Opinion

കോരന് കഞ്ഞി കുമ്പിളില്‍; പ്രതീക്ഷക്ക് വകയില്ലാതെ കേന്ദ്രബജറ്റ് – വിഷ്ണു. ജെ

 

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അത് മറികടക്കാനുള്ള നിര്‍ദേശങ്ങളാണ് സ്വാഭാവികമായും ജനങ്ങള്‍ പ്രതീക്ഷിച്ചത്. കഴിഞ്ഞ ബജറ്റുകള്‍ അവതരിപ്പിക്കുമ്പോഴും ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. എന്നാല്‍, അത് സമ്മതിച്ചു തരാന്‍ മോദി സര്‍ക്കാര്‍ തയാറായിരുന്നില്ല. എന്നാല്‍, ഇത്തവണ സ്ഥിതി വ്യത്യസ്തമായിരുന്നു. വളര്‍ച്ചാ നിരക്ക് സംബന്ധിച്ച സര്‍ക്കാരിന്റെ കണക്കുകള്‍ തന്നെ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അടിവരയിടുന്നതായിരുന്നു. അതുകൊണ്ട് ഇത് മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ, കോര്‍പ്പറേറ്റുകളുടെ വിനീത ദാസനായി ഭരണം നടത്തുന്ന മോദിക്ക് രാജ്യത്തെ അടിസ്ഥാനജനവിഭാഗത്തിന്റെ പ്രശ്‌നങ്ങളോട് അനുഭാവപൂര്‍വമായ സമീപനമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായി ബജറ്റ്. രാജ്യത്തിന്റെ അഭിമാനമായ എല്‍.ഐ.സി ഉള്‍പ്പടെയുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് അടിയറവ് വെക്കാനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന സ്വകാര്യവല്‍ക്കരണത്തിനും കോര്‍പ്പറേറ്റ്വല്‍ക്കരണത്തിനും ഇടയാക്കുന്ന ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. പ്രതിസന്ധി മറികടക്കാന്‍ ഒന്നുമില്ലാതെ ജനങ്ങള്‍ അനുഭവിക്കുന്ന തൊഴിലില്ലായ്മയടക്കമുള്ള പ്രശ്‌നങ്ങള്‍ ഒട്ടും പരിഗണിക്കാതെയാണ് രാജ്യം ഭരിക്കുന്ന രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

സ്വകാര്യവല്‍ക്കരണം പ്രഖ്യാപിത നയം
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്വകാര്യവല്‍ക്കരണമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രഖ്യാപിതനയം. രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ പല പൊതുമേഖല സ്ഥാപനങ്ങളെയും ഓഹരി വില്‍പനയിലൂടെ സ്വകാര്യവല്‍ക്കരിക്കുക. എന്നിട്ട് അതില്‍നിന്ന് ലഭിക്കുന്ന പണമുപയോഗിച്ച് സര്‍ക്കാരിന്റെ ചെലവുകള്‍ നടത്തുക. വിത്തെടുത്ത് കുത്തുന്ന ഈ ശൈലി തന്നെയാണ് കഴിഞ്ഞ ആറ് വര്‍ഷവും സര്‍ക്കാര്‍ പിന്തുടരുന്നത്. കഴിഞ്ഞ ബജറ്റില്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ നികുതി ഇളവിലൂടെ ഉണ്ടായ നഷ്ടം മറികടക്കാന്‍ ഇക്കുറിയും പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പന തന്നെയാണ് സര്‍ക്കാരിന് മുന്നിലുള്ള പോംവഴി.

