Opinion

ഓര്‍മകള്‍ ഉറങ്ങാത്ത സമരത്തെരുവിലെ കാവല്‍ പൗരന്‍മാര്‍ – സുഫീറ എരമംഗലം

പ്രതീക്ഷകള്‍ക്ക് പുതിയ താളങ്ങള്‍. പ്രവചനങ്ങള്‍ പുലരുന്നു. വ്യക്തിയുടെ സ്വാസ്ഥ്യം സ്റ്റേറ്റിന്റെ നിലപാടുകളോട് ഇഴുകിച്ചേര്‍ന്നാണ് എന്നതിനെ നാം അനുഭവിക്കുകയാണ്. ജീവിതത്തിന്റെ സാധാരണത്വങ്ങളില്‍ നിന്ന് പ്രക്ഷോഭത്തിന്റെ അസാധാരണത്വങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് നാം. സംഘ്പരിവാര്‍ നടപ്പിലാക്കുന്ന വംശീയ അജണ്ടകളില്‍ ഏറ്റവും പ്രഹര ശക്തിയുള്ള പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ ജനാധിപത്യ മനസ്സുകളെ ആഴത്തില്‍ മുറിവേല്‍പിച്ചു എന്നതിന് മനസ്സുകളും തെരുവുകളും സാക്ഷി. രാഷ്ട്രീയം എന്നതിനെ വിദൂര വ്യവഹാരമായിക്കണ്ടിരുന്നവര്‍ പോലും രാഷട്രീയ ആകുലതകളാല്‍ സ്തംഭിച്ചിരിക്കാതെ സമരമുഖത്തേക്ക് സ്വയംപ്രേരിതരായി വരികയാണ്. പ്രതീക്ഷകളെപ്പോലും പുനര്‍നിര്‍ണയിക്കുന്ന നിയമത്തിന്റെ ആഘാതം ജനകീയ പ്രക്ഷോഭത്തിന്റെ പ്രത്യാഘാതമാകുന്നത് ഭരണകൂടത്തിനാണ്. ഫാഷിസ്റ്റ് തിക്തതകളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ പുലര്‍ന്നുകൊണ്ടിരുന്ന വംശഹത്യാപരമായ നിയമങ്ങള്‍ക്കൊടുവില്‍ പ്രത്യക്ഷ ഉന്മൂലനത്തിന്റെ ആയുധംതന്നെയാണ് പുറത്തെടുത്തിരിക്കുന്നത്.

സമരമുഖം സ്ത്രീമുഖം കൂടിയാണ്. മുഖം മൂടിയണിഞ്ഞ് അപ്രത്യക്ഷരാകുന്നവര്‍ ജെ.എന്‍.യുവിലെ സംഘ് കാപാലികരെപ്പോലുള്ള ഫാഷിസ്റ്റുകളാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണസിരാ കേന്ദ്രങ്ങളില്‍ അസ്തമിച്ച, ഇന്ത്യന്‍ ജനാധിപത്യ സവിശേഷതകള്‍ ഉദിച്ചുകൊണ്ടിരിക്കുന്നത് പ്രക്ഷോഭങ്ങളിലാണ്. മറ്റു വേര്‍തിരിവുകള്‍ ഇല്ലാതായതുപോലെത്തന്നെയാണ് ആണ്‍-പെണ്‍ വ്യത്യാസങ്ങളും സമരമുഖത്ത് ഇല്ലാതായിരിക്കുന്നത്. വന്‍തോതിലുള്ള ഈ സ്ത്രീദൃശ്യത അധികാരങ്ങളെ ഭയപ്പെടാത്ത ചെറുത്തുനില്‍പിന്റെ പെണ്‍രാഷ്ട്രീയത്തെയാണ് അടയാളപ്പെടുത്തുന്നത്. സൈദ്ധാന്തികമായ ഫാഷിസ്റ്റ് വിശകലനങ്ങളേക്കാള്‍ പ്രായോഗിക യാഥാര്‍ഥ്യത്തിന്റെ ഭാവനാതീതമായ ആവിഷ്‌കാരങ്ങളിലാണവര്‍. വ്യത്യസ്ത രാഷ്ട്രീയ -മത അടയാളങ്ങളെ തരംതിരിക്കുന്നത് പ്രക്ഷോഭവേളകളിലെ ജനാധിപത്യ വിരുദ്ധതയായി വ്യാഖ്യാനിക്കപ്പെടാം. എന്നാല്‍, പെണ്‍പ്രഭാവം എന്നത് സമകാലിക സ്വാഭാവികതയായി മാറിയിട്ടുണ്ടെങ്കിലും ചരിത്രപരമായ പശ്ചാത്തലത്തില്‍, അത് വിസ്മയാവഹമായിത്തീരുന്നത് പുതിയ സമരഭാഷ്യങ്ങളുടെ ഉള്ളടക്കങ്ങളായതുകൊണ്ടാണ്.

