interview

ഹം കാഗസ് നഹി ദിഖായേംഗാ  – ചന്ദ്രശേഖര്‍ ആസാദ് / മൃദുല ഭവാനി

ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ സവര്‍ണജാതിക്കാരായ ഠാക്കൂറുകളുടെ ആധിപത്യത്തെയും ജാതി അതിക്രമങ്ങളെയും ശാരീരികമായി നേരിട്ട സംഘടന, ഭീം ആര്‍മിയുടെ സ്ഥാപകനും ഭീം ആര്‍മി ചീഫുമാണ് ചന്ദ്രശേഖര്‍ ആസാദ്. ദലിത് കുട്ടികള്‍ക്കായി ഉത്തര്‍പ്രദേശില്‍ ഭീം ആര്‍മി സ്‌കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. 2017ല്‍ സഹാരന്‍പൂര്‍ അതിക്രമങ്ങളില്‍ കുറ്റാരോപിതനായി എന്‍.എസ്.എ ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ചന്ദ്രശേഖര്‍ ആസാദിന് ജയിലില്‍ സ്ലോ പോയ്‌സണിങ് അടക്കമുള്ള പീഡനങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. 2019 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങിലേക്ക് ജുമാ മസ്ജിദില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചന്ദ്രശേഖര്‍ എത്തുകയായിരുന്നു. ഹിന്ദു-മുസ്‌ലിം എന്ന് രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ സംഘ്പരിവാര്‍ തുടരുമ്പോള്‍ രാജ്യത്തെങ്ങുമുള്ള പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വം അതിപ്രധാനമാകുകയാണ്. നിരന്തരമായ അറസ്റ്റുകള്‍ക്കും രോഗാവസ്ഥക്കും ഇടയില്‍ സമരങ്ങളില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ രാജ്യത്തിന്റെ ഭരണഘടനയേക്കാള്‍ ചെറുതാണ് തന്റെ ജീവന്‍ എന്നാണ് ആസാദ് പറയുന്നത്.

ഡല്‍ഹി ജുമാ മസ്ജിദ് റാലിയെ തുടര്‍ന്ന് അറസ്റ്റിലായ താങ്കള്‍ ഇപ്പോള്‍ ജയില്‍മോചിതനായല്ലോ. എന്താണ് തുടര്‍ പരിപാടികള്‍?
പലയിടങ്ങളിലും സന്ദര്‍ശിക്കുന്നതിന് എനിക്ക് വിലക്കുകള്‍ ഉണ്ട്. ഇപ്പോള്‍ ആരോഗ്യസ്ഥിതിയും മോശമാണ്. അത് തിരിച്ചുകിട്ടുന്നത് വരെ ചെറിയ വിശ്രമം ആവശ്യമുണ്ട്. ശഹീന്‍ബാഗിലെ ജനങ്ങളുടെ സ്നേഹവും അനുഗ്രഹവും എപ്പോഴും എന്റെ കൂടെയുണ്ട്. അവരെ സപ്പോര്‍ട്ട് ചെയ്ത ആദ്യത്തെ പാര്‍ട്ടി കൂടിയാണ് ഭീം ആര്‍മി. ഞാന്‍ അവരുടെ സമരങ്ങളില്‍ പങ്കുവഹിക്കാനും ഭാഗഭാക്കാവാനും ആഗ്രഹിക്കുന്നു. ആ സമരത്തെ ഊര്‍ജിതപ്പെടുത്തുകയെന്നത് എന്റെ കടമയാണ്. ഞാന്‍ അവര്‍ക്കൊരു ഭീഷണിയാണെന്ന് ബി.ജെ.പി ഗവണ്‍മെന്റ് മനസ്സിലാക്കുന്നു. 2017ല്‍ അവര്‍ എന്നെ ഒരു വര്‍ഷക്കാലം ജയിലിട്ടു. എന്റെ സാന്നിധ്യം അവര്‍ക്ക് ഇലക്ഷന്‍ വിജയത്തിന് തടസ്സമാകുന്നു. നമ്മുടെ രാജ്യത്തിലെ ദലിതുകള്‍ക്കും അവരുടേതായ അവകാശങ്ങളുണ്ട്. അത് ഞങ്ങള്‍ക്ക് ഭരണഘടന നല്‍കിയതാണ്. അതന്റെ സംരക്ഷണത്തിന് ഞങ്ങള്‍ പൊരുതും.

ശാഹീന്‍ബാഗ് സമരം ഫണ്ട് വാങ്ങി നടത്തുന്നതാണെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം മുസ്ലിംകള്‍ മാത്രമാണ് നടത്തുന്നതെന്നും ബി.ജെ.പി ആരോപിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം?
ശാഹീന്‍ബാഗില്‍ സമരം ചെയ്യുന്ന സ്ത്രീകള്‍ക്ക് ദിനംപ്രതി 500 രൂപ ലഭിക്കുന്നു എന്നാണ് ബി.ജെ.പി പറയുന്നത്, വളരെ ലജ്ജാകരമാണിത്. ബി.ജെ.പി പറയുന്നത് അവരുടെ അനുഭവമാണ്. അവരുടെ റാലികളില്‍ പണം വാങ്ങി ആളുകളെ എത്തിക്കുന്നത് നാം കണ്ടതാണ്. യഥാര്‍ഥത്തില്‍ ശാഹിന്‍ബാഗിലെ ഈ സമരം നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമാണ്. പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിംകളെ പുറത്താക്കുക വഴി, ഇന്ത്യക്ക് വേണ്ടി മുസ്ലിംകള്‍ ചെയ്ത ത്യാഗങ്ങളെ അവമതിക്കുകയാണ് ചെയ്യുന്നത്. ഒരു പൗരന്‍ എന്ന നിലക്ക് ജീവിക്കാനുള്ള അവകാശത്തെ ഈ നിയമം വെല്ലുവിളിക്കുന്നു. ഞങ്ങള്‍ സമരം ചെയ്യുന്നത് പൗരന്മാരെ വിഭജിച്ചു ഭരിക്കാനുള്ള ഗവണ്‍മെന്റിന്റെ കുടിലതന്ത്രങ്ങള്‍ക്കെതിരെയാണ്. ശാഹീന്‍ബാഗില്‍ സമരം നടക്കുന്നത് അത് അവിടെയുള്ള ആളുകള്‍ കസേരയിലിരുന്ന് സുഖിച്ചുകൊണ്ടല്ല നടത്തുന്നത്.

