zero hour

കൂത്ത്: മനസ്സിലെ വൈറസും മാറണം – ചാക്യാര്‍

 

ഓരോ നാടിനും അവരര്‍ഹിക്കുന്ന ഭരണാധികാരിയെ മാത്രമാണ് ലഭിക്കുകയെന്നതാണ് നാട്ടുവര്‍ത്തമാനം. ചാക്യാര്‍ അതിനെ ഒന്ന് മറിച്ചിടുകയാണ്. ഏതൊരു ഭരണാധികാരിക്കും അവരര്‍ഹിക്കുന്ന നാടിനെ മാത്രമാണ് കിട്ടുക. ലോകത്തിലെ മിക്കവാറും പ്രമുഖ ഭരണാധികാരികളുടെ ഹൃദയം ഒന്ന് റാപിഡ് ടെസ്റ്റിന് വിധേയമാക്കിനോക്കുക. കുടിപ്പക, വംശീയത, വര്‍ഗീയത, സ്വജനപക്ഷപാതം, പാര്‍ട്ടി ആധിപത്യം തുടങ്ങിയ വൈറസുകള്‍ ആവോളം പരിശോധനയില്‍ കണ്ടെത്താനാകും, തീര്‍ച്ച.

ലോകത്തെ നയിച്ചുകൊണ്ടിരിക്കുന്നുവെന്ന് നാഴികക്ക് നാല്‍പതുവട്ടം അവകാശപ്പെട്ടുപോരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സവിശേഷ ഉദാഹരണമാണ്. വെള്ളക്കാരുടേതായ ഒരു ലോകമാണ് ടിയാന്‍ സ്വപ്നം കാണുന്നത്. കറുത്തവര്‍ഗക്കാരന് വെള്ളക്കാരന്റെ നായയുടെ സ്ഥാനം പോലും വകവെച്ചു നല്‍കുവാന്‍ ട്രംപ് തയ്യാറല്ല. ഭാഷയിലും ശരീരഭാഷയിലും ഭാവഹാവാദികളിലും മേലാളമനോഭാവമാണ്
ടിയാന്‍ പ്രകടിപ്പിച്ചു പോരുന്നത്. കുടിയേറ്റക്കാരാകുന്ന നീചജന്മങ്ങളില്‍ നിന്നും അമേരിക്കയെ രക്ഷിക്കുന്നതിന്റെ ഭാഗമായി മെക്സിക്കന്‍ അതിര്‍ത്തിയില്‍ മൂവായിരത്തോളം കിലോമീറ്റര്‍ മതില്‍ പണിയുന്നതിനുള്ള കോണ്‍ട്രാക്റ്റില്‍ ഒപ്പു ചാര്‍ത്തിയിരിക്കുകയാണ് മാന്യദേഹം. ആറ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവടക്കമുള്ള പ്രസിഡന്റിന്റെ വീരശൂരപരാക്രമങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ടിയാനെ ബാധിച്ച വൈറസ് എത്ര മാരകമാണെന്ന് നമുക്ക് ബോധ്യപ്പെടും.

