interview

തലയറുത്താലും മോദിക്കുമുന്നില്‍ തലകുനിക്കില്ല  – അസ്മ ഖാത്തൂന്‍/ഷിബു മടവൂര്‍

നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ കേന്ദ്ര സ്ഥാനമാണ് ഇന്ന് ദല്‍ഹിയിലെ ശാഹീന്‍ ബാഗ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ പതിനാറിന് ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ ക്രൂരമായി അടിച്ചൊതിക്കിയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടും പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് അടിയന്തിര ചികിത്സ ആവശ്യപ്പെട്ടുകൊണ്ടുമാണ് ശാഹീന്‍ ബാഗ് സമരത്തിന് തുടക്കം കുറിക്കുന്നത്. രണ്ടുമാസത്തിലേറെയായി ശാഹീന്‍ ബാഗില്‍ നടന്നുകൊണ്ടിരിക്കുന്ന സമരത്തിന് നേതൃത്വം കൊടുക്കുന്നവരിലെ പ്രമുഖയാണ് തൊണ്ണൂറുകാരിയായ അസ്മ ഖാത്തൂന്‍. പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഒക്കുപൈ രാജ്ഭവന്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വേണ്ടി കേരളത്തിലെത്തിയ അസ്മ ഖാത്തൂനുമായി ജനപക്ഷം പ്രതിനിധി നടത്തിയ സംഭാഷണം.

ടി. വി തല്ലിപ്പൊട്ടിക്കാന്‍ തോന്നി, രാവിലെ ഇറങ്ങി ശഹീന്‍ബാഗിലേക്ക്
ജാമിഅ മില്ലിയ്യയില്‍ പൊലീസ് അതിക്രമമുണ്ടായ രാത്രിയില്‍ ഞങ്ങള്‍ ടി.വി കാണുകയായിരുന്നു. കുട്ടികള്‍ക്ക് നേരെ പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാര്‍ജ്ജും ഗ്രനേഡ് പൊട്ടിക്കലുമടക്കം ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍. ഇതെല്ലാം കണ്ട് എനിക്ക് രോഷം കൊണ്ട് ടി.വി തല്ലിപ്പൊട്ടിക്കാനാണ് തോന്നിയത്. മകന്‍ എന്നെ തടഞ്ഞു. എനിക്ക് ഉടനെ സംഭവ സ്ഥലത്തേക്ക് പോകണമെന്നും അവിടെ എത്തിക്കണമെന്നും മകനോട് ആവശ്യപ്പെട്ടു. ഇതെല്ലാം കണ്ട് എങ്ങനെ വീട്ടിലിരിക്കും, എങ്ങനെ ഉറങ്ങും. രാത്രിയിലാണെന്നും പോകാന്‍ കഴിയില്ലെന്നുമായി മകന്‍. അങ്ങനെയാണ് പിറ്റേന്ന് രാവിലെ ശാഹീന്‍ ബാഗിലേക്ക് പോകാനും സമരം ചെയ്യാനും തീരുമാനിക്കുന്നത്. ഇതിനെയും പലരും എതിര്‍ത്തു. ‘ഇങ്ങനെ ഒരു സമരത്തെ അരും പിന്തുണക്കില്ല, ഇത് റോഡാണ്, ആരും തിരിഞ്ഞ് നോക്കില്ല’ എന്നൊക്കെയായിരുന്നു തടഞ്ഞവരുടെ വാദങ്ങള്‍. പക്ഷേ, ഞാന്‍ എന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് അങ്ങോട്ട് പോവുകയും പിന്തിരിയില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു. എനിക്കുള്ള ഭക്ഷണം അവിടെ എത്തിച്ചാല്‍ മതിയെന്ന് ബന്ധുക്കളെ അറിയിച്ചു. ആദ്യം കുറച്ചുപേരായിരുന്നു. ക്രമേണ കൂടുതല്‍ പേര്‍ എത്തുകയും സമരം ശക്തമാവുകയുമായിരുന്നു.