രാജ്യത്തിന്റെ റിപ്പബ്ലിക് ദിനം രാജ്യവ്യാപകമായ ജനങ്ങള്‍ ആഘോഷിച്ചത് സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്തിയാണ്. ഇതിന്റെ മാനങ്ങള്‍ വിശദീകരിക്കാമോ?
രാജ്യ വ്യാപകമായി സ്ത്രീകളും വിദ്യാര്‍ഥികളും നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിലാണിപ്പോള്‍. ആരാണ് വിദ്യാര്‍ഥികളെ തല്ലണമെന്ന് പൊലീസിനെ ഉപദേശിക്കുകയും ഇറക്കിവിടുകയും ചെയ്യുന്നത്? അവര്‍ക്ക് എവിടുന്ന് കിട്ടുന്നു ഇതിനുള്ള അധികാരം? ജാമിഅ മില്ലിയയിലും അലിഗഢ് സര്‍വകലാശാലയിലും വിദ്യാര്‍ഥികളെ കയ്യേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്യുന്നു. ക്രിമിനല്‍ ഗുണ്ടാസംഘങ്ങളെ പോലെയുള്ള ‘മോബ്’ ആക്രമണമാണ് അവിടങ്ങളില്‍ നടന്നത്. ജെ.എന്‍.യു വിദ്യാര്‍ഥികളുടെ രക്തമൊലിക്കുന്ന ഫോട്ടോകള്‍ നമ്മള്‍ കണ്ടതാണ്. നാം വളരെ നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വിവേചന നിയമങ്ങള്‍ക്കെതിരെ ജനങ്ങള്‍ തെരുവുകളില്‍ നിറഞ്ഞിരിക്കുകയാണ്. ഇതിന്റെ അനുരണനം രാജ്യത്ത് എല്ലായിടത്തും നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും.

ഉടന്‍തന്നെ ഉത്തര്‍പ്രദേശില്‍ പൗരത്വ രേഖ സമാഹരണത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് അവിടത്തെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്ത് ചെയ്യാനാണ് പരിപാടി, താങ്കളുടെ രേഖകള്‍ സമര്‍പ്പിക്കും?
ഞാന്‍ ഒരിക്കലും എന്റെ ഒരു കടലാസുകളും സമര്‍പ്പിക്കുകയില്ല. ഹം കാഗസ് നഹി ദിഖായേംഗാ.. അതുകാരണം ഇനി എന്ത് പ്രശ്നങ്ങളും ഉണ്ടാകട്ടെ. ഗവണ്‍മെന്റ് സി.എ.എ പിന്‍വലിക്കുന്നതുവരെ ഞങ്ങള്‍ സമരം തുടരുക തന്നെ ചെയ്യും.

താങ്കളുടെ പാര്‍ട്ടി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പോവുകയാണോ?
തീരുമാനങ്ങള്‍ ഒന്നും എടുത്തിട്ടില്ല. പിന്നെ ചില കോടതിവിധികള്‍ക്ക് കൂടി ഞങ്ങള്‍ കാത്തിരിക്കുകയാണ്. രാജ്യത്തെയും പൗരത്വ മുന്നേറ്റങ്ങളെയും ശാക്തീകരിക്കുക എന്നതാണ് ഇപ്പോഴത്തെ മുന്‍ഗണന. സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവ തന്നെയാണ് ഞങ്ങളുടെ മുന്നിലുള്ള മുഖ്യ വിഷയങ്ങള്‍. അതു കഴിഞ്ഞുമാത്രമേ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വരുന്നുള്ളൂ.

സമാജ്‌വാദി, മായാവതി തുടങ്ങിയവരുമായി സഹകരിക്കാന്‍ സാധ്യതയുണ്ടോ?
ഇപ്പോള്‍ ഞങ്ങള്‍ ഒരു പാര്‍ട്ടിയുമായും സഖ്യത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചിട്ടില്ല. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ കര്‍ത്തവ്യം സമരത്തില്‍ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. അത് ജനങ്ങളൊന്നാകെ തെരുവില്‍ ഇറങ്ങിയത് കൊണ്ടുകൂടിയാണ്. ഞങ്ങളിപ്പോള്‍ വിദ്യാര്‍ഥികളുടെയും സ്ത്രീകളുടെയും തോളോട് തോള്‍ ചേര്‍ന്ന് ഈ സമരത്തെ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ലക്ഷ്യമായി കാണുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലോങ്ങ് ടേം സ്ട്രാറ്റജികള്‍ ഒന്നും തന്നെ ഇപ്പോള്‍ രൂപീകരിച്ചിട്ടില്ല.

എന്താണ് രാജ്യത്തോടും ജനങ്ങളോടുമുള്ള സന്ദേശം?
രാജ്യം നിയോഗിച്ച കാവല്‍ക്കാരന്‍ യജമാനനോട് ചോദിക്കുകയാണ് നിങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരാണോ എന്ന്. രാജ്യം നമ്മുടേതാണ്. നാം ഇവിടെ തന്നെ ജീവിച്ചു മരിക്കും. നമ്മള്‍ സംയമനം പാലിച്ച് മുന്നോട്ടുപോകും. പൊലീസ് വെടികളുതിര്‍ത്താല്‍ അത് നേരിടാന്‍ മുന്നില്‍ ഞാനും നില്‍ക്കും. ഒരു മുസ്‌ലിമിനെയും ഡിറ്റന്‍ഷന്‍ സെന്ററില്‍ അയക്കാന്‍ നമ്മള്‍ സമ്മതിക്കില്ല. രാജ്യത്തെ മുസ്ലിംകളോടുള്ള ദലിത് പിന്നാക്ക വിഭാഗങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കൂടിയാണ് ഞാന്‍ രാജ്യവ്യാപകമായുള്ള പല പരിപാടികളിലും ഇപ്പോഴത്തെ അനാരോഗ്യം വകവെക്കാതെ പങ്കെടുക്കുന്നത്.

ഇന്ത്യന്‍ ഭരണഘടന നമ്മെ പരസ്പരം ബന്ധിപ്പിക്കുകയും നമുക്ക് തുല്യത നല്‍കുകയും ചെയ്യുന്നു. നമുക്ക് അവകാശങ്ങളും പൗരത്വവും ഉറപ്പുനല്‍കുന്നു. ഭരണഘടനയുടെ ആമുഖം വായിക്കുന്നത് പോലും കുറ്റകൃത്യമായി കരുതുന്ന ബി.ജെ.പി-ആര്‍.എസ.്എസ് ഭരണകൂടത്തിന് കീഴിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. ഈ കുറ്റത്തിനാണ് എന്നെ ഇരുപത്തഞ്ചോളം ദിവസം ജയിലില്‍ അടച്ചത്.

