press release

കോവിഡ് 19: വെല്‍ഫെയര്‍ പാര്‍ട്ടി 10,000 സന്നദ്ധ പ്രവര്‍ത്തകരെ രംഗത്തിറക്കും

 

കോവിഡ് 19 പ്രതിരോധ – ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരുമായി സഹകരിച്ച് സംസ്ഥാന വ്യാപകമായി 10,000 സന്നദ്ധ പ്രവര്‍ത്തകരെ ആദ്യഘട്ടത്തില്‍ രംഗത്തിറക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഭക്ഷണം, സാന്ത്വന പരിചരണം, അഗതി-അവശ വിഭാഗ പരിചരണം, സോഷ്യല്‍ വളണ്ടിയറിങ് തുടങ്ങിയ വിവിധ മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കും. സംസ്ഥാന ആരോഗ്യവകുപ്പുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ചും സ്വന്തം നിലക്കും വളണ്ടിയര്‍മാര്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും. ആരോഗ്യ വകുപ്പിന്റെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വളണ്ടിയര്‍മാര്‍ സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുക. സന്നദ്ധം വെബ് പോര്‍ട്ടലില്‍ വളണ്ടിയര്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം.

സര്‍ക്കാര്‍ മര്‍ഗനിര്‍ദേശങ്ങള്‍ക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും വിധേയമായി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ മുന്നോട്ട് വരുന്നവര്‍ക്ക് അതിനുള്ള സഹകരണാത്മകവും സുതാര്യവുമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലും സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം 200 ആയി സര്‍ക്കാര്‍ നിജപ്പെടുത്തിയത് ഇതിന് തടസ്സങ്ങളുണ്ടാക്കും. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ പ്രത്യേക സംഘടനകളുടെ ആഭിമുഖ്യത്തില്‍ മാത്രം നടത്താനുള്ള കുറുക്കുവഴികള്‍ ഇതിലൂടെ സംജാതമാകുമെന്ന് ന്യായമായും ആശങ്കിക്കുന്നു. കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ സംഘടനകളെയും സന്നദ്ധ-സേവന കൂട്ടായ്മകളെയും ഭരണകൂടം വിശ്വാസത്തിലെടുക്കുകയാണ് വേണ്ടത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെയുള്ള വിവിധ സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും ഒരുമിച്ചു നിന്ന് പലതും ചെയ്യാനാകും. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം കണ്ട രണ്ട് പ്രളയവേളയിലും അത് ബോധ്യപ്പെട്ടതാണ്. കേരളത്തിലെ പാര്‍പ്പിട പ്രശ്‌നം, ചികിത്സ, ആരോഗ്യം, അഗതി-അനാഥ-വയോജന സംരക്ഷണവും പരിപാലനവും, വിദ്യാഭ്യാസം, കുടിവെള്ളം, പുനരധിവാസം, രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസം തുടങ്ങി എണ്ണമറ്റ മേഖലകളില്‍ സര്‍ക്കാരിതര സംവിധാനങ്ങള്‍ നടത്തിയ സേവനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും അഭാവത്തില്‍ കേരളം കൂടുതല്‍ ദുരിത പൂര്‍ണമാകുമായിരുന്നു. മാത്രമല്ല, ഫണ്ട് വിനിയോഗത്തിലും സഹായങ്ങള്‍ അര്‍ഹരിലേക്ക് എത്തുന്നതിലും സുതാര്യത ഉറപ്പ് വരുത്താനും സ്വജനപക്ഷപാതിത്വം ഒഴിവാക്കാനും വിവിധ സംഘടനാ പ്രാതിനിധ്യമുള്ള സംവിധാനം ഉണ്ടാവുകയാണ് വേണ്ടത്. പ്രളയഫണ്ടുമായി ബന്ധപ്പെട്ട അഴിമതിയും ക്രമക്കേടുകളും ഇതിന്റെ അനിവാര്യത നമ്മെ ബോധ്യപ്പെടുത്തുന്നു. അതുകൊണ്ട് സര്‍ക്കാരിതര സാധ്യതകളെയും സംവിധാനങ്ങളെയും ആവശ്യം വേണ്ട വ്യവസ്ഥകളോടെ ചിട്ടപ്പെടുത്തി ഫലപ്രദമായ രീതിയില്‍ കോഡിനേറ്റ് ചെയ്യുകയാണ് സംസ്ഥാന-ജില്ലാ ഭരണകൂടങ്ങള്‍ ഇപ്പോള്‍ ചെയ്യേണ്ടത്.

വരും ദിവസങ്ങളില്‍ സംസ്ഥാനം നേരിടാന്‍ പോകുന്ന വിവിധ പ്രശ്‌നങ്ങളും വെല്ലുവിളികളും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ട് മാത്രം അഭിമുഖീകരിക്കാന്‍ സാധിക്കുകയില്ല. സര്‍ക്കാരിതമായ വിവിധ സംവിധാനങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങളും മേല്‍നോട്ടങ്ങളും ആവശ്യമെങ്കില്‍ പരിശീലനങ്ങളും നല്‍കി ഫലപ്രദമായ രീതിയില്‍ സേവന-സന്നദ്ധ പ്രവര്‍ത്തന സജ്ജരായ മനുഷ്യവിഭവത്തെ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചാണ് സംസ്ഥാന-ജില്ലാ ഭരണകൂടങ്ങള്‍ ആലോചിക്കേണ്ടത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നമുക്ക് തികഞ്ഞ ജാഗ്രത വേണമെന്നതില്‍ സംശയമില്ല. എന്നാല്‍, അതിന്റെ പേരില്‍ സമൂഹത്തിന് മുതല്‍ക്കൂട്ടാകുന്ന സാമൂഹിക ബന്ധങ്ങളെ അതിരുവിട്ട് നിയന്ത്രിക്കുന്ന സമീപനം ആശാസ്യകരമല്ല. ജനങ്ങളുടെ പ്രയാസങ്ങളും ദുരിതങ്ങളും അകറ്റാന്‍ കോവിഡ് ദുരിതാശ്വാസ-സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളും പ്രവര്‍ത്തകരും കര്‍മരംഗത്തുണ്ടാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757