zero hour

പോലീസിനെ ഉപയോഗിച്ച് സി.പി.എം നടത്തുന്ന കുപ്രചാരണങ്ങളെ തിരിച്ചറിയുക-നാസര്‍ ആറാട്ടുപുഴ പ്രതികരിക്കുന്നു

 

പ്രിയ സഹോദരങ്ങളെ, സുഹൃത്തുക്കളെ
ഞാന്‍ നാസര്‍ ആറാട്ടുപുഴ. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റാണ്.
രണ്ട് ദിവസമായി അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചു പുറത്തിറക്കാന്‍ ശ്രമിച്ചെന്നാരോപിച്ചു എനിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍, പ്രത്യേകിച്ചു ഇടതുപക്ഷ കേന്ദ്രങ്ങളില്‍ നിന്ന് ചില പ്രചാരണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. വസ്തുത അറിയാത്ത ചില മാധ്യമങ്ങളും അറിഞ്ഞോ അറിയാതെയോ അത്തരം പ്രചാരണങ്ങള്‍ ഏറ്റു പിടിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പോലീസ് എന്നെ അറസ്റ്റ് ചെയ്ത് കേസെടുത്ത വിഷയത്തിലെ യാഥാര്‍ഥ്യം പൊതുജനങ്ങള്‍ മനസിലാക്കുന്നതിന് വേണ്ടിയാണ് ഈ കുറിപ്പ്.

മാര്‍ച്ച് 31 ചൊവ്വാഴ്ച വൈകുന്നേരമാണ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നെ അറസ്റ്റ് ചെയ്യുന്നത്. മൂന്നു മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തു. എന്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ അതിഥി തൊഴിലാളികളുമായി ഫോണില്‍ സംസാരിച്ചത് എന്നൊക്കെയാണ് പോലീസ് ചോദിച്ചത്. ഞാന്‍ അവരെ സംഘടിപ്പിച്ച് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് പോലീസിന്റെ കുറ്റാരോപണം. ചോദ്യം ചെയ്യലിനൊടുവില്‍ അതിഥി സംസ്ഥാന തൊഴിലാളികളെ ഇളക്കിവിട്ടു എന്നാരോപിച്ചു ആറോളം വകുപ്പുകള്‍ ചാര്‍ത്തി എനിക്കെതിരെ കേസെടുത്തു വിട്ടയക്കുകയാണുണ്ടായത്.

എന്നാല്‍ പോലീസ് ആരോപിക്കുന്നത് പോലെയുള്ള കാര്യങ്ങളോ മറ്റോ ഞാന്‍ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. ഈ കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ് ഞാന്‍. സുനാമി, പ്രളയം തുടങ്ങിയ ദുരന്തങ്ങള്‍ സംഭവിച്ച വേളകളില്‍ എന്നാലാവുന്ന വിധം പ്രയാസങ്ങളും ദുരിതങ്ങളും അനുഭവിച്ചവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അതൊരു അവകാശവാദമായി പറയുന്നതല്ല, മറിച്ച് അത്തരം സാഹചര്യങ്ങളില്‍ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ദുരിതമകറ്റുക എന്നത് പൊതുപ്രവര്‍ത്തകരുടെ ഉത്തരവാദിത്തവും ബാധ്യതയുമായി കരുതുന്ന ഒരാളാണ് ഞാന്‍.

കോവിഡ്-19 ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ 20 ലക്ഷത്തിലധികം വരുന്ന അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഇടപെട്ടു വരുന്നുണ്ട്. എല്ലാ ജില്ലകളിലും അവരെ സഹായിക്കാന്‍ ഹെല്‍പ് ലൈന്‍ നമ്പറുകളും ഒരുക്കിയിട്ടുണ്ട്. കോളുകള്‍ വരുന്ന മുറയ്ക്ക് കാര്യമന്വേഷിക്കുവാനും അവരെ അതാത് ഇടങ്ങളിലെ സര്‍ക്കാര്‍ സംവിധാനവുമായി ബന്ധപ്പെടുത്തുവാനും അതിന് സാധിക്കാത്ത ഇടങ്ങളില്‍ സ്വന്തം നിലക്ക് പരിഹാരം കാണുവാനും പാര്‍ട്ടി ശ്രമിച്ചു പോരുന്നത്.