സ്വാതന്ത്ര്യ സമരകാലത്ത് അബ്ദുല്‍ കലാം ആസാദ് ഡല്‍ഹി ജുമാ മസ്ജിദ് പടികളില്‍ കയറി നിന്നുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതാന്‍ ആഹ്വാനം ചെയ്തത്. അതേ ജുമാ മസ്ജിദ് പടവുകളില്‍ നിന്നാണ് ഞാന്‍ എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭരണഘടന വായിക്കുന്നത്. അന്യായത്തെ എതിര്‍ക്കുക എന്നതാണ് നീതിക്കുവേണ്ടിയുള്ള പോരാട്ടം എന്ന് ബി.ആര്‍ അംബേദ്കര്‍ പറയുന്നു. അതേറ്റെടുത്തുകൊണ്ട് നമുക്ക് ഈ പോരാട്ടത്തില്‍ മുന്നോട്ട് പോകാം. നാം തെരുവുകളില്‍ പ്രക്ഷോഭത്തിനിറങ്ങണം. ധാരാളം സ്ത്രീകളും കുട്ടികളും ഇപ്പോള്‍ സമര വഴിയില്‍ മുന്നില്‍ നില്‍ക്കുന്നു, അവരെ അഭിനന്ദിക്കുന്നു. രാജ്യത്തിലെ പൗരന്റെ കടമയാണ് ഭരണഘടന സംരക്ഷിക്കുക എന്നത്. അതിനുവേണ്ടി കൂടിയാണ് നമ്മള്‍ ഇപ്പോള്‍ തെരുവിലിറങ്ങുന്നത്. ആ സംരക്ഷണച്ചുമതലയാണ് നാം ഏറ്റെടുക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നിരന്തരം നുണകള്‍ പറയുന്നു. നമ്മള്‍ സത്യം പറയുന്നു. രാജ്യത്തിലെ കരിനിയമങ്ങള്‍ പൗരന്മാരെ പീഡിപ്പിക്കുന്നു. നമ്മുടെ സമരങ്ങള്‍ക്ക് മുമ്പില്‍ തീര്‍ച്ചയായും ഭരണകൂടത്തിന് അത് റദ്ദാക്കേണ്ടി വരും.

പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങള്‍ ഇന്ന് ഒരു മാസത്തിലേറെയായി തുടരുകയാണ്. ഡല്‍ഹിയില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. ജനുവരി 30ന് ജാമിഅയില്‍ സംഭവിച്ച വെടിവെപ്പും ശാഹീന്‍ബാഗിലെ വെടിവെപ്പും പൊലീസ് അനുമതിയോടെ തന്നെ നടന്നതാണ്, ഈ അവസ്ഥയെ എങ്ങനെ നേരിടാന്‍ കഴിയും എന്നാണ് താങ്കള്‍ കരുതുന്നത്?

നോക്കൂ, സി.എ.എക്കും എന്‍.ആര്‍.സിക്കുമെതിരെ ഒരു മാസത്തിലേറെയായി സമരങ്ങള്‍ തുടരുകയാണ്. ഈ സമരം കൊണ്ട് ഒരു ഫലവുമുണ്ടായിട്ടില്ല എന്ന് പറയാന്‍ കഴിയില്ല, സര്‍ക്കാരിന് ഈ സമരങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്, സാധാരണക്കാര്‍ക്ക് സമരങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് സര്‍ക്കാര്‍ നുണ പറയുകയാണ്. സാധാരണക്കാര്‍ക്ക് അങ്ങനെയൊരു ബുദ്ധിമുട്ടില്ല. എല്ലാ സ്ഥലത്തും സമരങ്ങളുണ്ടാകുന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. രാജ്യത്തെ ഓരോ വ്യക്തിയും ഇതിന്റെ പേരില്‍ വരിയില്‍ നില്‍ക്കേണ്ടിവരും, ഇത് എല്ലാവരെയും ബാധിക്കും. മുസ്‌ലിംകള്‍ക്കൊപ്പം ദലിതര്‍ക്കും മറ്റുപിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്കും ഇത് കാരണം ബുദ്ധിമുട്ടനുഭവിക്കേണ്ടിവരും. കാരണം, ഈ നിയമം ഭരണഘടനക്ക് എതിരാണ്, അതിനാലാണ് നമ്മളിതിനെ എതിര്‍ക്കുന്നത്. ഈ നിയമം ജനങ്ങള്‍ക്ക് നേര്‍ക്കുള്ള പരിഹാസമാണ്. അതിനാലാണ് മുഴുവന്‍ രാജ്യവും ഇതിനെ പ്രതിരോധിക്കുന്നത്. കേരളത്തില്‍ അഞ്ച് ലക്ഷത്തിലേറെ ആളുകള്‍ റോഡിലിറങ്ങിയത് ഞ്ഞാന്‍ കണ്ടു. കാരണം, കേരളത്തിലുള്ളവരില്‍ 90 ശതമാനത്തിലേറെ ആളുകള്‍ എഴുതാനും വായിക്കാനും അറിയുന്നവരാണ്, പ്രധാനമന്ത്രിക്ക് അവരോട് നുണ പറയാന്‍ കഴിയില്ല. ഞാന്‍ എല്ലാവരോടും പറയുന്നുണ്ട് ഇതൊരു ഭീകരനിയമമാണെന്ന്. മതത്തിന്റെ അടിസ്ഥാനത്തിലായതുകൊണ്ടാണ് ഇതിനെ എതിര്‍ക്കുന്നത്. എന്‍.ആര്‍.സി കൊണ്ട് ഈ രാജ്യത്ത് വലിയ ബുദ്ധിമുട്ടുകള്‍ വരാന്‍ പോകുകയാണ്.

സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കിക്കൊണ്ട് എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ള ജനങ്ങളുടെ അധികാരം തട്ടിയെടുക്കുകയാണ്. എന്‍.ആര്‍.സിയില്‍ ഡൗട്ട്ഫുള്‍ ആയിക്കഴിഞ്ഞാല്‍ വോട്ട് ചെയ്യാനുള്ള അവകാശം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം, സര്‍ക്കാര്‍ കൊളജുകളില്‍ പഠിക്കാനുള്ള അവകാശം, സര്‍ക്കാര്‍ ജോലി ചെയ്യാനുള്ള അവകാശം, സ്വത്ത് അധികാരത്തിനുള്ള അവകാശം എന്നിവ നഷ്ടപ്പെടും. ശാഹീന്‍ബാഗില്‍ നടക്കുന്ന കാര്യങ്ങള്‍ വളരെ കഷ്ടമാണ്. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ ഉയര്‍ത്താന്‍ മറ്റൊരു വിഷയവും ഇല്ലാതായി. ബി.ജെ.പി ശാഹീന്‍ബാഗിന്റെ പേരില്‍ മാത്രമാണ് തെരഞ്ഞെടുപ്പിനിറങ്ങിയത്. ഡല്‍ഹി തെരഞ്ഞെടുപ്പിനെ ഹിന്ദു-മുസ്‌ലിം മത്സരമാക്കി വിഭജിക്കാനാണ് അവര്‍ നോക്കിയത്. ഞങ്ങള്‍ ശാഹീന്‍ബാഗിലുണ്ടാകും. അവരുടെ വെടിയുണ്ട സ്വീകരിക്കേണ്ടിവരുന്നത് സാധാരണക്കാരായ ആരെങ്കിലുമാകരുത്, ഞാന്‍ തന്നെ അവിടെ പോയി ഇരിക്കും എന്നാണ് എനിക്ക് പറയാനുള്ളത്. സര്‍ക്കാരിന് തടയിടാന്‍ കഴിയുന്നില്ലെങ്കില്‍ ആദ്യത്തെ വെടിയുണ്ട ഞാന്‍ തന്നെ ഏറ്റുവാങ്ങും. സര്‍ക്കാര്‍ നിരാശപ്പെട്ടിരിക്കുകയാണ്, അവരുടെ അറിവോടുകൂടി തന്നെയാണ് ആര്‍.എസ്.എസിന്റെ ആളുകള്‍ അവിടെ ചെന്ന് വെടിയുതിര്‍ക്കുന്നത് അവര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുള്ളതുകൊണ്ടാണ്. തെരഞ്ഞെടുപ്പ് അന്തരീക്ഷം മോശമാക്കാനുള്ള നീക്കമായിരുന്നു അത്. അമിത് ഷാ പറഞ്ഞത് ഈ മണ്ണില്‍ താമര വിരിയിക്കുമെന്നാണ്. ഇപ്പോളിതാ മണ്ണിനും താമരക്കുമിടയില്‍ ആസാദ് നില്‍ക്കുന്നുണ്ട്, ഈ നയം നടപ്പിലാകുകയില്ല. വെടിയുണ്ടകൊണ്ടോ ലാത്തികൊണ്ടോ ജയില്‍കൊണ്ടോ ഭയപ്പെടുകയില്ലെന്ന് സര്‍ക്കാരിന് കൃത്യമായി അറിയാം; ഈ രാജ്യത്തിന് വേണ്ടി നമ്മള്‍ വെടിയുണ്ട സ്വീകരിക്കാന്‍ തയ്യാറാകുമെന്ന്.

കുറച്ച് സംസ്ഥാനങ്ങള്‍ എന്‍.ആര്‍.സിക്കും സി.എ.എക്കും എതിരെ നിലപാട് കൈക്കൊണ്ടിട്ടുണ്ട്. എന്നാല്‍, ഇതൊരു ചെറിയ സംഖ്യ മാത്രമാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം ഇതുമായി മുന്നോട്ട് പോകും. ഈ സംസ്ഥാനങ്ങളെല്ലാം എന്‍.ആര്‍.സി നടപ്പിലാക്കാനുള്ള പ്രക്രിയകള്‍ തുടങ്ങിക്കഴിഞ്ഞാല്‍ നമ്മള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? സൗത്ത് ഇന്ത്യയില്‍, കര്‍ണാടകത്തില്‍ ഈ പ്രക്രിയകള്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ് വാര്‍ത്തകള്‍ വരുന്നത്.

ഒന്നാമത്തെ കാര്യം ഈ രാജ്യം സ്വതന്ത്രമായ സമയത്ത് അതിനുവേണ്ടി ഇവിടെ വിപ്ലവമുണ്ടായി. ഒരു സമരത്തിന് ശേഷമാണ് ഈ രാജ്യം സ്വതന്ത്രമായത്. സമരങ്ങള്‍ അതിശക്തമാകുകയാണ്. ജനങ്ങള്‍ സമരം ചെയ്യുന്ന സമയത്ത് എല്ലാവരുടേയും ഐക്യം ഉണ്ടാകേണ്ടതുണ്ട്. ദലിതരും ആദിവാസികളും എല്ലാവരും ഒന്നിച്ചുവരേണ്ടതുണ്ട്, എല്ലാവരേയും ഒന്നിച്ചുകൊണ്ടുവരാനാണ് നമ്മള്‍ ശ്രമിക്കുന്നത്. ഇത് ജനങ്ങളുടെ പോരാട്ടമാണ്, ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടുന്നില്ല. അതുകൊണ്ട് ഈ മുന്നേറ്റത്തെ പിടിച്ചുനിര്‍ത്താന്‍ പറ്റില്ല. നമ്മള്‍ ഈ മുന്നേറ്റത്തെ ഇനിയും മുന്നോട്ടുകൊണ്ടുപോകും. ജയില്‍ നിറക്കല്‍ സമരം നടത്തും. സര്‍ക്കാരിനോട് പറയാനുള്ളത് ഈ രാജ്യത്തെ ജനങ്ങള്‍ അവരെ സ്വീകരിക്കാന്‍ തയ്യാറല്ല എന്നാണ്. ഇതുമായി മുന്നോട്ടുപോകാന്‍ ഒരുങ്ങുന്ന ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആര്‍.എസ്.എസിന്റെ ഒളി അജണ്ട ഭരണഘടന മാറ്റി മനുസ്മൃതി കൊണ്ടുവരിക എന്നതാണ്.