ഇല്ല, പാതി വഴിയില്‍ എഴുന്നേറ്റ് പോവില്ല
ഇതൊരുവലിയ അനീതിയാണ്. വലിയൊരു വിവേചനമാണ്. അതുകൊണ്ടാണ് മറ്റെല്ലാം മറന്നും വ്യത്യസ്തകള്‍ മാറ്റിവെച്ചും ജനം ഒറ്റക്കെട്ടായി ഈ നിയമത്തിനെതിരെ തെരുവില്‍ പോരാടുന്നത്. ഇതെല്ലാം ആളുകള്‍ക്ക് ബോധ്യപ്പെട്ട കാര്യമാണ്. സി.എ.എ എന്നത് വിവേചനപരമായ നിയമമാണ്. അതു പിന്‍വലിക്കുന്നത് വരെ ഞങ്ങള്‍ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ല. മുസ്‌ലിംകളെ ലക്ഷ്യം വെച്ചാണ് നിയമം തയ്യാറാക്കിയിരിക്കുന്നത്. ഈ മുസ്‌ലിംകള്‍ ഇന്ത്യക്ക് നിരവധി സംഭാവനകള്‍ നല്‍കിയവരാണ്. സ്വാതന്ത്ര്യ സമരഘട്ടത്തില്‍ ജീവന്‍ നല്‍കിയും രാജ്യത്തിന് വേണ്ടി പോരാടിയവരാണ് ഞങ്ങളുടെ മുന്‍തലമുറക്കാര്‍. ഈ ഞങ്ങളോടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രേഖകള്‍ ചോദിക്കുന്നത്. ഇപ്പറയുന്ന മോദി ഒരു നൂറ് വ്യാജ വാഗ്ദാനങ്ങളല്ലാതെ എന്താണ് രാജ്യത്തിന് വേണ്ടി നല്‍കിയത്. ഒന്ന് എണ്ണിപ്പറയാമോ? കഴിയില്ല. ഈ സാഹചര്യത്തില്‍ നിയമം പിന്‍വലിക്കും വരെ സമരത്തില്‍ ഉറച്ചു നില്‍ക്കാനാണ് തീരുമാനം. എന്തൊക്കെ സമ്മര്‍ദ്ദങ്ങളുണ്ടായാലും ഞങ്ങള്‍ പാതി വഴിയില്‍ എഴുന്നേറ്റ് പോകില്ല.

സിഖ് സഹോദരങ്ങള്‍ ലങ്കര്‍ വിളമ്പുകയാണ്
ഈ സമരം മുസ്‌ലിംകളുടെ മാത്രം സമരമല്ല. മുസലിം സമുദായത്തിലുള്ളവര്‍ മാത്രമല്ല ശാഹീന്‍ ബാഗില്‍ ഒരു മിച്ച് കൂടിയിട്ടുള്ളത്. ഹിന്ദുസഹോദരങ്ങളും സിഖ് സഹോദരങ്ങളുമെല്ലാം സമരത്തിന് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. സിഖ് മതവിശ്വസികള്‍ നിരവധി പേര്‍ ദിവസവും ശാഹീന്‍ ബാഗിലെത്തുന്നുണ്ട്. ലങ്കര്‍ എന്ന അവരുടെ പ്രത്യേക ഭക്ഷണം തയ്യാറാക്കി സമരക്കാര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്. ചിലര്‍ സാമ്പത്തികമായി സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഇപ്പോഴും സിഖുകാരുടെ സഹായം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

ആം ആദ്മി പാര്‍ട്ടി ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല
ആം ആദ്മി പാര്‍ട്ടിയോ കെജ്‌രിവാളോ ഇതുവരെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ ഇത്തരം പിന്തുണയോ സംസാരമോ ഉണ്ടായിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളൊന്നും സമരത്തിന്റെ ഭാഗമായിട്ടില്ല, രാഷ്ട്രീയപാര്‍ട്ടികളല്ല ഈ സമരത്തിന് നേതൃത്വം നല്‍കുന്നതും. ഇത് ജനങ്ങളുടെ സമരമാണ്. ജനങ്ങളാണ് ഈ സമരം തുടങ്ങിയത്. അവര്‍ തന്നെയാണ് ഇപ്പോഴും നയിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ ജനങ്ങള്‍ക്ക് സമരം ചെയ്യാന്‍ കഴിയുമെന്നതിന്റെ തെളിവാണ് ശാഹീന്‍ ബാഗ്. കാരണം, ജനങ്ങള്‍ അത്രക്ക് അനുഭവിച്ച് കഴിഞ്ഞിരിക്കുന്നു. ബി.ജെ.പി വലിയ അതിക്രമങ്ങളാണ് ജനങ്ങള്‍ക്ക് നേരെ ചെയ്തത്. ഈ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പലതും ജനവിരുദ്ധമായിരുന്നു. നോട്ടു നിരോധമടക്കം വല്ലാതെ ബുദ്ധിമുട്ടിച്ചു. ജനങ്ങള്‍ പല ആവശ്യങ്ങള്‍ക്കും വരി നില്‍ക്കുകയായിരുന്നു. ഓരോ സമയത്തും രേഖകള്‍ ചോദിക്കും. ഇതിനായി ആളുകള്‍ നെട്ടോട്ടമോടും. ഇപ്പോള്‍ ജോലിപോലും കിട്ടാത്ത സ്ഥിതിയാണ്. അപ്പോഴൊക്കെ ജനം മിണ്ടാതിരുന്നത് പേടിച്ചിട്ടാണെന്നായിരുന്നു ഭരണാധികാരികള്‍ വിചാരിച്ചത്. എന്നാല്‍, പൗരത്വ നിയമത്തിനെതിരെ ജനം ഒറ്റക്കെട്ടായി തെരുവിലിറങ്ങിയിരിക്കുന്നു.

