Opinion

പൗരത്വം പ്രക്ഷോഭം: ഇരട്ടത്താപ്പിന്റെ കേരള മോഡല്‍ – എസ്.എ അജിംസ്

 

പൗരത്വ ഭേദഗതി നിയമത്തിനെതിരായി കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെല്ലാം ഉത്തരേന്ത്യയെ അപേക്ഷിച്ച് സേഫ് സാണ്‍ സമരങ്ങളെന്നാണ് വിശേഷിപ്പിക്കേണ്ടത്. പൗരത്വ ഭേദഗതി ഉയര്‍ത്തിയ ആശങ്കകള്‍ പ്രധാനമായും മുസ്‌ലിംകളെയാണ് അരക്ഷിതരാക്കുന്നതെങ്കിലും ഉത്തരേന്ത്യയെ അപേക്ഷിച്ച് ഇതര ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ അത് കേരളത്തിലുണ്ടാക്കുന്ന തീവ്രത കുറവാണ്. ശാഹീന്‍ബാഗ് പോലെ ജനം സ്വമേധയാ തെരുവിലിറങ്ങുന്ന ഒരു സാഹചര്യം കേരളത്തിലില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍, മഹല്ല് കമ്മിറ്റികള്‍ എന്നിവരാണ് പ്രധാനമായും സമരങ്ങള്‍ സംഘടിപ്പിക്കുന്നത്. സമാധാന സമരങ്ങളായതിനാല്‍ ആ സമരങ്ങളുടെ തീവ്രത ഒരു തരം ചട്ടപ്പടി സമരങ്ങളുടെ രൂപം കൈവരിച്ചിട്ടുമുണ്ട്.

എന്നാല്‍, പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കുകയും കോടതിയെ സമീപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കേരള ജനത ഒന്നടങ്കം നിയമത്തിനെതിരാണ് എന്ന പ്രതീതി ജനിപ്പിച്ചിട്ടുണ്ട്. പരസ്യമായി പൗരത്വ നിയമത്തെ അനുകൂലിക്കാന്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പോലും മടിക്കുകയും ബി.ജെ.പി നടത്തുന്ന അനുകൂല കാമ്പയിനുകള്‍ ജനം ബഹിഷ്‌കരിക്കുകയും ചെയ്യുന്നതാണ് നിലവിലെ സാഹചര്യം. എന്നാല്‍, ഇതിനെല്ലാമുള്ളില്‍ നിയമത്തിനെതിരായ ജനവികാരത്തിന്റെ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കുന്നതെന്ന് സൂക്ഷ്മ നോട്ടത്തില്‍ മനസ്സിലാക്കാനും കഴിയും.

നിയമത്തിനെതിരെ മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തുക സ്വാഭാവികമാണ്. ആ സമുദായത്തിനിടയില്‍ മുന്‍പെങ്ങുമില്ലാത്ത ഐക്യം ദൃശ്യവുമാണ്. ഈ സമരത്തെ ഒരു മുസ്‌ലിം സമരമാക്കി മാറ്റാതിരിക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. ഭരണഘടനാ സംരക്ഷണമാണ് സമരത്തിന്റെ ലക്ഷ്യമെന്ന് സമരക്കാര്‍ ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നുണ്ട്. മുസ്‌ലിം വോട്ട് ഇരുമുന്നണികളിലേക്കും ചായുന്ന സ്വഭാവമുള്ളതിനാല്‍ വരാന്‍ പോകുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പ് രാഷ്ട്രീയ കക്ഷികളുടെ താല്‍പര്യമാവുക സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ഈ സമരങ്ങളുടെ കര്‍തൃത്വം ആര്‍ക്കാണ്, ആരാണ് സമരങ്ങളിലെ ചാമ്പ്യന്‍ തുടങ്ങിയ വാഗ്വാദങ്ങളാല്‍ മുഖരിതമാണ് കേരളത്തിലെ രാഷ്ട്രീയ മണ്ഡലം.