തെലങ്കാനയില്‍ എന്‍.പി.ആര്‍ നടപടികള്‍ തുടങ്ങി. ബിഹാറിലും എന്‍.പി.ആര്‍ നടപടികള്‍ തുടങ്ങി. ന്യൂനപക്ഷ കാര്യമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത് എന്‍.പി.ആറിലൂടെ എന്‍.ആര്‍.സിക്കുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്നാണ്. ബി.ജെ.പി 2003ല്‍ സിറ്റിസണ്‍ഷിപ് റൂള്‍സ് ഉണ്ടാക്കി, അതിന്റെ മൂന്നും നാലും ക്ലോസുകള്‍ പറയുന്നത് രാജ്യത്തെങ്ങും എന്‍.ആര്‍.സി നടപ്പിലാക്കുമെന്നും അതിനുള്ള വിവരങ്ങള്‍ എന്‍.പി.ആറിലൂടെ ശേഖരിക്കും എന്നുമാണ്. എന്‍.പി.ആറിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയവരും പറയുന്നുണ്ട് അവര്‍ ഈ നിയമത്തിനെതിരെ റെസലൂഷന്‍ പാസാക്കുമെന്ന്. അവര്‍ നുണ പറയുകയാണ്. അവര്‍ ബി.ജെ.പിക്കൊപ്പമാണ് നില്‍ക്കുന്നത്. ഈ നുണപറച്ചില്‍ അനുവദിച്ചുകൊടുക്കാന്‍ കഴിയില്ല, നമ്മള്‍ അവരുടെ മുഖംമൂടിയും തുറന്നുകാട്ടേണ്ടതുണ്ട്. ഈമാനുള്ള ഈ സത്യത്തിന്റെ പോരാട്ടം തീര്‍ച്ചയായും വിജയിക്കും, പക്ഷേ അതിന് സമയമെടുക്കും. ആരൊക്കെയാണോ തെറ്റു ചെയ്യുന്നത് അവരത് തിരിച്ചെടുക്കണം. നുണകൊണ്ട് രാജ്യത്തിന് നഷ്ടം മാത്രമേ സംഭവിക്കൂ. വിപ്ലവം ഇനിയും ദിവസം തോറും വളരും. കേരളത്തില്‍ ഞാന്‍ പങ്കെടുത്ത പരിപാടികളില്‍ അഞ്ച് ലക്ഷത്തോളം ജനങ്ങളുണ്ടായിരുന്നു, (കൊടുങ്ങല്ലൂരില്‍ ആസാദി മാര്‍ച്ച്, എസ്.ഡി.പി.ഐ രാജ് ഭവന്‍ മാര്‍ച്ച്) ഇനിയും ഞാന്‍ കേരളത്തില്‍ വരും. വളരെ വേഗത്തില്‍ ഈ പോരാട്ടം ഇനിയും വളരും, സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവരും, ജനങ്ങളെ ബഹുമാനിക്കേണ്ടിവരും. എന്തെന്നാല്‍, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, അവിടെ ജനങ്ങളുടെ ആഗ്രഹം എന്താണോ അത് മാത്രമേ നടക്കൂ. കുറച്ചാളുകള്‍ ചേര്‍ന്ന് ഈ രാജ്യത്തെ തകര്‍ക്കാന്‍ നോക്കുമ്പോള്‍ നമ്മളെല്ലാവരും ചേര്‍ന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ ഇറങ്ങും. ഈ മുന്നേറ്റം ഇനിയും മുന്നോട്ടുപോകും എന്നാണ് എന്റെ വിശ്വാസം.

ഈ മുന്നേറ്റം ഭരണഘടന സംരക്ഷിക്കാനുള്ളതാണ്. ഇതിനകം തന്നെ ചില പ്രധാനപ്പെട്ട അടിസ്ഥാന, മൗലിക അവകാശങ്ങള്‍ ഭേദഗതി ചെയ്യപ്പെടുകയുണ്ടായി. റിസര്‍വേഷന്‍ പോളിസി എങ്ങനെ അട്ടിമറിക്കപ്പെട്ടു. ഭരണഘടനയോട് ചെയ്യാന്‍ കഴിയുന്ന എല്ലാ തെറ്റുകളും ആര്‍.എസ്.എസ് ചെയ്തുകഴിഞ്ഞ ഒരു സാഹചര്യത്തില്‍ ഭേദഗതി ചെയ്യപ്പെട്ട ഈ ഭരണഘടനയുമായി നമ്മള്‍ക്ക് എങ്ങനെയാണ് മുന്നോട്ടുപോകാന്‍ കഴിയുക?

ഇന്ന് ഭരണപാര്‍ട്ടി ബി.ജെ.പിയാണ്. അവര്‍ ഒരിക്കലും ഭരണഘടനയെ ബഹുമാനിച്ചിരുന്നില്ല. ആര്‍.എസ്.എസ് അവരെ പിന്നില്‍ നിന്നും പിന്തുണക്കുന്നു. ആര്‍.എസ്.എസ് ഒരിക്കലും ഈ ഭരണഘടനക്കൊപ്പം നിന്നിട്ടില്ല, അവര്‍ തയ്യാറായി ഇരുന്നിരുന്നത് ഈ ഭരണഘടനയെ നശിപ്പിക്കാന്‍ വേണ്ടിയാണ്. ആര്‍ട്ടിക്കിള്‍ 51എ പറയുന്നത് രാജ്യത്തിന്റെ ഓരോ പൗരരും ഭരണഘടനയില്‍ പറയുന്ന മൗലിക കര്‍ത്തവ്യങ്ങള്‍ പാലിക്കേണ്ടതുണ്ട് എന്നാണ്. രാജ്യത്ത് ഇത്രയും വലിയ വിപ്ലവമുണ്ടായിരിക്കുകയാണ്, സമരങ്ങള്‍ നടക്കുകയാണ്. എല്ലാത്തിനുമപ്പുറം രാജ്യത്തെ സ്ത്രീകളാണ് മുന്നില്‍ നില്‍ക്കുന്നത്. രാജ്യത്തെ സ്ത്രീകള്‍, പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകള്‍ ഇങ്ങനെയൊരു സമയത്ത് റോഡിലിറങ്ങിയതില്‍ അവരോട് നന്ദി അറിയിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോഴും മുത്തലാഖ് നിരോധന നിയമം നിലവില്‍ വന്നപ്പോഴും ബാബരി മസ്ജിദ് കേസിലെ കോടതിവിധി വന്നപ്പോഴും അവര്‍ റോഡിലിറങ്ങിയിട്ടില്ല. പക്ഷേ, രാജ്യത്തിന്റെ ഭരണഘടന പ്രയാസത്തിലായപ്പോള്‍, രാജ്യത്തിന്റെ ഐക്യം പ്രശ്‌നം നേരിട്ടപ്പോള്‍ അവര്‍ റോഡിലിറങ്ങി സമരം ചെയ്യാന്‍ തുടങ്ങി. സര്‍ക്കാര്‍ ഭരണഘടനയെ ഏതൊക്കെ രീതിയില്‍ ഇല്ലാതാക്കാന്‍ നോക്കിയാലും ബാബാ സാഹേബ് അംബേദ്കറുടെ, രാജ്യത്തിന്റെ ഭരണഘടന പഴയ രീതിയില്‍ തന്നെ നിലനില്‍ക്കും. ഈ രാജ്യത്തുള്ളവര്‍ക്കെല്ലാം അധികാരം നല്‍കുന്നത് നമ്മുടെ ഭരണഘടനയാണ്, ജനിക്കാന്‍ പോകുന്ന കുഞ്ഞിനും ഭരണഘടന അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ട്. ഈ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണ്. കുറച്ചുപേര്‍ക്ക് വേണ്ടെങ്കില്‍ ഭരണഘടന ഇല്ലാതാക്കപ്പെടും എന്നല്ല; ഭരണഘടന നിലനില്‍ക്കും. നമ്മളെ എല്ലാവരേയും ബന്ധിപ്പിക്കുന്നത് ഈ ഭരണഘടനയാണ്.

