editorial

വംശീയ ഉന്മൂലനത്തിനുള്ള സംഘ്പരിവാര്‍ നീക്കം തന്നെയാണ് ഡല്‍ഹിയിലേത്

രാജ്യ തലസ്ഥാനത്ത് സംഘ്പരിവാര്‍ ഭീകരര്‍ വംശീയ ഉന്മൂലനത്തിനായി മുസ്‌ലിംകള്‍ക്കെതിരെ ആക്രമണവും കലാപങ്ങളും കൊള്ളിവെപ്പുകളും കൊലകളും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇതെഴുതുന്നത്. ലഭ്യമായ വിവരമനുസരിച്ച് 42 മരണങ്ങളാണ് നാല് ദിവസത്തിനുള്ളില്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. ഇതിലേറെ മരണങ്ങള്‍ നടന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചി പ്പിക്കുന്നുണ്ട്. പള്ളികളടക്കം തകര്‍ക്കുകയും കത്തിക്കുകയും കച്ചവട സ്ഥാപനങ്ങള്‍ തിരഞ്ഞുപിടിച്ച് തകര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. തോക്കുകളടക്കമുള്ള മാരകായുധങ്ങള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ യഥേഷ്ടം ഉപയോഗിച്ചാണ് വംശീയ ഉന്മൂലനത്തിനുള്ള ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നത്. മൂന്ന് മാസത്തോളമായി നടന്നുവരുന്ന പൗരത്വ പ്രക്ഷോഭങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ് ഡല്‍ഹി. ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ഥികളാണ് ഡല്‍ഹിയിലെ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ശാഹീന്‍ ബാഗിലെ സ്ത്രീകളുടെ നേതൃത്വത്തില്‍ പൗരസമൂഹം സമരം ഏറ്റെടുത്തതോടെ പൗരത്വ ഭേദഗതി നിയമ ത്തിനെതിരെ ജനാധിപത്യ പ്രതിഷേധം ശക്തമാവുകയായിരുന്നു. ശാഹീന്‍ ബാഗിലെ സമരം തകര്‍ക്കാനുള്ള ഓരോ ശ്രമത്തിലും കൂടുതലിടങ്ങളിലേക്ക് ശാഹിന്‍ബാഗ് മോഡല്‍ സമരങ്ങള്‍ വ്യാപിക്കുന്നു എന്നത് സംഘ്പരിവാറിനെ സംബന്ധിച്ചേടത്തോളം അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ്. ഇതിനിടയിലാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് നടന്നതും അതില്‍ ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടതും. ശാഹീന്‍ ബാഗ് സമരത്തെ ഇന്തോ-പാകിസ്ഥാന യുദ്ധമെന്ന തരത്തിലുള്ള പ്രചാരണവും വര്‍ഗീയ ധ്രൂവീകരണ നീക്കങ്ങളും നടത്തിയിട്ടും വിജയിക്കാനാവാതെ പോയത് തീര്‍ച്ചയായും ബി.ജെ.പിയെ അലോസരപ്പെടുത്തിയിട്ടുണ്ടാകും. ഈ അലോസരങ്ങളുടെ പ്രതികാരം കൂടിയാണ് ഇപ്പോള്‍ അവര്‍ അഴിച്ചുവിട്ടിരിക്കുന്ന കലാപം. ഇതെഴുതുന്ന ദിവസവും സംഘ്പരിവാര്‍ നട ത്തിക്കൊണ്ടിരിക്കുന്ന കലാപത്തെ നിയന്ത്രിക്കാന്‍ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ആശുപത്രികളില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് പോലും ചികിത്സ നിഷേധിക്കുന്നു. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാന്‍ ആശുപത്രികളോട് ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിറങ്ങിയിരിക്കുകയാണ്. കപില്‍ മിശ്രയെന്ന ബി.ജെ.പി നേതാവ് നടത്തിയ കലാപാഹ്വാനങ്ങളുടെ ദൃശ്യങ്ങളുണ്ടായിട്ടും കേസെടുക്കുന്നതിന് പൊലീസ് തയ്യാറായിട്ടില്ല. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അടക്കം നാല് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ട് ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധരനെ അന്നേദിവസംതന്നെ പഞ്ചാബിലേക്ക് സ്ഥലം മാറ്റി. പുതിയ ബെഞ്ചാകട്ടെ നാല് ആഴ്ച പൊലീസ് റിപ്പോര്‍ട്ടിന് സാവകാശം തേടിയിരിക്കുകയുമാണ്. ഡല്‍ഹിയിലെ മതേതര സമൂഹം കനിഞ്ഞ് നല്‍കിയ വലിയ വിജയാഘോഷത്തിന്റെ മണം മാറുന്നതിന് മുന്‍പുണ്ടായ ഈ വംശഹത്യയില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ മൗനം പാലിച്ച് സംഘ്പരിവാറിന് സഹായകരമായ നിലപാടാണ് കൈക്കൊള്ളുന്നത്. 2002-ലെ ഗുജറാത്ത് വംശഹത്യപോലെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അതിഭീകരമായ വംശഹത്യയാണ് ഡല്‍ഹിയിലേതും. ഇന്ത്യയിലെ പൗരത്വ സമരങ്ങളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കവുമാണ് ഇത്. രാജ്യത്തെ ജനാധിപത്യ സമൂഹം ഇപ്പോഴും വേണ്ടത്ര ഉണര്‍ന്നിട്ടില്ല എന്നത് അതിലേറെ ആശങ്ക പരത്തുന്നുണ്ട്. സംഘ്പരിവാറും ജനാധിപത്യ മതേതരത്വവും നേര്‍ക്കുനേര്‍ നില്‍ക്കേണ്ട ഈ സാഹചര്യത്തിലും രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോഴും അര്‍ധ മനസ്സിലാണ്. അത് സൃഷ്ടിക്കുന്ന അപകടം ചെറുതല്ല. സംഘ്പരിവാര്‍ ആഗ്രഹിക്കുന്ന തരത്തിലേക്കൊരു സിവില്‍വാറിലേക്ക് ഇത് രാജ്യത്തെ കൊണ്ടെത്തിക്കും എന്ന യാഥാര്‍ഥ്യം ഇന്ത്യയിലെ മതേതര സമൂഹം തിരിച്ചറിയണം. ഇത് അവസാന അവസരമാണ്. ഇപ്പോള്‍ രാജ്യത്ത് സംഘ്പരിവാറും അല്ലാത്തവരും എന്ന രണ്ട് ധാരകള്‍ രൂപപ്പെട്ടിട്ടുണ്ട്. സംഘ്പരിവാറിനെ എതിര്‍ക്കുന്നവര്‍ പരസ്പരം ഒറ്റപ്പെടുത്താതെ ഒറ്റക്കെട്ടായി സംഘ്പരിവാറിനെ ചെറുത്തില്ലെങ്കില്‍ പിന്നെ രാജ്യമുണ്ടാകില്ല എന്ന നഗ്ന യാഥാര്‍ഥ്യം നാം തിരിച്ചറിഞ്ഞേ പറ്റൂ.
– എഡിറ്റര്‍

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757