Opinion

കേരള ജനസംഖ്യയില്‍ പത്തു ശതമാനം മുന്നാക്ക ദരിദ്രരാണോ?  – ഫസല്‍ കാതിക്കോട്

 

സംവരണം പ്രത്യേക സംരക്ഷണ വ്യവസ്ഥകളില്‍ ഒന്നാണ്. affirmative action, positive descrimination, reservation, positive action തുടങ്ങി വിവിധ പേരുകളില്‍ ലോകമെങ്ങും നിലനില്‍ക്കുന്ന പ്രത്യേക സംരക്ഷണ വ്യവസ്ഥകളില്‍ ഒന്നാണ് സംവരണം. പ്രകൃതിപരമായോ ചരിത്രപരമായോ സാമൂഹികമായോ മറ്റെന്തെങ്കിലും കാരണത്താലോ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ഒരു പ്രത്യേക വിഭാഗത്തിന് അവരുടെ പിന്നാക്കാവസ്ഥ ഇല്ലാതാക്കാന്‍ആ നിശ്ചിത മേഖലയില്‍ പ്രത്യേക സംരക്ഷണ വ്യവസ്ഥകള്‍ അനുവദിക്കപ്പെടുന്നു. തുല്യതക്കുവേണ്ടിയുള്ള വിവേചനമാണ് പ്രത്യേക സംരക്ഷണ വ്യവസ്ഥകള്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും വേണ്ടിയുള്ള നിയമങ്ങള്‍, പൊതുവാഹനങ്ങളിലും പൊതു ഇടങ്ങളിലും നല്‍കുന്ന മുന്‍ഗണനകള്‍ ഇതെല്ലാം പ്രത്യേക സംരക്ഷണ വ്യവസ്ഥകളില്‍ പെടും. ഇന്ത്യയിലെ ജാതി വ്യവസ്ഥ മൂലവും ന്യൂനപക്ഷ മതങ്ങളില്‍ ഉള്‍പ്പെടുന്നു എന്നതിനാലുംവ്യത്യസ്ത വിഭാഗങ്ങള്‍ക്ക് അധികാര ഘടനയില്‍പിന്നാക്കാവസ്ഥ അനുഭവിക്കുന്നു. അവര്‍ക്ക് അധികാര പങ്കാളിത്തം നല്‍കുന്നതിനുള്ളതാണ് ഭരണഘടനാപരമായി ഇന്ത്യയിലെ സംവരണം. സര്‍ക്കാരിലെ ജോലികള്‍, വിവിധ തലങ്ങളിലെ ജനപ്രതിനിധികളുടെ തെരഞ്ഞെടുപ്പുകളിലെ പ്രാതിനിധ്യം തുടങ്ങിയവയാണ് ഇതിലൂടെ ഉറപ്പുവരുത്തപ്പെടുന്നത്.

ദാരിദ്ര്യത്തിന് പരിഹാരം അധികാര പങ്കാളിത്തമോ?
ഒരു വിഭാഗത്തിന് സാമ്പത്തികമായി തുല്യത ഉറപ്പുവരുത്തുക എന്നത് സംവരണത്തിന്റെ ലക്ഷ്യമല്ല. സംവരണത്തിലൂടെ അത് സാധ്യവുമല്ല. സാമ്പത്തികമായി ഉയര്‍ത്തുന്നതിന് ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സൗജന്യമായി ഭക്ഷണവും ചികിത്സയും മറ്റു വസ്തുവകകളും ലഭ്യമാക്കുക, ബാങ്ക് വായ്പകളില്‍ മുന്‍ഗണന നല്‍കുകതുടങ്ങി ഒട്ടേറെ സംരക്ഷണ വ്യവസ്ഥകള്‍ നിലവിലുണ്ട്.വസ്തുതകള്‍ ഇതായിരിക്കെ കേന്ദ്രത്തിലെ സംഘ് സര്‍ക്കാരും കേരളത്തിലെ ഇടതുസര്‍ക്കാരും മുന്നാക്ക ജാതി വിഭാഗങ്ങളുടെ സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്, അതിനനുയോജ്യമായ പ്രത്യേക സംരക്ഷണ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം നിലവില്‍ തന്നെ അധികാര പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന മുന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് വീണ്ടും അധികാരത്തില്‍ കൂടുതല്‍ സംവരണം നല്‍കുന്ന വ്യവസ്ഥകള്‍ നടപ്പാക്കിയിരിക്കുകയാണ്. ദലിത് പിന്നാക്ക വിഭാഗങ്ങളോട് ചെയ്ത ഈ വന്‍ ചതി അവരുടെ വരുംതലമുറകളോടു പോലുമുള്ള മഹാപാതകമായിത്തീര്‍ന്നിരിക്കുകയാണ്.

