Opinion

ചരിത്രം തമസ്‌കരിച്ചവര്‍ പുതിയ രാജ്യത്തെ ഉണ്ടാക്കുന്ന വിധം – എ. റശീദുദ്ദീന്‍

മതേതര ഇന്ത്യയുടെ ചരിത്രത്തെ കീഴ്‌മേല്‍ മറിച്ചു കൊണ്ടായിരുന്നു ഇക്കഴിഞ്ഞ ഡിസംബര്‍ 11ന് രാജ്യം പൗരത്വ നിയമത്തിന് ഒരു പുതിയ ഭേദഗതി പാര്‍ലമെന്റില്‍ പാസാക്കിയത്. അതനുസരിച്ച് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളിലുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യന്‍. ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങള്‍ക്ക് ഇന്ത്യയുടെ പൗരത്വം ലഭിക്കാനുള്ള കാലഗണന അഞ്ച് വര്‍ഷമായി കുറച്ചു കൊണ്ടുവരികയും നടപടിക്രമങ്ങള്‍ വളരെ ലളിതമാക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയുമായി ഭൂമിശാസ്ത്രപരമായി അതിര്‍ത്തി പങ്കിടാത്ത അഫ്ഗാനിസ്ഥാനെയുള്‍പ്പടെ അയല്‍രാജ്യമായി പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍ ശ്രീലങ്ക, മാലിദ്വീപ്, ബര്‍മ്മ, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളെ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. മുസ്‌ലിംകളെ പട്ടികയില്‍ നിന്നും പുറത്തുനിര്‍ത്താനുള്ള ഉറച്ച തീരുമാനം മാത്രമായിരുന്നു ഈ നിയമ നിര്‍മാണ പ്രക്രിയയുടെ ഏക അടിസ്ഥാനമായി കാണാനുണ്ടായിരുന്നത്. മുകളില്‍ പരാമര്‍ശിച്ച രാജ്യങ്ങളില്‍ നിന്നും രേഖകളില്ലാതെ വരുന്നവരെ ഇത്രയും കാലം നുഴഞ്ഞുകയറ്റക്കാരായാണ് കണക്കാക്കിയിരുന്നതെങ്കില്‍ ഇനി മുതല്‍ അവരെ അഭയാര്‍ഥികള്‍ എന്നായിരിക്കും വിശേഷിപ്പിക്കുക. സ്വന്തം രാജ്യങ്ങളില്‍ മതപീഡനം നേരിടുന്നവര്‍ക്കുവേണ്ടിയാണ് പുതിയ നിയമമെന്ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ആഭ്യന്തരമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും ഇത്തരക്കാന്‍ ഇന്ത്യയിലെത്തിയത് 2014 ഡിസംബര്‍ 31 ന് മുമ്പായിരിക്കണം എന്നു മാത്രമാണ് ഒടുവില്‍ പുറത്തുവന്ന നിയമത്തിലുള്ളത്. മതപീഡനം എന്ന വാക്ക് വിട്ടുകളഞ്ഞിരിക്കുന്നു. മുസ്‌ലിംകളല്ലാത്തവരെ രാജ്യത്തിന്റെ പൗരന്‍മാരാക്കാനുള്ള നടപടിക്രമങ്ങളില്‍ ഇളവുവരുത്തുന്ന നിയമമാണിത്. ആരെയും പുറത്താക്കാനുള്ള നിയമമല്ലെന്നാണ് പ്രധാനമന്ത്രി മുതല്‍ക്കുള്ള ബി.ജെ.പി നേതാക്കള്‍ നിയമത്തെ പരിചയപ്പെടുത്തുന്നതും. എന്നാല്‍, വിശ്വാസ്യത തരിമ്പും ബാക്കിയില്ലാത്ത ഒരു പ്രധാനമന്ത്രി പറയുന്ന കാര്യങ്ങളെ മുഖവിലക്കെടുക്കുക ഇന്നത്തെ ഇന്ത്യയില്‍ അസാധ്യമാണെന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

വളരെ അടിസ്ഥാനപരമായ ഒരു ചോദ്യമുണ്ട്. ഇത്രയും ധൃതിപിടിച്ച് എന്തുകൊണ്ട് ഇങ്ങനെയൊരു നിയമം? പാകിസ്ഥാനില്‍ നിന്നും ബംഗ്‌ളാദേശില്‍ നിന്നും മറ്റും വരുന്നവര്‍ക്ക് നേരത്തെ ഇന്ത്യ പൗരത്വം കൊടുക്കാറുണ്ടായിരുന്നില്ലേ? പുതിയ നിയമം കൊണ്ട് എന്താണ് രാജ്യത്തിന് ഉണ്ടാവാന്‍ പോകുന്ന നേട്ടം? ചില കണക്കുകളില്‍ ബി.ജെ.പി നേതാക്കന്‍മാര്‍ പറയുന്നത് മില്യണ്‍ കണക്കിന് ഹിന്ദുക്കള്‍ ബംഗ്‌ളാദേശിലും പാക്കിസ്ഥാനിലും മതപീഡനത്തിന് ഇരയാകുന്നുണ്ട് എന്നും അവരെ സംരക്ഷിക്കേണ്ടത് ഇന്ത്യയുടെ ചുമതലയാണെന്നുമാണ്. പീഡിതരായ മില്യണ്‍ കണക്കിന് ഹിന്ദുക്കളെയോ മറ്റാരെയെങ്കിലുമോ ഇന്ത്യ സ്വീകരിക്കുന്നതൊക്കെ നല്ല കാര്യം തന്നെയാണ്. പക്ഷേ, സ്വന്തം നാട്ടിലെ ഹിന്ദുക്കളുടെയും സിഖുകാരുടെയും ബുദ്ധരുടെയും ജൈനരുടെയുമൊക്കെ തൊഴിലും പട്ടിണിയും മാറ്റിയിട്ടില്ലാത്ത, സ്വന്തം നാട്ടിലെ ന്യൂനപക്ഷങ്ങളുടെ നേര്‍ക്ക് നടക്കുന്ന കൊടും പീഡനങ്ങള്‍ അവസാനിപ്പിക്കാനായിട്ടില്ലാത്ത, ഭരണഘടനാപരമായ അടിസ്ഥാന ബാധ്യതകള്‍ പോലും നിര്‍വഹിക്കാനറിയാത്ത ഒരു സര്‍ക്കാരാണ് പാകിസ്ഥാനിലെയും ബംഗ്‌ളാദേശിലെയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. ഈ പരിഹാസ്യത രാജ്യത്ത് ആരും ചോദ്യം ചെയ്യുന്നില്ല.

