press release

പൗരത്വ പ്രക്ഷോഭം: സി.പി.എം നിലപാട് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്നത് – ഹമീദ് വാണിയമ്പലം

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭത്തോട് സിപിഎം സ്വീകരിക്കുന്ന നിലപാടുകള്‍ സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട് സി.പി.എം നടത്തുന്ന പരിപാടികള്‍ വിജയിപ്പിക്കാന്‍ വേണ്ടി മുസ്‌ലിം സമുദായ സംഘടനകളെയും മഹല്ലുകളെയും ഉപയോഗപ്പെടുത്തുകയും മഹല്ലുകളും സംഘടനകളും സ്വതന്ത്രമായി നടത്തുന്ന പ്രക്ഷോഭങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന ആക്ഷേപം ഉന്നയിച്ച് കേസെടുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സി.പി.എം സ്വീകരിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ഒരുമിച്ച് നിന്ന് നടത്തുന്ന പ്രക്ഷോഭത്തെ മതപരമായി വിഭജിച്ച് അതിനെ ദുര്‍ബലപ്പെടുത്താനാണ് സി.പി.എം ശ്രമിച്ചത്. സമരക്കാരുടെ മതവും ജാതിയും മതചിഹ്നങ്ങളും വരെ പ്രശ്‌നവല്‍ക്കരിച്ചത് സി.പി.എം ആണ്. ഇതിന്റെ ഗുണഭോക്താക്കള്‍ സംഘ്പരിവാറാണ് എന്നതിന്റെ സൂചനയാണ് പിണറായിയെ പാര്‍ലമെന്റില്‍ മോദി ഉദ്ധരിച്ചത്. ഇതില്‍ നിന്നും പാഠം പഠിക്കുന്നില്ല എന്നതാണ് സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പുതിയ പ്രസ്താവന വ്യക്തമാക്കുന്നത്.

ഇല്ലാത്ത ന്യൂനപക്ഷ വര്‍ഗീയതയെ പെരുപ്പിച്ച് ഹിന്ദു സമൂഹത്തിന്റെ വോട്ട് നേടിയെടുക്കാമെന്ന വഴി തെറ്റിയ ബുദ്ധിയാണ് സി.പി.എമ്മിനെ ഇപ്പോള്‍ നയിക്കുന്നത്. ഇതിന് കനത്ത വില സി.പി.എം നല്‍കേണ്ടിവരും. സ്വന്തം അണികളെ കുറിച്ചുതന്നെയുള്ള അവിശ്വാസമാണ് ഇതിലൂടെ സി.പി.എം പ്രകടിപ്പിക്കുന്നത്. സി.പി.എം തുടരുന്ന ഈ വഴിവിട്ട കളി സമര കേരളം തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ നിലനില്‍പ്പിനായുള്ള സ്വാതന്ത്ര്യ പോരാട്ടമാണ് രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഫാഷിസത്തെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന സമരത്തില്‍ വിശാല ഐക്യം ഉണ്ടാകണമെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി ആഗ്രഹിക്കുന്നത്. ഭരണഘടനയെയും ജനാധിപത്യത്തെയും തിരിച്ചുപിടിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ സമരഐക്യം കെട്ടിപ്പടുക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ശ്രമിക്കും. രാജ്യത്തെ ഗുരുതരമായ വിഭജനത്തിലേക്ക് തള്ളിവിടുന്ന സാഹചര്യത്തില്‍ ആര്‍.എസ്.എസിന് എതിരെയുള്ള ഏത് സമരത്തെയും വെല്‍ഫെയര്‍ പാര്‍ട്ടി പൂര്‍ണമായി പിന്തുണക്കുമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757