culturalOpinion

ശക്തമായൊരു കശ്മീര്‍ നോവല്‍; ടി.ഡി.ആറിന്റെ ‘അന്ധര്‍ ബധിരര്‍ മൂകര്‍’ – ജോണി എം.എല്‍

സമകാലിക കശ്മീരിന്റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തില്‍ ടി.ഡി രാമകൃഷ്ണന്‍ എഴുതിയ അന്ധര്‍, ബധിരര്‍, മൂകര്‍ എ നോവലിന്റെ വായന

‘അന്ധര്‍ ബധിരര്‍ മൂകര്‍’ എന്ന നോവല്‍ ടി.ഡി രാമകൃഷ്ണന്‍ രചിച്ചതാണ്. അങ്ങനെ പറയാന്‍ കാരണം ഇത് വായിക്കുമ്പോള്‍ ഇതില്‍ നിങ്ങള്‍ തിരയുന്നത് ടി.ഡി രാമകൃഷ്ണനെയാകും. എങ്കിലും വായിച്ചു പോകെ, ഈ കഥ എഴുതിയിരിക്കുന്നത് ടി.ഡി.ആര്‍ അല്ലെന്നും, ആമുഖത്തിലേ അദ്ദേഹം പറയുന്നതുപോലെ ഇത് മരിച്ചുപോയ ഫാത്തിമ നിലോഫര്‍ എന്ന സ്ത്രീ അദ്ദേഹത്തിലൂടെ അവരുടെ കഥ പറയുകയാണെന്നും മനസ്സിലാകും. കാര്യങ്ങള്‍ അങ്ങനെ ആകുമ്പോള്‍ ടി.ഡി ആറിന്റെ മാജിക്കല്‍ റിയലിസം ഇതില്‍ തെരയുമെങ്കില്‍ നിങ്ങള്‍ നിരാശരാവുകയേയുള്ളൂ.

ഇത് കശ്മീരിന്റെ കഥയാണ്. ദീര്‍ഘമായ കലാപങ്ങളുടെ കാലത്തിനും ശാന്തമായ ഇടവേളകള്‍ക്കും ഒടുവില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ 2019 ആഗസ്റ്റ് അഞ്ചാം തീയതി കശ്മീരിന്റെ പ്രത്യേക പദവി ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദുചെയ്യുകയും കശ്മീരിനെ മൂന്നു കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. അതോടെ അവിടെയുണ്ടായിരുന്ന അസംബ്ലി സ്വാഭാവികമായി റദ്ദാവുകയും ചെയ്തു. വെള്ളപ്പൊക്കം പോലെ ആര്‍ത്തലച്ചുവന്ന പ്രതിഷേധത്തെ സര്‍ക്കാര്‍ നേരിട്ടത് കശ്മീരിനെ ഒരു ജയിലാക്കിക്കൊണ്ടായിരുന്നു. ഒരൊറ്റ ദിവസത്തിനുള്ളില്‍ കശ്മീരിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ സ്തംഭിപ്പിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ കശ്മീര്‍ ഒരു ദ്വീപായി; ചുറ്റുപാടും ഇന്ത്യന്‍ സൈന്യത്താല്‍ ചുറ്റപ്പെട്ട ഒരു ദ്വീപ്.

ഒമ്പത് ദിവസങ്ങളിലെ കഥയാണിത്. ആഗസ്റ്റ് അഞ്ചുമുതല്‍ പതിനാലാം തീയതി രാത്രി വരെയുള്ള കഥ. ബുര്‍ഹാന്‍ വാണി എന്ന യുവ നേതാവിനെ അനുസ്മരിപ്പിക്കുന്ന യുവ നേതാവും രക്തസാക്ഷിയുമായ ഒമര്‍ ഖയാം മൂസയുടെ ഭാര്യയാണ് ഫാത്തിമാ നിലോഫര്‍. അവര്‍ക്ക് രണ്ടു കുട്ടികള്‍, യാസിനും മെഹറും. യാസിന്റെ കണ്ണില്‍ പെല്ലറ്റ് കൊണ്ട് അവന്‍ അന്ധതയിലേക്ക് നീങ്ങുകയാണ്. സമാധാനത്തിന്റെ വിധവകള്‍ എന്ന ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുകയാണ് ഫാത്തിമ. ആസാദിക്ക് പകരം അമന്‍ (സമാധാനം) വേണം എന്ന് വാദിക്കുന്ന സ്ത്രീകള്‍. പക്ഷേ, ഇന്ത്യന്‍ സര്‍ക്കാര്‍ അവരെയും വിഘടനവാദികളുടെ മറയായാണ് കാണുന്നത്. (അരുന്ധതി റോയിയുടെ അത്യാനന്ദത്തിന്റെ ദൈവവൃത്തി എന്ന നോവലിലെ നായകനായ കശ്മീര്‍ വിമോചനപ്പോരാളിയുടെ പേര് മൂസ എന്നാണ്. സബിന്‍ ഇഖ്ബാലിന്റെ ദി ക്ലിഫ്ഹാന്‍ഗേഴ്‌സ് എന്ന നോവലിലെ നായകന്മാരിലൊരാളും ആഖ്യാനസ്വരവും മൂസ ആണ്. മൂസ എന്ന പേരില്‍ എന്തോ ഉണ്ട്).

