Opinion

കശ്മീര്‍ പൊലീസ് ഓഫീസര്‍ ദേവീന്ദര്‍ സിംഗിന്റെ ഭീകരവാദ ബന്ധത്തെക്കുറിച്ച് അജിത് ഡോവലിനോട് ചില ചോദ്യങ്ങള്‍ – സിദ്ധാര്‍ത്ഥ് വരദരാജ്

ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ ശ്രീനഗര്‍-ജമ്മു ഹൈവേയില്‍ കാറില്‍ രണ്ട് തീവ്രവാദികളെ അകമ്പടി സേവിക്കുന്നതിനിടെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവിന്ദര്‍ സിംഗ് അറസ്റ്റ് ചെയ്യപ്പെട്ടത് ദേശീയ സുരക്ഷാ രംഗത്തെ സമീപ കാലത്തെ ഏറ്റവും പ്രധാന സംഭവങ്ങളിലൊന്നാണ്. വര്‍ഷങ്ങളായി ദേശീയ സുരക്ഷയെക്കുറിച്ച് പ്രധാനമന്ത്രിയെ ഉപദേശിക്കുന്ന വ്യക്തിയെന്ന നിലയില്‍, അജിത് ഡോവലിന് ഇതിനെപ്പറ്റിയല്ലാതെ ചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും മറ്റൊന്നും ചിന്തിക്കാനാവില്ല എന്നത് തീര്‍ച്ചയാണ്.

ഹിസ്ബുള്‍ മുജാഹിദീനിന്‍ അംഗങ്ങളായ നവീദ് ബാബ, അല്‍താഫ് എന്നിവരോടൊപ്പം ജനുവരി 11 ശനിയാഴ്ചയാണ് സിംഗ് അറസ്റ്റിലായത്. അവരുടെ കാറിലെ നാലാമത്തെ വ്യക്തി ഒരു അഭിഭാഷകനായിരുന്നു, ജമ്മു കശ്മീര്‍ പൊലീസ് അയാളെ തീവ്രവാദികളുടെ ഒ.ജി.ഡബ്ല്യു (Over Ground Worker) എന്നാണ് വിശേഷിപ്പിക്കുന്നത്. കാറില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. തുടര്‍ന്ന്, സിങ്ങുമായി ബന്ധമുള്ള വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി കൂടുതല്‍ ആയുധ ശേഖരങ്ങള്‍ പിടിച്ചെടുത്തു. പിറ്റേ ദിവസം നടന്ന പത്രസമ്മേളനത്തില്‍ കശ്മീരിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍, ദേവിന്ദര്‍ സിങ്ങിനെ മറ്റേതൊരു തീവ്രവാദിയെയും പോലെ തന്നെ കണക്കാക്കുമെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (ഡഅജഅ) നിയമപ്രകാരം കേസെടുക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഈ കേസ് എന്‍.ഐ.എ ഏറ്റെടുക്കുമെന്നും പറയുന്നുണ്ട്.

ദേവിന്ദര്‍ സിങ്ങിന്റെ അറസ്റ്റ് വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നതിന്റെ കാരണം, തീവ്രവാദികള്‍ എങ്ങിനെ അദ്ദേഹത്തിന്റെ കാറില്‍ എത്തി എന്നതിന് കൃത്യമായ വിശദീകരണങ്ങള്‍ ഇല്ല എന്നത് തന്നെയാണ്. ഈ സംവിധാനത്തില്‍ എന്തോ ചീഞ്ഞ് നാറുന്നുണ്ട്-അതില്‍ യാതൊരു സംശയവുമില്ല-മാത്രമല്ല എല്ലാവരുടെയും മനസ്സിലുള്ള ഒരേയൊരു ചോദ്യം ഇത് എത്ര ആഴത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ്.