ഓരോ വ്യക്തിയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതാണ് ഭരണഘടന. ഇതിന്റെ ഉറപ്പിലാണ് ഈ രാജ്യം ചലിക്കുന്നത്. ഈ രാജ്യം മുഴുവന്‍ ലോകത്തും അറിയപ്പെടുന്നത് ഈ ഭരണഘടനയുടെ പേരിലാണ്. ആര്‍.എസ്.എസിന്റെ സര്‍ക്കാര്‍, ബി.ജെ.പിയുടെ സര്‍ക്കാര്‍ പറയുന്നത് ഇതിന്റെ ആമുഖം വായിക്കുന്നത് കുറ്റകൃത്യമാണ് എന്നാണ്. അതിന്റെ പേരിലാണ് എന്നെ ഇരുപത്തിയഞ്ചു ദിവസം ജയിലിലടച്ചത്. ലോകത്തിലാകെ തന്നെ രാജ്യത്തിന്റെ അടയാളമായ ജുമാ മസ്ജിദിന്റെ ഐതിഹാസികമായ പടവുകളില്‍ നിന്ന് ഭരണഘടനയുടെ ആമുഖം വായിക്കുകയായിരുന്നു ഞാന്‍, ഈ രാജ്യം ഞങ്ങളുടേതാണ്, ഈ രാജ്യത്ത് നിന്നും ആരെയും പുറത്താക്കാന്‍ കഴിയില്ല. ഈ പടവുകളില്‍നിന്നാണ് 1947ല്‍ മൗലാനാ അബ്ദുള്‍ കലാം ആസാദ് മുസ്‌ലിംളോട് പറഞ്ഞത്, ഈ രാജ്യം നിങ്ങളുടേതാണ്, ഇവിടംവിട്ട് നിങ്ങള്‍ എങ്ങോട്ടും പോകരുത്. എങ്ങനെയാണ് ഭരണഘടനയുടെ ആമുഖം വായിക്കുന്നത് കുറ്റകൃത്യമാകുന്നത് എന്നാണ് എനിക്ക് ഭരണകൂടത്തോട് ചോദിക്കാനുള്ളത്. അനീതി ചെയ്യുന്നവര്‍ക്ക് മുന്നില്‍ അനീതി കണ്ട് നില്‍ക്കുന്നവര്‍ അതിലും വലിയ ദോഷിയാണ് എന്നാണ് ബാബാ സാഹേബ് അംബേദ്കര്‍ പറയുന്നത്. നമ്മള്‍ അനീതി സഹിക്കുകയില്ല. നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍ സി.എ.എയെ തള്ളിക്കളയുന്നു, എന്‍.ആര്‍.സി ബഹിഷ്‌കരിക്കുന്നു, എന്‍.പി.ആര്‍ നമുക്ക് വേണ്ട.

അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സലര്‍ വിദ്യാര്‍ഥികളില്‍നിന്ന് തന്റെ ജീവന് ഭീഷണിയുണ്ട് എന്നാരോപിച്ച് അധിക സുരക്ഷയ്ക്ക് സൈന്യത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യമാകെ ഒരു മിലിറ്ററി സ്റ്റേറ്റ് ആക്കി മാറ്റിയെടുക്കുന്നതിന്റെ സൂചനയാണിത്. ഈ നീക്കത്തെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഈ ഗവണ്മെന്റ് ഏകാധിപത്യ ഗവണ്‍മെന്റാണ്. ഏകാധിപത്യം ഒരു രാജ്യത്തിനും നല്ലതല്ല. എപ്പോഴൊക്കെ ജനങ്ങള്‍ സ്വന്തം ശബ്ദമുയര്‍ത്തിക്കൊണ്ട് റോഡിലിറങ്ങുന്നുവോ, യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളാവട്ടെ, ജാമിഅയിലെ വിദ്യാര്‍ഥികളാകട്ടെ, അലിഗഢിലെ വിദ്യാര്‍ഥികളാകട്ടെ, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാകട്ടെ, യു.പിയില്‍ സംഭവിച്ചതാകട്ടെ, പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ വേണ്ടി വെടിയുതിര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. നമ്മുടെ ഭാഗത്ത് കോടതിയുണ്ട്, നമ്മള്‍ സി.എ.എക്ക് എതിരെ ഫയല്‍ ചെയ്ത പരാതികള്‍ പരിഗണിക്കപ്പെടും എന്ന് പ്രതീക്ഷയുണ്ട്. നമ്മുടെ അവകാശങ്ങള്‍ക്ക് അനുകൂലമായി കോടതി വിധി പറയുമെന്നും രാജ്യത്തിന്റെ ഭരണഘടന വിജയിക്കുമെന്നും പ്രതീക്ഷയുണ്ട്. യു.പിയില്‍ നടന്ന അതിക്രമങ്ങള്‍ക്കെതിരെ നമ്മള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. അതില്‍ നമുക്ക് അനുകൂലമായി വിധി വന്നിട്ടുണ്ട്. ഏതൊക്കെ മജിസ്‌ട്രേറ്റുകളുടെയും ഏതൊക്കെ ഐ.പി.എസ് ഓഫീസര്‍മാരുടെയും അറിവോടുകൂടി ഏതൊക്കെ ജില്ലകളിലായി 24 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടോ അതിലെല്ലാം പ്രത്യേകം എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്യും, അവര്‍ക്ക് ജയിലില്‍ പോകേണ്ടിവരും. കുറ്റം ചെയ്യുന്നത് പ്രധാനമന്ത്രിയായാലും സാധാരണക്കാരനായാലും പൊലീസ് ആയാലും ആര്‍മി ഉദ്യോഗസ്ഥനായാലും ഏത് കുറ്റകൃത്യമായാലും ആ വ്യക്തിക്ക് ശിക്ഷ ലഭിക്കണം എന്നാണ് ഈ രാജ്യത്തെ ഭരണഘടന പറയുന്നത്.