സാമ്പത്തിക സംവരണം എന്ന ആശയം ആദ്യമായി മുന്നോട്ടു വെക്കുന്നത് ഇ.എം.എസ് നമ്പൂതിരിപ്പാടാണ്. ജനങ്ങളെ മുഴുവന്‍ സാമ്പത്തികതയുടെ കണ്ണിലൂടെ മാത്രം കാണുന്ന മാര്‍ക്‌സിയന്‍ വരട്ടുവാദത്തിന്റെ ഭാഗമായിരുന്നു അത്. എന്നാല്‍, അക്കാലത്ത് അതിന് പിന്തുണ ലഭിച്ചില്ല.പിന്നീട് വന്ന ഇടതുസര്‍ക്കാരുകള്‍ ഈ ചര്‍ച്ച പലപ്പോഴായി ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും വിജയിക്കുകയുണ്ടായില്ല. എന്നാല്‍, മോദിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സംവരണത്തിന്റെ കാര്യത്തില്‍സംഘികളോടൊപ്പം ഒരേതൂവല്‍ പക്ഷിയായ ഇടതുപക്ഷത്തിനും അതിന് ധൈര്യം ലഭിച്ചു. 2019ല്‍ മോദി സര്‍ക്കാര്‍ 103-ാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉദ്യോഗങ്ങളിലും വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം നല്‍കുന്നതിന് ആവശ്യമായ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി ലഭ്യമാക്കി.സവര്‍ണാധിപത്യ വ്യവസ്ഥക്കുവേണ്ടി ശ്രമിക്കുന്നസംഘി സര്‍ക്കാര്‍ സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചപ്പോള്‍അതിനെ ആദ്യമായി അനുമോദിച്ചത് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാരായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നതിനു മുമ്പേ തന്നെ ദേവസ്വം ബോര്‍ഡ് നിയമനങ്ങളിലും വിദ്യാഭ്യാസത്തിലും മുന്നാക്ക സാമ്പത്തിക സംവരണം കേരള സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞിരുന്നു. ഇതു സംബന്ധമായി സുപ്രീം കോടതി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി, മുന്നാക്ക ജാതി സംവരണത്തിന് അനുമതി നല്‍കുക മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുള്ളു എന്നാണ്. ഒരു സംസ്ഥാനത്ത് സംവരണം നല്‍കണോ വേണ്ടയോ എന്നത് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്നിരിക്കെയാണിത്.

സവര്‍ണ മേധാവിത്വത്തിനുള്ള ചതിവഴികള്‍
കേരള സര്‍ക്കാരും യാതൊരു കണക്കുകളും പരിശോധിക്കാതെ മുന്നാക്ക വിഭാഗങ്ങള്‍ക്ക്ഇനി സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ കൂടി പത്ത് ശതമാനം സംവരണം നല്‍കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. ഉദ്യോഗങ്ങള്‍ക്കപേക്ഷിക്കുന്ന മുന്നാക്ക വിഭാഗത്തിന്റെ പത്ത് ശതമാനത്തിനല്ല, മൊത്തം അപേക്ഷകരുടെ പത്ത് ശതമാനം സംവരണമാണ് മുന്നാക്കക്കാര്‍ക്ക് നല്‍കുന്നത്. ആകെ മുന്നാക്ക ഹിന്ദുക്കളും മുന്നാക്ക ക്രിസ്ത്യാനികളും കൂടി കേരള ജനസംഖ്യയില്‍ പരമാവധി 25 ശതമാനമേയുള്ളു. അപ്പോള്‍ മൊത്തം അപേക്ഷകരുടെ പത്ത് ശതമാനം അവര്‍ക്ക് നല്‍കുമ്പോള്‍ അവരുടെ ഉദ്യോഗ പ്രാതിനിധ്യം ഇനിയും എത്രകണ്ട് വര്‍ധിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ക്രീമിലെയറിന് താഴെയുള്ളവര്‍, വീട് 1000 സ്‌ക്വയര്‍ ഫീറ്റില്‍ താഴെ, അഞ്ച് ഏക്കറില്‍ താഴെ ഭൂമിയുള്ളവര്‍ ഇങ്ങിനെയൊക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ മുന്നാക്കത്തിലെ പിന്നാക്ക വിഭാഗത്തിന് മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. മാനദണ്ഡത്തില്‍ മാറ്റം വരുത്തുമെന്ന് കേരള സര്‍ക്കാര്‍ പ്രസ്താവിച്ചിട്ടുണ്ട്.

