zero hour

കൂത്ത്: ഇരട്ട സംഘനും ഇരട്ടചങ്കനും-ചാക്യാര്‍

 

കാക്കി നിക്കറും കാക്കി പാന്റ്‌സും ചാക്യാര്‍ക്ക് കുരുക്കഴിക്കാനാകാത്ത ഇരട്ട പ്രതീകങ്ങളാണ്. ഇതു രണ്ടും കാലിലൂടെയണിയുന്ന അരയും മുഴുവനുമായ (നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍) കളസങ്ങളാണ്. നിക്കറുകാരന്റെ കയ്യില്‍ കുറുവടി കാണും. പാന്റ്‌സുകാരന്റെ കയ്യില്‍ ലാത്തിയും. രണ്ടിനും സൈനികവിഭാഗങ്ങളുടെ മട്ടും ഭാവവുമുണ്ടാകും. ക്ഷേത്രമുറ്റത്തും പരേഡ് മൈതാനങ്ങളിലും അവരുടെ കസര്‍ത്തും അഭ്യാസങ്ങളും എമ്പാടുമുണ്ടാകും. ഒന്നിന്റെ പേര് ആര്‍.എസ്.എസെന്നും അടുത്തതിന്റെ പേര് പോലീസെന്നുമാണ്. നിക്കറിന് നേതൃത്വം നല്‍കുന്നത് സംഘനാണെങ്കില്‍ പാന്റിന് നേതൃത്വം നല്‍കുന്നത് ചങ്കന്‍ ആണ്. ഇരട്ട ചങ്കന്‍ എന്നും വിളിക്കപ്പെടാറുണ്ട്. സായിപ്പിനെ കാണുമ്പോള്‍ പക്ഷേ, കവാത്ത് മറന്നുപോകുന്നതാണ് പതിവും പാരമ്പര്യവും.

പൗരത്വബില്ലിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന ഖ്യാതിയും കീര്‍ത്തിയുമുണ്ട്. പുത്തരികണ്ടത്തും പീരങ്കിമൈതാനിയിലും മറൈന്‍ഡ്രൈവിലും പൂരപ്പറമ്പിലും മുതലക്കുളത്തും തടിച്ചുകൊഴുത്ത സദസ്സുകളില്‍ ഗീര്‍വാണ പ്രസംഗങ്ങള്‍ ചാണിന് ചാണായും മുഴത്തിനു മുഴമായും നടക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തരവകുപ്പിന് നേതൃത്വം നല്‍കുന്ന സഖാവ് തന്നെ നേരിട്ടെത്തി വാചകടിക്കും കഥാപ്രസംഗത്തിനും നേതൃത്വം കൊടുക്കുകയാണ്. ആവേശത്തോടെ കയ്യടിക്കാന്‍ മുന്നില്‍ ചാക്യാരുമുണ്ടായിരുന്നു. പൗരത്വബില്ലിനെതിരെ നടക്കുന്ന സമരങ്ങള്‍ രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നായിരുന്നു എ.കെ.ജി സെന്ററില്‍ നിന്നുമുള്ള റിപ്പോര്‍ട്ടിങ്ങുകള്‍. പക്ഷേ, കാക്കി പാന്റ്‌സിട്ട ആളുകള്‍ക്ക് ഈ ജാതി അറിവും വിവരവുമൊന്നുമില്ല. മുഷ്ടിയും തൊണ്ടയും മാത്രമുപയോഗിച്ച് നടത്തുന്ന ശുദ്ധ പശുമാര്‍ക്ക് വെജിറ്റേറിയന്‍ സമരങ്ങള്‍ക്കെതിരെപോലും കേസ് എടുത്തുവരികയാണ് പൊലീസ് ഏമാന്മാര്‍. പിണറായി സഖാവ് ഈ പറയുന്ന മലയാളമൊന്നും, ബെഹ്‌റസംഘന് മനസിലാകുന്നില്ലെന്ന് വേണം കണക്കുകൂട്ടാന്‍. ഒന്നുകില്‍ മന്ത്രിമുഖ്യന്‍ ഹിന്ദി പഠിക്കണം. അല്ലെങ്കില്‍ പൊലീസ് മുഖ്യന്‍ മലയാളം പഠിക്കണം. ഇതു രണ്ടും നടന്നില്ലെങ്കില്‍ കേരളത്തില്‍ പാര്‍ട്ടി സഖാക്കള്‍ ആപ്പിലാകുമെന്നുറപ്പാണ് ചാക്യാര്‍ക്ക്. അലനും താഹയ്ക്കും പറ്റിയതുപോലെ.