രാമന്റെ പേരില്‍ മുദ്രാവാക്യം വിളിക്കാതിരുന്നതിനും പശുവിനെ വില്‍ക്കാന്‍ കൊണ്ടുപോയതിനും മാസംഭക്ഷണം കഴിച്ചതിനുമൊക്കെ അഖ്‌ലാഖിനെയും ജുനൈദിനെയും തബ്‌രേസ് അന്‍സാരിയെയും അതുപോലെ അനേകം പേരെയും ഇന്ത്യയിലെ തെരുവുകളില്‍ അടിച്ചുകൊന്നതിന് തുല്യമായ രീതിയില്‍, മുസഫര്‍ നഗര്‍ കലാപത്തിന്റെ മാതൃകയില്‍, ഗുജറാത്തിലേതിനേക്കാളും മോശപ്പെട്ടതു പോകട്ടെ അതിന്റെ നാലയലത്തെങ്കിലും എത്തുന്ന രീതിയില്‍ പാകിസ്ഥാനിലും മറ്റും കലാപങ്ങള്‍ നടക്കുന്നുണ്ടെങ്കിലാണ് ഇന്ത്യക്ക് നിയമപരമായ ഈ ധാര്‍മികത അവകാശപ്പെടാനാവുക. പാക്കിസ്ഥാനിലെ അങ്ങാടിയില്‍ വാളുമായി കാത്തുനിന്ന് അവിടെയുള്ള ഹിന്ദുക്കളെ കുത്തി മലര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന, എന്നിട്ട് പോസ്റ്റിട്ടവന്റെ കേസ് വാദിക്കാന്‍ പരസ്യമായി സംഘടനയുടെ കൊടിവെച്ച് ഫണ്ട് പിരിക്കുന്ന, കുത്തിമലര്‍ത്തിയവനെ പൂമാലയിട്ട് ജന്മനാട്ടില്‍ സ്വീകരണമൊരുക്കുന്ന ഏര്‍പ്പാടും പാക്കിസ്ഥാനിലെവിടെയെങ്കിലും നടക്കുന്നതായി ഇന്നോളം കേട്ടിട്ടില്ല. ഹിന്ദുക്കളെ വെട്ടിക്കൊന്ന് രാഷ്ട്രീയത്തില്‍ പേരും പെരുമയും നേടിയ, എം.പിമാരായി മാറിയ, ദേശീയ നേതാക്കളോടൊപ്പം ഫോട്ടോ ഓപ്പര്‍ച്യൂണിറ്റി നേടിയ എത്ര കൊലയാളികളുണ്ട് പാകിസ്ഥാനില്‍? സര്‍ക്കാര്‍ പുറമെ പറയുന്നതല്ല ലക്ഷ്യമെന്ന് വ്യക്തം. പാകിസ്ഥാനില്‍ നിന്നെത്തിയ ചില ഹിന്ദുക്കള്‍ ദല്‍ഹിയിലെ മജ്‌നൂകി ടില്ലയിലും മറ്റും താമസിക്കുന്നുണ്ട്; വിരലില്‍ എണ്ണാവുന്ന അത്രയും കുടുംബങ്ങള്‍. തീര്‍ഥയാത്രക്കുള്ള വിസയില്‍ ഇന്ത്യയിലെത്തിയതിനു ശേഷം പാകിസ്ഥാനില്‍ മതപീഡനം നടക്കുന്നുണ്ടെന്ന ആരോപണമുന്നയിക്കുന്ന ഈ അഞ്ചാംപത്തികളെ ഒഴിച്ചു നിര്‍ത്തിയാല്‍ പീഡനക്കഥക്ക് വേറെ തെളിവൊന്നും മോദി സര്‍ക്കാരിന്റെ കയ്യിലുണ്ടായിരുന്നില്ല. ചോദിച്ചിട്ടും പാര്‍ലമെന്റില്‍ ഈ കണക്ക് നല്‍കിയിട്ടുമില്ല. വെറും 3,500 പേരെ രക്ഷിക്കാനാണ് ഇക്കണ്ട സാഹസമത്രയും നടത്തിയതെന്ന് വിശ്വസിക്കുക ഒട്ടും യുക്തിക്ക് നിരക്കുന്നതുമല്ല.

മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന ഒരു നീക്കമാണ് ഇതെന്ന് സംശയിക്കാന്‍ വേണ്ടുവോളം പഴുതുകളുമുണ്ട്. ഹിന്ദുരാഷ്ട്രം എന്നതിന്റെ അര്‍ഥം മുസ്‌ലിം വിരുദ്ധ രാഷ്ട്രം എന്നു മാത്രമായി മനസ്സിലാക്കുന്ന ഇന്ത്യയിലാണ് മോദിയെ പോലൊരു പ്രധാനമന്ത്രി ഈ നിയമം കൊണ്ടുവരുന്നത്. പ്രധാനമന്ത്രി കസേരയില്‍ ഇതുവരെയുള്ള ഇന്ത്യാ ചരിത്രം കണ്ടിട്ടില്ലാത്ത വിധം വ്യാജ ഡിഗ്രിയും ചോരമണക്കുന്ന രാഷ്ട്രീയ ചരിത്രവുമുള്ള ഈ നേതാവിന് ജനം വോട്ടുകൊടുക്കുന്നത് അദ്ദേഹത്തിന്റെ നാവില്‍ വിളയാടുന്ന വികട സരസ്വതിയുടെ പേരിലാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. അദ്ദേഹത്തിന്റെ മന്ത്രിസഭയുടെ കണക്കെടുത്താലും ബുദ്ധിശൂന്യതയില്‍ ഒന്നിനൊന്നായി മല്‍സരിക്കുന്ന ഇതുപോലൊരു സംഘം ഇന്ത്യാ ചരിത്രത്തില്‍ മുമ്പുണ്ടായിരുന്നില്ലല്ലോ. സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന ഇവരുടെ പ്രസ്താവനകളും പ്രഖ്യാപനങ്ങളുമൊക്കെ ഈ ഭരണകൂടത്തിന്റെ ഹൃദയത്തില്‍ നിന്നും വരുന്നതുതന്നെയാണ്. അല്ലാതെ വെറും വിടുവായത്തങ്ങളോ വഷളത്തരങ്ങളോ അല്ല. അവരുടെ നിലവാരത്തില്‍ മനസ്സിലാക്കപ്പെടുന്ന ഒരു രാഷ്ട്ര സങ്കല്‍പ്പത്തിലേക്ക് അതിവേഗതയിലാണ് ഈ ഗവണ്‍മെന്റ് അടുത്തുകൊണ്ടിരിക്കുന്നത്. അത് ഹിന്ദു രാഷ്ട്രമായാലും അല്ലെങ്കിലും, അതിനകത്ത് മുസ്‌ലിംകള്‍ ഉണ്ടായാലുമില്ലെങ്കിലും അഭിമാനബോധമുള്ള ഒറ്റ മനുഷ്യനും ഉള്‍ക്കൊള്ളാനാവാത്ത ഇന്ത്യയായിരിക്കും അതെന്നതിന്റെ സൂചനകള്‍ ഈ ബഹളത്തിനിടയില്‍ അവര്‍ എമ്പാടും നല്‍കുന്നുമുണ്ട്. സബ് കാ സാഥ്, സബ് കാ വികാസ്, സബ് കാ വിശ്വാസ് എന്നൊക്കെ പുറമെ പറയുന്നുണ്ടാവാം. പക്ഷേ, സബ് കാ വിനാശ് മാത്രമാണ് രാജ്യത്ത് സംഭവിക്കുന്നത്. 70 വര്‍ഷം കൊണ്ട് നമ്മുടെ ജനാധിപത്യവും നമ്മുടെ സമ്പദ്ഘടനയും നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയും സാമൂഹിക ബോധവും ചേര്‍ന്ന് കെട്ടിപ്പടുത്ത മഹാത്മാ ഗാന്ധിയുടെയും ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ത്യയെ തകര്‍ത്തു തരിപ്പണമാക്കുകയാണ് ആദ്യഘട്ടമെന്ന നിലയില്‍ അവരിപ്പോള്‍ ചെയ്യുന്നത്. ഒന്നും പുതുതായി നിര്‍മിക്കുകയല്ല. അതീവ ഗൗരവത്തോടെ രാജ്യത്തെ മുഴുവന്‍ പൗരന്‍മാരും മനസ്സിലാക്കേണ്ടുന്ന സാഹചര്യമാണിത്.

