Opinion

വെറും പ്രസംഗമായ സംസ്ഥാന ബജറ്റ് – സജീദ് ഖാലിദ്

 

ജി.എസ്.ടിയുടെ വരവോടെ സംസ്ഥാനങ്ങളുടെ വരുമാനക്കൂടുതലും കുറവും നിശ്ചയിക്കുന്നതില്‍ അതാത് സംസ്ഥാന സര്‍ക്കാരുകളുടെ പങ്ക് ഏതാണ്ട് ഇല്ലാതായിരിക്കുന്നു. അതോടുകൂടി സംസ്ഥാന ബജറ്റുകളുടെ രാഷ്ട്രീയ പ്രസക്തിയും ഇല്ലാതായിട്ടുണ്ട്. സംസ്ഥാനത്തിന് തനത് നികുതി നിര്‍ദ്ദേശങ്ങള്‍ക്ക് അനുവാദമുള്ള മേഖലകള്‍ ഇപ്പോള്‍ പരിമിതമാണ്. ഉള്ള വരുമാനത്തെ മാനേജ് ചെയ്യാനുള്ള മാര്‍ഗ നിര്‍ദ്ദേശം മാത്രമായാണ് സംസ്ഥാന ബജറ്റിനെ കാണേണ്ടത്. അധിക വരുമാനത്തിന് പലപ്പോഴും സെസുകള്‍ ചുമത്തുക എന്ന തന്ത്രമാണ് മിക്ക സംസ്ഥാനങ്ങളിലേയും ധനകാര്യ മന്ത്രിമാര്‍ ചെയ്തുവരുന്നത്. ഏതായാലും സംസ്ഥാന ബജറ്റുകളെല്ലാം ഏതാണ്ട് മെട്രോ പോളിറ്റിന്‍ സിറ്റികളിലെ തദ്ദേശ ഭരണകൂടങ്ങളുടെ ബജറ്റ്‌പോലെ പുതുതായി കാര്യമായ നികുതി നിര്‍ദ്ദേശങ്ങളോ നികുതി കുറവുകളോ ഇല്ലാതെ ഉള്ളവരുമാനത്തെ ബാലന്‍സ് ചെയ്ത് മുന്നോട്ട് കൊണ്ടുപൊകേണ്ടുന്ന രീതിയിലായിത്തീര്‍ന്നിരിക്കുന്നു.

കേരളത്തിലെ 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി ഏഴിന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുമ്പോള്‍, ആ സന്ദര്‍ഭത്തിന് ചില പ്രസക്തിയുണ്ട്. രാജ്യമാകെ പൗരത്വ പ്രക്ഷോഭങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരക്കുന്ന സമയം എന്നതിന് പുറമേ, ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിതി താറുമാറായ കാലവുമാണ്. കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ മുന്നിലാകട്ടെ തദ്ദേശ തെരെഞ്ഞെടുപ്പും കുട്ടനാട് ഉപതെരെഞ്ഞെടുപ്പും വരാനിരിക്കുന്നു. അടുത്തവര്‍ഷം പൊതുതെരഞ്ഞെടുപ്പും വരും. ഈ സര്‍ക്കാരിന് സമ്പൂര്‍ണ്ണ ബജറ്റ് എന്ന നിലയില്‍ അവതരിപ്പിക്കാനുള്ള അവസാന ബജറ്റുമാണ് ഇത്.

2019 ജനുവരി 31ന് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍, മാന്ദ്യം പിടിമുറുക്കുന്നുണ്ടെങ്കിലും ചരക്ക്‌സേവന നികുതി വഴി 30 ശതമാനം നികുതിവര്‍ധന നേടി സംസ്ഥാനത്തിന്റെ വികസനക്ഷേമ സ്വപ്നങ്ങളെല്ലാം യാഥാര്‍ഥ്യമാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. മനോഹരമായ കവിതാ ശകലങ്ങളിലൂടെ ബജറ്റ് പ്രസംഗം ഗംഭീരമാക്കുകയും ചെയ്തു. അന്നേ, സാമ്പത്തിക രംഗത്ത് പ്രായോഗിക ബോധമുള്ളവര്‍ ഇതൊക്ക വെറും പൊള്ളയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പ്രളയം സൃഷ്ടിച്ച വലിയ വരുമാന പ്രതിസന്ധി മറികടക്കുന്നതിന് പകരം സര്‍ക്കാരിന് ആവുന്ന പരിമിതമായ മേഖലകളില്‍ പരമാവധി നികുതി ചുമത്തിയും സെസുകള്‍ ഏര്‍പ്പെടുത്തിയും കൂടുതല്‍ ഭാരം ജനങ്ങളുടെ മേല്‍ കെട്ടിവെച്ചുകൊടുത്തു എന്നത് മാത്രമാണ് ബാക്കിപത്രമായത്. കേരള അടിസ്ഥാന സൗകര്യവികസന നിധി (കിഫ്ബി) യിലൂടെ വായ്പയെടുത്ത് നടത്തുന്ന 53,678 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കഴിഞ്ഞ ബജറ്റ് അംഗീകാരം നല്‍കിയത്. എന്നാല്‍, 10,581 കോടിയുടെ 269 പദ്ധതികളാണ് ആരംഭിച്ചത്. ഇതില്‍ തന്നെ 4,480 കോടി രൂപമാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ചത്. പ്രഖ്യാപനത്തിന്റെ പത്ത് ശതമാനം പോലും നടപ്പാക്കാനായില്ല എന്നര്‍ഥം.