കുതന്ത്രങ്ങള്‍ പലവഴിക്കാണ്, പക്ഷേ ഞങ്ങള്‍ തോല്‍പ്പിക്കും
ശാഹീന്‍ ബാഗിനെ നേരിടാനും ദുര്‍ബലപ്പെടുത്താനും പലപ്പോഴും പൊലീസ് ശ്രമിച്ചിട്ടുണ്ട്. പൊലീസിന്റെ കുതന്ത്രങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ പിന്‍മാറിയിട്ടില്ല. പിന്നീട് അവര്‍ ശ്രമിച്ചത് മറ്റ് മാര്‍ഗങ്ങളാണ്. ബി.ജെ.പിക്കാരിയായ ഒരു സ്ത്രീ പര്‍ദ്ദ ധരിച്ചെത്തി പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചു. പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കാനായിരുന്നു ശ്രമമെന്നാണ് മനസ്സിലാക്കുന്നത്. ഞങ്ങളവരെ കയ്യോടെ പിടികൂടി. ആ സമയത്ത് പൊലീസ് അവരെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. മീഡിയക്ക് മുന്നില്‍ ഇവരെ കാണിച്ചിട്ടേ നിങ്ങള്‍ക്ക് കൈമാറൂവെന്ന് ഞങ്ങള്‍ പൊലീസിനോട് പറഞ്ഞു. ഞങ്ങള്‍ക്കറിയാം അല്ലെങ്കില്‍ ഇതെവിടെയും വരില്ല എന്ന്. മീഡിയക്ക് മുന്നില്‍ ഇവരെ പ്രദര്‍ശിപ്പിച്ച ശേഷമേ പൊലീസിന് കൈമാറിയുള്ളൂ. ഇതെങ്ങാനും നേരെ തിരിച്ചായിരുന്നെങ്കില്‍ എന്ന് ഒന്ന് ആലോചിച്ച് നോക്കൂ. ബി.ജെ.പിയുടെ പരിപാടിയില്‍ ഇങ്ങനെ പോയി പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചത് ഒരു മുസ്‌ലിമായിരുന്നെങ്കില്‍ അയാള്‍ക്ക് ജീവന്‍ പോലും ബാക്കിയുണ്ടാവുമായിരുന്നില്ല. പക്ഷേ, ഞങ്ങള്‍ അവരോട് മാന്യമായാണ് പെരുമാറിയത്.

വീട്ടിലിരിക്കുന്ന സുഖം റോഡിലിരിക്കാന്‍ ഉണ്ടാവില്ല
സമരത്തില്‍ ഒരു പാട് പ്രയാസങ്ങളുണ്ട്. വീട്ടിലിരിക്കുന്ന സുഖം റോഡിലിരിക്കാന്‍ ഉണ്ടാവില്ല. ഒരു ദിവസം റോഡിലിരുന്നാലുള്ള ബുദ്ധിമുട്ട് എത്രയാണ്. ഈ സാഹചര്യത്തിലാണ് ഇത്രയധികം നാളുകളായി പ്രക്ഷോഭവുമായി ഞങ്ങള്‍ തെരുവില്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. പ്രയാസം സഹിച്ചാല്‍ മാത്രമേ എളുപ്പമുള്ള കാര്യമുണ്ടാവുകയുള്ളൂ എന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. പ്രയാസവും ത്യാഗവുമില്ലാതെ ഒന്നും നേടിയെടുക്കാന്‍ നമുക്കാവില്ല. അതുകൊണ്ട് തന്നെ ത്യാഗം സഹിക്കാന്‍ ഞങ്ങള്‍ തയ്യാറാവുന്നു.