ഈ മുന്നാക്ക സവര്‍ണ ജാതി,മത വിഭാഗങ്ങളില്‍ പെട്ടവരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ കേരള ജനസംഖ്യയില്‍ കൃത്യം പത്ത് ശതമാനം തന്നെയാണ് എന്ന കണക്ക് എവിടെ നിന്ന് കിട്ടിയതാണ് ? വാസ്തവത്തില്‍ ഓരോ വിഭാഗങ്ങളിലും എത്ര ശതമാനം ക്രീമിലെയര്‍ പരിധിയില്‍ താഴെയുള്ളവരുണ്ട് എന്നതിന് ഒരു കണക്കും ഇപ്പോള്‍ ലഭ്യമല്ല. തഹസില്‍ദാര്‍മാര്‍ നല്‍കുന്ന ക്രീമീലെയര്‍ സര്‍ട്ടിഫിക്കറ്റാണ് സംവരണത്തിന് അവലംബമാക്കുന്നത്. വ്യക്തമായ ശമ്പളക്കണക്ക് സമര്‍പ്പിക്കാന്‍ നിര്‍ബന്ധിതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരൊഴികെ ബാക്കിയുള്ളവരെല്ലാം ക്രീമീലെയറിന് താഴെയെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് തഹസില്‍ദാര്‍മാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അതായത് മുന്നാക്ക വിഭാഗങ്ങളിലെ എതാണ്ട് എല്ലാവര്‍ക്കും മുന്നാക്ക സംവരണം ലഭിക്കും.

ക്രീമിലെയറിനു താഴെയുള്ളവരുടേത് ലഭ്യമല്ലെങ്കിലും
ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ ഒരു കണക്ക് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരള പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദേശം എത്ര ശതമാനം പേര്‍ ഓരോ വിഭാഗങ്ങളിലും ദരിദ്രരായുണ്ട് എന്ന് മനസിലാക്കാന്‍ 2006 ലെ ഈ കണക്ക് പൂര്‍ണ്ണമായല്ലെങ്കിലും വളരെയധികം ഉപകാരപ്രദമാണ്. കേരളത്തില്‍ മുന്നാക്ക ജാതി ഹിന്ദുക്കള്‍ 14.65 ശതമാനമാണ്. ഇതില്‍ 14.2 ശതമാനമാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍. അതായത് മൊത്തം ജനസംഖ്യയില്‍ 2.08 ശതമാനം മാത്രമാണ് മുന്നാക്ക ദരിദ്രര്‍. ഇതുകൂടാതെ ജനസംഖ്യയില്‍ 9.31 ശതമാനം വരുന്ന മുന്നാക്ക ക്രിസ്ത്യാനികളുമുണ്ട്. സുറിയാനി വിഭാഗക്കാരായ മുന്നാക്ക ക്രിസ്ത്യാനികളില്‍ എത്ര ശതമാനം ദരിദ്രരുണ്ടെന്ന് കേരള പഠനം അന്വേഷിക്കുന്നില്ല. അതേസമയം വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ മുന്നാക്ക ക്രിസ്ത്യാനികള്‍ മുന്നാക്ക ഹിന്ദുക്കളെക്കാള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവരാണ് എന്ന് അതേപഠനം വ്യക്തമാക്കുന്നുണ്ട്. എങ്കിലും ഇവരിലെ ദരിദ്രരും ജനസംഖ്യയുടെ രണ്ട് ശതമാനം ആണെന്നു കണക്കാക്കിയാല്‍ മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ ആകെ നാല് ശതമാനത്തില്‍ കൂടില്ല. ഈ നാല് ശതമാനത്തിന് കേരളത്തിലെ തൊഴില്‍ മേഖലകളില്‍ അനുവദിക്കാന്‍ പോകുന്നത് പത്ത് ശതമാനം സംവരണമാണ്. പത്ത് ശതമാനം എന്ന കണക്ക് കേരള സര്‍ക്കാര്‍ കണ്ടെത്തിയത് ഏത് സ്ഥിതിവിവരത്തിന്റെ അടിസ്ഥാനത്തിലായാലും കേരളത്തില്‍ അത് വലിയ സാമൂഹ്യ അസമത്വത്തിന് കാരണമായിത്തീരാന്‍ പോവുകയാണ്.