കൂടയിലുള്ള ഒരു ആപ്പിള്‍ മാത്രമാണോ ചീഞ്ഞത് അതോ മൊത്തം സംവിധാനമോ?
എല്ലാ സംവിധാനത്തിലും ചീഞ്ഞ ആപ്പിളുകള്‍ ഉണ്ടാകും എന്നതില്‍ സംശയമില്ല. ഇന്ത്യയിലെ പൊലീസ് സേനകളില്‍ നല്ലതിനേക്കാല്‍ ചീത്തയുടെ അനുപാതമാണ് കൂടുതലെന്നതും നിസ്തര്‍ക്കമാണ്. ഇതാകും ജമ്മു പൊലീസും സുരക്ഷാ സേനയും രഹസ്യാന്വേഷണവിഭാഗവുമെല്ലാം സിംഗിന്റെ അറസ്റ്റിന് ശേഷം ന്യായീകരണമായി പറയുന്നതെന്ന് ആര്‍ക്കും പ്രവചിക്കാനാകും. പതിറ്റാണ്ടുകളായി സിംഗിനെ പോലെ ഒരാളെ സംരക്ഷിച്ച് പരിപാലിക്കുന്ന സംവിധാനത്തെ മൊത്തം ചോദ്യം ചെയ്യുന്നതിനെക്കാള്‍ എളുപ്പത്തില്‍ അതിലെ വ്യതിചലിച്ച ക്രിമിനല്‍ എന്ന ഭാഷ്യത്തിലേക്ക് കാര്യത്തെ ചുരുക്കാനെളുപ്പമാണ്. ദേവിന്ദര്‍ സിങ്ങിന്റെ അറസ്റ്റ് ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തില്‍ സംശയമുണ്ടാക്കുന്നതിന് കാരണം ഇദ്ദേഹത്തിന് തീവ്രവാദികളുമായുള്ള ബന്ധം വെളിപ്പെടുന്നത് ഇതാദ്യമല്ല എന്നത് കൂടിയാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2000ല്‍, ജമ്മു പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പില്‍-സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സില്‍ (എസ്.ടി.എഫ്) സിംഗ് ഒരു ജൂനിയര്‍ ഓഫീസര്‍ ആയിരുന്നപ്പോള്‍, അഫ്‌സല്‍ ഗുരു എന്ന കീഴടങ്ങിയ മുന്‍ തീവ്രവാദിയെ പീഡിപ്പിക്കുകയും അയാളില്‍ നിന്ന് പണം പിടുങ്ങുകയും, തുടര്‍ന്ന് പൊലീസ് ഇന്‍ഫോര്‍മറായി ജോലി ചെയ്യാന്‍ അയാളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അതേ അഫ്‌സല്‍ ഗുരു തന്നെയാണ് 2001 ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട് 2013ല്‍ തൂക്കിലേറ്റപ്പെട്ടത്.

