press release

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനം സര്‍ക്കാരും സി.പി.എമ്മും രാഷ്ര്ട്രീയവല്‍ക്കരിക്കുന്നു- ആര്‍.എം.പി.ഐ

 

കോവിഡ്- 19 വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക തലത്തില്‍ സംസ്ഥാനത്തെ ഭരണകക്ഷിയുടെ നിയന്ത്രണത്തിലാവുന്നത് ഒഴിവാക്കണമെന്ന് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കമ്യൂണിറ്റി കിച്ചണും സന്നദ്ധ സേനയും സി.പി.ഐ (എം) ന്റെയും ഡി.വൈ.എഫ്.ഐ യുടേയും നിയന്ത്രണത്തിലാവുകയും സന്നദ്ധതയുള്ള മറ്റുള്ളവരെ ഒഴിച്ചു നിര്‍ത്തുകയുമാണ്. കോവിഡ് പോലെ ജനങ്ങള്‍ ഒന്നടങ്കം ആശങ്കയിലും ഭീതിയിലുമായ ഒരു വിഷയത്തെ അടുത്ത പഞ്ചായത്തു തെരഞ്ഞെടുപ്പിന്റെ പ്രചരണ ഉപാധിയാക്കുന്നത് നിന്ദ്യവും ഹീനവുമാണ്. എല്ലാവരേയും ഉള്‍പ്പെടുത്തി ഈ സാമൂഹ്യ ഗുരുതരാവസ്ഥയെ പ്രതിരോധിക്കേണ്ടതുണ്ട്. ഏകപക്ഷീയമായ നടപടികള്‍ ഇങ്ങനെയൊരു പ്രശ്‌നത്തിലും കക്ഷിരാഷ്ട്രീയ ഭിന്നതകളുണ്ടാക്കാന്‍ ഇടവരുത്തരുതെന്ന് അഭ്യര്‍ഥിക്കുന്നു. സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ക്കനുസൃതമായ പ്രായോഗിക നടപടികളുണ്ടാവുകയും ഫണ്ട് അനുവദിക്കകയും വേണം. ഫണ്ടെത്തിക്കാതെ എല്ലാവര്‍ക്കും ഭക്ഷണമെത്തിക്കുമെന്ന പ്രഖ്യാപനം പ്രായോഗികമാക്കാനാവില്ല, പലയിടത്തുമുണ്ടായ ആശയക്കുഴപ്പത്തിന്റെ പ്രധാന കാരണം ഇതാണ്. പ്രാദേശിക തലത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തണമെന്നും ആര്‍.എം.പി.ഐ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ 20,000 കോടി പാക്കേജില്‍ ഉള്‍പ്പെട്ട ക്ഷേമപെന്‍ഷന്‍ വിതരണത്തിനുള്ള പണം ഇതുവരെ സഹകരണ സംഘങ്ങളില്‍ എത്തിച്ചിട്ടില്ല. കഴിഞ്ഞ ഓണക്കാലത്തും ക്രിസ്തുമസ്സിനും പെന്‍ഷന്‍ വിതരണത്തിനായി സഹകരണ സംഘങ്ങളില്‍ നിന്ന് 5,000 കോടി രൂപയി ലധികം കടമെടുത്തിട്ടുണ്ട്. ഇപ്പോള്‍ സംഘങ്ങളുടെ സ്വന്തം ഫണ്ടില്‍ നിന്ന് പെന്‍ഷന്‍ വിതരണം ചെയ്യാന്‍ പ്രേരിപ്പിച്ച് അവരെ സമ്മര്‍ദ്ദത്തിലാക്കുകയും സാമ്പത്തിക ബാധ്യതയില്‍ നിന്ന് സര്‍ക്കാര്‍ തടിയൂരുകയുമാണ്.

കൊറോണക്കാലത്ത് ഭരണ നടപടികളും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമെല്ലാം വിമര്‍ശനങ്ങള്‍ക്കതീതരായിരിക്കണം എന്നത് ശുദ്ധ അസംബന്ധമാണ്. ഭരണ നേതൃത്വത്തിന്റെ പിഴവുകള്‍ക്ക് ജീവന്‍ കൊണ്ട് പിഴയൊടുക്കേണ്ടി വരും. കേരളമാകെ സാമൂഹ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയവര്‍ രോഗവാഹകരായി വിദേശത്തു നിന്നെത്തിയവരെ നിയന്ത്രിക്കാതെ ഒരു മാസത്തിലധികം തുറന്നു വിട്ടതാണ് കേരളത്തില്‍ രോഗവ്യാപന ഭീതിക്കിട വരുത്തിയതെന്ന വസ്തുത മറച്ചുവെക്കാനാവില്ല. ജനുവരി 30ന് കേരളത്തില്‍ കൊറോണ സ്ഥിരീകരിക്കുകയും രോഗഭീതിയില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ച് രണ്ടുമാസം പിന്നിട്ട് ഇപ്പോഴും ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് മരുന്നോ പ്രതിരോധ ഉപകരണങ്ങളോ എത്തിക്കാനായിട്ടില്ല എന്ന വസ്തുതയുമുണ്ട്.

പ്രതിപക്ഷത്തേയും മറ്റു രാഷ്ട്രീയ-സാമൂഹ്യ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളേയും ഉള്‍പ്പെടുത്തി കൊറോണ പ്രതിരോധത്തിന് നേതൃ സംവിധാനം ഉണ്ടാക്കണമെന്ന് ആര്‍.എം.പി.ഐ ആവശ്യപ്പെട്ടു. അതോടൊപ്പം നിത്യ വരുമാനക്കാര്‍ക്കും നിരാശ്രയര്‍ക്കും ഭക്ഷണത്തിനു പുറമേ മറ്റാവശ്യങ്ങള്‍ കണക്കിലെടുത്ത് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും വലിയ കമ്പനികളുടെ ഈ വര്‍ഷത്തെ സാമൂഹ്യ സുരക്ഷാ നിധി (സി.എസ്.ആര്‍) പൂര്‍ണമായും കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഔദ്യോഗികമായി ആവശ്യപ്പെടണമെന്നും ആര്‍.എം.പി.ഐ നിര്‍ദേശിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757