ഇന്ത്യന്‍ സര്‍ക്കാരിന്റെ അപ്രതീക്ഷിതമായ നീക്കം ഫാത്തിമയുടെയും കുട്ടികളുടെയും ഫാത്തിമയുടെ മാതാവായ നിലോഫര്‍ ഭട്ടിന്റെയും അടിതെറ്റിക്കുന്നു. കുട്ടികളെ ആശ്വസിപ്പിക്കാനായി ഫാത്തിമ പറയുന്ന ആരിഫ താത്ത എന്ന കല്പിത കഥാപാത്രം പറയുന്നത് ‘സ്വര്‍ണ്ണ മല്‍സ്യങ്ങളുടെ ശാപം അവയുടെ സ്വര്‍ണ്ണ നിറം തന്നെയായിരുന്നു’ എന്നാണ്. അതാണല്ലോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലോഫര്‍ ഭട്ടിന്റെ ഗര്‍ഭപാത്രത്തിലേക്ക് ഒരു സര്‍ദാര്‍ജിയും ഒരു കപൂറും ഒരു നായരും ചേര്‍ന്ന് ആക്രമണത്തിന്റെ കയ്പ്പ് കറന്നത്. (മണ്ണ് നിങ്ങളുടേതാകാം പക്ഷേ, വിത്ത് വിതയ്ക്കാന്‍ നമുക്കറിയാം. പിന്നീടൊരിക്കല്‍ ഒരു മേജര്‍ പറയുന്നുണ്ട്) ആ ബലാത്സംഗത്തില്‍ പിറന്നതാണ് ഫാത്തിമ. അതാണ് അവള്‍ക്ക് നിറം അല്പം കുറവ്.

ജോണി എം.എല്‍, ബി.രാജീവന്‍, ടി.ഡി രാമകൃഷ്ണന്‍, പി.കെ രാജശേഖരന്‍ എന്നിവര്‍ നോവല്‍ ചര്‍ച്ചയില്‍

മുസാഫിര്‍ എന്ന വ്യാജ ബി.എസ്.എഫ് പടയാളി (അവന്‍ ആസാദി പ്രസ്ഥാനത്തിലെ വിമോചന പോരാളിയാണ്) ആ കുടുംബത്തെ അതിര്‍ത്തി കടത്താന്‍ ശ്രമിക്കുന്നതാണ് കാണുന്നത്. ഫാത്തിമയുടെ ഉദീരണത്തിലൂടെ ടി.ഡി.ആര്‍ നമുക്ക് ഒമ്പത് ദിവസങ്ങളിലെ കഥ പറഞ്ഞുതരുന്നു. ഒടുവില്‍ യാസിനും മെഹറും ഒരു ആഗസ്റ്റ് പതിനഞ്ചിന് സ്വതന്ത്ര്യത്തിലേക്ക് കടക്കുമ്പോള്‍ മാനഭംഗപ്പെടുത്തപ്പെട്ടിട്ടും ജീവിതത്തിലേ്ക്ക് കടക്കാന്‍ കഴിയാതിരുന്ന ഫാത്തിമ വെടിയേറ്റ് വീഴുകയാണ്. പ്രേതപ്പെരുമ്പറ മുഴങ്ങുന്ന ശബ്ദത്തില്‍ അവള്‍ പറയുന്ന മാതൃവാക്യമാണ് ‘അന്ധര്‍ ബധിരര്‍ മൂകര്‍’ എന്ന ഈ കൃതി.