തിഹാര്‍ ജയിലിലായിരിക്കെ അഭിഭാഷകരിലൊരാള്‍ക്ക് അയച്ച കത്തില്‍, ശ്രീനഗറിനടുത്തുള്ള ഹംഹുമ്മയിലെ എസ്.ടി.എഫ് കാമ്പില്‍ ദേവിന്ദര്‍ സിങ്ങും മറ്റൊരു ഉദ്യോഗസ്ഥനായ ഡി.എസ്.പി വിനയ് ഗുപ്തയും തന്നെ പീഡിപ്പിച്ചതിനെക്കുറിച്ച് അഫ്‌സല്‍ ഗുരു എഴുതിയിരുന്നു. അക്കാലത്ത് അദ്ദേഹം അവര്‍ക്ക് 80,000 രൂപയും സ്‌കൂട്ടറും നല്‍കി. എന്നാല്‍, 2001 ന്റെ അവസാനത്തില്‍, ദേവിന്ദറുമായി അദ്ദേഹം മറ്റൊരു കൂടിക്കാഴ്ച നടത്തി, ആ കൂടികാഴ്ചയാണ് അയാളടെ ജീവന്‍ നഷ്ടപ്പടുത്തിയതെന്നാണ് അഫ്‌സല്‍ എഴുതിയത്. ” ദേവീന്ദര്‍ സിംഗ്, തനിക്കുവേണ്ടി ഒരു ചെറിയ ജോലി ചെയ്യേണ്ടതുണ്ടെന്നും അത് ദില്ലിയെക്കുറിച്ച് എനിക്ക് നന്നായി അറിയാമായിരുന്നതിനാല്‍ ഒരാളെ കാണിച്ച് അയാളെ ദില്ലിയിലേക്ക് കൊണ്ടുപോകണമെന്നും അവനുവേണ്ടി ഒരു വാടക വീട് ശരിപ്പെടുത്തി നല്‍കണമെന്നും ആവശ്യപ്പെട്ടു. എനിക്ക് ആളെ അറിയാത്തതിനാല്‍ ഈ മനുഷ്യന്‍ കശ്മീരി അല്ലെന്ന് ഞാന്‍ സംശയിച്ചു, അദ്ദേഹം കശ്മീരിയില്‍ സംസാരിച്ചിരുന്നില്ല, പക്ഷേ ദേവിന്ദര്‍ എന്നോട് പറഞ്ഞത് ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനായിരുന്നു. ഞാന്‍ അയാളെ ദില്ലിയിലേക്ക് കൊണ്ടുപോയി. ഒരു ദിവസം അദ്ദേഹം എന്നോട് ഒരു കാര്‍ വാങ്ങണമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ അദ്ദേഹത്തോടൊപ്പം കരോള്‍ ബാഗിലേക്ക് പോയി. അയാള്‍ കാര്‍ വാങ്ങി. ദില്ലിയില്‍ വെച്ച് അദ്ദേഹം വ്യത്യസ്ത വ്യക്തികളെ കണ്ടുമുട്ടിയിരുന്നു, ഞങ്ങള്‍ രണ്ടുപേര്‍ക്കും മുഹമ്മദിനും എനിക്കും ദേവീന്ദര്‍ സിങ്ങില്‍ നിന്ന് വ്യത്യസ്ത ഫോണ്‍ കോളുകള്‍ വരാറുണ്ടായിരുന്നു.’ ദേവീന്ദര്‍ ദില്ലിയിലേക്ക് കൊണ്ട് പോകാന്‍ ആവശ്യപ്പെട്ടതായി അഫ്‌സല്‍ പറഞ്ഞ ‘മുഹമ്മദ്’ 2001 ഡിസംബര്‍ 13 ന് പാര്‍ലമെന്റ് പരിസരത്തേക്ക് വെടിയുതിര്‍ത്ത അഞ്ച് തീവ്രവാദികളില്‍ ഒരാളാണ്. വെടിവയ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഒരിക്കലും നടക്കാതിരുന്ന അന്വേഷണം
അഫ്‌സല്‍ എഴുതിയതിന്റെ സത്യാവസ്ഥയെ പരിശോധിക്കാന്‍ ഇന്ന് നമ്മുടെ മുന്നില്‍ ഒരു മാര്‍ഗവുമില്ല, സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ കുറ്റാരോപിതനായ മനുഷ്യന്‍ എന്ത് പറയുന്നു എന്നത് ചിലപ്പോള്‍ വിശ്വസിക്കാനാവില്ല എന്നാണ് ഞാന്‍ കരുതുന്നത്. ഈ ആരോപണം ശരിയാണെങ്കില്‍പ്പോലും, അഫ്‌സലിന്റെ വിധിയില്‍ മാറ്റം വരുത്തുമായിരുന്നില്ലെന്ന് അഫ്‌സലിനെ ശിക്ഷിച്ച ജഡ്ജി ഇപ്പോള്‍ പറയുന്നുണ്ട്. എന്നാല്‍, ഗൗരവമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ട രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇങ്ങനെ ആയിരുന്നില്ല പ്രവര്‍ത്തിക്കേണ്ടത്. ഉദാഹരണത്തിന്, ഇസ്രായേലിന്റെ മൊസാദ് ‘പത്താമത്തെ മനുഷ്യന്റെ തന്ത്രം’ പിന്തുടരുന്നു-ഏജന്‍സിയിലെ ഒന്‍പത് ആളുകള്‍ ഒരു പ്രത്യേക കഥ വിശ്വസിക്കുന്നുവെങ്കില്‍, അത് ശരിയല്ല എന്ന് തെളിയിക്കേണ്ടത് പത്താമന്റെ കടമയാണ്. ഇപ്പോള്‍, കശ്മീരിലെ എസ്.ടി.എഫ് അഴിമതിക്കാരനാണെന്ന് കുപ്രസിദ്ധിയാര്‍ജിച്ചിരിക്കുന്നു, ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരാള്‍ ഇങ്ങനെ പറയേണ്ടിയിരുന്നു, ”ഒരു മിനിറ്റ് കാത്തിരിക്കൂ, അഫ്‌സല്‍ ദേവിന്ദര്‍ സിംഗിനെക്കുറിച്ച് വലിയ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഒരു പക്ഷേ, അയാള്‍ നുണ പറയുകയായിരിക്കും, എന്നാലും ഞങ്ങള്‍ ഇത് പരിശോധിക്കേണ്ടതുണ്ട്! ‘. ദുഖകരമെന്നു പറയട്ടെ, ആരും അങ്ങനെ ഒന്നും ചെയ്തില്ല. സാധാരണ ഇന്ത്യന്‍ ഇന്നെഫിഷ്യന്‍സി കൊണ്ടാണോ സംഭവിച്ചത്. എന്നാല്‍, നമ്മള്‍ സംസാരിക്കുന്നത് തലസ്ഥാന നഗരത്തില്‍ നടന്ന ഏറ്റവും ഭീകരമായ സംഭവത്തെക്കുറിച്ചാണ്! തീര്‍ച്ചയായും സിസ്റ്റം തന്നെ ചീഞ്ഞിരിക്കുകയാണ്.

