cultural

പുസ്തകം: വെളിച്ചം തീരാറായ ചില ജീവിതങ്ങള്‍ – ഫാത്തിമ നൗറീന്‍

 

നമ്മളില്‍ പലര്‍ക്കും പരിചിതമല്ലാത്ത, അല്ലെങ്കില്‍ കേട്ടുകേള്‍വി മാത്രമായ ഒരുപാട് ജീവിതങ്ങളിലേക്കാണ് വെജിറ്റേറിയന്‍സ് ഒണ്‍ലിയിലൂടെ തെലുങ്ക് എഴുത്തുകാരനായ സ്‌കൈബാബ നമ്മളെ കൊണ്ടു പോകുന്നത്. മുസ്‌ലിമാണ് എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം ജീവിതം ദുരിതപൂര്‍ണമായ ഒത്തിരി മനുഷ്യരെ നമുക്ക് ഈ കഥാസമാഹാരത്തില്‍ കാണാം. സ്വന്തം വീട്ടിലെയും ചുറ്റുവട്ടത്തെയും കഥകളാണിവയെന്ന് പരിചയപ്പെടുത്തുന്ന സ്‌കൈബാബ അവയെ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്നുണ്ട്.

ദാരിദ്ര്യവും സാമൂഹ്യ വ്യവസ്ഥിതികളും മുസ്‌ലിം സ്ത്രീകള്‍ക്ക് പതിച്ചുനല്‍കുന്ന വിവേചനങ്ങളും നിസ്സഹായതകളും ദുരിതങ്ങളുമെല്ലാം തന്റെ കഥകളില്‍ വളരെ വൈകാരികമായി തന്നെ കഥാകാരന്‍ വിവരിച്ചിട്ടുണ്ട്. ‘കുഞ്ഞുപെങ്ങള്‍’, ‘വെളിച്ചം അവസാനിക്കുന്നു’, ‘കബൂത്തര്‍’, ‘ഖിബ്ല’, ‘ഹിജ്‌റ 1424 ലെ പ്രണയം’, ‘ഉറൂസ്’ എന്നീ കഥകളില്‍ കേശുരാജുപള്ളിയിലെ മുസ്‌ലിം സ്ത്രീയുടെ സാമൂഹികാവസ്ഥ വ്യക്തമാകുന്നു. സ്വന്തം വസ്ത്രം, പഠനം എന്നിവയിലോ വരനെ തെരഞ്ഞെടുക്കുന്നതിലോ പോലും സ്വാതന്ത്ര്യമില്ലാത്ത യുവതികളെയാണ് ഈ കഥയില്‍ കാണാനാവുക.

സ്ത്രീധനം എന്ന ദുരാചാരം മുസ്‌ലിം പെണ്‍കുട്ടികളുടെ ജീവിതം എത്രത്തോളം ദുസ്സഹമാക്കുന്നു എന്ന് ‘കബൂത്തര്‍’, ‘ഖിബ്ല’ എന്നീ കഥകളില്‍ കാണാം. കല്യാണപ്രായം കഴിഞ്ഞിട്ടും സ്ത്രീധനം മൂലം ദുരിതത്തിലായ കബൂത്തറിലെ ഗോഷിയയും ഖിബ്ലയിലെ പര്‍വീണും കഥകളില്‍ മാത്രമുള്ളവരല്ല, അവര്‍ നമുക്കിടയില്‍ ഉള്ളവരാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യവും വിദ്യാഭ്യാസവും കുടുംബത്തിലെ ആണുങ്ങളുടെ കയ്യിലാണെന്ന് ‘കുഞ്ഞുപെങ്ങള്‍’ എന്ന കഥ സമര്‍ഥിക്കുന്നുണ്ട്. ബുര്‍ഖ ധരിക്കാന്‍ ഇഷ്ടമില്ലാതിരുന്ന തുടര്‍ന്നു പഠിക്കാന്‍ താല്‍പര്യമുള്ള ജാനിബീഗം കല്യാണത്തോടെ വീട്ടിലെ പണികള്‍ ചെയ്ത് ബുര്‍ഖ ധരിച്ച് നടക്കുന്ന ഒരു യുവതിയായി പരിണമിക്കുകയാണ്.

