press release

കോവിഡ് 19: പൊലീസ് നടപടികള്‍ പരിധി വിടുന്നത് നിയന്ത്രിക്കണം – ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

 

മലപ്പുറം: ലോക് ഡൗണിന്റെ ഭാഗമായുള്ള പൊലീസ് നടപടികള്‍ പരിധി വിടുന്നത് നിയന്ത്രിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കോവിഡ് വൈറസ് വ്യാപനം തടയാനുള്ള ജാഗ്രതയുടെ ഭാഗമായാണ് മലപ്പുറം ജില്ലയില്‍ 144 പ്രഖ്യാപിച്ചത്. ആവശ്യസാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കും അത് വാങ്ങാനായി അങ്ങാടിയിലെത്തുന്നവര്‍ക്കും സര്‍ക്കാര്‍ തന്നെയാണ് ഇളവ് പ്രഖ്യാപിച്ചത്. എന്നാല്‍, 144 ന്റെയും ലോക്ഡൗണിന്റെയും പിന്‍ബലത്തില്‍ പൊലീസ് രാജ് നടപ്പിലാക്കാനാണ് നിയമപാലകര്‍ ശ്രമിക്കുന്നത്. അത്യാവശത്തിനായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ആവശ്യം തിരക്കാന്‍ പോലും തയ്യാറാവാതെ ലാത്തിവീശി ഓടിക്കുന്നതായുള്ള പൊലീസ് അതിക്രമങ്ങള്‍ ജില്ലയിലെ പല ഭാഗത്തു നിന്നും ഇതിനകം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നു.

തങ്ങളുടെ ഡ്യൂട്ടി നിര്‍വഹിക്കുന്നതിനിടെ കൊണ്ടോട്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍, മുന്‍സിപ്പല്‍ സെക്രട്ടറി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അടക്കമുള്ള സംഘത്തെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് ലാത്തി കൊണ്ട് ആക്രമിച്ച സംഭവമാണ് ഒടുവില്‍ പുറത്ത് വന്നിരിക്കുന്നത്. ഇത്തരം ജനാധിപത്യവിരുദ്ധമായ നടപടികള്‍ തിരുത്താന്‍ പൊലീസ് ഉടനടി തയാറായില്ലെങ്കില്‍ ഉയര്‍ന്നുവരുന്ന ജനരോഷം വലുതായിരിക്കും. ജനങ്ങള്‍ സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദ്ദേശം സ്വമേധയാ ഏറ്റെടുത്തിട്ടുണ്ട്; ഒറ്റപ്പെട്ട അപവാദങ്ങളുണ്ടാകാം. അവരെ തിരിച്ചറിഞ്ഞേ പ്രതികരിക്കാവൂവെന്ന ശക്തമായ നിര്‍ദ്ദേശം പൊലീസിന് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് കെ.കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757