എസ്.ടി.എഫ് കശ്മീരിലെ ഭീകരത്ക്കെതിരായ പോരാട്ടത്തിന്റെ മുന്‍നിരകളില്‍ പ്രവര്‍ത്തിക്കുന്നവരായിട്ടും ഒരു ഡി.എസ്.പിയുടെ നേരെ വിരല്‍ ചൂണ്ടാനോ ചോദ്യങ്ങള്‍ ചോദിക്കാനോ ആവുമായിരുന്ന നല്ല ആളുകളാരും യൂണിഫോം ധരിച്ചവരായി ഇല്ല എന്ന ‘നിരാശപ്പെടുത്തുന്ന കാര്യം’ ഇനിയെങ്കിലും അവസാനിപ്പിക്കുമോ? അല്ലെങ്കില്‍, ദേവിന്ദര്‍ കുറച്ച് പണത്തിനായി തെറ്റായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് രഹസ്യാന്വേഷണ വിഭാഗത്തിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അറിയാമായിരുന്നോ – ചില വിശാലമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം ചെയ്തതെന്നും അത് പരസ്യപ്പെടുത്തേണ്ടതില്ലെന്നും കവേര്‍ഡ് ആക്ഷനായിരുന്നു എന്നതുമാണോ? ”ഫാള്‍സ് ഫ്‌ലാഗ്” ഓപ്പറേഷനെക്കുറിച്ചല്ല ഞാന്‍ പറയുന്നത്- പാര്‍ലമെന്റ് ആക്രമണം പോലുള്ള ഒരു കാര്യം ഇത്തരത്തില്‍ ഇന്ത്യ ഏജന്‍സികളുടെ അറിവില്‍ നടക്കുന്നു എന്നത് തികച്ചും അവിശ്വസനീയമായ ഒന്ന് തന്നെയാണ്. ഇതാണ് കാര്യങ്ങളെ വ്യത്യസ്തമാക്കുന്നത്. ലോകമെമ്പാടുമുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ തീവ്രവാദ ഗ്രൂപ്പുകളിലേക്ക് നുഴഞ്ഞുകയറുന്നുവെന്നും ചിലപ്പോള്‍ ഒരു കെണിയാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങളിലേക്ക് അവരെ ആകര്‍ഷിക്കുമെന്നും നമുക്കറിയാം. എന്നാല്‍, ഏജന്‍സികള്‍ കളിക്കുന്നതുപോലെ തീവ്രവാദികള്‍ക്കും സാധിക്കുമല്ലൊ. സേനയിലേക്ക് നുഴഞ്ഞുകയറി തെറ്റായ കെണി തിരിച്ചും ഒരുക്കാനാവുമല്ലോ. ഏത് സന്ദര്‍ഭത്തിലാണ് ചക്കിന് വെച്ചത് കൊക്കിന് കൊള്ളുക എന്നത് പറയാനാവില്ല.