മിലിറ്ററി ഭരണമായാലും സൈനിക ഭരണമായാലും അത് കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടാക്കുന്ന കുരുക്ക് രാജ്യത്തിന്റെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്താന്‍ വേണ്ടിയാണ്. എന്നാല്‍, ഭരണകൂടം മറന്നുപോകുന്ന ഒരു കാര്യം ഒരു മുന്നേറ്റത്തെയും വെടിയുണ്ടകൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ല എന്നാണ്. യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ സ്റ്റേറ്റ് ഉപദ്രവിക്കുന്നത് നിര്‍ത്തണം. അവരെ പഠനം തുടരാന്‍ അനുവദിക്കണം. ഞാന്‍ വിദ്യാര്‍ഥികളോട് പറയുകയാണ്, സമരം ചെയ്യന്നതിനോടൊപ്പം പഠനത്തിലും ശ്രദ്ധിക്കണം.

ഗൊരഖ്പൂര്‍ മെഡിക്കല്‍ കൊളജില്‍ എന്താണ് സംഭവിച്ചത് എന്ന് നമ്മള്‍ക്കെല്ലാം അറിയാം. ഇതേത്തുടര്‍ന്ന് ഡോ. കഫീല്‍ ഖാനുമേല്‍ കേസ് ചുമത്തപ്പെട്ടു. ഈ വ്യാജ കേസ് സൂചിപ്പിക്കുന്നത് ദരിദ്ര ജനവിഭാഗങ്ങള്‍ ആശ്രയിക്കുന്ന ഉത്തര്‍പ്രദേശിലെ പൊതു ആരോഗ്യമേഖല എത്രത്തോളം തകര്‍ന്നതാണ് എന്നുമാണ്. ഇപ്പോള്‍ വീണ്ടും ഡോ. കഫീല്‍ ജയിലിലായിരിക്കുകയാണ്. എങ്ങനെയാണ് ഇതിനെ താങ്കള്‍ മനസ്സിലാക്കുന്നത്?
സര്‍ക്കാരിന്റെ പരാജയമാണ് അന്ന് സംഭവിച്ചതെല്ലാം. സ്വയം രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍, ഡോ. കഫീല്‍ ഖാന്റെ പേരില്‍ വ്യാജ കേസ് ചുമത്തുകയായിരുന്നു. നല്ലൊരു സഹ ആക്റ്റിവിസ്റ്റ് ആണ് ഡോ. കഫീല്‍. ഇപ്പോള്‍ ഒരു കേസ് വീണ്ടും ചുമത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പേരില്‍. അതിനെതിരെ ഞാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു മുഖമായി മാറിയിരുന്നു, തെറ്റായ ഏത് കാര്യത്തിനുമെതിരെ സ്വന്തം ശബ്ദമുയര്‍ത്തിയിരുന്നു. സര്‍ക്കാര്‍ ചെയ്യുന്നതിനെതിരെ ശബ്ദിക്കുന്നവരെ യു.എ.പി.എ ഉപയോഗിച്ചും എന്‍.ഐ.എ വഴിയും എന്‍.എസ്.എ ചുമത്തിയും ഇല്ലാതാക്കുകയാണ്. ഗവണ്‍മെന്റെന്നാല്‍ രാഷ്ട്രമല്ലെന്നും അവര്‍ മനസ്സിലാക്കേണ്ടതുണ്ട്.

ഈ സമരത്തിന്റെ ഗതി ഇനി മുന്നോട്ട് എങ്ങിനെയായിരിക്കും?
കേരളം ഈ സമരം വലിയ തീവ്രതയോടെ മുന്നോട്ടുകൊണ്ടുപോകുകയാണ് എന്ന് തെളിയിച്ചുകഴിഞ്ഞു. തെലങ്കാനയിലും കര്‍ണാടകത്തിലും ഞാന്‍ പോയി. ബീഹാറിലും പോയി. യു.പി.യിലും രാജസ്ഥാനിലും മധ്യപ്രദേശിലും നമ്മുടെ സമരം തുടരുകയാണ്. ഡല്‍ഹിയില്‍ ഇരുപതോളം ബാഗുകളില്‍ സമരം തുടരുകയാണ്. ഇവിടെയെല്ലാം നടക്കുന്ന സമരങ്ങള്‍ ഒന്നിക്കേണ്ടതുണ്ട്. കാരണം ഗവണ്‍മെന്റെിന് മനസ്സിലാകണം ജനങ്ങള്‍ ഐക്യപ്പെട്ടുകഴിഞ്ഞു എന്ന്. കേരളത്തിലും ജനങ്ങള്‍ ശാഹീന്‍ബാഗുകള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നു എന്നത് എന്നെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്നു. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് ഒരു അജണ്ടയുണ്ട്. 1925ല്‍ ആര്‍.എസ്.എസ് രൂപീകരിച്ചവരുടെ അജണ്ട, ഈ രാജ്യത്തെ മതേതര, ജനാധിപത്യ വ്യവസ്ഥയായി നിലനില്‍ക്കാന്‍ അനുവദിക്കുകയില്ല എന്നാണ്. അവരിപ്പോഴും സവര്‍ക്കറുടെ ദ്വിരാഷ്ട്ര സങ്കല്‍പത്തെ ബഹുമാനിക്കുന്നു. നമ്മള്‍ സവര്‍ക്കറുടെ റ്റു നേഷന്‍ തിയറിയെ ബഹുമാനിക്കുന്നില്ല. നമ്മള്‍ ബഹുമാനിക്കുന്നത് ബാബാ സാഹേബ് അംബേദ്കറുടെ ഭരണഘടനയില്‍ നിലനില്‍ക്കുന്ന രാജ്യത്തെയാണ്. 90 വര്‍ഷങ്ങളെടുത്തിട്ടും അവര്‍ക്കത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല, ഭരണത്തിലേറിയ ശേഷം അവര്‍ ശ്രമിക്കുന്നതും അതിനാണ്. നമ്മള്‍ ഇന്നുവരെ ഒന്നിച്ചിട്ടില്ല എന്നതാണ് അവര്‍ ഇന്ന് ലോക്സഭയില്‍ ഇരിക്കാന്‍ കാരണം. ഇന്ന് നമ്മള്‍ ഒന്നിച്ചില്ലെങ്കില്‍, ചെറുത്തില്ലെങ്കില്‍ മോദി ഇരിക്കുന്നിടത്ത് നാളെ യോഗിയായിരിക്കും ഇരിക്കുക.