ട്രംപിന്റെ മികച്ച ചങ്ങാതിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ചങ്കും കരളും ചെയ്തികളും ഒന്നുപോലാകുമ്പോഴാണല്ലോ ചങ്ങാതിമാരായി പരിണമിക്കുക. ചായകുടിയും ചര്‍ച്ചയും സന്ദര്‍ശിക്കലും പരസ്പരം പുകഴ്ത്തലുമൊക്കെ പലപ്പോഴായി പൊടിപൊടിക്കും. മോദി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച ഹൗഡി മോദി പരിപാടി ഏറെ മികച്ചതായിരുന്നുവെന്ന് ചാക്യാര്‍ കേട്ടിരുന്നു. പകരം മോദി ഇന്ത്യയില്‍ ഉടന്‍ തന്നെ നമസ്തേ ട്രംപും സംഘടിപ്പിച്ചു. അഹമ്മദാബാദില്‍ 120 കോടി രൂപയാണ് ഗുജറാത്ത് സര്‍ക്കാര്‍ നമസ്തേ ട്രംപ് പരിപാടിക്കായി ചെലവഴിച്ചത്. അഭിനന്ദന്‍ സമിതി എന്നു വിളിപ്പേരുള്ള മേല്‍വിലാസമില്ലാത്ത സംഘടനയാണ് ഈ സ്വീകരണമാമാങ്കത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍, ഹൗഡി മോദി പരിപാടിക്കാക്കട്ടെ അമേരിക്കന്‍ സര്‍ക്കാറിന്റെ ഖജനാവില്‍ നിന്നും ഒരു രൂപ പോലും ചെലവഴിക്കപ്പെട്ടില്ല. അത് സംഘടിപ്പിച്ചതാകട്ടെ ടെക്സാസ് ഇന്ത്യാ ഫോറം എന്ന ഇന്ത്യക്കാരുടെ സംഘടനയും. കൂട്ടുകാരനാണെങ്കിലും ചെലവിന്റെ കാര്യത്തിലുള്ള ഈ നയതന്ത്രം പാവം മോദിക്കില്ലാതായിപ്പോയി. കൂട്ടുകാരന്‍ വന്നപ്പോള്‍ തലസ്ഥാനത്തുള്ള ചേരികളില്‍ താമസിക്കുന്ന സ്വന്തം ചോരയില്‍പ്പെട്ട പാവപ്പെട്ടവരെ ശകുനങ്ങളായി കണ്ട് അവരെ ട്രംപ് കാണാതിരിക്കാന്‍ മതില്‍ കെട്ടിമറച്ചു നമ്മുടെ പ്രധാനമന്ത്രി. ആ മനസ്സിലും പരിശോധനാവിധേയമാക്കിയാല്‍ വിഷവൈറസുകള്‍ കാണാനാകും.

മോദിയും അമിത്ഷായും കൂടി ചുട്ടെടുത്ത പൗരത്വബില്ലിന്റെ ഡി.എന്‍.എ പരിശോധിച്ചാല്‍ തന്നെ ഇവരുടെ ഉള്ളിലുള്ള വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ബീജങ്ങള്‍ ലഭ്യമാകും. ഇക്കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ രാജ്യത്തുടനീളം പൗരത്വബില്ലിനെതിരായ സമരങ്ങള്‍ നടന്നുവരികയായിരുന്നു. ആ നിയമം വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചതുപോലെ സംഘ്പരിവാറിന്റെ മുസ്ലിം വിരുദ്ധ അജണ്ടയുടെ ഭാഗവുമായിരുന്നു. സമരം കത്തിപ്പടര്‍ന്നപ്പോള്‍ തലസ്ഥാനനഗരിയില്‍ കലാപമഴിച്ചുവിട്ട് പ്രതിരോധിക്കാനാണ് മോദിയും അമിതും ശ്രമിച്ചത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ശാഹീന്‍ബാഗും ജാമിഅ മില്ലിയയുമടക്കമുള്ള സമരസാന്നിധ്യങ്ങളെ അമര്‍ച്ച ചെയ്യാനും ഭരണകൂടത്തിന് കഴിഞ്ഞു. പൗരത്വബില്ലിനെതിരായ സമരങ്ങളില്‍ എന്തുവന്നാലും മുട്ടുമടക്കില്ലായെന്നായിരുന്നു കേന്ദ്രത്തിന്റെ ഭീഷണി. എന്നിട്ടിപ്പോള്‍ എന്തായി എന്ന് ചാക്യാര്‍ ചോദിക്കുന്നത് ശരിയല്ലെങ്കിലും ഇത്തരം ദുരന്തജന്തുക്കളോട് അങ്ങിനെ തന്നെയല്ലാതെ പിന്നെയെങ്ങിനെ പെരുമാറാനാണ്. ഒടുവിലവര്‍ക്ക് കോവിഡ് വേണ്ടി വന്നു, ബില്‍ ഇപ്പോള്‍ നടപ്പാക്കുകയില്ലായെന്ന് പ്രഖ്യാപിക്കാന്‍.