സമരത്തെ അടിച്ചര്‍മത്തുകയാണ്, പക്ഷേ ദൈവത്തിന്റെ തീരുമാനത്താലേ എന്തും നടക്കൂ. ഇപ്പോള്‍ സമരക്കാര്‍ക്ക് നേരെ വലിയ അതിക്രമങ്ങള്‍ ഡല്‍ഹിയില്‍ അരേങ്ങറുകയാണ്. ദൈവത്തിന്റെ തീരുമാനപ്രകാരമേ എന്തും നടക്കൂവെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. അതുകൊണ്ട് എന്തുതരം പ്രതിസന്ധികളുണ്ടായാലും പിന്‍മാറാതെ ഉറച്ച് തന്നെ നില്‍ക്കും. പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളുടെ പിന്തുണ വര്‍ധിപ്പിക്കും. അതിക്രമങ്ങള്‍ക്ക് നേരെ ജനങ്ങള്‍ ഒരുമിച്ചാല്‍ അക്രമികള്‍ക്ക് ഒന്നും ചെയ്യാനാവില്ല. വലിയ അര്‍ഥത്തിലുള്ള ജനകീയ സമരമായി മാറിയാലേ സര്‍ക്കാര്‍ നീക്കങ്ങളെയും അക്രമികളെയും പ്രതിരോധിക്കാനാകൂ. ഞങ്ങള്‍ക്ക് ഒരിക്കലും പേടിയില്ല. എന്തായാലും മരിക്കും, മരണത്തെ ആര്‍ക്കും തടുക്കാനാവില്ലല്ലോ. തലയറുത്താലും മോദിക്കുമുന്നില്‍ തലകുനിക്കില്ല.

ആ പേരുകള്‍ ഒറ്റശ്വാസത്തില്‍ പറയുന്നതിന്റെ രഹസ്യമിതാണ്
നാല് തലമുറ പേര് പറയാന്‍ മോദിയെ ഞാന്‍ വെല്ലുവിളിച്ചിരുന്നു. എെന്റ ഒന്‍പത് തലമുറയില്‍ പെട്ടവരുടെ പേര് ഒറ്റ ശ്വാസത്തില്‍ പറഞ്ഞാണ് ഞാന്‍ ഈ വെല്ലുവിളി നടത്തിയത്. ദിവസവും സുബഹി നമസ്‌കാരം കഴിഞ്ഞ ശേഷം ഖുര്‍ആന്‍ പാരായണം ചെയ്യല്‍ പതിവുണ്ട്. അതിന് ശേഷം പ്രാര്‍ഥനയും പതിവുണ്ട്. ഞങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, ഞങ്ങളുടെ മുന്‍ഗാമികള്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കും. മുന്‍കഴിഞ്ഞ തലമുറയിലെ ഓരോരുത്തരുടെയും പേരെടുത്ത് പറഞ്ഞാണ് പ്രാര്‍ഥന. അങ്ങനെയാണ് മുന്‍ഗാമികളുടെ പേരെല്ലാം മനഃപാഠമായത്. ഇവരുടെ പേരടങ്ങുന്ന രേഖ മുന്‍പുണ്ടായിരുന്നു. പക്ഷേ അവ നശിച്ച് പോയി. അതിന് ശേഷം ഞങ്ങള്‍ ഓരോ ദിവസവും രാവിലെ അവരുടെ പേരുകള്‍ ഓര്‍മിച്ച് അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കും. അങ്ങനെ മനസില്‍ പതിഞ്ഞതാണ് ഈ േപരുകള്‍.

ഉറച്ച് നില്‍ക്കണം, പിന്‍മാറരുത്
സി.എ.എ പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്‍മാറരുതെന്നാണ് രാജ്യവ്യാപകമായി തുടരുന്ന ശാഹീന്‍ ബാഗുകളോട് പറയാനുള്ളത്. ഈ സര്‍ക്കാര്‍ വിവേചനത്തിന്റേതാണ്. ഈ വിവേചന നടപടികള്‍ പിന്‍വലിക്കും വരെ സമരം തുടരണം. ഡല്‍ഹിയിലെ പ്രക്ഷോഭങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ആവശ്യമുണ്ട്. എല്ലാ അര്‍ഥത്തിലുള്ള പിന്തുണയും വേണം. കൂടുതല്‍ ശാഹീന്‍ ബാഗുകള്‍ എല്ലായിടത്തും ഉണ്ടാവെട്ട. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെല്ലാം വേദനാജനകമാണ്. ഹൃദയം നീറുന്ന കാഴ്ചകള്‍. ഇതെല്ലാം വല്ലാതെ ദു:ഖിപ്പിക്കുന്നു. ഇത്തരത്തില്‍ മനസ്സില്‍ വേദന തളം കെട്ടി നില്‍ക്കുമ്പോള്‍ ഞാന്‍ എങ്ങനെ ചിരിക്കാനാണ്. എനിക്ക് ചിരിക്കാന്‍ കഴിയുന്നില്ല.

