ചെയ്യുന്ന മൃഗീയമായ രീതി ഇന്ത്യയില്‍ നിന്ന് മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുള്ളൂ.

ഫിലിപൈന്‍സില്‍ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂറ്റെര്‍റ്റെ കര്‍ഫ്യൂ ലംഘകരെ വെടിവെക്കാനുത്തരവിട്ടത് വന്‍വാര്‍ത്തയായപ്പോള്‍ റഷ്യയില്‍ പ്രഡിസന്റ് പുട്ടിന്‍ പറഞ്ഞത് 15 ദിവസം വീട്ടിലിരുന്നില്ലെങ്കില്‍ 15 വര്‍ഷം തടങ്കലിലിരുന്നോളാനാണ്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ എല്ലാ ശബ്ദങ്ങളും മൂടിക്കെട്ടി സ്വേഛാപരമായി പ്രവര്‍ത്തിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് മൗനാനുവാദം ലഭിച്ച സന്ദര്‍ഭമാണ് കോവിഡ്-19. കെനിയയില്‍ കര്‍ഫ്യൂ സമയത്ത് ബാല്‍ക്കണിയില്‍ നിന്ന 15-കാരനെ പോലീസ് വെടിവെച്ചുകൊന്നുവെന്നത് സംഗതിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയില്‍ പട്ടാളം കര്‍ഫ്യൂ നടപ്പാക്കാനിറങ്ങിയപ്പോള്‍ അവിടത്തുകാര്‍ക്ക് ഓര്‍മവന്നത് വംശവെറിയുടെ കാലത്തെ അടിയന്തിരാവസ്ഥയായിരുന്നുവെന്നത് യാദൃശ്ചികമല്ല. കോവിഡ് കാലം കഴിഞ്ഞ് വരാനിരിക്കുന്ന സാമ്പത്തികാവസ്ഥയെയും കരുതിയിരിക്കേണ്ടതുണ്ട്. പല രാജ്യങ്ങളും സാമ്പത്തികാടിയന്തിരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതേറ്റവും വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നത് അമേരിക്കയിലാണെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു. വലിയ തോതില്‍ ആളുകളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതും തൊഴിലില്ലായ്മ ആനുകൂല്യത്തിന് ആളുകള്‍ കൂട്ടം കൂട്ടമായി അപേക്ഷിക്കുന്നതും ഓരോ ദിവസവും അവിടെ കൂടി വരികയാണ്. ഇന്ത്യയിലും സ്ഥിതി വളരെ മോശമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നു. മോദി ഭരണകൂടത്തിന്റെ പിടിപ്പുകേട് കാരണം നേരത്തെ തന്നെ മോശമായ സാമ്പത്തികാവസ്ഥയെ ഇനി കോവിഡിനെ പഴിചാരി കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചുരുക്കത്തില്‍, കോവിഡാനന്തര ലോകം കാത്തിരിക്കുന്നത് മാറിയ രാഷ്ട്രീയ-ജനാധിപത്യ-പൗരാവകാശ അവസ്ഥകളെയാണ്. മിക്കവാറും എല്ലാ സമഗ്രാധിപത്യ ഭരണകൂടങ്ങളും കടുത്ത നടപടികള്‍ തുടരാന്‍ തയ്യാറെടുത്ത് നില്‍ക്കുമ്പോള്‍ അതിനെ അതീവ ജാഗ്രതയോടെ തന്നെ നവസാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടിവരുമെന്നത് നിശ്ചയം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757