ഇന്ത്യയുടെ എന്നല്ല, പൊതുവെ ലോകത്തിന്റെ സാംസ്‌കാരിക സാമൂഹിക വീക്ഷണത്തില്‍ സ്ത്രീയുടെ കന്യകാത്വത്തിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും അവളില്‍ത്തന്നെ നിക്ഷിപ്തമായ ഒന്നാണ്. അതിനെ മറ്റാരെങ്കിലും തട്ടിപ്പറിച്ചാലും, അനുവാദത്തോടെയാണെങ്കിലും അവളുടെ ശരീരം ഉപയോഗിക്കപ്പെട്ട ശേഷം ഉപേക്ഷിക്കപ്പെട്ടാലും, അവള്‍ക്ക് വൈധവ്യം ബാധിച്ചാലും ഒക്കെ അവളുടെ കര്‍തൃത്വത്തിന്റെ പരിശുദ്ധി എപ്പോഴും ഒരു ചോദ്യത്തിന്റെ കീഴിലാണ്. അവളെ/അവളുടെ ഉടലിനെ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് മുന്നില്‍ പരുങ്ങുന്ന സമൂഹത്തെയാണ് നാം പൊതുവെ കാണുന്നത്. ആ ചോദ്യത്തെ അഭിസംബോധന ചെയ്യുന്നത് മിക്കവാറും ആ ചോദ്യത്തിന് കാരണമായ ഉടലിനെ ഇല്ലാതാക്കിക്കൊണ്ടായിരിക്കും. ഇത് സിനിമകളിലൂടെയും ജനപ്രിയ സാഹിത്യരൂപങ്ങളിലൂടെയും മിത്തുകളിലൂടെയും നാടോടിക്കഥകളിലൂടെയും ഒക്കെ നമ്മുടെ സാംസ്‌കാരിക അബോധത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. അതിനാല്‍ മിക്കവാറും മാനഭംഗത്തിന് ഇരയാക്കപ്പെട്ട സ്ത്രീകള്‍ അവരുടെ ‘നിജ കൃത്യം നിറവേറ്റിയിട്ട്’ കൊഴിഞ്ഞുപോവുകയാണ് ചെയ്യുന്നത്. മരണം എല്ലാവര്‍ക്കും സുനിശ്ചിതമാണെങ്കിലും ജീവിതത്തിന്റെ സവിശേഷാഖ്യാനങ്ങളില്‍ നിന്ന് ഈ സ്ത്രീകള്‍ ഒഴിവാക്കപ്പെടുന്നത് അകാരണമായും അവിചാരിതമായും എത്തുന്ന മരണത്തിലൂടെയാണ്. നിലോഫര്‍ ഭട്ട് മരിക്കുന്നത് പാമ്പ് കടിയേറ്റാണ്; അവര്‍ പുതിയൊരു ജീവിതത്തിലേക്ക് മകള്‍ക്കും ചെറുമകള്‍ക്കും ഒപ്പം യാത്രായാകുന്നു, പക്ഷെ വഴിയില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിക്കുന്നു. ഫാത്തിമ നിലോഫര്‍ ആകട്ടെ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിക്കുകയാണ്. ഇത്തരമൊരു അന്ത്യത്തിന് നേര്‍ക്ക് നാം സഹതപിക്കണം എന്ന ഉദ്ദേശ്യം ഗ്രന്ഥകര്‍ത്താവിനുണ്ട്; ഒപ്പം നമുക്ക് ധാര്‍മിക രോഷവും ഉളവാകണം. പക്ഷേ, വലിയൊരു പശ്ചാത്തലത്തില്‍ നോക്കിയാല്‍, യാഥാര്‍ഥ്യത്തിന്റെ ക്രൂരമായ ഇടപെടലുകള്‍ക്കപ്പുറം, ആഖ്യാനത്തില്‍ ആ സ്ത്രീകള്‍ക്ക് സ്വയം വിമോചനവും സ്വയം സാക്ഷാത്കാരവും നേടുന്നതിനുള്ള പഴുതുകള്‍ അടഞ്ഞുപോയിരിക്കുന്നു. ഇത് ടി.ഡി.ആര്‍ കൂടി പങ്കുവെക്കുന്ന പൊതുബോധത്തിന്റെ ഇടപെടലാണെന്ന് കാണേണ്ടി വരുന്നു എന്നുള്ളതാണ് ഒരു വിമര്‍ശനം.