2020-21 വര്‍ഷത്തില്‍ ഏകദേശം 2,10,000 കോടി ഓഹരി വില്‍പനയിലൂടെ സ്വരൂപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍.ഐ.സി, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവയുടെ ഓഹരി വില്‍പന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ എയര്‍ ഇന്ത്യ, ബി.പി.സി.എല്‍, ടി.എച്ച്.ഡി.സി.ഐ.എല്‍, എന്‍.ഇ.ഇ.പി.സി.ഒ എന്നിവയുടെ ഓഹരികളും വില്‍ക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നാണ് എല്‍.ഐ.സി; വര്‍ഷങ്ങളായി രാജ്യത്തെ ജനങ്ങളുടെ വിശ്വാസ്യത ആര്‍ജിച്ച സ്ഥാപനം. ഇതാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വിറ്റുതുലക്കുന്നത്. ആര്‍.എസ്.എസ് ആശീര്‍വാദത്തോടെ ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയായിരിക്കും എല്‍.ഐ.സിയുടെ ഓഹരികള്‍ വാങ്ങുകയെന്ന വാദങ്ങള്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞു. സാമ്പത്തികരംഗത്ത് സംഘപരിവാര്‍ സ്വാധീനം അരക്കെട്ടുറപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് ഇത് കൂടുതല്‍ കരുത്തുപകരും. ഏകദേശം 31 ലക്ഷം കോടി വരുന്ന എല്‍.ഐ.സിയുടെ ആസ്തി കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക് കൊടുക്കുകയാണ് തീരുമാനത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒന്നുമില്ല
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ശതമാനം നിരക്കില്‍ വളരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രവചനം. പക്ഷേ, യഥാര്‍ഥ വളര്‍ച്ച 4.5 ശതമാനമായി ചുരുങ്ങുമെന്നാണ് സാമ്പത്തിക ഏജന്‍സികള്‍ പ്രവചിക്കുന്നത്; അതായത് ഇന്ത്യന്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധി. ഇത് മറികടക്കാന്‍ നിര്‍മ്മല സീതാരാമന്‍ എന്ത് മാജിക്കാണ് കാണിക്കുകയെന്നത് ബജറ്റിന് മുമ്പ് എല്ലാവരും ഉറ്റുനോക്കിയിരുന്നു. പക്ഷേ, ബജറ്റ് വന്നപ്പോള്‍ ഒരു മാജിക്കും കാണിച്ചില്ലെന്ന് മാത്രമല്ല, പ്രതിസന്ധി രൂക്ഷമാക്കാനുള്ള ധാരാളം നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ഉപഭോഗത്തിലെ കുറവാണ് രാജ്യത്ത് നില നില്‍ക്കുന്ന പ്രതിസന്ധിയുടെ പ്രധാന കാരണം. ജനങ്ങളുടെ കൈവശം പഴയപോലെ പണമെത്താത്തത് ഉപഭോഗം കുറക്കുന്നു. വലിയ രീതിയിലുള്ള തൊഴിലില്ലായ്മയും ഇതിനുള്ള കാരണമാണ്. ഇത് മറികടക്കാന്‍ വലിയ രീതിയില്‍ ജനങ്ങളിലേക്ക് പണമെത്തിക്കാനുള്ള ഒരു പദ്ധതി വേണ്ടിയിരുന്നു. അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക് പണമെത്തിക്കാനുള്ള പദ്ധതി ഉണ്ടായിരുന്നെങ്കില്‍ അത് വിപണിക്ക് കരുത്താകുകയും പ്രതിസന്ധിയുടെ ആഴം കുറക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കാര്യത്തില്‍ കുറ്റകരമായ മൗനം പുലര്‍ത്തി. ആദായ നികുതി ഇളവിലൂടെ മധ്യവര്‍ഗ സമൂഹത്തെ കൈയിലെടുക്കാനുള്ള ചില കണ്‍കെട്ട് വിദ്യകളും നിര്‍മ്മലാ സീതാരാമന്‍ കൊണ്ട് വന്നിട്ടുണ്ട്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ധനകമ്മി ഉയരുമെന്ന ആശങ്കകള്‍ക്കിടെയാണ് സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാക്കുന്ന ആദായ നികുതി ഇളവ് ബജറ്റില്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ബജറ്റില്‍ നിക്ഷേപം കൊണ്ടുവരാനായി കൊട്ടിഘോഷിച്ച് നടപ്പാക്കിയ കോര്‍പ്പറേററ്റ് നികുതിയിലെ ഇളവ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ യാതൊരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബജറ്റിലെ പുതിയ നികുതിയിളവും. ഇതുകൂടി വരുന്നതോടെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാനുള്ള സാധ്യതകള്‍ ഏറെയാണ്.