അടിച്ചമര്‍ത്തുന്നവര്‍ തന്നെ വ്യാജമായ രക്ഷാകര്‍തൃത്വവും പൊയ്മുഖങ്ങളുമായി രക്ഷകര്‍ ചമയുന്നതിനെ ചോദ്യംചെയ്യുന്നതുകൂടിയാണ് ശഹീന്‍ബാഗ് പോലുള്ള സമരങ്ങള്‍. മുത്തലാഖ് നിരോധത്തിന്റെ പേരിലെ പെണ്‍ രക്ഷകര്‍ ,അവരെ മുച്ചൂടും നിരോധിക്കുന്ന ശിക്ഷകരായിട്ടാണ് നിയമം പുറപ്പെടുവിച്ചിരിക്കുന്നത്. ജീവനും അതിജീവനവും വിഷയമാകുമ്പോള്‍ ജീവന്റെ ഉറവയായ സ്‌ത്രൈണ ഭാവത്തിന്..ഗര്‍ഭനോവുകള്‍ക്ക് അടങ്ങിയിരിക്കുവാനാകില്ല.

ഓര്‍മയില്ലേ ഗുജറാത്ത് എന്ന ആര്‍.എസ്.എസിന്റെ മുദ്രാവാക്യം ഉയര്‍ന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്.കുറ്റ്യാടിയില്‍ മുഴങ്ങിയ ഈ നിപ വൈറസിനെ നാട്ടില്‍നിന്നു തുരത്തിയില്ലെങ്കില്‍ അത് നാടിനെത്തന്നെ കാര്‍ന്നു തിന്നുന്നതിന്റെ ലക്ഷണങ്ങളിലാണുള്ളത്. ഗുജറാത്തിന്റെ ഓര്‍മ സമരാംഗനമാര്‍ക്ക് ഓര്‍മയുടെ ഗര്‍ഭ നോവുകളാണ്. ഗര്‍ഭ ഉന്മൂലനങ്ങളും ഉദരം പിളര്‍ക്കലും അക്ഷരാര്‍ത്ഥത്തില്‍തന്നെ, ഉറവകളെ ഇല്ലാതാക്കുന്ന..,മുളകളെ നുള്ളിക്കളയുന്ന ഫാഷിസ്റ്റ് അജണ്ടയാണ്. പ്രജനനത്തിന്റെ രാഷ്ട്രീയം ഫാഷിസ്റ്റ് വിരുദ്ധമാകുന്ന, നാടിന്റെ ജനാധിപത്യ നിലനില്‍പിനായുള്ള വര്‍ത്തമാന സമരരാഷ്ട്രീയത്തിലാണ് അവരുള്ളത്. പൗരത്വ നിഷേധം എന്നത് പ്രജനന നിഷേധം കൂടിയാണ്. ആര്‍.എസ്. എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പ്രജനന നിഷേധത്തെക്കുറിച്ച് വായ്ത്താരിയിട്ടത് പൗരത്വ ഭേദഗതിക്കെതിരായ ഈ സമര സന്ദര്‍ഭത്തിലാണ്. പന്നിപ്പേറിന്റെ തരംതാണ പദവിയിലേക്ക് മുസ്ലിം സ്ത്രീയെ ഇകഴ്ത്തി ഭീഷണിപ്പെടുത്തുന്ന നേതാക്കളുള്ള നാട്ടില്‍ പൗരത്വ സമരങ്ങളില്‍ വ്യാപൃതരായിരിക്കുന്ന ഉമ്മമാര്‍ കൈക്കുഞ്ഞുങ്ങളെ വഹിച്ചുകൊണ്ടാണുള്ളത്. വംശഹത്യയുടെ അജണ്ടയെ ചെറുത്തുതോല്‍പിക്കുന്നവരുടെ ഗര്‍ഭാശയങ്ങള്‍ തുടിക്കാതിരിക്കുന്നതെങ്ങനെ?നിരന്തരം പഴിക്കപ്പെടുന്ന..സംഘ്പരിവാര്‍ ശൂലങ്ങളാഴ്ത്തപ്പെടുുന്ന ഗര്‍ഭാശയങ്ങളുടെ സമരംകൂടിയാണിത്. വീടകങ്ങളിലെ വിലക്കപ്പെട്ടവളെന്ന ചാപ്പകുത്തപ്പെടലുകളില്‍ നിന്ന് നാടിനായുള്ള പോരാട്ടത്തുടര്‍ച്ചകളായി കരുത്താര്‍ജിക്കുന്ന പെണ്‍ശക്തികളാണവര്‍.