വര്‍ത്തമാനകാലത്തെ നോവല്‍ ആക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്നത് പത്രവാര്‍ത്തയെ വിശ്വസനീയമായ ഒരു ആഖ്യാനം ആക്കുക എന്നതാണ്. അതില്‍ യാഥാര്‍ഥ്യങ്ങളുടെ മറിച്ചിടലോ അയഥാര്‍ഥ്യങ്ങളുടെ യാഥാര്‍ഥ്യവല്‍ക്കരണമോ നടത്തേണ്ടതുണ്ട്. അടഞ്ഞുപോയ ഒരു നാടിനെക്കുറിച്ച് അവിടെ വെച്ച് കൊല്ലപ്പെട്ട ഒരുവളുടെ പ്രേതം വന്നു പറയുന്നത് നമുക്ക് വിശ്വസിക്കാതെ വയ്യ. അതുകൊണ്ടാണ് നമുക്ക് ടി.ഡിആറിനെ പുതിയൊരു വെളിച്ചത്തില്‍ കാണാനാകുന്നത്; കാരണം ഫാത്തിമ ടി.ഡി.ആര്‍ തന്നെയാണല്ലോ. കാലത്തില്‍ അടുത്തെങ്കിലും ഇടത്തില്‍ അകന്നുപോയ ഒരു നാടിനെക്കുറിച്ചു പറയുമ്പോള്‍ കണ്‍സേര്‍ട്ടിനാ എന്ന മുള്ളുകമ്പി വേലികള്‍ക്കുള്ളില്‍ നടക്കുന്നതെന്തെന്ന് സൃഷ്ടിച്ചെടുക്കേണ്ടി വരും. മുന്നാഖ്യാനങ്ങളുടെ വെളിച്ചത്തില്‍ പുതിയൊരു കഥ പറയേണ്ടിവരും. അത് സത്യത്തില്‍ നിന്ന് അകലെയല്ല എന്നതാണ് ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്.

കശ്മീരിനെ കുറിച്ചുള്ള ഒരു സിനിമയായി സങ്കല്‍പ്പിച്ചുകൊണ്ടാണ് എഴുത്ത് തുടങ്ങിയത് എന്ന് ടി.ഡി.ആര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍തന്നെ ആഖ്യാനത്തിന് ഒരു തിരക്കഥയുടേതായ ചടുലതയും പിരിമുറുക്കവുമുണ്ട്. പി.കെ രാജശേഖരന്‍ ഈ സംക്ഷിപ്തതയെ നോവലിന് ചേര്‍ന്ന ഒരു ഗുണമായി കാണുന്നില്ല. വിശദീകരിക്കാവുന്ന ഇടങ്ങളെ ചുരുക്കിയത് നോവല്‍ എന്നതിന്റെ സാധ്യതയെ ബാധിച്ചിട്ടുണ്ടെന്ന് രാജശേഖരന്‍ നിരീക്ഷിക്കുന്നുണ്ട്. പക്ഷേ, എന്റെ അഭിപ്രായത്തില്‍ സിനിമ എന്നൊരു മാധ്യമത്തിന് ഏറ്റെടുക്കാന്‍ കഴിയാത്ത വിധം രൂക്ഷമായ ഒരു ആഖ്യാനത്തിന് മറ്റൊരു രൂപം സ്വീകരിക്കേണ്ടി വരുന്നു എന്നുള്ള ഒരു അവസ്ഥകൂടിയുണ്ട്. സിനിമയുടെ തിരക്കഥയെ നോവലാക്കുകയല്ല, മറിച്ച് നോവലിന്റെ രൂപത്തില്‍ സിനിമക്കായി സങ്കല്‍പിച്ചെഴുതിയ കഥ, അതിന്റെ ദുസ്സാധ്യതകളുടെ മുന്നില്‍ നോവല്‍ ആയിത്തന്നെ തുടരാന്‍ തീരുമാനിക്കുകയാണ്. ഒരു വീട് മാറ്റം പോലെയാണിതെന്ന് ഞാന്‍ പറയും. നമ്മള്‍ മറ്റൊരു നഗരത്തിലേക്ക് പോകാനായി എല്ലാം തയാറാക്കി കാത്തിരിക്കുന്നു. മാനസികമായി നമ്മള്‍ പുതിയ നഗരത്തില്‍ എത്തിക്കഴിഞ്ഞു എന്ന് തന്നെ കരുതുക. പൊടുന്നനെ ഉരുത്തിരിയുന്ന ഒരു സാഹചര്യം നമ്മളെ പഴയ നഗരത്തില്‍ അതേ വീട്ടില്‍ത്തന്നെ തുടരാന്‍ പ്രേരിപ്പിക്കുകയാണ്. കുറെ ദിവസങ്ങള്‍ കൊണ്ടുമാത്രമേ നാം അന്നുവരെ താമസിച്ച വീട്ടില്‍ നമുക്ക് സ്വാഭാവികതയോടെ തുടര്‍ന്ന് താമസിക്കാന്‍ കഴിയൂ. അതൊരു അന്തരാളാവസ്ഥയാണ്. അത്തരമൊരു അന്തരാളഘട്ടം നോവലിന്റെ ആഖ്യാനത്തില്‍ ഉണ്ട്. നോവലിന്റെ ഘടനയെ സംക്ഷിപ്തരൂപത്തില്‍ ആക്കുന്നതിന് അതൊരു കാരണമായിട്ടുണ്ടെന്നുവേണം കരുതാന്‍.