ഭീകരതക്കെതിരായ തെറ്റായ യുദ്ധം
ദേവിന്ദറിനെതിരായ അഫ്സലിന്റെ ആരോപണം ഒരിക്കലും അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് നമുക്ക് അറിയില്ല. നമുക്കറിയാവുന്നത്, അദ്ദേഹത്തിന്റെ ആരോപണം അന്വേഷിക്കുന്നതില്‍ പരാജയപ്പെട്ടത് ഗൂഢാലോചനയില്‍ സിസ്റ്റത്തിലെ ഏതെങ്കിലും പങ്കാളികളുണ്ടോയെന്നറിയാനുള്ള അവസരമാണ്. അതറിയാതെ ഭീകരത്ക്കെതിരായ പോരാട്ടം ഒരിക്കലും വിജയിക്കാനാവില്ല.

ഞാന്‍ ഉന്നയിക്കുന്ന വാദം ധാര്‍മികമോ മാനുഷികമോ അല്ല. വിവേകപൂര്‍ണമായ വാദമാണ്. നമ്മള്‍ ഒരു രാഷ്ട്രീയ പരിഹാരം തേടേണ്ടതുണ്ടെന്ന് ഞാന്‍ പറയുന്നില്ല. പകരം, തീവ്രവാദത്തിനെതിരെ പോരാടുന്നതില്‍ ഇന്ത്യന്‍ സുരക്ഷ വിഭാഗങ്ങളും രഹസ്യാന്വേഷണ വിഭാഗവും പോകുന്ന രീതിയില്‍ അടിസ്ഥാനപരമായി എന്തോ കുഴപ്പമുണ്ടെന്ന് ഞാന്‍ വാദിക്കുന്നു. അഫ്സലിനെപ്പോലുള്ള ഫുട്സോള്‍ഡര്‍മാരെ പിന്തുടര്‍ന്ന് കുറ്റം അവരുടെ നേരെ ചാര്‍ത്തുന്നതില്‍ ഈ സിസ്റ്റം സംതൃപ്തരാണ്, പ്രധാനമായും ഇത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ്. അല്ലെങ്കില്‍ 2000ല്‍ പത്രിബലില്‍ വെച്ച് റൈഫിള്‍സ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ച് കശ്മീരി സിവിലിയന്മാരെപ്പോലുള്ള തികച്ചും നിരപരാധികളായ ആളുകളെ ലക്ഷ്യം വെക്കുക, തുടര്‍ന്ന് ചട്ടിസിംഗ്‌പോറയില്‍ 35 സിഖുകാരെ കൊലപ്പെടുത്തിയതിന് ഉത്തരവാദികളായ ലഷ്‌കര്‍ തീവ്രവാദികളാക്കി അവരെ ചിത്രീകരിക്കുക. ഇതുപോലുള്ള സമീപനം അര്‍ഥമാക്കുന്നത് പലപ്പോഴും യഥാര്‍ഥ കൊലയാളികളെ ഒരിക്കലും തിരിച്ചറിഞ്ഞ് വേട്ടയാടില്ല എന്നതു തന്നെയാണ്. നാം ”സിസ്റ്റത്തില്‍ നുഴഞ്ഞുകയറിയ കുഴപ്പക്കാര്‍” എന്ന സിദ്ധാന്തത്തിനൊപ്പം പോയാലും, നിയമം ലംഘിക്കുന്ന പൊലീസ് സൈനിക ഓഫീസര്‍മാരോട് കാണിക്കുന്ന ഔദ്യോഗിക ആദരവ് അവരാല്‍ പീഡിപ്പിക്കുകയോ കൊല്ലുകയോ പണം തട്ടിയെടുക്കുകയോ ചെയ്യുന്നവരെല്ലാം ”മോശം ആളുകള്‍” മാത്രമാണെന്ന വിശ്വാസം പ്രചരിപ്പിച്ച് അവയെല്ലാം അനുവദനീയമാണ് എന്ന ഒരു സംസ്‌കാരം സൃഷ്ടിക്കുന്നു, അതുവഴി സ്റ്റേറ്റ് തന്നെ ഇരകളെ സൃഷ്ടിക്കുന്നു എന്നു വരും.