മോദിയുടെ കാലത്ത് ഇന്ത്യ അവിശ്വസനീയമായ രീതിയില്‍ താഴേക്കു പോവുകയാണ് ഉണ്ടായത്. മറ്റുള്ളവരുടെ രാജ്യങ്ങളിലെ മതപീഡനങ്ങളെ കുറിച്ചു പറയുമ്പോള്‍ ഇതേ കാര്യത്തില്‍ 162 രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ 110-ാമത്തെ സ്ഥാനമാണ് ഇന്ത്യക്ക്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ബി.ജെ.പിയുടെ ഭരണം ആരംഭിച്ചതില്‍ പിന്നെ 10 സ്ഥാനങ്ങള്‍ ഇടിഞ്ഞ് 51ല്‍ എത്തി. ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷനില്‍ ചെന്ന് ഇന്ത്യയെ തുറസ്സായ സ്ഥലങ്ങളില്‍ വിസര്‍ജനം നടത്തുന്നതില്‍ നിന്നും മോചിപ്പിച്ചതിന് പ്രധാനമന്ത്രി അവാര്‍ഡ് സ്വീകരിച്ച അതേ ദിവസമാണ് മധ്യപ്രദേശില്‍ കക്കൂസില്ലാത്തതുകൊണ്ട് വെളിമ്പ്രദേശത്ത് വിസര്‍ജിക്കാന്‍ പോയ രണ്ടു ദലിത് കുഞ്ഞുങ്ങളെ അടിച്ചുകൊന്നത്. സാക്ഷാല്‍ ബി.ബി.സിയിലാണ് ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. വല്ല നാണക്കേടും നമുക്കുണ്ടായോ? ഇല്ല. കാരണം നാണക്കേട് ഉണ്ടെന്നു പറഞ്ഞാല്‍ പറയുന്നവനെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്ന ഒരു ദുഷിച്ച മാനസികാവസ്ഥയിലേക്ക് നാം അധഃപതിച്ചിരിക്കുന്നു. ഇവിടത്തെ തൊഴിലില്ലായ്മ 45-ഓ 50-ഓ വര്‍ഷം മുമ്പുള്ള കണക്കിലെത്തിയ കാലത്ത്, സാമ്പത്തിക മാന്ദ്യം അതിഭയാനകമായ രീതിയില്‍ മാര്‍ക്കറ്റുകളെ ഞെരിച്ചമര്‍ത്തുന്ന കാലത്ത്, വളര്‍ച്ചാ നിരക്ക് കൂപ്പുകുത്തി ബംഗ്‌ളാദേശിന്റെ പകുതിയിലും താഴെയായി കുറഞ്ഞ കാലത്ത്, രൂപ വിലയിടിഞ്ഞ് കടലാസുപോലെയായി മാറുന്ന കാലത്ത്, പട്ടിണി ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം പാക്കിസ്ഥാനും പുറകിലായ കാലത്ത്, ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ 30ല്‍ 22ഉം ഇന്ത്യയില്‍ ആണെന്നിരിക്കെ, സൈനികരുടെ മരണ നിരക്ക് കഴിഞ്ഞ 30 വര്‍ഷ കാലയളവില്‍ ഏറ്റവും കൂടിയത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നിരിക്കെ, തോംസണ്‍ റോയിട്ടേഴ്‌സ് നടത്തിയ സര്‍വ്വെയില്‍ ലോകത്ത് വനിതകളെ സംബന്ധിച്ചേടത്തോളം ഏറ്റവും അസുരക്ഷിതമായ രാജ്യം ഇന്ത്യയാണെന്നിരിക്കെ, 18 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കാര്‍ഷിക വിലത്തകര്‍ച്ച ഇന്ത്യ നേരിടുന്നത് മോദിയുടെ കാലത്താണെന്ന് വേള്‍ഡ് പ്രൈസ് ഇന്‍ഡക്‌സിന്റെ കണക്കുകള്‍ പുറത്തു വന്നിരിക്കെ, ഗ്‌ളോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ടനുസരിച്ച് ലോകത്ത് പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം ഏറ്റവും കൂടിയ അളവില്‍ നിലനില്‍ക്കുന്ന രണ്ടാമത്തെ രാജ്യം നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യയാണെന്നിരിക്കെ, പ്രകൃതി സംരക്ഷണ മേഖലയില്‍ ലോകത്തെ ഏറ്റവും മോശപ്പെട്ട മൂന്നാമത്തെ രാജ്യമെന്ന അപഖ്യാതി നാം നേടിയിരിക്കെ, മാധ്യമ സ്വാതന്ത്ര്യ പട്ടികയില്‍ മൂക്കുകുത്തി നമ്മുടെ രാജ്യം 70-ാം സ്ഥാനത്ത് എത്തിപ്പെട്ടിരിക്കെ എഴുപത് വര്‍ഷത്തെ ഇന്ത്യാ ചരിത്രത്തില്‍ ഒരിക്കല്‍ പോലും വാര്‍ത്താ സമ്മേളനം നടത്താത്ത, ചോദ്യം ചെയ്യുന്നവരെ ഭയപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്നിരിക്കെ, സ്വയം ചികില്‍സിക്കേണ്ട ഈ രാജ്യം അയല്‍പക്കത്തുള്ളവരുടെ ബാധ്യത ചുമലില്‍ ഏറ്റുന്നത് പരിഹാസ്യമായല്ലേ മാറേണ്ടത്?

ഭരണഘടനാ സ്ഥാപനങ്ങള്‍ മൊത്തമായി തന്നെ കുത്തഴിയാനാരംഭിച്ചത് മോദിയുടെ ഭരണകാലഘട്ടം തൊട്ടാണ്. മനുഷ്യാവകാശ കമീഷന്‍, ന്യൂനപക്ഷ കമീഷന്‍, സി.എ.ജി, ആര്‍.ബി.ഐ, സി.ബി.ഐ, സി.ഐ.സി, ആര്‍.ടി.ഐ, തെരഞ്ഞെടുപ്പ് കമീഷന്‍ തുടങ്ങി ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങളെയും ഘട്ടം ഘട്ടമായി തകര്‍ക്കുകയാണ് നിലവില്‍ മോദി സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ സംവിധാനത്തിന്റെ സുതാര്യത ഉറപ്പുവരുത്തുന്ന ഒരു സ്ഥാപനത്തിനും നിലനില്‍പ്പ് ഇല്ലെന്നായി. ജെ.എന്‍.യു പോലുള്ള എണ്ണം പറഞ്ഞ യൂണിവേഴ്‌സിറ്റികള്‍ പോലും ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. സംവരണം എന്ന ആശയം ആര്‍.എസ്.എസ് ഉള്‍ക്കൊള്ളാത്തതുകൊണ്ട് പ്രായോഗിക തലത്തിലാണ് ബി.ജെ.പി അതിനെ നശിപ്പിക്കാന്‍ പണിയെടുക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒ.ബി.സി സംവണം നടപ്പിലാക്കുന്നുണ്ടോ എന്നതിനെ കുറിച്ച് ഗുരുതരമായ സംശയങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. പിന്നാക്ക വര്‍ഗക്കാര്‍ക്ക് അധികാരത്തിലേക്ക് വഴിതുറക്കുന്ന വിദ്യാഭ്യാസ വികസനത്തെ ഇല്ലാതാക്കാന്‍ സംവരണവും സ്‌റ്റൈപെന്‍ഡുകളും നിര്‍ത്തലാക്കിയും ഫീസുകള്‍ കുത്തനെ വര്‍ധിപ്പിച്ചും അവരുടെ പഠന സാഹചര്യങ്ങള്‍ കഠിനതരമാക്കാനും ഏതറ്റം വരെയും ബി.ജെ.പി ഇന്ന് മുന്നോട്ടുപോകുന്നുണ്ട്. സമൂഹത്തിനകത്ത് യുക്തി ചിന്തയെ പ്രോല്‍സാഹിപ്പിച്ച കല്‍ബുര്‍ഗി, ദബോല്‍ക്കര്‍, പന്‍സാരെ, ഗൗരി ലങ്കേഷ് പോലുള്ളവരെ നിശബ്ദരാക്കിയതിനു പിന്നിലും സംഘ്പരിവാറിന്റെ പിണിയാളുകളായിരുന്നു ഉണ്ടായിരുന്നത്. അന്താരാഷ്ട്ര സയന്‍സ് കോണ്‍ഫറന്‍സില്‍ വരെ മഹാഭാരതത്തിലെ വൈമാനിക സാങ്കേതിക വിദ്യയെ കുറിച്ച പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടാന്‍ തുടങ്ങി. ചാണകത്തില്‍ നിന്നും പ്‌ളൂട്ടോണിയം ഉല്‍പ്പാദിപ്പിക്കുന്നതിന് ഗവേഷണ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ചിന്താശേഷിയെ എല്ലാ അര്‍ഥത്തിലും കൂച്ചുവിലങ്ങിടുന്നത് എന്തിനെന്ന ഈ ചോദ്യത്തിന് ഹിന്ദുരാഷ്ട്രം എന്ന ബ്രാഹ്മണിക്കല്‍ രാഷ്ട്രത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണെന്നാണ് ഉത്തരം ലഭിച്ചു കൊണ്ടിരുന്നത്.