ദീപിക പാദുകോണ്‍,പാര്‍വതി തെരുവോത്ത് തുടങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണിമ ചിമ്മാത്ത നേരിന്റെയും നൈതികതയുടെയും പെണ്‍നിഷ്‌കളങ്കതകളാകുന്ന യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ മനോഹര കാഴ്ചകളാണ്.. പൗരത്വനിഷേധം എന്നത് പലതരം നിഷേധങ്ങളിലേക്കുള്ള വാതിലാണ്. ദേശരാഷ്ട്രത്തിനകത്തെ നിലനില്‍പിനെ നിരാകരിക്കുമ്പോള്‍ നിരപരാധരായ മനുഷ്യരുടെ എല്ലാ അവശേഷിപ്പുകളെയും അവരോടൊപ്പം മറമാടുകയാണ്. പ്രജനന നിഷേധം എന്നത് അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കുടുംബസങ്കല്‍പത്തെ തച്ചുടക്കുന്ന അതിഭീകരമായ ഒറ്റപ്പെടുത്തല്‍ വേട്ടകളുടെ തടങ്കല്‍ പാളയങ്ങള്‍ ആസാമില്‍ യാഥാര്‍ത്ഥ്യമാണ്. അറുപത് പിഞ്ചുകുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ട അതിദാരുണാവസ്ഥയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം ചോദിച്ചത് ഒരു സന്നദ്ധസംഘടനയുടെ പരാതിയിന്‍മേലാണ്. ജീവന്റെയും നിലനില്‍പിന്റെയും സ്ഥായീഭാവമായ സ്ത്രീത്വത്തിന്റെ പങ്കാളിത്തം ഏറ്റവും പ്രസക്തമായ വിഷയത്തിലും സാഹചര്യത്തിലുമാണ് നാടുള്ളത്. എന്നിട്ടുപോലും പ്രതിലോമ ബോധങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ ജനാധിപത്യ വിരുദ്ധതയുടെ ഫാഷിസ്റ്റ് ബോധത്തെ സ്വയം അലങ്കാരമാക്കുന്നവരാണ്.