ഈ സമരത്തിനകത്തെ കിടമത്സരത്തിനിടയില്‍ തുടക്കത്തില്‍ സ്വാഭാവികമായും നേട്ടം കൊയ്തത് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മാണ്. പ്രതിപക്ഷത്തിന്റെ സഹകരണത്തോടെ നിയമസഭ പ്രമേയം പാസാക്കിയതും തുടക്കത്തിലെ സത്യഗ്രഹ സമരത്തില്‍ പ്രതിപക്ഷത്തിന്റെ തന്നെ പിന്തുണ ലഭിച്ചതും സമരത്തിന്റെ നേതൃത്വം തങ്ങള്‍ക്കാണ് എന്ന പ്രതീതി ജനിപ്പിക്കാന്‍ സി.പി.എമ്മിനായിട്ടുണ്ട്. എന്നാല്‍, ഈ ഐക്യം തങ്ങളുടെ വോട്ട് ബാങ്ക് സമവാക്യങ്ങളെ തെറ്റിക്കുമെന്ന് അവര്‍ തന്നെ വളരെവേഗം തിരിച്ചറിഞ്ഞു. ഉന്നയിച്ച പ്രമേയത്തില്‍ നിന്ന് പിന്‍മാറാനോ സമരം പിന്‍വലിക്കാനോ സാധിക്കാത്ത സാഹചര്യത്തില്‍ വളരെ തന്ത്രപരമായ രീതിയാണ് പിന്നീട് സി.പി.എം അവലംബിച്ചത്. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മുസ്‌ലിം തീവ്രവാദ കക്ഷികളൊഴികെ ആരുമായും സമരത്തില്‍ സഹകരിക്കുമെന്നായി സി.പി.എം. എല്‍.ഡി.എഫ് ജനുവരി ഇരുപത്തിയാറിന് സംഘടിപ്പിച്ച മനുഷ്യ ശൃംഗലയില്‍ ഇവരൊഴികെ ആര്‍ക്കും പങ്കെടുക്കാമെന്നായിരുന്നു എല്‍.ഡി.എഫിന്റെ നിലപാട്. മാത്രമല്ല, സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായി സമരക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും, ബി.ജെ.പി പ്രചാരണ പരിപാടികള്‍ ബഹിഷ്‌കരിച്ച വ്യാപാരികള്‍ക്കെതിരെ പോലും കേസെടുക്കുന്ന സാഹചര്യവുമുണ്ടായി. പൊലീസ് നടപടികളെ തിരുത്താനോ തള്ളിപ്പറയാനോ തയ്യാറാവാതെ സമരത്തിനകത്ത് തീവ്രവാദികള്‍ നുഴഞ്ഞു കയറിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത്. പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ ഉദ്ധരിക്കുകയും സമരം ചെയ്യുന്നത് തീവ്രവാദികളാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. പിണറായി വിജയന്റെ ആ പ്രസ്താവന ബോധപൂര്‍വമായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പിണറായി വിജയന്റെ പ്രസ്താവന കൃത്യമായും, വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള അടവുനയം തന്നെയാണ്.