ഹിന്ദുരാഷ്ട്ര നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ് ഉത്തമ പൗരന്‍മാര്‍ ആരെന്നു നിശ്ചയിക്കാനുള്ള എന്‍.ആര്‍.സിയും സി.എ.എയും മറ്റും നടപ്പിലാവേണ്ടിയിരുന്നത്. അതായത് സുതാര്യവും കടലാസിലെങ്കിലും എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തുന്നതുമായ ‘നെഹ്‌റു മോഡല്‍ ഇന്ത്യ’യുടെ ചരമക്കുറിപ്പ് എന്നെന്നേക്കുമായി എഴുതിയതിനു ശേഷം. പക്ഷേ, ചില അപ്രതീക്ഷിതമായ പ്രതിബന്ധങ്ങളെ തുടര്‍ന്ന് ബി.ജെ.പിക്ക് ഈ വിഷയത്തില്‍ ധൃതി കാണിക്കേണ്ടി വരികയാണ് ഉണ്ടായത്. രാജ്യസഭയിലെ എണ്ണം കുറയുന്നതിലെ ആശങ്കയാണ് പ്രധാന കാരണം. ബി.ജെ.പിയുടെ മന്‍ഗണനാ ക്രമം തെറ്റിച്ച് സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അസമില്‍ എന്‍.ആര്‍.സി നടപ്പാക്കേണ്ടി വന്നത് പാര്‍ട്ടിയുടെ പ്രതീക്ഷകളെ തകിടം മറിച്ചു. അസം കേന്ദ്രീകരിച്ച് ബി.ജെ.പി കാലങ്ങളായി നടത്തി വന്ന ഒരു ദുഷ്പ്രചാരണത്തിന്റെ ഭാഗമായി നുഴഞ്ഞുകയറ്റക്കാരന്‍ എന്ന വാക്ക് ബംഗ്‌ളാദേശി മുസ്‌ലിമിന്റെ പര്യായപദമായി മാറിയ കാലത്താണ് സുപ്രീം കോടതി പൗരത്വ രജിസ്റ്ററിന് ഉത്തരവിടുന്നത്. താടിയും തൊപ്പിയുമുള്ള ലുങ്കിയുടുത്ത ഏതൊരാളും അസമില്‍ ബംഗ്‌ളാദശിയായി ചിത്രീകരിക്കപ്പെടുന്ന സാഹചര്യമാണ് കഴിഞ്ഞ നാലു പതിറ്റാണ്ടായി അവിടെ ഉണ്ടായിരുന്നത്. അസമിലുള്ളവരുടെ സങ്കല്‍പ്പമനുസരിച്ച് അവര്‍ക്കവിടെ മെച്ചപ്പെട്ട ജീവിത സാഹചര്യവും തൊഴിലും ലഭിക്കാത്തതിന് കാരണം അതിര്‍ത്തി കടന്ന് അര്‍ധരാത്രിയുടെ മറ പിടിച്ച് ഇപ്പുറത്തെത്തുന്ന ഈ ‘ബംഗ്‌ളാദേശി നുഴഞ്ഞുകയറ്റക്കാര്‍’ എല്ലാ അവസരവും തട്ടിയെടുക്കുന്നതു കൊണ്ടായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ഈ നുഴഞ്ഞു കയറ്റക്കാര്‍ക്ക് തേനും പാലുമൊഴുക്കി അവരെ പ്രീണിപ്പിച്ച് വോട്ടുബാങ്കാക്കി കൊണ്ടുനടക്കുകയാണെന്നും ബി.ജെ.പി ഈ ചിതലുകളെ ബംഗാള്‍ സമുദ്രത്തിലൊഴുക്കുമെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോലും ഉയര്‍ന്നു കേട്ടു. സ്വാഭാവികമയും ജനം ബി.ജെ.പിക്കൊപ്പം ഒഴുകി. പഴയ അസം ഗവര്‍ണര്‍ എസ്.കെ സിന്‍ഹ പറഞ്ഞ കണക്കനുസരിച്ച് ഓരോ ദിവസവും 2,000 പേരാണ് അസമിലെത്തി കൊണ്ടിരുന്നതത്രെ. അങ്ങനെ കണക്കൂട്ടിയാല്‍ 1971 മുതല്‍ക്കിങ്ങോട്ടുള്ള കണക്കനുസരിച്ച് ആ സംസ്ഥാനത്ത് നുഴഞ്ഞു കയറ്റക്കാരല്ലാതെ വേറെയൊരു മുസ്‌ലിമും ഉണ്ടാകുമായിരുന്നില്ല. മറ്റൊരു രാഷ്ട്രീയ നേതാവിന്റെ കണക്കനുസരിച്ച് ഇത് ഏറ്റവും ചുരുങ്ങിയത് 80 ലക്ഷം ആയിട്ടുണ്ടത്രെ. ബംഗ്‌ളാദേശ് രൂപീകരിക്കുന്നതിനു മുമ്പുള്ള കാലത്തും അസം എന്ന സംസ്ഥാനത്തും ബംഗാളിലുമൊക്കെ മുസ്‌ലിംകള്‍ ഉണ്ടായിരുന്നുവെന്ന ചരിത്രം മറച്ചു പിടിച്ച്, അവിഭക്ത ബംഗാളിനെ നൂറ്റാണ്ടുകളോളം ഭരിച്ചത് നവാബുമാരായിരുന്നെന്ന ചരിത്ര സത്യം തമസ്‌കരിച്ച് മുസ്‌ലിംകള്‍ മണ്ണിന്റെ മക്കളല്ലെന്ന വാദം അസമിലുടനീളം ബി.ജെ.പി പ്രചരിപ്പിച്ചു. അസമിന് അഹോം ഭാഷയും ഹിന്ദു ജനതയും മാത്രമേ ഉണ്ടായിരുന്നുവെന്ന് അവിടത്തെ അഭ്യസ്തവിദ്യരായ ആളുകള്‍ പോലും വിശ്വസിക്കുന്ന സാഹചര്യമുണ്ടായി. പാകിസ്ഥാനും ഇന്ത്യയും രണ്ടു രാജ്യങ്ങളായി വേര്‍പ്പെടുന്നതിനു മുമ്പുള്ള കാലത്ത് ഇന്ത്യയില്‍ മുസ്‌ലിംകള്‍ ഇല്ലായിരുന്നു എന്നു പറയുന്നതിനു തുല്യമായ വിഢിത്തമായിരുന്നു ഇത്. അതായത് രാജ്യത്ത് ഇപ്പോഴുള്ള മുസ്‌ലിംകളെല്ലാം വിഭജനത്തിനു ശേഷം പാകിസ്ഥാനില്‍ നിന്നും ഇങ്ങോട്ടു വന്നവരാണെന്ന് വിശ്വസിക്കുന്നതുപോലുള്ള വിവരക്കേട്. എന്നാല്‍, അതിലൊരു ഇരട്ടത്താപ്പ് കൂടിയുണ്ട്. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിംകള്‍ നുഴഞ്ഞു കയറ്റക്കാരായി മാറിയപ്പോള്‍ ബംഗ്‌ളാദേശില്‍ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരനായ ഹിന്ദു ശരണാര്‍ഥി എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്.