ദേവിന്ദര്‍ സിങ്ങും അതുപോലെ മറ്റ് എസ്.ടി.എഫ് ഉദ്യോഗസ്ഥരും ധാരാളം സ്വത്തുക്കള്‍ ശേഖരിച്ചുവെന്നത് അന്വേഷിക്കപ്പെടേണ്ടതായിരുന്നു, അതുമാത്രമല്ല പീഡനത്തെക്കുറിച്ച് തെളിയിക്കപ്പെട്ട ഒരു ട്രാക്ക് റെക്കോര്‍ഡ് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്നു എന്നതും റെഡ് ഫ്‌ളാഗായി രേഖപ്പെടുത്തേണ്ടതായിരുന്നു, പകരം അതല്ലാം അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റത്തിന് ഒരു ഘടകമായി. അഫ്‌സലിനെ പീഡിപ്പിച്ചതായി അദ്ദേഹം ഒരു വാര്‍ത്താ ചാനലില്‍ കുറ്റസമ്മതം നടത്തിയത് അയാളുടെ പ്രോസിക്യൂഷന് കാരണമാകേണ്ടതായിരുന്നു. പകരം, അദ്ദേഹം വാഴ്ത്തപ്പെടുകയാണ് ചെയ്തത്. അദ്ദേഹത്തിനെതിരെ ചില അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍, അദ്ദേഹത്തെ മാറ്റിനിര്‍ത്തുകയും അധികം വൈകാതെ മെച്ചപ്പെട്ടയിടത്ത് പുനരധിവസിപ്പിക്കുകയും തന്ത്രപ്രധാനമായ സ്ഥലത്ത് നിയമിക്കുകയും ചെയ്തു; ആദ്യം പുല്‍വാമ, പിന്നെ ശ്രീനഗര്‍ വിമാനത്താവളം. വിരോധാഭാസത്തിന് മേല്‍ വിരോധാഭാസം എന്നു പറയാവുന്ന വിധം കഴിഞ്ഞ ദിവസം ശ്രീനഗര്‍ പര്യടനത്തില്‍ യു.എസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ ഉള്‍പ്പെടെ 15 വിദേശ അംബാസഡര്‍മാരെ സ്വീകരിക്കാനും അകമ്പടി സേവിക്കാനും അദ്ദേഹത്തിന് ചുമതല നല്‍കി. അതുകഴിഞ്ഞ്, അല്പ ദിവസത്തിനുള്ളിലാണ് അജ്ഞാതമായ കാരണത്താല്‍ ഭീകരവാദികള്‍ക്കൊപ്പം അദ്ദേഹത്തെ പിടികൂടുന്നു.

അജ്ഞാത ദൗത്യം
റിപ്പബ്ലിക് ദിനത്തിനും നിയമസഭാ തെരഞ്ഞെടുപ്പിനും തൊട്ടുമുമ്പ് ദേവീന്ദര്‍ നവീദിനെ ദില്ലിയിലേക്ക് വരാന്‍ സഹായിച്ചത് എന്തുകൊണ്ടാണ്? അറിയില്ല. ”പണം” എന്ന് പറയാന്‍ എളുപ്പമാണ്. പക്ഷേ, 12 ലക്ഷം രൂപയുടെ കണക്കുകള്‍ പരാമര്‍ശിക്കപ്പെടുന്നു-ശരിയാണെങ്കില്‍-ഭീകരതക്കെതിരായ യുദ്ധം എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയുടെ അവസ്ഥയെക്കുറിച്ചുള്ള ഖേദകരമായ വ്യാഖ്യാനമാണ് ഇത്. കഴിഞ്ഞ വര്‍ഷം കശ്മീരില്‍ ഒരു ഡസനോളം ബംഗാളി, ബിഹാരി തൊഴിലാളികളെ കൊന്നതായി സംശയിക്കപ്പെടുന്ന നവീദിനെ ജീവനോടെയോ അല്ലാതെയോ പിടികൂടിയാല്‍ 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു എന്നതാണ് വസ്തുത – അതിനാല്‍ ഞാന്‍ ഈ സിദ്ധാന്തം അംഗീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഡി.എസ്.പി ദേവിന്ദര്‍ സിംഗ് തന്റെ ഉയര്‍ന്ന ക്ലാസ് എസ്‌കോര്‍ട്ട് സേവനം കുറച്ച് പണത്തിന് വേണ്ടി നടത്തുകയായിരുന്നു എന്നത് തികച്ചും അവിശ്വസനീയമാണ്.