പുരുഷന് പണവും അധികാരവുമുണ്ടാവുമ്പോള്‍ അവഗണിക്കപ്പെടുന്ന കുടുംബത്തിലെ സ്ത്രീകളുടെ കഥയാണ് ‘വെളിച്ചം അവസാനിക്കുന്നു’. സ്വന്തം ഭര്‍ത്താവിനാല്‍ അവഗണിക്കപ്പെടുകയും നിത്യവൃത്തിക്ക് കഷ്ടപ്പെടുകയും ചെയ്യുന്ന സമീറയുടെ മാനസിക വ്യഥകളാണ് കഥയില്‍. സമീറയുടെ ഭര്‍ത്താവ് ഗോഷ് മാനസാന്തരമുണ്ടായി തിരിച്ചു വരുകയാണെന്ന കത്ത് കിട്ടിയപ്പോഴും എപ്പോഴാണ് എണ്ണ തീര്‍ന്ന് വെളിച്ചം അവസാനിക്കുകയെന്നറിയാത്ത കത്തിച്ചുവെച്ച വിളക്ക് പോലെയാണ് തന്റെ ജീവിതം എന്ന് സമീറ ചിന്തിക്കുകയാണ്.

പ്രണയത്തിലും പണത്തിന്റെ പങ്കെന്തെന്ന് വ്യക്തമാകുന്ന കഥകളാണ് ‘ഹിജ്‌റ വര്‍ഷം 1424 ലെ പ്രണയം’, ‘മജ്ബൂര്‍’, ‘ഉറൂസ്’ എന്നിവ. ഇഷ്ടമുള്ള ഇണയെ ദാരിദ്ര്യം മൂലം വിവാഹം കഴിക്കാനാകാതെ പോയ മൂന്ന് യുവാക്കളെയും തന്റെ ഇണയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലാത്ത മൂന്ന് യുവതികളെയും ഈ കഥകളില്‍ നമുക്ക് കാണാനാവും.

”എന്റെ മകനെ കാണാന്‍ സമ്മതിക്കാത്തത് വലിയ കഷ്ടമാണ്, ഞാനിങ്ങനെ തളര്‍ന്ന് മിണ്ടാതിരിക്കാനൊന്നും പോകുന്നില്ല, ഒരാളും നിങ്ങളെ ചോദ്യം ചെയ്യില്ലെന്നാണ് നിങ്ങളുടെ വിചാരം”, ‘പെറ്റീഷന്‍’ എന്ന കഥയിലെ മുംതാസ് ബീഗത്തിന്റെ വാക്കുകളാണിവ. ഒരു കുറ്റവും ചെയ്യാതെ, തന്റെ മുസ്ലിം സ്വത്വത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട അഹ്മദിന്റെ ഉമ്മയാണവര്‍. അഹ്മദ് ഒരു പ്രതീകം മാത്രമാണ്. അവനെപ്പോലെ ഒരുപാട് മുസ്‌ലിം യുവാക്കള്‍ ജയിലറകളില്‍ നീതി തേടി കിടപ്പുണ്ട്. രേഖകളില്‍ പോലും അപ്രത്യക്ഷമായവരുമുണ്ട്. അമ്മി ഫാത്തിമ നഫീസിന്റെയും ബിയുമ്മയുടെയും പതിപ്പാണ് മുംതാസ് ബീഗം. എന്നാല്‍, കഥാന്ത്യത്തില്‍ തന്റെ മകനെവിടെയാണെന്ന് പോലുമറിയാതെ നിസ്സഹായയാവുന്ന ഒരുമ്മയായി അവര്‍ മാറുന്നു. അഹ്മദിന്റെ അറസ്റ്റോടെ അവന്റെ കുടുംബാംഗങ്ങള്‍ കടന്നു പോവുന്ന വിഷമഘട്ടങ്ങളും, അധികാരവും ജാതി മേധാവിത്വവും ആസ്വദിക്കുന്ന ഒരു പൊലീസ് ഓഫീസറെയും അയാളുടെ ചെയ്തികളെയും ഈ കഥ വിവരിക്കുന്നു. അഹ്മദിന്റെ കൂടെ അറസ്റ്റിലായ രമേഷ് എന്ന യുവാവ് സ്വതന്ത്രനായി എന്ന് പറയുന്നതിലൂടെ മുസ്‌ലിംകളെ തീവ്രവാദികളും അപകടകാരികളുമായി മുദ്ര കുത്തുന്നത് ആരെന്ന് മനസ്സിലാക്കാവുന്നതെയുള്ളൂ.

