zero hour

ചെല്ലാനത്തെ തീരശോഷണവും സര്‍ക്കാരിന്റെ നിസ്സംഗതയും – ചെല്ലാനം ജനകീയ വേദി

 

കേരള സര്‍ക്കാര്‍ ‘തീരശോഷണം’ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. കേരള സര്‍ക്കാരിന്റെ സംസ്ഥാന ദുരന്ത നിവാരണ പദ്ധതിയനുസരിച്ച് തീരശോഷണ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ചെല്ലാനം. എന്നിട്ടുപോലും ഈ ദുരന്ത ഭീഷണി നേരിടാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് തീര്‍ത്തും കുറ്റകരമാണ്.

എറണാകുളം ജില്ലയുടെ തെക്കുപടിഞ്ഞാറെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ചെല്ലാനം എന്ന തീരഗ്രാമം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതിജീവനത്തിനായുള്ള വലിയൊരു പോരാട്ടത്തിലാണ്. പടിഞ്ഞാറ് അറബിക്കടലും, കിഴക്കു വേമ്പനാട്ടു കായലും അതിരിടുന്ന ഈ മനോഹരമായ തീരഗ്രാമത്തിന്റെ നിലനില്‍പ്പ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആവര്‍ത്തിക്കുന്ന കടല്‍കയറ്റം മൂലം അപകടത്തിലാണ്. സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന കടല്‍ഭിത്തി പലയിടങ്ങളിലും പൂര്‍ണമായും തകര്‍ന്നു പോയിരിക്കുന്നു. (ഏകദേശം 1.100 കിലോമീറ്ററിലധികം നീളത്തില്‍ നിലവില്‍ കടല്‍ഭിത്തി തകര്‍ന്നിട്ടുണ്ട്.) അതിലുമധികം നീളത്തില്‍ ഇനിയൊരു കടല്‍കയറ്റം താങ്ങാന്‍ കഴിയാത്തവിധം കടല്‍ഭിത്തി ദുര്‍ബലമായിട്ടുണ്ട്. കലിതുള്ളുന്ന കടല്‍തിരയുടെ ക്ഷോഭത്തില്‍ നിന്നും സംരക്ഷണമേകാന്‍ സ്ഥാപിച്ചിരുന്ന പുലിമുട്ടുകള്‍ കടലില്‍ താഴ്ന്നുപോയിട്ടു വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. കൃത്യസമയത്ത് കടല്‍ഭിത്തിയും പുലിമുട്ടുകളും അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതാണ് അവയുടെ തകര്‍ച്ചക്ക് ആധാരമായ കാരണങ്ങളില്‍ ഒന്ന്. മറ്റൊന്ന് അശാസ്ത്രീയമായ ഹാര്‍ബര്‍ നിര്‍മാണമാണ്. മഹാഭൂരിപക്ഷവും ഉപജീവനത്തിനായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന ചെല്ലാനത്തിന്റെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഹാര്‍ബര്‍ നിര്‍മിക്കുക എന്നത്. എന്നാല്‍, ആ ആവശ്യം നടപ്പിലാക്കുമ്പോള്‍ ഹാര്‍ബര്‍ നിര്‍മാണം കൊണ്ട് ഉണ്ടാകാവുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ എന്തൊക്കെയാണെന്നു പഠിക്കാനും അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറായില്ല. ഹാര്‍ബര്‍ നിര്‍മിച്ചാല്‍ അതിന്റെ വടക്കോട്ടുള്ള ഭാഗങ്ങളില്‍ കടല്‍കയറ്റം രൂക്ഷമാകുമെന്ന് ഈ പ്രദേശത്തെ കടലിനെ അറിയാവുന്ന സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഈ മുന്നറിയിപ്പ് അവഗണിച്ചു. ഹാര്‍ബര്‍ നിര്‍മാണത്തിന് ശേഷമാണ് കടല്‍കയറ്റം ശക്തമായതും കൂടുതല്‍ ഇടങ്ങളില്‍, അതും മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാണിച്ചത് പോലെ തന്നെ, ഹാര്‍ബറിന് വടക്കുള്ള ഭാഗങ്ങളില്‍ കടല്‍ഭിത്തിയുടെ തകര്‍ച്ച രൂക്ഷമായതും.

ഇപ്രകാരം തകരുകയും ദുര്‍ബലമാവുകയും ചെയ്ത കടല്‍ഭിത്തി വലിയ സുരക്ഷാഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് 2017-ല്‍ ഓഖി കൊടുങ്കാറ്റ് ചെല്ലാനത്തെ തീരത്ത് ദുരന്തം വിതച്ചത്. ഈ ദുരിതകാലത്ത് രണ്ട് മനുഷ്യജീവനുകള്‍ നഷ്ടമാവുകയും നൂറുകണക്കിന് വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് എല്ലാ വര്‍ഷക്കാലത്തും, കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോഴും രൂക്ഷമായ കടല്‍കയറ്റത്തെയാണ് ചെല്ലാനം നേരിടുന്നത്. 2017-ല്‍ ഓഖി ദുരന്തത്തിന് ശേഷം കടല്‍ഭിത്തി തകര്‍ന്നയിടങ്ങളില്‍ ജിയോ സിന്തറ്റിക്ക് ട്യൂബ് കൊണ്ടുള്ള കടല്‍ഭിത്തിയും രണ്ടിടങ്ങളില്‍ പുലിമുട്ടും നിര്‍മിച്ച് തീരം സംരക്ഷിക്കാമെന്ന് കേരളസര്‍ക്കാര്‍ ചെല്ലാനത്തെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും നാളിതുവരെ ആ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം മൂന്ന് തവണ ഉദ്ഘാടനങ്ങള്‍ നടത്തിയെങ്കിലും പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ല.