ധനക്കമ്മി, ബജറ്റില്‍ പ്രതീക്ഷിച്ചത് 27,094.81 കോടിയാണെങ്കില്‍ അത് ഡിസംബര്‍വരെ മാത്രം 22,991 കോടിയാണ്. റവന്യൂക്കമ്മി 9,215.13 കോടി പ്രതീക്ഷിച്ചിടത്ത് ഡിസംബര്‍വരെ 15,714.55 കോടി ആയിട്ടുണ്ട്. മാന്ദ്യകാലത്ത് ചെലവു ചുരുക്കല്‍ ആത്മഹത്യാപരമാണെന്നാണ് ധനമന്ത്രി വാദിച്ചത്. എന്നാല്‍, ചെലവ് ചുരുക്കലിന് പകരം ഉണ്ടായ ഭരണ ധൂര്‍ത്ത് തെല്ലെന്നുമല്ല കേരളത്തെ ഉലച്ചത്. അതുകൊണ്ടാകണം ഭരണ ചെലവ് ചുരുക്കലിന് ഊന്നലുള്ള പ്രഖ്യാപനങ്ങളാണ് പുതിയ ബജറ്റിലുണ്ടായിരിക്കുന്നത്. ഇത്രയും പറഞ്ഞത് ബജറ്റ് അവതരണം എന്നത് പ്രകടന പത്രിക പോലെ വെറും വാഗ്ദാന പ്രഖ്യാപനങ്ങള്‍ മാത്രമായി മാറിക്കൊണ്ടിരിക്കുന്നു എന്ന് സൂചിപ്പിക്കാനാണ്. തെരഞ്ഞെടുപ്പ് വര്‍ഷം കൂടിയായതിനാല്‍ പ്രഖ്യാപന പെരുമഴയാണ് ഈ ബജറ്റില്‍ സ്വാഭാവികമായും ഉള്ളത്.

ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിച്ച് 1,300 രൂപയായി ഉയര്‍ത്തിയതാണ് പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. ചെലവ് ചുരുക്കലിന്റെറ ഭാഗമായി ഉദ്യോഗസ്ഥ പുനര്‍ വിന്യാസം നടത്തുമെന്നും കാറുകള്‍ വാങ്ങുന്നതിന് പകരം വാടകക്കെടുക്കുമെന്നും ഇതുവഴി 1,500 കോടി രൂപയുടെ അധിക ചെലവ് ഒഴിവാക്കാനാവുമെന്നുമാണ് മന്ത്രി പറയുന്നത്. വനിതകള്‍ക്കായി 1,509 കോടി രൂപയുടെ പദ്ധതികളുടെ പ്രഖ്യാപനമാണ് മറ്റൊന്ന്. 25 രൂപക്ക് ഉച്ചയൂണ് നല്‍കുന്ന ആയിരം കുടുംബശ്രീ ഹോട്ടലുകല്‍ തുറക്കുമെന്നതും ബജറ്റിലെ വാദ്ഗാനങ്ങളിലൊന്നാണ്.