ബംഗ്‌ളാദേശിലെ മുസ്‌ലിംകള്‍ എങ്ങനെ ഇന്ത്യയിലേക്ക് നുഴഞ്ഞുകടക്കുന്നു, എന്തിന് അവരത് ചെയ്യുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഒരിക്കലും മറുപടി ഉണ്ടായില്ല. താടിയും തൊപ്പിയുമുള്ളവനെ അസമിനകത്തു പോലും പിടികൂടി ബംഗ്‌ളാദേശിയാക്കുന്ന പൊലിസും സുരക്ഷാ സംവിധാനവും ഉള്ളപ്പോഴാണ് അതിര്‍ത്തിയിലെ എല്ലാ സംവിധാനങ്ങളെയും മറികടന്ന് ഇത്രയേറെ ലക്ഷങ്ങള്‍ നിത്യവും കടന്നുവരുന്നുവെന്ന് അസമില്‍ വ്യാപകമായി വിശ്വസിക്കപ്പെട്ടത്. താടിയും തൊപ്പിയുമില്ലെങ്കില്‍ ഉടുമുണ്ടഴിച്ച് പൗരത്വം പരിശോധിക്കുന്ന സംവിധാനം പോലും അസമില്‍ നിലനിന്നതായി ആരോപണങ്ങളുണ്ട്. എന്നിട്ടാണ് ഒരു വെള്ളരിക്കാപ്പട്ടണത്തിലേക്കെന്ന പോലെ മുസ്‌ലിംകള്‍ കൂട്ടത്തോടെ നുഴഞ്ഞു കയറിയിരുന്നത്. ഇന്നത്തെ ബംഗ്‌ളാദേശ് കിഴക്കന്‍ പാകിസ്ഥാനായി അറിയപ്പെട്ടിരുന്ന 50കളിലെയും 60കളിയെും ചിത്രം ഒരുപക്ഷേ വ്യത്യസ്തമായിരിക്കാം. പക്ഷേ, പില്‍ക്കാലത്ത് അവര്‍ ബംഗ്‌ളാദേശ് ആയി മാറി മുന്നോട്ടു പോയപ്പോള്‍ അസമും ബംഗാളുമൊക്കെ പട്ടിണി സംസ്ഥാനങ്ങളായി തുടരുകയാണ് ഇന്ത്യക്കകത്ത് സംഭവിച്ചത്. പ്രത്യേകിച്ചും ഗള്‍ഫിന്റെ ആവിര്‍ഭാവത്തിനു ശേഷമുള്ള കാലത്ത്. കഴിഞ്ഞ നാലോ അഞ്ചോ ദശകങ്ങളില്‍ ഒരിക്കല്‍ പോലും അസമും ബംഗാളുമൊന്നും ബംഗ്‌ളാദേശിനേക്കാളും മികച്ച ജീവിത സാഹചര്യങ്ങള്‍ ഉണ്ടായിരുന്ന സംസ്ഥാനങ്ങളായിരുന്നില്ല; ഇന്നും അല്ല. ലോകത്തെ അതിവേഗം വളരുന്ന വില കുറഞ്ഞ തൊഴില്‍ ശക്തികളിലൊന്നാണ് ഇന്ന് ബംഗ്‌ളാദേശ്. യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്യുന്ന വന്‍കിട വസ്ത്ര ബ്രാന്‍ഡുകളുടെ നാലില്‍ മൂന്നും ഇന്ന് ബംഗ്‌ളാദേശിലാണ് തയാറാക്കുന്നതെന്നുപോലും റിപ്പോര്‍ട്ടുകളുണ്ട്. അവിടെ നിന്നും എല്ലാ സ്വാതന്ത്ര്യവും കയ്യൊഴിച്ച് എന്തിന് തെരുവുപട്ടിയെ പോലെ ആട്ടിയകറ്റപ്പെടാനും പൊലിസിന്റെയും വര്‍ഗീയവാദികളായ രാഷ്ട്രീയക്കാരന്റെയും ആട്ടും തുപ്പുമേറ്റ് ജീവിക്കാനും പെട്ടിയും കിടക്കയുമെടുത്ത് ബംഗ്‌ളാദേശി മുസ്‌ലിംകള്‍ ഇന്ത്യയിലേക്ക് വരണമായിരുന്നു? വിഭജിക്കപ്പെട്ട കുടുംബങ്ങളിലുള്ളവര്‍ വന്നിട്ടുണ്ട്. അവരില്‍ മഹാഭൂരിപക്ഷവും ഇന്ന് നാം അഭയാര്‍ഥികള്‍ എന്നു വിശേഷിപ്പിക്കുന്ന ഹിന്ദു സഹോദരന്‍മാരാണ്. അതിലുപരി മുസ്‌ലിംകള്‍ക്ക് കിട്ടിയ രാജ്യമാണ് ബംഗ്‌ളാദേശ് എന്ന് അവിടെയുള്ള മുസ്‌ലിംകള്‍ വിശ്വസിച്ചപ്പോള്‍ ഹിന്ദുക്കളുടെ രാജ്യം ഇന്ത്യയാണെന്നും ഇന്ത്യയിലെത്തുന്ന ഹിന്ദുക്കള്‍ക്ക് ഇവിടെ തേനും പാലും ഒഴുക്കുന്നുണ്ടെന്നുമുള്ള അബദ്ധ ധാരണയുടെ പുറത്ത് ഇങ്ങോട്ട് നുഴഞ്ഞു കടന്നവരാണ് കൂടുതല്‍ ഉണ്ടായിരുന്നത്. നുഴഞ്ഞു കയറ്റക്കാര്‍ മുഴുവന്‍ മുസ്‌ലിംകളാണെന്ന വിഷം ഭുജിച്ചു വളര്‍ന്ന ഒരു വോട്ടുബാങ്കിനെ പിടിച്ചു നിര്‍ത്താനാണ് താന്‍ ചിതലുകളെ കടലിലൊഴുക്കുമെന്ന് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമിത് ഷാ പറഞ്ഞത്. പക്ഷേ, ഇക്കാര്യത്തില്‍ ആരോ ചിലര്‍ സുപ്രീംകോടതിയില്‍ തുടര്‍ നടപടി ആവശ്യപ്പെട്ട് ഹരജി കൊടുക്കുകയും തദടിസ്ഥാനത്തില്‍ ഉത്തരവുണ്ടാകുകയും ചെയ്തപ്പോഴാണ് അക്ഷരാര്‍ഥത്തില്‍ സംഘ്പരിവാര്‍ കെണിയില്‍ പെട്ടുപോയത്.