അസ്മ ഖാത്തൂനിന്റെ പ്രസംഗം
പൗരത്വ പ്രക്ഷോഭം മരണത്തിലേക്കുള്ള സമരമല്ല. നമുക്കും തലമുറകള്‍ക്കും ജീവിക്കാന്‍ വേണ്ടിയുള്ള പ്രേക്ഷാഭമാണ്. ഒരിഞ്ച് പോലും പേടിക്കാതെ ഒരുമിച്ച് നിന്ന് ജനവിരുദ്ധനിയമത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ മുന്നേറണം. മരണം ഒരു യാഥാര്‍ഥ്യമാണ്. മരണത്തെ പേടിച്ചിരിക്കാനോ തടയാനോ കഴിയില്ല. നരേന്ദ്രമോദി സി.എ.എ നടപ്പാക്കിയത് ഭരണഘടനയെ അട്ടിമറിക്കാനും ഇല്ലായ്മ ചെയ്യാനും വേണ്ടിയാണ്. പൊലീസ് നമ്മോട് കടലാസും രേഖകളും ചോദിക്കുകയാണ്. റോഡുവക്കിലും തെരുവിലും ഉള്‍നാട്ടിലും കാട്ടിലുമെല്ലാം താമസിക്കുന്ന, ഒരു തുണ്ട് ഭൂമി പോലുമില്ലാത്തവര്‍ക്ക് എങ്ങനെയാണ് രേഖ കാണിക്കാന്‍ കഴിയുക. ഈ രാജ്യത്തിന്റെ ഭരണഘടന ഇല്ലാതാക്കിയാല്‍ നമ്മള്‍ ജീവിച്ചിട്ട് എന്ത് കാര്യമാണുള്ളത്. തന്റെ ഒന്‍പത് തലമുറയുടെ പേരുകള്‍ എണ്ണിപ്പറയാം. എന്റെ പിതാവ് ഫൈസാന്‍, ഫൈസാന്റെ പിതാവ് ഫയ്യാസ്, ഫയ്യാസിന്റെ പിതാവ് മൗലാന അബ്ദുല്‍ ഹസന്‍, അബ്ദുല്‍ ഹസന്റെ പിതാവ് സകൂണ്‍, സകൂണിന്റെ പിതാവ് സാഹചദ്ഗലി. സാഹചദ്ഗലിയുടെ പിതാവ് ഇലാഹിബാഗ്, ഇലാഹിബാഗിന്റെ പിതാവ് സുന്ദര്‍, സുന്ദറിന്റെ പിതാവ് ഫക്രുല്ല, ഫക്രുല്ലയുടെ പിതാവ് നവാബ്. മോദിക്ക് ഇങ്ങിനെ നാല് തലമുറയുടെ പേര് പറയാന്‍ കഴിയുമോ. വീടുവീടാന്തരം കയറി യാചിച്ച് വോട്ടുവാങ്ങി അധികാരത്തിലേറിയ ശേഷം ജനങ്ങള്‍ക്കെതിരെ നിയമം പാസാക്കുകയാണ്. നോട്ടുനിരോധനമടക്കം നിരവധി തെറ്റായ നടപടകളിലൂടെ ഭരണാധികാരികള്‍ ജനങ്ങളെ പൊറുതി മുട്ടിച്ചു. അപ്പോഴൊക്കെ രാജ്യം മൗനം പാലിക്കുകയായിരുന്നു. ഭരണകൂടത്തെ ഭയന്നാണ് ജനം മിണ്ടാതിരുന്നതെന്നാണ് ഭരണാധികാരികള്‍ വിചാരിച്ചത്. എന്നാല്‍, പൗരത്വ പ്രക്ഷോഭങ്ങളില്‍ ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യനും സിഖുകാരനുമെല്ലാം ഒരുമിച്ച് നിന്ന് പോരാടുകയാണ്. മോദിക്ക് തീര്‍ച്ചയായും ഈ നിയമം പിന്‍വലിക്കേണ്ടി വരും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757