നാലുമണിക്കൂറ്‌കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കെത്താന്‍ സാധിക്കുന്ന സില്‍വര്‍ലൈന്‍ അതിവേഗ റെയില്‍ പ്രോജക്ട് മൂന്നു വര്‍ഷത്തിനകം നടപ്പാക്കുമെന്ന് ബജറ്റ് പറയുന്നു. നിലവിലെ റെയില്‍ പാതയക്ക് സമാന്തരമായല്ല, പുതുതായി സ്ഥലമേറ്റെടുത്തുവേണം ഇത് നടത്താനെന്നത് എത്രമാത്രം പ്രയോഗികമായി ഈ കാലത്ത് സാധിക്കും എന്നത് പ്രശ്‌നം തന്നെയാണ്. കേരളത്തിന്റെ അടിസ്ഥാനാവശ്യം അതിവേഗ റെയിലാണോ എന്ന രാഷ്ട്രീയ ചോദ്യം വേറെയും സര്‍ക്കാര്‍ നേരിടേണ്ടിവരും. പദ്ധതിയുടെ ആകാശ സര്‍വ്വേ പൂര്‍ത്തിയായി. ആകാശ സര്‍വ്വേ ആയതുകൊണ്ടാണ് അത് അനായാസം സാധിച്ചത്. നിര്‍മ്മാണം നടത്തേണ്ടത് ഭൂമിയിലാണല്ലോ. 1,457 രൂപക്ക് നാല് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം കാസര്‍കോഡ് യാത്രയാകാമെന്നാണ് ഇതിന്റെ ആകര്‍ഷണീയതയായി പറയപ്പെടുന്നത്. ഭൂമി ഏറ്റെടുക്കല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന കേരളത്തില്‍ ഇത്തരം പദ്ധതി സ്വപ്ന പദ്ധതിയായി പറയുമ്പോള്‍ അത് എത്രമാത്രം കേരള പ്രകൃതിക്ക് അനുയോജ്യമാകുന്നു എന്ന ചര്‍ച്ചകള്‍ വേറേ ഉയരേണ്ടതുണ്ട്.

പ്രവാസികള്‍ക്കായി 27 കോടി രുപയുടെ പുനരധിവാസ പദ്ധതിയും ബജറ്റ് പ്രഖ്യാപനമായുണ്ട്. ഇത് തുലോം തുച്ഛമാണെന്ന് മാത്രമല്ല, മുന്‍ പ്രഖ്യാപനങ്ങളെല്ലാം കാറ്റില്‍ പറത്തിയ അനുഭവവുമാണ്. കേരളത്തില്‍ പ്രവാസം കഴിഞ്ഞ് മടങ്ങിയെത്തുന്നത് പ്രതിവര്‍ഷം പതിനായിരക്കണക്കിന് ആളുകളാണ്. ഇരുട്ട്‌കൊണ്ട് ഓട്ട അടക്കാനുള്ള ശ്രമം മാത്രമാണ് ഈ തുക. 2019-20 വര്‍ഷത്തെ ബജറ്റില്‍ പ്രളയാനന്ത പ്രവര്‍ത്തനങ്ങള്‍ക്ക് 5,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരുന്നത്. ഇതുപക്ഷേ, എവിടെപ്പോയി എന്നാര്‍ക്കും അറിയില്ല. ഇതിനിടയിലാണ് രണ്ടാമതും പ്രളയമുണ്ടാകുന്നത്. ഭാവനാത്മകമായ പദ്ധതിയോ നിര്‍ദ്ദേശങ്ങളോ ഒന്നുമില്ല. പ്രളയാനന്തര കേരളം പുതിയ കേരളമായി നര്‍മിക്കും എന്നത് വെറും വിപ്ലവ വായിടത്തം മാത്രമായിരുന്നു എന്നതാണ് വസ്തുത. സന്നദ്ധ സംഘടനകളും ജനങ്ങളുടെ ഐക്യവും മാത്രമാണ് പ്രളയക്കെടുതിയില്‍ നിന്ന് അല്‍പമെങ്കിലും ആശ്വാസം ജനങ്ങള്‍ക്ക് നല്‍കിയത്.

ഈ ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് ഭൂമിയുടെ ന്യായ വില ഉയര്‍ത്തുക എന്നത്. പത്ത് ശതമാനമാണ് ഭൂമിയുടെ ന്യായ വില വര്‍ധിപ്പിച്ചത്. വന്‍കിട പദ്ധതികളുടെ സമീപമുള്ള ഭൂമിക്ക് ന്യായവില 30 ശതമാനവും വര്‍ധിപ്പിച്ചിട്ടുണ്ട്. 200 കോടിയുടെ അധിക വരുമാനമാണ് ഈ തീരുമാനത്തിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇത് തിരിച്ചടിയാകാനാണ് സാധ്യത. നോട്ട് നിരോധത്തിന് ശേഷം ഭൂമിയുടെ ക്രയവിക്രയങ്ങളില്‍ വലിയ കുറവാണുള്ളത്. ന്യായവില വര്‍ധനയിലൂടെ സ്റ്റാമ്പ് ഡ്യൂട്ടിക്ക് വരുന്ന വര്‍ധന ഇനിയും ക്രയവിക്രയങ്ങളെ ബാധിക്കും. അല്ലെങ്കില്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ന്യായവിലയും യഥാര്‍ഥ വിലയും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല. സ്റ്റാമ്പ് ഡ്യൂട്ടി കുറച്ച് ന്യായവിലയും യഥാര്‍ഥ വിലയും തമ്മില്‍ ഏകോപിപ്പിക്കാനുള്ള ധീരമായ നടപടികളാണ് ജനപക്ഷത്ത് നില്‍ക്കുന്ന ഒരു സര്‍ക്കാരാണെങ്കില്‍ ചെയ്യേണ്ടത്. ഇതോടൊപ്പം ചേര്‍ത്ത് പറയേണ്ട ഒരു കാര്യം കേരളത്തിലെ ഭൂരഹിതരെ തെല്ലും പരിഗണിക്കാത്ത ഒന്നാണ് ഈ ബജറ്റ് എന്നാണ്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കേണ്ടതില്ല എന്ന് നയപരമായ തീരുമാനത്തില്‍ കേരളത്തിലെ ഇടതുസര്‍ക്കാര്‍ എത്തി എന്നുവേണം അനുമാനിക്കാന്‍. ഹാരിസണടക്കമുള്ള സ്വകാര്യ കുത്തകകള്‍ അനധികൃതമായി കൈയേറിയ അഞ്ച് ലക്ഷത്തിലേറെ ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാനുള്ള എല്ലാ ശ്രമവും സര്‍ക്കാര്‍ നേരത്തേ ഉപേക്ഷിച്ചുകഴിഞ്ഞു.