ഇപ്രകാരം ആലപ്പുഴ ജില്ലയിലെ വ്യത്യസ്തമായ 4 ഭാഗങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് വന്ന സഹായാഭ്യര്‍ത്ഥനക്ക് മറുപടി നല്‍കിയതിനെയാണ് ദുരൂഹത ചാര്‍ത്തി അപകീര്‍ത്തിപ്പെടുത്തുവാന്‍ പോലീസും അതിന്റെ പിന്നില്‍ കളിച്ച സി.പി.എമ്മും ശ്രമിച്ചത്. 2 പേര്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ നിന്നും ഒരാള്‍ കുട്ടനാട് താലൂക്കില്‍ നിന്നും മറ്റൊരാള്‍ അമ്പലപ്പുഴ താലൂക്കില്‍ നിന്നുമാണ് വിളിച്ചത്. ഇതില്‍ ഒരു സ്ഥലത്ത് മാത്രമാണ് പാര്‍ട്ടിക്ക് പ്രാദേശിക ഘടകമുള്ളത്. അവിടെ മാത്രമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തൊഴിലാളിയെ നേരില്‍ ബന്ധപ്പെട്ടതും പ്രാഥമിക സഹായങ്ങള്‍ ചെയ്തു കൊടുത്തതും. തുടര്‍ കാര്യങ്ങള്‍ക്ക് വേണ്ടി പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെടുവാനാണ് പറഞ്ഞത്.

മറ്റൊരാള്‍ എന്നെ വിളിച്ചത് രണ്ടു ദിവസമായി ഭക്ഷണം കഴിച്ചില്ല എന്നു പറഞ്ഞു കൊണ്ടാണ്. അയാളോട് പറഞ്ഞത് അടുത്തുള്ള പലചരക്ക് കടയില്‍ ചെന്ന് ഫോണ്‍ കടക്കാരന് കൈമാറാനാണ് ഞാന്‍ പറഞ്ഞത്. അയാള്‍ കടയില്‍ ചെന്നപ്പോള്‍ സംഭവം കേട്ട കടക്കാരന്‍ തനിക്ക് പണമൊന്നും വേണ്ടെന്നും സൗജന്യമായി ഭക്ഷണ സാധനങ്ങള്‍ കൊടുത്തുകൊള്ളാമെന്നുമാണ് എന്നോട് ഫോണില്‍ പറഞ്ഞത്. മറ്റ് രണ്ട് കേസുകളില്‍ പഞ്ചായത്ത് അധികൃതരെ ബന്ധപ്പെടുവാനാണ് പറഞ്ഞത്. അതിലൊന്ന് കൈനകരി പഞ്ചായത്തിലാണ്. അവിടെയുള്ള പഞ്ചായത്ത് മെമ്പറോട് ഫോണ്‍ വഴി വന്ന ആള്‍ക്ക് വേണ്ട സഹായം ചെയ്ത് കൊടുക്കാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍, അതിന് കിട്ടിയ പ്രതികരണം ‘ഇതൊക്കൊ നോക്കാന്‍ ഇവിടെ ഞങ്ങളുണ്ട്, നിങ്ങളാരാ’ എന്ന ധാര്‍ഷ്ട്യം നിറഞ്ഞ മറുപടിയാണ്.

ഇത്രയുമാണ് സംഭവങ്ങള്‍. ഇതിനെയാണ് തൊഴിലാളികളെ സംഘടിപ്പിച്ചു പുറത്തിറക്കാന്‍ ശ്രമിച്ചു എന്ന രീതിയില്‍ ചിത്രീകരിച്ചു പോലീസ് അന്യായമായി കേസെടുത്തിരിക്കുന്നത്. ഇടതുപക്ഷ സുഹൃത്തുക്കളും ചില മാധ്യമങ്ങളും പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ കള്ളപ്രചാരണങ്ങള്‍ ചിലവാകാത്തത് കൊണ്ടാകാം ഇപ്പോള്‍ കാര്‍ത്തികപ്പള്ളി പ്രദേശത്ത് ഞാന്‍ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചു എന്ന പുതിയ ചില പ്രചാരണങ്ങളും നടക്കുന്നുണ്ടെന്നറിഞ്ഞു. കാര്‍ത്തികപ്പള്ളി ഭാഗത്തെ ഒരാളും എന്നെയോ ഞാന്‍ അങ്ങോട്ടോ ബന്ധപ്പെട്ടിട്ടില്ല എന്നതിന് എന്റെ കോള്‍ റെക്കോര്‍ഡുകള്‍ തന്നെ തെളിവാണ്. ഭക്ഷണവുമായി ബന്ധപ്പെട്ട് ഞാന്‍ സംസാരിച്ച നാല് പേരില്‍ ഒരാളെ പോലും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. ഇവരാരും തന്നെ ഹരിപ്പാടോ പരിസര പ്രദേശങ്ങളിലോ ഉള്ളവരുമല്ല. എന്നാല്‍ പൊലീസിന്റെ കുറ്റാരോപണം ഞാന്‍ ഹരിപ്പാട് പ്രദേശത്ത് അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ്. ഇതില്‍ നിന്ന് തന്നെ കേസും കുറ്റാരോപണവും വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വ്യക്തമാണല്ലോ.

ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സഹായം ആവശ്യപ്പെട്ട് ആളുകള്‍ എന്നെ ബന്ധപ്പെടുമ്പോള്‍ അതിനുള്ള യുക്തമായ പരിഹാരം കാണേണ്ടത് എന്റെ രാഷ്ട്രീയ കടമയായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഞാന്‍ അതിനിയും തുടരും. കൈനകരി കുട്ടനാട്ടിലാണ്. സി പി എമ്മിനെ പോലുള്ള ഇടതുപക്ഷ സംഘടനകള്‍ക്ക് കുട്ടനാടും തൊഴിലാളിപക്ഷ മുന്നേറ്റങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ചു സ്റ്റഡിക്ലാസ് എടുത്തു തരേണ്ട ആവശ്യമില്ലെന്നറിയാം. ആ നാട്ടിലാണിപ്പോള്‍ കുറച്ചു തൊഴിലാളി സഹോദരങ്ങളുടെ വിശപ്പിന്റെ പ്രശ്‌നം ന്യായമായി പരിഹരിക്കാന്‍ ഇടപെട്ടതിന്റെ പേരില്‍ ഭരണസ്വാധീനം ഉപയോഗിച്ചു തികച്ചും രാഷ്ട്രീയ പ്രേരിതമായി എനിക്കെതിരെ കേസെടുത്തിരിക്കുന്നതും അസത്യ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതും. കള്ളക്കേസ് ചുമത്തിയും സൈബര്‍ കുപ്രചാരണങ്ങള്‍ നടത്തിയും നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ വില കുറഞ്ഞ ഏര്‍പ്പാടാണ്. അത്തരം നീക്കങ്ങളും വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളും എന്നെ ഒട്ടും തന്നെ തളര്‍ത്തിട്ടിയിട്ടില്ല. അത്തരം നീക്കങ്ങളെ വെല്‍ഫെയര്‍ പാര്‍ട്ടി രാഷ്ട്രീയമായും നിയമപരമായും നേരിടും.

കോവിഡ് 19 നെ മറി കടക്കാന്‍ നമുക്കിനിയും ഒരു പാട് മുന്നോട്ട് പോകാനുണ്ട്. ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന സഹോദരങ്ങളുടെ പ്രയാസങ്ങള്‍ നീക്കിക്കൊടുക്കാനും നമുക്ക് ബാധ്യതയുണ്ട്. അത് കൊണ്ട് നമുക്ക് ഒരുമിച്ചു നില്‍ക്കുകയും ഈ മഹാമാരിയെ നേരിടുകയും ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ ഇത്തരം രാഷ്ട്രീയ പക പോക്കലില്‍ നിന്നും കുപ്രചാരണങ്ങളില്‍ നിന്നും സ്ഥാപിത താത്പര്യക്കാര്‍ മാറി നില്‍ക്കണം. കുപ്രചരണങ്ങളിലും സൈബര്‍ ലിഞ്ചിങ് പ്രോപഗണ്ടയിലും പൊതുസമൂഹവും എന്നെ അടുത്തറിയുന്ന പ്രിയസുഹൃത്തുക്കളും വീണു പോകരുതെന്നും ഉണര്‍ത്തുന്നു.

– സ്‌നേഹാഭിവാദ്യങ്ങളോടെ നിങ്ങളുടെ സഹോദരന്‍,
നാസര്‍ ആറാട്ടുപുഴ
ജില്ലാ പ്രസിഡന്റ് , വെല്‍ഫെയര്‍ പാര്‍ട്ടി – ആലപ്പുഴ

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757