ഓരോ വിഭാഗത്തിനും നിലവിലുള്ള സര്‍ക്കാര്‍ ജോലി പ്രാതിനിധ്യം കൂടി പരിശോധിക്കാം. നരേന്ദ്രന്‍ കമ്മീഷന്റെ കണക്കനുസരിച്ച് 43.13 ശതമാനം സര്‍ക്കാര്‍ ജോലികള്‍ ആകെ ജനസംഖ്യയില്‍ 25.41 ശതമാനം വരുന്ന മുന്നാക്ക സമുദായങ്ങള്‍ക്കെല്ലാം കൂടിയുണ്ട്. കൊട്ടക്കണക്കായി നല്‍കിയ 10 ശതമാനം കൂടിയാവുന്നതോടെ കേരളത്തിലെ 50-60 ശതമാനം തൊഴിലുകളും ഭാവിയില്‍ മുന്നാക്കക്കാരന്റേതാവുകയാണ്. ആകെ ജനസംഖ്യയില്‍ 75 ശതമാനത്തോളം വരുന്ന മറ്റെല്ലാ വിഭാഗങ്ങള്‍ക്കും കൂടി നിലവിലുള്ളത് 56 ശതമാനം സര്‍ക്കാര്‍ ജോലികള്‍ മാത്രമാണ്. 2001ല്‍ നരേന്ദ്രന്‍ കമ്മീഷനാണ് കേരളത്തില്‍ അവസാനമായി വിവിധ വിഭാഗങ്ങളുടെ ഉദ്യോഗത്തിലെ പ്രാതിനിധ്യം സംബന്ധിച്ച് കണക്കെടുത്തത്. ഇത്തരം കണക്കെടുപ്പുകള്‍ ഓരോ പത്ത് വര്‍ഷത്തിലും നടത്തപ്പെടേണ്ടതാണ്. ഈ കണക്കെടുപ്പുകള്‍ക്ക് പിന്നാക്ക വിഭാഗങ്ങള്‍ നിരന്തരം ആവശ്യമുന്നയിക്കുകയും മുന്നാക്ക വിഭാഗങ്ങള്‍ തടസ്സമുന്നയിക്കുകയും ചെയ്യുന്നതില്‍ നിന്നുതന്നെ അതിന്റെ താല്‍പര്യങ്ങള്‍ വ്യക്തമാണല്ലോ.

പുതിയ പത്ത് ശതമാനം മുന്നാക്ക സംവരണം കൂടി വരുന്നതോടെ ജനറല്‍ കാറ്റഗറി നാല്‍പത് ശതമാനമായി കുറയുകയാണ്. അതോടെ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം വീണ്ടും താഴോട്ട് പോകുമെന്നതില്‍ സംശയമില്ല. ഒരു വഴിയിലൂടെയല്ലെങ്കില്‍ മറ്റൊരു വഴിയിലൂടെ സവര്‍ണാധിപത്യം ഉറപ്പാക്കപ്പെടുക എന്നത് എക്കാലത്തും നടന്നുപോന്നിട്ടുണ്ട്. ജാതീയ ഉഛനീചത്വങ്ങള്‍ പുതിയ മേച്ചില്‍പുറങ്ങളിലേക്ക് പ്രവേശിക്കുന്നതിന് അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ സാക്ഷ്യം വഹിക്കുമ്പോള്‍ അതില്‍ ചെറുതല്ലാത്ത സംഭാവന ഇന്ത്യന്‍ ഇടതുപക്ഷത്തിന്റേതായിരിക്കും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757