ഫാഷിസം സ്ത്രീയോട് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും എന്താണെന്നറിയുന്നവര്‍ക്ക്..അവരുടെ സ്ത്രീവിരുദ്ധ പ്രത്യയ ശാസ്ത്രങ്ങളെ തുറന്നെതിര്‍ക്കണമെന്നത് സമരങ്ങളിലെ പെണ്‍പ്രഭാവങ്ങളെ കാവ്യനീതിയാക്കുന്നു. ഫ്രഞ്ച് വിപ്ലവം കാത്തുവെച്ച പൗരോഹിത്യ,പുരുഷാധികാരത്തില്‍നിന്നുള്ള വിമോചന സങ്കല്‍പങ്ങള്‍ പൂര്‍ത്തിയാക്കാതിരുന്നവ ഫാഷിസ്റ്റ് പീഡന,അടിച്ചമര്‍ത്തലുകളും,സ്വത്വ നിരാകരണങ്ങളും ഓര്‍മയാക്കിക്കൊണ്ടുതന്നെയുള്ള സമരങ്ങള്‍ സാധ്യമാക്കുന്നു. സ്വാതന്ത്ര്യ സമരം ബാക്കിവെച്ച വിഭജനത്തിന്റെ ഹീനമായ ഫാഷിസ്റ്റ് പ്രവണതകളോട് ഇന്നത്തെ പൗരത്വനിയമ ഭേദഗതിക്കെതിരായ സമരങ്ങള്‍ നൂറ്റാണ്ടിന്റെ സമരക്കടം വീട്ടുകയാണ്.
ലിഖിതവും അലിഖിതവുമായ മുന്‍ധാരണകളെ തിരുത്തിക്കുറിക്കുന്ന പൗരത്വ പ്രക്ഷോഭങ്ങള്‍ കാത്തുവെക്കുന്ന വിപ്ലവ നന്മകളും സൗന്ദര്യങ്ങളും പുതുമയുടെ സമര അടയാളങ്ങളാകുന്നത്, ക്ഷുഭിത യൗവനവും ക്ഷുഭിത സ്‌ത്രൈണതയും അല്‍ഭുതകരമായി സമ്മേളിക്കുന്നതു കൊണ്ടാണ്. ഇത് ചരിത്രപരമായി ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ടു കൂടിയാണ്. ഫ്രഞ്ചു വിപ്ലവത്തിലെ സ്ത്രീമുന്നേറ്റം സജീവ പൗരത്വം(1791),ജനാധിപത്യ പൗരത്വം(1793) എന്നിവയില്‍ ഊന്നിയായിരുന്നു. പൗരോഹിത്യത്തിന്റെ പുരുഷാധികാരങ്ങളുടെ നേര്‍ക്കായിരുന്നു അന്നത്തെ പെണ്‍പോരാട്ടങ്ങള്‍. സവര്‍ണ ഫാഷിസ്റ്റ്-കോര്‍പറേറ്റ് കാലത്തെ മനുഷ്യത്വ രഹിതമായ സകലമാന പീഡനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഉന്മൂലനങ്ങള്‍ക്കും നേര്‍ക്കുള്ള പെണ്‍രോഷങ്ങള്‍ കൂടി ഉള്‍ചേര്‍ന്നതാണ് നിലനില്‍പിനായുള്ള ഇന്നത്തെ പൗരത്വ സമരങ്ങള്‍. അത് റാണി ലക്ഷ്മിഭായ്,അക്കാമ്മ ചെറിയാന്‍, മാഡം ബിക്കാജി കാമ, ആനി ബസന്റെ്, ബീ ഉമ്മ, ആനി മസ്‌ക്രീന്‍,ആര്യാ പള്ളം ,മലബാര്‍ സമരത്തില്‍ പങ്കുകൊണ്ട മമ്പുറത്ത് ബീവി,ചെത്തിയാളി ബിയ്യുമ്മ തുടങ്ങിയ നിരവധി സ്വാതന്ത്ര്യ സമരത്തിലെ പെണ്‍പോരാളികളുടെ പാരമ്പര്യത്തില്‍ നിന്നുള്ളതുകൂടിയാണ്. ബ്രിട്ടീഷ് അധിനിവേശത്തിന്റെ അടിമത്തങ്ങളില്‍ നിന്ന് നാടിനെ മോചിപ്പിക്കുവാന്‍ വീടു വിട്ടവരാണവര്‍. വീട് എന്നത് സുരക്ഷിതമായ സമാധാനഗേഹങ്ങളായി ബാക്കി നില്‍ക്കണമെങ്കില്‍ നാടിന്റെ സമാധാനം അനിവാര്യമാണെന്ന ബോധ്യം എക്കാലത്തെയും സമരസ്ത്രീകള്‍ക്കുണ്ട്. തങ്ങളുടെ സന്തതികളെയും ബന്ധുജനങ്ങളെയും സമരവീഥികളിലേക്ക് ആനയിക്കുന്നതിലും ജനാധിപത്യപോരാളികള്‍ക്ക് മാനസികോര്‍ജ്ജം നല്‍കുന്നതിലും പ്രത്യക്ഷമായിത്തന്നെ അന്നും ഇന്നും അവരുണ്ട്. കാമ്പസ്,, തൊഴില്‍ കേന്ദ്രങ്ങള്‍, ബഹുവിധ സ്ഥാപനങ്ങള്‍ തുടങ്ങിയ പൊതു വ്യവഹാര ഇടങ്ങള്‍ ലിംഗനിരപേക്ഷമായ കാലത്ത് വീട് പോലും വിവര വിനിമയ സാങ്കേതികതകളില്‍ നിന്നുള്ള പൊതു -സ്വകാര്യ വേര്‍തിരിവുകളെ അസ്ഥാനത്താക്കുകയാണ്. കാഴ്ചകളുടെ അങ്ങാടിക്കാലത്തില്‍നിന്ന് വാര്‍ത്തകളുടെ ഇന്റെര്‍നെറ്റുകാലത്തിലെത്തിയപ്പോള്‍ ചുമരുകള്‍ പോലും സുതാര്യമായി. അസ്തിത്വത്തെക്കുറിച്ച അന്ത:വിക്ഷോഭങ്ങളാണ് ജനാധിപത്യത്തിന്റെ പ്രക്ഷോഭങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

ജനസംഖ്യയും പൗരത്വവും പ്രജനനവും ഒരു ജനതയുടെയും നാടിന്റെയും നിലനില്‍പിന്റെ അര്‍ഹതകളോടുള്ള ചോദ്യങ്ങളായിത്തീരുമ്പോള്‍, ജീവന്റെ നാമ്പുകളെ നെഞ്ചേറ്റുന്ന..ഉണ്മയെ ഉദരമേറ്റുന്ന പെണ്‍കൂട്ടത്തിന് പ്രകൃതിപരത അടക്കിനിര്‍ത്താനാകില്ല. തലമുറകളുടെ തുടര്‍ച്ചകളുടെ ചുമതലക്കാര്‍ സമരാങ്കണത്തിലേക്ക് ഊര്‍ന്നിറങ്ങുന്നത് മക്കളെ മാറോടണക്കുന്ന അത്രയും സ്വാഭാവികമായ കരുതലോടെയാണ്. അനീതിക്കെതിരിലുള്ള അടങ്ങാത്ത രോഷങ്ങളായി അവര്‍ തെരുവിലാണുള്ളത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757