അദ്ദേഹത്തിന്റെ ഈ സര്‍ക്കിളിന്റെ ഭാഗമായ മറ്റുചിലരുമുണ്ടാകും, അവരുടെ ലക്ഷ്യം കുറച്ച് പണം ഉണ്ടാക്കുകമാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ജമ്മു പൊലീസില്‍ സമാനരായ വേറേയും ദേവീന്ദര്‍മാര്‍ നമ്മുടെ കണ്ണില്‍ പെടാതെയുണ്ടാകുമെന്നുറപ്പാണ്. ഈ വലിയ സുരക്ഷാ സംവിധാനങ്ങളുടെ ഇടയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അനുസ്യൂതം പോകുന്നുവെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നു. എന്‍.ഐ.എ കേസ് അന്വേഷിച്ചാല്‍ വസ്തുത പുറത്തുവരാന്‍ സാധ്യതയുണ്ടെന്ന് ഇപ്പോള്‍ ചിലര്‍ പറയുന്നുണ്ട്. അവര്‍ക്ക് അതിനാവില്ലെന്ന് ആത്മാര്‍ഥമായി ഞാന്‍ വിശ്വസിക്കുന്നു. കാരണം, അവരുടെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ചാല്‍ അങ്ങനെയുള്ളതാണ്. ഇപ്പോഴത്തെ എന്‍.ഐ.എ മേധാവി വൈ.സി മോദി സി.ബി.ഐയിലായിരുന്നപ്പോള്‍ ഹരേന്‍ പാണ്ഡ്യ വധം അന്വേഷിച്ചത് എങ്ങിനെയായിരുന്നുവെന്ന് നമുക്കറിയാം.

ഏറ്റവും പ്രധാനപ്പെട്ട ആഗോള പ്രശ്നം ഭീകരതയാണെന്ന് ലോകത്തോട് പറയാന്‍ ഇന്ത്യ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും അറിഞ്ഞുകൊണ്ട് തന്നെ പ്രഗ്യാ താക്കൂറിനെപ്പോലുള്ള ഒരു തീവ്രവാദിയെ പാര്‍ലമെന്റിലേക്ക് അയച്ചത് ഇതിനിടയില്‍ തന്നെയാണ്. അവരുടെ ഈ വിചിത്രമായ തെരഞ്ഞെടുപ്പിനൊപ്പം ലോകം കടന്നുപോയി. പക്ഷേ, കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്ന് നമ്മോട് പറയപ്പെടുന്ന ഈ സമയത്ത്-ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് കശ്മീരിന് ഇതുവരെ സംഭവിച്ചതില്‍ വച്ച് ഏറ്റവും മികച്ച കാര്യമാണെന്നും തീവ്രവാദത്തിനെതിരായ പോരാട്ടമാണെന്നും പറഞ്ഞുകൊണ്ടിരിക്കെത്തന്നെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ തീവ്രവാദികളെ സഹായിക്കുന്ന കാഴ്ച നാം കാണുന്നു. ഇതയാളുടെ അടുത്ത മിഷനിലേക്കുള്ള യാത്രയാണെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ സാമാന്യ ബോധമുള്ളവര്‍ക്കാര്‍ക്കും സാധ്യമല്ല.

കടപ്പാട്:
https://thewire.in/
വിവര്‍ത്തനം:
സജീദ് ഖാലിദ്

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757