ഒരു കാര്യം സമ്മതിക്കാതെവയ്യാട്ടോ. പിണറായി സഖാവ് എല്ലാറ്റിനുമെതിരാണ്. യു.എ.പി.എ എന്നത് മര്‍ധകഭരണകൂടത്തിന്റെ കാടന്‍ കിരാത ക്രൂരനിയമ മാണെന്ന് പ്രസംഗിക്കാത്തവരായി സഖാക്കളാരെങ്കിലുമുണ്ടോ സംസ്ഥാന സമിതിയിലും പോളിറ്റ്ബ്യൂറോയിലും. എന്നിട്ടാണല്ലോ നമ്മുടെ രണ്ടുകുട്ടികളെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനമായിട്ടും, കാക്കി പാന്റ്‌സുകാര്‍ പിടിച്ചുകൊണ്ടുപോയത്. രണ്ടു പുസ്തകം കയ്യില്‍പിടിപ്പിച്ചും അവരെ കൊണ്ട് മൂന്നു മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ചും എഫ്.ഐ.ആറിട്ടു കേസങ്ങ് കൊഴുപ്പിച്ചു. രാജ്യസുരക്ഷയുടെ മൊത്തകുത്തകക്കാരായ ദേശീയ അന്വേഷണ കേമന്‍മാര്‍ കേസ് കേന്ദ്രത്തിലേക്ക് റാഞ്ചികൊണ്ടുപോകുന്നത് നിര്‍ഗുണരായി നോക്കി നില്‍ക്കാനേ ചെങ്കുപ്പായക്കാര്‍ക്കായുള്ളൂ. കോഴിക്കോട് ജില്ലാ കമ്മിറ്റി ഒന്നു ഉച്ചത്തില്‍ നിലവിളിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്ന് ചാക്യാര്‍ക്ക് തോന്നിപോയിട്ടുണ്ട് പലപ്പോഴും. എല്ലാം കഴിഞ്ഞിട്ടിപ്പോള്‍ അമിത് ഷാക്ക് കത്തെഴുതി കുത്തിയിരിക്കുകയാണ് ഇരട്ടസംഘനും ഇരട്ടച്ചങ്കനും ചേര്‍ന്ന്. തിരുമനസ്സ്‌കൊണ്ട് വിചാരിച്ച് കേസ് കേരളത്തിലെ ഏമാന്മാരെകൊണ്ട് അന്വേഷിക്കുവാന്‍ വിനീതവിധേയമായി അനുവദിക്കുമാറാകണം എന്ന്. ആരാണ് അപേക്ഷിക്കുന്നതെന്നറിയാമോ. ഊരിപ്പിടിച്ച വാളിനിടയിലൂടെ സധൈര്യം സുധീരം നടന്നുവന്ന വീരപുത്രന്മാര്‍. അത്തരം ഓരിയിടലുകളിലൊന്നുമാത്രമാണ് പാര്‍ട്ടി യു.എ.പി.എ.ക്ക് എതിരാണെന്നത്. അതേ നാവുകൊണ്ട് തന്നെയല്ലേ പേര്‍ത്തും പേര്‍ത്തും പൗരത്വബില്ലിനും തങ്ങളെതിരാണെന്ന് പറഞ്ഞത്. എന്നിട്ട് അവസാനനിമിഷം സമരത്തെ പിന്നില്‍ നിന്നും കുത്തുകയാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള സഖാവ് ചെയ്തത്. സമരത്തില്‍ ഭീകരവാദികള്‍ നുഴഞ്ഞുകയിറിയിട്ടുണ്ടത്രേ. സഖാവ് പറഞ്ഞതിനോട് ഞൊടിയിടയില്‍ സംഘി യോജിച്ചു. മേരേ പ്യാരേ ദേശ് വാസിയോം അതെടുത്ത് പാര്‍ലമെന്റിലെ പ്രസംഗത്തില്‍ കട്ട് ആന്റ് പേസ്റ്റ് ചെയ്തു. പിണറായി പറഞ്ഞത് എത്ര വലിയ ശരിയെന്നായിരുന്നു മോദിയുടെ പ്രതികരണം. ഇതിലും വലിയ പാര, പാര്‍ട്ടി ചരിത്രത്തിലാരും തന്നെ ഇതുവരേ പണിതുകാണില്ല.

ആലപ്പുഴയിലെ വളഞ്ഞ വഴിയിലും കായംകുളത്തും മറ്റും പൗരത്വബില്ലിനെതിരെ ബി.ജെ.പി ന്യായീകരണ പൊതുയോഗങ്ങള്‍ നടത്തിയപ്പോള്‍, അവിടത്തെ വ്യാപാരി വ്യവസായികള്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു. ഒഴിഞ്ഞ കസേരകളോട് ബില്ലിന്റെ മേന്മകളെ കുറിച്ച് പ്രസംഗിക്കേണ്ടിവന്നു എം.ടി രമേശിനും സുരേന്ദ്രന്‍ജിക്കും. നിസ്സഹകരണ സമരമുറകണ്ട് സംഘപരിവാരം ഞെട്ടുകയും ചെയ്തു. തല്‍ഫലമായി മാനസികമായി തകര്‍ന്ന അണികള്‍ക്ക് ആവേശം നല്‍കാന്‍ ആര്‍.എസ്.എസ് കുറുവടി മാര്‍ച്ചുമായി മുന്നോട്ടുവരികയും ചെയ്തു. അതവരുടെ പാര്‍ട്ടി കാര്യം. ചാക്യാരതിലിടപ്പെടുന്നില്ല. പക്ഷേ, കടകളടച്ചു കുറ്റിയിട്ട് വീട്ടില്‍ പോയ വ്യാപാരികള്‍ക്കെതിരെ കേസെടുത്ത കേരള പൊലീസ് ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് ചാക്യാര്‍ കൂത്തിനിടക്ക് ചോദിച്ചുപോവുകയാണ്.