കേരളത്തിലെ രാഷ്ട്രീയ ചിത്രത്തിന്റെ അന്തരാര്‍ഥങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ അടവുനയം വളരെ പെട്ടെന്ന് വ്യക്തമാവും. രാഷ്ട്രീയ പ്രബുദ്ധത, സാംസ്‌കാരിക ഔന്നത്യം, സാമുദായിക സൗഹാര്‍ദം എന്നീ പുറംമോടികള്‍ക്കപ്പുറം കേരളത്തിന്റെ പൊതു മനഃസാക്ഷി വര്‍ഗീയം തന്നെയാണ്. ഉത്തരേന്ത്യയിലേത് പോലെ വിഭജനത്തിന്റെ തീവ്രമായ മുറിവുകള്‍ പേറുന്നില്ലെങ്കിലും കേരളപ്പിറവിയോടെ കേരള രാഷ്ട്രീയത്തില്‍ രൂപം കൊണ്ട കടുത്ത സാമുദായികതക്ക് ഒരു കാരണം, ആധുനികതയിലേക്ക് കേരളത്തിലെ വ്യത്യസ്ത ജാതി സമുദായങ്ങളെ നയിച്ച സാമുദായിക സംഘടനകളാണെന്ന് കാണാം. ജാതീയത ഒരു അശ്ലീലമായി മാറിയ പശ്ചാത്തലത്തില്‍ മലയാളി മനഃസാക്ഷിയുടെ വര്‍ഗീയത്വര നിലനിര്‍ത്തിയത് ഈ ജാതി-സമുദായ സംഘടനകളായിരുന്നു. പില്‍ക്കാലത്ത് ഇവക്ക് പ്രത്യക്ഷമായ രാഷ്ട്രീയ സ്വാധീനം ഇല്ലാതായി. അതില്ലാതാവുകയായിരുന്നില്ല, മറിച്ച് കേരളം മാറി മാറി ഭരിച്ച രാഷ്ട്രീയ കക്ഷികള്‍ അവരുടെ വിലപേശലുകള്‍ക്ക് മറ്റൊരു തരത്തില്‍ രാഷ്ട്രീയ സാധൂകരണം നല്‍കുകയായിരുന്നു. ഈ രാഷ്ട്രീയ സാധൂകരണം, അതത് ജാതി-സമുദായ സംഘടനകള്‍ പ്രതിനിധാനം ചെയ്യുന്ന സമുദായങ്ങളോടും ജാതികളോടും പ്രത്യക്ഷ സന്ധി ചെയ്യുകയും അതിന്റെ ഗുണഭോക്താക്കളായി ഈ സംഘടനകളെ പ്രതിഷ്ഠിക്കുകയുമായിരുന്നു.

പ്രത്യക്ഷത്തില്‍ ഭരണഘടനാ വിരുദ്ധവും വിവേചനപരവുമെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന പൗരത്വ നിയമത്തെ തുറന്നെതിര്‍ക്കുന്നതില്‍ കേരളത്തില്‍ ഒരു രാഷ്ട്രീയ കക്ഷിക്കും വോട്ടുബാങ്ക് ആശങ്ക ഉയരേണ്ട കാര്യമില്ല. എന്നാല്‍, ഈ സമരങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുമ്പോഴാണ് രാഷ്ട്രീയ കക്ഷികള്‍ക്ക് വോട്ടുബാങ്ക് അസ്‌ക്യത വരുന്നത്. യു.ഡി.എഫിനെ സംബന്ധിച്ച് അവര്‍ക്ക് കൂടുതലായി സ്വാധീനമുള്ളത് ക്രിസ്ത്യന്‍-മുസ്‌ലിം വോട്ടുബാങ്കിലാണ്. യു.ഡി.എഫിന് ആ വോട്ടുബാങ്ക് നിലനിര്‍ത്തല്‍ പ്രധാനമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യക്ഷത്തില്‍ സമരത്തോടൊപ്പം നില്‍ക്കാത്ത കോണ്‍ഗ്രസ് കേരളത്തില്‍ പ്രത്യക്ഷത്തില്‍ സമര രംഗത്തിറങ്ങുന്നതും തങ്ങളുടെ പങ്കാളിത്തം അത്ര പോരായെന്ന് പരസ്യമായി കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനമുയര്‍ത്തുന്നതും അതുകൊണ്ടു കൂടിയാണ്. മുസ്‌ലിം ലീഗാകട്ടെ, ഒരു പടികൂടി കടന്ന് മുന്നണി താല്‍പര്യങ്ങള്‍ പോലും അവഗണിച്ച് എല്‍.ഡി.എഫുമായി സഹകരിച്ചുപോലും സമരത്തിനിറങ്ങണമെന്ന നിലപാടെടുത്തു. എന്നാല്‍, കോണ്‍ഗ്രസിലെ ഒരു വിഭാഗം അതിന് എതിര് നിന്നതോടെ അവര്‍ പിന്നാക്കം പോയി. യു.ഡി.എഫിന് പൗരത്വ സമരം വോട്ടുബാങ്ക് നിലനിര്‍ത്തല്‍ കൂടിയാണെന്നതിന് പ്രത്യക്ഷ ഉദാഹരണമാണിത്.