മോദിയോടും ട്രംപിനോടും സമാനമനസ്‌കരായ നേതാക്കളോടും ചാക്യാര്‍ക്ക് ഒന്നേ പറയാനുള്ളൂ. അതാണ് ഇപ്പോള്‍ കോവിഡ് പറഞ്ഞുവരുന്നത്. കോവിഡിന് വെള്ളക്കാരനെന്നോ കറുത്തവര്‍ഗക്കാരനെന്നോ, ഹിന്ദുവെന്നോ, മുസ്ലിമെന്നോ, ജൂതനെന്നോ അറബിയെന്നോ, ഭരണാധികാരിയെന്നോ പ്രജയെന്നോ യാതൊരു വിത്യാസവുമില്ല. മനുഷ്യനാണോ, അവന്‍ കയറിപ്പിടിക്കും. മനുഷ്യവംശത്തെ ഒന്നായിക്കാണുന്നവിധത്തില്‍ നിങ്ങള്‍ കോവിഡിനെ കണ്ടുപഠിക്കുന്നത് നന്നായിരിക്കും.

കോവിഡിന്റെ മറവിലും വര്‍ഗീയവൈറസ് പ്രചരിപ്പിക്കുന്ന പിശാചുക്കളെ കാണുമ്പോള്‍ ചാക്യാര്‍ ഞെട്ടിത്തെറിച്ചുപോവുകയാണ്. തബ്ലീഗ് കോവിഡ് എന്ന ചാപ്പ പുതുതായി ചിലര്‍ ചാര്‍ത്തിക്കഴിഞ്ഞു. ഇന്ത്യയിലെ ചില മാധ്യമങ്ങളുടെയും അതിലെ വിശാരദന്മാരുടേയും ചര്‍ച്ചകള്‍ കേട്ടാല്‍ കോവിഡ് ഉല്‍ഭവിച്ചത് ചൈനിയിലെ വുഹാനിലല്ല നിസാമുദ്ധീനിലാണ് എന്ന് തോന്നിപ്പോകും. ഇന്ത്യയെ കോവിഡിലൂടെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണത്രെ ഇത്. ചിലരൊക്കെ കൊറന്‍ഡെയിനിലായതുകൊണ്ടാകാം കോവിഡ് ജിഹാദ് എന്ന പേര് ഭാഗ്യത്തിന് ആരും ഉന്നയിച്ചുകണ്ടില്ല.

പിണറായി വിജയനോട് എല്ലാ ബഹുമാനവും നിലനിര്‍ത്തി ഒരു കാര്യം പറയാനുണ്ട്. പത്രസമ്മേളനമൊക്കെ ഗംഭീരം. പക്ഷേ, കോവിഡിന്റെ മറവില്‍ സന്നദ്ധപ്രവര്‍ത്തനമെന്ന് പറഞ്ഞ് എവിടെയോ ഉറങ്ങിക്കിടന്ന ചെങ്കുപ്പായ വളണ്ടിയര്‍മാരെ കൊണ്ടുവന്നു പാര്‍ട്ടി വളര്‍ത്താന്‍ നോക്കരുത്. നിയമത്തിന്റെ ബലത്താല്‍ മറ്റു സംഘടനകളിലെ സന്നദ്ധപ്രവര്‍ത്തകരെ നിലത്തിറക്കാതെ പതിനാലുപേരും ഒരു ടീമില്‍ കളിച്ച് ആളില്ലാ പോസ്റ്റിലേക്ക് തുരുതുരാ ഗോളടിച്ച് ഗമ കാണിക്കരുത്. ചുളുക്കില്ലാത്തതും ഇതുവരേ ഉപയോഗിച്ചിട്ടില്ലാത്തതുമായ ചുവന്ന യൂണിഫോമിട്ട് പാവങ്ങള്‍ ഇത്തിരി വെയിലത്ത് കഷ്ടപ്പെടുന്നുണ്ട്, ബലേഭേഷ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757