കേരളസര്‍ക്കാരിന്റെ ഈ അവഗണനക്കും അനാസ്ഥക്കുമെതിരെ ചെല്ലാനത്തെ ജനങ്ങള്‍ ഇവിടത്തെ വീട്ടമ്മമാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ 150 ദിവസങ്ങളായി അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്തിവരികയാണ്. ചെല്ലാനത്തെ കമ്പനിപ്പടിയില്‍ 2019 ഒക്‌ടോബര്‍ 28 നാണ് യുദ്ധകാലാടിസ്ഥാനത്തില്‍ കടല്‍കയറ്റം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനം ജനകീയവേദി എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ചുകൊണ്ട് സമരമാരംഭിച്ചത്. സമരം ശക്തിപ്പെട്ടതിന്റെ ഭാഗമായി 2020 ഫെബ്രുവരി 20ന് ബസാര്‍ പ്രദേശത്തും രണ്ടാമതൊരു സമരപ്പന്തല്‍ കൂടി ഉയരുകയുണ്ടായി. എന്നാല്‍, ഇതിനിടയിലുണ്ടായ കൊറോണ വ്യാപനവും അതിനെതിരായ നിയന്ത്രണങ്ങളും സമരം തുടര്‍ന്നു നടത്താന്‍ കഴിയാത്ത സ്ഥിതിയിലെത്തിച്ചു. എന്നാല്‍, ചെല്ലാനത്തെ ജനങ്ങള്‍ അവരുടെ നിലനില്‍പ്പിനു വേണ്ടി തുടരുന്ന സമരം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ സാധ്യമല്ലായിരുന്നു. അതിനാല്‍ സമരപ്പന്തലില്‍ ഇരുന്നുള്ള സമരം തല്‍ക്കാലം അവസാനിപ്പിക്കുകയും പകരം അവരവരുടെ വീടുകളില്‍ തന്നെ ഇരുന്നുകൊണ്ട് അനിശ്ചിതകാല റിലേ നിരാഹാര സമരം തുടരാന്‍ തീരുമാനിക്കുകയും ചെയ്തു. ഇന്ന് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയെമ്പാടും ലോക്ഡൗണ്‍ ആയിരിക്കുമ്പോള്‍ അതിനോട് സഹകരിച്ചും മാനിച്ചും ചെല്ലാനത്തെ ജനത അവരുടെ അതിജീവന സമരം തുടരുകയാണ്.

ചെല്ലാനത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ് ഈ സമരം ഉയര്‍ത്തുന്നത്.

കൊറോണ ഭീഷണി അതിജീവിച്ചാലും ഇല്ലെങ്കിലും ചെല്ലാനം വരും നാളുകളില്‍ കടുത്ത ദുരന്തത്തെ നേരിടേണ്ടി വരും എന്ന അവസ്ഥയിലാണുള്ളത്. ചെല്ലാനത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം കൊറോണയെ പോലെ തന്നെ ഭീദിതമായ സാഹചര്യമാണിത്. രണ്ടു മാസം കൂടി കഴിഞ്ഞാല്‍ പിന്നെ വീണ്ടും ഉണ്ടാകാന്‍ പോകുന്ന കടല്‍ ക്ഷോഭത്തെ എങ്ങനെ നേരിടണമെന്ന കടുത്ത ആശങ്കയിലാണ് ചെല്ലാനത്തെ ജനത. അതുകൊണ്ട് സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ നടപടികളുമായി സഹകരിക്കുമ്പോള്‍ തന്നെ കഴിഞ്ഞ 150 ദിവസങ്ങളായി തുടര്‍ന്ന് വരുന്ന സമരം തുടരാന്‍ അവര്‍ തീരുമാനിച്ചത്. കൊറോണയെ നേരിടാന്‍ ശാരീരിക അകലം പാലിക്കേണ്ട സമയത്ത് കടല്‍ക്ഷോഭമുണ്ടായാല്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ഇവിടത്തെ ജനങ്ങള്‍. കൊറോണ, കടല്‍കയറ്റം എന്നീ ഇരട്ട ദുരന്ത ഭീതിയാണ് അവര്‍ നേരിടുന്നത്. ഈ ദുരന്ത ഭീഷണി മുന്നില്‍ കണ്ടുകൊണ്ട് ഈ പ്രദേശത്തെ കടല്‍ഭിത്തി നിര്‍മാണവും കടല്‍കയറ്റ പ്രതിരോധ നടപടികളും അവശ്യ സേവനമായി കണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം. അതിനായി ചെല്ലാനം ജനകീയവേദി നടത്തിവരുന്ന നിരാഹാര സമരത്തോട് ഐക്യപ്പെടാനുള്ള അവസരമായി ഈ വീട്ടിലിരുപ്പ് ദിനങ്ങള്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757