അഖിലേന്ത്യാ തലത്തില്‍ ശക്തമായി പൗരത്വ നിയമത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന സി.പി.എം പക്ഷേ, തുടക്കത്തില്‍ ഗോളടിച്ചുവെങ്കിലും വളരെ പെട്ടെന്ന് അതിന്റെ അപകടം കൂടി അവര്‍ മനസിലാക്കി. മുസ്‌ലിം അനുകൂലമായ ഒരു ആവശ്യത്തിന് വേണ്ടി തങ്ങളുടെ അണികളെ തെരുവുകളില്‍ അണി നിരത്തിയ അവര്‍ക്ക് അതിന്റെ തിരിച്ചടി കൂടി വളരെ പെട്ടെന്ന് ബോധ്യമായി. സമരം ശക്തമാക്കുക എന്നതില്‍ നിന്ന് നിലവില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന സമരങ്ങളിലെ തീവ്രവാദ സാന്നിധ്യത്തെ കുറിച്ചായി അവരുടെ ആശങ്ക. തീവ്രവാദികളെന്നാല്‍ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയുമാണ് സി.പി.എമ്മിന്. എസ്.ഡി.പി.ഐയെ സംബന്ധിച്ചിടത്തോളം മുസ്‌ലിം-ദലിത് വിഷയങ്ങളില്‍ സ്വത്വവാദപരമെന്ന് വിശേഷിപ്പിക്കാവുന്ന നിലപാടുകളാണ് അവര്‍ സ്വീകരിക്കാറുള്ളത്. അവരുടെ മാതൃസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനോട് ആശയപരമായി വിയോജിപ്പുള്ളവര്‍ പോലും പൗരത്വ സമരത്തില്‍ അവരോട് കൈകോര്‍ക്കുന്നത് ഇക്കാലത്ത് ദൃശ്യമാണ്. കൈവെട്ട് പോലുള്ള സംഭവങ്ങളെ തുറന്നെതിര്‍ത്തവര്‍ പോലും സമരങ്ങളില്‍ അവരോട് യോജിക്കുന്നതില്‍ അപ്രീതി കാണിക്കുന്നുമില്ല. പ്രത്യക്ഷത്തില്‍ എസ്.ഡി.പി.ഐ പോലെ, കേരളത്തിലെ വോട്ട് ഷെയറില്‍ കാര്യമായ പങ്കാളിത്തമില്ലാത്ത ഒരു പാര്‍ട്ടിക്ക് ഈ പൗരത്വ സമരം ഗണ്യമായ ഒരു രാഷ്ട്രീയ നേട്ടവുമുണ്ടാക്കുന്നുമില്ല. ജമാഅത്തെ ഇസ്‌ലാമിയാകട്ടെ, ദേശീയ തലത്തില്‍ മുസ്‌ലിം പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന ഒരു സംഘടനയുമാണ്. ഈ സംഘനടകളുമായി വോട്ടിനുവേണ്ടിയും അല്ലാതെയും സി.പി.എം മുന്‍കാലങ്ങളില്‍ സഹകരിച്ചിട്ടുമുണ്ട്. ഇവരെ തീവ്രവാദികളാക്കി പൗരത്വ സമരത്തില്‍ അപരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതും, ഞങ്ങള്‍ പൗരത്വ സമരത്തിലെ മുസ്‌ലിം പ്രശ്‌നത്തെയല്ല, മറിച്ച് ഭരണഘടനാ പ്രശ്‌നത്തെയാണ് അഭിസംബോധന ചെയ്യുന്നത് എന്ന് സി.പി.എം പറയുന്നതും, മുസ്‌ലിം പ്രശ്‌നത്തെ പിന്തുണച്ചാലുണ്ടാകുന്ന തെരഞ്ഞെടുപ്പ് തിരിച്ചടി ഭയന്നാണ്. സി.പി.എമ്മിനെ സംബന്ധിച്ച് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയമുണ്ടാക്കിയ പരമ്പരാഗത വോട്ടുബാങ്ക് ചോര്‍ച്ച പരിഹരിക്കാന്‍ പെടാപ്പാടുപെടുന്ന സാഹചര്യത്തില്‍ മറ്റൊരു വിഷയത്തില്‍ അത് വഷളാവാന്‍ അവരാഗ്രഹിക്കുന്നുമില്ല. സി.പി.എം നടത്തുന്ന പൗരത്വ പ്രശ്‌നത്തിലുള്ള പരിപാടികളിലെ പ്രമുഖ സമയം അപഹരിക്കുന്നത്, തങ്ങള്‍ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും ഉയര്‍ത്തുന്ന മുസ്‌ലിം പ്രശ്‌നത്തോടൊപ്പമല്ല, മറിച്ച് ഭരണഘടനാ സംരക്ഷണത്തിനാണ് എന്ന് വിശദീകരിക്കാന്‍ വേണ്ടിയാണ്.