ചെലവ് ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് നിയന്ത്രിക്കും എന്ന പ്രഖ്യാപനം ശ്രദ്ധേയമാണ്. പക്ഷേ, ബന്ധുനിയമ സര്‍ക്കാര്‍ എന്ന് കുപ്രസിദ്ധിയാര്‍ജിച്ച സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം യുവാക്കളേയും തൊഴില്‍ രഹിതരേയും യാതൊരു തരത്തിലും പരിഗണിക്കുന്ന നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. അപ്രഖ്യാപിത നിയമന നിരോധം തുടരുന്നുണ്ട് താനും. കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ വായ്പകള്‍ പൂര്‍ണമായും മൂലധനെച്ചലവിനുവേണ്ടിയല്ല ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ, ആരോഗ്യ മേഖല അടക്കം സേവന മേഖലയിലേക്ക് വായ്പയെടുത്ത തുക ഉപയോഗിക്കുന്നത് വലിയ ബാധ്യതയാകും. അതുകൊണ്ട് തന്നെ വായ്പകളുടെ തിരിച്ചടവ് വലിയ പ്രശ്‌നമാകുന്നുണ്ട്. എന്നാല്‍, വിലയ തോതില്‍ ലഭിക്കാനുള്ള നികുതി കുടിശ്ശിഖ പിരിച്ചെടുത്ത് ക്ഷേമ പ്രവര്‍ത്തനങ്ങളിലേക്ക് മാറ്റിയാല്‍ ഈ പ്രശ്‌നം ഒഴിവാക്കാനാവും. ഡല്‍ഹി സര്‍ക്കാര്‍ ആ മാതൃതയാണ് കാട്ടിത്തന്നത്. പക്ഷേ, വന്‍കിടക്കാരേയും സ്തുതിപാടകരേയും തൊടാന്‍ കേരളത്തിലെ സര്‍ക്കാരുകള്‍ ഭയപ്പെടുന്നു; ഇടതുപക്ഷം പ്രത്യേകിച്ചും. അതുകൊണ്ട് തന്നെ സേവന മേഖലക്കും ക്ഷേമ പദ്ധതികള്‍ക്കും വായ്പ ആശ്രയമായി വരുന്നു. അത് വീണ്ടും ബാധ്യതയായി പെരുകയും ചെയ്യുന്നു.

രാജ്യത്ത് സാമ്പത്തിക തകര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ വളര്‍ച്ചയും ഭൂപ്രകൃതിയും സാമൂഹ്യ സാഹചര്യവും വെച്ച് ഭാവനാത്മകമോ പ്രയോഗികമായി സാദ്ധ്യമാക്കുന്നതോ ആയ ഒരു ബജറ്റ് അവതിരപ്പിക്കുന്നതില്‍ ധനകാര്യമന്ത്രി പരാജയപ്പെട്ടു എന്നുവേണം വിലയിരുത്താന്‍. പകരം, പ്രകടന പത്രികപോലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വാഗ്ദാനങ്ങളായി ബജറ്റ് മാറി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബജറ്റിലെ ഉള്ളടക്കത്തിനല്ല, ബജറ്റ് പ്രസംഗത്തിനാണ് പ്രാധാന്യം എന്നതാണ് അവസ്ഥ. അതിനോട് നീതിപുലര്‍ത്തി എന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റിന്റെ പ്രത്യേകത.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757