കണക്കെടുപ്പ് പുറത്തുവന്നപ്പോള്‍ പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് അസമിലുള്ളവര്‍ പ്രതീക്ഷിച്ചവരുടെ മൊത്തം കണക്ക് ആദ്യഘട്ടത്തില്‍ 41 ലക്ഷമായി കുറഞ്ഞു. കോടതി ഒന്നു കൂടി പിശോധിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് 19 ലക്ഷമായി കുറഞ്ഞു. 41ല്‍ നിന്നും ഒറ്റയടിക്ക് 22 ലക്ഷം എണ്ണം കുറഞ്ഞപ്പോള്‍ തന്നെ കള്ളക്കണക്കെടുപ്പ് നടന്നുവെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു. നടപ്പിലായ എന്‍.ആര്‍.സിയില്‍ ഉള്‍പ്പെടാതെ പോയതില്‍ മഹാഭൂരിപക്ഷവും അഭയാര്‍ഥി ഹിന്ദുക്കളായിരുന്നു. അവരുടെ എണ്ണം 12 ലക്ഷം വരെ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 80 ലക്ഷം മുസ്‌ലിംകള്‍ പട്ടികയിലുണ്ടാവുമെന്ന് മനഃപ്പായസമുണ്ടവര്‍ക്ക് ഈ പട്ടിക കുറച്ചൊന്നുമല്ല നിരാശയുണ്ടാക്കിയത്. അതുതന്നെയും മിക്ക മുസ്‌ലിം കുടുംബങ്ങളില്‍ നിന്ന് സാങ്കേതിക ന്യായങ്ങളുടെ പേരില്‍ ചിലരെ പുറത്തു നിര്‍ത്തിയതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരാനാരംഭിച്ചതോടെ ജനം ബി.ജെ.പി സര്‍ക്കാരിന് എതിരെ തിരിയാനാരംഭിച്ചു. അസമിലും ബംഗാളിലും കഴിഞ്ഞ നാലുപതിറ്റാണ്ടായി നടത്തിവന്ന അപരവല്‍ക്കരണ പ്രചാരണം ഒരര്‍ഥത്തില്‍ സ്വന്തം വാലു തിന്നേണ്ടിവന്ന പാമ്പിന്റെ ഗതികേടിലേക്കാണ് ബി.ജെ.പിയെ കൊണ്ടെത്തിച്ചത്. എന്‍.ആര്‍.സി പ്രക്രിയയില്‍ ഉള്‍പ്പെട്ടവരുടെ പൊതു സവിശേഷത അവര്‍ക്കെല്ലാം എന്തെങ്കിലുമൊരു രേഖ, പേരിനൊരു വോട്ടഴ്‌സ് കാര്‍ഡെങ്കിലും ഉണ്ടായിരുന്നു എന്നതാണ്. എന്നാല്‍, അതുപോലുമില്ലാത്തവരായിരുന്നു ബി.ജെ.പിയുടെ പിന്നില്‍ വിശ്വസിച്ചണിനിരന്ന ലക്ഷങ്ങള്‍, അതായത് ഈ പ്രക്രിയയിലേക്ക് എത്തിനോക്കുക പോലും ചെയ്യാത്ത അക്ഷരത്തെറ്റുകളും രേഖയില്‍ പേരെഴുതിയ ഉദ്യോഗസ്ഥരുടെ കൈപ്പിഴകളുമൊക്കെ കാരണമാക്കി മാറ്റിയെടുത്താണ് ഈ പ്രക്രിയയുമായി സഹകരിച്ച മുസ്‌ലിംകള്‍ ഉള്‍പ്പടെയുള്ളവരെ പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കാന്‍ നീക്കം നടന്നത്. അവിടെ നിന്നും കഴിഞ്ഞ 15 വര്‍ഷമായി റിപ്പോര്‍ട്ടു ചെയ്യുന്ന ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ പറയാനാകും, ഏറിയാല്‍ 30,000 മാത്രം. അതിലധികം മുസ്‌ലിം നുഴഞ്ഞു കയറ്റക്കാരെ ഇന്നത്തെ അസമില്‍ കണ്ടെത്താനാവില്ല. അതേസമയം അഭയാര്‍ഥികളുടെ കാര്യം അതായിരുന്നില്ല. വോട്ടേഴ്‌സ് പട്ടികയില്‍ നിന്നും പേരുവെട്ടിക്കളയുന്ന ഡി വോട്ടര്‍ സമ്പ്രദായം പോലെ തീര്‍ത്തും ലാഘവത്തോടെ പൗരത്വ പട്ടിക തയാറാക്കി കോടതിയെ വഞ്ചിക്കാന്‍ ശ്രമിച്ച അസമിലെ സര്‍ബാനന്ദ് സോനുവാല്‍ ഭരണകൂടം എന്‍.ആര്‍.സിയില്‍ കുടുങ്ങി ശ്വാസം മുട്ടുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. തയാറാക്കിയ പട്ടിക ഇപ്പോഴവര്‍ പിന്‍വലിക്കുകയും ചെയ്തിരിക്കുന്നു. എന്തുകൊണ്ട് ബി.ജെ.പിക്ക് ഈ അബദ്ധം പറ്റി? അങ്ങാടിയിലേക്ക് പുകയില വാങ്ങാന്‍ പോകുമ്പോള്‍ പോലും കയ്യില്‍ പിതാവിന്റെ ലെഗസി സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടായി കീശയിലിട്ടു പോകേണ്ടി വരുന്ന ഒരു സമുദായത്തോടാണ് സോനുവാല്‍ സര്‍ക്കാര്‍ രേഖകള്‍ ചോദിച്ചത്. അവരുടെ രേഖകള്‍ എന്നോ എത്രയോ കാലമായി റെഡിയായിരുന്നു. അതായിരുന്നില്ല യഥാര്‍ഥ നുഴഞ്ഞു കയറ്റക്കാരുടെ അവസ്ഥ. ഇതോടെയാണ് അടുത്ത ബംഗാള്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബംഗ്‌ളാദേശി നുഴഞ്ഞു കയറ്റക്കാരെ ഇന്ത്യക്കാരാക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ തകൃതിയായത്.

ഹിന്ദുരാഷ്ട്ര നിര്‍മാണത്തിന് ബംഗാളില്‍ നിന്നുള്ള 41 സീറ്റുകളുടെ എണ്ണമാണ് ബി.ജെ.പിക്ക് ഇനിയുള്ള കാലത്തെ പ്രധാന അത്താണി. ബാക്കിയുള്ള സംസ്ഥാനങ്ങളിലൊക്കെയും വികസനത്തിന്റെ പേരുപറഞ്ഞ് പൊതുജനത്തെ വഞ്ചിച്ച് ഒരു വഴിക്കാക്കിയാതുകൊണ്ട് ബി.ജെ.പിയെ ജനം കണ്ടംവഴി ഓടിക്കുന്നതാണ് എല്ലാ സംസ്ഥാനങ്ങളിലും കാണാനുള്ളത്. രാജ്യസഭ കിട്ടണമെങ്കില്‍ സംസ്ഥാനങ്ങള്‍ ജയിച്ചേ തീരൂ എന്ന അനിവാര്യമായ അവസ്ഥയിലാണ് പാര്‍ട്ടി. അതായിരുന്നു കഴിഞ്ഞ ശൈത്യകാല സെഷന്‍ സമാപിക്കുന്നതിനു മുമ്പെ എന്തുവില കൊടുത്തും പൗരത്വ നിയമം പാസാക്കിയെടുക്കാന്‍ അമിത് ഷാ തിടുക്കം കാണിക്കാനുണ്ടായ കാരണം. അതോടൊപ്പം ചുണ്ടോളമെത്തിയ പാനപാത്രം തട്ടിമറിഞ്ഞു വീഴുന്ന ആര്‍.എസ്.എസിന്റെ പരിഭ്രാന്തിയും ഈ സര്‍ക്കാരിന്റെ തിടുക്കപ്പെട്ട നിയമ നിര്‍മ്മാണത്തിന് കാരണമാകുന്നുണ്ടായിരുന്നു.