കേരളത്തില്‍ കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന രാഷ്ട്രീയ സമവാക്യമാണിത്. രാഷ്ട്രീയ കക്ഷികള്‍ നിലപാടുകള്‍ പൊതുജനങ്ങളില്‍ പ്രചരിപ്പിക്കുന്നതിന് പകരം, നിലനില്‍ക്കുന്ന സാമുദായിക-ജാതീയ-വര്‍ഗീയ രസതന്ത്രത്തിനനുസരിച്ച് നിലപാടുകള്‍ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. അല്ലെങ്കില്‍, പ്രഖ്യാപിത നിലപാടുകളെ ഈ സാമുദായിക രസതന്ത്രത്തിനനുസരിച്ച് പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. അത് ഉത്തരേന്ത്യയിലേത് പോലെ വര്‍ഗീയമായി മാറാത്തതിന് കാരണം, കേരളത്തില്‍ വ്യത്യസ്ത സമുദായങ്ങളുടെ ഏറെക്കുറെ തുല്യമായ ജനസംഖ്യാ വിതരണമാണ്.

പൗരത്വ സമരം ഇന്ത്യയെ സംബന്ധിച്ച് രണ്ടാം സ്വാതന്ത്ര്യ സമരം തന്നെയാണ്. ഇന്ത്യയുടെ യഥാര്‍ഥ ആത്മാവ് അട്ടിമറിക്കപ്പെടുന്നു. ഇവിടെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്. സ്വാതന്ത്ര്യ സമരം ഏതെങ്കിലും അര്‍ഥത്തില്‍ രാഷ്ട്രീയ നേട്ടം ലക്ഷ്യംവെച്ചുള്ള ഒരു സമരമായിരുന്നില്ല ആര്‍ക്കും. അതുകൊണ്ടാണ് അതിനെ തളര്‍ത്താനോ തകര്‍ക്കാനോ ബ്രിട്ടീഷുകാര്‍ക്ക് സാധിക്കാതിരുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെ ആര് ഈ സമരത്തിലേര്‍പ്പെട്ടാലും അത് ദുര്‍ബലവും ആത്മാര്‍ത്ഥതയില്ലാത്തതുമായി തീരും. ഇത് കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ക്കുള്ള കൃത്യമായ സന്ദേശമാണ്. ഇക്കൊല്ലം കേരളത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. അമിത് ഷായുടെയും മോദിയുടെയും ഇതുവരെയുള്ള നിലപാട് പൗരത്വ പ്രശ്‌നത്തില്‍ ഏതെങ്കിലും തരത്തില്‍ ഒത്തുതീര്‍പ്പിന് അവരില്ല എന്ന് തന്നെയാണ്. എങ്കില്‍ കേരളത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷവും ഈ സമരം തുടരേണ്ടി വരും. ഈ വര്‍ഷമവസാനം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷവും ഈ സമരരംഗത്ത് ആരൊക്കെയുണ്ടാവുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്. ആരെങ്കിലുമുണ്ടെങ്കില്‍ അവരായിരിക്കും ഈ സമരത്തിന്റെ യഥാര്‍ഥ അവകാശികള്‍. യഥാര്‍ഥത്തില്‍ രാഷ്ട്രീയ കക്ഷികളല്ല ഈ സമരം നയിക്കേണ്ടത്, ജനസഞ്ചയമാണ്. സിവില്‍ പൊളിറ്റിക്‌സ് കേരളത്തില്‍ സജീവമാണെങ്കില്‍ അത് തെളിയിക്കേണ്ട സന്ദര്‍ഭമാണിത്. കക്ഷി രാഷ്ട്രീയത്തിനതീതമായി ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ ജനമനഃസാക്ഷി ഒരുമിച്ച് നില്‍ക്കേണ്ട സന്ദര്‍ഭം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757