നട്ടെല്ലിലൂടെ അരിച്ചരിച്ചേറുന്ന കരാളമായ ഭയത്തോടും വേപഥുവോടും കൂടിയല്ലാതെ നമുക്കീ നോവലിനെ വായിച്ചെടുക്കാന്‍ കഴിയില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ പട്ടാളവും കോടതിയും വലതുപക്ഷ പ്രത്യയശാസ്ത്രവും ഒരുമിച്ചുപയോഗിച്ചു കൊണ്ട് കശ്മീരിനെ ഇന്ത്യന്‍ ബീജം ആക്രാമകമായി വിതയ്‌ക്കേണ്ടുന്ന ഒരു മണ്ണായി മാറ്റുന്ന ഈ കഥ ഒരു പ്രേതപ്രഹസനമല്ല, ഒരു ജീവിതവിഷാദ കഥാ കഷായം തന്നെ ആകുന്നു. അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന തലക്കെട്ട് തികച്ചും പ്രസക്തം തന്നെ. അത് കശ്മീരിന്റെ വര്‍ത്തമാനവസ്ഥയെ സൂചിപ്പിക്കുന്നു എന്നത് മാത്രമല്ല, അന്ധവും ബധിരവും മൂകവുമായ നീതിയെയും ഒപ്പം കാണുന്നില്ല കേള്‍ക്കുന്നില്ല മിണ്ടുന്നില്ല എന്ന ഹിപ്പോക്രിസിയിലേക്ക് നീങ്ങുന്ന മധ്യവര്‍ഗ വാനരത്ത്വത്തെകൂടി ഗാന്ധിയുടെ അഹിംസയുടെ വിഷാദധ്വനികളുടെ അകമ്പടിയോടെ ടി.ഡി.ആര്‍ അവതരിപ്പിക്കുന്നു. കവര്‍ ചിത്രത്തില്‍ അതുണ്ട്. ഒപ്പം ചതുര്‍ദിക്കുകളെയും സിംഹാവലോകനം ചെയ്യുന്ന ദൃഢവിജൃംഭിതമായ അശോകസ്തംഭത്തിന്റെ ആത്യന്തികമായ ഷണ്ഡികരണത്തെകൂടി വെളിപ്പെടുത്തുന്നു. നൂറ്റിയെഴുപത്തിയഞ്ച് പേജുകള്‍ക്കുള്ളില്‍ ഒരു പ്രേതഭാഷണത്തിലൂടെ അദൃശ്യമായ കശ്മീര്‍ ദൃശ്യപ്പെടുന്നു. ടി.ഡി.ആര്‍ അന്ധരാ(ജാ)വിനു മുന്നിലെ സഞ്ജയനാകുന്നു.
(ഡി സി ബുക്ക്‌സ് പ്രസാധനം. വില: 199 രൂപ)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757