രാഷ്ട്ര നിര്‍മാണത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ലാത്ത ബി.ജെ.പിക്കും അവരുടെ മാതൃസംഘടനയായ ആര്‍.എസ്.എസിനും പൗരത്വ പട്ടിക ഉര്‍വശീശാപം ഉപകാരമായ മട്ടിലേക്കു മാറുന്നതാണ് രാജ്യം കണ്ടത്. ഇന്ത്യയുടെ ഇദംപര്യന്തമുള്ള ചരിത്രത്തില്‍ ഒരു പങ്കും അവകാശപ്പെടാനില്ലാത്ത ആര്‍.എസ്.എസിന്റെ ഹിന്ദുരാഷ്ട്ര സ്വപ്‌നം സാധ്യമാവണമെങ്കില്‍ മുസ്‌ലിംകള്‍ക്ക് രാജ്യത്ത് വോട്ടവകാശം ഇല്ലാതാക്കിയെങ്കിലേ കഴിയൂ എന്നവര്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് അക്ഷരതെറ്റുകളുടെ പേരില്‍ പോലും അസമില്‍ പൗരത്വം നിഷേധിക്കുന്ന ഒരു നെറികെട്ട പരീക്ഷണത്തിന് സ്വന്തം സര്‍ക്കാരിലൂടെ അവര്‍ ശ്രമിച്ചു നോക്കിയത്. ഹിന്ദുക്കള്‍ ഈ പട്ടികയില്‍ നിന്നും പുറത്തായാല്‍ പോലും അവര്‍ക്ക് മറ്റൊരു രേഖയും ഹാജരാക്കാതെ 2014 ഡിസംബറിനു മുമ്പെ ഇന്ത്യയില്‍ തമാസക്കാരായിരുന്നു എന്നു തെളിയിച്ചാല്‍ പൗരത്വം ലഭിക്കും. എന്നങന്റ, മുസ്‌ലിംകളുടെ കാര്യത്തില്‍ പാസ്‌പോര്‍ട്ട് പോലും പൗരത്വത്തിന് ബാധകമായ രേഖയല്ലെന്നാണ് അമിത് ഷാ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

പഴയ ഇന്ത്യയില്‍ നിന്നും എടുത്തു കാണിക്കാനാവുന്ന ഒരു കാല്‍പ്പാടും ഇല്ലാത്തതു കൊണ്ടാണ് ബി.ജെ.പിയെ സംബന്ധിച്ചേടത്തോളം നരേന്ദ്ര മോദിയുടെ കാലം മുതല്‍ക്ക് ഇന്ത്യ എന്ന രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതേണ്ടി വരുന്നത്. അതുകൊണ്ടാണ് അവരുടെ വാട്ട്‌സ് ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വാരിവിതറുന്ന പാഷാണ സാഹിത്യത്തില്‍ മോദി 2 എന്ന പ്രയോഗത്തിന് പുതിയ ഇന്ത്യയെന്ന പരിഹാസ്യമായ ദ്വയാര്‍ഥമുണ്ടാകുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി അവര്‍ പറഞ്ഞുകൊണ്ടേ ഇരിക്കുകയായിരുന്നു, 2014 മുതല്‍ക്കാണ് ഇന്ത്യയില്‍ എല്ലാം ഉണ്ടായതെന്ന്. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനു ശേഷമാണ് രാജ്യത്ത് കക്കൂസുകള്‍ ഉണ്ടായതെന്ന്. അവരുടെ പ്രധാനമന്ത്രി വന്നതിനു ശേഷമാണ് രാജ്യത്ത് ഗ്യാസ് അടുപ്പുകളില്‍ തീ പുകഞ്ഞതെന്ന്. അവരുടെ പ്രധാനമന്ത്രി വരുന്നതുവരെയും പാവപ്പെട്ടവന്‍ ആകാശത്തിന്റെ മേല്‍ക്കൂരക്കു താഴെയാണ് കിടന്നുറങ്ങിയതെന്ന്. അവരുടെ പ്രധാനമന്ത്രിയാണ് വൈദ്യുതിയുടെ ഉപയോഗം ഗ്രാമങ്ങളിലുള്ളവരെ പഠിപ്പിച്ചതെന്ന്, സ്മാര്‍ട്ട് ഫോണ്‍ കണ്ടുപിടിച്ചതുപോലും അവരായിരുന്നുവെന്ന്, അവരുടെ പ്രധാനമന്ത്രി വന്നതിനു ശേഷമാണ് പാകിസ്ഥാന്‍ ഇന്ത്യയെ പേടിക്കാന്‍ തുടങ്ങിയതെന്ന്, അവരുടെ പ്രധാനമന്ത്രി വന്നതിനു ശേഷമാണ് ലോകം ഇന്ത്യയെ ബഹുമാനിക്കാന്‍ തുടങ്ങിയതെന്ന്… അവര്‍ക്കു തോന്നുന്നുണ്ട് അതിനു മുമ്പുള്ള രാജ്യം മറ്റാരുടെയോ ആയിരുന്നെന്ന്. നെഹ്‌റുവും ഗാന്ധിജയും അംബേദ്കറും മൗലാനാ ആസാദും ഭഗത്‌സിംഗും ചന്ദ്രശേഖര്‍ ആസാദും സുഭാഷ് ചന്ദ്രബോസുമൊക്കെ വേറെയേതോ ഇന്ത്യയുടേതായിരുന്നുവെന്ന്. അശോകനും ഔറംഗസേബും ഷേര്‍ഷായുമൊന്നും ഈ രാജ്യത്തെ ഇന്നത്തെ ഇന്ത്യയാക്കുന്നതില്‍ ഒരുപങ്കും വഹിച്ചവരല്ലെന്ന്…

സ്വാതന്ത്ര്യ സമരത്തിന്റെ പിതൃത്വം അവകാശപ്പെടാന്‍ കോണ്‍ഗ്രസിന്റെ നേതാക്കളുടെ പ്രതിമ പോലും ബി.ജെ.പിക്ക് പണിയേണ്ടി വന്നതിന്റെ സാഹചര്യം അതാണ്. ആ പ്രതിമയല്ലാതെ എന്തുണ്ട് ഭരണനേട്ടം? രാജ്യത്തിനു വേണ്ടി എന്തു ചെയ്‌തെന്ന ചോദ്യമുയരുമ്പോള്‍ വേള്‍ഡ് ബാങ്കിന്റെ കെണിയില്‍ തലവെച്ചു കൊടുത്ത് കോടികള്‍ കടംവാങ്ങി, രാജ്യത്തെ പൗരന്‍മാരെ കോടികളുടെ കടക്കാരാക്കി, കോടികള്‍ കമ്മീഷനടിച്ചുണ്ടാക്കിയ കക്കൂസുകളും ആ പ്രതിമയുമല്ലാതെ നാളെ എടുത്തു വില്‍ക്കാന്‍ പറ്റിയ എന്തുണ്ട് കഴിഞ്ഞ ആറു വര്‍ഷക്കാലത്തെ ഭരണത്തിന്റെ ബാക്കിപത്രമായി? 70 കൊല്ലം കൊണ്ട് കോണ്‍ഗ്രസ് ഉണ്ടാക്കിയതല്ലാത്ത എന്തുണ്ട് നരേന്ദ്ര മോദി വിറ്റുതുലച്ച പൊതുസ്വത്തിന്റെ പട്ടികയില്‍? അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായ ഒരു ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനമെങ്കിലുമുണ്ടോ വിറ്റാല്‍ വല്ലതും കിട്ടുന്നതായി? 2008ല്‍ ആളൊന്നുക്ക് 54,000 രൂപയുടെ കടമുണ്ടായിരുന്ന ഇന്ത്യ മോദിയുടെ അഞ്ച് വര്‍ഷം കഴിയുമ്പോഴേക്കും 98,000 കടന്നിട്ടുണ്ടായിരുന്നു. 2018 മാര്‍ച്ചിലെ കണക്കാണത്. ഇപ്പോഴത് ഒരു ലക്ഷത്തിനും മുകളിലാണ്. 60 വര്‍ഷം കൊണ്ടുണ്ടായ കടത്തിന്റെ 100 മടങ്ങ് വര്‍ധന വെറും അഞ്ച് വര്‍ഷം കൊണ്ട്! കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് നാഴികക്ക് നാല്‍പ്പതുവട്ടം കുരവയിടേണ്ടി വരുന്നത് ഈ അപകര്‍ഷതാ ബോധം കൊണ്ടാണ്. ഹിന്ദുവും മുസ്‌ലിമും രണ്ട് രാജ്യമല്ല രണ്ട് മതങ്ങള്‍ മാത്രമാണെന്ന് പഠിപ്പിച്ച മഹാത്മാവിന്റെ ചിത്രത്തിലേക്കു പോലും നിറയൊഴിക്കുന്ന അനുയായികളെ പടച്ചുണ്ടാക്കുന്നത് അതുകൊണ്ടാണ്. ആ മഹാത്മാവിന്റെ വെടിവെച്ചു കൊന്നവന്റെ ചുടലഭസ്മം മുസല്‍മാന്‍മാരില്ലാത്ത കാലത്തെ ഗംഗാ നദിയില്‍ ഒഴുക്കണമെന്ന് മോഹിച്ച് ഒരു കുടത്തിലടച്ച് കാലത്തിന്റെ കരിമ്പടം ഇന്ത്യയെ മുടുന്നതും നോക്കി കാത്തിരിക്കുന്ന മഹാരാഷ്ട്രയിലെ ഒരു വൈതാളിക സംഘത്തെ ഏറ്റുപിടിക്കേണ്ടി വരുന്നതിന്റെ കാരണം അതാണ്. ബാബാ സാഹേബ് ഭീമറാവു അംബേദ്ക്കറുണ്ടാക്കിയ ഭരണഘടനയെ വെറുക്കേണ്ടി വരുന്നത് അതുകൊണ്ടാണ്. രാജ്യത്തിന് അംബേദ്കര്‍ നല്‍കിയ ഭരണഘടനയുടെ സ്ഥാനത്ത് നാഗ്പൂരിലെ ജാതിവെറിയന്‍മാര്‍ എഴുതിയുണ്ടാക്കിയ ദുര്‍വിചാരങ്ങളെ ആശയധാരയായി പൊക്കിക്കാണിക്കുന്ന ഗതികേടിലേക്ക് രാജ്യം എത്തിപ്പെടുന്നത് ഇതുകൊണ്ടൊക്കെയാണ്.