തൊഴില്‍ സൃഷ്ടിക്കില്ല
ഇന്ത്യയിലെ ജനങ്ങള്‍ക്ക് വലിയ രീതിയില്‍ തൊഴില്‍ നല്‍കുന്ന മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ പുതിയതായി തൊഴില്‍ സൃഷ്ടിക്കാന്‍ ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടാവുമോയെന്നത് കൗതുകത്തോടെ എല്ലാവരും ഉറ്റുനോക്കിയിരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കിയ ചില ഇളവുകളും മൊബൈല്‍ നിര്‍മാണത്തിന്റെ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുമെന്ന പ്രഖ്യാപനത്തിനുമപ്പുറം തൊഴിലുകള്‍ സൃഷ്ടിക്കാനുള്ള യാതൊന്നും ബജറ്റിലില്ല. കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ നല്‍കുകയാണെങ്കില്‍ നിര്‍മാണം ഇന്ത്യയില്‍ നടത്താമെന്ന് അറിയിച്ച് ആഗോളതലത്തിലെ ഒരു പ്രമുഖ മൊബൈല്‍ കമ്പനി സമീപിച്ചപ്പോള്‍ അത് സാധ്യമല്ലെന്ന് മറുപടി നല്‍കിയത് മോദിയുടെ ഭരണകാലത്തായിരുന്നു. ആ സര്‍ക്കാരാണ് ഇന്ത്യയെ മൊബൈല്‍ നിര്‍മാണത്തിന്റെ ഹബ്ബാക്കുമെന്ന് പറയുന്നത്. എല്ലാ ബജറ്റിലേയും പോലും ഉണ്ടയില്ലാ വെടി മാത്രമായാണ് നിര്‍മ്മലയുടെ പ്രഖ്യാപനത്തെ കാണേണ്ടത്. എന്നാല്‍, രാജ്യത്തെ തൊഴില്‍രംഗത്തെ പ്രതിസന്ധിയെ അത്ര ലാഘവത്തോടെ കാണാന്‍ സാധ്യമല്ല. 48 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇന്ത്യയില്‍ അനുഭവപ്പെടുന്നത്. ഇത് പരിഗണിച്ചല്ലാതെ സര്‍ക്കാരിന്റെ മുന്നോട്ടുപോക്ക് സാധ്യമാകില്ല. പക്ഷേ, നോട്ട് നിരോധനവും ജി.എസ്.ടിയും പോലുള്ള തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മോദി സര്‍ക്കാരിന് ഇതൊരു പരിഗണനാ വിഷയമേ ആവുന്നില്ലെന്നാണ് നിര്‍മ്മലാ സീതാരാമന്റെ രണ്ടാം ബജറ്റും തെളിയിക്കുന്നത്.

സാമൂഹിക സുരക്ഷക്ക് വട്ടപൂജ്യം
രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗത്തിന്റെ നീറുന്ന പ്രശ്‌നങ്ങളോട് കുറ്റകരമായ മൗനം പുലര്‍ത്തുകയാണ് ബജറ്റ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ല. വായ്പകള്‍ മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് തടയാന്‍ ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് അവരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറയുന്നത്. മന്ത്രാലയത്തിന് പണം അനുവദിച്ചതല്ലാതെ സാമൂഹ്യക്ഷേമത്തിനായി പ്രത്യേക പദ്ധതികളൊന്നും ബജറ്റില്‍ ഇടംപിടിച്ചിട്ടില്ല. സ്ത്രീസുരക്ഷക്കായുള്ള പ്രത്യേക പദ്ധതികളോ വിഹിതമോ ബജറ്റില്‍ നീക്കിവെച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നോട്ട് നിരോധനം പോലുള്ള തീരുമാനം പ്രതിസന്ധിയിലാക്കിയ അസംഘടിത തൊഴിലാളികള്‍ക്കായും ഒരു ആനുകൂല്യവും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലെന്നതും പ്രതിഷേധാര്‍ഹമാണ്.

ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളല്‍ കഞ്ഞിയെന്ന പോലെയായിരുന്നു കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി മോദി സര്‍ക്കാരിന്റെ ബജറ്റ്. വന്‍ പ്രഖ്യാപനങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്കായി സര്‍ക്കാര്‍ നടത്താന്‍ പോകുന്നുവെന്ന രീതിയിലുള്ള വാര്‍ത്തകള്‍ ബജറ്റ് അവതരണത്തിന് മുമ്പ് പ്രചരിക്കും. എന്നാല്‍, അവതരിപ്പിച്ച ബജറ്റുകളിലൊന്നും അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതികള്‍ ഒന്നും തന്നെ ഇടംപിടിക്കാറില്ല. മധ്യവര്‍ഗത്തെ പരിഗണിച്ചുവെന്ന തോന്നലുണ്ടാക്കി കോര്‍പറേറ്റുകള്‍ക്ക് നിര്‍ബാധം ഇളവുകള്‍ തുടരുകയെന്ന രീതിയാണ് മോദി സര്‍ക്കാരിന്റേത്. ഇതേ പാറ്റേണ്‍ തന്നെയാണ് 2020ല്‍ നിര്‍മലാ സീതാരാമന്റെ രണ്ടാം ബജറ്റിലും കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757