ഈ രാജ്യത്തെ ഭരണഘടനയും നിയമവ്യവസ്ഥയും പ്രതിഷേധിക്കാനുള്ള അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ട്. നിലവിലെ സര്‍ക്കാര്‍ പക്ഷേ, പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ പ്രതിഷേധിക്കുന്നവരെ വെടിയുതിര്‍ത്തുകൊണ്ടാണ് നേരിടുന്നത്. കാര്യം പറഞ്ഞാല്‍ മനസ്സിലാകുന്നില്ലെങ്കില്‍ അവര്‍ക്ക് വെടിയുണ്ട കൊടുത്തുകൊണ്ട് കാര്യം മനസ്സിലാക്കും എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. അവരോട് പറയാനുള്ളത് ഇത്രമാത്രമാണ്, നിങ്ങളുടെ വെടിയുണ്ടകള്‍ക്കും ജയിലിനും ഈ പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കഴിയില്ല. രാഷ്ട്ര നിര്‍മാണം വെറും മതിലുകള്‍ പണിതുകൊണ്ടല്ല, മനസ്സുകളെ ഒന്നിപ്പിച്ചുകൊണ്ടാവണം. ഭരണഘടനയേക്കാള്‍ വലുതായി ആര്‍.എസ്.എസോ ബി.ജെ.പിയോ ഇല്ല. ഈ രാജ്യം ഇന്ത്യന്‍ ഭരണഘടനയനുസരിച്ചേ മുന്നോട്ട് പോകൂ; അല്ലാതെ നാഗ്പൂരില്‍നിന്നുള്ള നിര്‍ദേശത്തിനനുസരിച്ചല്ല. കേരളത്തിലുള്ള ആളുകള്‍ നന്നായി വിദ്യാഭ്യാസം നേടിയവരാണ്, കേരളത്തിലുള്ളവരോട് നുണ ആയുധമാക്കാന്‍ കഴിയില്ല. രാജ്യത്ത് എത്ര ജയിലുകളുണ്ടോ നമ്മള്‍ ആ ജയിലുകള്‍ നിറക്കും. അവരുടെ ഓഫീസുകള്‍ നിറക്കും. രാജ്യത്തിന് വേണ്ടി ഇവിടെയുള്ള മതിലുകള്‍ തകര്‍ക്കപ്പെടും. മുസ്‌ലിംകളെയും ദലിതരെയും മറ്റ് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെയും തമ്മിലടിപ്പിക്കാന്‍ കുറേ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇന്ന് 18 സംസ്ഥാനങ്ങളില്‍ ഭീം ആര്‍മി പ്രവര്‍ത്തിക്കുന്നുണ്ട് സി.എ.എക്കും എന്‍.ആര്‍.സിക്കും എതിരെ. ഉത്തരാഖണ്ഡിലും ഭീം ആര്‍മിയുടെ പ്രതിഷേധം തുടരുന്നുണ്ട്.

കേരളത്തില്‍ നിന്നും കുറേ സഹോദരിമാര്‍ ജാമിഅയില്‍ പഠിക്കുന്നുണ്ട്. ജാമിഅയില്‍ വിദ്യാര്‍ഥികള്‍ പൊലീസ് അടിച്ചമര്‍ത്തല്‍ നേരിട്ടപ്പോള്‍ ഒരു സഹോദരി എന്നെ ഫോണില്‍ വിളിച്ച് അവിടെയെത്താന്‍ ആവശ്യപ്പെട്ടു. ഡല്‍ഹി പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഞാന്‍ ചെന്നു, നിങ്ങളുടെ ഏകാധിപത്യം അംഗീകരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു. സ്ത്രീകള്‍ അപമാനിക്കപ്പെടാന്‍ പാടില്ല എന്ന് ബാബാ സാഹേബ് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ആര്‍ക്ക് വേണ്ടിയാണോ ഹിന്ദു കോഡ് ബില്‍ അംബേദ്കര്‍ കൊണ്ടുവന്നത് അവര്‍ തന്നെയാണ് ആര്‍ട്ടിക്കിള്‍ 370യെ കുറിച്ചും മുത്തലാഖിനെ കുറിച്ചും സംസാരിക്കുന്നത്, പക്ഷേ നിയമ മന്ത്രിയായിരിക്കെ അംബേദ്കര്‍ പാസാക്കിയ നിയമമാണത്. ഞാന്‍ അദ്ദേഹത്തിന്റെ തന്നെ ചോരയാണ്. സര്‍ക്കാര്‍ പറയുന്നു, ഈ നിയമത്തിനെതിരെ വരുന്നത് മു സ്‌ലിംകളാണെന്ന്, അല്ലെന്ന് ഞാന്‍ പറയും, ഈ രാജ്യത്തെ സ്നേഹിക്കുന്നവര്‍ എല്ലാം ഈ നിയമത്തിനെതിരെ സമരം ചെയ്യുന്നുണ്ട്. സമരം ചെയ്യാത്തവര്‍ ദേശദ്രോഹികളാണ്. ഈ രാജ്യത്തിന്റെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 പറയുന്നുണ്ട് ഓരോ പൗരരും ഈ രാജ്യത്തെ സംരക്ഷിക്കണമെന്ന്. അത് മൗലിക കര്‍ത്തവ്യമാണ്. നമ്മളീ സമരത്തില്‍ ജയിച്ചുകൊണ്ടിരിക്കുകയാണ്. നമ്മളിതിന് മുമ്പ് വെള്ളക്കാരെ, ബ്രിട്ടീഷുകാരെ ഇവിടെനിന്നും നാടുകടത്തിയിട്ടുണ്ട്. നമ്മളെല്ലാം ഒന്നിച്ച ശേഷം നമുക്ക് സര്‍ക്കാരിനോട് പറയേണ്ടതുണ്ട്, നമ്മള്‍ വേറിട്ട് നില്‍ക്കുന്നവരല്ല, നമ്മള്‍ ഒന്നിച്ചുനില്‍ക്കുന്നവരാണ് എന്ന്. സ്വതന്ത്ര ഭാരതത്തില്‍ ഇതുപോലൊരു മുന്നേറ്റം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഒരു മുസ്‌ലിം പോലും ഡിറ്റന്‍ഷന്‍ ക്യാമ്പിലേക്ക് പോകാനുള്ള ഇടവരുത്തുകയില്ല, അത് ചന്ദ്രശേഖര്‍ ആസാദിന്റെ വാഗ്ദാനമാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757