സ്വാതന്ത്ര്യം പ്രാപിച്ച് ഏഴു പതിറ്റാണ്ടുകള്‍ക്കു ശേഷം ഇന്ത്യാ മഹാരാജ്യം പൗരത്വത്തെ കുറിച്ച ആലോചനകള്‍ കൊണ്ട് വീര്‍പ്പുമുട്ടേണ്ടി വന്നതിന്റെ സാഹചര്യമാണ് ഇതൊക്കെ. പഴയ രാജ്യത്തെ നേരാം വണ്ണം കൊണ്ടുനടത്താന്‍ കഴിയാത്തവരാണ് പുതിയ പൗരന്‍മാരെ സൃഷ്ടിക്കുന്നതിനെ കുറിച്ച് പറയുന്നത്. 1947ല്‍ നാം രാജ്യമായി മാറിയതും പിന്നീട് ഒരു ഒരു റിപ്പബ്‌ളിക്കായി പ്രഖ്യാപിച്ചതുമൊക്കെ അന്നിവിടെ പൗരന്‍മാര്‍ ഇല്ലാതെ ആയിരുന്നോ? പിറന്നുവീണ മണ്ണില്‍ മരിക്കുവോളം ചവിട്ടി നടക്കുമെന്ന് തീര്‍ച്ചപ്പെടുത്തി എങ്ങോട്ടും പോകാതെ ബാക്കിയായവരായിരുന്നില്ലേ ഇന്ത്യക്കാരായി അറിയപ്പെട്ടത്? ആ ജനകോടികളാണ് അന്ന് അവരുടെയും രാജ്യത്തിന്റെയും ഭാഗധേയം നിശ്ചയിച്ചത്. അതിര്‍ത്തികള്‍ 1947ല്‍ പുനര്‍ നിശ്ചയിച്ച രാജ്യമായിരുന്നു നമ്മുടേത് എന്നു പറയുന്നതായിരുന്നു കുറെക്കൂടി വലിയ ശരി. ഒരു കാലത്തെ ഇന്ത്യ തന്നെയായിരുന്നു ബംഗ്‌ളാദേശും പാകിസ്ഥാനുമൊക്കെ. വീതം വെച്ചുപോയ ഒരു കുടുംബത്തിലെ അംഗങ്ങളാണ് അതിര്‍ത്തിയുടെ അപ്പുറം ഉള്ളത്. നമ്മുടെയും അവരുടെയും രാജ്യങ്ങള്‍ ഒരുമിച്ചുനിന്ന സമ്പന്നമായ ഒരു ഭൂതകാലം നമുക്കുണ്ട്. 1947ല്‍ സംഭവിച്ച കാര്യങ്ങള്‍ ശരിയായിരുന്നുവെന്നു വിശ്വസിക്കുന്നവരാണോ നാം? അല്ല. അത് ഒരു ദുരന്തമായിരുന്നുവെന്ന് ഇന്നും പാഠപുസ്തകങ്ങളില്‍ ചൊല്ലിപ്പഠിക്കുന്നവരാണ് നാം. ചരിത്രത്തിലെ ആ തെറ്റിനെ കുറിച്ചോര്‍ത്ത് ഒരു ഭാഗത്ത് മുതലക്കണ്ണീരൊഴുക്കുകയും എന്നിട്ട് മണ്ണല്ല മതമാണ് രാജ്യത്തിന്റെ അടിസ്ഥാനമെന്ന അതേ അറുവഷളന്‍ സിദ്ധാന്തത്തെ പുതിയ പേരിട്ട് പാര്‍ലമെന്റിലൂടെ അവതരിപ്പിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ രാജ്യത്തിനകത്ത് പുതിയ അതിര്‍ത്തികള്‍ വരച്ചുണ്ടാക്കുന്നതിന് തുല്യമായ പണിയാണ് നമ്മുടെ ഭരണാധികാരികള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് പറയേണ്ടി വരുന്നു. ഇത്രയും കാലം ഒരു രാജ്യമായി നിലനിന്നതൊക്കെയും പുതിയ കാലത്ത് അങ്ങനെയല്ലാതാവുന്നുണ്ടെന്നാണ് ഇപ്പോള്‍ മനസ്സിലാക്കേണ്ടി വരുന്നത്. പൗരത്വം തരുന്ന കൂട്ടരുടേതും വാങ്ങുന്നവരുടേതുമായി നിലവില്‍ രാജ്യം വിഭജിക്കപ്പെട്ടിരിക്കുന്നു. പൗരത്വം ചോദിച്ചുവാങ്ങുന്ന ഗതികേടിലേക്ക് എല്ലാ പൗരന്‍മാരെയും ആട്ടിത്തെളിക്കേണ്ടുന്ന അസാധാരണമായ ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിന് ആരാണ് നരേന്ദ്രമോദിയെയും അമിത് ഷായെയും ചുമതലപ്പെടുത്തിയത്? എന്താണ് ഇതിന്റെ പിന്നിലുള്ള കാരണം? പൊതുജനത്തിന് ഈ കാരണങ്ങളൊന്നും ആരും ബോധ്യപ്പെടുത്തിയിട്ടില്ല. ബോധ്യപ്പെടുന്ന കാരണങ്ങള്‍ ഉണ്ടെന്ന് പറയാനും കഴിയില്ല. നാം വലിയ ഒരു അനിശ്ചിതാവസ്ഥയിലേക്ക് പൊടുന്നനെ എടുത്തെറിയപ്പെട്ട ഒരു രാജ്യമാകുകയാണ്.

(മലപ്പുറത്തെ ശാഹീന്‍ബാഗ് വേദിയില്‍ നടത്തിയ പ്രസംഗത്തിന്റെ വിശദ രൂപം)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757