അതിനിടയിലാണ്, ഗാന്ധിജി വധത്തിന്റെ ഓര്‍മകളില്‍ രാജ്യം നൊമ്പരപ്പെട്ടുകൊണ്ടിരിക്കെ, ദില്ലിയിലെ ശാഹീന്‍ബാഗില്‍, ഗോപാല്‍ ഗോദ്‌സെയുടെ ചേലും കോലുമുള്ള രാംഭക്ത് ഗോപാല്‍ എന്ന ചെറുപ്പക്കാരന്‍ തോക്കുചൂണ്ടി സമരക്കാര്‍ക്ക് നേരേ വെടിയുതിര്‍ത്തത്. ശാഹീന്‍ബാഗ് കളിക്ക് അന്ത്യംകുറിക്കും എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് അയാള്‍ തോക്കുമായെത്തിയത്. അത് കളിത്തോക്കാണ് എന്ന മട്ടില്‍ യു.പി പൊലീസ് നോക്കിനില്‍ക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് പിടിച്ചു വണ്ടിയില്‍ കയറ്റുകയും ചെയ്തിട്ടുണ്ട്. മിക്കവാറും അയാളെ മാനസിക രോഗിയാക്കി ചിത്രീകരിച്ചു രക്ഷപ്പെടുത്താനുള്ള തിരക്കഥ തയ്യാറാവുകയാകും. ഇതെഴുതുമ്പോള്‍ സെക്രട്ടറിയേറ്റിനടുത്തുള്ള ശാഹീന്‍ബാഗ് സമരചത്വരം പൊളിച്ചുകളയുന്നതിനായി തോക്കുകളുമായി എത്തിയിരിക്കുകയാണ് പക്ഷേ, കേരള പോലീസുകാര്‍. പട്ടാപകലില്‍ കേരളത്തില്‍ നടക്കുന്ന ഇത്തരം കാര്യങ്ങള്‍ കാണുമ്പോഴാണ് ചാക്യാര്‍ സംഘപോലീസിനെ നമിച്ചുപോകുന്നത്.

ഈ പുകലിനും പുക്കാറിനുമിടയില്‍ നിര്‍മലാസീതാരാമനും ഐസക് ന്യൂട്ടനും കേന്ദ്രത്തിലും കേരളത്തിലും വാര്‍ഷിക കണക്കവതരണ പ്രസംഗവും കവിതാ പാരായണവും പൊടിപൊടിച്ചു. പ്രതിസന്ധിയില്‍ നിന്ന് കരംകയറാന്‍ സര്‍വ്വവും വിറ്റുതുലക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഐസക് ആകട്ടെ സകല സര്‍ക്കാര്‍ കാര്യങ്ങള്‍ക്കുമുള്ള ഫീസുകള്‍ കുത്തനെ കൂട്ടുകയും ചെയ്തു. എന്നാലും 25 രുപക്ക് ഊണ് കിട്ടുന്ന 1,000 ഹോട്ടലുകള്‍ കേരളത്തില്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. തീറ്റപിരാന്തനയാ ചാക്യാര്‍ക്ക് ആനന്ദലബ്ധിക്കിനി വേറേയൊന്നും തന്നെ വേണ്ടതില്ല. രണ്ടുമൂന്ന് അത്ഭുതങ്ങള്‍ കേരളത്തില്‍ സംഭവിച്ചിട്ടുണ്ട്. അതുംകൂടി പറഞ്ഞ് കൂത്തവസാനിപ്പിക്കാം. ഇരട്ടസംഘനും ഇരട്ടചങ്കനും ഒന്നിച്ചു ഭരിക്കുന്ന കേരളത്തില്‍ ബി.ജെ.പിക്ക് സംസ്ഥാന പ്രസിഡണ്ടായി. പാവം ഗവര്‍ണര്‍ അദ്ധേഹത്തിന് ഇനി വിശ്രമിക്കാമെന്നുതോന്നുന്നു. നിയമസഭയിലെ പ്രസംഗവായനാ കലാപരിപാടിക്ക് ശേഷം അദ്ധേഹത്തെയാരും അധികം കണ്ടിട്ടുമില്ല.

നൂറിലധികംപേരുടെ പട്ടികയുമായി കെ.പി.സി.സി, ഭാരവാഹികളെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി. രാജ്യം കത്തുമ്പോഴും ഭാരവാഹി പൗരത്വപട്ടികയില്‍ നിന്നും പുറത്താകുമോയെന്നതായിരുന്നല്ലോ അവരുടെ പ്രധാനപേടി. നാലഞ്ചുമാസത്തെ വിശ്രമത്തിനു ശേഷം തമാശകള്‍ പറയാനായി പാര്‍ട്ടി സെക്രട്ടറി കൊടിയേരി തലസ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു. ഇനി ചാക്യാരുടെ കൂത്തില്ലെങ്കിലും കുഴപ്പമില്ല.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757