ഹൈദരാബാദ് നഗരത്തില്‍ വാടകക്ക് വീടന്വേഷിക്കുന്ന മുസ്‌ലിം ദമ്പതികളായ യൂസുഫിന്റെയും ഷഹീനിന്റെയും കഥയാണ് ‘വെജിറ്റേറിയന്‍സ് ഒണ്‍ലി’. മുസ്‌ലിമായതിന്റെ പേരിലും ബീഫ് കഴിക്കുന്നതിന്റെ പേരിലും എല്ലായിടത്തു നിന്നും അവര്‍ തിരസ്‌കരിക്കപ്പെടുകയാണ്. മുസ്‌ലിം എന്നാല്‍ ഉര്‍ദു മാത്രം സംസാരിക്കുന്നവരാണ് എന്ന പൊതുബോധത്തെയും സ്‌കൈബാബ പരാമര്‍ശിക്കുന്നുണ്ട്. ഒരു പ്രത്യേക വിഭാഗത്തെ ഭക്ഷണത്തിന്റെയും ഭാഷയുടെയും പേരില്‍ അപരവല്‍ക്കരിക്കുന്നവരെപ്പറ്റിയാണ് ഈ കഥ പറഞ്ഞു വെക്കുന്നത്. സവര്‍ണ ഭക്ഷണസംസ്‌കാരങ്ങളിലൂടെ അവര്‍ മുസ്‌ലിംകളെ പുറന്തള്ളുന്നു. ദലിതര്‍ മാത്രമാണ് മനുഷ്യരെന്നും ബാക്കിയുള്ളവരെല്ലാം തൊട്ടുകൂടാത്തവരാണെന്നും യൂസുഫ് തനിക്കുണ്ടായ അനുഭവത്തില്‍ നിന്ന് മനസ്സിലാക്കുന്നു.

സ്വന്തം കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ ദുബൈയില്‍ പോകുന്ന ഒരു മുസ്‌ലിം യുവാവിന്റെ രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെടുകയും മറുവശത്ത് അവനെ അന്ന് വിമര്‍ശിച്ച അതേ സുഹൃത്ത് തന്റെ മകന്റെ അമേരിക്കന്‍ പൗരത്വത്തെ പറ്റി ഊറ്റം കൊള്ളുകയും ചെയ്യുന്ന കഥയാണ് ‘മാതൃരാജ്യം’. എന്നാല്‍, സുരേഷിനോട് ഇതൊന്നും പറഞ്ഞ് തര്‍ക്കിക്കാന്‍ സുല്‍ത്താന് കഴിയുന്നില്ല. അവന്‍ അതെല്ലാം മനസ്സില്‍ ചിന്തിച്ചുകൊണ്ട് സുരേഷിനെ അനുമോദിക്കുകയാണ് ചെയ്യുന്നത്.

തെലുങ്കുസമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥ എത്രത്തോളം ദൃഢമാണെന്ന് വെളിവാക്കുന്ന കഥയാണ് ‘ദസ്തര്‍’. വ്യത്യസ്ത സമുദായത്തിലുള്ള മൂന്ന് കൂട്ടുകാരുടെ ജീവിതത്തിലെ ഒരു സംഭവമാണ് കഥ. കൂട്ടത്തിലൊരാളുടെ സഹോദരിയുടെ വിവാഹവേളയില്‍ മഡിഗ സമുദായത്തില്‍ പെട്ട സുഹൃത്ത് റെഡ്ഢി കുടുംബത്തില്‍ പെട്ടവര്‍ക്ക് ഭക്ഷണം വിളമ്പിയതാണ് പ്രശ്നത്തിനാധാരം. ഈ സംഭവം ആ സുഹൃത്തുക്കളുടെ മനസ്സില്‍ വലിയ നോവുണ്ടാക്കുകയും അവര്‍ അപമാനിതരായി ഇറങ്ങിപ്പോവുകയും ചെയ്യുന്നു.

സമ്പത്ത്, മതം, ജാതി, ലിംഗം തുടങ്ങിയ ഘടകങ്ങള്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ എത്രത്തോളം ഇടപെടലുകള്‍ നടത്തുന്നുവെന്ന് ഈ കഥകള്‍ നമുക്ക് കാണിച്ചു തരുന്നു. വായിച്ചു കൊണ്ടിരിക്കുമ്പോള്‍ നമ്മളും കേശുരാജുപള്ളിയിലെ മുസ്‌ലിം വീട്ടിലെ അംഗമായി പോവും. അവരുടെ നോവുകള്‍ നമ്മുടേത് കൂടിയാവും. മുസ്‌ലിംകള്‍ വലിയ അളവില്‍ അടിച്ചമര്‍ത്തപ്പെടുന്ന ഈ കാലത്ത് സ്‌കൈബാബയുടെ കഥകള്‍ വളരെ പ്രസക്തമാണ്. തെലുങ്ക് കഥാലോകത്തെ മുസ്‌ലിംകളുടെ ജീവിതത്തിലേക്ക് അദ്ദേഹത്തിന്റെ രചനകള്‍ നയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
പ്രസാധനം: EnteBook.com

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757